ശബരിമലയിലെ മുഖ്യ തന്ത്രി കണ്ഠര് മഹേശ്വരര് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് സ്വയം തെളിയുന്നതല്ലെന്നും കത്തിച്ചു കാണിക്കുന്നതാണെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. തന്ത്രി മുംബയിലായതിനാല്‍ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ ആണ് പത്രസമ്മേളനത്തില്‍ മഹേശ്വരര് ഒപ്പിട്ട പ്രസ്താവന പത്രക്കാര്‍ക്ക് വിതരണം ചെയ്തത്. ഇക്കാര്യങ്ങള്‍ ദേവസ്വം മന്ത്രി ജി. സുധാകരനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി. കെ . ഗുപതനെയും അറിയിച്ചതായും രാഹുല്‍ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. രാവിലത്തെ പത്രത്തില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞ് ചാണക്യന്‍ ഞെട്ടി! മന്ത്രിയും പ്രസിഡന്റും ഞെട്ടിയോ എന്നറിയില്ല. അതേയ് ഈ തന്ത്രി എന്തിനുള്ള പുറപ്പാടാ... ഇനിയിവിടെ എന്തൊക്കെ നടക്കുമോ ശിവ ശിവ..... മകരജ്യോതി വേറെ മകരവിളക്ക് വേറെ, മകരജ്യോതി എന്നത് മകരനക്ഷത്രമാണ്. മകരവിളക്ക് പ്രതീകാത്മകമായി കത്തിക്കുന്ന ദീപാരാധനയാണ്. അതിനാലാണ് മൂന്നുവട്ടം ആലങ്കാരികമായി കാണിക്കുന്നത്.... തന്ത്രി തുടരുന്നു. മകരവിളക്ക് എന്ന പ്രതിഭാസം വിവാദമായ പശ്ചാത്തലിത്താണ് വളരെ ദുഖത്തോടെ മുതിര്‍ന്ന തന്ത്രി എന്ന നിലയില്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും തന്ത്രി മുഖ്യന്‍. പോരെ പൂരം, എങ്ങനെയുണ്ട് വിശദീകരണം. മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്നും അതുവഴി ജനത്തിന്റെ വിശ്വാസത്തെ മുതലെടുക്കുകയാണ് ചെയ്തു വന്നിരുന്നതെന്നും തന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് സാരം. ഇപ്പോഴുണ്ടായ ഈ വെളിപ്പെടുത്തല്‍ ദു:ഖത്തോടെയാണെന്ന് തന്ത്രി. തന്ത്രിയുടെ ദു:ഖത്തിന് കാരണം ചാണക്യനു പിടികിട്ടുന്നില്ല. ആസൂത്രിതമായി രഹസ്യമായി കര്‍പ്പൂരം കത്തിച്ച് കാണിച്ചിട്ട് അത് ദൈവത്തിന്റെ മായാ പ്രവര്‍ത്തനമായി ജനത്തെ പറ്റിച്ചു വന്നത് തുറന്ന് പറയുന്നതില്‍ തന്ത്രി ദു:ഖിക്കുന്നതെന്തിന്. പൊന്നമ്പലമേട്ടില്‍ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് ആദിവാസികള്‍ വിളക്ക് തെളിച്ച് ദീപാരാധന നടത്തുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത്. പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന പൊന്നമ്പലമേട്ടില്‍ ആദ്യം തുടങ്ങിയതെന്ന് ഐതിഹ്യമുള്ളതായി തന്ത്രി പറയുന്നു. ഇന്നും പ്രതീകാത്മകമായി അത് ജ്വലിപ്പിക്കുന്നു. ഇത്രയൊക്കെ പറയാന്‍ ധൈര്യം കാട്ടിയ തന്ത്രിയോ ചെറുമകന്‍ രാഹുലോ ഇപ്പോള്‍ ഈ വിളക്ക് ആരാണ് തെളിക്കുന്നതെന്ന് പറയാന്‍ തയ്യാറായില്ല. ആദിവാസികളോ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരോ പോലിസോ വൈദ്യുതി ബോര്‍ഡ് ജീവനക്കാരോ ആയിരിക്കാമെന്ന ധാരണമാത്രമെ ഇവര്‍ക്കുള്ളൂ. എന്തായാലും തന്ത്രി അമിട്ടിന് തിരികൊളുത്തിക്കഴിഞ്ഞു! ഇത്രയും കാലം മറച്ചു വച്ച രഹസ്യം തന്ത്രി ഇപ്പോള്‍ പൊളിക്കാന്‍ തയ്യാറായതിനു പിന്നില്‍ ദേവസ്വം ബോര്‍ഡും തന്ത്രി കുടുംബവും തമ്മിലെ ശീതസമരമാണ് കാരണമെന്ന് ഒരു അണിയറ സംസാരമുണ്ട്. അതൊക്കെ അവര്‍ തമ്മിലുള്ള പ്രശ്നം. പക്ഷെ മകരവിളക്ക് കത്തിച്ചു കാണിക്കുന്നതാണെന്ന് വെളിപ്പെട്ട സ്ഥിതിക്ക് ആരാണ് അതിനു പിന്നിലെന്ന് വ്യക്തമാക്കാനുള്ള ബാധ്യത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ട്. തന്നെയുമല്ല ഇത്രയും കാലം കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും അയ്യപ്പ ഭക്തരെ വഞ്ചിച്ചതിന് ദേവസ്വം ബോര്‍ഡ് മാപ്പു പറയുകയും വേണമെന്നാണ് ചാണക്യമതം. പൊന്നമ്പലമേട്ടിലെ മകരവിളക്ക് തട്ടിപ്പാണെന്നും അത് തെളിയിക്കാമെന്നും പറഞ്ഞ് വിളക്ക് നാളില്‍ പൊന്നമ്പലമേട്ടിലേക്ക് യാത്ര തിരിച്ച ഒരു സംഘം യുക്തിവാദികളെ തല്ലിചതച്ച സംഭവം ചാണക്യന് ഓര്‍മ്മ വരുന്നു.
കുറെക്കാലത്തേക്ക് കുറച്ച് പേരെ പറ്റിക്കാം എന്നാല്‍ എക്കാലത്തും എല്ലാപേരേയും പറ്റിക്കാന്‍ സാധ്യമല്ലെന്ന് മകരവിളക്കുമായി ബന്ധപ്പെട്ട പുതിയ വിവാദം തെളിയിക്കുന്നു...........
Wednesday, May 28, 2008
അമൃതാനന്ദമയിയെ പ്രോസിക്യൂട്ട് ചെയ്യണം
സ്വാമിമാരും സ്വാമിനിമാരുമടക്കമുള്ള ആള്‍ദൈവങ്ങള്‍ക്ക് നീച ശനിയുടെ ഉച്ചസ്ഥായിയിലുള്ള കഷ്ടകാലം പിടിച്ചെന്ന് തോന്നുന്നു. ‘നക്കാപിച്ചകൊണ്ട്‘ ജീവിച്ചിരുന്ന ആള്‍ ദൈവങ്ങള്‍ ഗത്യന്തരമില്ലാതെ ആശ്രമങ്ങള്‍ വിട്ട് ഓടുന്ന കാഴ്ച്ച ചാണക്യന് നന്നെ ബോധിച്ചു. ഒരു സന്തോഷ് മാധവന്റെ പ്രവൃത്തി ദോഷമാണ് മറ്റ് ദൈവങ്ങളുടെയും നില പരിങ്ങലിലാക്കിയത്. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ ഭക്തജനത്തിന് അനുഗ്രഹം വര്‍ഷിച്ച് നിരുപദ്രവകാരികളായി കഴിഞ്ഞിരുന്ന ഈ സാത്വികരെ ഉപദ്രവിച്ചാല്‍ ദൈവ കോപം ഉറപ്പ്.... പക്ഷെ എന്ത് ചെയ്യാം ദൈവത്തിന്റെ പ്രതിരൂപമായി വിരാജിച്ചിരുന്ന ഈ ആശ്രമതൊഴിലാളികളെ സംരക്ഷിക്കാന്‍ ഒരു ഭഗവാനും ഇതേ വരെ മുന്നോട്ട് വന്നിട്ടില്ല. മനുഷ്യദൈവങ്ങളുടെ ആരാധകരായ കുറെപ്പേര്‍ ഇവരുടെ സംരക്ഷണത്തിനായി കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട്. നൂറു ശതമാനം സാക്ഷരത കൈവരിച്ച ദൈവത്തിന്റെ സ്വന്തം നാട് എല്ലാ അര്‍ത്ഥത്തിലും (മനുഷ്യ)ദൈവങ്ങളുടെ നാടായി തീര്‍ന്നിരിക്കുന്നു. ഈ വിദ്വാന്‍മാരെ കൈകുമ്പിട്ട് വണങ്ങി നില്‍ക്കാന്‍ കേരളീയന് തെല്ലും മടുപ്പില്ല. അമൃത ചൈതന്യ എന്നതിനു പിന്നിലെ സന്തോഷ്മാധ്വനെ വൈകിയെങ്കിലും തിരിച്ചറിഞ്ഞ ജനം പടലയായി മനുഷ്യദൈവങ്ങള്‍ മേലങ്കി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്ന കാഴ്ച്ച കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ്. സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരും വിദ്യാസമ്പന്നരും, വന്‍ പണച്ചാക്കുകളുമാണ് ആള്‍ ദൈവങ്ങളുടെ പ്രധാന ആരാധകര്‍. സാധാരണക്കാര്‍ വളരെ ചുരുക്കമായേ ആശ്രമങ്ങളിലേക്ക് എത്തി നോക്കാറുള്ളൂ. മുപ്പത്തിമുക്കോടി ദേവതകളെ വണങ്ങിയിട്ടും തീരാത്ത ദുഖങ്ങള്‍ അകറ്റാന്‍ മനുഷ്യ ദൈവങ്ങള്‍ക്കാകുമെന്ന് കരുതുന്ന മലയാളിയെ ബാധിച്ചിരിക്കുന്നത് ആത്മീയ ഭ്രാന്താണെന്നാണ് ചാണക്യമതം. കാരണം ഭാര്യയെയും പെണ്മക്കളെയും നഗ്നപൂജക്കായി ഈ സിദ്ധന്മാരുടെ മുന്നില്‍ക്കൊണ്ടിരുത്താന്‍ തയാറായ മലയാളിക്ക് ഭ്രാന്തല്ലാതെ മറ്റെന്താണ്. അവരുടെ കൂട്ടത്തില്‍ തോളത്ത് നിരവധി നക്ഷത്ര ചിഹ്നം പേറുന്ന കാക്കിയിട്ട വീരശൂരപരാക്രമികളും ഉണ്ടെന്ന് കേട്ടപ്പോള്‍ ചാണക്യന്‍ മൂക്കത് വിരലുവെച്ചു. ഇത്തരം പോലീസാപ്പീസറന്മാരുടെ കയ്യില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം ഭദ്രം, ശിവ ശിവ.....ഏതെങ്കിലും മാടക്കടയുടെ പിന്നിലൊളിച്ചിരുന്ന് ബീഡിവലിക്കുന്നവനെ കൈയാമം വയ്ക്കാന്‍ ഈ രാജ്യത്ത് വകുപ്പുണ്ട് എന്നാല്‍ ഇത്രയും വിശാലമായി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജനത്തിനെ പറ്റിക്കുന്ന മനുഷ്യദൈവങ്ങളെ പൂട്ടാന്‍ മാര്‍ഗമില്ല. കാരണം അവര്‍ അണ്ട്കടാഹത്തിന്റെ അത്യുന്നതങ്ങളില്‍ നിന്നും അശരീരി വിഴുങ്ങി ദൈവത്തിന്റെ പ്രതിപുരുഷരൂപം ആര്‍ജിച്ചവരാണ്. ഇവരെ തൊട്ടാല്‍ തൊടുന്നവന്‍ നാറും. നാറുന്നതോ സമൂഹത്തില്‍ ഉന്നതങ്ങളിലുള്ളവരും. രാഷ്ട്രീയ ഉദ്യോഗസ്ഥ വ്യവസായ പ്രമുഖന്മാരാണ് ഇത്തരം ആള്‍ ദൈവങ്ങളെ ഇവിടെ വളര്‍ത്തുന്നത്. ഈ രാജ്യത്തെ സകല ദൈവങ്ങളുടെയും സംരക്ഷണാവകാശം പേറ്റന്റായി എടുത്തിരിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ കപടമനുഷ്യ ദൈവങ്ങളെ വളര്‍ത്താന്‍ അഹോരാത്രം പണിപ്പെട്ടിട്ടുണ്ട്. ആശ്രമങ്ങള്‍ തോറും ഓടിനടന്നിരുന്ന ഒരു എം പിക്ക് ഇപ്പോള്‍ ഭൂദോതയം വന്നതായി ചാണക്യന്‍ മനസിലാക്കുന്നു, വളരെ നല്ലത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനല്ലാതെ തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ ഈ മനുഷ്യദൈവങ്ങള്‍ക്ക് കഴിയില്ല. കഴിയുമായിരുന്നുവെങ്കില്‍ സന്തോഷ്മാധവനെന്ന അമൃതചൈതന്യ ‘ചട്ടിയിലാവാന്‍’ നില്‍ക്കാതെ പലായനം ചെയ്തേനെ. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത അഭിനവ ശങ്കരാചാര്യരെ പയറുപോലെ പൊക്കി ചട്ടിയിലിട്ട് വറുത്തു കോരിയപ്പോള്‍ അവിടൊന്നും സംഭവിച്ചില്ല. ആ തമിഴ്പെണ്‍കൊടിയുടെ ആര്‍ജവം ഇനിയെങ്കിലും ഇവിടത്തെ ഭരണാധികാരികള്‍ കാണിക്കണം. ഇപ്പോള്‍ നടക്കുന്ന ഈ വലവീശലില്‍ ചാളയും മത്തിയും പോലത്തെ ചെറുമത്സ്യങ്ങളേ കുടുങ്ങൂ. വന്‍ സ്രാവുകള്‍ ഇപ്പോഴും ‘അമൃത എക്സ്പ്രസിന്റെ’ വേഗതയില്‍ ആത്മീയ ബിസിനസ് നടത്തുകയാണ്. ചാണക്യന്‍ പറഞ്ഞു വരുന്നത് അമൃതാന്ദമയി എന്ന വന്‍ ബിസിനസ് ശൃംഖലയെകുറിച്ചാണ്. അമൃതാന്ദ മഠത്തിനു കീഴിലെ ആശ്രമങ്ങളുടെ പ്രവര്‍ത്തനം കൂടി അന്വേഷണ വിധേയമാക്കണം. ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി നേരായ ഒരന്വേഷണം നടത്തിയാല്‍ അമൃതാന്ദമയി എന്ന വന്‍ സ്രാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട എന്തെങ്കിലും തെളിവുകള്‍ ലഭിക്കാതിരിക്കില്ല. മാറവ്യാധികളെയും തീരാവ്യാധികളെയും കെട്ടിപ്പിടിച്ച് ചുംബിച്ച് മാറ്റുന്ന അമ്മ എന്തിനാണ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍ കെട്ടിപ്പൊക്കുന്നതെന്ന് ചാണക്യന് മനസിലാകുന്നില്ല. കലികാലത്തില്‍ ബുദ്ധിയുള്ളവര്‍ ദൈവങ്ങളും അല്ലാതുള്ളവര്‍ ആരാധകരുമായി തീരുമെന്ന് ചാണക്യന്‍ മനസിലാക്കുന്നു. അതുകൊണ്ട് സ്വയം തീരുമാനിക്കൂ ... എന്താകണം
Subscribe to:
Posts (Atom)