Monday, November 17, 2008

ചാണക്യനും പതിവ്രതകളും


മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന്‍ പുരുഷമേധാവിത്വ സങ്കല്പങ്ങളുടെ മൂര്‍ത്തിമദ്ഭാവവുമായിരുന്നു. അര്‍ത്ഥശാസ്ത്രകാരന്‍ അധ:കൃത വേശ്യകള്‍ക്ക് നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ ആ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനും ശ്രമിച്ചു. വേശ്യാവൃത്തിയില്‍ അകപ്പെട്ട അധ:കൃത സ്ത്രീകളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ളതായിരുന്നു കൌടില്യന്റെ കുടിലത. വേശ്യയ്ക്ക് രാജദാസ്യം ഒഴിയുന്നതിന് കൊടുക്കേണ്ടിയിരുന്ന ധനം ഇരുപത്തിനാലായിരം പണമാണ്. അവള്‍ക്കൊരു കുഞ്ഞുണ്ടെങ്കില്‍ മറ്റൊരു പന്തീരായിരം നല്‍കണം. ഇത്രയും ഭീമമായ തുക ഒരിക്കലും ഒരു അധ:കൃത വേശ്യക്ക് സമാഹരിക്കാന്‍ കഴിയില്ലെന്ന് ചാണക്യന് വ്യക്തമായിരുന്നു. അതായത് രാജ്യത്ത് വേശ്യാവൃത്തി നിലനിര്‍ത്തണം എന്ന ശാഠ്യക്കാരനായിരുന്നു ചാണക്യന്‍ എന്ന് വ്യക്തം. എന്നാല്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കരുതെന്ന നിര്‍ബന്ധവും ചാണക്യനുണ്ടായിരുന്നു.

എന്ത് ചെയ്തും കാര്യം നേടുക എന്ന ചാണക്യബ്രാഹ്മണ ബുദ്ധി ദേവദാസികള്‍ക്ക് മുന്നില്‍ പതറിയിരുന്നോ?

വേശ്യകളില്‍ നിന്ന് കരം പിരിച്ച് രാജഭണ്ഡാരത്തിന്റെ സുസ്ഥിരത ഉറപ്പാക്കുകയും, വേശ്യകളെ നിയമം വഴി നിയന്ത്രിച്ച് ഉപഭോക്താവിന് മെച്ചമായ സേവനം ലഭ്യമാക്കുന്നതിനും ശ്രദ്ധാലുവായിരുന്ന അര്‍ത്ഥശാസ്ത്രകാരന്‍ അക്കാലത്തെ വീട്ടമ്മമാരുടെ കാര്യത്തില്‍ കാണിച്ചിരുന്ന കാകദൃഷ്ടി എന്തുകൊണ്ടും ഒരു പുരുഷമേധാവിക്കു ചേര്‍ന്ന തരത്തിലായിരുന്നു.

വേശ്യകള്‍ക്ക് നിയമ നിര്‍മ്മാണം നടപ്പാക്കിയ ചാണക്യന്‍ പതിവ്രതകളേയും വെറുതെ വിട്ടില്ല. അവരെ നിയന്ത്രിക്കാന്‍ വേണ്ടി വളരെ ഹീനമായ പെരുമാറ്റചട്ടങ്ങളാണ് പടച്ചുവിട്ടത്.

വിവാഹമാണ് വ്യവഹാരങ്ങളില്‍ പ്രഥമസ്ഥാനീയം എന്ന് പറയുന്ന ചാണക്യന്‍, ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പുറത്തു പോകുന്ന സ്ത്രീക്ക് ആറു പണം ദണ്ഡമായി പറഞ്ഞിരിക്കുന്നു. വീട്ടമ്മയെ വീട്ടിനുള്ളില്‍ തളച്ചിടുന്നതിനുള്ള തന്ത്രമല്ലെ അത്? അയല്‍ വീട്ടില്‍ പോകുന്ന സ്ത്രീക്ക് ആറു പണവും, ആപത്ത് കാലത്ത് അന്യന്റെ ഭാര്യയ്ക്ക് സംരക്ഷണം നല്‍കിയാല്‍ നൂറു പണവും ദണ്ഡം. ഭര്‍ത്തൃഗൃഹത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തില്‍ പോയാല്‍ പിഴ പന്ത്രണ്ടു പണം.

മാര്‍ഗ്ഗത്തിങ്കലോ വഴിയില്‍ നിന്നു വിട്ട സ്ഥലത്തോ ഗൂഢപ്രദേശത്തേക്കോ സ്ത്രീ ഗമിക്കുന്നതായാല്‍ മൈഥുനാര്‍ത്ഥമാണ് അതെന്ന് മനസ്സിലാക്കണമെന്നാണ് ചാണക്യന്റെ അഭിപ്രായം

ഒരു സ്ത്രീ വീടുവിട്ട് പുറത്തിറങ്ങുന്നത് പരപുരുഷനെ പ്രാപിക്കാന്‍ വേണ്ടി മാത്രമാണെന്ന ചാണക്യന്റെ കണ്ടെത്തല്‍ അക്കാലത്തെ പതിവ്രതകളായ സ്ത്രീകള്‍ക്ക് എന്ത് മാത്രം ദോഷം വരുത്തിയിരിക്കും എന്നാലോചിക്കുക. എന്ത് വരട്ട് ന്യായം പറഞ്ഞും സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുക എന്ന ഒരു സ്ത്രീ വിദ്വേഷ നിലപാടാണ് ചാണക്യന്‍ കൈക്കൊണ്ടിരുന്നത്.

ഇതേ സമയം അധമ സഞ്ചാരം നടത്തുന്ന പുരുഷനെ സംരക്ഷിക്കാന്‍ ചാണക്യഗുരു മറ്റൊരു തന്ത്രമാണ് അര്‍ത്ഥശാസ്ത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഭര്‍ത്താവ് വേശ്യാ ഗമനം നടത്തിയാല്‍ ഭാര്യക്ക് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ അധികാരമുണ്ട്. കാരണം നാടൊട്ടുക്ക് വേശ്യാലയങ്ങള്‍ തുറന്നു വച്ചിരിക്കുന്നിടത്ത് പുരുഷന്‍‌മാര്‍ വേശ്യാഗമനം നടത്തില്ലെന്ന് ഉറപ്പ് പറയാന്‍ ചാണക്യനാവില്ല. വേശ്യാഗമനം നടത്തിയ ഭര്‍ത്താവിനെ ഭാര്യക്ക് ശിക്ഷിക്കാം- എങ്ങനെ? ഭര്‍ത്താവ് വേശ്യയോടൊത്ത് ശയിച്ചു എന്നവള്‍ തെളിയിക്കണം! വീടുവിട്ട് പുറത്തിറങ്ങാന്‍ കഴിയാതെ ചുമരുകള്‍ക്കിടയില്‍ കിടന്നു കറങ്ങുന്ന നാരി എങ്ങനെ തെളിയിക്കും ഭര്‍ത്താവിന്റെ വേശ്യാഗമനം?

തെളിവുകളില്ലാതെ ഭര്‍ത്താവിന്റെ മേല്‍ വേശ്യാഗമനം ആരോപിക്കുന്ന സ്ത്രീയ്ക്കുള്ള ശിക്ഷ ഇങ്ങനെ-

അവളുടെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങി, ഭര്‍ത്താവ് അവള്‍ക്ക് ഏഴ് ഋതുകാലത്തേക്ക് കഠിന ശിക്ഷ നടപ്പാക്കുന്നു. ഭര്‍ത്താവിനെ ദുഷിച്ച ആ സ്ത്രീയെ നിലത്ത് കിടത്തുന്നു. ഭര്‍ത്താവാകട്ടെ മറ്റൊരു സ്ത്രീയുമായി സ്വന്തം ഭാര്യ കാണ്‍കെ അവളുമായി സഹശയനം ചെയ്യുന്നു.....!

എങ്ങനെയുണ്ട് ചാണക്യനെന്ന ബ്രാഹ്മണശ്രേഷ്ടന്റെ ബുദ്ധി. ഗൃഹസ്ഥക്ക് വീടിനു പുറത്ത് കടക്കാന്‍ പോലും വിലക്കുണ്ടായിരുന്ന അക്കാലത്ത് ഇത്തരമൊരു ഇത്തരമൊരു ഭീകര ശിക്ഷാ വിധി കാത്തിരിക്കുന്നു എന്ന് അറിയാവുന്ന ഏതെങ്കിലും സ്ത്രീ ഭര്‍ത്താവിന്റെ വേശ്യാഗമനം തെളിയിക്കാന്‍ ചാടിപ്പുറപ്പെടുമോ? ഈ അസ്വാതന്ത്ര്യം അവര്‍ക്ക് സഹിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ..

ക്ഷത്രിയനെ ഉപദേശിക്കാന്‍ ലഭിച്ചിരുന്ന വര്‍ഗ്ഗഗുണത്തെ ചാണക്യന്‍ വളരെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് കാരണം അന്നത്തെ വീട്ടമ്മ മാത്രമല്ല രാജപത്നിയും ആ കുടിലതയ്ക്ക് പാത്രമായി. സാധാരണ സ്ത്രീകളുടെ പാതിവ്രത്യ സംരക്ഷണത്തിന് നിയമമൊരുക്കിയ ചാണക്യന്‍ രാജമന്ദിരങ്ങളില്‍ അവിഹിതം നടക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്.

രാജാവ് തന്റെ ‘ദേവിമാര്‍ക്ക്’(രാജാവിന് ഇഷ്ടം പോലെ ദേവിമാരാകാം, പക്ഷെ ദേവിമാര്‍ക്ക് ഒരു സ്വാമിയെ പാടുള്ളൂ!) മുണ്ഡന്‍‌മാര്‍, കുടിലന്‍‌മാര്‍, ആഭിചാരന്‍‌മാര്‍ എന്നിവരോടൊ ബാഹ്യ ദാസികളോടൊ ഉള്ള പ്രതിസംസര്‍ഗ്ഗത്തെ പ്രതിഷേധിക്കണം, അതായത് വിലക്ക് ഏര്‍പ്പെടുത്തണം. ദേവിമാരെ അവരുടെ ചാര്‍ച്ചക്കാര്‍ ഗര്‍ഭം, വ്യാധി, മരണം എന്നീ സന്ദര്‍ഭങ്ങളിലൊഴിച്ച് കാണാന്‍ പാടില്ല. വേശ്യകള്‍ തേച്ചുകുളിച്ച് ശരീരം ശുദ്ധമാക്കി നല്ല വസ്ത്രങ്ങളും അലങ്കാരങ്ങളുമായിട്ട് ദേവിമാരെ പരിചരിക്കണം. എണ്‍‌പതു കഴിഞ്ഞ പുരുഷന്‍‌മാരും അമ്പതു കഴിഞ്ഞ സ്ത്രീകളും, ഷണ്ഡന്‍‌മാരും പരിചരിക്കുകയും ദേവിമാരെ സ്വാമിയുടെ (രാജാവിന്റെ) ഹിതത്തിങ്കല്‍ നിറുത്തുകയും വേണം-

നോക്കണേ, രാജപത്നിയായ സ്ത്രീക്കു കൂടി ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തിലൂടെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നത്. അക്കാലത്തെ കിഴങ്ങന്‍‌മാരായ ക്ഷത്രിയര്‍ ഇത്തരം ബ്രാഹ്മണശ്രേഷ്ടന്‍‌മാരെ അനുസരിച്ചുവെങ്കില്‍ അതൊരു മുജന്‍‌മ പുണ്യം തന്നെയാണ്!

മൌര്യകാലത്ത് മദ്യത്തിന് വിലക്കുണ്ടായിരുന്നില്ല. വറുത്ത എള്ളും യവവും പൊടിച്ച് തൈര്‍ ചേര്‍ത്തുണ്ടാക്കുന്ന കിണ്വമെന്ന മദ്യം അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഇവയുടെ കൂട്ടല്‍, അതായത് ചേരുവകകള്‍ യഥാവിധി ചേര്‍ത്ത് മദ്യം വാറ്റുന്ന ജോലി അന്ന് ചെയ്തിരുന്നത് പ്രത്യേക വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ചേര്‍ന്നാണെന്ന് അര്‍ത്ഥശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ബാലവേലക്ക് ഉദാഹരണം! കുട്ടികളെക്കൊണ്ട് ചെയ്യിച്ചിരുന്നത് മദ്യനിര്‍മ്മാണം‌- എങ്ങനെയുണ്ട് കൌടില്യ ഭരണതത്രജ്ഞത!

രാജകൊട്ടാരവുമായി ബന്ധപ്പെട്ട വേശ്യക്ക് പ്രത്യേക പരിരക്ഷകള്‍ നല്‍കാന്‍ തയ്യാറായ ചാണക്യന്‍ സാധാരണക്കാരായ സ്ത്രീകളുടെ സാമൂഹിക സ്ഥിതിയെ തച്ചുടക്കാനാണ് ശ്രമിച്ചത്. പുരുഷന്റെ അടിമകളാണ് സ്ത്രീകള്‍ എന്ന തരം താണ കാഴ്ച്ചപ്പാടാണ് ചാണക്യനുണ്ടായിരുന്നത്. അതികഠിനമായ പാതിവ്രത്യചര്യ സാധാരണ കുടുംബിനികള്‍ക്ക് വിധിച്ചിട്ടുള്ള കാലത്താണ് വേശ്യ അംഗീകൃതമായ ഒരു സാമൂഹികാവശ്യമായി നിലനിന്നത് എന്നോര്‍ക്കണം. മനുസ്മൃതിയില്‍ നിന്നും അര്‍ത്ഥശാസ്ത്രത്തിലേക്ക് എത്തുവാന്‍ വേണ്ടിവന്ന കാലയളവ് എത്രയായിരുന്നാലും സ്ത്രീയുടെ അവസ്ഥക്ക് മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. അതുമാത്രമല്ല പിന്നീടുള്ള രണ്ടായിരത്തോളം വര്‍ഷങ്ങളിലൂടെ ഇന്‍ഡ്യന്‍ മനസ്സ് സ്ത്രീയോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തിയതും ഇതേ ഭാവം തന്നെയായിരുന്നു-

നൂറ്റാണ്ടുകളായി അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞിരിക്കുന്ന ഇന്‍ഡ്യന്‍ സ്ത്രീത്വത്തെപ്പറ്റി ഇന്‍ഡ്യാ പൈതൃക വക്താക്കള്‍ക്ക് ഇപ്പോഴും മിണ്ടാട്ടമില്ല, കാരണം എല്ലാം കൊണ്ടും സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് ഇവര്‍ അവകാശപ്പെട്ടുന്ന ആ കാലത്തിന്റെ തിരിച്ചു വരവിനെ കുറിച്ചോര്‍ത്ത് അവര്‍ ഖിന്നരാണ്...ഇപ്പോഴും...!

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

Saturday, November 15, 2008

ചാണക്യനും വേശ്യകളും


മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന്‍ രാജഭണ്ഡാരത്തിലേക്ക് ധനം ശേഖരിക്കാനുള്ള വഴികളെ പറ്റി ആലോചിച്ച കുശാഗ്രബുദ്ധിയായ ഒരു മന്ത്രിയായിരുന്നു. വേശ്യാവൃത്തി നടത്തി പണം സമ്പാദിക്കുന്ന സ്ത്രീകളുടെ മേല്‍ നികുതി ഏര്‍പ്പെടുത്താന്‍ അദ്ദേഹം തുനിഞ്ഞത് ഇക്കാരണത്താലാണ്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രം പൌരാണിക ഭാരതത്തിന്റെ സാമൂഹികാവസ്ഥയുടെ പരിഛേദമാണ്. ബി സി 300നും 200നും ഇടയ്ക്കാണു അര്‍ത്ഥശാസ്ത്രം രചിക്കപ്പെട്ടത്. ഭാവനയോ വൈകാരികമായ വിധേയത്വമോ ഇല്ലാതെ ഒരു നിയമ ഗ്രന്ഥത്തിന്റെ നിസ്സംഗതയോടെ കാര്യങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അര്‍ത്ഥശാസ്ത്രത്തിന്റെ പ്രത്യേകത.

ഒരു സമൂഹത്തെ വേശ്യാവൃത്തി പോലുള്ള കുടിലതകളില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ച് രാജഭണ്ഡാരത്തിന് മുതല്‍കൂട്ടാനാണ് കൌടില്യന്‍ ശ്രമിച്ചത്. പണം കൊടുത്ത് ബന്ധപ്പെടാവുന്ന കൂലിവേശ്യകളെന്ന നിലയിലാണ് അര്‍ത്ഥശാസ്ത്രം ആ വിഭാഗത്തെ അവതരിപ്പിക്കുന്നത്.

രാജഭരണത്തെയും രാജ്യത്തെ സാമ്പത്തികസ്ഥിതിയെപ്പറ്റിയും പറയുന്നതിനിടയില്‍ നിരവധി ഭരണ വകുപ്പ് അദ്ധ്യക്ഷന്‍‌മാരെ ചാണക്യന്‍ പേരെടുത്ത് വിശേഷിപ്പിക്കുന്നുണ്ട്. അവരുടെ അധികാരങ്ങളും ചുമതലകളും വ്യക്തമക്കുന്നുമുണ്ട്. ആ കൂട്ടത്തിലെ ഒരു വകുപ്പ് മേധാവിയാണ് ഗണികാദ്ധ്യക്ഷ. അതായത് വേശ്യകളെ ഭരിക്കുന്നതിനും അവരില്‍ നിന്നും കരം ഈടാക്കി രാജ ഭണ്ഡാരത്തില്‍ എത്തിക്കാനും ചുമതലപ്പെട്ടവള്‍! അര്‍ത്ഥശാസ്ത്രത്തില്‍ നാല്പത്തിനാലാം പ്രകരണം ഇരുപത്തിയേഴാം അദ്ധ്യായമായി ഈ വകുപ്പ് ചേര്‍ത്തിരിക്കുന്നു.

വേശ്യാവൃത്തിയെ സമൂഹത്തിന്റെയും ഭരണാധികാരികളുടേയും മുന്നില്‍ ഒരു വ്യവസ്ഥാപിത സമ്പ്രദായമാക്കി മാറ്റുന്നതില്‍ ചാണക്യന്‍ വിജയം കണ്ടിരുന്നു. മതപരമോ ദൈവീകമോ ആയ ബാധ്യതകളൊന്നുമില്ലാതെ കേവലമായ വാണിജ്യാടിസ്ഥാനത്തില്‍ വിവാഹത്തിനു പുറത്ത് പുരുഷന്‍ സ്ത്രീയുമായി നടത്തുന്ന ലൈംഗിക ബന്ധമെന്ന നിലയില്‍ വേശ്യാവൃത്തിയെ ലാഘവത്തോടെ കാണാനുള്ള വ്യഗ്രതയാണ് ചാണക്യനെന്ന രാഷ്ട്രതന്ത്രജ്ഞനില്‍ നടമാടിയിരുന്നത്.

എന്നാല്‍ അക്കാലത്ത് ക്ഷേത്രമതിലുകള്‍ക്കകത്ത് ഭക്തന്‍‌മാരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങി ജീവിച്ചിരുന്ന ദേവദാസികളെപ്പറ്റി ചാണക്യന് മിണ്ടാട്ടമില്ല. ബ്രാഹ്മണരുടെ അധികാരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അര്‍ത്ഥശാസ്ത്രത്തിലൂടെ ചാണക്യന്‍ ആവും വിധം ശ്രമിച്ചിട്ടുണ്ട്. ദേവദാസി ആ നിലയില്‍ പ്രത്യേക സംരക്ഷണത്തിന്റെ പരിധിക്കകത്തായതാവാം കാരണം. മൌര്യകാലത്തെ സമൂഹത്തെ വേശ്യാവൃത്തി എന്ന ഹീനതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വേശ്യകള്‍ക്കായി ഒരു വകുപ്പും കരം‌പിരിവും ഏര്‍പ്പെടുത്തുകയാണ് ചാണക്യന്‍ ചെയ്തത്. ഇവിടെ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ തന്ത്രപൂര്‍വ്വം നിയന്ത്രണങ്ങളില്‍ നുന്നും ഒഴിവാക്കുക വഴി ചാണക്യനെന്ന രാഷ്ട്രതന്ത്രജ്ഞന്റെ ഇരട്ടത്താപ്പ് വ്യക്തമാവുന്നുണ്ട്. സമൂഹത്തില്‍ വേശ്യ ഒരു അഭിഭാജ്യ ഘടകമാണെന്നും അവള്‍ക്ക് നികുതി നിശ്ചയിക്കുന്നത് നന്നെന്നും കരുതിയിരുന്ന ഒരു ഭരണതന്ത്രജ്ഞനായിരുന്നു ചാണക്യന്‍. സ്വധര്‍മ്മത്തിനും സ്വവര്‍ഗ്ഗത്തിനും നിത്യസുഖത്തിനു വേണ്ടിയാണ് ചാണക്യന്‍ ഇത്തരം ഹീന വ്യവസ്ഥകള്‍ നിശ്ചയിച്ചത്.

വേശ്യകളുടെ ഉന്നമനത്തിനെന്ന പേരില്‍ രാജഭണ്ഡാരത്തിലേക്ക് മുതല്‍ കൂട്ടാന്‍ ആവിഷ്ക്കരിച്ച ഗണികാ വകുപ്പിന്റെ പ്രവര്‍ത്തന രീതി വളരെ വ്യക്തമായി തന്നെ ചാണക്യന്‍ പ്രതിപാദിക്കുന്നുണ്ട്. ഗണികാദ്ധ്യക്ഷ ഗണിക കുലത്തില്‍ പിറന്നവളോ അല്ലാത്തവളോ ആകാം. പക്ഷെ രൂപഗുണവും യൌവ്വനവും ശില്പനൈപുണ്യവും തികഞ്ഞവളായിരിക്കണമെന്ന് ചാണക്യനു നിര്‍ബന്ധമുണ്ടായിരുന്നു. ആയിരം പണമാണ് ഇവള്‍ക്കുള്ള പ്രതിഫലം. ഈ പ്രതിഫലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. ഒരു സ്ഥാപനമെന്ന നിലയില്‍ ഗണികാഗൃഹം നടത്തുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള പ്രതിഫലമാണ് ഈ തുകയെന്നും, അതല്ല ഗണികകള്‍ക്ക് അടയാഭരണങ്ങള്‍ വാങ്ങാനാണു ഈ തുകയെന്നും വാദങ്ങളുണ്ട്. ആയിരം പണം വാര്‍ഷികശമ്പളമാണെന്നും പറയപ്പെടുന്നു. എന്തായാലും തര്‍ക്കങ്ങള്‍ക്കിടയില്‍ തെളിഞ്ഞു വരുന്ന ഒരു സത്യം ഗണികാദ്ധ്യക്ഷക്ക് രാജാവു തന്നെ ഒരു നിശ്ചിത തുക പ്രതിഫലമായി നിശ്ചയിച്ചിരിന്നുവെന്നതാണ്.

പ്രതിഗണികയെ നിശ്ചയിക്കുന്നതിനും, അവള്‍ക്ക് കൊടുക്കേണ്ട പ്രതിഫലത്തെക്കുറിച്ചും ചാണക്യന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ഗണികാദ്ധ്യക്ഷയുടെ കീഴിലുള്ള ഒരു പ്രതിഗണികയുടെ പ്രതിഫലം കുടുംബത്തില്‍ പകുതി എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കുടുംബത്തില്‍ പകുതിയെന്നാല്‍ അവള്‍ക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ പകുതി എന്നര്‍ത്ഥം.

വേശ്യകളെ റാങ്കടിസ്ഥാനത്തില്‍ തരം‌തിരിക്കാനും ചാണക്യഗുരു മടിച്ചിരുന്നില്ല. സൌഭാഗ്യത്തിന്റേയും അലങ്കാരത്തിന്റേയും തോതനുസരിച്ച് വേശ്യകള്‍ക്ക് കനിഷ്ഠമോ മധ്യമമോ ഉത്തമമോ ആയ വാരം കല്‍പ്പിക്കണം. ആയിരം പൊന്ന്, അഞ്ഞൂറു പൊന്ന്, നൂറു പൊന്ന് എന്നിങ്ങനെ പ്രതിഫലം വാങ്ങി രാജാവ് ഇവയ്ക്കുള്ള അധികാരം വേശ്യമാര്‍ക്ക് നല്‍കണം. കനിഷ്ഠവാരക്കാര്‍ക്ക് കുടയും പാനയും, മധ്യമവാരക്കാര്‍ക്ക് അവയ്ക്കു പുറമെ ചാമരവും ആന്തോളവും ഉത്തമവാരക്കാര്‍ക്ക് ഇതെല്ലാറ്റിനും പുറമെ പീഠവും രഥവും എന്നിവ ഓരോരുത്തരേയും തിരിച്ചറിയാനായി കൊടുക്കണം.

ഒരിക്കല്‍ വേശ്യാവൃത്തിക്കിറങ്ങിയാല്‍ അതില്‍ നിന്നും മോക്ഷം ലഭിക്കുക അപ്രാപ്യമായിരുന്നു. കാരണം ഒരു വേശ്യയ്ക്ക് ഈ തൊഴില്‍ ഉപേക്ഷിച്ച് അത്രവേഗം രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഒരു നിയമകുരുക്കു കൂടി ചാണക്യന്‍ പണിതിരുന്നു. ഗണികയുടെ നിഷ്ക്രമം, അതായത് രാജദാസ്യം അവസാനിപ്പിക്കാന്‍ അവള്‍ കൊടുക്കേണ്ടി വരുന്ന കരം ഇരുപത്തിനാലായിരം പണമായിരുന്നു. അവള്‍ക്ക് ഒരു കുട്ടി കൂടിയുണ്ടെങ്കില്‍ വേറൊരു പന്തീരായിരം കൂടി നല്‍കണം. ഇതൊക്കെ സൂചിപ്പിക്കുന്നത് വേശ്യാവൃത്തിയെ ഭണ്ടാരം നിറക്കാനുള്ള ഒരു ഉപകരണമായിട്ടാണ് ചാണക്യന്‍ കണ്ടിരുന്നുവെന്നാണ്.

ഇതിനും പുറമെ ഗണികമാരെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്‍ കീഴില്‍ നടന്‍, നര്‍ത്തകന്‍, ഗായകര്‍, വാദകന്‍, വാഗ്ജീവനന്‍, കുശീവലന്‍, പ്ലവകന്‍(ഞാണിന്‍‌മേല്‍ കളിക്കാരന്‍), സൌദികന്‍(ഇന്ദ്രജാലക്കാരന്‍), ചാരണന്‍(സ്തുതി പാഠകന്‍) എന്നിവരെക്കൂടി ഉള്‍പ്പെടുത്താന്‍ ചാണക്യന്‍ ശ്രദ്ധിച്ചിരുന്നു.

പുരുഷന്‍‌മാരില്‍ നിന്ന് ഭോഗദ്രവ്യം വാങ്ങിയിട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന വേശ്യക്ക് ഭോഗദ്രവ്യത്തിന്റെ ഇരട്ടിയാണ് ദണ്ഡമായി നല്‍കേണ്ടത്. വസതി ഭോഗം( രാത്രിമുഴുവന്‍ വേശ്യാഗൃഹത്തില്‍ തങ്ങുന്നതിനുള്ള ദ്രവ്യം) വാങ്ങിയിട്ട് വഞ്ചിക്കുന്നവള്‍ക്ക് ഉപഭോക്താവില്‍ നിന്നും വാങ്ങിയതിന്റെ എട്ട് ഇരട്ടിയാണ് ദണ്ഡം. നോക്കണേ എന്ത് കെട്ടുറപ്പോടെയാണ് ചാണക്യന്‍ അക്കാലത്ത് വേശ്യാവൃത്തി നിലനിര്‍ത്താന്‍ തന്റെ കുശാഗ്ര ബുദ്ധിയിലൂടെ ശ്രമിച്ചിരുന്നതെന്ന്!

ആചാര്യ ബഹുലമായ ജീവിതത്തിന്റെ വര്‍ണ്ണ ഭംഗികളെന്ന നിലയിലല്ല മൌര്യസമൂഹത്തില്‍ വേശ്യ ഉദയം ചെയ്തത്. അതിന് അന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയുമായി ബന്ധമുണ്ടായിരുന്നു. വിശ്വാസത്തിന്റേയും ദൈവീക കല്പനയുടേയും കേവലമായ ആചാരാനുഷ്ടാനങ്ങളുടെ പരിധി വിട്ട് വ്യഭിചാരം ഒരു സുസംഘടിതമായ വ്യവസ്ഥയിലേക്ക് മൌര്യകാലത്ത് പ്രാമാണ്യം നേടി, അതിനു വഴി തെളിച്ചത് ചരിത്രം പാടി പുകഴ്ത്തുന്ന ചാണക്യനും...!

ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്, രാജ്യരക്ഷണം അവന്റെ ധര്‍മ്മമാണ്, രാജ്യതന്ത്രത്തില്‍ അവന് ഉപദേശം കൊടുക്കേണ്ടത് ജ്ഞാനിയായ ബ്രാഹ്മണനാണ് എന്ന് മുജന്മസുകൃതക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍, കൌടില്യനെന്ന ബ്രാഹ്മണന്റെ കുടിലതകളെ ഇവര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

ഒരു രാജവംശത്തെ തച്ചുതകര്‍ത്ത് മറ്റൊരു രാജവംശം സ്ഥാപിക്കാന്‍ കഴിഞ്ഞ ചാണക്യന് സമൂഹത്തിലെ അധ:സ്ഥിത വര്‍ഗത്തെ എങ്ങനെ കാല്‍കീഴിലാക്കി ഭരിക്കാമെന്ന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അതിനു നിദാനമാണ് മൌര്യകാലത്തെ അധ:സ്ഥിതരായ വേശ്യകളെ ചവുട്ടിയമര്‍ത്തിയതും, സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ തരം പോലെ സംരക്ഷിച്ചതും.

മൌര്യ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് അര്‍ത്ഥശാസ്ത്രത്തിന്റെ സ്വാധീനം. കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷമായി അര്‍ത്ഥശാസ്ത്രം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഒരിക്കല്‍ പോലും ചാണക്യനെന്ന ബ്രാഹ്മണനാല്‍ നികുതി ചുമത്തപ്പെട്ട വേശ്യയെപ്പറ്റിയോ അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞ പതിവ്രതയോപ്പറ്റിയോ, ഒരു ഇന്‍ഡ്യാ പൈതൃകക്കാരനും ഗൌരവമായി സംസാരിച്ചിട്ടില്ല....

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍