Wednesday, September 30, 2009

കറുത്ത പണം: ഇൻഡ്യ ഒന്നാമത്

ബ്ലാക്ക് മണിയുടെ ചാമ്പ്യൻ ഇൻഡ്യ; സ്വിസ് ബാങ്കിലുള്ളത് 70 ലക്ഷം കോടി രൂപ

ബ്ലാക്ക് മണിയുടെ കാര്യത്തിൽ ഇൻഡ്യ തന്നെ ചാമ്പ്യൻ! 70 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇൻഡ്യക്കാർക്ക് സ്വിസ് ബാങ്കിലുള്ളത്. 180 രാജ്യങ്ങളിൽ ഇൻഡ്യ ഒന്നാമനായി.


വിദേശ കടം 13 പ്രാവശ്യം തിരിച്ചടയ്ക്കാൻ ഈ തുകകൊണ്ടു കഴിയും. ഇതിന്റെ പലിശ മാത്രം മതി പ്രതിവർഷ ബജറ്റിന്. ഇതു ലഭിച്ചാൽ ജനങ്ങൾക്ക് നികുതി നൽകേണ്ടി വരില്ല എന്നു മാത്രമല്ല 45 കോടി ദരിദ്ര കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സൌജന്യമായി നൽകാനുമാകും.

സ്വിസ് ബാങ്കിൽ മാത്രം ഇത്രയും തുകയുള്ള സ്ഥാനത്ത് മറ്റ് 69 ബാങ്കുകളിലായി എത്ര സമ്പാദ്യമുണ്ടാകും?

തങ്ങളുടെ ബാങ്കുകളിലെ അക്കൌണ്ടുകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ നൽകാമെന്ന് സ്വിസ് സർക്കാർ ഇൻഡ്യൻ സർക്കാരിന് എഴുതിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇതത്ര ഗൌനിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇതേസമയം സ്വിസ് ബാങ്കുകളിലെ കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരുമെന്നു സർക്കാർ പാർലമെന്റിൽ ഉറപ്പു നൽകിയിട്ടുമുണ്ട്. ഇൻഡ്യയും സ്വിറ്റ്‌സർലൻഡും തമ്മിൽ ഡിസംബറിൽ നടക്കുന്ന ചർച്ചയിൽ ഇതുസംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് നികുതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സ്വിസ് ബാങ്കുകൾ. സ്വിസ് അക്കൌണ്ടുകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

സ്വിസ് ബാങ്കിലെ 4450 ഇടപാടുകാരുടെ നിക്ഷേപ വിശദാംശങ്ങൾ അന്വേഷിക്കാൻ സ്വിറ്റ്‌സർലൻഡ് അമേരിക്കയെ അനുവദിച്ചിരുന്നു. നികുതി വെട്ടിപ്പുകാരെ കണ്ടെത്താനായിരുന്നു ഇത്. മറ്റ് രാജ്യങ്ങളും ഇതേ ആവശ്യവുമായി രംഗത്തെത്തിയ സ്ഥാനത്താണ് സ്വിസ് ബാങ്കേഴ്സ് അസോസിയേഷൻ പുനർ വിചിന്തനത്തിന് തയ്യാറായിരിക്കുന്നത്.

രാജ്യത്തെ കള്ളപ്പണക്കാർക്ക് ഇതോടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒരുമയുള്ളവരാണ്. കള്ളപ്പണക്കാർ എല്ലാ പാർട്ടികളിലും ഉണ്ടെന്നതുതന്നെ കാരണം.


വാർത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം(30/09/2009)