Thursday, February 26, 2009

ശിവയ്ക്കും സരിജയ്ക്കും സ്നേഹപൂര്‍വ്വം.....


എന്റെ പ്രിയപ്പെട്ട ശിവാ,

“അവള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ ആണ്. ഒരിയ്ക്കല്‍ അത്‌ അവളോട്‌ പറയാനാകാതെ ഏറെ ദിവസങ്ങള്‍ ഞാനലഞ്ഞു നടന്നു. താഴ്‌വരകളില്‍ അവള്‍ക്കായ്‌ ഞാന്‍ കാത്തിരുന്നു , അവളറിയാതെ. പറയാതെ എല്ലാം ഞാന്‍ അവളോട് പറഞ്ഞിരുന്നു, പലപ്പോഴും. അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ച് അവള്‍ അകന്ന് നിന്നു. അന്നൊക്കെ ഞാന്‍ ഓര്‍മ്മകളുടെ തടവറയിലേയ്ക്ക് സ്വയം ഒതുങ്ങിക്കൂടി.....”-

ഓര്‍മ്മകളുടെ തടവറയില്‍ നിന്നും സത്യത്തെ കാണാനും അറിയാനും മനസ്സു തുറന്ന ശിവയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍....

“ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്....“

എന്റെ ശിവാ....ദാ..നിന്റെ വാക്കുകള്‍ തികച്ചും അന്വര്‍ത്ഥമാകുന്നു..എന്റെ പ്രിയ സുഹൃത്തേ.....

“ അകലെ ഒരുപാട് അകലെ മഴമേഘങ്ങളുടെ നാട്ടില്‍ അവള്‍ ഏകയായിരിക്കുമോ? എന്നെ ഓര്‍ക്കുന്നുണ്ടാകുമോ?“-

ഓര്‍ക്കുന്നുണ്ടായിരിക്കണം.... . ശിവാ....അവളിപ്പോള്‍ നിന്റേതല്ലെ..ചോദിച്ച് നോക്ക്....

“സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കിടയിലൂടെ ചന്ദ്രബിംബം പിന്നെയും ഉയര്‍ന്നുവന്നു...”

ശിവാ.. ഇനിയും നീ അവിടെ പോവുക, അതവള്‍ക്ക് കാട്ടി കൊടുക്കണം....നിന്റെ സരിജയ്ക്ക്....

“നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന നീളമേറിയ മുടികള്‍ക്ക് പിന്നിലെ ആ മുഖം ഞാന്‍ കാണാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തലകുനിച്ച് പാദസരമണിഞ്ഞ കാലുകളാല്‍ പുല്‍നാമ്പുകളിലെ വെള്ളത്തുള്ളികള്‍ ചവിട്ടിത്തെറുപ്പിച്ച് ഇരുളിലേയ്ക്ക് അവള്‍ ഒരിക്കല്‍ കൂടി ഓടി മറഞ്ഞു. ആ പാ‍ദസരകിലുക്കം എന്നും എനിക്ക് പ്രിയതരം ആയിരുന്നു. ഇപ്പോള്‍ എനിക്ക് ചുറ്റും മഞ്ഞ് വല്ലാതെ മണക്കുന്നുണ്ടായിരുന്നു...”

അതെ..ശിവാ..ഇപ്പോള്‍ നിനക്കു ചുറ്റും മഞ്ഞ് വല്ലാതെ മണക്കുന്നുണ്ട്.....

“വസന്തവും ശൈത്യവും മാറി വന്നു. അത്‌ മറക്കപ്പെട്ടു എന്ന് എല്ലാവരും കരുതി. ആരും അതേപ്പറ്റി ഓര്‍ത്തില്ല. പക്ഷെ ഞാന്‍ ഓര്‍ത്തു, അവളെ മാത്രം....”-

എന്റെ ചിഹ്നഹള്ളിയിലെ എഴുത്തുകാരാ..നിന്റെ വാക്കുകള്‍ സത്യമാണെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു....സന്തോഷമായി സുഹൃത്തെ......ഏറെ....ഏറെ....ആശംസകള്‍....



"ഡിസംബറില്‍ ചിന്നഹള്ളി‍യിലെ തണുത്ത കാറ്റിനും പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍ക്കും കാപ്പിപ്പൂക്കളുടെ മണമായിരുന്നു.
"

-ശിവ, എത്ര മനോഹരമായി നീ എഴുതുന്നു... എന്നില്‍ അസൂയയുണര്‍ത്താന്‍ പോന്ന മനോഹാരിത......‌-

സരിജേ, നിന്നില്‍ അസൂയയുണര്‍ത്താന്‍ പോന്ന മനോഹാരിത ഇന്ന് നിനക്ക് സ്വന്തമല്ലെ.....:):)




-“ചിന്നഹള്ളിയിലെ എഴുത്തുകാരാ,
അക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ക്കുന്ന മനോഹാരിതക്കു മുന്നില്‍ ഞാന്‍ നിശബ്ദയാകുന്നു. നീ എഴുതിക്കൊണ്ടേയിരിക്കുക...“-

നീയെന്നല്ല, നിങ്ങള്‍.....രണ്ടുപേരും.....എഴുതിക്കൊണ്ടേയിരിക്കുക......



‌-യാത്ര ചെയ്യാന്‍, പാട്ടുകള്‍ കേള്‍ക്കാന്‍, മഴ നനയാന്‍, കുന്നുകള്‍ കയറിയിറങ്ങി നടക്കാന്‍, മഞ്ഞു മൂടിയ മലനിരകള്‍ക്കു മേലെ ചന്ദ്രബിംബം ഉയര്‍ന്ന് വരുന്നത് കാണാന്‍, രാക്കുയിലിന്റെ പാട്ട് കേള്‍ക്കാന്‍.......-

യാത്ര തുടരുക പ്രിയ സുഹൃത്തെ.....ഒപ്പം അവളേയും കൂട്ടുക.....ശുഭയാത്ര..............



ശിവയ്ക്കും സരിജയ്ക്കും വേണ്ടി ചിത്രം അയച്ചു തന്ന മാണിക്യാമ്മക്ക് നന്ദി.....



ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ശിവയ്ക്കും വധു സരിജയ്ക്കും സമര്‍പ്പിക്കുന്നു..............