താത്രിക്കുട്ടിയെ അറിയില്ലെ? കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്തു താത്രി എന്ന താത്രിക്കുട്ടിയെ!
പുരുഷന്റെ മൃഗീയതയ്ക്ക് വഴങ്ങിയതിന് സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റ വിചാരണയ്ക്ക് മുന്നില്‍ അടിപതറാതെ സ്മാര്‍ത്തനെ വെള്ളം കുടിപ്പിച്ച അന്തര്‍ജനം. താന്‍ നിരപരാധിയെന്ന് വാദിക്കാനല്ല മറിച്ച് താനുമായി ബന്ധപ്പെട്ട പുരുഷന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്താനാണ് താത്രി സ്മാര്‍ത്ത വിചാര വേളയില്‍ ശ്രമിച്ചത്. സ്മാര്‍ത്ത വിചാരമെന്ന മിഥ്യാചാരത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടിയ സംഭവമായിരുന്നു അത്. സ്മാര്‍ത്ത വിചാരം പോലുള്ള ക്രൂരവും നികൃഷ്ടവുമായ ഏകപക്ഷീയ കുറ്റവിചാരണകള്‍ കൊണ്ട് നമ്പൂതിരി സമുദായം സ്ത്രീകളുടെ മനസിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചു. എന്നാല്‍ വിചാരണയ്ക്ക് വിധേയയായി കുറ്റം തെളിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന അതിക്രൂര ശിക്ഷണ നടപടികള്‍ക്ക് നമ്പൂതിരി സ്ത്രീകളെ വിലക്കുകള്‍ക്കകത്ത് തളച്ചിടാന്‍ കഴിഞ്ഞില്ല. അവര്‍ വിലക്കുകള്‍ ലംഘിക്കുക തന്നെ ചെയ്തു. സ്മാര്‍ത്ത വിചാരമെന്ന പുരുഷ കല്പിത ആചാരത്തിന്റെ ചരിത്രം അതാണ് വെളിവാക്കുന്നത്.
സ്ത്രീകളുടെ ലൈംഗിക മാനസിക വികാരങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത സമൂഹത്തില്‍, പുരുഷ ലൈംഗികത മേല്‍ക്കോയ്മ കാണിച്ചപ്പോള്‍ സ്മാര്‍ത്തന്‍മാരുടെ ജനനമായി. മറയ്ക്കുടക്കുള്ളിലെ മഹാനരകം എന്നാണ് അക്കാലത്തെ നമ്പൂതിരി സ്ത്രീകളുടെ ജീവിതാവസ്ഥയെ വിശേഷിപ്പിച്ചിട്ടുള്ളത്. മലബാര്‍-കൊച്ചി-തിരുവിതാംകൂര്‍ മേഖലകളായാണ് സ്വയം ഭരണമെങ്കിലും ആചാരരീതികള്‍ പൊതുവിലായിരുന്നു. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിട്ടുണ്ട്. എല്ലായിടത്തും ആചാരരീതികള്‍ ഒന്നായിരുന്നു. ഈ ദു:ഷിച്ച ആചാരം നിലനിര്‍ത്തുന്നതില്‍ പുരുഷാധിപത്യം അത്ര കണ്ട് ജാഗരൂകരായിരുന്നു. ഒരു വശത്ത് ഒരു തത്വദീക്ഷയുമില്ലാതെ നമ്പൂതിരി കല്യാണങ്ങള്‍ അരങ്ങേറിയപ്പോള്‍ മറുവശത്ത് അതികര്‍ക്കശമായ ചാരിത്ര്യ സംരക്ഷണത്തിന്റെ പേരിലുള്ള ആചാരങ്ങളാണ് അരങ്ങേറിയത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് ജാതീയമായ ഉച്ചനീചത്വങ്ങളും അരങ്ങു തകര്‍ത്ത് വാണിരുന്ന കാലത്ത് ഇല്ലങ്ങളില്‍ നിന്നും പുറത്തിറങ്ങിയ അഫന്‍ നമ്പൂതിരിമാര്‍ കീഴ്ജാതിക്കാരായ സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. ഇതിനെതിരെ ഒരു സ്മാര്‍ത്തനും ചുണ്ടനക്കിയില്ല. പുരുഷന്‍മാര്‍ അന്യസമുദായത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിച്ച പോലെ അന്യസമുദായത്തിലെ പുരുഷന്‍മാരെ ഭര്‍ത്താവായി വരിക്കാന്‍ നമ്പൂതിരി സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.
നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിവയായിരുന്നു സ്മാര്‍ത്ത വിചാരത്തിന് ആധാരമായ കുറ്റങ്ങള്‍. ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ ഒരു നമ്പൂതിരി ഗൃഹത്തില്‍ 36 വര്‍ഷം നീണ്ട സ്മാര്‍ത്ത വിചാരം നടക്കുകയുണ്ടായത്രെ. ദോഷശങ്ക എന്ന കുറ്റം അരോപിച്ച് തുടങ്ങിയ വിചാരണയില്‍ അവസാനം അന്തര്‍ജനം കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി! പക്ഷെ എന്ത് ഫലം പതിവ്രതയായ ആ അന്തര്‍ജനത്തിന്റെ യൌവ്വനകാലം മുഴുവന്‍ ഇരുളടഞ്ഞ അഞ്ചാംപുരയില്‍ കഴിച്ച് കൂട്ടേണ്ടി വന്നു. മലബാറില്‍ സ്മാര്‍ത്ത വിചാരത്തിനുള്ള സ്മാര്‍ത്തനെയും മറ്റുള്ളവരെയും നിശ്ചയിക്കേണ്ട അധികാരം രാജാവായ സാമൂതിരിക്കായിരുന്നു. 1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ അറുപതോളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നതായി സാമൂതിരി രേഖകള്‍ വ്യക്തമാക്കുന്നു.
സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റവിചാരണയെ സധൈര്യം നേരിട്ട് പൊള്ളയായ സമുദായാചാരങ്ങള്‍ക്ക് നേരെ വെല്ലുവിളി നടത്തിയ അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി. കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച, ശ്രദ്ധേയമായ ആ സ്മാര്‍ത്ത വിചാരം നടന്നത് 1905നാണ്. സ്മാര്‍ത്തനു മുന്നില്‍ തന്റെ നിരപരാധിത്വം വിളമ്പുന്നതിന് പകരം താനുമായി ബന്ധപ്പെട്ട പുരുഷകേസരികളുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് താത്രിക്കുട്ടി വിപ്ലവത്തിന് തിരികൊളുത്തിയത്. പത്തിനും എഴുപതിനും ഇടയില്‍ പ്രായമുള്ള അറുപത്തിനാല് പുരുഷന്‍മാരുടെ പേരുകള്‍ താത്രി വിളിച്ചു പറഞ്ഞു. അക്കാലത്തെ പ്രശസ്തരായ ഭരണകര്‍ത്താക്കള്‍, കവികള്‍, കഥകളി നടന്‍മാര്‍, ഗായകര്‍ ഇങ്ങനെ വിവിധ നിലകളില്‍ പ്രശസ്തരും പ്രഗല്‍ഭരുമായവരൊക്കെ താത്രിയുടെ ദോഷത്തിന് കാരണക്കാരായിരുന്നു. താത്രിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ അറുപത്തിനാലുപേരെയും സമുദായത്തിന് പുറത്താക്കാന്‍ തീരുമാനമുണ്ടായി. താത്രിയെ നാടുകടത്തുകയും ചെയ്തു. പാലാക്കാടു വഴി പോത്തന്നൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ താത്രിയെ റെയില്‍വെ ഉദ്യോഗസ്ഥനായ ഒരു ക്രിസ്ത്യന്‍ യുവാവ് സ്വീകരിച്ചു എന്ന് പറയപ്പെടുന്നു.
എന്താണ് സ്മാര്‍ത്ത വിചാരം
ഒരു നമ്പൂതിരി സ്ത്രീക്ക് ചാരിത്ര്യഭംഗമുണ്ടായതായി ആരോപണമുണ്ടായാല്‍ നടത്തുന്ന കുറ്റവിചാരണ ചടങ്ങാണ് സ്മാര്‍ത്ത വിചാരം. ആരോപണമുണ്ടായാല്‍ അതേപ്പറ്റി ദാസികള്‍ മുഖേനം അന്വേഷണം നടത്തും. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വന്നാല്‍ സ്മാര്‍ത്ത വിചാരത്തിനുള്ള നടപടികള്‍ തുടങ്ങുകയായി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ആ സ്ത്രീയെ ഭ്രഷ്ട് കല്പിച്ച് ഇല്ലത്തു നിന്നും, സമുദായത്തില്‍നിന്നും, നാട്ടില്‍നിന്നും പുറത്താക്കും. ആ അന്തര്‍ജനം മരിച്ചതായി കണക്കാക്കി ഉദകക്രിയകള്‍ നടത്തും. ആ സ്ത്രീയോട് ലൈംഗികബന്ധം പുലര്‍ത്തിയ പുരുഷനെയും ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തും. അവിവാഹിതകളും വിവാഹിതകളുമായ അന്തര്‍ജനങ്ങള്‍ ഈ ആചാരത്തിന് വിധേയരായിട്ടുണ്ട്.
സ്മാര്‍ത്ത വിചാരത്തിന് ആറ് ഘട്ടങ്ങളുണ്ട്. ദാസീ വിചാരം, അഞ്ചാംപുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിശ്ഛേദം, ശുദ്ധഭോജനം. ഈ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ എടുക്കും.
ഒരു അന്തര്‍ജനത്തെക്കുറിച്ച് എന്തെങ്കിലും അപവാദം ഉണ്ടായാല്‍ ദാസിമാരോട് തിരക്കി നിജസ്ഥിതി അറിയുന്നതാണ് ദാസീവിചാരം. പ്രഥമദൃഷ്ട്യാ കുറ്റം ഉണ്ടെന്ന് കണ്ടാല്‍ ആ അന്തര്‍ജനത്തെ പിന്നീട് ‘സാധനം’ എന്നേ വിളിക്കൂ! ഒരു മനുഷ്യ സ്ത്രീയായി പിന്നെ കണക്കാക്കില്ല. സാധനത്തെ പിന്നെ അഞ്ചാംപുരയിലാണ് ഏകാന്തവാസത്തിന് അയയ്ക്കുക. കുടുംബത്തിലേയോ സമുദായത്തിലേയോ രണ്ട് പേര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ച് സ്മാര്‍ത്ത വിചാരം നടത്തുന്നതിലേക്കുള്ള അപേക്ഷ നല്‍കുന്നു. രാജാവ് വൈദീകകാര്യങ്ങളില്‍ പ്രഗല്‍ഭനായ സ്മാര്‍ത്തന്‍, രണ്ട് മീമാംസകര്‍, ഒരു രാജപ്രതിനിധി എന്നിവരെ നടത്തിപ്പിലേക്കായി നിയമിക്കുന്നു. ‘സ്മാര്‍ത്തന്‍’, ‘പടച്ചോമാര്‍’ എന്ന രണ്ട് കുടുംബക്കാര്‍ക്ക് മാത്രമെ സ്മാര്‍ത്ത വിചാരം നടത്താന്‍ അധികാരമുള്ളൂ. വിചാരണ നടത്തി, സാധനം കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്നതും പിന്നീട് പടിയടച്ച് പിണ്ഡം വയ്ക്കുന്നതും വരെയുള്ള എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നത് ഇവരാണ്.
വിചാരണ സമയത്ത് നേരായ നടത്തിപ്പിന് നിയോഗിക്കുന്ന രാജപ്രതിനിധിയെ പുറക്കോവില്‍ എന്ന് പറയും. അതതു പ്രദേശത്തെ ഇല്ലത്തു നിന്നും ഒരാളെ അകക്കോവില്‍ എന്ന സ്ഥാനം കല്‍പ്പിച്ച് നിര്‍ത്തും. സ്മാര്‍ത്തന്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് ദാസി മുഖേന സാധനത്തെ അറിയിക്കും. ഈ സമയത്ത് അകക്കോവില്‍ നിഷ്പക്ഷനായിരിക്കും, സംസാരിക്കാന്‍ പാടില്ല. ഇയള്‍ തലയില്‍ ഒരു തോര്‍ത്തുമുണ്ട് ഇട്ടിരിക്കും. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ തെറ്റാണെങ്കില്‍ അകക്കോവില്‍ തോര്‍ത്ത് തറയിലിടും. കാര്യം മനസിലാക്കി സ്മാര്‍ത്തന്‍ തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കും.
വിചാരണക്കിടയില്‍ സ്ത്രീ കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം. ഈ സന്ദര്‍ഭത്തില്‍ താനുമായി ബന്ധപ്പെട്ട പുരുഷന്‍മാരുടെ പേരുകള്‍ സ്ത്രീക്ക് പറയാം. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം സ്മാര്‍ത്തന്‍ അതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിക്കും. ഇതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന്‍മാരുടെ പേരുവിവരം സ്മാര്‍ത്തനു പകരം ‘കുട്ടി’ എന്നു വിളിക്കപ്പെടുന്ന കുട്ടിപ്പട്ടരാണ് വിളിച്ചു പറയുക. കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ അരോപണ വിധേയരായ അന്തര്‍ജനത്തെയും ബന്ധപ്പെട്ട പുരുഷന്‍മാരെയും പുറത്താക്കി, മരിച്ചു പോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജനത്തിന്റെ കോലം ദര്‍ഭയിലുണ്ടാക്കി ദഹിപ്പിച്ച ശേഷമാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്നത്. ബന്ധുക്കളും ഉദകക്രിയയില്‍ പങ്കെടുക്കുന്നവരും പകല്‍ മുഴുവന്‍ പട്ടിണിയിരിക്കും. എല്ലാ ചടങ്ങിനും ഒടുവിലായി ഇല്ലത്ത് സദ്യ നടത്തും. ഈ ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ആളുകള്‍ പിരിഞ്ഞു പോകും. സ്മാര്‍ത്ത വിചാരത്തിലൂടെ ഇല്ലത്തു നിന്നും സമുദായത്തില്‍ നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട സ്ത്രീകള്‍ നടന്ന വഴി ചാണകം തളിച്ച് ശുദ്ധിവരുത്തും. പുറത്താക്കപെട്ട പുരുഷന്‍മാരില്‍ ഉപനയനം കഴിഞ്ഞവര്‍ ചാക്യാന്‍മാരുടെ കൂട്ടത്തിലും അല്ലാത്തവര്‍ നമ്പ്യാന്‍മാരുടെ കൂട്ടത്തിലും ചേരുന്നു.
ഇങ്ങനെ പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും എതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടിയ ഏക അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി........
Tuesday, July 29, 2008
Sunday, July 27, 2008
ഹിറ്റ്ലര്‍
ലോകം വിറപ്പിച്ച ഹിറ്റ്ലറെ പുനര്‍ജ്ജീവിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? എന്തിന് ഇപ്പൊ ഈ വേണ്ടാതീനമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ക്ലോണിങ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഹിറ്റ്ലറെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുമോ, അതായത് ഹിറ്റ്ലറുടെ ഒരു ക്ലോണ്‍ പതിപ്പ് സൃഷ്ടിച്ചെടുക്കാന്‍ ഭാവിയില്‍ കഴിയുമോ എന്നതാണ് വിഷയം. അതിവേഗത്തില്‍ വികാസം പ്രാപിക്കേണ്ട ഈ സാങ്കേതിക വിദ്യയെ മതങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി മിക്ക രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണ് കാണിക്കുന്നത്. മനുഷ്യ ക്ലോണിങിനെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നിയമനിര്‍മ്മാണം നടത്തി നിരോധിച്ചു കഴിഞ്ഞു. 1997ല്‍ കാലിഫോര്‍ണിയയാണ് ആദ്യമായി Reproductive Cloning നെയും Cloning to initiate pregnancy യെയും നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയത്. ഇതിന്റെ ചുവട് പിടിച്ച് 2001ല്‍ ജപ്പാനും മനുഷ്യ ക്ലോണിങ് നിരോധിക്കുകയുണ്ടായി. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ഇത് തന്നെ അനുവര്‍ത്തിക്കുകയാണ് ചെയ്തത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും തത്വത്തില്‍ മനുഷ്യ ക്ലോണിങിന് എതിരാണ്. എന്നാല്‍ ബ്രിട്ടന്‍ ഇത്തരം പരീക്ഷണങ്ങളെ പൂര്‍ണ്ണമായും നിരോധിച്ചില്ല പകരം കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് പരീക്ഷണങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ക്ലോണിങ്- അല്പം ചരിത്രം
ഡോളി എന്ന ചെമ്മരിയാടിലൂടെയാണ് ലോകം ആദ്യമായി ക്ലോണിങിനെക്കുറിച്ച് അറിയുന്നത്. 1996 ജൂലൈ 5ന് സ്കോട്‌ലണ്ടിലുള്ള റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു ക്ലോണിങിലൂടെയുള്ള ഡോളിയുടെ ജനനം. ഇയാന്‍ വില്‍മുട്ട് എന്ന ശാസ്ത്രജ്ഞനാണ് ക്ലോണിങ് നടത്തി വിജയിച്ചത്. പക്ഷെ ക്ലോണിങ് സാങ്കേതിക വിദ്യയിലൂടെ പിറന്ന ആദ്യ ജീവി കാര്‍പ്പ് എന്ന മത്സ്യമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷ്വാന്‍ഷാങ് സര്‍വ്വകലാശാലയിലെ ഗവേഷകനുമായിരുന്ന ടേങ് ഡിഷ്വാ ആണ് കാര്‍പ്പ് മത്സ്യത്തിന്റെ ആദ്യ ക്ലോണ്‍ പതിപ്പിന്റെ ഉപജ്ഞാതാവ്. ഈ വിവരങ്ങള്‍ യഥാസമയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാതിരുന്നതിനാല്‍ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോണിങാണ് മാഷ എന്ന ചുണ്ടെലി. ക്ലോണിങിലൂടെ പിറവിയെടുത്ത ആദ്യ സസ്തനി എന്ന വിശേഷം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്‍മാരായ ചായ്ലാഖ്യാന്‍, വെപ്രെന്‍സേവ്, സിപ്രിഡോവ എന്നിവരായിരുന്നു മാഷയുടെ ക്ലോണിങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ പരീക്ഷണങ്ങള്‍ വിവരങ്ങള്‍ വൈകി പുറംലോകത്ത് എത്തിയെങ്കിലും ക്ലോണിങിന്റെ ശരിയായ വിജയമെന്ന് ശാസ്ത്രലോകം അംഗീകരിച്ചത് ഡോളിയെയായിരുന്നു. പക്ഷെ 2003 ഫെബ്രുവരി 14 വരെയെ ഡോളിക്ക് ആയുസുണ്ടായുള്ളൂ. ഗുരുതരമായ ശ്വാസകോശ രോഗവും വാതരോഗവും കാരണം അവശനിലയിലായ ഡോളിക്ക് റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകര്‍ ദയാവധം നല്‍കി.
എന്താണ് ക്ലോണിങ്
ഒരേ ജനിതക ഘടനയുള്ള ജീവികളില്‍ നിന്ന് ലൈംഗീക ബന്ധവും ബീജസങ്കലനവും നടത്താതെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിനാണ് ക്ലോണിങ് അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്ന സാങ്കേതിക വിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുകയാണ് ആദ്യം ചെയ്യുക. ഇവയെ ഊസൈറ്റുകള്‍(oocytes) എന്ന് വിളിക്കുന്നു. ഇവയെ പരീക്ഷണശാലയില്‍ കൃത്രിമമായി വളര്‍ത്തുന്നു. വളര്‍ച്ച എത്തിയ അണ്ഡകോശങ്ങളില്‍ നിന്നും ക്രോമസോമുകളെ നീക്കം ചെയ്യുന്നു. മറ്റൊരു കോശത്തില്‍ നിന്നും എടുത്ത മര്‍മ്മത്തെ ഈ അണ്ഡകോശത്തിന്റെ ആവരണത്തിനുള്ളിലേക്ക് കടത്തുന്നു. വൈദ്യുത സ്പന്ദനത്തിലൂടെയാണ് പുതുതായുള്ള മര്‍മ്മത്തെ അണ്ഡകോശവുമായി കൂട്ടിച്ചേര്‍ക്കുക. കൂടിച്ചേര്‍ന്ന ഇവയെ വീണ്ടും കൃത്രിമമായി വളര്‍ത്തിയ ശേഷം ഒരു വളര്‍ത്ത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് സ്വാഭാവികമായി വളര്‍ത്തിയെടുക്കുന്നു. ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്.
എന്തിന് മനുഷ്യ ക്ലോണിങ്
ഇത്തരമൊരു സാങ്കേതിക വിദ്യകൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. വിത്തു കോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണ് മനുഷ്യ ക്ലൊണിങ് പരീക്ഷണങ്ങള്‍ നടത്തുന്നത്. അസ്ഥികള്‍, പേശികള്‍, കണ്ണുകള്‍, കരള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ഉതകുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്തു കോശങ്ങള്‍(stem cells) എന്ന് പറയുന്നത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, പ്രമേഹം, അര്‍ബുദം, തലച്ചോര്‍ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്ത് കോശങ്ങള്‍ സഹായിക്കും. രോഗം ബാധിച്ച് നശിച്ച ശരീര കലകളില്‍ വിത്ത് കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണ് വിത്ത് കോശ ചികിത്സ. ഇതിന് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്ത് കോശം ലഭ്യമാകണം. ഇവിടെയാണ് മനുഷ്യ ക്ലോണിങിന്റെ പ്രസക്തി. രോഗിയുടെ ഏതെങ്കിലും ശരീരകലകളില്‍ നിന്നും കോശം സ്വീകരിച്ച് ക്ലോണ്‍ ചെയ്ത് ഭ്രൂണമാക്കിമാറ്റിയാല്‍ അതില്‍ നിന്ന് രൂപം പ്രാപിക്കുന്ന വിത്ത് കോശം ചികിത്സക്കായി ഉപയോഗിക്കാം.
ക്ലോണിങിലൂടെ ഹിറ്റ്ലര്‍
ക്ലോണിങ് എന്ന സാങ്കേതിക വിദ്യ ശൈശവ ദശയിലാണ്. കാരണം ക്ലോണിങിലൂടെ ജനിച്ച മൃഗങ്ങള്‍ക്ക് ഇനിയും കണ്ടുപിടിക്കാനാവാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു. കൃത്രിമ പ്രജനന പ്രക്രിയയില്‍ ചില പിഴവുകള്‍ സംഭവിക്കുന്നതായും അത് ആന്തരിക അവയവങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുവെന്നും ഫ്രഞ്ച് നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ മോളിക്യൂലര്‍ സെല്‍ ബയോളജി ലബോറട്ടറി തലവന്‍ ഷീന്‍വാള്‍ റൊണാള്‍ഡിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് ഇയാന്‍ വില്‍മുട്ടിന്റെ ഡോളിക്ക് സംഭവിച്ച അപാകതകള്‍. ശ്വാസകോശത്തെയും നാഡീവ്യൂഹത്തെയും ബാധിച്ച അസുഖങ്ങളാണ് ഡോളിയുടെ ദയാവധത്തില്‍ കലാശിച്ചത്. ശാസ്ത്രലോകം ഭാവിയില്‍ ക്ലോണിങില്‍ വരുന്ന പാകപ്പിഴകള്‍ക്ക് പ്രതിവിധി കണ്ടെത്തി പൂര്‍ണ്ണമായ വിജയം ഈ മേഖലയില്‍ കൈവരിച്ചു എന്ന് തന്നെയിരിക്കട്ടെ. അപ്പോള്‍ പിന്നെ ഒരു പ്രയാസവും കൂടാതെ ഹിറ്റ്ലറെ പുനര്‍ജ്ജിവിപ്പിക്കാമല്ലോ! ഏതെങ്കിലും ശാസ്ത്രജ്ഞന്‍ ഹിറ്റ്ലറുടെ ഡി എന്‍ എ കണ്ടെത്തി ക്ലോണിങിലൂടെ ലോകം വിറപ്പിച്ചയാളെ പുനര്‍ജ്ജിവിപ്പിച്ചു എന്ന് തന്നെയിരിക്കട്ടെ, എന്ത് സംഭവിക്കും? അതൊരു അല്‍ഭുതമായി അവശേഷിക്കുകയെ ഉള്ളൂ! കാരണം തത്സമ ഹിറ്റലറെ പേടിക്കേണ്ട ഒരാവശ്യവുമില്ല, ഹിറ്റലറുടെ ക്ലോണ്‍ പതിപ്പിന് ലോകം വീണ്ടും വിറപ്പിക്കാന്‍ കഴിയില്ല തന്നെ. നിങ്ങള്‍ നിങ്ങളായതിനും ഞാന്‍ ഞാനായതിനും ഹിറ്റ്ലര്‍ ഹിറ്റലറായതിനും പിന്നില്‍ അവരവര്‍ ജീവിച്ച സാമൂഹിക ചുറ്റുപാടിന് വളരെയേറെ പ്രാധാന്യമുണ്ട്. ഹിറ്റ്ലറെ ഹിറ്റ്ലറാക്കിയത് അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹിക-സാമ്പത്തിക-രാക്ഷ്ട്രീയ ഘടകങ്ങളാണ്. ഹിറ്റ്ലറുടെ ക്ലോണ്‍ പതിപ്പിന് ഒരിക്കലും യഥാര്‍ത്ഥ ഹിറ്റ്ലറുടേതിന് സമമായ മാനസീകാവസ്ഥയും വിചാരവികാരങ്ങളും കൈവരില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ യഥാര്‍ത്ഥ ഹിറ്റ്ലര്‍ ജീവിച്ചിരുന്ന 1889-1945 കാലഘട്ടത്തിലെ സമൂഹിക-സാമ്പത്തിക-രാക്ഷ്ട്രീയ സ്ഥിതിഗതികളെ കൂടി പുനര്‍ജ്ജീവിപ്പിക്കേണ്ടി വരും. അതായത് ആ കാലഘട്ടത്തിലെ സമൂഹത്തെക്കൂടി ക്ലോണിങ് മുഖാന്തിരം പുനര്‍സൃഷ്ടിക്കേണ്ട ഭീമമായ ജോലികൂടി ശാസ്ത്രലോകം ഏറ്റെടുക്കേണ്ടി വരും. അത് കൊണ്ട് ശാസ്ത്രലോകമെ ധൈര്യമായി ഹിറ്റ്ലറെ പുനര്‍ജ്ജിവിപ്പിക്കൂ.... ഹിറ്റ്ലര്‍ ഇനി ലോകം വിറപ്പിക്കില്ല.......
ചിത്രം കടപ്പാട്: picscrazy.com
Friday, July 25, 2008
ദേവദാസി
ചരിത്രാരംഭം മുതല്‍ പുരോഹിതന്‍മാരുടെയും ഭരണാധികാരികളുടെയും അഭിലാഷങ്ങള്‍ക്കൊപ്പം ചുവട് വയ്ക്കുകയും വഴിയിലെവിടെയോ വച്ച് പുറന്തള്ളപ്പെടുകയും ചെയ്ത ഒരു വിഭാഗമാണ് ദേവദാസികള്‍. ദേവദാസി എന്നാല്‍ ദേവന്റെ ഭാര്യ എന്ന അര്‍ത്ഥമാണ് ആ വാക്കിലുള്ളതെങ്കിലും അവളൊരിക്കലും ദേവന്റെ ദാസിയായിരുന്നില്ല; മറിച്ച് പുരോഹിത-ഭരണവര്‍ഗ്ഗത്തിന്റെ ദാസിമാത്രമായിരുന്നു. ക്ഷേത്രഭിത്തികളിലും ചിത്രതൂണുകളിലും തുടങ്ങി കവികള്‍ ആ നര്‍ത്തകികളെ കവിതയില്‍ പകര്‍ത്തി. കലാകാരന്‍മാര്‍ അവരെ സ്വാശീകരിച്ച് ക്ഷേത്രചുമരുകളില്‍ രതിശില്പവും സാലഭഞ്ജികകളുമാക്കി മാറ്റി. ലോകത്തില്‍ ക്ഷേത്രങ്ങള്‍ നിലവിലുണ്ടായിരുന്ന മിക്ക സ്ഥലങ്ങളിലും ക്ഷേത്രോപജീവികളെന്ന നിലയില്‍ ദേവദാസികള്‍ പ്രത്യക്ഷപ്പെട്ടു. അധികാരകേന്ദ്രങ്ങളോട് ചേര്‍ന്ന് നിന്ന ഒരു സമൂഹമായിരുന്നു മുന്‍പ് ദേവദാസികള്‍. ദേവനും ദേവിയും അവരുടെ ആരാധനാലയങ്ങളും രൂപപ്പെട്ടതിന്റെ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വിശ്വാസത്തെ ഒരു മനുഷ്യോല്പന്നമായിട്ടാണ് കണക്കാക്കേണ്ടി വരുക. അതുകൊണ്ട് തന്നെ വിഗ്രഹവും ക്ഷേത്രവും മനുഷ്യന്റെ സൃഷ്ടിയായി കരുതുകയും ചെയ്യുന്നു. അത്തരത്തില്‍ ദേവദാസിയും മനുഷ്യ സൃഷ്ടിയാണ്. മതങ്ങളുടെ തണലിലാണ് ഈ സമ്പ്രദായം ആരംഭിച്ചത്. ശൈവ-ശാക്തേയാരാധനയില്‍ പാട്ടും നൃത്തവും സാമൂഹ്യരതി ബന്ധവും മത്സ്യമാംസ ഭോജനവും മദ്യപാനവും വിലക്കപ്പെട്ടിരുന്നില്ല. അതിന്റെ സന്തതിയെന്ന നിലയിലാണ് ദേവദാസി സമ്പ്രദായം ഇന്‍ഡ്യയില്‍ ആരംഭിച്ചതും ഇന്നും നിലനില്‍ക്കുന്നതും.
നൂറ്റാണ്ടുകളായി ഭാരതത്തില്‍ സ്ത്രീ പുരുഷന്റെ അടിമയാണ്. ദൈവത്തെ ആരാധിക്കാന്‍ പുരുഷനും സ്ത്രീയും മുന്നോട്ട് വന്നു. പുരുഷന്‍മാര്‍ മന്ത്രതന്ത്രങ്ങളിലും പൌരോഹിത്യ വൃത്തിയിലും ഏര്‍പ്പെട്ടു. നാട്യക്കാരിയും ഗായികയും സംഭാഷണ ചാതുര്യവുമുള്ള സ്ത്രീകള്‍ ദേവദാസികളുമായി. സ്ത്രീയെ വെറുമൊരു ഭോഗവസ്തുവായി കാണുന്ന പുരുഷ മനസിന്റെ സൃഷ്ടിയാണ് ദേവദാസി സങ്കല്പം. അതിനിത്തിരി ദൈവീക പരിവേഷം നല്‍കിയാല്‍ സമൂഹത്തിന്റെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്ന് പുരുഷന് നന്നെ അറിയാമായിരുന്നു. കെട്ട് കഥകളുടെ അകമ്പടിയോടേ പുരോഹിതവര്‍ഗ്ഗം പുതിയ സമ്പ്രദായത്തെ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ സമൂഹം അതിനെ അംഗീകരിച്ചു. കുടുംബത്തിന്റെ ഉന്നമനത്തിനും, നാട്ടില്‍ മഴപെയ്യാനും എന്ന് വേണ്ട സകല ആവശ്യങ്ങളും ദൈവങ്ങളില്‍ നിന്ന് സാധിച്ചെടുക്കാന്‍ കന്യകയെ ദൈവത്തിന് സമര്‍പ്പിക്കാന്‍ പുരോഹിതവര്‍ഗ്ഗം സമൂഹത്തോട് നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാവുന്നതിന് മുന്നെ തന്നെ ഇത്തരത്തില്‍ കന്യകകള്‍ ദേവന്റെ ദാസിമാരായി തീര്‍ന്നു. ആദ്യ ഘട്ടത്തില്‍ ക്ഷേത്രങ്ങളിലെ നിത്യ പൂജയ്ക്കുള്ള വസ്തുക്കള്‍ ശേഖരിക്കലാണ് ഇവര്‍ക്ക് വിധിച്ചിരുന്നുവെങ്കിലും പിന്നീട് കഥ മാറി. പുരോഹിതന്‍മാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇവര്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു. ദേവന്റെ ദാസികളായി മാറിയ ഇവര്‍ക്ക് വിവാഹം നിഷേധിച്ചിരുന്നു. ദേവന്റെ പ്രതിപുരുഷന്‍മാരായി അറിയപ്പെട്ടിരുന്ന പുരോഹിതന്‍മാര്‍ക്ക് ഇവരെ ശാരീരിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തെല്ലും കഷ്ടപ്പെടേണ്ടി വന്നില്ല. അതിസുന്ദരികളായിരുന്ന സാലഭഞ്ജികമാരുടെ സംരക്ഷണ ചുമതല പിന്നീട് പുരോഹിതന്‍മാരില്‍ നിന്ന് രാജാക്കന്‍മാര്‍ ഏറ്റെടുത്തു. ഇവര്‍ക്ക് നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതചര്യയും അനുവദിച്ച് നല്‍കാന്‍ ഭരണാധികാരികള്‍ തയ്യാറായി. വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന സമുദായങ്ങളിലെ പെണ്‍കുട്ടികളും ദേവന്റെ ദാസിമാരാകാന്‍ മുന്നോട്ട് വന്നു. കുടുംബത്തിന്റെ കഷ്ടസ്ഥിതി മാറ്റിയെടുക്കാനാണ് പലരും ദേവദാസികളായി മാറിയത്. പുരുഷന്റെ ആഗ്രഹനിവൃത്തിക്ക് മാത്രമായി പടച്ചുണ്ടാക്കിയ ഈ സമ്പ്രദായം പിന്നീട് അംഗീകരിക്കപ്പെട്ട വേശ്യാവൃത്തിയായി മാറിയെന്നത് ചരിത്രം.
ഭാരതത്തിന്റെ ഒരു യുഗ പാരമ്പര്യമെന്ന നിലയില്‍ ഇന്നും അവളുടെ പിന്‍തലമുറക്കാര്‍ ജീവിക്കുന്നു. ഉത്തരേന്‍ഡ്യയില്‍ മംഗലമുഖിയായും ദക്ഷിണേന്‍ഡ്യയില്‍ ദേവദാസിയായും ഇപ്പോഴും കഴിയുന്നവരെ പിന്തുണയ്ക്കുന്നതിന് മതവും ക്ഷേത്രവും ക്ഷേത്രാധികാരികളും സാമൂഹ്യപരമായി ഇന്നും വിശ്വാസാചാരങ്ങളുടെ പേരില്‍ തയ്യാറാവുന്നു. ഭാരതമൊഴിച്ച് ലോകത്തൊരിടത്തും ആധുനിക സമൂഹത്തില്‍ ദൈവത്തിന്റെ പേരില്‍ സ്ത്രീകളെ ദാസിയാക്കുകയും അതിന്റെ മറവില്‍ പരസ്യവും സ്വതന്ത്രവുമായ വ്യഭിചാരത്തിന് അവസരമുണ്ടാക്കുകയും ചെയ്യുന്ന സമ്പ്രദായം നിലവിലില്ല. കര്‍ണ്ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ചില ആചാരാനുഷ്ടാനങ്ങളും ജീവിത സാഹചര്യങ്ങളും സ്ത്രീയെ ഇന്നും വിശ്വാസത്തിന്റെ പേരില്‍ ദൈവത്തിന്റെ മണവാട്ടിയാക്കുന്നുണ്ട്. വ്യഭിചാരം ഒരു വന്‍ വ്യവസായമായി വളര്‍ന്ന് കഴിഞ്ഞിട്ടുള്ള പടിഞ്ഞാറന്‍ പൂര്‍വ്വേഷ്യന്‍ നാടുകളില്‍ ദൈവത്തിന് പങ്കൊന്നുമില്ല. ഇന്‍ഡ്യയില്‍ ദൈവത്തിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ തൊണ്ണൂറ് ശതമാനവും പിന്നീട് ചെന്നെത്തുന്നത് മുംബയ്, പുനെ, ദല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ വന്‍നഗരങ്ങളിലെ വേശ്യാലയങ്ങളിലാണ്. പരമദയനീയമായ ഈ സാമൂഹ്യ ദുരന്തത്തിനെതിരെ ഭരണഘടനയ്ക്കോ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ക്കോ ചെറുവിരലനക്കാന്‍ പോലും സാധിച്ചിട്ടില്ല. 1975ല്‍ ബല്‍ഗാമില്‍ ദേവദാസികളുടെ ഒരു സമ്പൂര്‍ണ്ണ സമ്മേളനം ആദ്യമായി നടന്നു. ദേവദാസിയായിരുന്ന ഗൌരീഭായി സാല്‍വാദേ ആയിരുന്നു സമ്മേളനത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേവദാസീ സമ്പ്രദായത്തിനെതിരെ ആദ്യത്തെ സംഘടിത ശബ്ദമുയര്‍ത്തിയതും ഗൌരീഭായി തന്നെയാണ്. 1980ല്‍ ‘മഹാത്മ ജ്യോതി റാവു ഫൂല്‍സമത പ്രതിഷ്ഠാന്‍’ എന്ന പേരില്‍ കര്‍ണ്ണാടകയിലെ മറ്റൊരു ദേവദാസി കേന്ദ്രമായ നിപ്പാനില്‍ ഒരു സമ്മേളനം നടന്നു. ഇതോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വിപുലമായ വാര്‍ത്തകളാണ് സാമൂഹ്യ ക്ഷേമ ഏജന്‍സികളുടെ കണ്ണു തുറപ്പിച്ചത്. പിന്നീട് കര്‍ണ്ണാടക സംസ്ഥാനം മാത്രം ദേവദാസി സമ്പ്രദായത്തിനെതിരെ ചില നടപടികള്‍ എടുക്കുകയും ദേവദാസികളെ പുനരധിവസിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തു.
പണ്ടെങ്ങോ തുടങ്ങി തുടര്‍ന്ന് വന്ന ഒരാചാരം സൌകര്യപൂര്‍വ്വം പ്രയോജനപ്പെടുത്തുന്നവരുടെ തന്ത്രപരമായ പ്രോത്സാഹനങ്ങളാണ് ഇന്നും ദേവദാസികളെ സൃഷ്ടിക്കുന്നത്.
ചിത്രം കടപ്പാട്: ഗൂഗിള്‍
നൂറ്റാണ്ടുകളായി ഭാരതത്തില്‍ സ്ത്രീ പുരുഷന്റെ അടിമയാണ്. ദൈവത്തെ ആരാധിക്കാന്‍ പുരുഷനും സ്ത്രീയും മുന്നോട്ട് വന്നു. പുരുഷന്‍മാര്‍ മന്ത്രതന്ത്രങ്ങളിലും പൌരോഹിത്യ വൃത്തിയിലും ഏര്‍പ്പെട്ടു. നാട്യക്കാരിയും ഗായികയും സംഭാഷണ ചാതുര്യവുമുള്ള സ്ത്രീകള്‍ ദേവദാസികളുമായി. സ്ത്രീയെ വെറുമൊരു ഭോഗവസ്തുവായി കാണുന്ന പുരുഷ മനസിന്റെ സൃഷ്ടിയാണ് ദേവദാസി സങ്കല്പം. അതിനിത്തിരി ദൈവീക പരിവേഷം നല്‍കിയാല്‍ സമൂഹത്തിന്റെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്ന് പുരുഷന് നന്നെ അറിയാമായിരുന്നു. കെട്ട് കഥകളുടെ അകമ്പടിയോടേ പുരോഹിതവര്‍ഗ്ഗം പുതിയ സമ്പ്രദായത്തെ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ സമൂഹം അതിനെ അംഗീകരിച്ചു. കുടുംബത്തിന്റെ ഉന്നമനത്തിനും, നാട്ടില്‍ മഴപെയ്യാനും എന്ന് വേണ്ട സകല ആവശ്യങ്ങളും ദൈവങ്ങളില്‍ നിന്ന് സാധിച്ചെടുക്കാന്‍ കന്യകയെ ദൈവത്തിന് സമര്‍പ്പിക്കാന്‍ പുരോഹിതവര്‍ഗ്ഗം സമൂഹത്തോട് നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാവുന്നതിന് മുന്നെ തന്നെ ഇത്തരത്തില്‍ കന്യകകള്‍ ദേവന്റെ ദാസിമാരായി തീര്‍ന്നു. ആദ്യ ഘട്ടത്തില്‍ ക്ഷേത്രങ്ങളിലെ നിത്യ പൂജയ്ക്കുള്ള വസ്തുക്കള്‍ ശേഖരിക്കലാണ് ഇവര്‍ക്ക് വിധിച്ചിരുന്നുവെങ്കിലും പിന്നീട് കഥ മാറി. പുരോഹിതന്‍മാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇവര്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു. ദേവന്റെ ദാസികളായി മാറിയ ഇവര്‍ക്ക് വിവാഹം നിഷേധിച്ചിരുന്നു. ദേവന്റെ പ്രതിപുരുഷന്‍മാരായി അറിയപ്പെട്ടിരുന്ന പുരോഹിതന്‍മാര്‍ക്ക് ഇവരെ ശാരീരിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തെല്ലും കഷ്ടപ്പെടേണ്ടി വന്നില്ല. അതിസുന്ദരികളായിരുന്ന സാലഭഞ്ജികമാരുടെ സംരക്ഷണ ചുമതല പിന്നീട് പുരോഹിതന്‍മാരില്‍ നിന്ന് രാജാക്കന്‍മാര്‍ ഏറ്റെടുത്തു. ഇവര്‍ക്ക് നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതചര്യയും അനുവദിച്ച് നല്‍കാന്‍ ഭരണാധികാരികള്‍ തയ്യാറായി. വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന സമുദായങ്ങളിലെ പെണ്‍കുട്ടികളും ദേവന്റെ ദാസിമാരാകാന്‍ മുന്നോട്ട് വന്നു. കുടുംബത്തിന്റെ കഷ്ടസ്ഥിതി മാറ്റിയെടുക്കാനാണ് പലരും ദേവദാസികളായി മാറിയത്. പുരുഷന്റെ ആഗ്രഹനിവൃത്തിക്ക് മാത്രമായി പടച്ചുണ്ടാക്കിയ ഈ സമ്പ്രദായം പിന്നീട് അംഗീകരിക്കപ്പെട്ട വേശ്യാവൃത്തിയായി മാറിയെന്നത് ചരിത്രം.
ഭാരതത്തിന്റെ ഒരു യുഗ പാരമ്പര്യമെന്ന നിലയില്‍ ഇന്നും അവളുടെ പിന്‍തലമുറക്കാര്‍ ജീവിക്കുന്നു. ഉത്തരേന്‍ഡ്യയില്‍ മംഗലമുഖിയായും ദക്ഷിണേന്‍ഡ്യയില്‍ ദേവദാസിയായും ഇപ്പോഴും കഴിയുന്നവരെ പിന്തുണയ്ക്കുന്നതിന് മതവും ക്ഷേത്രവും ക്ഷേത്രാധികാരികളും സാമൂഹ്യപരമായി ഇന്നും വിശ്വാസാചാരങ്ങളുടെ പേരില്‍ തയ്യാറാവുന്നു. ഭാരതമൊഴിച്ച് ലോകത്തൊരിടത്തും ആധുനിക സമൂഹത്തില്‍ ദൈവത്തിന്റെ പേരില്‍ സ്ത്രീകളെ ദാസിയാക്കുകയും അതിന്റെ മറവില്‍ പരസ്യവും സ്വതന്ത്രവുമായ വ്യഭിചാരത്തിന് അവസരമുണ്ടാക്കുകയും ചെയ്യുന്ന സമ്പ്രദായം നിലവിലില്ല. കര്‍ണ്ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ചില ആചാരാനുഷ്ടാനങ്ങളും ജീവിത സാഹചര്യങ്ങളും സ്ത്രീയെ ഇന്നും വിശ്വാസത്തിന്റെ പേരില്‍ ദൈവത്തിന്റെ മണവാട്ടിയാക്കുന്നുണ്ട്. വ്യഭിചാരം ഒരു വന്‍ വ്യവസായമായി വളര്‍ന്ന് കഴിഞ്ഞിട്ടുള്ള പടിഞ്ഞാറന്‍ പൂര്‍വ്വേഷ്യന്‍ നാടുകളില്‍ ദൈവത്തിന് പങ്കൊന്നുമില്ല. ഇന്‍ഡ്യയില്‍ ദൈവത്തിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ തൊണ്ണൂറ് ശതമാനവും പിന്നീട് ചെന്നെത്തുന്നത് മുംബയ്, പുനെ, ദല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ വന്‍നഗരങ്ങളിലെ വേശ്യാലയങ്ങളിലാണ്. പരമദയനീയമായ ഈ സാമൂഹ്യ ദുരന്തത്തിനെതിരെ ഭരണഘടനയ്ക്കോ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ക്കോ ചെറുവിരലനക്കാന്‍ പോലും സാധിച്ചിട്ടില്ല. 1975ല്‍ ബല്‍ഗാമില്‍ ദേവദാസികളുടെ ഒരു സമ്പൂര്‍ണ്ണ സമ്മേളനം ആദ്യമായി നടന്നു. ദേവദാസിയായിരുന്ന ഗൌരീഭായി സാല്‍വാദേ ആയിരുന്നു സമ്മേളനത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേവദാസീ സമ്പ്രദായത്തിനെതിരെ ആദ്യത്തെ സംഘടിത ശബ്ദമുയര്‍ത്തിയതും ഗൌരീഭായി തന്നെയാണ്. 1980ല്‍ ‘മഹാത്മ ജ്യോതി റാവു ഫൂല്‍സമത പ്രതിഷ്ഠാന്‍’ എന്ന പേരില്‍ കര്‍ണ്ണാടകയിലെ മറ്റൊരു ദേവദാസി കേന്ദ്രമായ നിപ്പാനില്‍ ഒരു സമ്മേളനം നടന്നു. ഇതോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വിപുലമായ വാര്‍ത്തകളാണ് സാമൂഹ്യ ക്ഷേമ ഏജന്‍സികളുടെ കണ്ണു തുറപ്പിച്ചത്. പിന്നീട് കര്‍ണ്ണാടക സംസ്ഥാനം മാത്രം ദേവദാസി സമ്പ്രദായത്തിനെതിരെ ചില നടപടികള്‍ എടുക്കുകയും ദേവദാസികളെ പുനരധിവസിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തു.
പണ്ടെങ്ങോ തുടങ്ങി തുടര്‍ന്ന് വന്ന ഒരാചാരം സൌകര്യപൂര്‍വ്വം പ്രയോജനപ്പെടുത്തുന്നവരുടെ തന്ത്രപരമായ പ്രോത്സാഹനങ്ങളാണ് ഇന്നും ദേവദാസികളെ സൃഷ്ടിക്കുന്നത്.
ചിത്രം കടപ്പാട്: ഗൂഗിള്‍
Wednesday, July 23, 2008
ലോകബാങ്ക് ഉദ്യോഗസ്ഥന്റെ വിജയം
ഒരു റിട്ടയേര്‍ഡ് ലോകബാങ്ക് ഉദ്യോഗസ്ഥന്റെ വിജയം ആഘോഷിക്കുകയാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ്. ഈ രാജ്യത്തെ ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കിക്കൊണ്ട് പണത്തിന് മുകളില്‍ കോണ്‍ഗ്രസ് പറക്കും, കൊടിപാറിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്. ആണവക്കരാറിനെ ചൊല്ലി ബന്ധം ഡൈവോഴ്സ് ചെയ്ത ഇടതന്‍മാരെ വെറും ഈയാമ്പാറ്റകളാക്കിക്കൊണ്ട് മന്മോഹന്‍ എന്ന റിട്ടയേര്‍ഡ് ലോകബാങ്ക് ഉദ്യോഗസ്ഥന്‍ അടവുകള്‍ അമ്പത്തൊന്നും പയറ്റിയപ്പോള്‍ കണ്ണിറുക്കി ചിരിച്ചത് അംബാനിയായിരുന്നോ, അതോ ബുഷ് ആയിരുന്നോ? പാര്‍ലമെന്റില്‍ സ്വന്തം കക്ഷിക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ഒരു കാര്യത്തില്‍ വേറിട്ട പ്രകടനം കാഴ്ച്ച വച്ചു. കുതിരകച്ചവടത്തില്‍ ഒട്ടും മോശക്കാരനല്ലെന്ന്..... ഈ നടന്ന അധികാരം നിലനിര്‍ത്തല്‍ ചടങ്ങിന് 2000കോടി രൂപ ഇന്ദ്രപ്രസ്ഥത്തില്‍ ഒഴുകിയതായാണ് അനൌദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അശോകാ ഹോട്ടലിലെ സല്‍ക്കാരങ്ങള്‍ക്കും ബഹുമാന്യ മെംബര്‍ ഓഫ് പാര്‍ലമെന്റേറിയന്‍മാരെ ജനാധിപത്യ സംരക്ഷണത്തിനായി ചട്ടംകെട്ടുന്നതിലേക്കുമാണ് ഇത്രയും തുക മന്മോഹന്‍ സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് പിന്നാമ്പുറക്കഥകള്‍ പറയുന്നു. ചെട്ടിനാട് സിമന്റുപോലെ കരുത്തനായ ഒരു സാമ്പത്തികകാര്യ മന്ത്രി മിസറ്റര്‍ മോഹനനെ സഹായികാനുണ്ടെങ്കില്‍ പിന്നെ കളിക്കാന്‍ ഗ്രൌണ്ട് വേണോ? ചിദംബരം എന്ന ധനമന്ത്രിയും മന്മോഹന്‍ എന്ന പ്രധാനമന്ത്രിയും ആര്‍ക്ക് വേണ്ടിയാണ് ധൃതി പിടിച്ച് ആണവോര്‍ജ്ജം ഇന്‍ഡ്യക്ക് നേടിത്തരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെയും മന്മോഹനന്റെയും കാലാവധികള്‍ അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍മാത്രമെയുള്ളൂ. ഇതിനിടയില്‍ ഈ കരാര്‍ പ്രാവര്‍ത്തികമാക്കണമെന്നത് ഈ രണ്ട് മാന്യദേഹങ്ങളുടെയും ആഗ്രഹങ്ങളായിരിക്കാം. ഡോളറും രൂപയും ചേര്‍ന്നാല്‍ ഇന്‍ഡ്യ നിസഹായയാണെന്ന് മന്മോഹന് പ്രത്യേകം പറഞ്ഞു കൊടുക്കണ്ട്, കാരണം കക്ഷി ആദ്യ ശമ്പളം വാങ്ങുന്നത് തന്നെ ഡോളറിലാണ്. (പണ്ട് ലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്നപ്പോള്‍) രണ്ട് ദിവസം കൊണ്ട് 2000കോടി രൂപ എം പി മാരെ വിലയ്ക്കെടുക്കാന്‍ ഒഴുക്കിവിട്ട കോണ്‍ഗ്രസിന് ഇത്രയും രൂപയുടെ ആസ്തി എവിടെ നിന്ന് വന്നു? ഇന്‍ഡ്യയിലെ കുത്തക മുതലാളിമാരുടെ ഖജനാവില്‍ നിന്നാണെന്ന് ചാണക്യന്‍ നിസംശയം പറയും. കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിച്ച് പാരമ്പര്യമില്ലാത്ത മന്മോഹന്‍ ജി എങ്ങനെ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയായി? മുതുമുത്തശ്ഛനും മുത്തശിയും പിന്നെ അഛനും പ്രധാനമന്ത്രിമാരായിരുന്ന ഈ രാജ്യത്തെ നയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന രാഹുലിന് അറിയാമോ? അറിയാമായിരുന്നുവെങ്കില്‍ പാര്‍ലമെന്റില്‍ ഇത്തരത്തില്‍ ഒരു പ്രസംഗം കാഴ്ച്ചവയ്ക്കില്ലായിരുന്നു. പുള്ളിക്കാരന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യയിലെ പാവപ്പെട്ട ജനത്തിന് ഒരിറ്റ് വെളിച്ചം നല്‍കാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ... അത് മോഹന്‍ ജി കണ്ടെത്തിയ 123 ആണത്രെ! ഇന്‍ഡ്യയുടെ ഊര്‍ജ്ജപ്രതിസന്ധിക്ക് ഏക പരിഹാരം! വോട്ടു ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ ജനത്തിന്റെ അവസ്ഥ ചൂണ്ടോധരന് വരം കൊടുത്തകണക്കാണ്, തിരിച്ച് പിടിക്കാന്‍ ഒരു മാര്‍ഗവുമില്ല ഓടുകയെ വഴിയുള്ളൂ! പാര്‍ലമെന്റില്‍ പകുതിയോളം എം പിമാര്‍ ഈ കരാറിന് എതിരാണെന്നാണ് വോട്ടെടുപ്പില്‍ തെളിഞ്ഞത്. ഭരണകക്ഷിക്ക് നാമമാത്രമായ ഭൂരിപക്ഷം മാത്രമാണുള്ളത്(കുതിരകച്ചവടത്തില്‍കൂടി നേടിയത്). പകുതിയോളം എം പിമാര്‍ എതിര്‍ക്കുന്നു എന്ന് പറഞ്ഞാല്‍ ഇന്‍ഡ്യയിലെ ആകെ ജനസംഖ്യയിലെ പകുതിയും ഈ കരാറിന് എതിരെന്ന് അര്‍ത്ഥം. ഈ പകുതി ജനത്തെ ജയിക്കാന്‍ മന്മോഹന്‍ പച്ചനോട്ടുകള്‍ വാരിയിറക്കിയപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു, ഭൂരിപക്ഷം നേടി ഭരണം നിലനിര്‍ത്തി....! ഇതിനു മുന്‍പും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവിശ്വാസങ്ങളെ നേരിട്ടിട്ടുണ്ട്. പക്ഷെ അന്നത്തെ ഒരു പ്രധാനമന്ത്രിയും കാണിക്കാത്ത മ്ലേശ്ചത്തരമാണ് ഇപ്പോള്‍ മന്മോഹന്‍ സിംഗ് എന്ന കോണ്‍ഗ്രസുകാരന്‍ കാട്ടിക്കൂട്ടിയത്.
ഇനി മന്മോഹന്‍ സിംഗിന് ധൈര്യമായി പറയാം.. I AM THE PRIME MINISTER OF INDIA AND I....
Saturday, July 12, 2008
വിക്രമാദിത്യനും വേതാളവും
ഗുപ്തകാലഘട്ടത്തിലെ ചന്ദ്രഗുപ്ത രാണ്ടാമനും സോമദേവഭട്ടന്‍ രചിച്ച കഥാ സരിത്‌സാഗരത്തിലെ വിക്രമാദിത്യനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ബന്ധമുണ്ടെന്ന് പാഠ പുസ്തക കരിക്കുലം കമ്മിറ്റി അവകാശപ്പെടുന്നു. തന്നെയുമല്ല ഇരുവരും ഒരാളെന്ന മട്ടില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യശാസ്ത്രം പുസ്തകത്തിലൂടെ പഠിപ്പിച്ചു വരികയും ചെയ്യുന്നു. കേരള വിദ്യാഭ്യാസ വകുപ്പിലെ വിചക്ഷണന്‍മാര്‍ക്ക് ഒരു സംശയവുമില്ല, അവര്‍ ആണയിട്ടു പറയുന്നു ചന്ദ്രഗുപ്ത വിക്രമാദിത്യനും വേതാളത്തെ ചുമലേറ്റി നടക്കുന്ന വിക്രമാദിത്യനും ഒരാളാണെന്ന്. ആറാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിന്റെ 56ആം പേജിലാണ് ചരിത്രം തിരുത്തികുറിക്കുന്ന കണ്ടുപിടുത്തം വിവരിച്ചിരിക്കുന്നത്. എട്ടാം അധ്യായത്തില്‍ ഇന്‍ഡ്യയില്‍ സ്ഥാപിതമായ വിവിധ സാമ്രാജ്യങ്ങളുടെ ചരിത്രത്തിലാണ് തെറ്റ് കടന്നുകൂടിയിരിക്കുന്നത്. ഇന്‍ഡ്യാ ചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടമെന്നാണ് ചരിത്രകാരന്‍മാര്‍ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്തെ വിശേഷിപ്പിക്കുന്നത്. ഗുപ്തരാജവംശത്തില്‍ ക്രിസ്തുവര്‍ഷം 380 മുതല്‍ 413 വരെയുള്ള കാലത്തായിരുന്നു ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണം. ഇത് പോലും പാഠപുസ്തക കരിക്കുലം കമ്മിറ്റിക്ക് അറിയില്ലെന്നോ? കാശ്മീരിലെ രാജാവായിരുന്ന അനന്തന്റെ പത്നി സൂര്യമതിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി ക്രിസ്ത്വബ്ദം, 1063നും 1081നും ഇടക്കാണ് സോമദേവഭട്ടന്‍ 18 ലംബകങ്ങളും 124 തരംഗങ്ങളും 21388 പദ്യങ്ങളുമുള്ള കഥാസരിത്‌സാഗരം എഴുതിയത്. ക്രിസ്തുവര്‍ഷാരംഭത്തിന് മുന്‍പ് ഗുണാഢ്യന്‍ എന്നയാള്‍ വിന്ദ്യപര്‍വത പ്രദേശത്ത് പ്രചരിച്ചിരുന്ന വൈശായി ഭാഷയിലെഴുതിയ ‘ബൃഹത്കഥ’യാണ് കഥാസരിത്‌സാഗരത്തിന്റെ മൂലകൃതിയായി അറിയപ്പെടുന്നത്. ക്രിസ്തുവിന് പിന്‍പ് പതിനൊന്നാം ശതകത്തില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന ക്ഷേമേന്ദ്രന്‍ സംസ്കൃതത്തില്‍ രചിച്ച ‘ബൃഹല്‍ക്കഥാമഞ്ജരി’ ആണ് ഇന്ന് ലഭ്യമായ ഒരു ബൃഹത്ക്കഥാ വിവര്‍ത്തനം. ഈ വിവര്‍ത്തനത്തെക്കാള്‍ മനോഹരമായ സോമദേവഭട്ടന്റെ കഥാസരിത്‌സാഗരമെന്ന വിവര്‍ത്തനത്തിന്റെ ഔജ്ജ്വല്യത്തില്‍ ബൃഹത്ക്കഥാമഞ്ജരി മുങ്ങിപ്പോയി. പിന്നീട് വിക്രമാദിത്യകഥകള്‍ കഥാസരിത് സാഗരത്തിലൂടെ പ്രശസ്തമാവുകയായിരുന്നു. ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ഭരണസാരത്ഥ്യം കൊണ്ട് ‘ചന്ദ്രഗുപ്ത വിക്രമാദിത്യന്‍’ എന്ന് അറിയപ്പെട്ടു എന്നത് ചരിത്രം. പക്ഷെ കഥാസരിത്‌സാഗരത്തിലെ വിക്രമാദിത്യനും ചന്ദ്രഗുപ്ത വിക്രമാദിത്യനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന ചരിത്രം വിദ്യാഭ്യാസ വകുപ്പിന് അറിയില്ലെ? പാഠത്തോടൊപ്പം ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ചിത്രമായി നല്‍കിയിരിക്കുന്നത് ഊരിപ്പിടിച്ച വാളുമായി വേതാളത്തെയും തോളിലിട്ട് തലയോട്ടികള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്ന കൊമ്പന്‍മീശക്കാരന്റെ പടമാണ്! ഭരണനൈപുണ്യം കൊണ്ട് പ്രശസ്തനായ ചന്ദ്രഗുപ്തന്‍ രണ്ടാമനോട് വിദ്യാഭ്യാസ വകുപ്പ് ഇത്ര ക്രൂരത കാണിക്കാന്‍ പാടില്ലായിരിന്നുവെന്നാണ് ചാണക്യന്റെ അഭിപ്രായം. കഥാസരിത്‌സാഗരത്തിലെ വിക്രമാദിത്യന്‍ പരകായപ്രവേശം നടത്തുന്നത് വിവരിച്ചിട്ടുണ്ട്. പക്ഷെ ഗുപ്ത രാജവംശത്തിലെ ചന്ദ്രഗുപ്തന്‍ രണ്ടാമനുമായി ഈ കഥകള്‍ക്ക് പുലബന്ധം പോലുമില്ല. ചൈനീസ് സഞ്ചാരിയായ ഫാഹിയാന്റെ യാത്രാവിതരണം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സര്‍വവിജ്ഞാനകോശത്തിലെ മൂന്നാമത്തെയും പത്താമത്തെയും പുസ്തകം, എന്‍. ബി. എസ് പുറത്തിറക്കിയ വിശ്വവിജ്ഞാനകോശം എന്നിവയില്‍ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്തെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്. ഇതൊക്കെ ഒഴിവാക്കി പാഠഭേദവുമായി ബന്ധമില്ലാത്ത വിക്രമാദിത്യകഥകള്‍ ശേഖരിച്ച് ക്ലാസില്‍ അവതരിപ്പിക്കാനാണ് കരിക്കുലം കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്‍ഡ്യാ ചരിത്രത്തെക്കുറിച്ച് പഠിക്കാതെയാണ് പുസ്തകവും അതിന്റെ വായനാക്കുറിപ്പും തയ്യാറാക്കിയിക്കുന്നതെന്ന് വ്യക്തം. ചരിത്രത്തെ ഇങ്ങനെ വളച്ചൊടിച്ച് വിദ്യാര്‍ത്ഥികളെ വിഢികളാക്കുകയാണ് പുസ്തക രചയിതാവ് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷമായി സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തെറ്റായ ഈ പാഠമാണ് പഠിച്ചു വരുന്നത്. 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം ഈ തെറ്റ് പഠിച്ചു കഴിഞ്ഞു. എന്നിട്ടും ഇത് പഠിപ്പിച്ച അദ്ധ്യാപകരോ, മതമില്ലാത്ത ജീവന് വേണ്ടി സമരം ചെയ്യുന്നവരോ, മറ്റ് ബുദ്ധിജീവികളോ ഈ തെറ്റ് കണ്ടെത്തിയില്ല.
Monday, July 7, 2008
പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും.....
അരിക്ക് വില കിലോക്ക് 22രൂപ, കേരളത്തില്‍ സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. നാലംഗമുള്ള ഒരു ചെറുകുടുംബത്തിന് ഒരു നാള്‍ തള്ളി നീക്കാന്‍ കുറഞ്ഞത് 250 രൂപയെങ്കിലും വേണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന് ജനം ജീവിക്കാന്‍ നെട്ടോട്ടമോടുന്നു. ഈ സാഹചര്യത്തിലാണ് ജീവന്റെ രക്ഷകര്‍ത്താക്കള്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു ചെല്ലുന്നത്. ആ നല്ല രക്ഷകര്‍ത്താക്കളുടെ മാതൃകാ പരമായ സമീപനം ഇവിടത്തെ മതജാതിക്കോമരങ്ങള്‍ക്ക് തെല്ലും പിടിച്ചില്ല. പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും ആര്‍ത്തട്ടഹസിച്ച് തെരുവിലിറങ്ങി. ഒറ്റ ആവശ്യമെയുള്ളൂ, ഏഴാം ക്ലാസിലെ പാഠപുസ്തകം പിന്‍വലിക്കണം. സമരം ചെയ്യാന്‍ കിട്ടിയ വിഷയം, കുട്ടികളെ മതനിഷേധികളാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റമടമുള്ള നിരവധി പ്രശ്നങ്ങള്‍ ഇവിടുള്ളപ്പോള്‍ അതിനെതിരെ സമരം നടത്താത്തവര്‍ ഇപ്പോഴൊരു പാഠപുസ്തകത്തിന്റെ പേരില്‍ നടത്തുന്നത് സമരാഭാസമെന്നാണ് ചാണക്യമതം. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി, സ്ഥിതിസമത്വം എന്നിവ പഠിപ്പിക്കാനാണ് ഏഴാം ക്ലാസിലെ പുസ്തകം ശ്രമിക്കുന്നത്. വിദ്യാഭ്യാസ കച്ചവടക്കാരും ജാതിമത വര്‍ഗീയ ശക്തികളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് പുസ്തകത്തെ വിമര്‍ശിക്കുന്നത്. സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ തുടങ്ങിയതാണ് ഈ സര്‍ക്കാരും ഇപ്പോള്‍ പുസ്തകത്തിന്റെ പേരില്‍ സമരം ചെയ്യുന്ന മാഫിയാ സംഘങ്ങളും തമ്മിലുള്ള ഉരസല്‍. സാമൂഹിക പ്രതിബദ്ധതയെ കാറ്റില്‍ പറത്തി വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിച്ചതിനു പിന്നിലെ പ്രധാന ചാലകശക്തികളാണ് പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും എന്‍ എസ് എസും എസ് എന്‍ ഡി പി യുമെന്ന് കേരളത്തിലെ ജനത്തിനറിയാം. ലക്ഷങ്ങള്‍ കോഴവാങ്ങി കീശയിലാക്കി രാജകീയ ജീവിതം നയിക്കുന്ന മതമേലദ്ധ്യക്ഷന്‍മാര്‍ക്ക് സാധാരണക്കാരന്‍ ജീവിക്കാന്‍ പെടാപാടുപെടുന്നത് കാണാനുള്ള കാഴ്ച്ചശക്തിയില്ല. പക്ഷെ ജനത്തെ എങ്ങനെ അനാവശ്യ സമരാഭാസങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന് നന്നായിട്ടറിയാം. പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരുമടക്കമുള്ള ജാതിമത വര്‍ഗീയ കോമരങ്ങള്‍ ഇപ്പോള്‍ നടത്തുന്ന സമരം സര്‍ക്കാരിനെതിരെയല്ല, ജീവന്റെ രക്ഷകര്‍ത്താക്കള്‍ക്കെതിരെയാണ്, കേരള ജനതക്കെതിരെയാണ്. ഈ പുസ്തകം പഠിച്ചാല്‍ കുട്ടികള്‍ മാര്‍ക്സിസ്റ്റുകളായി മാറുമെന്നാണ് ഇവരുടെ വാദം. കേരളം കണ്ടതില്‍ ഏറ്റവും വലിയ മാഫിയാ സംഘങ്ങളേ.. ഇതിനേക്കാള്‍ വലിയ മാര്‍ക്സിസം തിരുകിക്കയറ്റിയ പുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്ന സോവിയറ്റ് റഷ്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ലെ. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്, എന്തിനെയാണ് പേടിക്കുന്നത്. ളോഹയിട്ടവരെല്ലാം അച്ചന്മാരും ശിരോവസ്ത്രം അണിഞ്ഞവരെല്ലാം കന്യാസ്ത്രീകളുമല്ലെന്ന് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. കോയാമാരെ നിങ്ങടെ ഈ ഹലാക്ക് പരിപാടി കണ്ട് കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവന്‍ നിങ്ങളോടൊത്ത് വരുമെന്ന് നിങ്ങള്‍ കരുതിയോ? എങ്കില്‍ കുഞ്ഞാലിയെ മൂലക്കിരുത്തി കെ ടി ജലീല്‍ നിയസഭയില്‍ കയറുമായിരുന്നോ? ഒക്കത്തൊരു കുട്ടിയുമായി ഒരു സ്ത്രീ സകല ചാനലുകളുടെയും ഓഫീസ് കയറി ഇറങ്ങി നിങ്ങടെ ഒരു നേതാവിനെതിരെ ആരോപണമുയര്‍ത്തിയത് നിങ്ങള്‍ മറന്നുവോ? ഇതൊക്കെ കണ്ടും അറിഞ്ഞും വളരുന്ന ചെറു ബാല്യങ്ങള്‍ വഴി തെറ്റിയാല്‍ അതിന്റെ ഉത്തരവാദിത്വം പാതിരിമാരും കോയാമാരും ഏറ്റെടുക്കുമോ? ജീവന്റെ രക്ഷകര്‍ത്താക്കളെ പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ ജനത്തിനെതിരെ നടത്തുന്ന സമരാഭാസം വച്ച് നിര്‍ത്തുക. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ കത്തിക്കേണ്ടത് ഏഴാം ക്ലാസിലെ പുസ്തകമല്ല, ബൈബിളും ഖുറാനുമാണ്. നിങ്ങളെയൊക്കെ സദാചാരം പഠിപ്പിക്കാനുള്ള ഈ ഗ്രന്ഥങ്ങളെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ചില്ലലമാരയില്‍ സൂക്ഷിക്കുന്നത്. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ബൈബിളും ഖുറാനും കത്തിച്ച് ആര്‍ജവം കാണിക്കൂ..........
Sunday, July 6, 2008
യേശുവെ പൊറുക്കേണമെ.......
അദ്ധ്വാനിക്കുന്നവനെയും ഭാരം ചുമക്കുന്നവനെയും എന്ന് വേണ്ട വേശ്യയെപ്പോലും കൂടെക്കൂട്ടിയ അങ്ങ് ഈ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ലെ? നിങ്ങളില്‍ പാവം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നല്ലെ അങ്ങ് പറഞ്ഞത്. താങ്കള്‍ പറഞ്ഞ ഈ വാക്യം പഠിപ്പിക്കുന്ന പുസ്തകത്തിന് ഒരു കുഴപ്പവുമില്ല എന്നാല്‍ മതമില്ലാത്ത ജീവന്റെ കാര്യം പഠിപ്പിക്കുന്ന പൊത്തകത്തിന് എന്തോ കുഴപ്പമുണ്ടെന്നാണ് താങ്കളുടെ കാലശേഷം ഇവിടെ അങ്ങയുടെ പേരില്‍ ഉണ്ടായ സഭകളിലെ നല്ലിടയന്‍മാര്‍ പറയുന്നത്. കാലിക സംഭവങ്ങളാല്‍ കാതൊലിക്കല്‍ സഭ അടക്കം സകല സഭകളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഇതിന്റെയൊക്കെ ഉത്തരവാദിയായ താങ്കളോട് ഈ കുഞ്ഞാട് മാപ്പിരന്നുകൊണ്ട് ചോദിക്കട്ടെ... ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നുണ്ടോ കര്‍ത്താവെ? താങ്കള്‍ ഇവര്‍ക്ക് മാപ്പ് നല്‍കുമോ? ഓ ഇപ്പോഴും ഞാന്‍ കാര്യം തെളിച്ച് പറഞ്ഞില്ലാ എന്നായിരിക്കും താങ്കള്‍ കരുതുന്നത്, പറയാം. ഈ കൊച്ച് കേരളത്തിലെ ഏഴാം ക്ലാസിലെ പുള്ളാര്‍ക്ക് പഠിക്കാന്‍ ഒരു പൊത്തകം വിദ്യഭ്യാസ വകുപ്പ് അച്ചടിച്ച് വിതരണം ചെയ്തു. അതിലെ ഒരു പാഠം മതനിഷേധമെന്നാണ് സഭക്കാരുടെ വാദം. കര്‍ത്താവെ താങ്കള്‍ അറിയണം...ആ പാഠത്തിലെ ഒരു വരിപോലും അങ്ങയെയോ മഹനായ പോപ്പിനേയോ ഇവിടത്തെ നല്ലിടയന്മാരെയോ എന്തിന് ക്രിസ്തീയ വിശ്വാസത്തെയോ ഹനിക്കുന്ന തരത്തിലുള്ളതല്ല. ചുരുക്കിപ്പറയാം ഒരഛന്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോകുന്നു. നിബന്ധനപ്രകാരമുള്ള ഫാറം പൂരിപ്പിക്കുന്ന വേളയില്‍ പ്രധാനാധ്യാപകന്‍ കുട്ടിയുടെ മതം എന്താണെന്ന് ചോദിക്കുന്നു. രക്ഷകര്‍ത്താവ് മതത്തിന്റെ കോളത്തില്‍ മതമില്ല എന്ന് രേഖപ്പെടുത്താന്‍ പറയുന്നു. മേമ്പൊടിയായി കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ അവനിഷ്ടമുള്ള മതം സ്വീകരിക്കട്ടെ എന്നും പറയുന്നു. ഇത്രയെ ഉള്ളൂ കര്‍ത്താവെ ആ പൊത്തകത്തില്‍ മത നിഷേധം. അതിനാ ഇവിടെ ഈ പുകിലൊക്കെ നടക്കുന്നത്..... പൊത്തകം പിന്‍വലിക്കണമെന്നാണ് കാതൊലിക്കല്‍ അടക്കമുള്ള പല സഭകളുടെയും ആവശ്യം. എന്നാല്‍ ചില സഭകള്‍ ഈ പൊത്തകത്തിന് കുഴപ്പമൊന്നും ഇല്ലെന്നും പിള്ളാരെ പഠിപ്പിക്കാമെന്നും അങ്ങയുടെ നാമത്തില്‍ ആണയിട്ട് പറയുന്നുമുണ്ട്. കര്‍ത്താവെ ഇവരെന്താണ് ചെയ്യുന്നത്.......? അരമന രഹസ്യം അങ്ങറിഞ്ഞോ എന്നെനിക്കറിയില്ല എന്നാലും പറയാം കുറച്ച് കാലം മുന്‍പ് അഭയ എന്നൊരു കര്‍ത്താവിന്റെ മണവാട്ടി ദുരൂഹ സാഹചര്യത്തില്‍ മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ചു കിടന്നു. അതൊരു കൊലപാതകമാണെന്ന് കേരളമാകെ സംസാരമുണ്ടായപ്പോള്‍ അന്വേഷണം ലോക്കല്‍ പോലിസില്‍ നിന്നും ഇന്‍ഡ്യയിലെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐയെ ഏല്‍പ്പിക്കുകയുണ്ടായി. പക്ഷെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കര്‍ത്താവിന്റെ മണവാട്ടിയായിരുന്നിട്ടു കൂടി കാതൊലിക്കല്‍ അടക്കമുള്ള ഒരു സഭയും പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടില്ല. ഇപ്പോളൊരു പൊത്തകത്തിലെ ഒരു പാഠത്തിന്റെ പേരിലെ നല്ലിടയന്‍മാരുടെ സമരം എന്തിനാണ് കര്‍ത്താവെ? അങ്ങിതൊന്നും അറിയുന്നില്ലെ? കാണുന്നില്ലെ? യേശുവെ മതസ്വാതന്ത്ര്യം വിലക്കപ്പെട്ട കനിയാണോ? അഛന്റെയും അമ്മയുടെയും മതത്തില്‍ തന്നെ വിശ്വസിക്കണമെന്ന് എന്തിനാണ് കുട്ടികളെ നിര്‍ബന്ധിക്കുന്നത്? അവര്‍ക്ക് പ്രായപൂര്‍ത്തിയായിവരുമ്പോള്‍ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ചുള്ള മതം അവര്‍ തിരഞ്ഞെടുക്കട്ടെ.. ഇന്‍ഡ്യയിലാണോ മതത്തിന് പഞ്ചം. വളര്‍ന്നു വരുന്ന തലമുറക്ക് മത സ്വാതന്ത്ര്യം നിഷേധിക്കുന്ന തിരുമേനിമാരുടെ ഈ കുടിലത ചാണക്യന് ഉള്‍ക്കൊള്ളന്‍ കഴിയുന്നില്ല എന്റീശ്വായേ... എന്റെ കര്‍ത്താവെ വിദ്യാഭ്യാസം മുഴുവന്‍ കച്ചവടമാക്കിയ സഭകള്‍ക്ക് ഒരു പുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരില്‍ പുകിലുണ്ടാക്കാന്‍ എന്താണ് അവകാശം? കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല നീ ഇവരോട് പൊറുക്കേണമേ.. ആമേന്‍......
Subscribe to:
Posts (Atom)