Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, December 21, 2009

മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം

സമാനതകളില്ലാത്ത പ്രാദേശിക രാക്ഷ്ട്രീയ തന്ത്രങ്ങളിലൂടെ ഭരണം നടത്തുന്ന തമിഴക കക്ഷികളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ കാലപ്പഴക്കം കൊണ്ട് തകർന്നു തരിപ്പണമാവാൻ സാധ്യതയുള്ള ഒരു പഴഞ്ചൻ ഡാമല്ല. ഒരു സംസ്ഥാനത്തിലെ നാൽ‌പ്പത് ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനെ മുൾമുനയിൽ നിർത്തി വിലപേശാൻ തമിഴ്നാട് കാണിക്കുന്ന 'അസാമാന്യ ധീരത', അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും ബഹിർസ്ഫുരണം മാത്രമാണ്. അൻപത് വർഷം മാത്രം കാലപ്പഴക്കം നിർണ്ണയിച്ച് കമ്മിഷൻ ചെയ്ത ഡാം നൂറുകൊല്ലം താണ്ടിയ ശേഷവും ബലക്ഷയം സംഭവിച്ചിട്ടില്ല എന്ന് വാദിക്കുന്നവരുടെ മൌഢ്യതയെ അതിജീവിക്കേണ്ടത് കേരളത്തിലെ അഞ്ച് ജില്ലയിലെ ജനങ്ങളുടെ ജീവന്മരണ പോരാട്ടമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. മുല്ലപ്പെരിയാർ തകർന്നാൽ ആ തകർച്ച ഇടുക്കി ഡാം താങ്ങിക്കൊള്ളും എന്ന തമിഴന്റെ വരട്ടുവാദം ഒരു തമാശയായി ആസ്വദിക്കാനുള്ള മാനസിക നിലയല്ല കേരള ജനതക്ക് ഇപ്പോഴുള്ളത്. എന്ത് തർക്കത്തിന്റെ പേരിലായാലും ബലക്ഷയം സംഭവിച്ച ഒരു ഡാമിനെ നിലനിർത്തിക്കൊണ്ടുള്ള ചർച്ചകളും കേസ് നടത്തിപ്പും ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഭരണാധികാരികളിൽ നിന്നും ഉണ്ടാവാൻ പാടില്ല. അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങളുടെ പരിഹാരം കാണുന്നത് ചുവപ്പ്നാടയിലെ കുരുക്കുകളുടെ ബലത്തെ മുൻ നിർത്തിയാവരുത്.

999 വർഷത്തെ പാട്ടക്കരാറിന്റെ ‘സാധുത‘യിൽ കൃഷിക്കാവശ്യമായ ജലം നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോകാൻ മടികാണിക്കാത്ത തമിഴക ഭരണാധികാരികൾ കേരളത്തിനെതിരെ നിരവധി സമ്മർദ്ധ തന്ത്രങ്ങൾ എടുത്ത് പ്രയോഗിക്കുന്നുണ്ട്. മുല്ലപ്പെരിയാർ പ്രശ്നം കത്തിക്കയറിയ വേളയിൽ സമാനമായ മറ്റൊരു നദീജല പ്രശ്നത്തേയും സമ്മർദ്ധ തന്ത്രത്തിന്റെ ഭാഗമായി വലിച്ചിഴക്കാൻ തമിഴ്നാട് മടികാണിച്ചില്ല. തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലെ ജലം വിട്ടുകിട്ടാനുള്ള മുൻ‌ കരാർ നടപ്പാക്കണമെന്ന ആവശ്യവുമായി തമിഴ് ജനതയെ കേരളത്തിനെതിരെ അണിനിരത്തി അതിർത്തി പ്രദേശങ്ങളിൽ സംഘർഷം ഉണ്ടാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 2004 വരെ തമിഴനാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലെ കൃഷിയാവശ്യത്തിനായി നെയ്യാറിലെ വെള്ളം നൽകിയിരുന്നു. കരാർ പ്രകാരം വിളവങ്കോട് ഭാഗത്തേക്ക് ജലമൊഴുക്കേണ്ട കനാൽ യഥാസമയം അറ്റകുറ്റപ്പണി ചെയ്യേണ്ട ബാധ്യത തമിഴ്നാടിനാണ്. എന്നാൽ അവരുടെ ഭാഗത്തു നിന്നും ഉണ്ടായ നിസംഗത കാരണം സമയബന്ധിതമായ അറ്റകുറ്റപ്പണി നടക്കാതെ കനാൽ പൊട്ടിപ്പൊളിഞ്ഞ് നീർവാഴ്ച്ചക്ക് യോഗ്യമല്ലാതായി തീർന്നു. നെയ്യാർ ഇടതുകര വഴി ഈ കനാലിലൂടെ കേരളം നൽകിയിരുന്ന നെയ്യാറിലെ ജലം കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പാഴായി. കാടും പടലും കേറി പലേടത്തും ഇടിഞ്ഞു വീണും പൊട്ടിപ്പൊളിഞ്ഞും തകർന്ന കനാലിനെ അറ്റകുറ്റപ്പണി നടത്തി നീർവാഴ്ച്ചക്ക് യോഗ്യമാക്കാൻ തമിഴ്നാട് കരാറിൻ പ്രകാരമുള്ള നടപടി ഒന്നും സ്വീകരിച്ചില്ല. വലിയൊരളവ് വെള്ളം ഇങ്ങനെ പാഴാവാൻ തുടങ്ങിയപ്പോൾ കേരളം ഷട്ടർ അടച്ച് വിളവങ്കോട് ഭാഗത്തേക്കുള്ള ജലമൊഴുക്ക് തടഞ്ഞു. മാത്രവുമല്ല കേരള ഇറിഗേഷൻ ആക്ട് 2003 നിലവിൽ വരികയും ഇതിലെ ക്ലോസ് 30 അനുസരിച്ച് വ്യക്തമായ കരാർ ഇല്ലാതെ ജലം നൽകുന്നത് നിയമ വിരുദ്ധമാവുകയും ചെയ്തു.

വിളവങ്കോട്ടേക്ക് ജലമൊഴുക്കിയിരുന്ന കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ.

പുതിയ കരാറിൽ ഏർപ്പെട്ട് കനാലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ മുൻ‌ധാരണ പ്രകാരം നെയ്യാറിലെ ജലം വിട്ടുകൊടുക്കാമെന്ന് കേരളം ഔദ്യോഗികമായി തന്നെ തമിഴ്നാടിനെ അറിയിച്ചിരുന്നുവെങ്കിലും അതിനൊന്നും മുതിരാതെ ഏകപക്ഷീയവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും പ്രശ്നത്തെ സങ്കീർണ്ണമാക്കാനാണ് തമിഴ്നാട് ശ്രമിച്ചത്. അവർ ആവശ്യപ്പെടും പോലെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയാലും കനാലിന്റെ ശോച്യാവസ്ഥ കാരണം ജലം വിളവങ്കോട് എത്തില്ല എന്ന കാര്യം നിസ്തർക്കമാണ്. 2004ൽ കേരളം വിളവങ്കോട് ഭാഗത്തേക്കുള്ള ഷട്ടർ അടച്ചുവെങ്കിലും അന്നൊന്നും തമിഴ്നാട് ഇതേ ചൊല്ലി തർക്കത്തിനു മുതിർന്നിരുന്നില്ല. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീം കോടതി കേരളത്തിനു അനുകൂലമായ നിലപാട് എടുക്കുന്ന ഘട്ടം വന്നപ്പോഴാണ് വർഷങ്ങൾക്കു ശേഷം നെയ്യാർ വെള്ളത്തിൽ അവകാശം സ്ഥാപിക്കാൻ തമിഴ്നാട് രംഗത്ത് വന്നത്. തമിഴ്നാട് അവകാശ വാദം ഉന്നയിച്ചപ്പോൾ തന്നെ നെയ്യാറിലെ ജലം വിട്ടുകൊടുക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി വി എസ് അച്ഛ്യുതാനന്ദൻ പ്രസ്താവന നടത്തിയിരുന്നു. തന്നെയുമല്ല നെയ്യാറിലെ ജലം കൃഷിയാവശ്യത്തിനായി തമിഴ്നാടിനു വിട്ടുകൊടുക്കാനുള്ള പ്രമേയവും കേരള നിയമസഭ പാസാക്കി. നെയ്യാറിലെ ജലത്തിനു കാലാനുസൃതമായ വില ഈടാക്കിക്കൊണ്ട് വിട്ടുകൊടുക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ കരാറിൽ ഏർപ്പെടാൻ തമിഴ്നാടിനെ ക്ഷണിച്ചുവെങ്കിലും അവർ അതിനു സന്നദ്ധത പ്രകടിപ്പിച്ചില്ല. വിളവങ്കോട് ഭാഗത്തേക്കുള്ള കനാലിന്റെ അറ്റകുറ്റപ്പണിയടക്കം ചെയ്ത് വിലയീടാക്കാതെ വെള്ളം നൽകണം എന്ന ആവശ്യമാണ് തമിഴ്നാട് ആവർത്തിക്കുന്നത്. ഈ ആവശ്യത്തിനു സാധുത വരുത്താൻ സ്ഥിരം ശൈലിയിലുള്ള വരട്ടു ന്യായം ഇവിടേയും അവർ ചെലുത്തുന്നുണ്ട്. നെയ്യാർ ഒരു അന്തർസംസ്ഥാന നദിയാണെന്ന വിചിത്രവാദമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. അതിനാൽ നെയ്യാറിലെ വെള്ളം തമിഴ്നാടിനും അവകാശപ്പെട്ടതാണത്രെ. അഗസ്ത്യാർകൂടത്തിൽ നിന്നും ഉൽഭവിച്ച് തമിഴ്നാടിന്റെ ഒരു ഭാഗത്തും സ്പർശിക്കാതെ പൂർണ്ണമായും കേരളത്തിലൂടെ മാത്രം ഒഴുകി സമുദ്രത്തിൽ പതിക്കുന്ന നെയ്യാർ എങ്ങനെ അന്തർസംസ്ഥാന നദിയാകും എന്ന ചോദ്യത്തിനു തമിഴനു മറുപടിയില്ല.

മുല്ലപ്പെരിയാർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച നടൻ ശരത് കുമാറിന്റെ ഇരട്ടതാപ്പ് വ്യക്തമാകണമെങ്കിൽ നെയ്യാർ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് പരിശോധിച്ചാൽ മതി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ തമിഴ്നാട് സംസ്ഥാനങ്ങൾ നേരിട്ട് തർക്കപരിഹാരത്തിനായി കോടതിയെ സമീപിച്ചുവെങ്കിൽ നെയ്യാർ വിഷയത്തിൽ കോടതിയെ സമീപിച്ചിരിക്കുന്നത് നടൻ ശരത് കുമാർ നേതൃത്വം നൽകുന്ന സമത്വ മക്കൾ കക്ഷിയാണ്. മധുര ഹൈക്കോടതി ബഞ്ച് ഇവരുടെ ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നെയ്യാർ നദീജലം വിളവങ്കോട് താലൂക്കിൽ എത്താത്തതുകാരണം പ്രദേശത്തെ കാർഷിക രംഗം തകരുകയും കൃഷിക്കാർ ദുരിതത്തിലാണെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ കന്യാകുമാരി ജില്ലാ കളക്ടർ, വിളവങ്കോട് തഹസിൽദാർ, ജില്ലയിലെ ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നിർദേശം നൽകണമെന്ന ആവശ്യമാണ് ശരത് കുമാറിന്റെ കക്ഷി ഉന്നയിച്ചിരിക്കുന്നത്. ചുരുക്കത്തിൽ മുല്ലപ്പെരിയാറിനൊപ്പം നെയ്യാറും കോടതി കയറുമെന്ന് വ്യക്തമായി. കേരളം നെയ്യാറിലെ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാനുള്ള യഥാർത്ഥ കാരണം മറച്ചു വെക്കുകയും കരാർ പുതുക്കാനുള്ള ക്ഷണം സ്വീകരിക്കാതേയും ഉള്ള ഈ കോടതി കയറ്റം പ്രശ്നത്തെ സങ്കീർണ്ണമാക്കാനെ ഉപകരിക്കൂ. കന്യാകുമാരി ജില്ലയിലെ ജനത്തിനു മുന്നിൽ നെയ്യാർ വിഷയത്തിലെ യാഥാർത്ഥ്യം മറച്ചു വെച്ചാണ് ജയലളിത അടക്കമുള്ള നേതാക്കൾ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. സ്വതവെ വേരോട്ടം കുറഞ്ഞ പ്രാദേശിക കക്ഷികൾ കന്യാകുമാരി ജില്ലയിൽ തങ്ങളുടെ അസ്തിത്വം ഉറപ്പിക്കാനുള്ള തുറുപ്പ് ചീട്ടായിട്ടാണ് നെയ്യാർ വിഷയത്തെ ഉപയോഗപ്പെടുത്തുന്നത്. നടൻ ശരത് കുമാറിന്റെ ലക്ഷ്യവും മറ്റൊന്നല്ല. എന്ത് കൊണ്ട് വെള്ളം തടയപ്പെട്ടു എന്ന കാരണം വ്യക്തമായും അറിയാമായിരിക്കെ അതിനു പരിഹാരം കാണാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും കോടതിയെ സമീപിച്ചതിനു പിന്നിലെ ലക്ഷ്യം പ്രശ്നത്തെ സങ്കീർണ്ണമാക്കി നീട്ടിക്കൊണ്ടു പോവുക എന്നതാണ്.

പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞ കേരളം തമിഴ്നാട്ടിലെ വിഭവങ്ങൾക്കായി മാർക്കറ്റുകളിൽ കയറിയിറങ്ങുന്നു എന്ന കാര്യം തർക്കമറ്റതാണ്. തമിഴ് വിഭവങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പിനെ മുതലാക്കുന്ന തന്ത്രങ്ങൾ മെനയുന്നതിൽ തമിഴക രാക്ഷ്ട്രീയക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ഇതിന്റെ ഭാഗമായാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിനു അവർ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി ഇടക്കിടെ പുറത്തെടുക്കുന്നത്. തമിഴ് ലോറികൾ അതിർത്തി കടന്ന് വന്നില്ലായെങ്കിൽ കേരളം പട്ടിണിയിലാവും എന്ന പ്രചരണം കേൾക്കുന്ന മാത്രയിൽ ശരിയെന്ന് തോന്നുമെങ്കിലും കേരളത്തിനൊപ്പം തമിഴ്നാടും പട്ടിണിയിലാവും എന്ന കാര്യം ഭീഷണി മുഴക്കുന്നവർക്ക് അറിയില്ലാ എന്നുണ്ടോ? കേരളത്തിനെതിരെ മുൻപും അവർ ഉപരോധ സമരങ്ങൾ നടത്തിയിട്ടുണ്ട്. പാലും മുട്ടയും പൂവും അടക്കമുള്ള സാധനങ്ങളെ കേരളത്തിലേക്ക് കടത്തി വിടാതെ തമിഴൻ നടത്തിയ ഉപരോധ സമരങ്ങൾ അവർക്ക് തന്നെയാണ് വിനയായിട്ടുള്ളത്. നേതാക്കളുടെ ആഹ്വാനമനുസരിച്ച് സാധനങ്ങളെ അതിർത്തിയിൽ പ്രതിരോധിച്ച് സമരം ചെയ്തവർ സമരം അവസാനിപ്പിച്ചപ്പോഴാണ് തങ്ങൾ ചെയ്ത പാതകത്തിന്റെ വ്യാപ്തി മനസിലായത്. പഴക്കം കൊണ്ട് പിരിഞ്ഞ പാലിലും ചീഞ്ഞ മുട്ടയിലും വാടിയ പൂവിലും തങ്ങൾക്ക് നഷ്ടമായത് നെടുനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് അവർ തിരിച്ചറിഞ്ഞപ്പോഴേക്കും ഉപരോധ സമരം ആഹ്വാനം ചെയ്ത നേതാക്കൾ സെന്റ് ജോർജ്ജ് കോട്ടയിൽ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു. പകലന്തിയോളം പണിയെടുത്തുണ്ടാക്കിയ വിഭവങ്ങൾ പാഴായതിൽ ക്ഷുഭിതരായ കർഷകർ നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യുന്ന തലം വരെയെത്തി അന്ന് നടന്ന ഉപരോധ സമരത്തിനിടയിൽ.

കേരളം പണം കൊടുത്ത് സാധനങ്ങൾ വാങ്ങി വിശപ്പടക്കുന്ന സംസ്ഥാനമാണ്. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വാങ്ങാൻ പണവുമായി തമിഴ് ലോറിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നവനാണ് മലയാളി. എന്നാൽ തമിഴൻ കേരളത്തിലേക്കുള്ള വിഭവങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാൽ പട്ടിണി കിടന്ന് മരിക്കാനുള്ള സാഹചര്യം ഒന്നും തന്നെയില്ല. കുറച്ച് നാളത്തേക്കുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാൽ, അവശ്യ സാധനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുക തന്നെ ചെയ്യും. എന്നാൽ ഉപരോധം ഏർപ്പെടുത്തുന്ന തമിഴ്നാടിന്റെ സ്ഥിതിയെന്താവും? കേരളമെന്ന മാർക്കറ്റ് മാത്രം ലക്ഷ്യമിട്ട് വിഭവ സമാഹരണം നടത്തുന്ന തമിഴ് കർഷകർ ആ സാധനങ്ങൾ ഏത് മാർക്കറ്റിൽ വിറ്റ് കാശാക്കും? കേരളത്തിനെ സംബന്ധിച്ച് ആവശ്യ വസ്തുക്കൾക്ക് കർണ്ണാടകയേയോ ആന്ധ്രയേയോ ആശ്രയിക്കാം, എന്നാൽ തമിഴ്നാടിനു കേരളാ ഉപരോധത്തെ തുടർന്ന് കുമിയുന്ന വിഭവങ്ങൾ വിറ്റഴിക്കാൻ മറ്റൊരു മാർക്കറ്റ് കണ്ടെത്തുക എന്നത് ലാഘവമുള്ള കാര്യമല്ല. തമിഴ്നാട് എടുക്കുന്ന സമ്മർദ്ധ തന്ത്രങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകിയാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ഒരാഴ്ച്ച കൊണ്ട് കഴിയും! അവർ ഉപരോധം ഏർപ്പെടുത്തുന്നതിനു മുൻപായി അവരുടെ വിഭവങ്ങൾക്ക് നാം തന്നെ ഉപരോധം ഏർപ്പെടുത്തുകയും ഒപ്പം നമ്മുടെ ആവശ്യ വസ്തുക്കൾക്കായി മറ്റ് സംസ്ഥാനങ്ങളെ സമീപിക്കുകയും ചെയ്താൽ യഥാർത്ഥ പ്രതിരോധത്തിലാവുന്നത് തമിഴ്നാട് തന്നെയാവും. പക്ഷെ സങ്കുചിത പ്രാദേശിക രാക്ഷ്ട്രീയം കളിക്കുന്ന തമിഴ്നാടിനോളം തരം താഴാനുള്ള മനസ്ഥിതി നമ്മുടെ ഭരണക്കാർക്കില്ലാതെ പോയി.

നാലപ്പതു ലക്ഷം ജനങ്ങളുടെ ജീവനു പുല്ലുവില കൽ‌പ്പിക്കുന്ന തമിഴ് രാക്ഷ്ട്രീയത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഓരോ മലയാളിയും സഹജീവികൾക്കായി ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു..!

Saturday, October 31, 2009

മണിച്ചിത്രത്താഴ്

വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ഭാര്യ അപഥ സഞ്ചാരിണിയാവുമോ എന്നോർത്ത് സദാ ഖിന്നനായിരുന്നു. തന്നെക്കാൾ ഉയരം കൂടിയവളും സൌന്ദര്യവതിയുമായ നല്ലപാതിയുടെ സ്വാഭാവിക ചലനങ്ങൾ പോലും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കികാണാനാണ് ആ കഥാപാത്രം ചിത്രത്തിലുട നീളം ശ്രമിക്കുന്നത്. ഭാര്യയുടെ ജാരനെ പിടിക്കാൻ കഥാപാത്രം നടത്തുന്ന നീക്കങ്ങളിൽ അപകർഷതാ ബോധത്താൽ വ്യക്തിത്വം നഷ്ടമായ പുരുഷന്റെ നിസഹായാവസ്ഥയെ ശരിക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. തളത്തിൽ ദിനേശൻ സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പരിഛേദമല്ല. തളത്തിൽ ദിനേശനെ മദിച്ചിരുന്ന അപകർഷതാ ബോധം അഭിനവ ദിനേശന്മാരെയും ഭാര്യമാരുടെ കാവൽക്കാരാക്കി മാറ്റുന്നുണ്ട്.

സ്ത്രീയുടെ അപഥസഞ്ചാരത്തെ കുറിച്ചോർത്ത് സദാ വ്യാകുലപ്പെട്ടിരുന്ന പുരുഷൻ സ്ത്രീയെ സമൂഹത്തിൽ രണ്ടാം സ്ഥാനത്ത് പ്രതിഷ്ടിച്ച് ശാന്തിയടയാനാണ് ശ്രമിച്ചിരുന്നത്. സ്ത്രീക്ക് മാത്രമായുള്ള അലിഖിത നിയമങ്ങൾ കൌശലപൂർവ്വം ഉണ്ടാക്കി സമൂഹമധ്യത്തിൽ അതിനു അംഗീകാരം നേടിയെടുക്കുന്നതിൽ പുരുഷൻ വിജയിച്ചിരുന്നു. പുരോഗമന പരമായി ആശയ സംവാദം നടത്തുകയും എന്നാൽ സ്വന്തം കാര്യം വരുമ്പോൾ തന്റെ ഉള്ളിലെ തളത്തിൽ ദിനേശനെ കെട്ടഴിച്ച് വിടുന്ന പുരുഷൻ സ്ത്രീ സ്വാതന്ത്ര്യത്തെ മനസാ അംഗീകരിക്കുന്നില്ല എന്ന് സ്പഷ്ടം. വിലക്കുകൾ ലംഘിച്ച് അവൾ വഴിവിട്ട് സഞ്ചരിക്കുമോ എന്ന ഭയത്താൽ സ്ത്രീയെ പൂട്ടാൻ വ്യംഗമായ പല മണിച്ചിത്രത്താഴുകളും അവൻ ഉപയോഗിച്ചിരുന്നു. എന്നാൽ പ്രത്യക്ഷമായി തന്നെ സ്ത്രീയുടെ ലൈംഗികാവയവത്തെ പൂട്ടി താക്കോലുമായി പുറത്ത് പോയിരുന്ന പുരുഷ സമൂഹം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്.

പതിനാറാം നൂറ്റാണ്ടിൽ ഗ്രീസിലും റോമിലും ‘ചാരിത്ര്യപ്പട്ട‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു തരം പ്രത്യേക തോൽച്ചട്ട സ്ത്രീകൾക്കായി നിർമ്മിച്ച് അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു. സ്ത്രീ സ്വന്തം ചാരിത്ര്യം സ്വയമേവ സംരക്ഷിച്ചില്ലെങ്കിലോ എന്ന ഭയവിഹ്വലതയാണ് ചാരിത്ര്യപ്പട്ട പോലുള്ള പൂട്ടും താക്കോലിനും പിന്നിലെ യുക്തി. യുദ്ധത്തിനും മറ്റുമായി പുറത്തു പോകുന്ന പുരുഷന്മാർ തങ്ങൾ നാട്ടിലും വീട്ടിലുമില്ലാതിരിക്കുന്ന അവസരങ്ങളിൽ ഭാര്യമാർ അന്യപുരുഷന്മാരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടയാനാണ് വിചിത്രവും ഹീനവുമായ ഈ തുകലുടുപ്പ് ഭാര്യമാർക്ക് വിധിച്ചത്.



അരയിൽ സാധാരണ ബെൽറ്റ് പോലെ ധരിക്കാവുന്ന ഒരു ലോഹപ്പട്ടയും യോനിയുടെ പ്രവേശനകവാടത്തെ മൂടത്തക്ക വിധത്തിലുമുള്ള ഒരു ലോഹ കവചവുമാണ് ചാരിത്ര്യപ്പട്ടയുടെ പ്രധാന ഭാഗങ്ങൾ. ആവശ്യത്തിനു പൂട്ടാനും തുറക്കാനും കഴിയുന്ന വിധത്തിൽ പൂട്ടും താക്കോലുമുണ്ട്. ചാരിത്ര്യപ്പട്ടയണിഞ്ഞാൽ സ്വാഭാവിക ലൈംഗിക ബന്ധം നടത്താനാവില്ല. എന്നാൽ ശാരീരികമായ മറ്റ് ധർമ്മങ്ങൾ അനുഷ്ടിക്കാൻ തടസ്സമാവാത്ത തരത്തിലുള്ള ചെറിയ ദ്വാരങ്ങൾ ചാരിത്ര്യപ്പട്ടയിൽ നിർമ്മിച്ചിരുന്നു. ചാരിത്ര്യപ്പട്ടയിലെ പ്രധാന ഭാഗമായ യോനി മറയ്ക്കുന്ന ലോഹപാളി സ്വർണ്ണം, വെള്ളി, പിത്തള തുടങ്ങിയവ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. സാമ്പത്തിക ശേഷിയും ഭാര്യയോടുള്ള പ്രിയത്തിന്റെ(!) തോതും അനുസരിച്ച് ഏത് ലോഹം വേണമെന്ന് ഓരോരുത്തരും തീരുമാനിച്ചിരുന്നു. മാത്രവുമല്ല യോനിയെ മറയ്ക്കുന്ന ലോഹപാളിയിൽ ചിത്രപ്പണി ചെയ്ത് മോടി വരുത്താനും ഭാര്യയെ അതിരറ്റ് സ്നേഹിച്ചിരുന്ന ഭർത്താക്കന്മാർ ശ്രദ്ധിച്ചിരുന്നു!

ഭാര്യമാരെ ചാരിത്ര്യ ദോഷത്തിൽ നിന്നും രക്ഷിക്കാൻ ഇത്രത്തോളം ചിന്തിച്ച ജനത മധ്യകാല ഘട്ടത്തിലും ജീവിച്ചിരുന്നു. ചാരിത്ര്യപ്പട്ടയുടെ മാതൃകയും ഭർത്താവ് ഭാര്യയുടെ സമീപം ചാരിത്ര്യപ്പട്ടയുമായി നിൽക്കുന്ന ചിത്രവും പാരീസ് മ്യൂസിയത്തിൽ ഒരു കൌതുക വസ്തുവായി സൂക്ഷിച്ചിട്ടുണ്ട്. ഭാര്യയുടെ അപഥ സഞ്ചാരത്തെ കുറിച്ചോർത്ത് വേപഥു പൂണ്ട ഭർത്താക്കന്മാർ തങ്ങളുടെ പ്രിയപ്പെട്ട യോനികളെ താഴിട്ട് പൂട്ടി താക്കോൽ അരയിൽ ഭദ്രമാക്കി വീരന്മാരായി യുദ്ധത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനസമാധാനത്തോടെ പുറത്ത് പോയപ്പോൾ ഹനിക്കപ്പെട്ടത് സ്ത്രീത്വമാണ്. ഭർത്താവെന്നാൽ യോനീ സംരക്ഷകരാണെന്ന് ധരിച്ച് വശായ പുരുഷകേസരികൾ യുദ്ധത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണ്? പടനയിച്ചെത്തിയേടത്തൊക്കെ സ്ത്രീകളുമായി ബന്ധപ്പെടുകയും താല്പര്യമുള്ളവരെ അടിമകളാക്കി നാട്ടിൽ കൊണ്ടു വരികയും ചെയ്തുവെന്നതാണ് ഏറ്റവും രസാവഹമായ കാര്യം! സ്വന്തം ഭാര്യയുടെ യോനി പൂട്ടി താക്കോലുമായി പോയ പുരുഷൻ അന്യനാട്ടിൽ അന്യ സ്ത്രീകളുമായി പരസ്യമായ ലൈംഗീക ബന്ധം പുലർത്തിയപ്പോൾ വെളിവായത് പുരുഷ മേധാവിത്വം എന്ന ഉളുപ്പില്ലായ്മയുടെ ഇരട്ടതാപ്പാണ്.

കാലാന്തരത്തിൽ ചാരിത്ര്യപ്പട്ട അപ്രതക്ഷ്യമായെങ്കിലും വേറെ രൂപഭാവങ്ങളിൽ സിംബോളിക്ക് ആയ പട്ടകളും പൂട്ടുകളും ഇന്നും നിലനിൽക്കുന്നുണ്ട്. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 497, 498 വകുപ്പുകളും ഭരണഘടനയുടെ 14,15 വകുപ്പുകളും പ്രകാരം വിവാഹിതയായ സ്ത്രീയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അന്യപുരുഷൻ മാത്രം കുറ്റവാളിയാവുന്നു. വിവേചനത്തോടെ സ്ത്രീക്ക് അനുകൂലമായിട്ടാണ് ഈ നിയമമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഈ നിയമനിർമ്മാണത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുരുഷന്റെ ഉള്ളിലെ ഭയവിഹ്വലതയാണ്. അതായത് അന്യന്റെ ഭാര്യയെ പ്രാപിക്കാനുള്ള ഒരുവന്റെ ആഗ്രഹത്തെ കടിഞ്ഞാണിടുന്നതാണ് പ്രസ്തുത നിയമം. മറ്റൊരർത്ഥത്തിൽ ഒരാളിന്റെ ഭാര്യയെ മറ്റൊരുവൻ പ്രാപിക്കാതിരിക്കാൻ അവളുടെ യോനീ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണ് ഈ നിയമം. തത്വത്തിൽ കാലഗതിയടഞ്ഞ ചാരിത്ര്യപ്പട്ടയുടെ അഭിനവ രൂപം തന്നെയാണ് ഇത്.

സ്ത്രീയുടെ ചാരിത്ര്യ ശുദ്ധിയിൽ പുരുഷൻ ഇത്ര കണ്ട് ജാഗരൂകനാകാനുള്ള കാരണമെന്ത്? പുരുഷന്റെ അപഥ സഞ്ചാരത്തെ സമൂഹം നിസാരവത്കരിക്കുമ്പോൾ സ്ത്രീയുടെ പ്രവർത്തിയെ പർവ്വതീകരിക്കാനാണ് പുരുഷൻ ശ്രമിക്കുന്നത്, കൂടെ സമൂഹവും. പുരുഷൻ സ്ത്രീയെ നിന്ദിച്ചു കൊണ്ട്, അവളെ സ്വന്തം വരുതിയിൽ നിർത്താൻ പുരുഷന് അത് ചെയ്യണമായിരുന്നു. മനുഷ്യരെക്കാൾ തരം താണ ഒരു വിഭാഗമായി ഏറെക്കുറെ സ്ത്രീകളെ മാറ്റിയിരിക്കുന്നു. യഥാർത്ഥത്തിൽ പുരുഷന്റെയുള്ളിലെ ഭയവിഹ്വലതയാണ് അവനെ ഇത്ര നികൃഷ്ടനാക്കിയത്. പുരുഷൻ എപ്പോഴും സ്ത്രീയെ താനുമായി താരത‌മ്യം ചെയ്യുകയും സ്ത്രീയുടെ ഔന്നത്യം മനസിലാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ലൈംഗിക ബന്ധത്തിൽ പുരുഷൻ സ്ത്രീയെക്കാൾ വളരെയധികം കഴിവ് കുറഞ്ഞവനാണ്. പുരുഷന് ഒരിക്കൽ ഒരു തവണ മാത്രമെ രതി മൂർച്ഛ നേടാനാവൂ. എന്നാൽ സ്ത്രീക്ക് ഒരിക്കൽ, നിരവധി തവണ ഒരു ശൃംഖലപോലെ രതി മൂർച്ഛ അനുഭവിക്കാൻ കഴിയും. ലൈംഗിക ബന്ധത്തിൽ പുരുഷൻ അനുഭവിക്കുന്ന നിസഹായാവസ്ഥയാണ് അപകർഷതാ ബോധ തലത്തിലുള്ള കൃത്രിമ മേധാശക്തിയായി അവൻ പ്രകടിപ്പിക്കുന്നത്. അബോധതലത്തിൽ അവനിൽ ഉറങ്ങുന്ന ഈ നിസഹായാവസ്ഥയും അപകർഷതയും സ്ത്രീക്ക് നേരെയുള്ള മണിച്ചിത്രത്താഴുകളായി പരിണമിക്കുന്നു.


ചിത്രത്തിനു കടപ്പാട്: ഗൂഗിൾ

Saturday, August 8, 2009

ദേവദാസികളും തിരുവിതാം‌കൂര്‍ രാജാക്കന്മാരും

തിരുവിതാം‌കൂറില്‍ ദേവദാസികള് വളരെ മുന്നാക്ക രീതിയിലുള്ള സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്. എല്ലാ ജീവിതാവശ്യങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവുള്ള വ്യക്തികളോട് മാത്രമേ തിരുവിതാം‌കൂറിലെ ദേവദാസികള്‍ ലൈംഗിക വ്യാപാരത്തിനു തുനിഞ്ഞുള്ളു. തിരഞ്ഞെടുക്കുന്ന വ്യക്തികളെ വര്‍ഷം തോറും കൈമാറാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഉത്സവനാളുകളിലാണ് ഈ കൈമാറ്റം നടന്നിരുന്നത്. വിവാഹിതരും അവിവാഹിതരുമായ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദേവദാസികള്‍ക്ക് തിരുവിതാം‌കൂറില്‍ അനുവാദം നല്‍കിയിരുന്നു. വേശ്യാവൃത്തിയെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്ന തിരുവിതാം‌കൂറില്‍ ആ കാലത്ത് സ്ത്രീ പുരുഷ ബന്ധത്തെപ്പറ്റിയുണ്ടായിരുന്ന ധാരണ വിചിത്രവും വികലവുമായിരുന്നു എന്നേ പറയാനാവൂ. അന്നത്തെ സാമൂഹിക ക്രമത്തില്‍ അത്തരം ബന്ധങ്ങള്‍ സാധുവായിരുന്നു.

ദേവദാസീ സമ്പ്രദായം നിലനിന്നിരുന്ന തിരുവിതാം‌കൂറില്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ലാസ്യ നൃത്തം ചവിട്ടാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നു. തിരുവിതാം‌കൂര്‍ ചരിത്രത്തിന്റെ ഗതി തിരിച്ചു വിടുന്നതില്‍ ദേവദാസികള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ദേവദാസി ബന്ധത്തിന്റെ പേരില്‍ ഭരണകാലത്ത് കാലിടറി വീണ രാജാക്കന്മാര്‍ തിരുവിതാം‌കൂര്‍ ചരിത്രത്തില്‍ ഉണ്ട്. തിരുവിതാം‌കൂറില്‍ ദേവദാസി സമ്പ്രദായം അനുവദിച്ചിരുന്നുവെങ്കിലും രാജാവുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ സ്വത്തവകാശത്തിലുള്ള കൈകടത്തിലില്‍ നിന്നും ദേവദാസികളെ അകറ്റി നിര്‍ത്താന്‍ രാജവംശത്തിനു മടിയുണ്ടായിരുന്നില്ല.

തിരുവിതാം‌കൂറില്‍ ദേവദാസി ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ രാമവര്‍മ്മ രാജാവായിരുന്നു (ഭരണകാലം 1721-1729). രാമവര്‍മ്മ രാജാവ് ഭാര്യയായി സ്വീകരിച്ചിരുന്ന ഒരു ദേവദാസി സ്ത്രീയുടെ മക്കളാണ് പിന്നീട് രാജ്യാവകാശം ആവശ്യപ്പെട്ട് മുന്നോട്ട് വന്ന പപ്പുത്തമ്പിയും രാമന്‍‌തമ്പിയും. ഇവരുടെ അവകാശ വാദങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ പിന്നീട് ഭരണത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മ തയ്യാറായില്ല. എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ അവര്‍ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ നടത്തിയ കരുനീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. തിരുവിതാം‌കൂര്‍ രാജാക്കന്മാര്‍ ശൂദ്രസ്ത്രീകള്‍ക്ക് വസ്ത്രം കൊടുത്ത് പാര്‍പ്പിക്കുന്നതല്ലാതെ വിവാഹം കഴിക്കുക പതിവില്ലെന്നും ആ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക് ചെലവിനു കൊടുത്തു പാര്‍പ്പിച്ചു വരുന്നതല്ലാതെ അവര്‍ക്ക് രാജ്യാവകാശത്തിനു അര്‍ഹരല്ലെന്നുമുള്ള പാരമ്പര്യ കീഴ്വഴക്കത്തെ ചൂണ്ടിക്കാട്ടിയാണ് മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ അകറ്റിയത്.

രാമവര്‍മ്മയുടെ മക്കളായ പപ്പുത്തമ്പിയും രാമന്‍ തമ്പിയും എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ ഒളിപ്പോര്‍ തുടര്‍ന്നു. അവസാനം 1730ല്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ വധിക്കുകയും എട്ടുവീട്ടില്‍‌പിള്ളമാരെ തൂക്കിലേറ്റുകയും ചെയ്തു. എട്ടുവീട്ടില്‍‌പിള്ളമാരുടെ കുടുംബങ്ങള്‍ കുളം‌തോണ്ടിയതിനുള്ള തെളിവായി ഇന്നും തക്കലക്ക് സമീപത്തെ പത്മനാഭപുരം കൊട്ടാരത്തിനു പുറത്ത് തെക്കെകൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.



തെക്കെകൊട്ടാരത്തിന്റെ പൂമുഖം

മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍‌പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാ‍ജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളം‌കോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.

ദേവദാസീ ബന്ധത്തിന്റെ പേരില്‍ പ്രായോഗിക ഭരണത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്ന മറ്റൊരാള്‍ സ്വാതിരുനാളാണ്. രാമവര്‍മ്മയുടേതെന്ന പോലെ സ്വാതിതിരുനാളിന്റെ ദേവദാസി ബന്ധവും തിരുവിതാം‌കൂര്‍ സിംഹാസനത്തെ പിടിച്ചുലച്ചിട്ടുണ്ട്. തിരുവിതാം‌കൂറില്‍ പിന്നെയും നൂറ്റാണ്ടുകളോളം ദേവദാസികള്‍ ആധിപത്യം പുലര്‍ത്തി. 1931ല്‍ തിരുവിതാം‌കൂറില്‍ ദേവദാസി സമ്പ്രദായം നിരോധിക്കുന്നതുവരേയും അധികാരത്തിന്റെ ഇടനാഴികളിലെ ദേവദാസികളുടെ ലാസ്യനൃത്തം അനസ്യൂതം തുടര്‍ന്നിരുന്നു.


അധികവായനക്ക് : പ്രബന്ധ മഞ്ജരി - എം ആര്‍ ബാലകൃഷ്ണ വാര്യര്‍
കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍ - എം ജി എസ് നാരായണന്‍
ദേവദാസികള്‍ - ടി കെ ഡി മുഴപ്പിലങ്ങാട്
മലയാളസാഹിത്യചരിത്രം - പി കെ പരമേശ്വരന്‍ നായര്‍
Dissertation on the Malayalam Language; Indian Antiquary - F W Ellis
ജാതിവ്യവസ്ഥയും കേരളചരിത്രവും - പി കെ ബാലകൃഷ്ണന്‍.

Monday, August 3, 2009

ചാണക്യന്റെ അന്ത്യം


മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍ ചന്ദ്രഗുപ്തനു പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യന്റെ അവസാന കാല ജീവിതത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മഗധം ഭരിച്ചിരുന്ന നന്ദരാജ വംശത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത ചന്ദ്രഗുപ്ത മൌര്യന്റെ പടയോട്ടം അതിവിസ്തൃതമായ മൌര്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലാണ് അവസാനിച്ചത്. സാമ്രാജ്യ രൂപീകരണത്തില്‍ തന്റെ ശക്തിയും ബുദ്ധിയുമായി പ്രവര്‍ത്തിച്ചിരുന്ന ചാണക്യനെ ചന്ദ്രഗുപ്ത മൌര്യന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ചക്രവര്‍ത്തിയുടെ ശത്രുക്കളുടെ നീക്കത്തില്‍ സദാ ജാഗരൂകനായിരുന്ന ചാണക്യന്‍ ഒരു നിഴല്‍‌പോലെ ചന്ദ്രഗുപ്തനു പിന്നില്‍ എപ്പോഴും ഉണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ ദൈനംദിന കാര്യങ്ങളില്‍ പ്രധാനമന്ത്രി വളരെ ജാഗ്രതയോടെ ഇടപെട്ടിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ചന്ദ്രഗുപ്തനെ ആഹാരം കഴിക്കാന്‍ ചാണക്യന്‍ അനുവദിച്ചിരുന്നുള്ളൂ. തന്നെയുമല്ല ഏതെങ്കിലും കാരണവശാല്‍ ഉള്ളില്‍ വിഷം ചെന്നാല്‍ തന്നെയും അതില്‍ നിന്നും ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഒരു ഉപായവും നടപ്പാക്കിയിരുന്നു.

ചന്ദ്രഗുപ്തനു കഴിക്കാന്‍ നല്‍കിയിരുന്ന ആഹാരത്തില്‍ ചാണക്യന്‍ ചെറിയ മാത്രയില്‍ വിഷം കലര്‍ത്തിയാണ് നല്‍കിയിരുന്നത്. ഈ പ്രയോഗം ചക്രവര്‍ത്തിയുടെ അറിവോടെ തന്നെയാണ് പ്രധാനമന്ത്രി ചെയ്തിരുന്നത്. നിത്യേന ചെറിയ മാത്ര അളവില്‍ വിഷം കഴിച്ചാല്‍ ആ വിഷത്തിനെതിരെ ശരീരം പ്രതിരോധ ശക്തിയുണ്ടാക്കുമെന്നും പിന്നീട് വല്യ തോതില്‍ വിഷം അകത്തു ചെന്നാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കിയെടുത്ത പ്രതിരോധ ശക്തി കാരണം ഫലിക്കാതെ പോകുമെന്നുമായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍.

ഇത് തുടര്‍ന്നു വരുന്നതിനിടയില്‍ ഒരു നാള്‍ ചന്ദ്രഗുപ്തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ, ദുര്‍ധ ചക്രവര്‍ത്തിക്ക് കഴിക്കാനുണ്ടാക്കി വച്ചിരുന്ന വിഷലിപ്തമായ ആഹാരം അബദ്ധത്തില്‍ കഴിക്കാനിടയായി. വിഷം തീണ്ടി ദുര്‍ധ മരിച്ചു. ദുര്‍ധയുടെ മരണമറിഞ്ഞ ചാണക്യന്‍ ഉടന്‍ തന്നെ കൊട്ടാര വൈദ്യന്മാരെ വരുത്തി അവരുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ഉടന്‍ ചെയ്താല്‍ കുഞ്ഞിനു വിഷം തീണ്ടുന്നതിനു മുന്‍പായി രക്ഷിക്കാമെന്നായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍. അത് ശരിയുമായിരുന്നു, നാമ മാത്രമായ അളവില്‍ വിഷം ഉള്ളില്‍ കടന്നുവെങ്കിലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതില്‍ ചാണക്യന്‍ വിജയിച്ചു. ഒരു തുള്ളി (ബിന്ദു) വിഷം ഉള്ളില്‍ കടന്ന നിലയില്‍ ജീവനോടെ കിട്ടിയ ആ കുഞ്ഞിനു ചാണക്യന്‍ ബിന്ദുസാരന്‍ എന്ന പേര്‍ നല്‍കി.

കാലം കടന്നു പോയി....നാട്ടില്‍ അതിരൂക്ഷമായ ക്ഷാമം കൊണ്ട് ജനം പൊറുതിമുട്ടി. രാജ്യത്തെ ക്ഷാമക്കെടുതികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ചന്ദ്രഗുപ്തന്‍ രാജ്യഭാരം മകന്‍ ബിന്ദുസാരനെ ഏല്‍പ്പിച്ചിട്ട് ജൈനമതം സ്വീകരിച്ച് രാജ്യത്തു നിന്നും പലായനം ചെയ്തു.

രാജ്യഭാരം ഏറ്റെടുത്ത ബിന്ദുസാരന്‍, അച്ഛന്റെ വലം കയ്യായിരുന്ന ചാണക്യനെ തന്നെ പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു. എന്നാല്‍ ബിന്ദുസാരന്റെ സഭയിലെ മറ്റൊരു മന്ത്രിയായിരുന്ന സുബന്ധുവിനു ചാണക്യന്റെ പ്രധാനമന്ത്രി പദവിയില്‍ നോട്ടമുണ്ടായിരുന്നു. ചാണക്യനെ മനസാ വെറുത്തിരുന്ന സുബന്ധു അദ്ദേഹത്തെ എന്ത് തന്ത്രം പ്രയോഗിച്ചും രാജാവില്‍ നിന്നും അകറ്റാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞിരുന്നു. ഒരു അവസരം വീണുകിട്ടിയപ്പോള്‍ ബിന്ധുസാരന്റെ മാതാവ് മരണപ്പെടാന്‍ കാരണക്കാരന്‍ ചാണക്യനാണെന്ന് രാജാവിനെ ധരിപ്പിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന രാജ്ഞിയുടെ വയറു പിളര്‍ന്ന കഥ സുബന്ധു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ബിന്ദുസാരനു മുന്നില്‍ അവതരിപ്പിച്ചു. ഈ ഏഷണിയില്‍ വീണ ബിന്ദുസാരന്‍ കോപിഷ്ടനായി.

സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ദു:ഖിതനായ ചാണക്യന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ തന്റേതായിട്ടുള്ള സകല സ്വത്തുക്കളും പാവങ്ങള്‍ക്ക് ദാനം ചെയ്ത ശേഷം മരണം വരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ടു. രാജ്യാതിര്‍ത്തിക്കു പുറത്ത് ചാണക വറളികളാല്‍ ഉണ്ടാക്കിയ ഒരു കൂമ്പാരത്തില്‍ ചാണക്യന്‍ നിരാഹാരം അനുഷ്ടിക്കാന്‍ തുടങ്ങി.

ഇതിനിടെ കൊട്ടാര വൈദ്യന്മാരില്‍ നിന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ബിന്ദുസാരന്‍ പശ്ചാത്താപ വിവശനായി നിരഹാര വേദിയിലെത്തി ചാണക്യനോട് മാപ്പപേക്ഷിച്ച് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷെ ചാണക്യന്‍ അതിനു കൂട്ടാക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്, നിരാഹാരം തുടര്‍ന്നു. ദൌത്യം പരാജയപ്പെട്ട ബിന്ദുസാരന്റെ കോപം മുഴുവന്‍ സുബന്ധുവിനോടായി. കൊട്ടാരത്തില്‍ തിരിച്ചെത്തിയ ബിന്ദുസാരന്‍, സുബന്ധുവിനെ വിളിപ്പിച്ച് എത്രയും വേഗം മാപ്പപേക്ഷിച്ച് ചാണക്യനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുവാന്‍ ആജ്ഞാപിച്ചു. ആജ്ഞ നടപ്പാക്കിയില്ലെങ്കില്‍ സുബന്ധുവിനെ വധിക്കാനും ഉത്തരവിട്ടു.

ചാണക്യന്റെ കൊട്ടാരത്തിലേക്കുള്ള തിരിച്ചു വരവ് ഇഷ്ടപ്പെടാത്ത സുബന്ധു ഏത് വിധത്തിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി സുബന്ധു കരു നീക്കം ആരംഭിച്ചു. ചാണക്യന്‍ തിരിച്ചു വരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വന്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കണമെന്നും സുബന്ധു, ബിന്ദുസാരനെ ധരിപ്പിച്ചു. തുടര്‍ന്ന് രാജ്യം ചാണക്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. ഈ അവസരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണക്യന്റെ നിരാഹാര വേദിയിലെത്തിയ സുബന്ധു ഒരു തീപ്പന്തം പര്‍ണ്ണശാലക്ക് നേരെ എറിഞ്ഞു. ചാണക വറളികൂനയില്‍ ധ്യാനനിമഗ്നനായിരുന്ന ചാണക്യന് അപകടം കണ്ടറിയാന്‍ സാധിച്ചില്ല. ചാണക വറളി കൂന തീപിടിച്ച് ആളിക്കത്താന്‍ തുടങ്ങി. നീണ്ട നാളത്തെ നിരഹാര വ്രതത്താല്‍ ക്ഷീണിതനായിരുന്ന ചാണക്യന് അഗ്നിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. മൌര്യ സാമ്രാജ്യത്തിന്റെ മഹാമന്ത്രിയായിരുന്ന ചാണക്യന്‍ അങ്ങനെ അഗ്നിയില്‍ വെന്ത് വെണ്ണീറായി.

ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ചാണക്യന്റെ തന്നെ തന്ത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതില്‍ സുബന്ധു വിജയിച്ചു.!!!!!

മൌര്യ സാമ്രാജ്യം സ്ഥാപിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രവും അര്‍ത്ഥശാസ്ത്രത്തിന്റെ സ്രഷ്ടാവുമായ ചാണക്യന്റെ അന്ത്യത്തെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ വെറുമൊരു കഥയാണെന്ന അഭിപ്രായം ചില ചരിത്രകാരന്മാര്‍ക്കുണ്ട്.

എഴുതപ്പെടാത്ത ചരിത്രത്തിനായി നമുക്ക് കാതോര്‍ക്കാം.....


വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്: ഗൂഗിള്‍