Thursday, March 26, 2009

റബ്ബര്‍ പാലില്‍ അമ്പലം പണിയുന്നവര്‍....

സത്യമെന്നാലെന്താണ്?
ജീവിതത്തിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചുള്ള പരമസത്യം തനിക്കറിയാമെന്നു പറഞ്ഞുകൊണ്ട് ആളുകളെ കുത്തിയിളക്കി എന്ന കുറ്റത്തിനു തടവില്‍ പിടിക്കപ്പെട്ട യേശുക്രിസ്തുവിനോട് പീലാത്തോസ് ഈ ചോദ്യം ചോദിച്ചത്രെ. സത്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ചും അതിന്റെ പ്രാപ്യതയെക്കുറിച്ചുമുള്ള സംശയമാണ് പീലാത്തോസിന്റെ ഈ ചോദ്യത്തില്‍ നിഴലിക്കുന്നത്.

സത്യമെന്നത് ഒരു ധാരണയാണ്. അതിനെ പല അര്‍ത്ഥത്തില്‍ പ്രയോഗിച്ചു വരുന്നു. സത്യമായത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നത് എന്നാണ്. യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നത് വ്യാജമായ അറിവാണ്, അത് മിഥ്യയാണ്. ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന് വ്യാജമായ അറിവെന്ന മിഥ്യയോട് കലാപം നടത്തേണ്ടി വരുന്നു.

ഒരു എഴുത്തുകാരന്‍ സമൂഹത്തിലെ ഒരംഗമാണ്. ഒരു പൌരനെന്ന നിലയില്‍ സമൂഹത്തിലെ മാറ്റങ്ങള്‍ അയാളെ ബാധിക്കും. അപ്പോള്‍ അതു കണ്ടില്ല എന്ന് നടിക്കാന്‍ അയാള്‍ക്ക് സാധിക്കാതെ വരും. നൈസര്‍ഗ്ഗിക വാസനയുടെ വെളിച്ചത്തില്‍ അയാളത് ഒരു സൃഷ്ടിയായി ആവിഷ്കരിക്കാന്‍ അയാള്‍ ശ്രമിക്കും.

ജീവിതമെന്ന പൊതുധാരയിലെ കണ്ണികളാണ് എഴുത്തുകാരനും സമൂഹവും. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ വ്യാപരിക്കുന്ന സര്‍ഗ്ഗശക്തി സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ കണ്‍ തുറന്ന് സത്യം കാണാന്‍ ശ്രമിക്കുന്നു. അതിന്റെ ഫലമായി, അനുഭവങ്ങളുടെ പ്രശാന്തവും കലാപരവുമായ ആവിഷ്കാരം സൃഷ്ടിയായി പുറത്തു വരുന്നു.

എഴുത്തുകാരന്റെ സൃഷ്ടിക്ക് പ്രചോദനമാവുന്ന അസംസ്കൃത വസ്തുക്കള്‍ അയാള്‍ക്ക് നല്‍കുന്നത് സമൂഹമാണ്. സാമൂഹികാനുഭവങ്ങളെ പരികല്‍പ്പിത ബിംബങ്ങള്‍ കൊണ്ട് എഴുത്തിലുട നീളം അയാള്‍ സൂചിപ്പിക്കുന്നു. എഴുത്തുകാരന്‍ കുത്തിക്കുറിക്കുന്ന പരികല്‍പ്പിത ബിംബങ്ങളെ വിശകലനം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു മുന്നില്‍ തെളിയുന്നത് ജീവിതത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങളാണ്. അങ്ങനെ എഴുത്തുകാരന്റെ വൈയക്തികാനുഭൂതി സാമൂഹികാനുഭൂതിയായി മാറുന്നു.

എഴുത്തുകാരന്‍ തന്റെ ഭാഷയിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ചിത്രീകരിക്കുന്നത് ജീവിത വ്യവസ്ഥിതിയെ തന്നെയെന്നു സ്പഷ്ടം. കൂടുതല്‍ മെച്ചപ്പെട്ട സമൂഹത്തെ സ്വപ്നം കാണുന്ന എഴുത്തുകാരന്‍, വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയില്‍ നിന്നും രക്ഷപ്പെടാന്‍ സാഹിത്യ സൃഷ്ടിയിലൂടെ ശ്രമിക്കുമ്പോള്‍ അത് സമൂഹത്തിനു ഗുണം ചെയ്യും. മെച്ചപ്പെട്ട ജീവിത ദര്‍ശനങ്ങള്‍ വാക്കുകള്‍ കൊണ്ട് കോറിയിടുന്ന എഴുത്തുകാരന്‍ യഥാര്‍ത്ഥത്തില്‍ കളവും ചതിയുമില്ലാത്ത, വിവേവചനങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തുന്നത്.

സമൂഹം കഷ്ടപ്പാടുകളില്‍ വെന്തെരിയുമ്പോള്‍ എഴുത്തുകാരന്‍ രചനയിലൂടെയാണ് അവയോട് പ്രതികരിക്കുന്നത്. താന്‍ കൂടി അംഗമായ സമൂഹം ദുരന്തങ്ങളെ നേരിടുമ്പോള്‍ എഴുത്തുകാരന്റെ മനസ്സ് അശാന്തവും നിദ്രാവിഹീനവുമായിരിക്കും. ഉച്ചനീചത്വങ്ങളുടെ രൂപ രേഖ തയ്യാറാക്കുക എന്നതിലുപരി ദേശസ്നേഹത്തിലൂന്നി നിന്നുകൊണ്ട് അധ:സ്ഥിതരുടെ ഉയര്‍ച്ചക്കായി എഴുത്തുകാരന് തൂലിക ചലിപ്പിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്.

രാജകാല ഘട്ടത്തിലെ പ്രജാ ചരിത്രം ഏടുകളില്‍ കണ്ടെത്തുക പ്രയാസം. പ്രജകള്‍ എന്ന വര്‍ഗ്ഗം പുറമ്പോക്ക് ഭൂമിയിലെ പ്രക്ഷുബ്ധമായ കടലാണ്. സാമൂഹിക വിഭവങ്ങള്‍ ഈ പുറമ്പോക്കുകള്‍ അറിഞ്ഞേ ഉണ്ടായിട്ടുള്ളൂവെങ്കിലും ചരിത്രരേഖകള്‍ അവരെ എന്നും ഭ്രഷ്ടാക്കിയിരുന്നു. സവര്‍ണ്ണാധിപത്യത്തിന്റെ ശകാരങ്ങള്‍ക്കും പീഢനങ്ങള്‍ക്കും പാത്രവുമായിരുന്നു അവര്‍. അവരുടെ ചരിത്രം രേഖകളിലാവുന്നതും കലാസൃഷ്ടികളില്‍ കടന്നു വരുന്നതും സവര്‍ണ്ണ മേല്‍ക്കോയ്മക്ക് അതൃപ്തിയുളവാക്കിയിരുന്നു.

രാജാധിപത്യത്തിന്റേയും വര്‍ണ്ണാധിപത്യത്തിന്റേയും പ്രക്ഷുബ്ധിയേയും ദുരന്തങ്ങളേയും ആസക്തിയേയും തന്റെ ധ്യാന ചിന്തകൊണ്ട് ചിട്ടപ്പെടുത്തി താന്‍ തെരഞ്ഞെടുക്കുന്ന ദാര്‍ശനിക സത്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് എഴുത്തുകാരന്‍ രചനയുടെ അനന്തതയിലേക്ക് പോകുമ്പോള്‍ അതിനു തടയിടാന്‍ കറുത്ത നൂറ്റാണ്ടുകളുടെ ബാക്കിപത്രങ്ങളായ വൈതാളികര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറുന്നു. കാരണം വിലക്കപ്പെട്ട ചരിത്രം, എഴുതപ്പെടാത്ത ചരിത്രം ഇവയുടെ സൃഷ്ടിയെ അവര്‍ വെറുക്കുന്നു, ഭയപ്പെടുന്നു.

പുറമ്പോക്കിലെ പ്രജകളുടെ ചരിത്രത്തെ മറ്റ് മാധ്യമങ്ങളില്‍ നിന്നും തുടച്ചു നീക്കാന്‍ വൈതാളിക കൂട്ടം ഒരുമ്പെട്ടപ്പോള്‍ സമൂഹം പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുകയാണുണ്ടായത്. ആ തോല്‍‌വിയുടെ രുചിയറിഞ്ഞവര്‍ തല്‍ക്കാലം രംഗം വിട്ടുവെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവസരം കിട്ടുമ്പോള്‍ പാഠ പുസ്തക സെന്‍സറിംഗ് രൂപത്തില്‍ തലനീട്ടുന്നുണ്ട്.

എഴുത്തുകാരന്റെ ആശയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, എതിര്‍പ്പുണ്ടെങ്കില്‍ ആശയപരമായി എതിര്‍ക്കാന്‍ കൂട്ടാക്കാത്ത വൈതാളികര്‍ എഴുത്തുകാരനെ വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍, ഇവരുടെ ഫാസിസ്റ്റ് മുഖം ദൃശ്യവത്ക്കരിക്കപ്പെടുന്നു. വൈതാളിക അസ്തിത്വം പുറത്തായി കഴിയുമ്പോള്‍ അതിനെ മറയ്ക്കാന്‍ ഇവര്‍ക്കാശ്വാസമാവുന്നത് സദാചാര സംരക്ഷകരുടെ മുഖംമൂടിയാണ്.

“സമകാലീന സംഭവങ്ങളോട്‌ ജീവിത യാഥാർത്ഥ്യങ്ങളോട്‌ ലോകത്തോട്‌ തന്നെയും സത്യസന്ധമായി സംവേദിക്കാൻ യോജിക്കാൻ വിയോജിക്കാൻ ബ്ലോഗ്‌ മാദ്ധ്യമത്തിൽ ഇടമില്ലാതാവുകയാണോ?...” -

ഇത്തരം ചോദ്യങ്ങളും , അവയ്ക്കു പിന്നിലെ കൂട്ടായ്മകള്‍ക്കും ചോദന പകരാന്‍ ഈ മുഖം‌മൂടി സംഘങ്ങള്‍ കാരണമാവുന്നു....

എന്തുകൊണ്ടെന്നാല്‍...

അവര്‍ അറിയുന്നില്ല,

അവര്‍ റബ്ബര്‍ പാലുകൊണ്ടാണ് അമ്പലം പണിയുന്നതെന്ന് !!!!!!

Wednesday, March 4, 2009

സൈബര്‍ കേസ് പത്രങ്ങളില്‍

ബ്ലോഗര്‍ ചിത്രകാരനെതിരെ ഉണ്ടായ സൈബര്‍ കേസുമായി ബന്ധപ്പെട്ട് മംഗളം, തേജസ് എന്നീ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ കാണുക....








ഇമേജുകളില്‍ ക്ലിക്കി വായിക്കുക.....