Friday, January 22, 2010

13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!

പതിമൂന്നുകാരിയായ പെൺകുട്ടിക്ക് തൊണ്ണൂറ് അടിയും രണ്ട് മാസത്തെ തടവും വിധിച്ചിരിക്കുന്നു സൌദി കോടതി!
ക്യാമറയുള്ള മൊബൈൽ ഫോണുമായി സ്കൂളിൽ ചെന്നതിനാണ് പെൺകുട്ടിക്ക് ഈ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. സൌദിഅറേബ്യയിലെ പെൺകുട്ടികളുടെ സ്കൂളിൽ യന്ത്രോപകരണങ്ങൾ കൊണ്ട് പോകുന്നതിനു വിലക്കുണ്ടത്രെ. സൌദി ഭരണകൂടത്തിന്റെ ഈ വിലക്ക് ലംഘിച്ചതിനാണ് പതിമൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുട്ടി ശിക്ഷിക്കപ്പെട്ടത്. സ്കൂളിലെ മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് തൊണ്ണൂറ് അടി നൽകിയ ശേഷം രണ്ട് മാസം ജയിലിൽ കഴിയാനാണ് വിധി...




ഭരണകൂടങ്ങൾ പൌരന്മാരുടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തുന്നതിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ല. പക്ഷെ ആ നിയമങ്ങൾ എല്ലാം തന്നെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനു തടസ്സം സൃഷ്ടിക്കാത്ത തരത്തിൽ മനുഷ്യാവകാശങ്ങളെ ലംഘിക്കാത്ത തരത്തിലുള്ളതായിരിക്കണം. അല്ലാതെയുള്ളവ കാടൻ നിയമങ്ങളുടെ പട്ടികയിൽ ഇടം തേടും. സൌദി ഭരണകൂടം തന്റെ പതിമൂന്നുകാരിയായ പ്രജയെ അതിക്രൂരമായി ശിക്ഷിക്കുക വഴി കാടൻ നിയമവ്യവസ്ഥയുടെ വക്താക്കളായി മാറിയിരിക്കുന്നു. പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അവകാശപ്പെടലുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. പതിമൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുട്ടിക്ക് തൊണ്ണൂറ് അടിയും രണ്ട് മാസം തടവുമാണ് പരിഷ്കൃതരായ ഭരണാധികാരികളുടെ നിയമ വ്യവസ്ഥ വിധിച്ചിരിക്കുന്നത്. വിലക്കുള്ള സ്കൂളിൽ ക്യാമറയുള്ള മൊബൈലുമായി പോയി എന്നതാണ് കുറ്റം!

മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത മതഭ്രാന്തൻ‌മാരാൽ നയിക്കപ്പെടുന്ന ഭരണകൂടങ്ങൾ ഇതിലും ഭീകരമായ ന്യായാന്യായങ്ങളില്ലാത്ത കാടൻ നിയമങ്ങളുമായി പതിയിരിക്കുന്നുണ്ട്, സ്വന്തം പ്രജകളെ ശിക്ഷിക്കാൻ.....



വാർത്തക്ക് കടപ്പാട്: മാധ്യമം