തിരുവിതാംകൂറില്‍ ദേവദാസികള് വളരെ മുന്നാക്ക രീതിയിലുള്ള സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്. എല്ലാ ജീവിതാവശ്യങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവുള്ള വ്യക്തികളോട് മാത്രമേ തിരുവിതാംകൂറിലെ ദേവദാസികള്‍ ലൈംഗിക വ്യാപാരത്തിനു തുനിഞ്ഞുള്ളു. തിരഞ്ഞെടുക്കുന്ന വ്യക്തികളെ വര്‍ഷം തോറും കൈമാറാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഉത്സവനാളുകളിലാണ് ഈ കൈമാറ്റം നടന്നിരുന്നത്. വിവാഹിതരും അവിവാഹിതരുമായ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദേവദാസികള്‍ക്ക് തിരുവിതാംകൂറില്‍ അനുവാദം നല്‍കിയിരുന്നു. വേശ്യാവൃത്തിയെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്ന തിരുവിതാംകൂറില്‍ ആ കാലത്ത് സ്ത്രീ പുരുഷ ബന്ധത്തെപ്പറ്റിയുണ്ടായിരുന്ന ധാരണ വിചിത്രവും വികലവുമായിരുന്നു എന്നേ പറയാനാവൂ. അന്നത്തെ സാമൂഹിക ക്രമത്തില്‍ അത്തരം ബന്ധങ്ങള്‍ സാധുവായിരുന്നു.
ദേവദാസീ സമ്പ്രദായം നിലനിന്നിരുന്ന തിരുവിതാംകൂറില്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ലാസ്യ നൃത്തം ചവിട്ടാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നു. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഗതി തിരിച്ചു വിടുന്നതില്‍ ദേവദാസികള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ദേവദാസി ബന്ധത്തിന്റെ പേരില്‍ ഭരണകാലത്ത് കാലിടറി വീണ രാജാക്കന്മാര്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഉണ്ട്. തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അനുവദിച്ചിരുന്നുവെങ്കിലും രാജാവുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ സ്വത്തവകാശത്തിലുള്ള കൈകടത്തിലില്‍ നിന്നും ദേവദാസികളെ അകറ്റി നിര്‍ത്താന്‍ രാജവംശത്തിനു മടിയുണ്ടായിരുന്നില്ല.
തിരുവിതാംകൂറില്‍ ദേവദാസി ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ രാമവര്‍മ്മ രാജാവായിരുന്നു (ഭരണകാലം 1721-1729). രാമവര്‍മ്മ രാജാവ് ഭാര്യയായി സ്വീകരിച്ചിരുന്ന ഒരു ദേവദാസി സ്ത്രീയുടെ മക്കളാണ് പിന്നീട് രാജ്യാവകാശം ആവശ്യപ്പെട്ട് മുന്നോട്ട് വന്ന പപ്പുത്തമ്പിയും രാമന്‍തമ്പിയും. ഇവരുടെ അവകാശ വാദങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ പിന്നീട് ഭരണത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മ തയ്യാറായില്ല. എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ അവര്‍ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ നടത്തിയ കരുനീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശൂദ്രസ്ത്രീകള്‍ക്ക് വസ്ത്രം കൊടുത്ത് പാര്‍പ്പിക്കുന്നതല്ലാതെ വിവാഹം കഴിക്കുക പതിവില്ലെന്നും ആ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക് ചെലവിനു കൊടുത്തു പാര്‍പ്പിച്ചു വരുന്നതല്ലാതെ അവര്‍ക്ക് രാജ്യാവകാശത്തിനു അര്‍ഹരല്ലെന്നുമുള്ള പാരമ്പര്യ കീഴ്വഴക്കത്തെ ചൂണ്ടിക്കാട്ടിയാണ് മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ അകറ്റിയത്.
രാമവര്‍മ്മയുടെ മക്കളായ പപ്പുത്തമ്പിയും രാമന്‍ തമ്പിയും എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ ഒളിപ്പോര്‍ തുടര്‍ന്നു. അവസാനം 1730ല്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ വധിക്കുകയും എട്ടുവീട്ടില്‍പിള്ളമാരെ തൂക്കിലേറ്റുകയും ചെയ്തു. എട്ടുവീട്ടില്‍പിള്ളമാരുടെ കുടുംബങ്ങള്‍ കുളംതോണ്ടിയതിനുള്ള തെളിവായി ഇന്നും തക്കലക്ക് സമീപത്തെ പത്മനാഭപുരം കൊട്ടാരത്തിനു പുറത്ത് തെക്കെകൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.
തെക്കെകൊട്ടാരത്തിന്റെ പൂമുഖം
മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളംകോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.
ദേവദാസീ ബന്ധത്തിന്റെ പേരില്‍ പ്രായോഗിക ഭരണത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്ന മറ്റൊരാള്‍ സ്വാതിരുനാളാണ്. രാമവര്‍മ്മയുടേതെന്ന പോലെ സ്വാതിതിരുനാളിന്റെ ദേവദാസി ബന്ധവും തിരുവിതാംകൂര്‍ സിംഹാസനത്തെ പിടിച്ചുലച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍ പിന്നെയും നൂറ്റാണ്ടുകളോളം ദേവദാസികള്‍ ആധിപത്യം പുലര്‍ത്തി. 1931ല്‍ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം നിരോധിക്കുന്നതുവരേയും അധികാരത്തിന്റെ ഇടനാഴികളിലെ ദേവദാസികളുടെ ലാസ്യനൃത്തം അനസ്യൂതം തുടര്‍ന്നിരുന്നു.
അധികവായനക്ക് : പ്രബന്ധ മഞ്ജരി - എം ആര്‍ ബാലകൃഷ്ണ വാര്യര്‍
കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍ - എം ജി എസ് നാരായണന്‍
ദേവദാസികള്‍ - ടി കെ ഡി മുഴപ്പിലങ്ങാട്
മലയാളസാഹിത്യചരിത്രം - പി കെ പരമേശ്വരന്‍ നായര്‍
Dissertation on the Malayalam Language; Indian Antiquary - F W Ellis
ജാതിവ്യവസ്ഥയും കേരളചരിത്രവും - പി കെ ബാലകൃഷ്ണന്‍.
Saturday, August 8, 2009
Monday, August 3, 2009
ചാണക്യന്റെ അന്ത്യം
മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍ ചന്ദ്രഗുപ്തനു പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യന്റെ അവസാന കാല ജീവിതത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
മഗധം ഭരിച്ചിരുന്ന നന്ദരാജ വംശത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത ചന്ദ്രഗുപ്ത മൌര്യന്റെ പടയോട്ടം അതിവിസ്തൃതമായ മൌര്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലാണ് അവസാനിച്ചത്. സാമ്രാജ്യ രൂപീകരണത്തില്‍ തന്റെ ശക്തിയും ബുദ്ധിയുമായി പ്രവര്‍ത്തിച്ചിരുന്ന ചാണക്യനെ ചന്ദ്രഗുപ്ത മൌര്യന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ചക്രവര്‍ത്തിയുടെ ശത്രുക്കളുടെ നീക്കത്തില്‍ സദാ ജാഗരൂകനായിരുന്ന ചാണക്യന്‍ ഒരു നിഴല്‍പോലെ ചന്ദ്രഗുപ്തനു പിന്നില്‍ എപ്പോഴും ഉണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ ദൈനംദിന കാര്യങ്ങളില്‍ പ്രധാനമന്ത്രി വളരെ ജാഗ്രതയോടെ ഇടപെട്ടിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ചന്ദ്രഗുപ്തനെ ആഹാരം കഴിക്കാന്‍ ചാണക്യന്‍ അനുവദിച്ചിരുന്നുള്ളൂ. തന്നെയുമല്ല ഏതെങ്കിലും കാരണവശാല്‍ ഉള്ളില്‍ വിഷം ചെന്നാല്‍ തന്നെയും അതില്‍ നിന്നും ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഒരു ഉപായവും നടപ്പാക്കിയിരുന്നു.
ചന്ദ്രഗുപ്തനു കഴിക്കാന്‍ നല്‍കിയിരുന്ന ആഹാരത്തില്‍ ചാണക്യന്‍ ചെറിയ മാത്രയില്‍ വിഷം കലര്‍ത്തിയാണ് നല്‍കിയിരുന്നത്. ഈ പ്രയോഗം ചക്രവര്‍ത്തിയുടെ അറിവോടെ തന്നെയാണ് പ്രധാനമന്ത്രി ചെയ്തിരുന്നത്. നിത്യേന ചെറിയ മാത്ര അളവില്‍ വിഷം കഴിച്ചാല്‍ ആ വിഷത്തിനെതിരെ ശരീരം പ്രതിരോധ ശക്തിയുണ്ടാക്കുമെന്നും പിന്നീട് വല്യ തോതില്‍ വിഷം അകത്തു ചെന്നാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കിയെടുത്ത പ്രതിരോധ ശക്തി കാരണം ഫലിക്കാതെ പോകുമെന്നുമായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍.
ഇത് തുടര്‍ന്നു വരുന്നതിനിടയില്‍ ഒരു നാള്‍ ചന്ദ്രഗുപ്തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ, ദുര്‍ധ ചക്രവര്‍ത്തിക്ക് കഴിക്കാനുണ്ടാക്കി വച്ചിരുന്ന വിഷലിപ്തമായ ആഹാരം അബദ്ധത്തില്‍ കഴിക്കാനിടയായി. വിഷം തീണ്ടി ദുര്‍ധ മരിച്ചു. ദുര്‍ധയുടെ മരണമറിഞ്ഞ ചാണക്യന്‍ ഉടന്‍ തന്നെ കൊട്ടാര വൈദ്യന്മാരെ വരുത്തി അവരുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ഉടന്‍ ചെയ്താല്‍ കുഞ്ഞിനു വിഷം തീണ്ടുന്നതിനു മുന്‍പായി രക്ഷിക്കാമെന്നായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍. അത് ശരിയുമായിരുന്നു, നാമ മാത്രമായ അളവില്‍ വിഷം ഉള്ളില്‍ കടന്നുവെങ്കിലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതില്‍ ചാണക്യന്‍ വിജയിച്ചു. ഒരു തുള്ളി (ബിന്ദു) വിഷം ഉള്ളില്‍ കടന്ന നിലയില്‍ ജീവനോടെ കിട്ടിയ ആ കുഞ്ഞിനു ചാണക്യന്‍ ബിന്ദുസാരന്‍ എന്ന പേര്‍ നല്‍കി.
കാലം കടന്നു പോയി....നാട്ടില്‍ അതിരൂക്ഷമായ ക്ഷാമം കൊണ്ട് ജനം പൊറുതിമുട്ടി. രാജ്യത്തെ ക്ഷാമക്കെടുതികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ചന്ദ്രഗുപ്തന്‍ രാജ്യഭാരം മകന്‍ ബിന്ദുസാരനെ ഏല്‍പ്പിച്ചിട്ട് ജൈനമതം സ്വീകരിച്ച് രാജ്യത്തു നിന്നും പലായനം ചെയ്തു.
രാജ്യഭാരം ഏറ്റെടുത്ത ബിന്ദുസാരന്‍, അച്ഛന്റെ വലം കയ്യായിരുന്ന ചാണക്യനെ തന്നെ പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു. എന്നാല്‍ ബിന്ദുസാരന്റെ സഭയിലെ മറ്റൊരു മന്ത്രിയായിരുന്ന സുബന്ധുവിനു ചാണക്യന്റെ പ്രധാനമന്ത്രി പദവിയില്‍ നോട്ടമുണ്ടായിരുന്നു. ചാണക്യനെ മനസാ വെറുത്തിരുന്ന സുബന്ധു അദ്ദേഹത്തെ എന്ത് തന്ത്രം പ്രയോഗിച്ചും രാജാവില്‍ നിന്നും അകറ്റാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞിരുന്നു. ഒരു അവസരം വീണുകിട്ടിയപ്പോള്‍ ബിന്ധുസാരന്റെ മാതാവ് മരണപ്പെടാന്‍ കാരണക്കാരന്‍ ചാണക്യനാണെന്ന് രാജാവിനെ ധരിപ്പിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന രാജ്ഞിയുടെ വയറു പിളര്‍ന്ന കഥ സുബന്ധു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ബിന്ദുസാരനു മുന്നില്‍ അവതരിപ്പിച്ചു. ഈ ഏഷണിയില്‍ വീണ ബിന്ദുസാരന്‍ കോപിഷ്ടനായി.
സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ദു:ഖിതനായ ചാണക്യന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ തന്റേതായിട്ടുള്ള സകല സ്വത്തുക്കളും പാവങ്ങള്‍ക്ക് ദാനം ചെയ്ത ശേഷം മരണം വരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ടു. രാജ്യാതിര്‍ത്തിക്കു പുറത്ത് ചാണക വറളികളാല്‍ ഉണ്ടാക്കിയ ഒരു കൂമ്പാരത്തില്‍ ചാണക്യന്‍ നിരാഹാരം അനുഷ്ടിക്കാന്‍ തുടങ്ങി.
ഇതിനിടെ കൊട്ടാര വൈദ്യന്മാരില്‍ നിന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ബിന്ദുസാരന്‍ പശ്ചാത്താപ വിവശനായി നിരഹാര വേദിയിലെത്തി ചാണക്യനോട് മാപ്പപേക്ഷിച്ച് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷെ ചാണക്യന്‍ അതിനു കൂട്ടാക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്, നിരാഹാരം തുടര്‍ന്നു. ദൌത്യം പരാജയപ്പെട്ട ബിന്ദുസാരന്റെ കോപം മുഴുവന്‍ സുബന്ധുവിനോടായി. കൊട്ടാരത്തില്‍ തിരിച്ചെത്തിയ ബിന്ദുസാരന്‍, സുബന്ധുവിനെ വിളിപ്പിച്ച് എത്രയും വേഗം മാപ്പപേക്ഷിച്ച് ചാണക്യനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുവാന്‍ ആജ്ഞാപിച്ചു. ആജ്ഞ നടപ്പാക്കിയില്ലെങ്കില്‍ സുബന്ധുവിനെ വധിക്കാനും ഉത്തരവിട്ടു.
ചാണക്യന്റെ കൊട്ടാരത്തിലേക്കുള്ള തിരിച്ചു വരവ് ഇഷ്ടപ്പെടാത്ത സുബന്ധു ഏത് വിധത്തിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി സുബന്ധു കരു നീക്കം ആരംഭിച്ചു. ചാണക്യന്‍ തിരിച്ചു വരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വന്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കണമെന്നും സുബന്ധു, ബിന്ദുസാരനെ ധരിപ്പിച്ചു. തുടര്‍ന്ന് രാജ്യം ചാണക്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. ഈ അവസരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണക്യന്റെ നിരാഹാര വേദിയിലെത്തിയ സുബന്ധു ഒരു തീപ്പന്തം പര്‍ണ്ണശാലക്ക് നേരെ എറിഞ്ഞു. ചാണക വറളികൂനയില്‍ ധ്യാനനിമഗ്നനായിരുന്ന ചാണക്യന് അപകടം കണ്ടറിയാന്‍ സാധിച്ചില്ല. ചാണക വറളി കൂന തീപിടിച്ച് ആളിക്കത്താന്‍ തുടങ്ങി. നീണ്ട നാളത്തെ നിരഹാര വ്രതത്താല്‍ ക്ഷീണിതനായിരുന്ന ചാണക്യന് അഗ്നിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. മൌര്യ സാമ്രാജ്യത്തിന്റെ മഹാമന്ത്രിയായിരുന്ന ചാണക്യന്‍ അങ്ങനെ അഗ്നിയില്‍ വെന്ത് വെണ്ണീറായി.
ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ചാണക്യന്റെ തന്നെ തന്ത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതില്‍ സുബന്ധു വിജയിച്ചു.!!!!!
മൌര്യ സാമ്രാജ്യം സ്ഥാപിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രവും അര്‍ത്ഥശാസ്ത്രത്തിന്റെ സ്രഷ്ടാവുമായ ചാണക്യന്റെ അന്ത്യത്തെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ വെറുമൊരു കഥയാണെന്ന അഭിപ്രായം ചില ചരിത്രകാരന്മാര്‍ക്കുണ്ട്.
എഴുതപ്പെടാത്ത ചരിത്രത്തിനായി നമുക്ക് കാതോര്‍ക്കാം.....
വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്: ഗൂഗിള്‍
Subscribe to:
Posts (Atom)