Friday, August 15, 2008

പ്രഥമ വനിതാ മാര്‍പ്പാപ്പ


“യോനയുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍
മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ്
നിനക്ക് ഇതു വെളിപ്പെടുത്തിത്തരുന്നത്.
ഞാന്‍ നിന്നോട് പറയുന്നു; നീ പത്രോസാണ്;
ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും.
നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.
സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും.
നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും;
നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”

യേശുക്രിസ്തു സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ് ഏല്‍പ്പിച്ചതെന്നും, പത്രോസില്‍ നിന്നും സഭാനേതൃത്വ അവകാശം പിന്തുടരുന്നവരാണ് മാര്‍പ്പാപ്പാമാര്‍ എന്നും റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് തെളിവാവുന്നത് മത്തായി സുവിശേഷത്തിലെ മേലുദ്ധരിച്ച രണ്ട് ഖണ്ഡികകളാണ്. റോമന്‍ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ കത്തോലിക്കാ വൈദികനാണ് മാര്‍പ്പാപ്പ. അപ്പസ്തോലിക പിന്തുടര്‍ച്ച പ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും, ക്രിസ്തുവിന്റെ വികാരിയുമാണ് മാര്‍പ്പാപ്പ. റോമിന്റെ മെത്രാനും യേശുക്രിസ്തുവിന്റെ വികാരിയും അപ്പോസ്തലന്‍‌മാരുടെ രാജകുമാരന്റെ പിന്‍‌ഗാമിയും ആഗോള സഭയുടെ പരമോന്നത വൈദികനും ഇറ്റലിയിലെ റോമന്‍ പ്രവിശ്യയുടെ മെത്രാപ്പോലിത്തയും വത്തിക്കാന്റെ ഭരണാധികാരിയും ദൈവദാസന്‍‌മാരുടെ ദാസനും എന്നതാണ് മാര്‍പ്പാപ്പയുടെ സമ്പൂര്‍ണ്ണ വിശേഷണം.

പത്രോസിന്റെ സിംഹാസനത്തില്‍ പിന്നീട് വാണരുളിയ മാര്‍പ്പാപ്പാമാരെല്ലാം പുരുഷന്‍‌മാര്‍ തന്നെയായിരുന്നു. പക്ഷെ വിധിവൈപരീത്യം കൊണ്ടോ, സഭയുടെ നോട്ടപ്പിശകു കാരണമോ ഒരു വനിത സഭയുടെ പരമോന്നത സിംഹാസനത്തില്‍ ഇരിന്നിട്ടുണ്ടെന്നാണ് തിരസ്കരിക്കപ്പെട്ട ചരിത്രം പറയുന്നത്. 855ല്‍ സ്ഥാനാരോഹണം ചെയ്ത ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ, സഭയെ കബളിപ്പിച്ച് തല്‍ സ്ഥാനത്തെത്തിയ ജോന്‍ എന്ന ഒരു വനിതയാണെന്നാണ് ചില ചരിത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നത്. 855ല്‍ ലിയോ നാലാമന്‍ കാലം ചെയ്തപ്പോഴാണ് ജോന്‍, ജോണ്‍ എട്ടാമന്‍ എന്ന പേരില്‍ ആ സ്ഥാനത്തെത്തിയത്. പുരുഷവേഷം കെട്ടി സഭയെ വളരെ വിദഗ്ദ്ധമായി കബളിപ്പിക്കാന്‍ ജോനിനു കഴിഞ്ഞു.

ഒന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഏകദേശം 818ല്‍ മെയ്ന്‍‌സിലെ റൈന്‍ നദീ തീരത്തെ ഒരു പട്ടണത്തില്‍ ക്രിസ്തുമത പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ദമ്പതികളായ ഇംഗ്ലീഷ് മിഷനറിമാര്‍ക്ക് ജോന്‍ എന്നൊരു പുത്രി ജനിച്ചു. ചെറുപ്പകാലത്ത് അസാമാന്യ ബുദ്ധി പ്രകടിപ്പിച്ചിരുന്ന അവള്‍ വശ്യ സൌന്ദര്യത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പന്ത്രണ്ടാം വയസില്‍ ഒരു ക്രിസ്ത്യന്‍ സന്യാസിയില്‍ അവള്‍ അനുരുക്തയായി. പക്ഷെ മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തതോടെ ജോന്‍ അവരെ ഉപേക്ഷിച്ച്, പുരുഷവേഷം ധരിച്ച്, സന്യാസി മഠത്തില്‍ വിദ്യാര്‍ത്ഥിയായി. ജോണ്‍ ആംഗ്ലിക്കസ് അഥവാ ജോണ്‍ ദ ഇംഗ്ലിഷ്‌മാന്‍ എന്ന പേരിലാണ് മഠത്തില്‍ അവള്‍ അറിയപ്പെട്ടത്. കാമുകനായ സന്യാസിയുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി മാത്രമാണ് ജോണ്‍ ഈ ആള്‍മാറാട്ടത്തിന് തയ്യാറായത്. സന്യാസി മഠത്തിലെ പകലുകള്‍ പ്രാര്‍ത്ഥനയ്ക്കും പഠനത്തിനുമായി മാറ്റിവച്ച ജോന്‍, രാത്രികള്‍ കാമുകനുമായുള്ള സമാഗമത്തിന് ഉപയോഗിച്ചു.

കുറച്ച് കാലത്തിനു ശേഷം ഇവരുടെ ബന്ധം പുറത്തറിയുകയും, സഭയുടെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷനേടാന്‍ ഇരുവരും റോമിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ഏതന്‍‌സില്‍ വച്ച് ജോനിനെ ഉപേക്ഷിച്ച് കാമുകന്‍ കടന്നു കളഞ്ഞു. പക്ഷെ അപ്പോഴും പുരുഷവേഷം കളയാതെ ജോന്‍ റോമിലേക്കുള്ള യാത്ര തുടര്‍ന്നു. റോമിലെത്തിയ അവള്‍ നല്ലൊരു അദ്ധ്യാപികയായും മിഷനറി പ്രവര്‍ത്തകയായും പ്രസിദ്ധി നേടി. അസാമാന്യ വാക്ചാതുര്യവും പാണ്ഡിത്വവും പ്രദര്‍ശിപ്പിച്ച ജോനിനു നിരവധി ശിഷ്യന്‍‌മാരുണ്ടായി. അക്കാലത്തെ പ്രമുഖ തത്വചിന്തകര്‍ ജോനിന്റെ പാണ്ഡിത്യത്തെ അനുമോദിച്ചു. ദൈവശാസ്ത്രത്തിലുള്ള അവളുടെ അറിവില്‍ കര്‍ദ്ദിനാള്‍‌മാര്‍ അല്‍ഭുതം കൂറി. പക്ഷെ ഇവര്‍ക്കാര്‍ക്കും ജോണ്‍ ആംഗ്ലിക്കസ് എന്നത് പുരുഷവേഷം ധരിച്ച ജോന്‍ ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. കഴിവും പരിശ്രമവും കൊണ്ട് ജോന്‍ സഭയുടെ അധികാരസ്ഥാനങ്ങളുടെ കീഴ്ത്തടങ്ങളില്‍ എത്തുകയും ക്രമേണ ഉന്നതങ്ങളിലേക്ക് കുതിക്കുകയും ചെയ്തു.

ഏവരാലും അംഗീകരിക്കപ്പെട്ട അവള്‍ അങ്ങനെ 855ല്‍ മാര്‍പ്പാപ്പ ലിയോ നാലാമന്‍ കാലം ചെയ്തപ്പോള്‍, അനന്തരാവകാശിയായി ഏകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ജോണ്‍ എട്ടാമന്‍ എന്ന പേരില്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വനിത അവരോധിതയായി. ഈ സംഭവങ്ങള്‍ക്കിടയില്‍, ഏകയും വികാരവതിയുമായ ജോന്‍ തന്റെ ഭൃത്യരില്‍ ഒരാളെ കാമുകനാക്കാന്‍ മടിച്ചില്ല. ഇയാള്‍ക്കൊഴികെ മറ്റാര്‍ക്കും ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ ഒരു വനിതയാണെന്ന കാര്യം അറിയില്ലായിരുന്നു. അറിയിക്കാതിരിക്കാന്‍ ജോന്‍ അതിസമര്‍ത്ഥമായി പെരുമാറിയിരുന്നു. അധികം താമസിയാതെ ഭൃത്യനുമായുള്ള സമാഗമത്തിലൂടെ ജോന്‍ ഗര്‍ഭിണിയായി.

കാര്യങ്ങളെയൊക്കെ തകിടം മറിച്ച സംഭവം ഇനിയാണ്. മാര്‍പ്പാപ്പയായി അവരോധിതയായി രണ്ട് വര്‍ഷം കൊണ്ട്, ജോണ്‍ എട്ടാമന്‍ വിശ്വാസികളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുന്നതില്‍ ഏറെ വിജയിച്ചു കഴിഞ്ഞിരുന്നു. 857ലെ ഈസ്റ്റര്‍ ദിനത്തില്‍, സെന്റ് പീറ്റേഴ്സ് ബസ്ലിക്കായില്‍ നിന്നും മാര്‍പ്പാപ്പയുടെ വാസസ്ഥലമായ ലാറ്റേറന്‍ കൊട്ടാരത്തിലേക്ക് ഒരു ഘോഷയാത്ര നീങ്ങുകയാണ്. ടൈബര്‍ നദിയുടെ എതിര്‍വശത്തായാണ് ലാറ്റേറന്‍ കൊട്ടാരം. ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്ന മാര്‍പ്പാപ്പയെ റോഡിനു ഇരുവശവും തടിച്ചു കൂടി നിന്ന ജനങ്ങള്‍ ആദരവോടെ, ഭക്തിപുരസരം എതിരേല്‍ക്കുകയാണ്. ഘോഷയാത്ര, കൊളോസിയത്തിനും സെന്റ് ക്ലെമന്‍‌സ് ചര്‍ച്ചിനും മധ്യേയുള്ള ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ച ഉടനെ പരിശുദ്ധ പിതാവ് കുതിരപ്പുറത്തു നിന്നും കുഴഞ്ഞു വീണു. സകലരും സംഭീതരായി നോക്കി നില്‍ക്കെ ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ പ്രസവവേദന കൊണ്ട് പുളയുന്ന ഒരു സ്ത്രീയായി മാറി. നിമിഷങ്ങള്‍ക്കകം ജോന്‍ ഒരു കുഞ്ഞിനെ അവിടെ, ആ വീഥിമധ്യത്തില്‍ പ്രസവിച്ചു. കോപാക്രാന്തരായ ജനക്കൂട്ടം ആ സ്ത്രീയേയും കുഞ്ഞിനേയും നഗരത്തിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു.

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലിങ്ങോട്ട് നൂറ്റാണ്ടുകളോളം യൂറോപ്പിലാകമാനം ഈ കഥ പറഞ്ഞു തഴമ്പിച്ചു. വനിതാ മാര്‍പ്പാപ്പയായ ജോനിനെക്കുറിച്ചുള്ള ഏറ്റവും പഴയ സൂചനയായി ചരിത്രകാരന്‍‌മാര്‍ കണ്ടെത്തിയിട്ടുള്ളത് പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് ഡൊമിനിക്കന്‍ ആയ ബാര്‍ബോണിലെ സ്റ്റീഫന്‍ എഴുതിയ “ദ സെവെന്‍ ഗിഫ്റ്റ്സ് ഓഫ് ദ ഹോളി സ്പിരിറ്റ്” എന്ന ഗ്രന്ഥമാണ്. ഇതേ സൂചന പതിമൂന്നാം നൂറ്റാണ്ടിലെ മറ്റൊരു ഡൊമിനിക്കന്‍ ആയ ത്രോപ്പോയിലെ മാര്‍ട്ടിന്‍ എന്നു വിളിക്കുന്ന പോളിന്റെ “ ദ ക്രോണിക്കിള്‍ ഓഫ് ദ പോപ്സ് ആന്റ് എമ്പറേസ്” എന്ന കൃതിയിലും ചരിത്രകാരന്‍‌മാര്‍ കണ്ടെത്തിയിട്ടുണ്ട്.

കത്തോലിക്കാ സഭ അന്നും ഇന്നും ഈ സംഭവങ്ങളെ അംഗീകരിച്ചിട്ടില്ല. ജനമധ്യത്തില്‍ വച്ചുള്ള ശിശുജനവും പിന്നീടുള്ള രോക്ഷപ്രകടനവും കഴിഞ്ഞയുടന്‍ തന്നെ പുതിയ മാര്‍പ്പാപ്പയായി ബനഡിക്ട് മൂന്നാമനെ ധൃതിയില്‍ അവരോധിച്ചു. ബനഡിക്ടിന്റെ സ്ഥാനാരോഹണത്തിന് സഭാചരിത്രകാരന്‍‌മാര്‍ പൂര്‍വ്വകാല പ്രാബല്യമാണ് നല്‍കിയത്. 855ല്‍ മാര്‍പ്പാപ്പയാ‍യ ജോനിനെ സംബന്ധിച്ച എല്ല രേഖകളും നീക്കം ചെയ്യുക ചെയ്യുകയെന്നതായിരുന്നു അധികൃതരുടെ ലക്ഷ്യം. പിന്നീട്, പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 872ല്‍ ജോണ്‍ എന്ന് പേരുള്ള മറ്റൊരു മാര്‍പ്പാപ്പ അവരോധിതനായപ്പോള്‍ അദ്ദേഹത്തിന് ജോണ്‍ ഒന്‍‌പതാമന്‍ എന്നതിനു പകരം ജോണ്‍ എട്ടാമന്‍ എന്ന പേരാണ് നല്‍കിയത്.

വനിതാ പോപ്പിന്റെ കഥയില്‍ വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്. റോമിലെ കൊളോസിയത്തിനും സെന്റ് ക്ലെമന്‍‌സ് പള്ളിക്കും മധ്യേയുള്ള ഇടുങ്ങിയ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ള, കൈക്കുഞ്ഞുമായി നില്‍ക്കുന്ന ഒരു സ്ത്രീയുടെ പ്രതിമയാണത്. 857ല്‍ നടന്ന ഘോഷയാത്രക്കിടയില്‍ പരിശുദ്ധ പിതാവ് കുതിരപ്പുറത്തു നിന്നും വീണ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പിന്നീട് നടന്ന ഘോഷയാത്രകള്‍ക്കൊന്നിനും ഈ ഇടനാഴി ഉപയോഗിച്ചിട്ടില്ല. പിന്നീട്, 200 വര്‍ഷത്തിലേറെക്കാലം, സീന കത്തീഡ്രലില്‍ മാര്‍പ്പാപ്പാമാരുടെ അര്‍ദ്ധകായ പ്രതിമകള്‍ സൂക്ഷിച്ചിരുന്നതിന്റെ കൂട്ടത്തില്‍ ഇങ്ങനെ ഒരടിക്കുറിപ്പോടു കൂടിയ ഒരു പ്രതിമയും ഉണ്ടായിരുന്നു.
“ ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ, ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വനിത “
പതിനാറാം നൂറ്റാണ്ടില്‍ മാര്‍പ്പാപ്പയായിരുന്ന ക്ലെമന്റ് എട്ടാമന്‍, ഈ പ്രതിമയ്ക്ക് “ പോപ്പ് സക്കറി “ എന്ന് പുനര്‍നാമകരണം ചെയ്തതായി പറയപ്പെടുന്നു.

പോപ്പ് ജോനിന്റെ കഥക്ക് അനുകൂലമായി ചരിത്രകാരന്‍‌മാര്‍ കാണുന്ന ഏറ്റവും വലിയ തെളിവ് “ സ്റ്റെല്ല സ്റ്റൈര്‍ ലാറ്റേറന്‍ “ എന്ന ഒരു തരം വിചിത്ര കസേരയാണ് (ചിത്രം താഴെ). സെന്റ് ജോണ്‍ ലാറ്റേറന്‍ ബസ്ലിക്കയില്‍ നിന്നും കണ്ടെടുത്ത ഒരു പ്രത്യേക മാര്‍ബിള്‍ കസേരയാണിത്. ഈ കസേരയുടെ ഇരിപ്പിടത്തിന് മധ്യത്തില്‍ ഒരു ദ്വാരമുണ്ട്. മാര്‍പ്പാപ്പ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനുമുന്‍പായി ഓരോ മാര്‍പ്പാപ്പയും ഈ കസേരയില്‍ ഇരിക്കേണ്ടതുണ്ട്. മാര്‍പ്പാപ്പാ സ്ഥാനാര്‍ത്ഥിയുടെ ലിംഗ നിര്‍ണ്ണയം നടത്തുന്നതിനുള്ള വൈദ്യപരിശോധനകള്‍ക്ക് വേണ്ടിയാണ് ഈ വിചിത്ര കസേര ഉപയോഗിച്ചിരുന്നത്. ജോനിന്റെ ചതി ആവര്‍ത്തിക്കാതിരിക്കാനാണ് ഈ മുന്‍‌കരുതല്‍ സഭ എടുത്തതെന്ന് ചരിത്രകാരന്‍‌മാര്‍ പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ ഈ കസേര ഉപയോഗിച്ചിരുന്നു.

പതിനാറും, പതിനേഴിലേയും നൂറ്റാണ്ടുകളിലെ പ്രോട്ടസ്റ്റാന്റ് എഴുത്തുകാര്‍ ജോന്‍ മാര്‍പ്പാപ്പയുടെ കഥ സഭയ്ക്കെതിരെയുള്ള ആയുധമാക്കി. അന്നുമുതല്‍ ഇന്നു വരെ നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും കാരണമായിട്ടുണ്ട് ഈ കഥ.....

ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ ജോന്‍ എന്ന വനിതയായിരുന്നോ?


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Saturday, August 9, 2008

അനുകരിക്കൂ; ജീവിതവിജയം നേടൂ!

മറ്റുള്ളവരെ അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുകയെന്നു പറയപ്പെടുന്നു; അനുകരണം ആപത്താണെന്നല്ലെ പഴമൊഴി! പക്ഷെ ജീവിതവിജയ മന്ത്രങ്ങളുടെ ഏറ്റവും പുതിയ രീതിയില്‍ അനുകരണം വളരെയേറെ ഗുണവത്തായ കാര്യമായാണ് വ്യാഖ്യാനിക്കുന്നത്. ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖല ഏതു തന്നെ ആയിരുന്നാലും, ശക്തമായ വ്യക്തിത്വത്തിന് ആവശ്യമായ ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, നിശ്ചിതലക്ഷ്യം, ഏകാഗ്രത, ഇശ്ചാശക്തി, സ്ഥിരോത്സാഹം, ഭാവന തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുത്ത് ജീവിതവിജയം കൈവരിക്കാന്‍ സഹായിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ നിലവിലുണ്ട്. ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും മനോദൌര്‍ബല്യങ്ങള്‍ക്കടിമപ്പെട്ട്, നിരാശാബോധത്തിലൂടെ, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലെല്ലാം പരാജയപ്പെട്ട് ജീവിതം വ്യര്‍ഥമാക്കുന്നവരാണ് നമുക്ക് ചുറ്റും. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും ഔന്നത്യത്തിന്റെ ഉത്തുംഗസ്വാപനം കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞ വ്യക്തിത്വങ്ങള്‍ ഇവിടെയുണ്ട് എന്നത് നിസ്തര്‍ക്കമാണ്. മനുഷ്യനെ മൃഗത്തിന് സമാനമായി അധ:പതിപ്പിക്കുന്ന ക്ഷുദ്രശക്തികളെ ഉന്‍‌മൂലനം ചെയ്ത് തല്‍‌സ്ഥാനത്ത് ക്രിയാത്മകശക്തികളെ വളര്‍ത്തിയെടുത്ത് കഴിവുകള്‍ അല്‍ഭുതാവഹമായ രീതിയില്‍ വര്‍ദ്ധിപ്പിച്ചതു കൊണ്ടാണ് അവര്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ കഴിഞ്ഞത്.

മനുഷ്യര്‍ക്ക് നാലുവിധ വ്യക്തിത്വങ്ങള്‍ ഉണ്ടെന്ന് പ്രശസ്ത മനശാത്രജ്ഞനായ ആല്‍‌ഫ്രഡ് അഡ്‌ലര്‍(1870-1937) പറയുന്നു.
1. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന‌വര്‍(Getting learning types)
2. മറ്റുള്ളവരുടെ മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്നവര്‍(Ruling dominent types)
3. പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, ഒന്നിനെയും അഭിമുഖീകരിക്കാതെ എല്ലാം നേടു‌വാന്‍ ശ്രമിക്കുന്നവര്‍(Avoiding types)
4. നിത്യജീവിതത്തിലെ പ്രശ്നങ്ങളെ മനസാന്നിധ്യത്തോടെ അപ്പപ്പോള്‍ തന്നെ നേരിടുന്നവര്‍(Socially useful types)
ഇതില്‍ Socially useful typesന് ഉല്‍കൃഷ്ടവും ക്രിയാത്മകവുമായ ജീവിതത്തിന്റെ ഉടമകളായിത്തീരാന്‍ കഴിയുമെന്ന് അഡ്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളുടെ ജീവിത രീതികള്‍ അതുപോലെ അനുകരിച്ച് ഏതൊരാള്‍ക്കും ജീവിതവിജയം നേടാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്.

ഒരാള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ഏതൊരാള്‍ക്കും പഠിച്ച് അതു ചെയ്യാനാവും എന്നതാണ് ഏറ്റവും പുതിയ ജീവിതവിജയ ശാസ്ത്ര ശൈലിയുടെ കണ്ടെത്തല്‍. അനുകരണത്തെ ഒരു കലയായി വിവക്ഷിച്ച് പടിപടിയായുള്ള പരിശീലങ്ങളിലൂടെ ജീവിതവിജയം കരസ്ഥമാക്കാന്‍ ആവിഷ്കരിച്ച ഏറ്റവും പുതിയ പ്രോഗ്രാമാണ് എന്‍ എല്‍ പി അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്. ഏത് രംഗത്തായാലും ഉന്നത നിലവാരം പുലര്‍ത്തുന്നകര്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ നിയതമായ രീതിയും നടപടിക്രമങ്ങളും പാലിച്ചിരുന്നതായി കാണാം. ഈ നടപടിക്രമങ്ങള്‍ അതേപോലെ പകര്‍ത്തി അതേ ഫലം ഉണ്ടാക്കാന്‍ കഴിയും. ഇപ്രകാരം നടപടിക്രമം പകര്‍ത്തുന്നതിനെ അനുകരിക്കല്‍(Modelling)എന്നു പറയുന്നു. ശാസ്ത്രീയമായ രീതിയിലുള്ള ഈ കോപ്പിയടി വഴി ഏതൊരാള്‍ക്കും അവരവരുടെ താല്പര്യമനുസരിച്ച് അതാത് മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്‍ എല്‍ പി പറയുന്നത്. കോപ്പിയടി രണ്ട് തരമുണ്ട്; തന്നെത്തന്നെ കോപ്പിയടിക്ക‌ലും, മറ്റുള്ളവരെ കോപ്പിയടിക്കലും. നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ നേടിയ വിജയത്തിന്റെ നിമിഷങ്ങളെ വീണ്ടും കൊണ്ടുവന്ന് കോപ്പിയടിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രംഗത്ത് വിജയം വരിച്ചു കൊണ്ടിരിക്കുന്ന ഒരാളെ കോപ്പിയടിക്കുക. ഇത്തരം അനുകരണത്തില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിശ്വാസമാണ് ഏറ്റവും പ്രഥമികമായ കാര്യം. തനിക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ കഴിയും; കഴിയില്ലെന്ന് വിശ്വസിച്ചാല്‍ കഴിയില്ല. നിരന്തര വിജയമാര്‍ജ്ജിച്ച ഒരാളുടെ വിശ്വാസ രീതി ഏതെന്ന് മനസ്സിലാക്കി അതിനെ അനുകരിക്കണം. രണ്ടാമതായി മുന്‍‌ഗണനാക്രമമാണ്, ഏതൊക്കെ കാര്യങ്ങള്‍ ആദ്യമാദ്യം ചെയ്യണം എന്ന് തീരുമാനിക്കണം. മൂന്നാമതായി ശാരീരികാവസ്ഥയാണ്. ബോഡിലാംഗ്വേജിന്റെ ശരിയായ അവതരണത്തിലൂടെ ജീവിതവിജയം നേടിയ ആളിനെ അനുകരിക്കണമെന്നാണ് എന്‍ എല്‍ പി പറയുന്നത്. ഉദാഹരണമായി ടെന്നിസ് താരം സാനിയാ മിര്‍സ അനുകരിച്ചത് സ്റ്റെഫി ഗ്രാഫിനെയായിരുന്നു. സ്റ്റെഫിയാണ് തന്റെ മാതൃകയെന്ന്, സാനിയ വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റെഫി നില്‍ക്കും പോലെ, നടക്കും പോലെ, ഓടും പോലെ, കളിക്കും പോലെ സാനിയയും കളിക്കുന്നു.

എന്താണ് എന്‍ എല്‍ പി

തലച്ചോറിനെയും നാഡീവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ച് ശരീരത്തെയും മനസിനെയും ഒരേ താളക്രമത്തിലാക്കി എങ്ങനെ ജീവിത വിജയത്തിന് വിനിയോഗിക്കാം എന്ന് വിശദമാക്കുന്ന നൂതന ശാസ്ത്രമാണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം അഥവാ എന്‍ എല്‍ പി. നമ്മുടെ അറിവുകളെ, ആഗ്രഹങ്ങളെ, പ്രേരണകളെ, പ്രവൃത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താന്‍ എന്‍ എല്‍ പി സഹായിക്കുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ രൂപപ്പെട്ട ഒരു വിജ്ഞാന ശാഖയാണ് എന്‍ എല്‍ പി. അമേരിക്കയിലെ, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയും കമ്പ്യൂട്ടര്‍വിദഗ്‌ദ്ധനുമായ റിച്ചാര്‍ഡ് ബേന്റലറും അതേ യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്ര പ്രൊഫസറുമായ ജോണ്‍ ഗ്രൈന്റുമാണ് ഈ നൂതന ശൈലിയുടെ ഉപജ്ഞാതാക്കള്‍. അമേരിക്കയിലെ തന്നെ പ്രസിദ്ധ കുടുംബ കൌണ്‍സിലര്‍ വെര്‍ജിനിയ സറ്റിര്‍നെയും, ജെസ്റ്റോള്‍ട്ട് തെറാപ്പിസ്റ്റായിരുന്ന ഫ്രിറ്റ്സ് പേളിനെയും അനുകരിച്ചാണ്, റിച്ചാര്‍ഡ് ബേന്റ്ലര്‍ ഇതിനു തുടക്കമിട്ടത്. മുന്‍‌ഗാമികളെ അനുകരിച്ച് അറിയപ്പെടുന്ന ഒരു കൌണ്‍സിലറായി മാറുന്നതില്‍ ബേന്റ്ലര്‍ വിജയിച്ചു. ഇങ്ങനെ ഒരു മേഖലയില്‍ വിജയം നേടിയവരെ അനുകരിക്കുന്നതു വഴി എളുപ്പത്തില്‍ വിജയം നേടാമെന്ന് അദ്ദേഹം തെളിയിച്ചു. അതേ സമയം ഭാഷാശാസ്ത്രത്തിന്റെ വഴിയിലൂടെ ചിന്തയുടേയും പെരുമാറ്റത്തിന്റേയും വ്യാകരണം മനസ്സിലാക്കാന്‍ ശ്രമിച്ചു വരികയായിരുന്നു ജോണ്‍ ഗ്രൈന്റര്‍. സമാന താല്‍‌പര്യങ്ങളുള്ള ഇവര്‍ യോജിച്ച് ജീവിത വിജയത്തിന് അനുകരണത്തിന്റെ മാതൃക കണ്ടെത്തി. അതാണ് ഇന്ന് ലോകം മുഴുവന്‍ ന്യൂറോ ലിംഗ്വിസ്റ്റ്ക് പ്രോഗ്രാം എന്ന് അറിയപ്പെടുന്നത്.

തലച്ചോറ് അഥവാ ബുദ്ധി മാത്രം മതി ആര്‍ക്കും ജീവിതവിജയം നേടാന്‍. തലച്ചോറിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്ന് പറഞ്ഞു തരുന്നതാണ് എന്‍ എല്‍ പി. ദു:ഖവും നിരാശയുമുണ്ടാകുമ്പോള്‍ ആഹ്ലാദത്തിന്റെയും ആത്മാഭിമാനത്തിന്റെയും ശാരീരികാവസ്ഥയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ ദു:ഖത്തെയും നിരാശയെയും നമുക്ക് മറികടക്കാന്‍ സാധിക്കും. ഇതിന് ചെയ്യേണ്ടത് മാംസപേശികളുടെയും നാഡീവ്യൂഹത്തിന്റെയും നിയന്ത്രണത്തിലൂടെ ചിന്തകളെ നിയന്ത്രിക്കുക എന്നതാണ്. ഇങ്ങനെ ചിന്തകളെ പോസിറ്റാവായി നിയന്ത്രിച്ച് നമ്മുടെ ബാഹ്യപ്രവൃത്തികളെ ഗുണപരമായ വഴിയിലൂടെ നയിക്കാന്‍ കഴിയും. ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം നാം അതിനെ എങ്ങനെ കാണുന്നു, നേരിടുന്നു എന്നതാണ്. ദു:ഖവും നിരാശയും, സന്തോഷവും എല്ലാം എല്ലാം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. വിജയമെന്നത് കേവലം ഭാഗ്യമല്ല; ലക്ഷ്യം വച്ച് തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിലൂടെ സിദ്ധിക്കുന്ന ഒരവസ്ഥയാണത്. എന്താണ് ലക്ഷ്യമെന്ന് മനസ്സിലുറച്ച് അതിനു വേണ്ട ഒരു രൂപരേഖ തയ്യാറാക്കുക. പദ്ധതിയിന്‍‌ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുകയും, ദിവസേന പ്രവൃത്തിയുടെ ഫലങ്ങള്‍ പരിശോധിക്കുകയും വേണം.

എന്റെ പരിശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതാണോ, അതോ പുറകിലോട്ട് വലിച്ചിഴക്കുന്നുണ്ടോ
വിജയത്തിലേക്ക് നയിക്കുന്ന പ്രവൃത്തികളെ പിന്തുടരണം, അല്ലാത്തവയെ ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഈ പ്രയാണത്തില്‍, ജീവിത വിജയം നേടിയ മറ്റുള്ളവരുടെ മനോഭാവങ്ങളും പ്രതികരണങ്ങളും നാം പഠിക്കാന്‍ (അനുകരണം) തയ്യാറായി അതിനൊത്ത് മാറണം. ജീവിതത്തിലുണ്ടായേക്കാവുന്ന ഏത് പരാജയത്തെയും വിജയമാക്കി മാറ്റാനുള്ള കഴിവ് വികസിപ്പിച്ചെടുക്കണം. ഏതൊരു പരാജയത്തേയും ശരിയായ ആശയവിനിമയത്തിലൂടെ വിജയമാക്കി മാറ്റാന്‍ സാധിക്കും. പ്രശസ്തരായ വ്യക്തികളെ മോഡലാക്കുന്നതു വഴി ഇതൊക്കെ സാധ്യമാവുമെന്നാണ് എന്‍ എല്‍ പി പറയുന്നത്. അവരുടെ വസ്ത്രധാരണ രീതികള്‍, ഉച്ചാരണരീതികള്‍, തലയെടുപ്പ്, ശാരീരിക ചലനങ്ങള്‍, ഹെയര്‍സ്റ്റൈല്‍, മീശ, സംഭാഷണരീതികള്‍, ശ്വാസോച്ഛ്വാസത്തിന്റെ രീതികള്‍ വരെ അനുകരിക്കാം. എന്നാലിത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല. ദീര്‍ഘനാളത്തെ ക്ഷമാപൂര്‍വ്വമായ പരിശീലനം ഇതിന് ആവശ്യമാണ്. പല മണ്ഡലങ്ങളില്‍ വിജയം സ്വായത്തമാക്കിയ അനേകരുടെ ചിന്താരീതികളെയും പെരുമാറ്റരീതികളെയും എന്‍ എല്‍ പി അപഗ്രഥിച്ചിട്ടുണ്ട്. സാഹിത്യകാരന്‍‌മാര്‍, ആത്മീയനേതാക്കള്‍, കലാകാരന്മാര്‍, വ്യവസായപ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, തത്വചിന്തകര്‍, ശാസ്ത്രജ്ഞര്‍, രാക്ഷ്ട്രത്തലവന്‍‌മാര്‍, ധനികര്‍ എന്നിവരൊക്കെ ഇതിന്റെ പഠനത്തില്‍ വരുന്നുണ്ട്. ഇവരോരുത്തരുടെയും ബാഹ്യവും ആന്തരീകവുമായ ആശയവിനിമയവും പെരുമാറ്റ രീതികളും ചിന്തയും നമുക്ക് മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.



എന്‍ എല്‍ പി നിത്യജീവിതത്തില്‍

നിത്യ ജീവിതത്തില്‍ എന്ത് മാറ്റവും വരുത്തുവാനുമുള്ള ആവശ്യഘടകങ്ങള്‍ ഓരോ വ്യക്തിയിലും അന്തര്‍ലീനമാണ്. പരാജയം എന്നൊന്നില്ല; ഓരോ തോല്‍‌വിയിലും വിജയിക്കാനുള്ള പാഠങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടാവും. അവയെ കണ്ടെത്തി പോസിറ്റീവായി ഉപയോഗിക്കുകയാണ് വേണ്ടത്. പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ഞാന്‍ എപ്പോഴും പരാജയപ്പെടുന്നു, എനിക്ക് വിജയം വിധിച്ചിട്ടില്ല എന്ന് വിചാരിക്കാതിരിക്കുക. നിരവധി പരാജയങ്ങളിലൂടെയാണ് വിജയികള്‍ ശക്തരായത്. പരാജയങ്ങളെ ശരിയായ രീതിയില്‍ നേരിടുമ്പോള്‍ മനസിന്റെ ഉള്‍ക്കാഴ്ച്ച വര്‍ധിക്കുന്നു. എത്ര പരാജയങ്ങള്‍ ഉണ്ടായാലും വിജയികള്‍ പതറാറില്ല. അവയെ എങ്ങനെ വിജയമാക്കാമെന്നാണ് അവര്‍ ചിന്തിക്കുക. എനിക്കവ ചെയ്യാന്‍ കഴിയും എന്ന വിശ്വാസമാണ് ഈ അസാധാരണ വിജങ്ങളുടെ താക്കോല്‍.

സന്തോഷകരമായ ഒരു മുന്‍ അനുഭവത്തെ മനസിലേക്ക് കൊണ്ടു വരിക. അതിനെ കൂടുതല്‍ പ്രകാശമാനമാക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ സന്തോഷം വര്‍ധിക്കുന്നതായി അനുഭവപ്പെടും. എത്ര മോശപ്പെട്ട അവസ്ഥയിലും കാഴ്ച്ചപ്പാട് മാറ്റിയാല്‍ നന്മ കാണാനാവും. പരാജയത്തെ വെല്ലുവിളിയായും, തെറ്റിനെ ഒരു പാഠമായും, തോല്‍‌വിയെ വിജയത്തിലേക്കുള്ള ചവിട്ട് പടിയായും, വഞ്ചനയെ ഒരനുഭവമായും, രോഗാവസ്ഥയെ ശരീരത്തിന്റെ മുന്നറിയിപ്പായും കണ്ടു നോക്കൂ... ഈ മോശപ്പെട്ട സാഹചര്യങ്ങളിലെല്ലാം നന്മയുടെ വിത്തുകള്‍ മുളപൊട്ടുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാവും. എന്‍ എല്‍ പി എന്ന വ്യക്തിത്വ വികസന രീതിയുടെ കാതല്‍ ഓട്ടോ സജഷന്‍‌സിലൂടെ മനസിനെ മെരുക്കിയെടുക്കലാണ്. ദൈനംദിന അഭ്യാസത്തിലൂടെ ഇത് സ്വായത്തമാക്കാന്‍ കഴിയും. ചിട്ടയായ പരിശീലനത്തിലൂടെ ഫലവത്തായ ആശയവിനിമയം നടത്താനും വ്യക്തി ബന്ധങ്ങള്‍ ശക്തമാക്കാനും സാധിക്കും. കുടുംബ ജീവിതം സന്തോഷകരമാക്കുന്നതിനോടൊപ്പം അനാവശ്യസ്വഭാങ്ങളെ മാറ്റി തത്സ്ഥാനത്ത് നല്ല ശീലങ്ങളെ പ്രതിഷ്ഠിക്കാം. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ നിന്ന് രക്ഷനേടാനും എന്‍ എല്‍ പി സഹായമരുളും.

എന്താണ് മാറ്റേണ്ടത് എന്ന് തീരുമാനിക്കുക. മദ്യപാനമാണെങ്കില്‍ മദ്യപിക്കുന്നതിന്റെ ഒരു സ്വാഭാവിക ചിത്രീകരണം മനസില്‍ സൃഷ്ടിക്കുക. അല്പസമയം അതില്‍ വ്യാപരിച്ച ശേഷം ഇങ്ങനെയൊരു ശീലം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് മനസില്‍ ചിത്രീകരണം നടത്തുക. ഈ രണ്ട് മാനസികവ്യാപാരങ്ങളിലും നിങ്ങള്‍ക്കുണ്ടാവുന്ന നന്മതിന്മകളുടെ ഏകദേശരൂപം ശക്തമായി മനസിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കുക. സ്ഥിരമായി ഈ അഭ്യാസം ചെയ്യുന്നതു വഴി മദ്യപാനം ഉപേക്ഷിച്ച് നന്മയുടെ വഴി പൂകാമെന്ന് എന്‍ എല്‍ പി പറയുന്നു. പുകവലിയില്‍ നിന്നും ഇതേപോലെ മോചനം നേടാമത്രെ. അടിയുറച്ച ഒരു നെഗറ്റീവ് ചിത്രം മനസില്‍ കടന്നു വരുമ്പോഴേ അത് ബോധപൂര്‍വ്വം മായിച്ചു കളയുക. ഇങ്ങനെ നിരന്തരം ചെയ്താല്‍ പിന്നീടൊരിക്കലും അത് മനസില്‍ ഉറച്ചു നില്‍ക്കില്ല; പകരം വെയ്ക്കുന്ന ശീലമെ മനസില്‍ തെളിയൂ. അതുകൊണ്ട് ഒരു ദു:ശീലത്തിനു പകരം ഒരു നല്ല ശീലം മനസില്‍ നിറയ്ക്കുക.
തുടര്‍ച്ചയായി, അമിതാവേശത്തോടെ ലക്ഷ്യത്തിലേക്ക് നീങ്ങൂ..
നിങ്ങള്‍ ഉറച്ച് വിശ്വസിക്കൂ... നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല.....



അധികവായനക്ക്:N L P vol.I(1980) by Richard Bandler & John Grainder
Using Yours Brain for a Change by Richard Bandler & John Grainder
Inside Guide to Submodalities(1988) by Richard Bandler & John Grainder
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Friday, August 1, 2008

വേശ്യകള്‍ക്കൊരു വിശുദ്ധഗ്രന്ഥം

ലോകരാജ്യങ്ങളില്‍ പലയിടത്തും വേശ്യാവൃത്തി ഒരു തൊഴിലായി ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിരവധി നിയമങ്ങള്‍ കൊണ്ട് ഈ മാംസക്കച്ചവടത്തിന് തടയിടാന്‍ ഭരണാധികാരികള്‍ തയ്യാറായെങ്കിലും, ചില കര്‍ശന വ്യവസ്തകളിന്‍‌മേല്‍ വേശ്യാവൃത്തിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ഇവര്‍ നിര്‍ബന്ധിതരായി. ലോകമെമ്പാടുമുള്ള വന്‍‌നഗരങ്ങളിലെ ചുവന്ന തെരുവുകള്‍ ഇത്തരം അംഗീകൃത മാംസക്കച്ചവട കേന്ദ്രങ്ങളാണെന്നത് വസ്തുതയാണ്. ഒരു രാജ്യമാകമാനം മാംസക്കച്ചവടത്തിലൂടെ വിദേശനാണ്യം നേടുന്നു എന്ന വാര്‍ത്ത ഇന്ന് പുതുമയല്ല. സെക്സ് ടൂറിസം എന്ന പേരില്‍ രാജ്യത്തിലെ വേശ്യാവൃത്തിയെ പരിപോഷിപ്പിക്കാന്‍ ചില രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഒരു കൂസലുമില്ല. ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് തായ്‌ലാന്റ്. ഒരു രാജ്യം മുഴുവന്‍ അന്നന്നത്തെ അപ്പത്തിനു വേണ്ടി വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന അല്‍ഭുതകരമായ അവസ്ഥയാണ് തായ്‌ലാന്റ്റിനുള്ളത്. തായ്‌ലാന്റിലെ മൊത്തം ജനസംഖ്യയില്‍, പന്ത്രണ്ട് പേരില്‍ ഒരാള്‍ ലൈംഗികവൃത്തി കൊണ്ടാണ് ജീവിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫിലിപ്പൈന്‍സ്, കമ്പോടിയ, നൈജീരിയ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സെക്സ് ടൂറിസത്തിന്റെ പ്രണേതാക്കളായി മാറിക്കഴിഞ്ഞു. നമ്മുടെ രാജ്യവും ഒട്ടും പിന്നിലല്ല. ഗോവയും കോവളവും ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ അറിയപ്പെടുന്ന സെക്സ് ടൂറിസ്റ്റ് സ്ഥലങ്ങളാണ്.

വേശ്യാവൃത്തി മാറിയ ജീവിത സാഹചര്യങ്ങളുടെ ഭാഗമായി പുതുതായി ഉടലെടുത്ത ഒരു തൊഴിലല്ല. ചരിത്രാതീതകാലം മുതല്‍ക്കെ ഇത് ഒരു അംഗീകൃത തൊഴിലായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ഇന്നത്തേതിനേക്കാള്‍ ഉപരി വേശ്യാവൃത്തിക്ക് മാന്യമായ ഒരു സ്ഥാനം ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു. പല ഇന്‍ഡ്യന്‍ രാജാക്കന്‍‌മാരും വേശ്യകളില്‍ നിന്ന് ഗണികാക്കരം പിരിച്ചിരുന്നു. അക്കാലത്തെ ചില കൃതികളില്‍ ഇത്തരം കച്ചവടത്തെക്കുറിച്ച് നിരവധി സൂചനകളുണ്ട്. രാജഭരണകാലത്ത് ഇന്നത്തേതിനേക്കാള്‍ രൂക്ഷമായിരുന്നു ഈ പ്രശ്നമെന്നത് നിസ്തര്‍ക്കമാണ്. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഗണികാക്കരം ഏര്‍പ്പെടുത്തി ഖജനാവിലേക്കൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്തുകയാണ് അന്നത്തെ ഭരണാധികാരികള്‍ ചെയ്തത്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ഇതെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ട്. വേശ്യാസ്ത്രീ സമൂഹത്തിലെ മറ്റേതൊരു ഘടകം പോലെയും അന്ന് പ്രാധാന്യം നേടിയെടുത്തിരുന്നു. വേശ്യകളുടെ ആചാരമര്യാദകളെക്കുറിക്കുന്ന ഗ്രന്ഥങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു എന്നത് അന്നത്തെ പൊതു സമൂഹം ഈ ഏര്‍പ്പാടിനെ പരോക്ഷമായെങ്കിലും അംഗീകരിച്ചിരുന്നു എന്നതിന് നിദാനമാണ്.

വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ് ‘കുട്ടനീമതം‘. ലോകസാഹിത്യത്തില്‍ തന്നെ ഏറ്റവും പഴക്കം ചെന്ന വൈശികതന്ത്ര ഗ്രന്ഥമെന്ന നിലയില്‍ കുട്ടനീമതം ഏറെ പ്രസിദ്ധമാണ്. ഇന്‍ഡ്യയില്‍ ഇതിനെക്കാള്‍ പഴക്കമുള്ള മറ്റൊരു വൈശിക ഗ്രന്ഥം കണ്ടെത്തിയിട്ടില്ല. പിന്നീട് ഇതിന്റെ ചുവട്പറ്റി സംസ്കൃതത്തിലും ചില പ്രാദേശിക ഭാഷകളിലും നിരവധി കൃതികള്‍ രചിക്കപ്പെട്ടു. അംബോപദേശം, വൈശികതന്ത്രം എന്നിവ പില്‍ക്കാലത്ത് ഉണ്ടായവയാണ്. എന്നാല്‍ ലക്ഷണമൊത്ത വൈശികഗ്രന്ഥമെന്ന നിലയില്‍ കുട്ടനീമതം പരക്കെ അംഗീകരിക്കപ്പെട്ടു.

കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 AD) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ് കുട്ടനീമതത്തിന്റെ കര്‍ത്താവ്. കല്‍ഹണന്റെ, രാജതരംഗിണിയില്‍ ജയാപീഢന്റെയും അദ്ദേഹത്തിന്റെ സദസ്യരെയും പറ്റി നിരവധി വിവരങ്ങളുണ്ട്. നിരവധി കവികളെയും കാവ്യങ്ങളെയും കൊണ്ട് ഒട്ടനവധി സംഭാവനകള്‍ സംസ്കൃത ഭാഷക്ക് ജയപീഢന്റെ ഭരണകാലം നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ കാലത്തെ അതിജീവിച്ച ഒരു കൃതിയാണ് കുട്ടനീമതം എന്ന വേശ്യകളുടെ വിശുദ്ധഗ്രന്ഥം. എ ഡി 755-786 കാലഘട്ടത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത് എന്നു കരുതുന്നു. ഒരു മന്ത്രിയെന്ന നിലയിലുള്ള ദാമോദരഗുപ്തന്റെ അനുഭവസമ്പത്ത് പൂര്‍ണ്ണമായും സ്വാംശീകരിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. കാമശാസ്ത്രം, അര്‍ത്ഥശാസ്ത്രം, നാട്യകല, ധനുര്‍വ്വേദം, ആയുര്‍വ്വേദം, വ്യാകരണം, സംഗീതം, അശ്വശാസ്ത്രം, യോഗാദിദര്‍ശനങ്ങള്‍, ബുദ്ധമതസാരം എന്നിവയില്‍ അഗാധ പണ്ഡിതനായിരുന്നു ദാമോദരഗുപ്തന്‍. ഈ അറിവുകള്‍ പൂര്‍ണ്ണമായും ക്രോഡീകരിച്ച്, ലക്ഷണമൊത്ത ഒരു ആധികാരിക ഗ്രന്ഥമെന്ന നിലയ്ക്കാണ് കുട്ടനീമതത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശൃംഗാരവും കരുണയും കൂട്ടിക്കലര്‍ത്തി രചിക്കപ്പെട്ട ഈ ശാസ്ത്രഗ്രന്ഥത്തെപ്പറ്റി മറിച്ചൊരു അഭിപ്രായം ഉണ്ടായിട്ടില്ല. ഒരു ശാസ്ത്ര ഗ്രന്ഥത്തിന്റെ ഗഹനതയും ഒരു കാവ്യത്തിന്റെ ആസ്വാദന മാഹാത്മ്യവും കുട്ടനീമതത്തിനുണ്ടെന്ന് പണ്ഡിതന്‍‌മാര്‍ അഭിപ്രായപ്പെടുന്നു.

കുട്ടനീമതം എന്നതിനു പുറമെ ശാഭളീമതം എന്നും ഈ കൃതി അറിയപ്പെടുന്നു. കുട്ടനി എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി-കൂട്ടിക്കൊടുപ്പുകാരി- എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക് വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ് കുട്ടനീമതത്തിന്റെ ഉള്ളടക്കം. വേശ്യാവൃത്തിയില്‍ എങ്ങനെ അഗ്രഗണ്യയാവാം എന്നത് നിരവധി അനുബന്ധകഥകളിലൂടെയാണ് വികരാള, മാലതിയെ പഠിപ്പിക്കുന്നത്. 1089 പദ്യങ്ങളുള്ള ഈ കൃതിയിലങ്ങോളമിങ്ങോളം സൂചിപ്പിക്കുന്ന നഗരം കാശിയാണ്. പ്രധാന കഥാപാത്രമായ മാലതി എന്ന വേശ്യ കാശിദേശവാസിയത്രെ. യുവതിയും സുന്ദരിയും നര്‍ത്തകിയുമായ മാലതി ഇരകളെ വലവീശിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു. കുലധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ അവള്‍ക്ക് പുരുഷന്‍‌മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. കൂട്ടത്തില്‍ ഒറ്റപ്പെട്ട് അപഹാസ്യയാകുമെന്ന ഭയം നിമിത്തം അവള്‍ വികരാള എന്ന കുട്ടനിയുടെ മുന്നിലെത്തി ശിഷ്യത്വം സ്വീകരിക്കുന്നു. വികരാള, മാലതിക്ക് ഉപദേശങ്ങള്‍ നല്‍കി തുടങ്ങുന്നു.

ഒരു വേശ്യ, പുരുഷനെ ആകര്‍ഷിക്കാന്‍ ഒരു ദൂതിയെ അയാളുടെ അടുത്തേക്ക് അയക്കണം. ദൂതി, നായക സമക്ഷം നായികയുടെ സൌന്ദര്യത്തെയും സ്നേഹത്തെയും പറ്റി പറഞ്ഞ് മനസ്സിളക്കി അയാളെ കാമുകിയുടെ അടുക്കലെത്തിക്കണം. തന്റെ അടുത്തെത്തിയ ഇരയെ, വേശ്യ സ്നേഹലാളനാലിംഗനങ്ങള്‍ കൊണ്ട് തന്നിലേക്ക് വശീകരിച്ച് നിര്‍ത്തണം. ഒരു വേശ്യ ആരെയും സ്ഥിരമായി സ്നേഹിക്കുകയോ, ആരുടെയെങ്കിലും അധീനതയിലാവുകയോ ചെയ്യരുത്. ഓരോ പുരുഷനുമായി ബന്ധപ്പെടുമ്പോഴും അയാളാണ് കാമദേവന്‍ എന്ന നിലയിലവണം പെരുമാറ്റം. ധനവും പദവിയുമല്ല, പ്രണയം മാത്രമാണ് താന്‍ കൊതിക്കുന്നതെന്ന് കാമുകനെ ബോധ്യപ്പെടുത്തണം. അയാളെ ആകുന്നത്ര സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച്, അയാളില്‍ നിന്നും സമ്പത്ത് മുഴുവന്‍ കവര്‍ന്നെടുത്തു കഴിഞ്ഞാല്‍ ഉപേക്ഷിക്കണം. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിക്കണം. ഇങ്ങനെയൊക്കെയാണ് കുട്ടനിയുടെ വേശ്യാ ഉപദേശങ്ങള്‍.

കുട്ടനീമതത്തിന്റെ ചുവട്പറ്റി കേരളത്തില്‍ എഴുതപ്പെട്ട കൃതിയാണ് ‘അംബോപദേശം‘. 1844-1901 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വെണ്‍‌മണി മഹന്‍ നമ്പൂതിരിയാണ് ഇതിന്റെ കര്‍ത്താവ്. കുട്ടനീമതത്തില്‍ നിന്നും അംബോപദേശത്തിനുള്ള വ്യത്യാസമായി കാണാവുന്നത് സ്ഥലകാലങ്ങളുടെ മാറ്റമാണ്. എന്നാല്‍ കഥാംശത്തിനും കഥാപാത്രങ്ങള്‍ക്കും സാരമായ മാറ്റമൊന്നുമില്ല. നൂറ് ശ്ലോകങ്ങളുള്ള അംബോപദേശത്തില്‍ കുട്ടനി എന്ന കൂട്ടിക്കൊടുപ്പുകാരിയുടെ ഭാഗം നിര്‍വ്വഹിക്കുന്നത് ഒരു മുത്തശ്ശിയാണ്. “അന്യന്‍ നശിക്കണമതീ‌ത്തറവാട്ടില്‍ നന്നായ് വന്നീടണം”, സമ്പന്നനും രസികനും ഒന്നിച്ചുവന്നാല്‍ സമ്പന്നനില്‍ കൌതുകമേറെ നടിച്ചീടണം”, പണമതിന്‍ മുകളില്‍ പരുന്തും പറക്കില്ലെന്നും” തുടങ്ങി പോകുന്നു മുത്തശ്ശിയുടെ വേശ്യാ ഉപദേശങ്ങള്‍.

ഒരു രാജാവിന്റെ മന്ത്രി തന്നെ എട്ടാം നൂറ്റാണ്ടിലെ പ്രധാന ഭാഷയാ‍യ സംസ്കൃതത്തില്‍ കുട്ടനീമതമെന്ന വേശ്യാശാസ്ത്രമെഴുതിയത് അല്‍ഭുതത്തിന് ഇടവരുത്തുന്നുണ്ട്. തന്നെയുമല്ല ഈ കൃതി ഒരു മഹാകാവ്യത്തിന്റെ സ്ഥാനത്തെത്തുകയും ചെയ്തുവെന്നത് അല്‍ഭുതത്തെ ഇരട്ടിപ്പിക്കുന്നു. പക്ഷെ ഗ്രന്ഥകാരന്‍ ഈ കൃതികൊണ്ട് അത്യന്തകമായി എന്താണ് വിവക്ഷിക്കുന്നതെന്ന് അവസാനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിടന്‍, വേശ്യ, ധൂര്‍ത്തന്‍, കുട്ടനി എന്നിവരുടെ വലയില്‍ വീഴാതെ വായനക്കാരെ സംരക്ഷിക്കുന്നതിനാണ് കുട്ടനീമതം എഴുതപ്പെട്ടത്. ഇത് വായിച്ച് നേടുന്ന അനുഭജ്ഞാനം ഒരാള്‍ക്ക് സ്വയം രക്ഷിക്കാനും, വേശ്യയുടെയും കുട്ടനിയുടെയും തന്ത്രങ്ങളെ തിരിച്ചറിയാനും സഹായിക്കുമെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. തന്റെ രാജ്യത്തെ വേശ്യകളുടെ കുതന്ത്രങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ദാമോദരഗുപ്തന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതിനാലാണ് ദാമോദരഗുപ്തന്‍ ഒരു വേശ്യയെപ്പറ്റിയും ഒരു കൂട്ടിക്കൊടുപ്പുകാരിയെപ്പറ്റിയും കാവ്യമെഴുതി ഇവരുടെ കുത്സിതങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്.