Saturday, October 9, 2010

നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക്...ചൈനീസ് ഭരണകൂടത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 2010ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക് തന്നെ എത്തിച്ചേർന്നു. ചൈനീസ് ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ലിയു ൿസിയോ ബോക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള പരമോന്നത ബഹുമതി.ചൈനയിലെ ജനാധിപത്യവാദിയും മനുഷ്യാവകാശ പ്രവർത്തകനുമായ ലിയു ൿസിയോ ബോ ഇപ്പോൾ പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ ചൈനീസ് തടവറയിൽ അനുഭവിച്ച് വരികയാണ്. ചൈനീസ് തടവറയിൽ കഴിയുന്ന അൻപത്തഞ്ചുകാരനായ ലിയു ൿസിയോ ബോക്ക് നോബേൽ സമ്മാനം നൽകാനുള്ള നോർവ്വെ സർക്കാരിന്റെ തീരുമാനത്തെ ചൈനീസ് ഭരണകൂടം നഖശിഖാന്തം എതിർത്തിരുന്നു. എന്നാൽ ചൈനയിൽ മനുഷ്യാവകാശങ്ങൾക്കായി ൿസിയോ ബോ നടത്തി വരുന്ന സമാധാനപരവും ദീർഘവുമായ പോരാട്ടങ്ങളാണ് അദ്ദേഹത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹനാക്കിയതെന്ന് നോബേൽ സമ്മാന സമിതി വ്യക്തമാക്കി. ഭരണകൂടത്തിന്റെ ശിക്ഷ അനുഭവിക്കുന്ന ൿസിയോ ബോക്ക് അവാർഡ് നൽകിയാൽ നോർവ്വെയുമായുള്ള ബന്ധം വഷളാകുമെന്ന് ചൈന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എല്ലാ മുന്നറിയിപ്പുകളെയും എതിർപ്പുകളെയും അവഗണിച്ച് നോർവ്വെ, ‘ഭരണകൂടത്തിന്റെ തടവുപുള്ളിക്ക്‘ തന്നെ സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകി! സാമ്പത്തിക-രാക്ഷ്ട്രീയ രംഗങ്ങളിൽ ചൈന ഇപ്പോൾ ആഗോള വൻശക്തിയാണെന്നും വൻശക്തികൾ വിമർശനത്തിനു വിധേയമാകുന്നത് സ്വാഭാവികമാണെന്നുമായിരുന്നു അവാർഡ് പ്രഖ്യാപനത്തിനു ശേഷം അവാർഡ് സമിതി ചെയർമാൻ തോർബ് ജോൺ ജാഗ്ലാൻഡിന്റെ പ്രതികരണം.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ൿസിയോ ബോയുടെ പോരാട്ടങ്ങൾ ചൈനീസ് ഭരണകൂടത്തിനു തലവേദനയായിരുന്നു. രാജ്യാന്തര പൊതുസമൂഹത്തിന്റെ പിന്തുണ ആർജ്ജിച്ച ൿസിയോ ബോ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ സമവായമില്ലാത്ത സമരമുറകൾ സ്വീകരിച്ചു. അക്രമരാഹിത്യ സമരത്തിലൂടെ വളരെ സാവധാനം എന്നെന്നും നിലനിൽക്കുന്ന ഒരു സമൂല മാറ്റത്തിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങൾ. അക്രമാധിഷ്ഠിത സംഘർഷത്തിനു പകരം സമാധാനപരവും സമയബന്ധിതവുമായ രാക്ഷ്ട്രീയ മാറ്റം വേണമെന്ന ചിന്താഗതിയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഇതിലെ ‘രാക്ഷ്ട്രീയ മാറ്റം‘ എന്ന ലക്ഷ്യം ചൈനീസ് ഭരണകൂടത്തെ ഏറെ ചൊടിപ്പിച്ചു. ൿസിയോ ബോയുടെ ജനപിന്തുണയിൽ ഭയചകിതരായ കമ്മ്യൂണിസ്റ്റ് ഭരണകൂടം രാജ്യത്ത് കിട്ടാവുന്ന എല്ലാ നിയമങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. 1989 മുതൽ വിവിധ കുറ്റങ്ങൾ ചുമത്തി വിവിധ കാരണങ്ങൾ പറഞ്ഞ് ൿസിയോ ബോയെ തടവറയിലാക്കി.

2008ൽ ൿസിയോ ബോ, ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാക്ഷ്ട്രീയ മേധാവിത്വം അവസാനിപ്പിക്കണമെന്നും ബഹുകക്ഷി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്ന് ആവശ്യപ്പെടുന്ന ‘ചാർട്ടർ08‘ എന്ന അവകാശപത്രികയുമായി രംഗത്തെത്തി. ആയിരത്തോളം പേർ ഒപ്പിട്ട ഈ അവകാശപത്രികയുടെ പേരിൽ ഭരണകൂടം അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി. പേരിനൊരു വിചാരണ നടത്തി കഴിഞ്ഞ ക്രിസ്മസ് നാളിൽ ൿസിയോ ബോക്ക് പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. 1989ൽ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു അന്ത്യംകുറിച്ച വെൽ‌‌വെറ്റ് വിപ്ലവത്തിനിടയാക്കിയ ‘ചാർട്ടർ77‘ നു സമാനമായിരുന്നു ൿസിയോ ബോയുടെ ‘ചാർട്ടർ08‘. ചൈനീസ് രാക്ഷ്ട്രീയത്തിന്റെ ജനാധിപത്യവത്കരണത്തെ അധികകാലം തടഞ്ഞു നിർത്താൻ കഴിയില്ലായെന്ന അവകാശപത്രികയിലെ പ്രഖ്യാപനം ഭരണകൂടത്തെ വീണ്ടും ചൊടിപ്പിച്ചു. തുടർന്നാണ് പതിനൊന്ന് വർഷത്തെ ശിക്ഷ നൽകി ൿസിയോ ബോയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിച്ചത്. 1989ലെ ചെക്കോസ്ലോവാക്യയിലെ വെൽ‌വെറ്റ് വിപ്ലവത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല അറിവുണ്ടായിരുന്നു. ആ അറിവിന്റെ വെളിച്ചത്തിൽ ചരിത്രം ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻ‌കരുതലുകളെല്ലാം ഭരണകൂടം കൈക്കൊണ്ടു!.

സമാധാനത്തിനുള്ള നോബൽ സമ്മാന നാമനിർദ്ദേശിക പത്രികകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച വർഷമാണിത്. 237 നാമനിർദ്ദേശിക പത്രികകളിൽ നിന്നുമാണ് ൿസിയോ ബോയെ തെരെഞ്ഞെടുത്തത്. മുൻ നോബേൽ സമ്മാന ജേതാക്കളായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടിറ്റുവിന്റേയും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടേയും പിന്തുണ ൿസിയോ ബോക്ക് ഉണ്ടായിരുന്നു. മുൻപ് ദലൈലാമയ്ക്ക് നോബേൽ സമ്മാനം നൽകിയപ്പോഴും ചൈന എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. മുതലാളിത്ത രാജ്യങ്ങളുടെ സ്വാധീനത്തിനു വഴങ്ങിയാണ് നോർവ്വെ സമാധാന സമ്മാനം ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനു നൽകിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏതു വിധേനയും തറപറ്റിക്കാൻ തക്കം പാർത്ത് കഴിയുന്ന സാമ്രാജ്യത്വ ശക്തികളുടെ മറ്റൊരു തന്ത്രമായും ഈ നോബേൽ സമ്മാനത്തെ വിലയിരുത്തുന്നുണ്ട്.
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ

12 comments:

ചാണക്യന്‍ said...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏതു വിധനേയും തറപറ്റിക്കാൻ തക്കം പാർത്ത് കഴിയുന്ന സാമ്രാജ്യത്വ ശക്തികളുടെ മറ്റൊരു തന്ത്രമായും ഈ നോബേൽ സമ്മാനത്തെ വിലയിരുത്തുന്നുണ്ട്....

പാവത്താൻ said...

ഒരാൾ പറയുന്നതു ശരിയായാലും തെറ്റായാലും, അതിനോടു നാം യോജിച്ചാലും ഇല്ലെങ്കിലും അയാൾക്കതു പറയാനുള്ള സ്വാതന്ത്ര്യത്തിനായി നാം പോരാടുക തന്നെ വേണം. അതിനി നൊബേൽ സമ്മാനം കൊടുത്തിട്ടായാലും വേണ്ടില്ല.

നിസ്സഹായന്‍ said...

സാമൂഹിക നീതിയ്ക്കുവേണ്ടി(സോഷ്യലിസം ആയിരിക്കാം) പ്രയത്നിക്കുന്ന ചൈനയ്ക്ക് മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ഭരണാധികാരികള്‍ പറയുന്ന ന്യായം തന്നെ മനുഷ്യാവകാശധ്വംസനം നടത്തുന്നുണ്ടെന്നതിന്റെ തെളിവല്ലേ ? മനുഷ്യാവകാശങ്ങളെ ഭീകരമായി ധ്വംസിക്കപ്പെടുമ്പോള്‍ സമാധാനത്തിന്റെ രീതിയിലെങ്കിലും അതിനോട് സമരം ചെയ്യേണ്ടത് പൌരന്മാരുടെ കടമയല്ലേ ? പൌരാവകാശത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് സമ്മാനം കൊടുത്താല്‍ അത് രാജ്യത്തെ ആക്ഷേപിക്കലാണെന്നും സാമ്രാജ്യത്തഗൂഢാലോചനയാണെന്നും മാത്രം ന്യായം പറയുന്നത് ശരിയാകുമോ ?

ഷൈജൻ കാക്കര said...

"2008ൽ ൿസിയോ ബോ, ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാക്ഷ്ട്രീയ മേധാവിത്വം അവസാനിപ്പിക്കണമെന്നും ബഹുകക്ഷി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്ന് ആവശ്യപ്പെടുന്ന ‘ചാർട്ടർ08‘ എന്ന അവകാശപത്രികയുമായി രംഗത്തെത്തി. ആയിരത്തോളം പേർ ഒപ്പിട്ട ഈ അവകാശപത്രികയുടെ പേരിൽ ഭരണകൂടം അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി. പേരിനൊരു വിചാരണ നടത്തി കഴിഞ്ഞ ക്രിസ്മസ് നാളിൽ ൿസിയോ ബോക്ക് പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു."

ഇതു താൻ കമ്യുണിസം... കമ്യുണിസ്റ്റ് മാനവികത...

നോബൽ സമ്മാനം കൊടുത്ത്‌ കമ്യുണിസത്തെ തകർക്കേണ്ട വല്ല കാര്യമുണ്ടോ??? അത്‌ കമ്യുണിസ്റ്റ്കാർ തന്നെ ഭംഗിയായി ചെയ്യുന്നുണ്ടല്ലോ!!!

സോഷ്യലിസ്റ്റ് മതേതര ജനാധിപത്യത്തിനായി അണിചേരു... മാനവികത ഉയർത്തിപ്പിടിക്കു... കാക്കരയും കൂടെയുണ്ട്...

Unknown said...

ഈ ചാണക്യനെന്നാണോ ഒരവാർഡ് കിട്ടുക.

അജേഷ് ചന്ദ്രന്‍ ബി സി said...

ഇതിലൊക്കെ എന്തു കാര്യം...
ഒരു വലിയ ജനതയെ അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നേടാന്‍ പടിപ്പിച്ചു കൊടുത്ത മഹാത്മാഗാന്ധിയ്ക്കു കൊടുക്കാന്‍ അറച്ചവരുടെ ദാനമല്ലേ ഇത്...
ഓരു കോപ്പും ചെയ്യാത്ത ഒബാമയ്ക്കു കൊടുക്കാന്‍ അവര്‍ കാണിച്ച താല്പര്യം നമ്മള്‍ കണ്ടതല്ലേ ....
സത്യത്തില്‍ ചൈനീസ് നേതാവ് അത് നിരസിയ്ക്കുകയാണ്‌ വേണ്ടത്.........

ചാണക്യന്‍ said...

@ അജേഷ് ചന്ദ്രന്‍ ബി സി ,

താങ്കളുടെ അഭിപ്രായത്തിനു നന്ദി...
അതെ അത് തന്നെയാണ് വേണ്ടത്...

നിസ്സാരന്‍ said...

അതെ അത് തന്നെയാണ് ലിയു സിയാബോ ചെയ്യേണ്ടത്, നോബേല്‍ സമ്മാനം നിരസിക്കുക എന്നിട്ട് ഇപ്പോഴത്തെ 11വര്‍ഷ തടവ് വെട്ടിച്ചുരുക്കി തന്നെ ഉടനെ തൂക്കിലേറ്റാന്‍ പറയുക, മാത്രമല്ല ഇത് പോലെ ആരെങ്കിലും സ്വാതന്ത്ര്യം എന്നൊക്കെ പറയാന്‍ തുനിഞ്ഞാല്‍ അപ്പോള്‍ തന്നെ വെടിവെച്ചുകൊല്ലാനും പറയുക. എങ്ങനെയുണ്ട് സഗാവേ എന്റെ പുത്തി ..?

smitha adharsh said...

നന്ദി..ഈ അറിവുകള്‍ക്ക്..

krishnakumar513 said...

നന്നായീ ഈ പോസ്റ്റ്...

Asok Sadan said...

നോബല്‍ പുരസ്കാരത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ സ്നിഫര്‍ ഡോഗ്സിനെ പോലെ മണത്തു നടക്കുവാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായിരിക്കുന്നു. ഇതിലും കാണും എന്തെങ്കിലും കച്ചവട സാധ്യത. സത്യത്തിനു വേണ്ടി നിലകൊള്ളുന്നവനെ ചരിത്രം ആദരിക്കും തലമുറകള്‍ അവര്‍ക്ക് വേണ്ടി ഗീതികളാലപിക്കും. അതാണ്‌ കാലത്തിന്‍റെ സാക്ഷ്യം. പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ചൈനീസ് കളിപ്പാട്ടങ്ങളോടാണ് താല്പര്യം. വിലകുറവാണതിന്......അവര്‍ക്കെവിടെ മനുഷ്യാവകാശ സമരകാഹളങ്ങളുടെ കഥകള്‍ക്ക് കാതോര്‍ക്കുവാന്‍ നേരം....

Sabu Kottotty said...

m.....