Wednesday, January 7, 2009

www.songs.pk

മുംബൈയില്‍ നടമാടിയ ഭീകരാക്രമണ പരമ്പരകള്‍ക്ക് ശേഷം ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം നാള്‍ക്ക് നാള്‍ വഷളാവുകയാണ്. ഭീകരാക്രമണങ്ങളിലുള്ള പാക് ഭീകരുടെ ബന്ധം ആദ്യം നിഷേധിച്ചുവെങ്കിലും ഇന്‍ഡ്യയുടെ തെളിവുകള്‍ കൈമാറലും അതോടൊപ്പമുണ്ടായ നിരന്തര സമ്മര്‍ദ്ദവും കാരണം പാകിസ്താന്‍ ചുവട് മാറ്റാന്‍ തയ്യാറായി. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിന് വിധേയമായ പാകിസ്താന്‍, ഭീകരരെ ഇന്‍ഡ്യക്ക് കൈമാറില്ലെന്നും വേണമെങ്കില്‍ ഇന്‍ഡ്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവരെ പാക് മണ്ണില്‍ വെച്ച് ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് എത്തി നില്‍ക്കുന്നത്.

ഒരു യുദ്ധ സാധ്യത രണ്ട് രാജ്യങ്ങളും തള്ളിക്കളയുന്നുണ്ടെങ്കിലും ഇരുവരും തങ്ങളുടെ അതിര്‍ത്തികളില്‍ കൊണ്ടുപിടിച്ച സന്നാഹങ്ങള്‍ നടത്തുന്നുണ്ട്. പലേടത്തു നിന്നും പട്ടാളത്തെ പിന്‍‌വലിച്ച് അതിര്‍ത്തിയില്‍ വിന്യസിക്കുന്ന നടപടി ഇരു ഭാഗത്തും പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്‍ഡ്യന്‍ പോര്‍വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്താന്‍ പരാതിപ്പെടുകയുണ്ടായി. എന്നാല്‍ സാധാരണയുള്ള നിരീക്ഷണ പറക്കല്‍ മാത്രമെ നടത്തിയുള്ളൂ എന്ന വിശദീകരണമാണ് ഇന്‍ഡ്യ നല്‍കിയത്.

മുംബൈ ആക്രമണത്തിനു ശേഷം ഭീകരര്‍ വെറുതെ ഇരിക്കുന്നില്ല എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തരുന്ന മുന്നറിയിപ്പ്. ഇന്‍ഡ്യയിലെ കം‌പ്യൂട്ടര്‍ ശൃംഖല തകര്‍ക്കാനുള്ള പദ്ധതികളുമായി അവര്‍ സജീവമാണ്. ഒരു സൈബര്‍ യുദ്ധത്തിനുള്ള സാധ്യത അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. വിവിധ വെബ് സൈറ്റുകളിലൂടെ ഇന്‍ഡ്യന്‍ നെറ്റ് വര്‍ക്കുകളിലേക്ക് നുഴഞ്ഞ് കയറാന്‍ പാകിസ്താനി ഹാക്കര്‍മാര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഡ്യയില്‍ നിന്നും ധാരാളം ഹിറ്റുകള്‍ പ്രവഹിക്കുന്ന പാക് വെബ് സൈറ്റുകള്‍ ഇതിനായി ഉപയോഗപ്പെടുത്താന്‍ പാക് ഹാക്കര്‍മാര്‍ ശ്രമിക്കും. അത്തരത്തിലൊരു വെബ് സൈറ്റാണ് www.songs.pk ദിനേന 15 ലക്ഷത്തോളം ഇന്‍ഡ്യക്കാര്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വെബ് സൈറ്റ് ദുരുപയോഗം ചെയ്തു മാത്രം നിമിഷ നേരം കൊണ്ട് ഇന്‍ഡ്യയിലെ ലക്ഷക്കണക്കിന് കം‌പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.

ശേഷി കുറഞ്ഞ വൈറസുകള്‍ക്ക് പകരം ബോട്നെറ്റ്, സുംബീ തുടങ്ങിയ വിനാശകാരികളെ കടത്തിവിട്ടായിരിക്കും പാക് ഹാക്കര്‍മാര്‍ ഇന്‍ഡ്യന്‍ സെര്‍വറുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പാക് സൈറ്റുകളില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്തവര്‍ക്ക് പുതിയ ഇനം വൈറസുകളും വേമുകളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായിരിക്കാം ഇതെന്നാണ് ആഭ്യന്തര വകുപ്പ് വൃത്തങ്ങളുടെ നിഗമനം.

ലഭ്യമായ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ www.songs.pk എന്ന സൈറ്റ് ദുരുപയോഗം ചെയ്ത് ഭീകരര്‍, ഇന്‍ഡ്യന്‍ ശൃംഖലകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് വേണം കരുതാന്‍. ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ വിലക്കുന്നുണ്ട്.

സൂക്ഷിക്കുക, നിങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്ന ഒരു ഗാനം വഴിയായിരിക്കാം മാരക വൈറസുകള്‍ നിങ്ങളുടെയും, മറ്റുള്ളവരുടെയും അതുവഴി ഈ രാജ്യത്തിന്റെ ആകമാനവും കം‌പ്യൂട്ടറുകളെ നശിപ്പിക്കുന്നത്...

So beware of www.songs.pk

19 comments:

ചാണക്യന്‍ said...

Beware of www.songs.pk.com

പൊറാടത്ത് said...

അയ്യോ.. ഇങ്ങനെയുമുണ്ടോ തന്ത്രങ്ങൾ..

വെറുത്യല്ല ഇങ്ങോർക്ക് ചാണക്യൻ എന്ന പേര് :)

വിവരം തന്നതിന് നന്ദി

ഹരീഷ് തൊടുപുഴ said...

ചണക്യജി; നന്ദി..

ഇനി ഞാനാ വഴിയിലേക്കേ നോക്കില്ല...

ജിജ സുബ്രഹ്മണ്യൻ said...

ഈ വാർത്ത ഇന്നു കണ്ടിരുന്നു.ഏതെല്ലാം വഴിയിലൂടെയാ നമ്മളെ നശിപ്പിക്കാൻ നോക്കുന്നത്.ഭയമാകുന്നു.ഇപ്പോൾ ഒരു പാട്ട് ഡൗൺ ലോഡ് ചെയ്യാൻ പോലും വയ്യാത്ത അവസ്ഥ.ഈ വിവരം ബൂലോകരെ അറിയിച്ചതിനു നന്ദി

കാപ്പിലാന്‍ said...

Thanks chanakya :)

നന്ദ said...

ഞാനും www.songs.pk യുടെ ഒരു വിസിറ്ററാണ്. അപ്പോ, അവസാനമുള്ള ആ ‘.com' ഇനി ശ്രദ്ധിക്കണം എന്ന് സാരം അല്ലേ?

വിവരത്തിന് നന്ദി.

ചാണക്യന്‍ said...

നന്ദ, കമന്റിനു നന്ദി...www.songs.pk എന്നു തന്നെയാണ് സൈറ്റിന്റെ പേര്. com ചേര്‍ക്കേണ്ട കാര്യമില്ല. അത് മറ്റൊരു സൈറ്റ് ആണ്. സന്ദര്‍ഭോചിതമായ കമന്റിന് നന്ദി..നന്ദ...പിശക് തിരുത്താന്‍ കഴിഞ്ഞു.

അനില്‍@ബ്ലോഗ് // anil said...

അറിയിപ്പിനു നന്ദി ചാണക്യാ.

ശ്രദ്ധിക്കാം.

ഓഫ്ഫ്:
യാരിദിനെപ്പോലെയുള്ള പുലികള്‍ ഉള്ള ഇന്ത്യാ മഹാരാജ്യത്തെ അത്രപെട്ടന്ന് വൈറസുകള്‍ പിടിക്കുമോ?

നന്ദ said...

ആദ്യം ഇട്ട അഡ്രസ്സിലെ “.com“ കണ്ട് സന്തോഷിച്ചതായിരുന്നു; ഇത് കള്ള സൈറ്റല്ലേ, എഴുതുമ്പോ ശ്രദ്ധിച്ചാല്‍ മതിയല്ലോ എന്ന്. അപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണോ?
:(

കൂടുതല്‍ വിവരങ്ങള്‍?

യാരിദ്‌|~|Yarid said...

ഈ പ്രശ്നത്തെക്കുറിച്ചു പറഞ്ഞതു ശരിയാണു, പക്ഷെ വസ്തുതാപരമായ ചില തെറ്റുകൾ ഇതിൽ കടന്നു കൂടിയിട്ടുണ്ട്, വിശദമായി എഴുതാം പിന്നെ.

Ranjith chemmad / ചെമ്മാടൻ said...

നന്ദി, നല്ല വിവരങ്ങള്‍ക്ക് ചാണൂ...

യാരിദ്‌|~|Yarid said...
This comment has been removed by the author.
Siju | സിജു said...

ഇതിനെ പറ്റിയുള്ള ഫോര്‍വേഡുകള്‍ കണ്ടിരുന്നു. പക്ഷേ, ഇങ്ങനെയെന്തെങ്കിലും സംഭവിച്ചതോ സംഭവിക്കാന്‍ സാധ്യതയുള്ളതോ ആയ വിശ്വസനീയമായ വിവരം വല്ലതും ഉണ്ടോ..

ഹിന്ദി സിനിമ/ആല്‍ബം ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സൈറ്റ് ആണിത്. മറ്റു പല സൈറ്റുകളും തന്നെ ഇവിടെ നിന്ന് ഡൌണ്‍ലോഡി തങ്ങളുടെ പേരിലാക്കി ഇറക്കുന്നുമുണ്ട്. അതു കൊണ്ട് തന്നെ ആരോ ബോധപൂര്‍വ്വം ഇറക്കിയ ഒരു ഭീഷണിയാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എങ്കിലും വൈറസ് കേറിയാല്‍ എന്തു ചെയ്യണമെന്ന് അറിയാത്തവരും ഓഫീസ് പോലെ പ്രധാനപെട്ട ഇടങ്ങളില്‍ നിന്ന് ഡൊണ്‍ലോഡ് ചെയ്യുന്നവരുമൊക്കെ ശ്രദ്ധിക്കുന്നത് തന്നെയാണ് നല്ലത്.

വേണു venu said...

നന്ദി ചാണക്യന്‍.
പാട്ടു പെട്ടി പൊട്ടിക്കുന്ന പാട്ടു കേള്‍ക്കാതിരിക്കാം...

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി ചാണക്യന്‍.. ഈ അറിവിന്‌...

Siju | സിജു said...

songs.pk has put a note on their website about this rumour stating its a false rumour
http://www.songs.pk/note.png

also see links from anti virus sites for the analysis
http://safeweb.norton.com/report/show?name=songs.pk
http://www.siteadvisor.com/sites/songs.pk

നരിക്കുന്നൻ said...

ഈ വാർത്ത ചാനലിലൂടെ കണ്ടിരുന്നു. ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിയതിന് നന്ദി.

സൈബർ ലോകം വൻ കുതിപ്പ് നടത്തുമ്പോൾ യുദ്ധമുറകൾ പോലും ഇന്റെർനെറ്റ് വഴി തുടങ്ങിയിരിക്കുന്നു. സൈബർ യുദ്ധത്തെ കുറിച്ച് യാരിദ് മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. http://cyberloakam.blogspot.com/2008/08/blog-post_20.html
റഷ്യയും ജോർജ്ജിയയും തമ്മിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ സൈബർ യുദ്ധം തുടങ്ങിയിരുന്നു എന്നായിരുന്നു ആ പോസ്റ്റിൽ പറഞ്ഞത്. ഇത് പോലെ ഇന്ത്യയും പാക്കിസ്ഥാനും ഒരു നീക്കം നടത്തില്ലന്നാരു കണ്ടു.

ജാഗ്രതൈ!

anamika said...

ee munnariyippinu nandi chaanakyaa

അജയ്‌ ശ്രീശാന്ത്‌.. said...

മാതൃഭൂമിയില്‍ ഇതിനെക്കുറിച്ച്‌
വിശദമായ റിപ്പോര്‍ട്ട്‌ കണ്ടിരുന്നു...
അക്കാര്യം ഈ ബ്ലോഗിലൂടെ
വായിക്കാന്‍ അവസരമൊരുക്കിയതിന്‌
നന്ദി ചാണക്യന്‍.....

പിന്നെ സോംഗ്സ്‌. പി കെ എന്ന
വെബ്സൈറ്റില്‍ സാധാരണഗതിയില്‍
വൈറസ്‌ ഉള്ളതായി കാണാറുണ്ട്‌..
ചില പോപ്പ്‌ അപ്പ്‌ വിന്റോകള്‍ക്കൊപ്പം
വൈറസ്‌ നോട്ടിഫിക്കേഷനും
ലഭിക്കുന്നത്‌ കൊണ്ടു അതൊന്നും
സാരമാക്കാറില്ല...
എന്നാല്‍
വൈറസ്‌; ഇഗ്നോര്‍, ഡിലീറ്റ്‌, കണ്ടിന്യൂ...
എന്നൊക്കെയുള്ള ഒരു വിന്‍ഡോ
പോലും വരാത്തവിധത്തില്‍
പുതിയതും വ്യത്യസ്തവുമായ
വൈറസുകളാണ്‌ ഇവിടെ
സൃഷ്ടിക്കപ്പെടാന്‍ സാധ്യത...
അല്ലെങ്കില്‍ സൃഷ്ടിക്കപ്പെട്ടത്‌...
നെറ്റ്‌ വര്‍ക്ക്‌ യൂസിംഗ്‌ ധാരാളമുള്ള
കമ്പനികളോ സ്ഥാപനങ്ങളോ
ആണ്‌ ഇതുകൊണ്ട്‌ എറെ പ്രയാസപ്പെടുക എന്ന്‌ വ്യക്തം..