Thursday, September 30, 2010

അയോധ്യയിലെ അശാന്തിയുടെ നാൾ‌വഴികളിലൂടെ....

അയോധ്യയെ അശാന്തിയുടെ ഭൂമിയാക്കിയ സംഭവങ്ങളുടെ നാൾ‌വഴികളിലൂടെ
---------------------------------------------------------എ ഡി 1527 : ചിത്തോഡ്ഗഢിലെ രാജാവ് റാണാ സംഗ്രാമ സിംഗിനെ ഫത്തേപ്പൂർ സിക്രി യുദ്ധത്തിൽ മുഗൾ ചക്രവർത്തിയായ ബാബർ പരാജയപ്പെടുത്തി. തന്റെ പടത്തലവനായിരുന്ന മിർഖബിയെ പ്രതിപുരുഷനായി വാഴിച്ച ശേഷമാണ് ബാബർ മടങ്ങിയത്. അതുവരേയും അയോധ്യ ഉൾപ്പെട്ട ചിത്തോഡ്ഗഢ് ഒരു ഹൈന്ദവരാജ്യമായിരുന്നു. 1528ൽ ബാബറിന്റെ പേരിൽ അവിടെ ഒരു പള്ളി സ്ഥാപിച്ചു. അവിടെ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെന്നാണ് ഒരു വാദം. ശ്രീരാമൻ ജനിച്ച സ്ഥലമാണ് അതെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു.

1767 : വിവാദ ഭൂമിയിൽ ഹൈന്ദവർ രാമനവമി ആഘോഷിച്ചിരുന്നതായി ജസ്യൂട്ട് പുരോഹിതനായ ജോസഫ് ടിഫൻ‌താലർ രേഖപ്പെടുത്തിയിട്ടുണ്ട്.

തർക്കത്തിന്റെ തുടക്കം
---------------------
1853 : തർക്കഭൂമിയിലെ മന്ദിരത്തിൽ നിർമോഹി അഘാര എന്ന സംഘടന അവകാശം ഉന്നയിച്ചു. അവിടെ ക്ഷേത്രം ഉണ്ടായിരുന്നു, ബാബർ അതു തകർത്തു എന്നായിരുന്നു അവരുടെ വാദം.

ബ്രിട്ടീഷ് തന്ത്രം
----------------
1857 : ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒന്നാം സ്വാതന്ത്ര്യ സമരം. ഹിന്ദു-മുസ്ലിം ഐക്യം അപകടമാണെന്ന് ബ്രിട്ടീഷുകാർ കണക്കുകൂട്ടി. തുടർന്ന് മസ്ജിദിൽ ഒരു വേലി സ്ഥാപിച്ചു. ഹിന്ധുക്കൾ അവിടെ പ്രാർത്ഥിക്കണം എന്നായിരുന്നു അവരുടെ നിർദേശം. അതോടെ ഹിന്ദുക്കളും മുസ്ലിംകളും ഒരു വേലിക്ക് അപ്പുറത്തും ഇപ്പുറത്തുമായി. ഭിന്നിച്ച് ഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ തന്ത്രം. നിർമോഹി അഘോരയുടെ വാദം അതിന് സഹായകമായി.

1883 : തർക്ക ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള ശ്രമം ബ്രിട്ടിഷ് ഭരണകൂടം തടഞ്ഞു.

ആദ്യത്തെ കേസ്
----------------
1885 : മഹന്ത് രഘുബീർ ദാസ് ക്ഷേത്രം നിർമ്മിക്കാനുള്ള അനുമതി തേടി ആദ്യത്തെ ഹർജി ഫയൽ ചെയ്തു.

1886 : ഹർജി തള്ളി, അപ്പീലും തള്ളി.

തർക്കത്തിന്റെ രണ്ടാം ഘട്ടം
------------------------
1949 : പള്ളിക്കുള്ളിൽ ശ്രീരാമ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. ഒരു സംഘം ഹിന്ദുക്കളാണ് അത് അവിടെ വെച്ചതെന്ന് പോലിസ് റിപ്പോർട്ട്. വിഗ്രഹം നീക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഉത്തരവിട്ടെങ്കിലും നടപ്പായില്ല. മുസ്ലിംങ്ങൾ പ്രതിഷേധിച്ചു. ഇരു കക്ഷികളും സിവിൽ കേസ് ഫയൽ ചെയ്തു. സ്ഥലം തർക്ക ഭൂമിയായി സർക്കാർ പ്രഖ്യാപിച്ചു. ഗേറ്റുകൾ പൂട്ടി.

1985 : ഗേറ്റുകൾ തുറന്നു കൊടുത്തു.

1989 : വിഗ്രഹങ്ങളുടെ പ്രതിഷ്ഠാ പൂജ നടത്തി.

ക്ഷേത്രം ഉണ്ടായിരുന്നതിനു തെളിവുണ്ടോ ?
------------------------------------

1970ലും 1992ലും 2003ലും തർക്ക സ്ഥലത്തും പരിസരത്തും പുരാവസ്ഥു വകുപ്പ് നടത്തിയ ഉൽഖനനത്തിൽ ഒരു ഹൈന്ദവ മന്ദിര സമുച്ചയം അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ കിട്ടി. 2003ൽ പുരാവസ്ഥു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ഉത്തരേൻഡ്യൻ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ഉള്ളതായി പറയുന്നു.

എന്നാൽ ഉൽഖനനത്തിൽ കണ്ടെത്തിയത് ആറാം നൂറ്റാണ്ടിലെ ഒരു ജൈന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജയിൻ സമത വാഹിനിയുടെ വാദം. 1527 വരെ ഒരു പ്രമുഖ ജൈന കേന്ദ്രമായിരുന്നുവത്രെ അയോധ്യ.

ഉടമസ്ഥാവകാശ കേസ്
---------------------

ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള ആദ്യ കേസ് ഫയൽ ചെയ്തത് 1950ൽ.
ഹർജിക്കാരൻ ഗോപാ സിംഗ് വിശാരദ്. സ്ഥലത്ത് പൂജ നടത്താൻ അനുവാദം വേണമെന്ന് ഹരജിയിൽ ആവശ്യം.

രാംഹർജി നൽകിയത് പരമഹംസ രാംചന്ദ്രദാസ്, 1950ൽ. ഈ ഹർജി പിന്നീട് പിൻ‌വലിച്ചു.

1959 : തർക്കസ്ഥലത്തിന്റെ കൈവശാവകാശം ആവശ്യപ്പെട്ട് നിർമോഹി അഘാര മൂന്നാം ഹർജി ഫയൽ ചെയ്തു.

1961 : തർക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് യു പി സുന്നി സെൻ‌ട്രൽ വഖഫ് ബോർഡ് നാലാമത്തെ ഹർജി ഫയൽ ചെയ്തു.

1989 : ഭഗവാൻ ശ്രീ രാംലാല വിരാജ്മാൻ എന്ന സംഘടന ഇതേ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചു.

ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള ഹർജികൾ ഫൈസാബാദ് സിവിൽ കോടതിയുടെ പരിഗണനയിൽ.

1989 : ഉത്തർപ്രദേശ് അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പ്രകാരം ഹർജികൾ അലഹബാദ് ഹൈക്കോടതിയിലേക്ക് മറ്റി.

കറുത്തദിനം - 1992 ഡിസംബർ 6
------------------------------

ബി ജെ പി, വിശ്വ ഹിന്ദു പരിക്ഷത്ത്, ആർ എസ് എസ് സംഘടനകളുടെ ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പട്ടാപ്പകൽ കർസേവകർ ബാബ്‌റി മസ്ജിദ് തകർത്തു. എൽ കെ അദ്വാനി ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് അയോദ്ധ്യയിലുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ ഉണ്ടായ വർഗീയ സംഘർഷങ്ങളിൽ രണ്ടായിരത്തിലേറെ പേർക്ക് ജീവഹാനി.

1992 : മസ്ജിദ് തകർക്കാൻ ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ എം എസ് ലിബർഹാൻ കമിഷനെ നിയമിച്ചു.

1993 : ബി ജെ പി നേതാക്കൾക്കും കർസേവകർക്കും എതിരെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു.

1994 : ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ കേസുകളിലും തീർപ്പു കൽ‌പ്പിക്കും വരെ തത്സ്ഥിതി നില നിർത്താൻ സുപ്രിം കോടതി ഉത്തരവിട്ടു.

2002 ഫെബ്രുവരി : ക്ഷേത്ര നിർമ്മാണത്തിന് വിശ്വ ഹിന്ദു പരിക്ഷത്ത് സമയ പരിധി പ്രഖ്യാപിച്ചു. നൂറുകണക്കിന് കർസേവകർ എത്തി. അവർ തിരിച്ചു പോകും വഴി ഗുജറാത്തിലെ ഗോദ്രാ റെയിൽ‌വെ സ്റ്റേഷനിൽ വെച്ച് അവരുടെ കമ്പാർട്ട്മെന്റിനു തീപിടുത്തമുണ്ടായി, 58 കർസേവകർ വെന്തുമരിച്ചു. തുടർന്ന് ഗുജറാത്തിൽ വർഗീയ കലാപം. ഒരു സമുദായത്തിലെ ആയിരക്കണക്കിന് ആളുകൾ കൊലചെയ്യപ്പെട്ടു.

2002 ഏപ്രിൽ : തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശ ഹർജികളിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വാദം കേട്ട് തുടങ്ങി. ആ വർഷം അവസാനം യു പി എ സർക്കാർ സി ബി ഐ കേസുകൾ വാദം കേൾക്കാനായി റായ്‌ബറേലി പ്രത്യേക കോടതിക്ക് വിട്ടു.

2003 മാർച്ച് : തർക്ക സ്ഥലത്ത് ക്ഷേത്രം നില നിന്നിരുന്നോ എന്ന് കണ്ടെത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം പുരാവസ്ഥു വകുപ്പ് ഉൽഖനനം നടത്തി. പള്ളി നിന്ന സ്ഥലത്ത് പത്താം നൂറ്റാണ്ടിലെ ക്ഷേത്രമോ ഹൈന്ദവ മന്ദിര സമുച്ചയമോ നിലനിന്നിരുന്നതായി കണ്ടെത്തി.

2009 ജൂൺ : ലിബർഹാൻ കമ്മിഷൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനു റിപ്പോർട്ട് നൽകി. 17 വർഷത്തിനിടെ 48 തവണ കമ്മിഷന്റെ കാലാവധി നീട്ടിക്കൊടുത്തിരുന്നു.

2009 ജൂലൈ : കേസുമായി ബന്ധപ്പെട്ട 23 ഫയലുകൾ കാണാനില്ലെന്ന് യു പി ചീഫ് സെക്രട്ടറി അതുൽ ഗുപ്ത അലഹബാദ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അതേപ്പറ്റി സി ബി ഐ അന്വേഷണത്തിന് കോടതി ഉത്തരവായി.

2009 നവംബർ : ലിബർഹാൻ റിപ്പോർട്ട് പാർലമെന്റിൽ വെച്ചു.

2010 സെപ്തംബർ 24 ന് ഉടമസ്ഥാവകാശ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വിധി പറയാൻ നിശ്ഛയിച്ചു.

ഒത്തുതീർപ്പ് സാധ്യത ആരായാൻ വിധിപ്രഖ്യാപനം മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് രമേശ് ചന്ദ്ര ത്രിപാഠി സമർപ്പിച്ച ഹർജി ലഖ്നൌ ബഞ്ച് തള്ളിക്കളഞ്ഞു. തുടർന്ന് ത്രിപാഠി സുപ്രിം കോടതിയെ സമീപിച്ചു. വിധി പറയുന്നത് ഒരാഴ്ച്ച സ്റ്റേ ചെയ്ത സുപ്രിം കോടതി സെപ്തംബർ 28ന് ത്രിപാഠിയുടെ ഹർജി തള്ളി.

2010 സെപ്തംബർ 30 : ആറു ദശകമായി തുടരുന്ന അയോദ്ധ്യാ തർക്കത്തിന് ഒടുവിൽ വിധി. മൂന്ന് മാസത്തേക്ക് തത്സ്ഥിതി തുടരുകയും അതിനു ശേഷം തർക്ക ഭൂമി വിഭജിക്കണമെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.


വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യാ ഭൂമി വിഭജിക്കേണ്ട ചുമതല ഭൂമിയുടെ റിസീവർ ആയ കേന്ദ്ര സർക്കാരിനാണ്. ഈ വിധി എല്ലാവരും അംഗീകരിച്ചാൽ അശാന്തി ഒഴിവാകും. എന്നാൽ അപ്പീൽ പോകാൻ കക്ഷികൾക്ക് അനുവാദമുണ്ട്......


വിവരങ്ങൾക്ക് കടപ്പാട് : മംഗളം