Monday, December 29, 2008

നവവത്സരാശംസകള്‍


നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും,
നന്മകളുടെയും തിന്മകളുടെയും,
സമത്വത്തിന്റെയും അസമത്വത്തിന്റെയും,
സമാധാനത്തിന്റെയും യുദ്ധത്തിന്റെയും,
കൂടിച്ചേരലിന്റെയും വേര്‍പാടിന്റെയും,
കൂട്ടായ്മയുടെയും ഒറ്റപ്പെടലിന്റെയും,
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും,
സഹിഷ്ണതയുടെയും അസഹിഷ്ണതയുടെയും........
ഒരു വര്‍ഷം.....കൂടി യാത്രയാവുന്നു......

കഴിഞ്ഞതു കഴിഞ്ഞു.....

അവസാനിക്കാന്‍ പോകുന്ന ഈ വര്‍ഷത്തിന്റെ അവസാന സ്പന്ദനങ്ങള്‍ക്കും......ആരംഭിക്കാന്‍ പോകുന്ന പുതിയ വര്‍ഷത്തിന്റെ ആദ്യ സ്പന്ദനങ്ങള്‍ക്കുമായി നമുക്ക് കാതോര്‍ക്കാം.....
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ

‘നവവത്സരാശംസകള്‍‘
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Wednesday, December 3, 2008

അനില്‍@ബ്ലോഗിന്റെ പിതാവ് നിര്യാതനായി

അനില്‍@ബ്ലോഗിന്റെ പിതാവ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.

പരേതന് 72 വയസായിരുന്നു, റിട്ടയേര്‍ഡ് സ്കൂള്‍ മാഷാണ്.

അനിലിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ബൂലോകരോട് അഭ്യര്‍ത്ഥിക്കുന്നു.

Monday, November 17, 2008

ചാണക്യനും പതിവ്രതകളും


മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന്‍ പുരുഷമേധാവിത്വ സങ്കല്പങ്ങളുടെ മൂര്‍ത്തിമദ്ഭാവവുമായിരുന്നു. അര്‍ത്ഥശാസ്ത്രകാരന്‍ അധ:കൃത വേശ്യകള്‍ക്ക് നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ ആ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനും ശ്രമിച്ചു. വേശ്യാവൃത്തിയില്‍ അകപ്പെട്ട അധ:കൃത സ്ത്രീകളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ളതായിരുന്നു കൌടില്യന്റെ കുടിലത. വേശ്യയ്ക്ക് രാജദാസ്യം ഒഴിയുന്നതിന് കൊടുക്കേണ്ടിയിരുന്ന ധനം ഇരുപത്തിനാലായിരം പണമാണ്. അവള്‍ക്കൊരു കുഞ്ഞുണ്ടെങ്കില്‍ മറ്റൊരു പന്തീരായിരം നല്‍കണം. ഇത്രയും ഭീമമായ തുക ഒരിക്കലും ഒരു അധ:കൃത വേശ്യക്ക് സമാഹരിക്കാന്‍ കഴിയില്ലെന്ന് ചാണക്യന് വ്യക്തമായിരുന്നു. അതായത് രാജ്യത്ത് വേശ്യാവൃത്തി നിലനിര്‍ത്തണം എന്ന ശാഠ്യക്കാരനായിരുന്നു ചാണക്യന്‍ എന്ന് വ്യക്തം. എന്നാല്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കരുതെന്ന നിര്‍ബന്ധവും ചാണക്യനുണ്ടായിരുന്നു.

എന്ത് ചെയ്തും കാര്യം നേടുക എന്ന ചാണക്യബ്രാഹ്മണ ബുദ്ധി ദേവദാസികള്‍ക്ക് മുന്നില്‍ പതറിയിരുന്നോ?

വേശ്യകളില്‍ നിന്ന് കരം പിരിച്ച് രാജഭണ്ഡാരത്തിന്റെ സുസ്ഥിരത ഉറപ്പാക്കുകയും, വേശ്യകളെ നിയമം വഴി നിയന്ത്രിച്ച് ഉപഭോക്താവിന് മെച്ചമായ സേവനം ലഭ്യമാക്കുന്നതിനും ശ്രദ്ധാലുവായിരുന്ന അര്‍ത്ഥശാസ്ത്രകാരന്‍ അക്കാലത്തെ വീട്ടമ്മമാരുടെ കാര്യത്തില്‍ കാണിച്ചിരുന്ന കാകദൃഷ്ടി എന്തുകൊണ്ടും ഒരു പുരുഷമേധാവിക്കു ചേര്‍ന്ന തരത്തിലായിരുന്നു.

വേശ്യകള്‍ക്ക് നിയമ നിര്‍മ്മാണം നടപ്പാക്കിയ ചാണക്യന്‍ പതിവ്രതകളേയും വെറുതെ വിട്ടില്ല. അവരെ നിയന്ത്രിക്കാന്‍ വേണ്ടി വളരെ ഹീനമായ പെരുമാറ്റചട്ടങ്ങളാണ് പടച്ചുവിട്ടത്.

വിവാഹമാണ് വ്യവഹാരങ്ങളില്‍ പ്രഥമസ്ഥാനീയം എന്ന് പറയുന്ന ചാണക്യന്‍, ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പുറത്തു പോകുന്ന സ്ത്രീക്ക് ആറു പണം ദണ്ഡമായി പറഞ്ഞിരിക്കുന്നു. വീട്ടമ്മയെ വീട്ടിനുള്ളില്‍ തളച്ചിടുന്നതിനുള്ള തന്ത്രമല്ലെ അത്? അയല്‍ വീട്ടില്‍ പോകുന്ന സ്ത്രീക്ക് ആറു പണവും, ആപത്ത് കാലത്ത് അന്യന്റെ ഭാര്യയ്ക്ക് സംരക്ഷണം നല്‍കിയാല്‍ നൂറു പണവും ദണ്ഡം. ഭര്‍ത്തൃഗൃഹത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തില്‍ പോയാല്‍ പിഴ പന്ത്രണ്ടു പണം.

മാര്‍ഗ്ഗത്തിങ്കലോ വഴിയില്‍ നിന്നു വിട്ട സ്ഥലത്തോ ഗൂഢപ്രദേശത്തേക്കോ സ്ത്രീ ഗമിക്കുന്നതായാല്‍ മൈഥുനാര്‍ത്ഥമാണ് അതെന്ന് മനസ്സിലാക്കണമെന്നാണ് ചാണക്യന്റെ അഭിപ്രായം

ഒരു സ്ത്രീ വീടുവിട്ട് പുറത്തിറങ്ങുന്നത് പരപുരുഷനെ പ്രാപിക്കാന്‍ വേണ്ടി മാത്രമാണെന്ന ചാണക്യന്റെ കണ്ടെത്തല്‍ അക്കാലത്തെ പതിവ്രതകളായ സ്ത്രീകള്‍ക്ക് എന്ത് മാത്രം ദോഷം വരുത്തിയിരിക്കും എന്നാലോചിക്കുക. എന്ത് വരട്ട് ന്യായം പറഞ്ഞും സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുക എന്ന ഒരു സ്ത്രീ വിദ്വേഷ നിലപാടാണ് ചാണക്യന്‍ കൈക്കൊണ്ടിരുന്നത്.

ഇതേ സമയം അധമ സഞ്ചാരം നടത്തുന്ന പുരുഷനെ സംരക്ഷിക്കാന്‍ ചാണക്യഗുരു മറ്റൊരു തന്ത്രമാണ് അര്‍ത്ഥശാസ്ത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഭര്‍ത്താവ് വേശ്യാ ഗമനം നടത്തിയാല്‍ ഭാര്യക്ക് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ അധികാരമുണ്ട്. കാരണം നാടൊട്ടുക്ക് വേശ്യാലയങ്ങള്‍ തുറന്നു വച്ചിരിക്കുന്നിടത്ത് പുരുഷന്‍‌മാര്‍ വേശ്യാഗമനം നടത്തില്ലെന്ന് ഉറപ്പ് പറയാന്‍ ചാണക്യനാവില്ല. വേശ്യാഗമനം നടത്തിയ ഭര്‍ത്താവിനെ ഭാര്യക്ക് ശിക്ഷിക്കാം- എങ്ങനെ? ഭര്‍ത്താവ് വേശ്യയോടൊത്ത് ശയിച്ചു എന്നവള്‍ തെളിയിക്കണം! വീടുവിട്ട് പുറത്തിറങ്ങാന്‍ കഴിയാതെ ചുമരുകള്‍ക്കിടയില്‍ കിടന്നു കറങ്ങുന്ന നാരി എങ്ങനെ തെളിയിക്കും ഭര്‍ത്താവിന്റെ വേശ്യാഗമനം?

തെളിവുകളില്ലാതെ ഭര്‍ത്താവിന്റെ മേല്‍ വേശ്യാഗമനം ആരോപിക്കുന്ന സ്ത്രീയ്ക്കുള്ള ശിക്ഷ ഇങ്ങനെ-

അവളുടെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങി, ഭര്‍ത്താവ് അവള്‍ക്ക് ഏഴ് ഋതുകാലത്തേക്ക് കഠിന ശിക്ഷ നടപ്പാക്കുന്നു. ഭര്‍ത്താവിനെ ദുഷിച്ച ആ സ്ത്രീയെ നിലത്ത് കിടത്തുന്നു. ഭര്‍ത്താവാകട്ടെ മറ്റൊരു സ്ത്രീയുമായി സ്വന്തം ഭാര്യ കാണ്‍കെ അവളുമായി സഹശയനം ചെയ്യുന്നു.....!

എങ്ങനെയുണ്ട് ചാണക്യനെന്ന ബ്രാഹ്മണശ്രേഷ്ടന്റെ ബുദ്ധി. ഗൃഹസ്ഥക്ക് വീടിനു പുറത്ത് കടക്കാന്‍ പോലും വിലക്കുണ്ടായിരുന്ന അക്കാലത്ത് ഇത്തരമൊരു ഇത്തരമൊരു ഭീകര ശിക്ഷാ വിധി കാത്തിരിക്കുന്നു എന്ന് അറിയാവുന്ന ഏതെങ്കിലും സ്ത്രീ ഭര്‍ത്താവിന്റെ വേശ്യാഗമനം തെളിയിക്കാന്‍ ചാടിപ്പുറപ്പെടുമോ? ഈ അസ്വാതന്ത്ര്യം അവര്‍ക്ക് സഹിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ..

ക്ഷത്രിയനെ ഉപദേശിക്കാന്‍ ലഭിച്ചിരുന്ന വര്‍ഗ്ഗഗുണത്തെ ചാണക്യന്‍ വളരെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് കാരണം അന്നത്തെ വീട്ടമ്മ മാത്രമല്ല രാജപത്നിയും ആ കുടിലതയ്ക്ക് പാത്രമായി. സാധാരണ സ്ത്രീകളുടെ പാതിവ്രത്യ സംരക്ഷണത്തിന് നിയമമൊരുക്കിയ ചാണക്യന്‍ രാജമന്ദിരങ്ങളില്‍ അവിഹിതം നടക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്.

രാജാവ് തന്റെ ‘ദേവിമാര്‍ക്ക്’(രാജാവിന് ഇഷ്ടം പോലെ ദേവിമാരാകാം, പക്ഷെ ദേവിമാര്‍ക്ക് ഒരു സ്വാമിയെ പാടുള്ളൂ!) മുണ്ഡന്‍‌മാര്‍, കുടിലന്‍‌മാര്‍, ആഭിചാരന്‍‌മാര്‍ എന്നിവരോടൊ ബാഹ്യ ദാസികളോടൊ ഉള്ള പ്രതിസംസര്‍ഗ്ഗത്തെ പ്രതിഷേധിക്കണം, അതായത് വിലക്ക് ഏര്‍പ്പെടുത്തണം. ദേവിമാരെ അവരുടെ ചാര്‍ച്ചക്കാര്‍ ഗര്‍ഭം, വ്യാധി, മരണം എന്നീ സന്ദര്‍ഭങ്ങളിലൊഴിച്ച് കാണാന്‍ പാടില്ല. വേശ്യകള്‍ തേച്ചുകുളിച്ച് ശരീരം ശുദ്ധമാക്കി നല്ല വസ്ത്രങ്ങളും അലങ്കാരങ്ങളുമായിട്ട് ദേവിമാരെ പരിചരിക്കണം. എണ്‍‌പതു കഴിഞ്ഞ പുരുഷന്‍‌മാരും അമ്പതു കഴിഞ്ഞ സ്ത്രീകളും, ഷണ്ഡന്‍‌മാരും പരിചരിക്കുകയും ദേവിമാരെ സ്വാമിയുടെ (രാജാവിന്റെ) ഹിതത്തിങ്കല്‍ നിറുത്തുകയും വേണം-

നോക്കണേ, രാജപത്നിയായ സ്ത്രീക്കു കൂടി ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തിലൂടെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നത്. അക്കാലത്തെ കിഴങ്ങന്‍‌മാരായ ക്ഷത്രിയര്‍ ഇത്തരം ബ്രാഹ്മണശ്രേഷ്ടന്‍‌മാരെ അനുസരിച്ചുവെങ്കില്‍ അതൊരു മുജന്‍‌മ പുണ്യം തന്നെയാണ്!

മൌര്യകാലത്ത് മദ്യത്തിന് വിലക്കുണ്ടായിരുന്നില്ല. വറുത്ത എള്ളും യവവും പൊടിച്ച് തൈര്‍ ചേര്‍ത്തുണ്ടാക്കുന്ന കിണ്വമെന്ന മദ്യം അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഇവയുടെ കൂട്ടല്‍, അതായത് ചേരുവകകള്‍ യഥാവിധി ചേര്‍ത്ത് മദ്യം വാറ്റുന്ന ജോലി അന്ന് ചെയ്തിരുന്നത് പ്രത്യേക വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ചേര്‍ന്നാണെന്ന് അര്‍ത്ഥശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ബാലവേലക്ക് ഉദാഹരണം! കുട്ടികളെക്കൊണ്ട് ചെയ്യിച്ചിരുന്നത് മദ്യനിര്‍മ്മാണം‌- എങ്ങനെയുണ്ട് കൌടില്യ ഭരണതത്രജ്ഞത!

രാജകൊട്ടാരവുമായി ബന്ധപ്പെട്ട വേശ്യക്ക് പ്രത്യേക പരിരക്ഷകള്‍ നല്‍കാന്‍ തയ്യാറായ ചാണക്യന്‍ സാധാരണക്കാരായ സ്ത്രീകളുടെ സാമൂഹിക സ്ഥിതിയെ തച്ചുടക്കാനാണ് ശ്രമിച്ചത്. പുരുഷന്റെ അടിമകളാണ് സ്ത്രീകള്‍ എന്ന തരം താണ കാഴ്ച്ചപ്പാടാണ് ചാണക്യനുണ്ടായിരുന്നത്. അതികഠിനമായ പാതിവ്രത്യചര്യ സാധാരണ കുടുംബിനികള്‍ക്ക് വിധിച്ചിട്ടുള്ള കാലത്താണ് വേശ്യ അംഗീകൃതമായ ഒരു സാമൂഹികാവശ്യമായി നിലനിന്നത് എന്നോര്‍ക്കണം. മനുസ്മൃതിയില്‍ നിന്നും അര്‍ത്ഥശാസ്ത്രത്തിലേക്ക് എത്തുവാന്‍ വേണ്ടിവന്ന കാലയളവ് എത്രയായിരുന്നാലും സ്ത്രീയുടെ അവസ്ഥക്ക് മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. അതുമാത്രമല്ല പിന്നീടുള്ള രണ്ടായിരത്തോളം വര്‍ഷങ്ങളിലൂടെ ഇന്‍ഡ്യന്‍ മനസ്സ് സ്ത്രീയോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തിയതും ഇതേ ഭാവം തന്നെയായിരുന്നു-

നൂറ്റാണ്ടുകളായി അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞിരിക്കുന്ന ഇന്‍ഡ്യന്‍ സ്ത്രീത്വത്തെപ്പറ്റി ഇന്‍ഡ്യാ പൈതൃക വക്താക്കള്‍ക്ക് ഇപ്പോഴും മിണ്ടാട്ടമില്ല, കാരണം എല്ലാം കൊണ്ടും സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് ഇവര്‍ അവകാശപ്പെട്ടുന്ന ആ കാലത്തിന്റെ തിരിച്ചു വരവിനെ കുറിച്ചോര്‍ത്ത് അവര്‍ ഖിന്നരാണ്...ഇപ്പോഴും...!

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

Saturday, November 15, 2008

ചാണക്യനും വേശ്യകളും


മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന്‍ രാജഭണ്ഡാരത്തിലേക്ക് ധനം ശേഖരിക്കാനുള്ള വഴികളെ പറ്റി ആലോചിച്ച കുശാഗ്രബുദ്ധിയായ ഒരു മന്ത്രിയായിരുന്നു. വേശ്യാവൃത്തി നടത്തി പണം സമ്പാദിക്കുന്ന സ്ത്രീകളുടെ മേല്‍ നികുതി ഏര്‍പ്പെടുത്താന്‍ അദ്ദേഹം തുനിഞ്ഞത് ഇക്കാരണത്താലാണ്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രം പൌരാണിക ഭാരതത്തിന്റെ സാമൂഹികാവസ്ഥയുടെ പരിഛേദമാണ്. ബി സി 300നും 200നും ഇടയ്ക്കാണു അര്‍ത്ഥശാസ്ത്രം രചിക്കപ്പെട്ടത്. ഭാവനയോ വൈകാരികമായ വിധേയത്വമോ ഇല്ലാതെ ഒരു നിയമ ഗ്രന്ഥത്തിന്റെ നിസ്സംഗതയോടെ കാര്യങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അര്‍ത്ഥശാസ്ത്രത്തിന്റെ പ്രത്യേകത.

ഒരു സമൂഹത്തെ വേശ്യാവൃത്തി പോലുള്ള കുടിലതകളില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ച് രാജഭണ്ഡാരത്തിന് മുതല്‍കൂട്ടാനാണ് കൌടില്യന്‍ ശ്രമിച്ചത്. പണം കൊടുത്ത് ബന്ധപ്പെടാവുന്ന കൂലിവേശ്യകളെന്ന നിലയിലാണ് അര്‍ത്ഥശാസ്ത്രം ആ വിഭാഗത്തെ അവതരിപ്പിക്കുന്നത്.

രാജഭരണത്തെയും രാജ്യത്തെ സാമ്പത്തികസ്ഥിതിയെപ്പറ്റിയും പറയുന്നതിനിടയില്‍ നിരവധി ഭരണ വകുപ്പ് അദ്ധ്യക്ഷന്‍‌മാരെ ചാണക്യന്‍ പേരെടുത്ത് വിശേഷിപ്പിക്കുന്നുണ്ട്. അവരുടെ അധികാരങ്ങളും ചുമതലകളും വ്യക്തമക്കുന്നുമുണ്ട്. ആ കൂട്ടത്തിലെ ഒരു വകുപ്പ് മേധാവിയാണ് ഗണികാദ്ധ്യക്ഷ. അതായത് വേശ്യകളെ ഭരിക്കുന്നതിനും അവരില്‍ നിന്നും കരം ഈടാക്കി രാജ ഭണ്ഡാരത്തില്‍ എത്തിക്കാനും ചുമതലപ്പെട്ടവള്‍! അര്‍ത്ഥശാസ്ത്രത്തില്‍ നാല്പത്തിനാലാം പ്രകരണം ഇരുപത്തിയേഴാം അദ്ധ്യായമായി ഈ വകുപ്പ് ചേര്‍ത്തിരിക്കുന്നു.

വേശ്യാവൃത്തിയെ സമൂഹത്തിന്റെയും ഭരണാധികാരികളുടേയും മുന്നില്‍ ഒരു വ്യവസ്ഥാപിത സമ്പ്രദായമാക്കി മാറ്റുന്നതില്‍ ചാണക്യന്‍ വിജയം കണ്ടിരുന്നു. മതപരമോ ദൈവീകമോ ആയ ബാധ്യതകളൊന്നുമില്ലാതെ കേവലമായ വാണിജ്യാടിസ്ഥാനത്തില്‍ വിവാഹത്തിനു പുറത്ത് പുരുഷന്‍ സ്ത്രീയുമായി നടത്തുന്ന ലൈംഗിക ബന്ധമെന്ന നിലയില്‍ വേശ്യാവൃത്തിയെ ലാഘവത്തോടെ കാണാനുള്ള വ്യഗ്രതയാണ് ചാണക്യനെന്ന രാഷ്ട്രതന്ത്രജ്ഞനില്‍ നടമാടിയിരുന്നത്.

എന്നാല്‍ അക്കാലത്ത് ക്ഷേത്രമതിലുകള്‍ക്കകത്ത് ഭക്തന്‍‌മാരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങി ജീവിച്ചിരുന്ന ദേവദാസികളെപ്പറ്റി ചാണക്യന് മിണ്ടാട്ടമില്ല. ബ്രാഹ്മണരുടെ അധികാരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അര്‍ത്ഥശാസ്ത്രത്തിലൂടെ ചാണക്യന്‍ ആവും വിധം ശ്രമിച്ചിട്ടുണ്ട്. ദേവദാസി ആ നിലയില്‍ പ്രത്യേക സംരക്ഷണത്തിന്റെ പരിധിക്കകത്തായതാവാം കാരണം. മൌര്യകാലത്തെ സമൂഹത്തെ വേശ്യാവൃത്തി എന്ന ഹീനതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വേശ്യകള്‍ക്കായി ഒരു വകുപ്പും കരം‌പിരിവും ഏര്‍പ്പെടുത്തുകയാണ് ചാണക്യന്‍ ചെയ്തത്. ഇവിടെ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ തന്ത്രപൂര്‍വ്വം നിയന്ത്രണങ്ങളില്‍ നുന്നും ഒഴിവാക്കുക വഴി ചാണക്യനെന്ന രാഷ്ട്രതന്ത്രജ്ഞന്റെ ഇരട്ടത്താപ്പ് വ്യക്തമാവുന്നുണ്ട്. സമൂഹത്തില്‍ വേശ്യ ഒരു അഭിഭാജ്യ ഘടകമാണെന്നും അവള്‍ക്ക് നികുതി നിശ്ചയിക്കുന്നത് നന്നെന്നും കരുതിയിരുന്ന ഒരു ഭരണതന്ത്രജ്ഞനായിരുന്നു ചാണക്യന്‍. സ്വധര്‍മ്മത്തിനും സ്വവര്‍ഗ്ഗത്തിനും നിത്യസുഖത്തിനു വേണ്ടിയാണ് ചാണക്യന്‍ ഇത്തരം ഹീന വ്യവസ്ഥകള്‍ നിശ്ചയിച്ചത്.

വേശ്യകളുടെ ഉന്നമനത്തിനെന്ന പേരില്‍ രാജഭണ്ഡാരത്തിലേക്ക് മുതല്‍ കൂട്ടാന്‍ ആവിഷ്ക്കരിച്ച ഗണികാ വകുപ്പിന്റെ പ്രവര്‍ത്തന രീതി വളരെ വ്യക്തമായി തന്നെ ചാണക്യന്‍ പ്രതിപാദിക്കുന്നുണ്ട്. ഗണികാദ്ധ്യക്ഷ ഗണിക കുലത്തില്‍ പിറന്നവളോ അല്ലാത്തവളോ ആകാം. പക്ഷെ രൂപഗുണവും യൌവ്വനവും ശില്പനൈപുണ്യവും തികഞ്ഞവളായിരിക്കണമെന്ന് ചാണക്യനു നിര്‍ബന്ധമുണ്ടായിരുന്നു. ആയിരം പണമാണ് ഇവള്‍ക്കുള്ള പ്രതിഫലം. ഈ പ്രതിഫലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. ഒരു സ്ഥാപനമെന്ന നിലയില്‍ ഗണികാഗൃഹം നടത്തുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള പ്രതിഫലമാണ് ഈ തുകയെന്നും, അതല്ല ഗണികകള്‍ക്ക് അടയാഭരണങ്ങള്‍ വാങ്ങാനാണു ഈ തുകയെന്നും വാദങ്ങളുണ്ട്. ആയിരം പണം വാര്‍ഷികശമ്പളമാണെന്നും പറയപ്പെടുന്നു. എന്തായാലും തര്‍ക്കങ്ങള്‍ക്കിടയില്‍ തെളിഞ്ഞു വരുന്ന ഒരു സത്യം ഗണികാദ്ധ്യക്ഷക്ക് രാജാവു തന്നെ ഒരു നിശ്ചിത തുക പ്രതിഫലമായി നിശ്ചയിച്ചിരിന്നുവെന്നതാണ്.

പ്രതിഗണികയെ നിശ്ചയിക്കുന്നതിനും, അവള്‍ക്ക് കൊടുക്കേണ്ട പ്രതിഫലത്തെക്കുറിച്ചും ചാണക്യന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ഗണികാദ്ധ്യക്ഷയുടെ കീഴിലുള്ള ഒരു പ്രതിഗണികയുടെ പ്രതിഫലം കുടുംബത്തില്‍ പകുതി എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കുടുംബത്തില്‍ പകുതിയെന്നാല്‍ അവള്‍ക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ പകുതി എന്നര്‍ത്ഥം.

വേശ്യകളെ റാങ്കടിസ്ഥാനത്തില്‍ തരം‌തിരിക്കാനും ചാണക്യഗുരു മടിച്ചിരുന്നില്ല. സൌഭാഗ്യത്തിന്റേയും അലങ്കാരത്തിന്റേയും തോതനുസരിച്ച് വേശ്യകള്‍ക്ക് കനിഷ്ഠമോ മധ്യമമോ ഉത്തമമോ ആയ വാരം കല്‍പ്പിക്കണം. ആയിരം പൊന്ന്, അഞ്ഞൂറു പൊന്ന്, നൂറു പൊന്ന് എന്നിങ്ങനെ പ്രതിഫലം വാങ്ങി രാജാവ് ഇവയ്ക്കുള്ള അധികാരം വേശ്യമാര്‍ക്ക് നല്‍കണം. കനിഷ്ഠവാരക്കാര്‍ക്ക് കുടയും പാനയും, മധ്യമവാരക്കാര്‍ക്ക് അവയ്ക്കു പുറമെ ചാമരവും ആന്തോളവും ഉത്തമവാരക്കാര്‍ക്ക് ഇതെല്ലാറ്റിനും പുറമെ പീഠവും രഥവും എന്നിവ ഓരോരുത്തരേയും തിരിച്ചറിയാനായി കൊടുക്കണം.

ഒരിക്കല്‍ വേശ്യാവൃത്തിക്കിറങ്ങിയാല്‍ അതില്‍ നിന്നും മോക്ഷം ലഭിക്കുക അപ്രാപ്യമായിരുന്നു. കാരണം ഒരു വേശ്യയ്ക്ക് ഈ തൊഴില്‍ ഉപേക്ഷിച്ച് അത്രവേഗം രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഒരു നിയമകുരുക്കു കൂടി ചാണക്യന്‍ പണിതിരുന്നു. ഗണികയുടെ നിഷ്ക്രമം, അതായത് രാജദാസ്യം അവസാനിപ്പിക്കാന്‍ അവള്‍ കൊടുക്കേണ്ടി വരുന്ന കരം ഇരുപത്തിനാലായിരം പണമായിരുന്നു. അവള്‍ക്ക് ഒരു കുട്ടി കൂടിയുണ്ടെങ്കില്‍ വേറൊരു പന്തീരായിരം കൂടി നല്‍കണം. ഇതൊക്കെ സൂചിപ്പിക്കുന്നത് വേശ്യാവൃത്തിയെ ഭണ്ടാരം നിറക്കാനുള്ള ഒരു ഉപകരണമായിട്ടാണ് ചാണക്യന്‍ കണ്ടിരുന്നുവെന്നാണ്.

ഇതിനും പുറമെ ഗണികമാരെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്‍ കീഴില്‍ നടന്‍, നര്‍ത്തകന്‍, ഗായകര്‍, വാദകന്‍, വാഗ്ജീവനന്‍, കുശീവലന്‍, പ്ലവകന്‍(ഞാണിന്‍‌മേല്‍ കളിക്കാരന്‍), സൌദികന്‍(ഇന്ദ്രജാലക്കാരന്‍), ചാരണന്‍(സ്തുതി പാഠകന്‍) എന്നിവരെക്കൂടി ഉള്‍പ്പെടുത്താന്‍ ചാണക്യന്‍ ശ്രദ്ധിച്ചിരുന്നു.

പുരുഷന്‍‌മാരില്‍ നിന്ന് ഭോഗദ്രവ്യം വാങ്ങിയിട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന വേശ്യക്ക് ഭോഗദ്രവ്യത്തിന്റെ ഇരട്ടിയാണ് ദണ്ഡമായി നല്‍കേണ്ടത്. വസതി ഭോഗം( രാത്രിമുഴുവന്‍ വേശ്യാഗൃഹത്തില്‍ തങ്ങുന്നതിനുള്ള ദ്രവ്യം) വാങ്ങിയിട്ട് വഞ്ചിക്കുന്നവള്‍ക്ക് ഉപഭോക്താവില്‍ നിന്നും വാങ്ങിയതിന്റെ എട്ട് ഇരട്ടിയാണ് ദണ്ഡം. നോക്കണേ എന്ത് കെട്ടുറപ്പോടെയാണ് ചാണക്യന്‍ അക്കാലത്ത് വേശ്യാവൃത്തി നിലനിര്‍ത്താന്‍ തന്റെ കുശാഗ്ര ബുദ്ധിയിലൂടെ ശ്രമിച്ചിരുന്നതെന്ന്!

ആചാര്യ ബഹുലമായ ജീവിതത്തിന്റെ വര്‍ണ്ണ ഭംഗികളെന്ന നിലയിലല്ല മൌര്യസമൂഹത്തില്‍ വേശ്യ ഉദയം ചെയ്തത്. അതിന് അന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയുമായി ബന്ധമുണ്ടായിരുന്നു. വിശ്വാസത്തിന്റേയും ദൈവീക കല്പനയുടേയും കേവലമായ ആചാരാനുഷ്ടാനങ്ങളുടെ പരിധി വിട്ട് വ്യഭിചാരം ഒരു സുസംഘടിതമായ വ്യവസ്ഥയിലേക്ക് മൌര്യകാലത്ത് പ്രാമാണ്യം നേടി, അതിനു വഴി തെളിച്ചത് ചരിത്രം പാടി പുകഴ്ത്തുന്ന ചാണക്യനും...!

ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്, രാജ്യരക്ഷണം അവന്റെ ധര്‍മ്മമാണ്, രാജ്യതന്ത്രത്തില്‍ അവന് ഉപദേശം കൊടുക്കേണ്ടത് ജ്ഞാനിയായ ബ്രാഹ്മണനാണ് എന്ന് മുജന്മസുകൃതക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍, കൌടില്യനെന്ന ബ്രാഹ്മണന്റെ കുടിലതകളെ ഇവര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

ഒരു രാജവംശത്തെ തച്ചുതകര്‍ത്ത് മറ്റൊരു രാജവംശം സ്ഥാപിക്കാന്‍ കഴിഞ്ഞ ചാണക്യന് സമൂഹത്തിലെ അധ:സ്ഥിത വര്‍ഗത്തെ എങ്ങനെ കാല്‍കീഴിലാക്കി ഭരിക്കാമെന്ന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അതിനു നിദാനമാണ് മൌര്യകാലത്തെ അധ:സ്ഥിതരായ വേശ്യകളെ ചവുട്ടിയമര്‍ത്തിയതും, സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ തരം പോലെ സംരക്ഷിച്ചതും.

മൌര്യ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് അര്‍ത്ഥശാസ്ത്രത്തിന്റെ സ്വാധീനം. കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷമായി അര്‍ത്ഥശാസ്ത്രം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഒരിക്കല്‍ പോലും ചാണക്യനെന്ന ബ്രാഹ്മണനാല്‍ നികുതി ചുമത്തപ്പെട്ട വേശ്യയെപ്പറ്റിയോ അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞ പതിവ്രതയോപ്പറ്റിയോ, ഒരു ഇന്‍ഡ്യാ പൈതൃകക്കാരനും ഗൌരവമായി സംസാരിച്ചിട്ടില്ല....

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

Tuesday, October 14, 2008

മാതാഹാരി അഥവാ പുലരിയുടെ കണ്ണ്


യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്‍ത്തി എടുത്തിരുന്ന വിദഗ്ധകളായ ചാരവനിതകള്‍ക്കെല്ലാം എന്നും പ്രചോദനമായിട്ടുള്ള പേരാണ് മാതാഹാരി. ഹിന്ദുവായ ഇന്‍ഡ്യന്‍ നര്‍ത്തകിയെന്ന് സ്വയം അവകാശപ്പെട്ട മാതാഹാരിയെ ഒരു ജര്‍മ്മന്‍ ഏജന്റാണെന്ന് മുദ്രകുത്തി ഫ്രഞ്ചുകാര്‍ വധിക്കുകയാണ് ചെയ്തത്. മാലിചാരവനിതകളെന്ന് മുദ്രകുത്തി ഇന്‍ഡ്യന്‍ ജയിലിലടയ്ക്കപ്പെട്ട മറിയം റഷീദയുടേയും ഫൌസിയാ ഹസന്റേയും മുന്നേ പറന്ന മാതാഹാരിയുടെ ജീവിതം അത്യന്തം സാഹസികത നിറഞ്ഞതും അന്ത്യം തികച്ചും ദാരുണവുമായിരുന്നു.

ഡച്ച് പട്ടണമായ ലീയുവാര്‍ഡനിലെ ഒരു കച്ചവടക്കാരനായിരുന്ന ആഡം സെല്ലക്ക് 1876 ആഗസ്റ്റ് 7ന് ഒരു പുത്രി ജനിച്ചു. അയാള്‍ അവള്‍ക്ക് മാര്‍ഗരീത്ത ഗിര്‍ട്രീഡ എന്ന് നാമകരണം ചെയ്തു. പതിനാലുവയസായപ്പോള്‍ അവളെ ഒരു കോണ്‍‌വെന്റില്‍ ഗാര്‍ഹിക കലകള്‍ അഭ്യസിപ്പിക്കാന്‍ പറഞ്ഞയച്ചു. ഡച്ചു സമൂഹത്തിലെ മധ്യവര്‍ഗ്ഗ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നിയോഗം അതായിരുന്നു. എന്നാല്‍ ഇത്തരമൊരു യാഥാസ്ഥിതികതക്ക് വഴങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ഗിര്‍ട്രീഡ. പത്തൊന്‍പതാം വയസില്‍ യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകള്‍ ഭിന്നിച്ച് ഗിര്‍ട്രീഡ, തന്നെക്കാള്‍ ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ള കാം‌ബെല്‍ മക്‍ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി- ഒരു പെണ്ണും ഒരാണും. മക്‍ലിയോഡ് അമിതമദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു. ഗിര്‍ട്രീഡയെ ഇയാള്‍ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതിനിടെ ഇവരുടെ പുത്രന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മകന്റെ ആകസ്മിക മരണവും ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും കാരണം മാനസികമായി തകര്‍ന്ന ഗിര്‍ട്രീഡ വിവാഹബന്ധം വേര്‍പെടുത്തി, മകളെ നെതര്‍ലാന്‍ഡ്സിലെ ബന്ധുക്കളെ ഏല്‍പ്പിച്ച് പാരീസിലേക്ക് പോയി.

വശ്യ മോഹന നഗരമായ പാരീസില്‍ പുതിയ വേഷത്തിലും, പേരിലും, ഭാവത്തിലുമാണ് ഗിര്‍ട്രീഡ രംഗപ്രവേശം ചെയ്തത്. ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു ദേവദാസിയെന്ന് പരിചയപ്പെടുത്തിയ അവള്‍ അതിന് ഉപോല്‍‌ബലകമായ ഒരു കഥയും മെനഞ്ഞെടുത്തു. ബാല്യപ്രസവത്തില്‍ മരിച്ചുപോയ കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ക്ഷേത്രനര്‍ത്തകിയുടെ പുത്രിയായിട്ടാണ് സ്വയം അവതരിച്ചത്. പുതിയ വേഷം കൊണ്ട് കൊതിച്ചതെല്ലാം നേടിയെടുക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തനിക്കുള്ള വശ്യ സൌന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

വടിവൊത്ത സാമാന്യം ഉയരം കൂടിയ ശരീരം, കറുത്തിരുണ്ട തലമുടി, കരിം‌കൂവള മിഴികള്‍, ഇളം നിറം- ഒരു ഇന്‍ഡ്യന്‍ സുന്ദരിക്കുള്ള എല്ലാ ശരീര സൌഭാഗ്യങ്ങളും ഒത്തിണങ്ങിയ രൂപമായിരുന്നു അവളുടേത്. പുതിയ ലാവണത്തിന് ചേര്‍ന്നൊരു പേരും അവള്‍ തിരഞ്ഞെടുത്തു.....മാതാഹാരി- പുലരിയുടെ കണ്ണ് എന്നാണ് അതിനര്‍ത്ഥം.

പാരീസിലെ തെരുവീഥികളില്‍ ആഭാസനൃത്തം ചവിട്ടിയ മാതാഹാരിക്ക് അവിടത്തെ ആഢ്യന്‍‌മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി തീര്‍ന്നു. ചടുല ചലനങ്ങളിലൂടെ പുരുഷന്‍‌മാരുടെ മനസിളക്കിയ ആ വശ്യസുന്ദരിയുടെ ആരാധകവൃന്ദം നാള്‍ക്ക് നാള്‍ വര്‍ധിച്ചു. അവള്‍ ചോദിക്കുന്നതെന്തും നല്‍കാന്‍ കാമുകര്‍ തമ്മില്‍ മല്‍‌സരമായി. വേദികള്‍ വിട്ട് വേദികളിലേക്ക് നീങ്ങിയ അവളുടെ ഖ്യാതി യൂറോപ്പിലാകമാനമായി. മോണ്ടികാര്‍ലോ, ബര്‍ലിന്‍, മാഡ്രിഡ് എന്നിവിടങ്ങളിലെ ധനാഢ്യന്‍‌മാരെ അവള്‍ കാമുകരാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. ജര്‍മ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രണ്‍‌സ്വിക്ക് പ്രഭു തുടങ്ങിയവര്‍ അവളുടെ വലയില്‍ കുടുങ്ങിയ പ്രഗല്‍ഭന്‍‌മാരില്‍ ചിലര്‍ മാത്രമാണ്. 1914 ആഗസ്റ്റില്‍ യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജര്‍മ്മന്‍ പോലിസ് മേധാവിയോടൊപ്പം കാറില്‍ ബര്‍ലിന്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു മാതാഹാരി!

യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ മാ‍താഹാരി പാരീസില്‍ തിരിച്ചെത്തി. ഈ വരവില്‍ താനൊരു ഇന്‍ഡ്യക്കാരിയാണെന്ന അവകാശവാദം നിഷേധിക്കുകയും ജര്‍മ്മന്‍ ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി. ജര്‍മ്മനിയിലെ ഭരണകൂടവുമായും പട്ടാളമേധാവികളുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന മാതാഹാരിയെ ഫ്രഞ്ച് അധികാരികള്‍ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യം ചെയ്തു. താനൊരു ജര്‍മ്മന്‍ ഏജന്റാണെന്ന ആരോപണം അവള്‍ ശക്തിയായി നിഷേധിച്ചു. തന്നെയുമല്ല ആവശ്യമെങ്കില്‍ ഫ്രാന്‍സിന്റെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വാഗ്ദാനം നല്‍കി. ഫ്രഞ്ച് സര്‍ക്കാര്‍ ഈ വാഗ്ദാനം സ്വീകരിച്ച് മാതാഹാരിയെ ഒരു ചാരവനിതയായി ഒരുക്കിയെടുത്ത് ജര്‍മ്മനിയിലേക്ക് പറഞ്ഞയച്ചു. അവിടെ പ്രാഗല്‍ഭ്യം തെളിയിച്ച അവളെ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് അയച്ചു. യാത്രാമധ്യേ ബ്രിട്ടീഷുകാര്‍ ഇവരുടെ കപ്പല്‍ തടഞ്ഞു നിര്‍ത്തി മാതാഹാരിയെ അറസ്റ്റു ചെയ്തു. ജര്‍മ്മന്‍ ചാരവനിത ക്ലാരാ ബെന്‍ഡിക്സ് ആണെന്ന ധാരണയിലാണ് അറസ്റ്റു നടന്നത്. എന്നാല്‍ ഫ്രാന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാതാഹാരിയാണെന്ന് മനസിലാക്കിയതോടെ ബ്രിട്ടീഷുകാര്‍ അവളെ നിരുപാധികം വിട്ടയച്ചു. സ്പെയിനിലെത്തിയ മാതാഹാരി വിലക്കുകള്‍ ലംഘിച്ച് ജര്‍മ്മന്‍ കര‌-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടു. ഫ്രാന്‍സിനുവേണ്ടി സ്പെയിനിലെത്തിയ അവള്‍ ജര്‍മ്മനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നു. കാരണം കണക്കില്‍ കവിഞ്ഞ സ്വത്ത് അപ്പോഴേക്കും അവള്‍ സ്വന്തമാക്കിയിരുന്നു.

1917 ആയപ്പോള്‍ ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവളെ കയ്യൊഴിഞ്ഞു. തിരിച്ച് ഫെബ്രുവരി 12ന് പാരീസിലെത്തിയ മാതാഹാരിയെ ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു. ജര്‍മ്മന്‍ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. മാതാഹാരിയുടെ ഹോട്ടല്‍ മുറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ അയ്യായിരം ഫ്രാങ്കിന്റെ ഒരു ചെക്കും ഒരു ട്യൂബില്‍ അടക്കം ചെയ്തിരുന്ന ഒരു തരം ദ്രാവകവും പിടിച്ചെടുത്തു. മാതാഹാരി ജര്‍മ്മന്‍‌കാര്‍ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നതിന് ഫ്രഞ്ചുകാര്‍ കാട്ടിയ തെളിവുകള്‍ ഇവയായിരുന്നു.

യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസര്‍ ജയിലിലെ പന്ത്രണ്ടാം നമ്പര്‍ സെല്ലിലടച്ചു. തുടര്‍ന്ന് മാസങ്ങളോളം നീണ്ട കോര്‍ട്ട് മാര്‍ഷലില്‍ മാതാഹാരി തന്റെ നിരപരാധിത്വത്തില്‍ ഉറച്ചു നിന്നു.

ട്യൂബില്‍ നിറച്ച ദ്രാവകം ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്നും അയ്യായിരം ഫ്രാങ്കിന്റെ ചെക്ക് ചാരാപ്രവര്‍ത്തനങ്ങള്‍ക്കല്ല മറിച്ച് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ക്ക് താന്‍ നല്‍കിയ ലൈംഗിക സുഖത്തിന്റെ പ്രതിഫലമാണെന്ന് അവള്‍ നിസങ്കോചം പറഞ്ഞു. ഫ്രാന്‍സിന് മാതാഹാരിക്കെതിരെയുണ്ടായിരുന്ന തെളിവുകള്‍ അതോടെ അസാധുവായി.

കോര്‍ട്ട് മാര്‍ഷല്‍ പാനലിലെ മൂന്ന് ജഡ്ജിമാരെ നോക്കി അവള്‍ പറഞ്ഞു‌-

“ ഞാനൊരു ഫ്രഞ്ച്കാരിയല്ല, മറ്റ് രാജ്യങ്ങളില്‍ നിന്ന് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എനിക്ക് മൌലികമായ അവകാശമുണ്ട്. അവരില്‍ ചിലര്‍ ഫ്രാന്‍സിനോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ പോലും ഞാന്‍ നിരപരാധിയും നിഷ്പക്ഷയുമാണ്. നിങ്ങള്‍, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്ല മനസുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു “

പാരീസില്‍ 1917, ജൂലായ് 24നു നടന്ന അവസാന വിചാരണയില്‍ തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം വിളിച്ചു പറഞ്ഞ മാതാഹാരിയെ കുറ്റക്കാരിയെന്ന് തെളിയിക്കാന്‍ ഫ്രാന്‍സിന്റെ പക്കല്‍ തെളിവുകള്‍ ഒന്നും അവശേഷിച്ചില്ല. വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹാരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പാനല്‍ അംഗങ്ങളായ ജഡ്ജിമാര്‍ രാജ്യാന്തര പ്രശസ്തി നേടിയ വേശ്യയും ഹിന്ദു നര്‍ത്തകിയെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവളുമായ ആ വിവാദ നായികയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ കുറ്റാരോപണങ്ങള്‍ക്ക് അവര്‍ നിരത്തിയ തെളിവുകള്‍ ആകെ പരാജയപ്പെട്ടിട്ടും ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചതിനു പിന്നില്‍ ഫ്രാന്‍സിന്റെ കുതന്ത്രങ്ങളായിരുന്നു. യുദ്ധകാലത്ത് ഫ്രഞ്ച് ഭരണകൂടം അഭിമുഖീകരിച്ചുകൊണ്ടിരുന്ന സംഘര്‍ഷത്തിന് ഒരു പുകമറ സൃഷ്ടിക്കാന്‍ ഒരു ബലിയാട് ആവശ്യമായിരുന്നു. ജര്‍മ്മനിക്കെതിരെ മുന്നേറാന്‍ കഴിയാതെ സഖ്യകക്ഷികള്‍ നേരിട്ട തടസങ്ങള്‍ക്ക് കാരണം ആരുടേയെങ്കിലും തലയില്‍കെട്ടിവയ്ക്കേണ്ടത് ഫ്രാന്‍സിന്റെ ആവശ്യമായിരുന്നു. അതിനായി മാതാഹാരിയെ തന്നെ ബലിപീഠത്തിലേറ്റാന്‍ ഫ്രാന്‍സ് തീരുമാനിക്കുകയായിരുന്നു.

1917 ഒക്ടോബര്‍ 15 വെളുപ്പിന് അവള്‍ വിളിച്ചുണര്‍ത്തപ്പെട്ടു. ആ വെളുപ്പിന് അവള്‍ മരിക്കാന്‍ പോവുകയാണെന്ന് ജയിലര്‍ ഇടറുന്ന കണ്ഠത്തോടെ അവളെ അറിയിച്ചു. നാല്പത്തൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാന്‍ അണിഞ്ഞൊരുങ്ങി. തന്റെ പ്രശസ്തിക്കും നിലയ്ക്കും യോജിച്ച വസ്ത്രങ്ങളാണ് അന്ത്യ നിമിഷത്തില്‍ അണിയാനായി തിരഞ്ഞെടുത്തത്. ചാരനിറത്തിലുള്ള ഉടുപ്പണിഞ്ഞ അവള്‍ വലിയൊരു തൊപ്പി ധരിച്ചു. ഏറ്റവും നല്ല ഷൂസും കയ്യുറയും ധരിച്ച് അവള്‍ സെല്ലിനു പുറത്തിറങ്ങി ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു.

വിന്‍‌സെന്നയിലെ റൈഫിള്‍ റെയ്ഞ്ചില്‍ പന്ത്രണ്ട് പേരടങ്ങുന്ന ഫയറിംഗ് സ്ക്വാഡ് കാത്തു നിന്നിരുന്നു. ഉറച്ചകാല്‍‌വെയ്പുകളോടെ അവള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു. ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പായി പ്രതിക്ക് നല്‍കാറുള്ള മദ്യം വാങ്ങി കുടിച്ചു. എന്നാല്‍ കൈകള്‍ ബന്ധിച്ച് മരത്തോട് ചുറ്റിക്കെട്ടി നിര്‍ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തെ അവള്‍ എതിര്‍ത്തു. നിര്‍ന്നിമേഷയായി, തന്റെ നേര്‍ക്ക് വെടിയുണ്ട ഉതിര്‍ക്കാന്‍ നില്‍ക്കുന്ന പട്ടാളക്കാരെ ഉറ്റു നോക്കി നില്‍ക്കാനാണ് അവള്‍ ആഗ്രഹിച്ചത്. ഉദ്യോഗസ്ഥര്‍ അതിന് അനുവാദം നല്‍കി, അന്ത്യ ശുശ്രൂഷക്കെത്തിയിരുന്ന പുരോഹിതനും കന്യാസ്ത്രീകളും മരച്ചുവട്ടില്‍ നിന്നും മാറി. നിമിഷങ്ങള്‍.........

കമാന്‍ഡര്‍ കയ്യുയര്‍ത്തി സൂചന നല്‍കി...

നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പന്ത്രണ്ട് വെടിയൊച്ചകള്‍ മുഴങ്ങി.....

ഫയറിംഗ് സ്ക്വാഡിന് അഭിമുഖമായി ദൃഷ്ടിപതറാതെ നോക്കിനില്‍ക്കുകയായിരുന്ന മാതാഹാരി, തന്റെ ഉടുപ്പിലെ കുടുക്കുകള്‍ അഴിച്ച് നഗ്ന മാറിടം പട്ടാളക്കാര്‍ക്ക് കാട്ടിക്കൊടുത്താണ് വെടിയുണ്ടകളെ സ്വീകരിച്ചത്......

‘പുലരിയുടെ കണ്ണിന്റെ ‘ ജീവനറ്റ ശരീരം ആ മണ്ണില്‍ കുഴഞ്ഞു വീണു.........ചിത്രങ്ങക്ക് കടപ്പാട്: ഗൂഗിള്‍

Friday, August 15, 2008

പ്രഥമ വനിതാ മാര്‍പ്പാപ്പ


“യോനയുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍
മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ്
നിനക്ക് ഇതു വെളിപ്പെടുത്തിത്തരുന്നത്.
ഞാന്‍ നിന്നോട് പറയുന്നു; നീ പത്രോസാണ്;
ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും.
നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.
സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും.
നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും;
നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”

യേശുക്രിസ്തു സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ് ഏല്‍പ്പിച്ചതെന്നും, പത്രോസില്‍ നിന്നും സഭാനേതൃത്വ അവകാശം പിന്തുടരുന്നവരാണ് മാര്‍പ്പാപ്പാമാര്‍ എന്നും റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് തെളിവാവുന്നത് മത്തായി സുവിശേഷത്തിലെ മേലുദ്ധരിച്ച രണ്ട് ഖണ്ഡികകളാണ്. റോമന്‍ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ കത്തോലിക്കാ വൈദികനാണ് മാര്‍പ്പാപ്പ. അപ്പസ്തോലിക പിന്തുടര്‍ച്ച പ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും, ക്രിസ്തുവിന്റെ വികാരിയുമാണ് മാര്‍പ്പാപ്പ. റോമിന്റെ മെത്രാനും യേശുക്രിസ്തുവിന്റെ വികാരിയും അപ്പോസ്തലന്‍‌മാരുടെ രാജകുമാരന്റെ പിന്‍‌ഗാമിയും ആഗോള സഭയുടെ പരമോന്നത വൈദികനും ഇറ്റലിയിലെ റോമന്‍ പ്രവിശ്യയുടെ മെത്രാപ്പോലിത്തയും വത്തിക്കാന്റെ ഭരണാധികാരിയും ദൈവദാസന്‍‌മാരുടെ ദാസനും എന്നതാണ് മാര്‍പ്പാപ്പയുടെ സമ്പൂര്‍ണ്ണ വിശേഷണം.

പത്രോസിന്റെ സിംഹാസനത്തില്‍ പിന്നീട് വാണരുളിയ മാര്‍പ്പാപ്പാമാരെല്ലാം പുരുഷന്‍‌മാര്‍ തന്നെയായിരുന്നു. പക്ഷെ വിധിവൈപരീത്യം കൊണ്ടോ, സഭയുടെ നോട്ടപ്പിശകു കാരണമോ ഒരു വനിത സഭയുടെ പരമോന്നത സിംഹാസനത്തില്‍ ഇരിന്നിട്ടുണ്ടെന്നാണ് തിരസ്കരിക്കപ്പെട്ട ചരിത്രം പറയുന്നത്. 855ല്‍ സ്ഥാനാരോഹണം ചെയ്ത ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ, സഭയെ കബളിപ്പിച്ച് തല്‍ സ്ഥാനത്തെത്തിയ ജോന്‍ എന്ന ഒരു വനിതയാണെന്നാണ് ചില ചരിത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നത്. 855ല്‍ ലിയോ നാലാമന്‍ കാലം ചെയ്തപ്പോഴാണ് ജോന്‍, ജോണ്‍ എട്ടാമന്‍ എന്ന പേരില്‍ ആ സ്ഥാനത്തെത്തിയത്. പുരുഷവേഷം കെട്ടി സഭയെ വളരെ വിദഗ്ദ്ധമായി കബളിപ്പിക്കാന്‍ ജോനിനു കഴിഞ്ഞു.

ഒന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഏകദേശം 818ല്‍ മെയ്ന്‍‌സിലെ റൈന്‍ നദീ തീരത്തെ ഒരു പട്ടണത്തില്‍ ക്രിസ്തുമത പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ദമ്പതികളായ ഇംഗ്ലീഷ് മിഷനറിമാര്‍ക്ക് ജോന്‍ എന്നൊരു പുത്രി ജനിച്ചു. ചെറുപ്പകാലത്ത് അസാമാന്യ ബുദ്ധി പ്രകടിപ്പിച്ചിരുന്ന അവള്‍ വശ്യ സൌന്ദര്യത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പന്ത്രണ്ടാം വയസില്‍ ഒരു ക്രിസ്ത്യന്‍ സന്യാസിയില്‍ അവള്‍ അനുരുക്തയായി. പക്ഷെ മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തതോടെ ജോന്‍ അവരെ ഉപേക്ഷിച്ച്, പുരുഷവേഷം ധരിച്ച്, സന്യാസി മഠത്തില്‍ വിദ്യാര്‍ത്ഥിയായി. ജോണ്‍ ആംഗ്ലിക്കസ് അഥവാ ജോണ്‍ ദ ഇംഗ്ലിഷ്‌മാന്‍ എന്ന പേരിലാണ് മഠത്തില്‍ അവള്‍ അറിയപ്പെട്ടത്. കാമുകനായ സന്യാസിയുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി മാത്രമാണ് ജോണ്‍ ഈ ആള്‍മാറാട്ടത്തിന് തയ്യാറായത്. സന്യാസി മഠത്തിലെ പകലുകള്‍ പ്രാര്‍ത്ഥനയ്ക്കും പഠനത്തിനുമായി മാറ്റിവച്ച ജോന്‍, രാത്രികള്‍ കാമുകനുമായുള്ള സമാഗമത്തിന് ഉപയോഗിച്ചു.

കുറച്ച് കാലത്തിനു ശേഷം ഇവരുടെ ബന്ധം പുറത്തറിയുകയും, സഭയുടെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷനേടാന്‍ ഇരുവരും റോമിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ഏതന്‍‌സില്‍ വച്ച് ജോനിനെ ഉപേക്ഷിച്ച് കാമുകന്‍ കടന്നു കളഞ്ഞു. പക്ഷെ അപ്പോഴും പുരുഷവേഷം കളയാതെ ജോന്‍ റോമിലേക്കുള്ള യാത്ര തുടര്‍ന്നു. റോമിലെത്തിയ അവള്‍ നല്ലൊരു അദ്ധ്യാപികയായും മിഷനറി പ്രവര്‍ത്തകയായും പ്രസിദ്ധി നേടി. അസാമാന്യ വാക്ചാതുര്യവും പാണ്ഡിത്വവും പ്രദര്‍ശിപ്പിച്ച ജോനിനു നിരവധി ശിഷ്യന്‍‌മാരുണ്ടായി. അക്കാലത്തെ പ്രമുഖ തത്വചിന്തകര്‍ ജോനിന്റെ പാണ്ഡിത്യത്തെ അനുമോദിച്ചു. ദൈവശാസ്ത്രത്തിലുള്ള അവളുടെ അറിവില്‍ കര്‍ദ്ദിനാള്‍‌മാര്‍ അല്‍ഭുതം കൂറി. പക്ഷെ ഇവര്‍ക്കാര്‍ക്കും ജോണ്‍ ആംഗ്ലിക്കസ് എന്നത് പുരുഷവേഷം ധരിച്ച ജോന്‍ ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. കഴിവും പരിശ്രമവും കൊണ്ട് ജോന്‍ സഭയുടെ അധികാരസ്ഥാനങ്ങളുടെ കീഴ്ത്തടങ്ങളില്‍ എത്തുകയും ക്രമേണ ഉന്നതങ്ങളിലേക്ക് കുതിക്കുകയും ചെയ്തു.

ഏവരാലും അംഗീകരിക്കപ്പെട്ട അവള്‍ അങ്ങനെ 855ല്‍ മാര്‍പ്പാപ്പ ലിയോ നാലാമന്‍ കാലം ചെയ്തപ്പോള്‍, അനന്തരാവകാശിയായി ഏകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ജോണ്‍ എട്ടാമന്‍ എന്ന പേരില്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വനിത അവരോധിതയായി. ഈ സംഭവങ്ങള്‍ക്കിടയില്‍, ഏകയും വികാരവതിയുമായ ജോന്‍ തന്റെ ഭൃത്യരില്‍ ഒരാളെ കാമുകനാക്കാന്‍ മടിച്ചില്ല. ഇയാള്‍ക്കൊഴികെ മറ്റാര്‍ക്കും ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ ഒരു വനിതയാണെന്ന കാര്യം അറിയില്ലായിരുന്നു. അറിയിക്കാതിരിക്കാന്‍ ജോന്‍ അതിസമര്‍ത്ഥമായി പെരുമാറിയിരുന്നു. അധികം താമസിയാതെ ഭൃത്യനുമായുള്ള സമാഗമത്തിലൂടെ ജോന്‍ ഗര്‍ഭിണിയായി.

കാര്യങ്ങളെയൊക്കെ തകിടം മറിച്ച സംഭവം ഇനിയാണ്. മാര്‍പ്പാപ്പയായി അവരോധിതയായി രണ്ട് വര്‍ഷം കൊണ്ട്, ജോണ്‍ എട്ടാമന്‍ വിശ്വാസികളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുന്നതില്‍ ഏറെ വിജയിച്ചു കഴിഞ്ഞിരുന്നു. 857ലെ ഈസ്റ്റര്‍ ദിനത്തില്‍, സെന്റ് പീറ്റേഴ്സ് ബസ്ലിക്കായില്‍ നിന്നും മാര്‍പ്പാപ്പയുടെ വാസസ്ഥലമായ ലാറ്റേറന്‍ കൊട്ടാരത്തിലേക്ക് ഒരു ഘോഷയാത്ര നീങ്ങുകയാണ്. ടൈബര്‍ നദിയുടെ എതിര്‍വശത്തായാണ് ലാറ്റേറന്‍ കൊട്ടാരം. ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്ന മാര്‍പ്പാപ്പയെ റോഡിനു ഇരുവശവും തടിച്ചു കൂടി നിന്ന ജനങ്ങള്‍ ആദരവോടെ, ഭക്തിപുരസരം എതിരേല്‍ക്കുകയാണ്. ഘോഷയാത്ര, കൊളോസിയത്തിനും സെന്റ് ക്ലെമന്‍‌സ് ചര്‍ച്ചിനും മധ്യേയുള്ള ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ച ഉടനെ പരിശുദ്ധ പിതാവ് കുതിരപ്പുറത്തു നിന്നും കുഴഞ്ഞു വീണു. സകലരും സംഭീതരായി നോക്കി നില്‍ക്കെ ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ പ്രസവവേദന കൊണ്ട് പുളയുന്ന ഒരു സ്ത്രീയായി മാറി. നിമിഷങ്ങള്‍ക്കകം ജോന്‍ ഒരു കുഞ്ഞിനെ അവിടെ, ആ വീഥിമധ്യത്തില്‍ പ്രസവിച്ചു. കോപാക്രാന്തരായ ജനക്കൂട്ടം ആ സ്ത്രീയേയും കുഞ്ഞിനേയും നഗരത്തിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു.

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലിങ്ങോട്ട് നൂറ്റാണ്ടുകളോളം യൂറോപ്പിലാകമാനം ഈ കഥ പറഞ്ഞു തഴമ്പിച്ചു. വനിതാ മാര്‍പ്പാപ്പയായ ജോനിനെക്കുറിച്ചുള്ള ഏറ്റവും പഴയ സൂചനയായി ചരിത്രകാരന്‍‌മാര്‍ കണ്ടെത്തിയിട്ടുള്ളത് പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് ഡൊമിനിക്കന്‍ ആയ ബാര്‍ബോണിലെ സ്റ്റീഫന്‍ എഴുതിയ “ദ സെവെന്‍ ഗിഫ്റ്റ്സ് ഓഫ് ദ ഹോളി സ്പിരിറ്റ്” എന്ന ഗ്രന്ഥമാണ്. ഇതേ സൂചന പതിമൂന്നാം നൂറ്റാണ്ടിലെ മറ്റൊരു ഡൊമിനിക്കന്‍ ആയ ത്രോപ്പോയിലെ മാര്‍ട്ടിന്‍ എന്നു വിളിക്കുന്ന പോളിന്റെ “ ദ ക്രോണിക്കിള്‍ ഓഫ് ദ പോപ്സ് ആന്റ് എമ്പറേസ്” എന്ന കൃതിയിലും ചരിത്രകാരന്‍‌മാര്‍ കണ്ടെത്തിയിട്ടുണ്ട്.

കത്തോലിക്കാ സഭ അന്നും ഇന്നും ഈ സംഭവങ്ങളെ അംഗീകരിച്ചിട്ടില്ല. ജനമധ്യത്തില്‍ വച്ചുള്ള ശിശുജനവും പിന്നീടുള്ള രോക്ഷപ്രകടനവും കഴിഞ്ഞയുടന്‍ തന്നെ പുതിയ മാര്‍പ്പാപ്പയായി ബനഡിക്ട് മൂന്നാമനെ ധൃതിയില്‍ അവരോധിച്ചു. ബനഡിക്ടിന്റെ സ്ഥാനാരോഹണത്തിന് സഭാചരിത്രകാരന്‍‌മാര്‍ പൂര്‍വ്വകാല പ്രാബല്യമാണ് നല്‍കിയത്. 855ല്‍ മാര്‍പ്പാപ്പയാ‍യ ജോനിനെ സംബന്ധിച്ച എല്ല രേഖകളും നീക്കം ചെയ്യുക ചെയ്യുകയെന്നതായിരുന്നു അധികൃതരുടെ ലക്ഷ്യം. പിന്നീട്, പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 872ല്‍ ജോണ്‍ എന്ന് പേരുള്ള മറ്റൊരു മാര്‍പ്പാപ്പ അവരോധിതനായപ്പോള്‍ അദ്ദേഹത്തിന് ജോണ്‍ ഒന്‍‌പതാമന്‍ എന്നതിനു പകരം ജോണ്‍ എട്ടാമന്‍ എന്ന പേരാണ് നല്‍കിയത്.

വനിതാ പോപ്പിന്റെ കഥയില്‍ വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്. റോമിലെ കൊളോസിയത്തിനും സെന്റ് ക്ലെമന്‍‌സ് പള്ളിക്കും മധ്യേയുള്ള ഇടുങ്ങിയ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ള, കൈക്കുഞ്ഞുമായി നില്‍ക്കുന്ന ഒരു സ്ത്രീയുടെ പ്രതിമയാണത്. 857ല്‍ നടന്ന ഘോഷയാത്രക്കിടയില്‍ പരിശുദ്ധ പിതാവ് കുതിരപ്പുറത്തു നിന്നും വീണ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പിന്നീട് നടന്ന ഘോഷയാത്രകള്‍ക്കൊന്നിനും ഈ ഇടനാഴി ഉപയോഗിച്ചിട്ടില്ല. പിന്നീട്, 200 വര്‍ഷത്തിലേറെക്കാലം, സീന കത്തീഡ്രലില്‍ മാര്‍പ്പാപ്പാമാരുടെ അര്‍ദ്ധകായ പ്രതിമകള്‍ സൂക്ഷിച്ചിരുന്നതിന്റെ കൂട്ടത്തില്‍ ഇങ്ങനെ ഒരടിക്കുറിപ്പോടു കൂടിയ ഒരു പ്രതിമയും ഉണ്ടായിരുന്നു.
“ ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ, ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വനിത “
പതിനാറാം നൂറ്റാണ്ടില്‍ മാര്‍പ്പാപ്പയായിരുന്ന ക്ലെമന്റ് എട്ടാമന്‍, ഈ പ്രതിമയ്ക്ക് “ പോപ്പ് സക്കറി “ എന്ന് പുനര്‍നാമകരണം ചെയ്തതായി പറയപ്പെടുന്നു.

പോപ്പ് ജോനിന്റെ കഥക്ക് അനുകൂലമായി ചരിത്രകാരന്‍‌മാര്‍ കാണുന്ന ഏറ്റവും വലിയ തെളിവ് “ സ്റ്റെല്ല സ്റ്റൈര്‍ ലാറ്റേറന്‍ “ എന്ന ഒരു തരം വിചിത്ര കസേരയാണ് (ചിത്രം താഴെ). സെന്റ് ജോണ്‍ ലാറ്റേറന്‍ ബസ്ലിക്കയില്‍ നിന്നും കണ്ടെടുത്ത ഒരു പ്രത്യേക മാര്‍ബിള്‍ കസേരയാണിത്. ഈ കസേരയുടെ ഇരിപ്പിടത്തിന് മധ്യത്തില്‍ ഒരു ദ്വാരമുണ്ട്. മാര്‍പ്പാപ്പ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനുമുന്‍പായി ഓരോ മാര്‍പ്പാപ്പയും ഈ കസേരയില്‍ ഇരിക്കേണ്ടതുണ്ട്. മാര്‍പ്പാപ്പാ സ്ഥാനാര്‍ത്ഥിയുടെ ലിംഗ നിര്‍ണ്ണയം നടത്തുന്നതിനുള്ള വൈദ്യപരിശോധനകള്‍ക്ക് വേണ്ടിയാണ് ഈ വിചിത്ര കസേര ഉപയോഗിച്ചിരുന്നത്. ജോനിന്റെ ചതി ആവര്‍ത്തിക്കാതിരിക്കാനാണ് ഈ മുന്‍‌കരുതല്‍ സഭ എടുത്തതെന്ന് ചരിത്രകാരന്‍‌മാര്‍ പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ ഈ കസേര ഉപയോഗിച്ചിരുന്നു.

പതിനാറും, പതിനേഴിലേയും നൂറ്റാണ്ടുകളിലെ പ്രോട്ടസ്റ്റാന്റ് എഴുത്തുകാര്‍ ജോന്‍ മാര്‍പ്പാപ്പയുടെ കഥ സഭയ്ക്കെതിരെയുള്ള ആയുധമാക്കി. അന്നുമുതല്‍ ഇന്നു വരെ നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും കാരണമായിട്ടുണ്ട് ഈ കഥ.....

ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ ജോന്‍ എന്ന വനിതയായിരുന്നോ?


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Saturday, August 9, 2008

അനുകരിക്കൂ; ജീവിതവിജയം നേടൂ!

മറ്റുള്ളവരെ അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുകയെന്നു പറയപ്പെടുന്നു; അനുകരണം ആപത്താണെന്നല്ലെ പഴമൊഴി! പക്ഷെ ജീവിതവിജയ മന്ത്രങ്ങളുടെ ഏറ്റവും പുതിയ രീതിയില്‍ അനുകരണം വളരെയേറെ ഗുണവത്തായ കാര്യമായാണ് വ്യാഖ്യാനിക്കുന്നത്. ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖല ഏതു തന്നെ ആയിരുന്നാലും, ശക്തമായ വ്യക്തിത്വത്തിന് ആവശ്യമായ ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, നിശ്ചിതലക്ഷ്യം, ഏകാഗ്രത, ഇശ്ചാശക്തി, സ്ഥിരോത്സാഹം, ഭാവന തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുത്ത് ജീവിതവിജയം കൈവരിക്കാന്‍ സഹായിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ നിലവിലുണ്ട്. ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും മനോദൌര്‍ബല്യങ്ങള്‍ക്കടിമപ്പെട്ട്, നിരാശാബോധത്തിലൂടെ, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലെല്ലാം പരാജയപ്പെട്ട് ജീവിതം വ്യര്‍ഥമാക്കുന്നവരാണ് നമുക്ക് ചുറ്റും. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും ഔന്നത്യത്തിന്റെ ഉത്തുംഗസ്വാപനം കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞ വ്യക്തിത്വങ്ങള്‍ ഇവിടെയുണ്ട് എന്നത് നിസ്തര്‍ക്കമാണ്. മനുഷ്യനെ മൃഗത്തിന് സമാനമായി അധ:പതിപ്പിക്കുന്ന ക്ഷുദ്രശക്തികളെ ഉന്‍‌മൂലനം ചെയ്ത് തല്‍‌സ്ഥാനത്ത് ക്രിയാത്മകശക്തികളെ വളര്‍ത്തിയെടുത്ത് കഴിവുകള്‍ അല്‍ഭുതാവഹമായ രീതിയില്‍ വര്‍ദ്ധിപ്പിച്ചതു കൊണ്ടാണ് അവര്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ കഴിഞ്ഞത്.

മനുഷ്യര്‍ക്ക് നാലുവിധ വ്യക്തിത്വങ്ങള്‍ ഉണ്ടെന്ന് പ്രശസ്ത മനശാത്രജ്ഞനായ ആല്‍‌ഫ്രഡ് അഡ്‌ലര്‍(1870-1937) പറയുന്നു.
1. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന‌വര്‍(Getting learning types)
2. മറ്റുള്ളവരുടെ മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്നവര്‍(Ruling dominent types)
3. പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, ഒന്നിനെയും അഭിമുഖീകരിക്കാതെ എല്ലാം നേടു‌വാന്‍ ശ്രമിക്കുന്നവര്‍(Avoiding types)
4. നിത്യജീവിതത്തിലെ പ്രശ്നങ്ങളെ മനസാന്നിധ്യത്തോടെ അപ്പപ്പോള്‍ തന്നെ നേരിടുന്നവര്‍(Socially useful types)
ഇതില്‍ Socially useful typesന് ഉല്‍കൃഷ്ടവും ക്രിയാത്മകവുമായ ജീവിതത്തിന്റെ ഉടമകളായിത്തീരാന്‍ കഴിയുമെന്ന് അഡ്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളുടെ ജീവിത രീതികള്‍ അതുപോലെ അനുകരിച്ച് ഏതൊരാള്‍ക്കും ജീവിതവിജയം നേടാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്.

ഒരാള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ഏതൊരാള്‍ക്കും പഠിച്ച് അതു ചെയ്യാനാവും എന്നതാണ് ഏറ്റവും പുതിയ ജീവിതവിജയ ശാസ്ത്ര ശൈലിയുടെ കണ്ടെത്തല്‍. അനുകരണത്തെ ഒരു കലയായി വിവക്ഷിച്ച് പടിപടിയായുള്ള പരിശീലങ്ങളിലൂടെ ജീവിതവിജയം കരസ്ഥമാക്കാന്‍ ആവിഷ്കരിച്ച ഏറ്റവും പുതിയ പ്രോഗ്രാമാണ് എന്‍ എല്‍ പി അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്. ഏത് രംഗത്തായാലും ഉന്നത നിലവാരം പുലര്‍ത്തുന്നകര്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ നിയതമായ രീതിയും നടപടിക്രമങ്ങളും പാലിച്ചിരുന്നതായി കാണാം. ഈ നടപടിക്രമങ്ങള്‍ അതേപോലെ പകര്‍ത്തി അതേ ഫലം ഉണ്ടാക്കാന്‍ കഴിയും. ഇപ്രകാരം നടപടിക്രമം പകര്‍ത്തുന്നതിനെ അനുകരിക്കല്‍(Modelling)എന്നു പറയുന്നു. ശാസ്ത്രീയമായ രീതിയിലുള്ള ഈ കോപ്പിയടി വഴി ഏതൊരാള്‍ക്കും അവരവരുടെ താല്പര്യമനുസരിച്ച് അതാത് മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്‍ എല്‍ പി പറയുന്നത്. കോപ്പിയടി രണ്ട് തരമുണ്ട്; തന്നെത്തന്നെ കോപ്പിയടിക്ക‌ലും, മറ്റുള്ളവരെ കോപ്പിയടിക്കലും. നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ നേടിയ വിജയത്തിന്റെ നിമിഷങ്ങളെ വീണ്ടും കൊണ്ടുവന്ന് കോപ്പിയടിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രംഗത്ത് വിജയം വരിച്ചു കൊണ്ടിരിക്കുന്ന ഒരാളെ കോപ്പിയടിക്കുക. ഇത്തരം അനുകരണത്തില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിശ്വാസമാണ് ഏറ്റവും പ്രഥമികമായ കാര്യം. തനിക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ കഴിയും; കഴിയില്ലെന്ന് വിശ്വസിച്ചാല്‍ കഴിയില്ല. നിരന്തര വിജയമാര്‍ജ്ജിച്ച ഒരാളുടെ വിശ്വാസ രീതി ഏതെന്ന് മനസ്സിലാക്കി അതിനെ അനുകരിക്കണം. രണ്ടാമതായി മുന്‍‌ഗണനാക്രമമാണ്, ഏതൊക്കെ കാര്യങ്ങള്‍ ആദ്യമാദ്യം ചെയ്യണം എന്ന് തീരുമാനിക്കണം. മൂന്നാമതായി ശാരീരികാവസ്ഥയാണ്. ബോഡിലാംഗ്വേജിന്റെ ശരിയായ അവതരണത്തിലൂടെ ജീവിതവിജയം നേടിയ ആളിനെ അനുകരിക്കണമെന്നാണ് എന്‍ എല്‍ പി പറയുന്നത്. ഉദാഹരണമായി ടെന്നിസ് താരം സാനിയാ മിര്‍സ അനുകരിച്ചത് സ്റ്റെഫി ഗ്രാഫിനെയായിരുന്നു. സ്റ്റെഫിയാണ് തന്റെ മാതൃകയെന്ന്, സാനിയ വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റെഫി നില്‍ക്കും പോലെ, നടക്കും പോലെ, ഓടും പോലെ, കളിക്കും പോലെ സാനിയയും കളിക്കുന്നു.

എന്താണ് എന്‍ എല്‍ പി

തലച്ചോറിനെയും നാഡീവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ച് ശരീരത്തെയും മനസിനെയും ഒരേ താളക്രമത്തിലാക്കി എങ്ങനെ ജീവിത വിജയത്തിന് വിനിയോഗിക്കാം എന്ന് വിശദമാക്കുന്ന നൂതന ശാസ്ത്രമാണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം അഥവാ എന്‍ എല്‍ പി. നമ്മുടെ അറിവുകളെ, ആഗ്രഹങ്ങളെ, പ്രേരണകളെ, പ്രവൃത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താന്‍ എന്‍ എല്‍ പി സഹായിക്കുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ രൂപപ്പെട്ട ഒരു വിജ്ഞാന ശാഖയാണ് എന്‍ എല്‍ പി. അമേരിക്കയിലെ, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയും കമ്പ്യൂട്ടര്‍വിദഗ്‌ദ്ധനുമായ റിച്ചാര്‍ഡ് ബേന്റലറും അതേ യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്ര പ്രൊഫസറുമായ ജോണ്‍ ഗ്രൈന്റുമാണ് ഈ നൂതന ശൈലിയുടെ ഉപജ്ഞാതാക്കള്‍. അമേരിക്കയിലെ തന്നെ പ്രസിദ്ധ കുടുംബ കൌണ്‍സിലര്‍ വെര്‍ജിനിയ സറ്റിര്‍നെയും, ജെസ്റ്റോള്‍ട്ട് തെറാപ്പിസ്റ്റായിരുന്ന ഫ്രിറ്റ്സ് പേളിനെയും അനുകരിച്ചാണ്, റിച്ചാര്‍ഡ് ബേന്റ്ലര്‍ ഇതിനു തുടക്കമിട്ടത്. മുന്‍‌ഗാമികളെ അനുകരിച്ച് അറിയപ്പെടുന്ന ഒരു കൌണ്‍സിലറായി മാറുന്നതില്‍ ബേന്റ്ലര്‍ വിജയിച്ചു. ഇങ്ങനെ ഒരു മേഖലയില്‍ വിജയം നേടിയവരെ അനുകരിക്കുന്നതു വഴി എളുപ്പത്തില്‍ വിജയം നേടാമെന്ന് അദ്ദേഹം തെളിയിച്ചു. അതേ സമയം ഭാഷാശാസ്ത്രത്തിന്റെ വഴിയിലൂടെ ചിന്തയുടേയും പെരുമാറ്റത്തിന്റേയും വ്യാകരണം മനസ്സിലാക്കാന്‍ ശ്രമിച്ചു വരികയായിരുന്നു ജോണ്‍ ഗ്രൈന്റര്‍. സമാന താല്‍‌പര്യങ്ങളുള്ള ഇവര്‍ യോജിച്ച് ജീവിത വിജയത്തിന് അനുകരണത്തിന്റെ മാതൃക കണ്ടെത്തി. അതാണ് ഇന്ന് ലോകം മുഴുവന്‍ ന്യൂറോ ലിംഗ്വിസ്റ്റ്ക് പ്രോഗ്രാം എന്ന് അറിയപ്പെടുന്നത്.

തലച്ചോറ് അഥവാ ബുദ്ധി മാത്രം മതി ആര്‍ക്കും ജീവിതവിജയം നേടാന്‍. തലച്ചോറിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്ന് പറഞ്ഞു തരുന്നതാണ് എന്‍ എല്‍ പി. ദു:ഖവും നിരാശയുമുണ്ടാകുമ്പോള്‍ ആഹ്ലാദത്തിന്റെയും ആത്മാഭിമാനത്തിന്റെയും ശാരീരികാവസ്ഥയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ ദു:ഖത്തെയും നിരാശയെയും നമുക്ക് മറികടക്കാന്‍ സാധിക്കും. ഇതിന് ചെയ്യേണ്ടത് മാംസപേശികളുടെയും നാഡീവ്യൂഹത്തിന്റെയും നിയന്ത്രണത്തിലൂടെ ചിന്തകളെ നിയന്ത്രിക്കുക എന്നതാണ്. ഇങ്ങനെ ചിന്തകളെ പോസിറ്റാവായി നിയന്ത്രിച്ച് നമ്മുടെ ബാഹ്യപ്രവൃത്തികളെ ഗുണപരമായ വഴിയിലൂടെ നയിക്കാന്‍ കഴിയും. ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം നാം അതിനെ എങ്ങനെ കാണുന്നു, നേരിടുന്നു എന്നതാണ്. ദു:ഖവും നിരാശയും, സന്തോഷവും എല്ലാം എല്ലാം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. വിജയമെന്നത് കേവലം ഭാഗ്യമല്ല; ലക്ഷ്യം വച്ച് തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിലൂടെ സിദ്ധിക്കുന്ന ഒരവസ്ഥയാണത്. എന്താണ് ലക്ഷ്യമെന്ന് മനസ്സിലുറച്ച് അതിനു വേണ്ട ഒരു രൂപരേഖ തയ്യാറാക്കുക. പദ്ധതിയിന്‍‌ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുകയും, ദിവസേന പ്രവൃത്തിയുടെ ഫലങ്ങള്‍ പരിശോധിക്കുകയും വേണം.

എന്റെ പരിശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതാണോ, അതോ പുറകിലോട്ട് വലിച്ചിഴക്കുന്നുണ്ടോ
വിജയത്തിലേക്ക് നയിക്കുന്ന പ്രവൃത്തികളെ പിന്തുടരണം, അല്ലാത്തവയെ ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഈ പ്രയാണത്തില്‍, ജീവിത വിജയം നേടിയ മറ്റുള്ളവരുടെ മനോഭാവങ്ങളും പ്രതികരണങ്ങളും നാം പഠിക്കാന്‍ (അനുകരണം) തയ്യാറായി അതിനൊത്ത് മാറണം. ജീവിതത്തിലുണ്ടായേക്കാവുന്ന ഏത് പരാജയത്തെയും വിജയമാക്കി മാറ്റാനുള്ള കഴിവ് വികസിപ്പിച്ചെടുക്കണം. ഏതൊരു പരാജയത്തേയും ശരിയായ ആശയവിനിമയത്തിലൂടെ വിജയമാക്കി മാറ്റാന്‍ സാധിക്കും. പ്രശസ്തരായ വ്യക്തികളെ മോഡലാക്കുന്നതു വഴി ഇതൊക്കെ സാധ്യമാവുമെന്നാണ് എന്‍ എല്‍ പി പറയുന്നത്. അവരുടെ വസ്ത്രധാരണ രീതികള്‍, ഉച്ചാരണരീതികള്‍, തലയെടുപ്പ്, ശാരീരിക ചലനങ്ങള്‍, ഹെയര്‍സ്റ്റൈല്‍, മീശ, സംഭാഷണരീതികള്‍, ശ്വാസോച്ഛ്വാസത്തിന്റെ രീതികള്‍ വരെ അനുകരിക്കാം. എന്നാലിത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല. ദീര്‍ഘനാളത്തെ ക്ഷമാപൂര്‍വ്വമായ പരിശീലനം ഇതിന് ആവശ്യമാണ്. പല മണ്ഡലങ്ങളില്‍ വിജയം സ്വായത്തമാക്കിയ അനേകരുടെ ചിന്താരീതികളെയും പെരുമാറ്റരീതികളെയും എന്‍ എല്‍ പി അപഗ്രഥിച്ചിട്ടുണ്ട്. സാഹിത്യകാരന്‍‌മാര്‍, ആത്മീയനേതാക്കള്‍, കലാകാരന്മാര്‍, വ്യവസായപ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, തത്വചിന്തകര്‍, ശാസ്ത്രജ്ഞര്‍, രാക്ഷ്ട്രത്തലവന്‍‌മാര്‍, ധനികര്‍ എന്നിവരൊക്കെ ഇതിന്റെ പഠനത്തില്‍ വരുന്നുണ്ട്. ഇവരോരുത്തരുടെയും ബാഹ്യവും ആന്തരീകവുമായ ആശയവിനിമയവും പെരുമാറ്റ രീതികളും ചിന്തയും നമുക്ക് മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.എന്‍ എല്‍ പി നിത്യജീവിതത്തില്‍

നിത്യ ജീവിതത്തില്‍ എന്ത് മാറ്റവും വരുത്തുവാനുമുള്ള ആവശ്യഘടകങ്ങള്‍ ഓരോ വ്യക്തിയിലും അന്തര്‍ലീനമാണ്. പരാജയം എന്നൊന്നില്ല; ഓരോ തോല്‍‌വിയിലും വിജയിക്കാനുള്ള പാഠങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടാവും. അവയെ കണ്ടെത്തി പോസിറ്റീവായി ഉപയോഗിക്കുകയാണ് വേണ്ടത്. പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ഞാന്‍ എപ്പോഴും പരാജയപ്പെടുന്നു, എനിക്ക് വിജയം വിധിച്ചിട്ടില്ല എന്ന് വിചാരിക്കാതിരിക്കുക. നിരവധി പരാജയങ്ങളിലൂടെയാണ് വിജയികള്‍ ശക്തരായത്. പരാജയങ്ങളെ ശരിയായ രീതിയില്‍ നേരിടുമ്പോള്‍ മനസിന്റെ ഉള്‍ക്കാഴ്ച്ച വര്‍ധിക്കുന്നു. എത്ര പരാജയങ്ങള്‍ ഉണ്ടായാലും വിജയികള്‍ പതറാറില്ല. അവയെ എങ്ങനെ വിജയമാക്കാമെന്നാണ് അവര്‍ ചിന്തിക്കുക. എനിക്കവ ചെയ്യാന്‍ കഴിയും എന്ന വിശ്വാസമാണ് ഈ അസാധാരണ വിജങ്ങളുടെ താക്കോല്‍.

സന്തോഷകരമായ ഒരു മുന്‍ അനുഭവത്തെ മനസിലേക്ക് കൊണ്ടു വരിക. അതിനെ കൂടുതല്‍ പ്രകാശമാനമാക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ സന്തോഷം വര്‍ധിക്കുന്നതായി അനുഭവപ്പെടും. എത്ര മോശപ്പെട്ട അവസ്ഥയിലും കാഴ്ച്ചപ്പാട് മാറ്റിയാല്‍ നന്മ കാണാനാവും. പരാജയത്തെ വെല്ലുവിളിയായും, തെറ്റിനെ ഒരു പാഠമായും, തോല്‍‌വിയെ വിജയത്തിലേക്കുള്ള ചവിട്ട് പടിയായും, വഞ്ചനയെ ഒരനുഭവമായും, രോഗാവസ്ഥയെ ശരീരത്തിന്റെ മുന്നറിയിപ്പായും കണ്ടു നോക്കൂ... ഈ മോശപ്പെട്ട സാഹചര്യങ്ങളിലെല്ലാം നന്മയുടെ വിത്തുകള്‍ മുളപൊട്ടുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാവും. എന്‍ എല്‍ പി എന്ന വ്യക്തിത്വ വികസന രീതിയുടെ കാതല്‍ ഓട്ടോ സജഷന്‍‌സിലൂടെ മനസിനെ മെരുക്കിയെടുക്കലാണ്. ദൈനംദിന അഭ്യാസത്തിലൂടെ ഇത് സ്വായത്തമാക്കാന്‍ കഴിയും. ചിട്ടയായ പരിശീലനത്തിലൂടെ ഫലവത്തായ ആശയവിനിമയം നടത്താനും വ്യക്തി ബന്ധങ്ങള്‍ ശക്തമാക്കാനും സാധിക്കും. കുടുംബ ജീവിതം സന്തോഷകരമാക്കുന്നതിനോടൊപ്പം അനാവശ്യസ്വഭാങ്ങളെ മാറ്റി തത്സ്ഥാനത്ത് നല്ല ശീലങ്ങളെ പ്രതിഷ്ഠിക്കാം. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ നിന്ന് രക്ഷനേടാനും എന്‍ എല്‍ പി സഹായമരുളും.

എന്താണ് മാറ്റേണ്ടത് എന്ന് തീരുമാനിക്കുക. മദ്യപാനമാണെങ്കില്‍ മദ്യപിക്കുന്നതിന്റെ ഒരു സ്വാഭാവിക ചിത്രീകരണം മനസില്‍ സൃഷ്ടിക്കുക. അല്പസമയം അതില്‍ വ്യാപരിച്ച ശേഷം ഇങ്ങനെയൊരു ശീലം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് മനസില്‍ ചിത്രീകരണം നടത്തുക. ഈ രണ്ട് മാനസികവ്യാപാരങ്ങളിലും നിങ്ങള്‍ക്കുണ്ടാവുന്ന നന്മതിന്മകളുടെ ഏകദേശരൂപം ശക്തമായി മനസിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കുക. സ്ഥിരമായി ഈ അഭ്യാസം ചെയ്യുന്നതു വഴി മദ്യപാനം ഉപേക്ഷിച്ച് നന്മയുടെ വഴി പൂകാമെന്ന് എന്‍ എല്‍ പി പറയുന്നു. പുകവലിയില്‍ നിന്നും ഇതേപോലെ മോചനം നേടാമത്രെ. അടിയുറച്ച ഒരു നെഗറ്റീവ് ചിത്രം മനസില്‍ കടന്നു വരുമ്പോഴേ അത് ബോധപൂര്‍വ്വം മായിച്ചു കളയുക. ഇങ്ങനെ നിരന്തരം ചെയ്താല്‍ പിന്നീടൊരിക്കലും അത് മനസില്‍ ഉറച്ചു നില്‍ക്കില്ല; പകരം വെയ്ക്കുന്ന ശീലമെ മനസില്‍ തെളിയൂ. അതുകൊണ്ട് ഒരു ദു:ശീലത്തിനു പകരം ഒരു നല്ല ശീലം മനസില്‍ നിറയ്ക്കുക.
തുടര്‍ച്ചയായി, അമിതാവേശത്തോടെ ലക്ഷ്യത്തിലേക്ക് നീങ്ങൂ..
നിങ്ങള്‍ ഉറച്ച് വിശ്വസിക്കൂ... നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല.....അധികവായനക്ക്:N L P vol.I(1980) by Richard Bandler & John Grainder
Using Yours Brain for a Change by Richard Bandler & John Grainder
Inside Guide to Submodalities(1988) by Richard Bandler & John Grainder
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Friday, August 1, 2008

വേശ്യകള്‍ക്കൊരു വിശുദ്ധഗ്രന്ഥം

ലോകരാജ്യങ്ങളില്‍ പലയിടത്തും വേശ്യാവൃത്തി ഒരു തൊഴിലായി ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിരവധി നിയമങ്ങള്‍ കൊണ്ട് ഈ മാംസക്കച്ചവടത്തിന് തടയിടാന്‍ ഭരണാധികാരികള്‍ തയ്യാറായെങ്കിലും, ചില കര്‍ശന വ്യവസ്തകളിന്‍‌മേല്‍ വേശ്യാവൃത്തിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ഇവര്‍ നിര്‍ബന്ധിതരായി. ലോകമെമ്പാടുമുള്ള വന്‍‌നഗരങ്ങളിലെ ചുവന്ന തെരുവുകള്‍ ഇത്തരം അംഗീകൃത മാംസക്കച്ചവട കേന്ദ്രങ്ങളാണെന്നത് വസ്തുതയാണ്. ഒരു രാജ്യമാകമാനം മാംസക്കച്ചവടത്തിലൂടെ വിദേശനാണ്യം നേടുന്നു എന്ന വാര്‍ത്ത ഇന്ന് പുതുമയല്ല. സെക്സ് ടൂറിസം എന്ന പേരില്‍ രാജ്യത്തിലെ വേശ്യാവൃത്തിയെ പരിപോഷിപ്പിക്കാന്‍ ചില രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഒരു കൂസലുമില്ല. ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് തായ്‌ലാന്റ്. ഒരു രാജ്യം മുഴുവന്‍ അന്നന്നത്തെ അപ്പത്തിനു വേണ്ടി വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന അല്‍ഭുതകരമായ അവസ്ഥയാണ് തായ്‌ലാന്റ്റിനുള്ളത്. തായ്‌ലാന്റിലെ മൊത്തം ജനസംഖ്യയില്‍, പന്ത്രണ്ട് പേരില്‍ ഒരാള്‍ ലൈംഗികവൃത്തി കൊണ്ടാണ് ജീവിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫിലിപ്പൈന്‍സ്, കമ്പോടിയ, നൈജീരിയ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സെക്സ് ടൂറിസത്തിന്റെ പ്രണേതാക്കളായി മാറിക്കഴിഞ്ഞു. നമ്മുടെ രാജ്യവും ഒട്ടും പിന്നിലല്ല. ഗോവയും കോവളവും ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ അറിയപ്പെടുന്ന സെക്സ് ടൂറിസ്റ്റ് സ്ഥലങ്ങളാണ്.

വേശ്യാവൃത്തി മാറിയ ജീവിത സാഹചര്യങ്ങളുടെ ഭാഗമായി പുതുതായി ഉടലെടുത്ത ഒരു തൊഴിലല്ല. ചരിത്രാതീതകാലം മുതല്‍ക്കെ ഇത് ഒരു അംഗീകൃത തൊഴിലായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ഇന്നത്തേതിനേക്കാള്‍ ഉപരി വേശ്യാവൃത്തിക്ക് മാന്യമായ ഒരു സ്ഥാനം ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു. പല ഇന്‍ഡ്യന്‍ രാജാക്കന്‍‌മാരും വേശ്യകളില്‍ നിന്ന് ഗണികാക്കരം പിരിച്ചിരുന്നു. അക്കാലത്തെ ചില കൃതികളില്‍ ഇത്തരം കച്ചവടത്തെക്കുറിച്ച് നിരവധി സൂചനകളുണ്ട്. രാജഭരണകാലത്ത് ഇന്നത്തേതിനേക്കാള്‍ രൂക്ഷമായിരുന്നു ഈ പ്രശ്നമെന്നത് നിസ്തര്‍ക്കമാണ്. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഗണികാക്കരം ഏര്‍പ്പെടുത്തി ഖജനാവിലേക്കൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്തുകയാണ് അന്നത്തെ ഭരണാധികാരികള്‍ ചെയ്തത്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ഇതെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ട്. വേശ്യാസ്ത്രീ സമൂഹത്തിലെ മറ്റേതൊരു ഘടകം പോലെയും അന്ന് പ്രാധാന്യം നേടിയെടുത്തിരുന്നു. വേശ്യകളുടെ ആചാരമര്യാദകളെക്കുറിക്കുന്ന ഗ്രന്ഥങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു എന്നത് അന്നത്തെ പൊതു സമൂഹം ഈ ഏര്‍പ്പാടിനെ പരോക്ഷമായെങ്കിലും അംഗീകരിച്ചിരുന്നു എന്നതിന് നിദാനമാണ്.

വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ് ‘കുട്ടനീമതം‘. ലോകസാഹിത്യത്തില്‍ തന്നെ ഏറ്റവും പഴക്കം ചെന്ന വൈശികതന്ത്ര ഗ്രന്ഥമെന്ന നിലയില്‍ കുട്ടനീമതം ഏറെ പ്രസിദ്ധമാണ്. ഇന്‍ഡ്യയില്‍ ഇതിനെക്കാള്‍ പഴക്കമുള്ള മറ്റൊരു വൈശിക ഗ്രന്ഥം കണ്ടെത്തിയിട്ടില്ല. പിന്നീട് ഇതിന്റെ ചുവട്പറ്റി സംസ്കൃതത്തിലും ചില പ്രാദേശിക ഭാഷകളിലും നിരവധി കൃതികള്‍ രചിക്കപ്പെട്ടു. അംബോപദേശം, വൈശികതന്ത്രം എന്നിവ പില്‍ക്കാലത്ത് ഉണ്ടായവയാണ്. എന്നാല്‍ ലക്ഷണമൊത്ത വൈശികഗ്രന്ഥമെന്ന നിലയില്‍ കുട്ടനീമതം പരക്കെ അംഗീകരിക്കപ്പെട്ടു.

കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 AD) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ് കുട്ടനീമതത്തിന്റെ കര്‍ത്താവ്. കല്‍ഹണന്റെ, രാജതരംഗിണിയില്‍ ജയാപീഢന്റെയും അദ്ദേഹത്തിന്റെ സദസ്യരെയും പറ്റി നിരവധി വിവരങ്ങളുണ്ട്. നിരവധി കവികളെയും കാവ്യങ്ങളെയും കൊണ്ട് ഒട്ടനവധി സംഭാവനകള്‍ സംസ്കൃത ഭാഷക്ക് ജയപീഢന്റെ ഭരണകാലം നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ കാലത്തെ അതിജീവിച്ച ഒരു കൃതിയാണ് കുട്ടനീമതം എന്ന വേശ്യകളുടെ വിശുദ്ധഗ്രന്ഥം. എ ഡി 755-786 കാലഘട്ടത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത് എന്നു കരുതുന്നു. ഒരു മന്ത്രിയെന്ന നിലയിലുള്ള ദാമോദരഗുപ്തന്റെ അനുഭവസമ്പത്ത് പൂര്‍ണ്ണമായും സ്വാംശീകരിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. കാമശാസ്ത്രം, അര്‍ത്ഥശാസ്ത്രം, നാട്യകല, ധനുര്‍വ്വേദം, ആയുര്‍വ്വേദം, വ്യാകരണം, സംഗീതം, അശ്വശാസ്ത്രം, യോഗാദിദര്‍ശനങ്ങള്‍, ബുദ്ധമതസാരം എന്നിവയില്‍ അഗാധ പണ്ഡിതനായിരുന്നു ദാമോദരഗുപ്തന്‍. ഈ അറിവുകള്‍ പൂര്‍ണ്ണമായും ക്രോഡീകരിച്ച്, ലക്ഷണമൊത്ത ഒരു ആധികാരിക ഗ്രന്ഥമെന്ന നിലയ്ക്കാണ് കുട്ടനീമതത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശൃംഗാരവും കരുണയും കൂട്ടിക്കലര്‍ത്തി രചിക്കപ്പെട്ട ഈ ശാസ്ത്രഗ്രന്ഥത്തെപ്പറ്റി മറിച്ചൊരു അഭിപ്രായം ഉണ്ടായിട്ടില്ല. ഒരു ശാസ്ത്ര ഗ്രന്ഥത്തിന്റെ ഗഹനതയും ഒരു കാവ്യത്തിന്റെ ആസ്വാദന മാഹാത്മ്യവും കുട്ടനീമതത്തിനുണ്ടെന്ന് പണ്ഡിതന്‍‌മാര്‍ അഭിപ്രായപ്പെടുന്നു.

കുട്ടനീമതം എന്നതിനു പുറമെ ശാഭളീമതം എന്നും ഈ കൃതി അറിയപ്പെടുന്നു. കുട്ടനി എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി-കൂട്ടിക്കൊടുപ്പുകാരി- എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക് വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ് കുട്ടനീമതത്തിന്റെ ഉള്ളടക്കം. വേശ്യാവൃത്തിയില്‍ എങ്ങനെ അഗ്രഗണ്യയാവാം എന്നത് നിരവധി അനുബന്ധകഥകളിലൂടെയാണ് വികരാള, മാലതിയെ പഠിപ്പിക്കുന്നത്. 1089 പദ്യങ്ങളുള്ള ഈ കൃതിയിലങ്ങോളമിങ്ങോളം സൂചിപ്പിക്കുന്ന നഗരം കാശിയാണ്. പ്രധാന കഥാപാത്രമായ മാലതി എന്ന വേശ്യ കാശിദേശവാസിയത്രെ. യുവതിയും സുന്ദരിയും നര്‍ത്തകിയുമായ മാലതി ഇരകളെ വലവീശിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു. കുലധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ അവള്‍ക്ക് പുരുഷന്‍‌മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. കൂട്ടത്തില്‍ ഒറ്റപ്പെട്ട് അപഹാസ്യയാകുമെന്ന ഭയം നിമിത്തം അവള്‍ വികരാള എന്ന കുട്ടനിയുടെ മുന്നിലെത്തി ശിഷ്യത്വം സ്വീകരിക്കുന്നു. വികരാള, മാലതിക്ക് ഉപദേശങ്ങള്‍ നല്‍കി തുടങ്ങുന്നു.

ഒരു വേശ്യ, പുരുഷനെ ആകര്‍ഷിക്കാന്‍ ഒരു ദൂതിയെ അയാളുടെ അടുത്തേക്ക് അയക്കണം. ദൂതി, നായക സമക്ഷം നായികയുടെ സൌന്ദര്യത്തെയും സ്നേഹത്തെയും പറ്റി പറഞ്ഞ് മനസ്സിളക്കി അയാളെ കാമുകിയുടെ അടുക്കലെത്തിക്കണം. തന്റെ അടുത്തെത്തിയ ഇരയെ, വേശ്യ സ്നേഹലാളനാലിംഗനങ്ങള്‍ കൊണ്ട് തന്നിലേക്ക് വശീകരിച്ച് നിര്‍ത്തണം. ഒരു വേശ്യ ആരെയും സ്ഥിരമായി സ്നേഹിക്കുകയോ, ആരുടെയെങ്കിലും അധീനതയിലാവുകയോ ചെയ്യരുത്. ഓരോ പുരുഷനുമായി ബന്ധപ്പെടുമ്പോഴും അയാളാണ് കാമദേവന്‍ എന്ന നിലയിലവണം പെരുമാറ്റം. ധനവും പദവിയുമല്ല, പ്രണയം മാത്രമാണ് താന്‍ കൊതിക്കുന്നതെന്ന് കാമുകനെ ബോധ്യപ്പെടുത്തണം. അയാളെ ആകുന്നത്ര സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച്, അയാളില്‍ നിന്നും സമ്പത്ത് മുഴുവന്‍ കവര്‍ന്നെടുത്തു കഴിഞ്ഞാല്‍ ഉപേക്ഷിക്കണം. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിക്കണം. ഇങ്ങനെയൊക്കെയാണ് കുട്ടനിയുടെ വേശ്യാ ഉപദേശങ്ങള്‍.

കുട്ടനീമതത്തിന്റെ ചുവട്പറ്റി കേരളത്തില്‍ എഴുതപ്പെട്ട കൃതിയാണ് ‘അംബോപദേശം‘. 1844-1901 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വെണ്‍‌മണി മഹന്‍ നമ്പൂതിരിയാണ് ഇതിന്റെ കര്‍ത്താവ്. കുട്ടനീമതത്തില്‍ നിന്നും അംബോപദേശത്തിനുള്ള വ്യത്യാസമായി കാണാവുന്നത് സ്ഥലകാലങ്ങളുടെ മാറ്റമാണ്. എന്നാല്‍ കഥാംശത്തിനും കഥാപാത്രങ്ങള്‍ക്കും സാരമായ മാറ്റമൊന്നുമില്ല. നൂറ് ശ്ലോകങ്ങളുള്ള അംബോപദേശത്തില്‍ കുട്ടനി എന്ന കൂട്ടിക്കൊടുപ്പുകാരിയുടെ ഭാഗം നിര്‍വ്വഹിക്കുന്നത് ഒരു മുത്തശ്ശിയാണ്. “അന്യന്‍ നശിക്കണമതീ‌ത്തറവാട്ടില്‍ നന്നായ് വന്നീടണം”, സമ്പന്നനും രസികനും ഒന്നിച്ചുവന്നാല്‍ സമ്പന്നനില്‍ കൌതുകമേറെ നടിച്ചീടണം”, പണമതിന്‍ മുകളില്‍ പരുന്തും പറക്കില്ലെന്നും” തുടങ്ങി പോകുന്നു മുത്തശ്ശിയുടെ വേശ്യാ ഉപദേശങ്ങള്‍.

ഒരു രാജാവിന്റെ മന്ത്രി തന്നെ എട്ടാം നൂറ്റാണ്ടിലെ പ്രധാന ഭാഷയാ‍യ സംസ്കൃതത്തില്‍ കുട്ടനീമതമെന്ന വേശ്യാശാസ്ത്രമെഴുതിയത് അല്‍ഭുതത്തിന് ഇടവരുത്തുന്നുണ്ട്. തന്നെയുമല്ല ഈ കൃതി ഒരു മഹാകാവ്യത്തിന്റെ സ്ഥാനത്തെത്തുകയും ചെയ്തുവെന്നത് അല്‍ഭുതത്തെ ഇരട്ടിപ്പിക്കുന്നു. പക്ഷെ ഗ്രന്ഥകാരന്‍ ഈ കൃതികൊണ്ട് അത്യന്തകമായി എന്താണ് വിവക്ഷിക്കുന്നതെന്ന് അവസാനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിടന്‍, വേശ്യ, ധൂര്‍ത്തന്‍, കുട്ടനി എന്നിവരുടെ വലയില്‍ വീഴാതെ വായനക്കാരെ സംരക്ഷിക്കുന്നതിനാണ് കുട്ടനീമതം എഴുതപ്പെട്ടത്. ഇത് വായിച്ച് നേടുന്ന അനുഭജ്ഞാനം ഒരാള്‍ക്ക് സ്വയം രക്ഷിക്കാനും, വേശ്യയുടെയും കുട്ടനിയുടെയും തന്ത്രങ്ങളെ തിരിച്ചറിയാനും സഹായിക്കുമെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. തന്റെ രാജ്യത്തെ വേശ്യകളുടെ കുതന്ത്രങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ദാമോദരഗുപ്തന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതിനാലാണ് ദാമോദരഗുപ്തന്‍ ഒരു വേശ്യയെപ്പറ്റിയും ഒരു കൂട്ടിക്കൊടുപ്പുകാരിയെപ്പറ്റിയും കാവ്യമെഴുതി ഇവരുടെ കുത്സിതങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്.

Tuesday, July 29, 2008

താത്രിക്കുട്ടി

താത്രിക്കുട്ടിയെ അറിയില്ലെ? കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്തു താത്രി എന്ന താത്രിക്കുട്ടിയെ!
പുരുഷന്റെ മൃഗീയതയ്ക്ക് വഴങ്ങിയതിന് സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റ വിചാരണയ്ക്ക് മുന്നില്‍ അടിപതറാതെ സ്മാര്‍ത്തനെ വെള്ളം കുടിപ്പിച്ച അന്തര്‍ജനം. താന്‍ നിരപരാധിയെന്ന് വാദിക്കാനല്ല മറിച്ച് താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ വെളിപ്പെടുത്താനാണ് താത്രി സ്മാര്‍ത്ത വിചാര വേളയില്‍ ശ്രമിച്ചത്. സ്മാര്‍ത്ത വിചാരമെന്ന മിഥ്യാചാരത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടിയ സംഭവമായിരുന്നു അത്. സ്മാര്‍ത്ത വിചാരം പോലുള്ള ക്രൂരവും നികൃഷ്ടവുമായ ഏകപക്ഷീയ കുറ്റവിചാരണകള്‍ കൊണ്ട് നമ്പൂതിരി സമുദായം സ്ത്രീകളുടെ മനസിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചു. എന്നാല്‍ വിചാരണയ്ക്ക് വിധേയയായി കുറ്റം തെളിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന അതിക്രൂര ശിക്ഷണ നടപടികള്‍ക്ക് നമ്പൂതിരി സ്ത്രീകളെ വിലക്കുകള്‍ക്കകത്ത് തളച്ചിടാന്‍ കഴിഞ്ഞില്ല. അവര്‍ വിലക്കുകള്‍ ലംഘിക്കുക തന്നെ ചെയ്തു. സ്മാര്‍ത്ത വിചാരമെന്ന പുരുഷ കല്പിത ആചാരത്തിന്റെ ചരിത്രം അതാണ് വെളിവാക്കുന്നത്.

സ്ത്രീകളുടെ ലൈംഗിക മാനസിക വികാരങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത സമൂഹത്തില്‍, പുരുഷ ലൈംഗികത മേല്‍ക്കോയ്മ കാണിച്ചപ്പോള്‍ സ്മാര്‍ത്തന്‍‌മാരുടെ ജനനമായി. മറയ്ക്കുടക്കുള്ളിലെ മഹാനരകം എന്നാണ് അക്കാലത്തെ നമ്പൂതിരി സ്ത്രീകളുടെ ജീവിതാവസ്ഥയെ വിശേഷിപ്പിച്ചിട്ടുള്ളത്. മലബാര്‍-കൊച്ചി-തിരുവിതാം‌കൂര്‍ മേഖലകളായാണ് സ്വയം ഭരണമെങ്കിലും ആചാരരീതികള്‍ പൊതുവിലായിരുന്നു. മലബാറിലും കൊച്ചിയിലും തിരുവിതാം‌കൂറിലും സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിട്ടുണ്ട്. എല്ലായിടത്തും ആചാരരീതികള്‍ ഒന്നായിരുന്നു. ഈ ദു:ഷിച്ച ആചാരം നിലനിര്‍ത്തുന്നതില്‍ പുരുഷാധിപത്യം അത്ര കണ്ട് ജാഗരൂകരായിരുന്നു. ഒരു വശത്ത് ഒരു തത്വദീക്ഷയു‌മില്ലാതെ നമ്പൂതിരി കല്യാണങ്ങള്‍ അരങ്ങേറിയപ്പോള്‍ മറുവശത്ത് അതികര്‍ക്കശമായ ചാരിത്ര്യ സംരക്ഷണത്തിന്റെ പേരിലുള്ള ആചാരങ്ങളാണ് അരങ്ങേറിയത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് ജാതീയമായ ഉച്ചനീചത്വങ്ങളും അരങ്ങു തകര്‍ത്ത് വാണിരുന്ന കാലത്ത് ഇല്ലങ്ങളില്‍ നിന്നും പുറത്തിറങ്ങിയ അഫന്‍ നമ്പൂതിരിമാര്‍ കീഴ്ജാതിക്കാരായ സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. ഇതിനെതിരെ ഒരു സ്മാര്‍ത്തനും ചുണ്ടനക്കിയില്ല. പുരുഷന്‍‌മാര്‍ അന്യസമുദായത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിച്ച പോലെ അന്യസമുദായത്തിലെ പുരുഷന്‍‌മാരെ ഭര്‍ത്താവായി വരിക്കാന്‍ നമ്പൂതിരി സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.

നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിവയായിരുന്നു സ്മാര്‍ത്ത വിചാരത്തിന് ആധാരമായ കുറ്റങ്ങള്‍. ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ ഒരു നമ്പൂതിരി ഗൃഹത്തില്‍ 36 വര്‍ഷം നീണ്ട സ്മാര്‍ത്ത വിചാരം നടക്കുകയുണ്ടായത്രെ. ദോഷശങ്ക എന്ന കുറ്റം അരോപിച്ച് തുടങ്ങിയ വിചാരണയില്‍ അവസാനം അന്തര്‍ജനം കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി! പക്ഷെ എന്ത് ഫലം പതിവ്രതയായ ആ അന്തര്‍ജനത്തിന്റെ യൌവ്വനകാലം മുഴുവന്‍ ഇരുളടഞ്ഞ അഞ്ചാം‌പുരയില്‍ കഴിച്ച് കൂട്ടേണ്ടി വന്നു. മലബാറില്‍ സ്മാര്‍ത്ത വിചാരത്തിനുള്ള സ്മാര്‍ത്തനെയും മറ്റുള്ളവരെയും നിശ്ചയിക്കേണ്ട അധികാരം രാജാവായ സാമൂതിരിക്കായിരുന്നു. 1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ അറുപതോളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നതായി സാമൂതിരി രേഖകള്‍ വ്യക്തമാക്കുന്നു.

സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റവിചാരണയെ സധൈര്യം നേരിട്ട് പൊള്ളയായ സമുദായാചാരങ്ങള്‍ക്ക് നേരെ വെല്ലുവിളി നടത്തിയ അന്തര്‍ജനമാണ് കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി. കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച, ശ്രദ്ധേയമായ ആ സ്മാര്‍ത്ത വിചാരം നടന്നത് 1905നാണ്. സ്മാര്‍ത്തനു മുന്നില്‍ തന്റെ നിരപരാധിത്വം വിളമ്പുന്നതിന് പകരം താനുമായി ബന്ധപ്പെട്ട പുരുഷകേസരികളുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് താത്രിക്കുട്ടി വിപ്ലവത്തിന് തിരികൊളുത്തിയത്. പത്തിനും എഴുപതിനും ഇടയില്‍ പ്രായമുള്ള അറുപത്തിനാല് പുരുഷന്‍‌മാരുടെ പേരുകള്‍ താത്രി വിളിച്ചു പറഞ്ഞു. അക്കാലത്തെ പ്രശസ്തരായ ഭരണകര്‍ത്താക്കള്‍, കവികള്‍, കഥകളി നടന്‍‌മാര്‍, ഗായകര്‍ ഇങ്ങനെ വിവിധ നിലകളില്‍ പ്രശസ്തരും പ്രഗല്‍ഭരുമായവരൊക്കെ താത്രിയുടെ ദോഷത്തിന് കാരണക്കാരായിരുന്നു. താത്രിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ അറുപത്തിനാലുപേരെയും സമുദായത്തിന് പുറത്താക്കാന്‍ തീരുമാനമുണ്ടായി. താത്രിയെ നാടുകടത്തുകയും ചെയ്തു. പാലാക്കാടു വഴി പോത്തന്നൂര്‍ റെയില്‍‌വെ സ്റ്റേഷനിലെത്തിയ താത്രിയെ റെയില്‍‌വെ ഉദ്യോഗസ്ഥനായ ഒരു ക്രിസ്ത്യന്‍ യുവാവ് സ്വീകരിച്ചു എന്ന് പറയപ്പെടുന്നു.‍

എന്താണ് സ്മാര്‍ത്ത വിചാരം

ഒരു നമ്പൂതിരി സ്ത്രീക്ക് ചാരിത്ര്യഭംഗമുണ്ടായതായി ആരോപണമുണ്ടായാല്‍ നടത്തുന്ന കുറ്റവിചാരണ ചടങ്ങാണ് സ്മാര്‍ത്ത വിചാരം. ആരോപണമുണ്ടായാല്‍ അതേപ്പറ്റി ദാസികള്‍ മുഖേനം അന്വേഷണം നടത്തും. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വന്നാല്‍ സ്മാര്‍ത്ത വിചാരത്തിനുള്ള നടപടികള്‍ തുടങ്ങുകയായി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ആ സ്ത്രീയെ ഭ്രഷ്ട് കല്പിച്ച് ഇല്ലത്തു നിന്നും, സമുദായത്തില്‍നിന്നും, നാട്ടില്‍നിന്നും പുറത്താക്കും. ആ അന്തര്‍ജനം മരിച്ചതായി കണക്കാക്കി ഉദകക്രിയകള്‍ നടത്തും. ആ സ്ത്രീയോട് ലൈംഗികബന്ധം പുലര്‍ത്തിയ പുരുഷനെയും ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തും. അവിവാഹിതകളും വിവാഹിതകളുമായ അന്തര്‍ജനങ്ങള്‍ ഈ ആചാരത്തിന് വിധേയരായിട്ടുണ്ട്.

സ്മാര്‍ത്ത വിചാരത്തിന് ആറ് ഘട്ടങ്ങളുണ്ട്. ദാസീ വിചാരം, അഞ്ചാം‌പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിശ്ഛേദം, ശുദ്ധഭോജനം. ഈ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ എടുക്കും.

ഒരു അന്തര്‍ജനത്തെക്കുറിച്ച് എന്തെങ്കിലും അപവാദം ഉണ്ടായാല്‍ ദാസിമാരോട് തിരക്കി നിജസ്ഥിതി അറിയുന്നതാണ് ദാസീവിചാരം. പ്രഥമദൃഷ്ട്യാ കുറ്റം ഉണ്ടെന്ന് കണ്ടാല്‍ ആ അന്തര്‍ജനത്തെ പിന്നീട് ‘സാധനം’ എന്നേ വിളിക്കൂ! ഒരു മനുഷ്യ സ്ത്രീയായി പിന്നെ കണക്കാക്കില്ല. സാധനത്തെ പിന്നെ അഞ്ചാം‌പുരയിലാണ് ഏകാന്തവാസത്തിന് അയയ്ക്കുക. കുടുംബത്തിലേയോ സമുദായത്തിലേയോ രണ്ട് പേര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ച് സ്മാര്‍ത്ത വിചാരം നടത്തുന്നതിലേക്കുള്ള അപേക്ഷ നല്‍കുന്നു. രാജാവ് വൈദീകകാര്യങ്ങളില്‍ പ്രഗല്‍ഭനായ സ്മാര്‍ത്തന്‍, രണ്ട് മീമാംസകര്‍, ഒരു രാജപ്രതിനിധി എന്നിവരെ നടത്തിപ്പിലേക്കായി നിയമിക്കുന്നു. ‘സ്മാര്‍ത്തന്‍’, ‘പടച്ചോമാര്‍’ എന്ന രണ്ട് കുടുംബക്കാര്‍ക്ക് മാത്രമെ സ്മാര്‍ത്ത വിചാരം നടത്താന്‍ അധികാരമുള്ളൂ. വിചാരണ നടത്തി, സാധനം കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്നതും പിന്നീട് പടിയടച്ച് പിണ്ഡം വയ്ക്കുന്നതും വരെയുള്ള എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നത് ഇവരാണ്.

വിചാരണ സമയത്ത് നേരായ നടത്തിപ്പിന് നിയോഗിക്കുന്ന രാജപ്രതിനിധിയെ പുറക്കോവില്‍ എന്ന് പറയും. അതതു പ്രദേശത്തെ ഇല്ലത്തു നിന്നും ഒരാളെ അകക്കോവില്‍ എന്ന സ്ഥാനം കല്‍പ്പിച്ച് നിര്‍ത്തും. സ്മാര്‍ത്തന്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് ദാസി മുഖേന സാധനത്തെ അറിയിക്കും. ഈ സമയത്ത് അകക്കോവില്‍ നിഷ്പക്ഷനായിരിക്കും, സംസാരിക്കാന്‍ പാടില്ല. ഇയള്‍ തലയില്‍ ഒരു തോര്‍ത്തുമുണ്ട് ഇട്ടിരിക്കും. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ തെറ്റാണെങ്കില്‍ അകക്കോവില്‍ തോര്‍ത്ത് തറയിലിടും. കാര്യം മനസിലാക്കി സ്മാര്‍ത്തന്‍ തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കും.

വിചാരണക്കിടയില്‍ സ്ത്രീ കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം. ഈ സന്ദര്‍ഭത്തില്‍ താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ സ്ത്രീക്ക് പറയാം. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം സ്മാര്‍ത്തന്‍ അതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിക്കും. ഇതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുവിവരം സ്മാര്‍ത്തനു പകരം ‘കുട്ടി’ എന്നു വിളിക്കപ്പെടുന്ന കുട്ടിപ്പട്ടരാണ് വിളിച്ചു പറയുക. കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ അരോപണ വിധേയരായ അന്തര്‍ജനത്തെയും ബന്ധപ്പെട്ട പുരുഷന്‍‌മാരെയും പുറത്താക്കി, മരിച്ചു പോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജനത്തിന്റെ കോലം ദര്‍ഭയിലുണ്ടാക്കി ദഹിപ്പിച്ച ശേഷമാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്നത്. ബന്ധുക്കളും ഉദകക്രിയയില്‍ പങ്കെടുക്കുന്നവരും പകല്‍ മുഴുവന്‍ പട്ടിണിയിരിക്കും. എല്ലാ ചടങ്ങിനും ഒടുവിലായി ഇല്ലത്ത് സദ്യ നടത്തും. ഈ ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ആളുകള്‍ പിരിഞ്ഞു പോകും. സ്മാര്‍ത്ത വിചാരത്തിലൂടെ ഇല്ലത്തു നിന്നും സമുദായത്തില്‍ നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട സ്ത്രീകള്‍ നടന്ന വഴി ചാണകം തളിച്ച് ശുദ്ധിവരുത്തും. പുറത്താക്കപെട്ട പുരുഷന്‍‌മാരില്‍ ഉപനയനം കഴിഞ്ഞവര്‍ ചാക്യാന്‍‌മാരുടെ കൂട്ടത്തിലും അല്ലാത്തവര്‍ നമ്പ്യാന്‍‌മാരുടെ കൂട്ടത്തിലും ചേരുന്നു.

ഇങ്ങനെ പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും എതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടിയ ഏക അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി........

Sunday, July 27, 2008

ഹിറ്റ്ലര്‍


ലോകം വിറപ്പിച്ച ഹിറ്റ്ലറെ പുനര്‍ജ്ജീവിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? എന്തിന് ഇപ്പൊ ഈ വേണ്ടാതീനമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ക്ലോണിങ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഹിറ്റ്ലറെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുമോ, അതായത് ഹിറ്റ്ലറുടെ ഒരു ക്ലോണ്‍ പതിപ്പ് സൃഷ്ടിച്ചെടുക്കാന്‍ ഭാവിയില്‍ കഴിയുമോ എന്നതാണ് വിഷയം. അതിവേഗത്തില്‍ വികാസം പ്രാപിക്കേണ്ട ഈ സാങ്കേതിക വിദ്യയെ മതങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി മിക്ക രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണ് കാണിക്കുന്നത്. മനുഷ്യ ക്ലോണിങിനെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നിയമനിര്‍മ്മാണം നടത്തി നിരോധിച്ചു കഴിഞ്ഞു. 1997ല്‍ കാലിഫോര്‍ണിയയാണ് ആദ്യമായി Reproductive Cloning നെയും Cloning to initiate pregnancy യെയും നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയത്. ഇതിന്റെ ചുവട് പിടിച്ച് 2001ല്‍ ജപ്പാനും മനുഷ്യ ക്ലോണിങ് നിരോധിക്കുകയുണ്ടായി. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ഇത് തന്നെ അനുവര്‍ത്തിക്കുകയാണ് ചെയ്തത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും തത്വത്തില്‍ മനുഷ്യ ക്ലോണിങിന് എതിരാണ്. എന്നാല്‍ ബ്രിട്ടന്‍ ഇത്തരം പരീക്ഷണങ്ങളെ പൂര്‍ണ്ണമായും നിരോധിച്ചില്ല പകരം കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് പരീക്ഷണങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

ക്ലോണിങ്- അല്പം ചരിത്രം

ഡോളി എന്ന ചെമ്മരിയാടിലൂടെയാണ് ലോകം ആദ്യമായി ക്ലോണിങിനെക്കുറിച്ച് അറിയുന്നത്. 1996 ജൂലൈ 5ന് സ്കോട്‌ലണ്ടിലുള്ള റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു ക്ലോണിങിലൂടെയുള്ള ഡോളിയുടെ ജനനം. ഇയാന്‍ വില്‍‌മുട്ട് എന്ന ശാസ്ത്രജ്ഞനാണ് ക്ലോണിങ് നടത്തി വിജയിച്ചത്. പക്ഷെ ക്ലോണിങ് സാങ്കേതിക വിദ്യയിലൂടെ പിറന്ന ആദ്യ ജീവി കാര്‍പ്പ് എന്ന മത്സ്യമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍‌സിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷ്വാന്‍‌ഷാങ് സര്‍വ്വകലാശാലയിലെ ഗവേഷകനുമായിരുന്ന ടേങ് ഡിഷ്വാ ആണ് കാര്‍പ്പ് മത്സ്യത്തിന്റെ ആദ്യ ക്ലോണ്‍ പതിപ്പിന്റെ ഉപജ്ഞാതാവ്. ഈ വിവരങ്ങള്‍ യഥാസമയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാതിരുന്നതിനാല്‍ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോണിങാണ് മാഷ എന്ന ചുണ്ടെലി. ക്ലോണിങിലൂടെ പിറവിയെടുത്ത ആദ്യ സസ്തനി എന്ന വിശേഷം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്‍‌മാരായ ചായ്ലാഖ്യാന്‍, വെപ്രെന്‍‌സേവ്, സിപ്രിഡോവ എന്നിവരായിരുന്നു മാഷയുടെ ക്ലോണിങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ പരീക്ഷണങ്ങള്‍ വിവരങ്ങള്‍ വൈകി പുറം‌ലോകത്ത് എത്തിയെങ്കിലും ക്ലോണിങിന്റെ ശരിയായ വിജയമെന്ന് ശാസ്ത്രലോകം അംഗീകരിച്ചത് ഡോളിയെയായിരുന്നു. പക്ഷെ 2003 ഫെബ്രുവരി 14 വരെയെ ഡോളിക്ക് ആയുസുണ്ടായുള്ളൂ. ഗുരുതരമായ ശ്വാസകോശ രോഗവും വാതരോഗവും കാരണം അവശനിലയിലായ ഡോളിക്ക് റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകര്‍ ദയാവധം നല്‍കി.

എന്താണ് ക്ലോണിങ്

ഒരേ ജനിതക ഘടനയുള്ള ജീവികളില്‍ നിന്ന് ലൈംഗീക ബന്ധവും ബീജസങ്കലനവും നടത്താതെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിനാണ് ക്ലോണിങ് അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്ന സാങ്കേതിക വിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുകയാണ് ആദ്യം ചെയ്യുക. ഇവയെ ഊസൈറ്റുകള്‍(oocytes) എന്ന് വിളിക്കുന്നു. ഇവയെ പരീക്ഷണശാലയില്‍ കൃത്രിമമായി വളര്‍ത്തുന്നു. വളര്‍ച്ച എത്തിയ അണ്ഡകോശങ്ങളില്‍ നിന്നും ക്രോമസോമുകളെ നീക്കം ചെയ്യുന്നു. മറ്റൊരു കോശത്തില്‍ നിന്നും എടുത്ത മര്‍മ്മത്തെ ഈ അണ്ഡകോശത്തിന്റെ ആവരണത്തിനുള്ളിലേക്ക് കടത്തുന്നു. വൈദ്യുത സ്പന്ദനത്തിലൂടെയാണ് പുതുതായുള്ള മര്‍മ്മത്തെ അണ്ഡകോശവുമായി കൂട്ടിച്ചേര്‍ക്കുക. കൂടിച്ചേര്‍ന്ന ഇവയെ വീണ്ടും കൃത്രിമമായി വളര്‍ത്തിയ ശേഷം ഒരു വളര്‍ത്ത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് സ്വാഭാവികമായി വളര്‍ത്തിയെടുക്കുന്നു. ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്.

എന്തിന് മനുഷ്യ ക്ലോണിങ്

ഇത്തരമൊരു സാങ്കേതിക വിദ്യകൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. വിത്തു കോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണ് മനുഷ്യ ക്ലൊണിങ് പരീക്ഷണങ്ങള്‍ നടത്തുന്നത്. അസ്ഥികള്‍, പേശികള്‍, കണ്ണുകള്‍, കരള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ഉതകുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്തു കോശങ്ങള്‍(stem cells) എന്ന് പറയുന്നത്. പാര്‍ക്കിന്‍‌സണ്‍സ്, അല്‍‌ഷിമേഴ്സ്, പ്രമേഹം, അര്‍ബുദം, തലച്ചോര്‍ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്ത് കോശങ്ങള്‍ സഹായിക്കും. രോഗം ബാധിച്ച് നശിച്ച ശരീര കലകളില്‍ വിത്ത് കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണ് വിത്ത് കോശ ചികിത്സ. ഇതിന് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്ത് കോശം ലഭ്യമാകണം. ഇവിടെയാണ് മനുഷ്യ ക്ലോണിങിന്റെ പ്രസക്തി. രോഗിയുടെ ഏതെങ്കിലും ശരീരകലകളില്‍ നിന്നും കോശം സ്വീകരിച്ച് ക്ലോണ്‍ ചെയ്ത് ഭ്രൂണമാക്കിമാറ്റിയാല്‍ അതില്‍ നിന്ന് രൂപം പ്രാപിക്കുന്ന വിത്ത് കോശം ചികിത്സക്കായി ഉപയോഗിക്കാം.

ക്ലോണിങിലൂടെ ഹിറ്റ്ലര്‍

ക്ലോണിങ് എന്ന സാങ്കേതിക വിദ്യ ശൈശവ ദശയിലാണ്. കാരണം ക്ലോണിങിലൂടെ ജനിച്ച മൃഗങ്ങള്‍ക്ക് ഇനിയും കണ്ടുപിടിക്കാനാവാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു. കൃത്രിമ പ്രജനന പ്രക്രിയയില്‍ ചില പിഴവുകള്‍ സംഭവിക്കുന്നതായും അത് ആന്തരിക അവയവങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുവെന്നും ഫ്രഞ്ച് നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ മോളിക്യൂലര്‍ സെല്‍ ബയോളജി ലബോറട്ടറി തലവന്‍ ഷീന്‍‌വാള്‍ റൊണാള്‍ഡിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് ഇയാന്‍ വില്‍‌മുട്ടിന്റെ ഡോളിക്ക് സംഭവിച്ച അപാകതകള്‍. ശ്വാസകോശത്തെയും നാഡീവ്യൂഹത്തെയും ബാധിച്ച അസുഖങ്ങളാണ് ഡോളിയുടെ ദയാവധത്തില്‍ കലാശിച്ചത്. ശാസ്ത്രലോകം ഭാവിയില്‍ ക്ലോണിങില്‍ വരുന്ന പാകപ്പിഴകള്‍ക്ക് പ്രതിവിധി കണ്ടെത്തി പൂര്‍ണ്ണമായ വിജയം ഈ മേഖലയില്‍ കൈവരിച്ചു എന്ന് തന്നെയിരിക്കട്ടെ. അപ്പോള്‍ പിന്നെ ഒരു പ്രയാസവും കൂടാതെ ഹിറ്റ്ലറെ പുനര്‍ജ്ജിവിപ്പിക്കാമല്ലോ! ഏതെങ്കിലും ശാസ്ത്രജ്ഞന്‍ ഹിറ്റ്ലറുടെ ഡി എന്‍ എ കണ്ടെത്തി ക്ലോണിങിലൂടെ ലോകം വിറപ്പിച്ചയാളെ പുനര്‍ജ്ജിവിപ്പിച്ചു എന്ന് തന്നെയിരിക്കട്ടെ, എന്ത് സംഭവിക്കും? അതൊരു അല്‍ഭുതമായി അവശേഷിക്കുകയെ ഉള്ളൂ! കാരണം തത്സമ ഹിറ്റലറെ പേടിക്കേണ്ട ഒരാവശ്യവുമില്ല, ഹിറ്റലറുടെ ക്ലോണ്‍ പതിപ്പിന് ലോകം വീണ്ടും വിറപ്പിക്കാന്‍ കഴിയില്ല തന്നെ. നിങ്ങള്‍ നിങ്ങളായതിനും ഞാന്‍ ഞാനായതിനും ഹിറ്റ്ലര്‍ ഹിറ്റലറായതിനും പിന്നില്‍ അവരവര്‍ ജീവിച്ച സാമൂഹിക ചുറ്റുപാടിന് വളരെയേറെ പ്രാധാന്യമുണ്ട്. ഹിറ്റ്ലറെ ഹിറ്റ്ലറാക്കിയത് അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹിക-സാമ്പത്തിക-രാക്ഷ്ട്രീയ ഘടകങ്ങളാണ്. ഹിറ്റ്ലറുടെ ക്ലോണ്‍ പതിപ്പിന് ഒരിക്കലും യഥാര്‍ത്ഥ ഹിറ്റ്ലറുടേതിന് സമമായ മാനസീകാവസ്ഥയും വിചാരവികാരങ്ങളും കൈവരില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ യഥാര്‍ത്ഥ ഹിറ്റ്ലര്‍ ജീവിച്ചിരുന്ന 1889-1945 കാലഘട്ടത്തിലെ സമൂഹിക-സാമ്പത്തിക-രാക്ഷ്ട്രീയ സ്ഥിതിഗതികളെ കൂടി പുനര്‍ജ്ജീവിപ്പിക്കേണ്ടി വരും. അതായത് ആ കാലഘട്ടത്തിലെ സമൂഹത്തെക്കൂടി ക്ലോണിങ് മുഖാന്തിരം പുനര്‍സൃഷ്ടിക്കേണ്ട ഭീമമായ ജോലികൂടി ശാസ്ത്രലോകം ഏറ്റെടുക്കേണ്ടി വരും. അത് കൊണ്ട് ശാസ്ത്രലോകമെ ധൈര്യമായി ഹിറ്റ്ലറെ പുനര്‍ജ്ജിവിപ്പിക്കൂ.... ഹിറ്റ്ലര്‍ ഇനി ലോകം വിറപ്പിക്കില്ല.......

ചിത്രം കടപ്പാട്: picscrazy.com

Friday, July 25, 2008

ദേവദാസി

ചരിത്രാരംഭം മുതല്‍ പുരോഹിതന്‍‌മാരുടെയും ഭരണാധികാരികളുടെയും അഭിലാഷങ്ങള്‍ക്കൊപ്പം ചുവട് വയ്ക്കുകയും വഴിയിലെവിടെയോ വച്ച് പുറന്തള്ളപ്പെടുകയും ചെയ്ത ഒരു വിഭാഗമാണ് ദേവദാസികള്‍. ദേവദാസി എന്നാല്‍ ദേവന്റെ ഭാര്യ എന്ന അര്‍ത്ഥമാണ് ആ വാക്കിലുള്ളതെങ്കിലും അവളൊരിക്കലും ദേവന്റെ ദാസിയായിരുന്നില്ല; മറിച്ച് പുരോഹിത-ഭരണവര്‍ഗ്ഗത്തിന്റെ ദാസിമാത്രമായിരുന്നു. ക്ഷേത്രഭിത്തികളിലും ചിത്രതൂണുകളിലും തുടങ്ങി കവികള്‍ ആ നര്‍ത്തകികളെ കവിതയില്‍ പകര്‍ത്തി. കലാകാരന്‍‌മാര്‍ അവരെ സ്വാശീകരിച്ച് ക്ഷേത്രചുമരുകളില്‍ രതിശില്പവും സാലഭഞ്ജികകളുമാക്കി മാറ്റി. ലോകത്തില്‍ ക്ഷേത്രങ്ങള്‍ നിലവിലുണ്ടായിരുന്ന മിക്ക സ്ഥലങ്ങളിലും ക്ഷേത്രോപജീവികളെന്ന നിലയില്‍ ദേവദാസികള്‍ പ്രത്യക്ഷപ്പെട്ടു. അധികാരകേന്ദ്രങ്ങളോട് ചേര്‍ന്ന് നിന്ന ഒരു സമൂഹമായിരുന്നു മുന്‍പ് ദേവദാസികള്‍. ദേവനും ദേവിയും അവരുടെ ആരാധനാലയങ്ങളും രൂപപ്പെട്ടതിന്റെ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വിശ്വാസത്തെ ഒരു മനുഷ്യോല്പന്നമായിട്ടാണ് കണക്കാക്കേണ്ടി വരുക. അതുകൊണ്ട് തന്നെ വിഗ്രഹവും ക്ഷേത്രവും മനുഷ്യന്റെ സൃഷ്ടിയായി കരുതുകയും ചെയ്യുന്നു. അത്തരത്തില്‍ ദേവദാസിയും മനുഷ്യ സൃഷ്ടിയാണ്. മതങ്ങളുടെ തണലിലാണ് ഈ സമ്പ്രദായം ആരംഭിച്ചത്. ശൈവ-ശാക്തേയാരാധനയില്‍ പാട്ടും നൃത്തവും സാമൂഹ്യരതി ബന്ധവും മത്സ്യമാംസ ഭോജനവും മദ്യപാനവും വിലക്കപ്പെട്ടിരുന്നില്ല. അതിന്റെ സന്തതിയെന്ന നിലയിലാണ് ദേവദാസി സമ്പ്രദായം ഇന്‍ഡ്യയില്‍ ആരംഭിച്ചതും ഇന്നും നിലനില്‍ക്കുന്നതും.

നൂറ്റാണ്ടുകളായി ഭാരതത്തില്‍ സ്ത്രീ പുരുഷന്റെ അടിമയാണ്. ദൈവത്തെ ആരാധിക്കാന്‍ പുരുഷനും സ്ത്രീയും മുന്നോട്ട് വന്നു. പുരുഷന്‍‌മാര്‍ മന്ത്രതന്ത്രങ്ങളിലും പൌരോഹിത്യ വൃത്തിയിലും ഏര്‍പ്പെട്ടു. നാട്യക്കാരിയും ഗായികയും സംഭാഷണ ചാതുര്യവുമുള്ള സ്ത്രീകള്‍ ദേവദാസികളുമായി. സ്ത്രീയെ വെറുമൊരു ഭോഗവസ്തുവായി കാണുന്ന പുരുഷ മനസിന്റെ സൃഷ്ടിയാണ് ദേവദാസി സങ്കല്പം. അതിനിത്തിരി ദൈവീക പരിവേഷം നല്‍കിയാല്‍ സമൂഹത്തിന്റെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്ന് പുരുഷന് നന്നെ അറിയാമായിരുന്നു. കെട്ട് കഥകളുടെ അകമ്പടിയോടേ പുരോഹിതവര്‍ഗ്ഗം പുതിയ സമ്പ്രദായത്തെ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ സമൂഹം അതിനെ അംഗീകരിച്ചു. കുടുംബത്തിന്റെ ഉന്നമനത്തിനും, നാട്ടില്‍ മഴപെയ്യാനും എന്ന് വേണ്ട സകല ആവശ്യങ്ങളും ദൈവങ്ങളില്‍ നിന്ന് സാധിച്ചെടുക്കാന്‍ കന്യകയെ ദൈവത്തിന് സമര്‍പ്പിക്കാന്‍ പുരോഹിതവര്‍ഗ്ഗം സമൂഹത്തോട് നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാവുന്നതിന് മുന്നെ തന്നെ ഇത്തരത്തില്‍ കന്യകകള്‍ ദേവന്റെ ദാസിമാരായി തീര്‍ന്നു. ആദ്യ ഘട്ടത്തില്‍ ക്ഷേത്രങ്ങളിലെ നിത്യ പൂജയ്ക്കുള്ള വസ്തുക്കള്‍ ശേഖരിക്കലാണ് ഇവര്‍ക്ക് വിധിച്ചിരുന്നുവെങ്കിലും പിന്നീട് കഥ മാറി. പുരോഹിതന്‍‌മാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇവര്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു. ദേവന്റെ ദാസികളായി മാറിയ ഇവര്‍ക്ക് വിവാഹം നിഷേധിച്ചിരുന്നു. ദേവന്റെ പ്രതിപുരുഷന്‍‌മാരായി അറിയപ്പെട്ടിരുന്ന പുരോഹിതന്‍‌മാര്‍ക്ക് ഇവരെ ശാരീരിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തെല്ലും കഷ്ടപ്പെടേണ്ടി വന്നില്ല. അതിസുന്ദരികളായിരുന്ന സാലഭഞ്ജികമാരുടെ സം‌രക്ഷണ ചുമതല പിന്നീട് പുരോഹിതന്‍‌മാരില്‍ നിന്ന് രാജാക്കന്‍‌മാര്‍ ഏറ്റെടുത്തു. ഇവര്‍ക്ക് നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതചര്യയും അനുവദിച്ച് നല്‍കാന്‍ ഭരണാധികാരികള്‍ തയ്യാറായി. വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന സമുദായങ്ങളിലെ പെണ്‍കുട്ടികളും ദേവന്റെ ദാസിമാരാകാന്‍ മുന്നോട്ട് വന്നു. കുടുംബത്തിന്റെ കഷ്ടസ്ഥിതി മാറ്റിയെടുക്കാനാണ് പലരും ദേവദാസികളായി മാറിയത്. പുരുഷന്റെ ആഗ്രഹനിവൃത്തിക്ക് മാത്രമായി പടച്ചുണ്ടാക്കിയ ഈ സമ്പ്രദായം പിന്നീട് അംഗീകരിക്കപ്പെട്ട വേശ്യാവൃത്തിയായി മാറിയെന്നത് ചരിത്രം.

ഭാരതത്തിന്റെ ഒരു യുഗ പാരമ്പര്യമെന്ന നിലയില്‍ ഇന്നും അവളുടെ പിന്‍‌തലമുറക്കാര്‍ ജീവിക്കുന്നു. ഉത്തരേന്‍ഡ്യയില്‍ മംഗലമുഖിയായും ദക്ഷിണേന്‍ഡ്യയില്‍ ദേവദാസിയായും ഇപ്പോഴും കഴിയുന്നവരെ പിന്തുണയ്ക്കുന്നതിന് മതവും ക്ഷേത്രവും ക്ഷേത്രാധികാരികളും സാമൂഹ്യപരമായി ഇന്നും വിശ്വാസാചാരങ്ങളുടെ പേരില്‍ തയ്യാറാവുന്നു. ഭാരതമൊഴിച്ച് ലോകത്തൊരിടത്തും ആധുനിക സമൂഹത്തില്‍ ദൈവത്തിന്റെ പേരില്‍ സ്ത്രീകളെ ദാസിയാക്കുകയും അതിന്റെ മറവില്‍ പരസ്യവും സ്വതന്ത്രവുമായ വ്യഭിചാരത്തിന് അവസരമുണ്ടാക്കുകയും ചെയ്യുന്ന സമ്പ്രദായം നിലവിലില്ല. കര്‍ണ്ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ചില ആചാരാനുഷ്ടാനങ്ങളും ജീവിത സാഹചര്യങ്ങളും സ്ത്രീയെ ഇന്നും വിശ്വാസത്തിന്റെ പേരില്‍ ദൈവത്തിന്റെ മണവാട്ടിയാക്കുന്നുണ്ട്. വ്യഭിചാരം ഒരു വന്‍ വ്യവസായമായി വളര്‍ന്ന് കഴിഞ്ഞിട്ടുള്ള പടിഞ്ഞാറന്‍ പൂര്‍വ്വേഷ്യന്‍ നാടുകളില്‍ ദൈവത്തിന് പങ്കൊന്നുമില്ല. ഇന്‍ഡ്യയില്‍ ദൈവത്തിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട പെണ്‍‌കുട്ടികളില്‍ തൊണ്ണൂറ് ശതമാനവും പിന്നീട് ചെന്നെത്തുന്നത് മുംബയ്, പുനെ, ദല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ വന്‍‌നഗരങ്ങളിലെ വേശ്യാലയങ്ങളിലാണ്. പരമദയനീയമായ ഈ സാമൂഹ്യ ദുരന്തത്തിനെതിരെ ഭരണഘടനയ്ക്കോ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ക്കോ ചെറുവിരലനക്കാന്‍ പോലും സാധിച്ചിട്ടില്ല. 1975ല്‍ ബല്‍ഗാമില്‍ ദേവദാസികളുടെ ഒരു സമ്പൂര്‍ണ്ണ സമ്മേളനം ആദ്യമായി നടന്നു. ദേവദാസിയായിരുന്ന ഗൌരീഭായി സാല്‍‌വാദേ ആയിരുന്നു സമ്മേളനത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേവദാസീ സമ്പ്രദായത്തിനെതിരെ ആദ്യത്തെ സംഘടിത ശബ്ദമുയര്‍ത്തിയതും ഗൌരീഭായി തന്നെയാണ്. 1980ല്‍ ‘മഹാത്മ ജ്യോതി റാവു ഫൂല്‍‌സമത പ്രതിഷ്ഠാന്‍’ എന്ന പേരില്‍ കര്‍ണ്ണാടകയിലെ മറ്റൊരു ദേവദാസി കേന്ദ്രമായ നിപ്പാനില്‍ ഒരു സമ്മേളനം നടന്നു. ഇതോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വിപുലമായ വാര്‍ത്തകളാണ് സാമൂഹ്യ ക്ഷേമ ഏജന്‍‌സികളുടെ കണ്ണു തുറപ്പിച്ചത്. പിന്നീട് കര്‍ണ്ണാടക സംസ്ഥാനം മാത്രം ദേവദാസി സമ്പ്രദായത്തിനെതിരെ ചില നടപടികള്‍ എടുക്കുകയും ദേവദാസികളെ പുനരധിവസിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തു.

പണ്ടെങ്ങോ തുടങ്ങി തുടര്‍ന്ന് വന്ന ഒരാചാരം സൌകര്യപൂര്‍വ്വം പ്രയോജനപ്പെടുത്തുന്നവരുടെ തന്ത്രപരമായ പ്രോത്സാഹനങ്ങളാണ് ഇന്നും ദേവദാസികളെ സൃഷ്ടിക്കുന്നത്.


ചിത്രം കടപ്പാട്: ഗൂഗിള്‍

Wednesday, July 23, 2008

ലോകബാങ്ക് ഉദ്യോഗസ്ഥന്റെ വിജയം


ഒരു റിട്ടയേര്‍ഡ് ലോകബാങ്ക് ഉദ്യോഗസ്ഥന്റെ വിജയം ആഘോഷിക്കുകയാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ്. ഈ രാജ്യത്തെ ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കിക്കൊണ്ട് പണത്തിന് മുകളില്‍ കോണ്‍ഗ്രസ് പറക്കും, കൊടിപാറിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്. ആണവക്കരാറിനെ ചൊല്ലി ബന്ധം ഡൈവോഴ്സ് ചെയ്ത ഇടതന്‍‌മാരെ വെറും ഈയാമ്പാറ്റകളാക്കിക്കൊണ്ട് മന്മോഹന്‍ എന്ന റിട്ടയേര്‍ഡ് ലോകബാങ്ക് ഉദ്യോഗസ്ഥന്‍ അടവുകള്‍ അമ്പത്തൊന്നും പയറ്റിയപ്പോള്‍ കണ്ണിറുക്കി ചിരിച്ചത് അം‌ബാനിയായിരുന്നോ, അതോ ബുഷ് ആയിരുന്നോ? പാര്‍ലമെന്റില്‍ സ്വന്തം കക്ഷിക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ഒരു കാര്യത്തില്‍ വേറിട്ട പ്രകടനം കാഴ്ച്ച വച്ചു. കുതിരകച്ചവടത്തില്‍ ഒട്ടും മോശക്കാരനല്ലെന്ന്..... ഈ നടന്ന അധികാരം നിലനിര്‍ത്തല്‍ ചടങ്ങിന് 2000കോടി രൂപ ഇന്ദ്രപ്രസ്ഥത്തില്‍ ഒഴുകിയതായാണ് അനൌദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അശോകാ ഹോട്ടലിലെ സല്‍ക്കാരങ്ങള്‍ക്കും ബഹുമാന്യ മെംബര്‍ ഓഫ് പാര്‍ലമെന്റേറിയന്‍മാരെ ജനാധിപത്യ സംരക്ഷണത്തിനായി ചട്ടംകെട്ടുന്നതിലേക്കുമാണ് ഇത്രയും തുക മന്മോഹന്‍ സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് പിന്നാമ്പുറക്കഥകള്‍ പറയുന്നു. ചെട്ടിനാട് സിമന്റുപോലെ കരുത്തനായ ഒരു സാമ്പത്തികകാര്യ മന്ത്രി മിസറ്റര്‍ മോഹനനെ സഹായികാനുണ്ടെങ്കില്‍ പിന്നെ കളിക്കാന്‍ ഗ്രൌണ്ട് വേണോ? ചിദംബരം എന്ന ധനമന്ത്രിയും മന്മോഹന്‍ എന്ന പ്രധാനമന്ത്രിയും ആര്‍ക്ക് വേണ്ടിയാണ് ധൃതി പിടിച്ച് ആണവോര്‍ജ്ജം ഇന്‍ഡ്യക്ക് നേടിത്തരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെയും മന്മോഹനന്റെയും കാലാവധികള്‍ അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍മാത്രമെയുള്ളൂ. ഇതിനിടയില്‍ ഈ കരാര്‍ പ്രാവര്‍ത്തികമാക്കണമെന്നത് ഈ രണ്ട് മാന്യദേഹങ്ങളുടെയും ആഗ്രഹങ്ങളായിരിക്കാം. ഡോളറും രൂപയും ചേര്‍ന്നാല്‍ ഇന്‍ഡ്യ നിസഹായയാണെന്ന് മന്മോഹന് പ്രത്യേകം പറഞ്ഞു കൊടുക്കണ്ട്, കാരണം കക്ഷി ആദ്യ ശമ്പളം വാങ്ങുന്നത് തന്നെ ഡോളറിലാണ്. (പണ്ട് ലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്നപ്പോള്‍) രണ്ട് ദിവസം കൊണ്ട് 2000കോടി രൂപ എം പി മാരെ വിലയ്ക്കെടുക്കാന്‍ ഒഴുക്കിവിട്ട കോണ്‍ഗ്രസിന് ഇത്രയും രൂപയുടെ ആസ്തി എവിടെ നിന്ന് വന്നു? ഇന്‍ഡ്യയിലെ കുത്തക മുതലാളിമാരുടെ ഖജനാവില്‍ നിന്നാണെന്ന് ചാണക്യന്‍ നിസംശയം പറയും. കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിച്ച് പാരമ്പര്യമില്ലാത്ത മന്മോഹന്‍ ജി എങ്ങനെ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയായി? മുതുമുത്തശ്ഛനും മുത്തശിയും പിന്നെ അഛനും പ്രധാനമന്ത്രിമാരായിരുന്ന ഈ രാജ്യത്തെ നയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന രാഹുലിന് അറിയാമോ? അറിയാമായിരുന്നുവെങ്കില്‍ പാര്‍ലമെന്റില്‍ ഇത്തരത്തില്‍ ഒരു പ്രസംഗം കാഴ്ച്ചവയ്ക്കില്ലായിരുന്നു. പുള്ളിക്കാരന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യയിലെ പാവപ്പെട്ട ജനത്തിന് ഒരിറ്റ് വെളിച്ചം നല്‍കാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ... അത് മോഹന്‍ ജി കണ്ടെത്തിയ 123 ആണത്രെ! ഇന്‍ഡ്യയുടെ ഊര്‍ജ്ജപ്രതിസന്ധിക്ക് ഏക പരിഹാരം! വോട്ടു ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ ജനത്തിന്റെ അവസ്ഥ ചൂണ്ടോധരന് വരം കൊടുത്തകണക്കാണ്, തിരിച്ച് പിടിക്കാന്‍ ഒരു മാര്‍ഗവുമില്ല ഓടുകയെ വഴിയുള്ളൂ! പാര്‍ലമെന്റില്‍ പകുതിയോളം എം പിമാര്‍ ഈ കരാറിന് എതിരാണെന്നാണ് വോട്ടെടുപ്പില്‍ തെളിഞ്ഞത്. ഭരണകക്ഷിക്ക് നാമമാത്രമായ ഭൂരിപക്ഷം മാത്രമാണുള്ളത്(കുതിരകച്ചവടത്തില്‍കൂടി നേടിയത്). പകുതിയോളം എം പിമാര്‍ എതിര്‍ക്കുന്നു എന്ന് പറഞ്ഞാല്‍ ഇന്‍ഡ്യയിലെ ആകെ ജനസംഖ്യയിലെ പകുതിയും ഈ കരാറിന് എതിരെന്ന് അര്‍ത്ഥം. ഈ പകുതി ജനത്തെ ജയിക്കാന്‍ മന്മോഹന്‍ പച്ചനോട്ടുകള്‍ വാരിയിറക്കിയപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു, ഭൂരിപക്ഷം നേടി ഭരണം നിലനിര്‍ത്തി....! ഇതിനു മുന്‍പും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവിശ്വാസങ്ങളെ നേരിട്ടിട്ടുണ്ട്. പക്ഷെ അന്നത്തെ ഒരു പ്രധാനമന്ത്രിയും കാണിക്കാത്ത മ്ലേശ്ചത്തരമാണ് ഇപ്പോള്‍ മന്മോഹന്‍ സിംഗ് എന്ന കോണ്‍ഗ്രസുകാരന്‍ കാട്ടിക്കൂട്ടിയത്.
ഇനി മന്മോഹന്‍ സിംഗിന് ധൈര്യമായി പറയാം.. I AM THE PRIME MINISTER OF INDIA AND I....


Saturday, July 12, 2008

വിക്രമാദിത്യനും വേതാളവും

ഗുപ്തകാലഘട്ടത്തിലെ ചന്ദ്രഗുപ്ത രാണ്ടാമനും സോമദേവഭട്ടന്‍ രചിച്ച കഥാ സരിത്‌സാഗരത്തിലെ വിക്രമാദിത്യനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ബന്ധമുണ്ടെന്ന് പാഠ പുസ്തക കരിക്കുലം കമ്മിറ്റി അവകാശപ്പെടുന്നു. തന്നെയുമല്ല ഇരുവരും ഒരാളെന്ന മട്ടില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യശാസ്ത്രം പുസ്തകത്തിലൂടെ പഠിപ്പിച്ചു വരികയും ചെയ്യുന്നു. കേരള വിദ്യാഭ്യാസ വകുപ്പിലെ വിചക്ഷണന്‍‌മാര്‍ക്ക് ഒരു സംശയവുമില്ല, അവര്‍ ആണയിട്ടു പറയുന്നു ചന്ദ്രഗുപ്ത വിക്രമാദിത്യനും വേതാളത്തെ ചുമലേറ്റി നടക്കുന്ന വിക്രമാദിത്യനും ഒരാളാണെന്ന്. ആറാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിന്റെ 56ആം പേജിലാണ് ചരിത്രം തിരുത്തികുറിക്കുന്ന കണ്ടുപിടുത്തം വിവരിച്ചിരിക്കുന്നത്. എട്ടാം അധ്യായത്തില്‍ ഇന്‍ഡ്യയില്‍ സ്ഥാപിതമായ വിവിധ സാമ്രാജ്യങ്ങളുടെ ചരിത്രത്തിലാണ് തെറ്റ് കടന്നുകൂടിയിരിക്കുന്നത്. ഇന്‍ഡ്യാ ചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടമെന്നാണ് ചരിത്രകാരന്‍‌മാര്‍ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്തെ വിശേഷിപ്പിക്കുന്നത്. ഗുപ്തരാജവംശത്തില്‍ ക്രിസ്തുവര്‍ഷം 380 മുതല്‍ 413 വരെയുള്ള കാലത്തായിരുന്നു ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണം. ഇത് പോലും പാഠപുസ്തക കരിക്കുലം കമ്മിറ്റിക്ക് അറിയില്ലെന്നോ? കാശ്മീരിലെ രാജാവായിരുന്ന അനന്തന്റെ പത്നി സൂര്യമതിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി ക്രിസ്ത്വബ്ദം, 1063നും 1081നും ഇടക്കാണ് സോമദേവഭട്ടന്‍ 18 ലംബകങ്ങളും 124 തരംഗങ്ങളും 21388 പദ്യങ്ങളുമുള്ള കഥാസരിത്‌സാഗരം എഴുതിയത്. ക്രിസ്തുവര്‍ഷാരംഭത്തിന് മുന്‍പ് ഗുണാഢ്യന്‍ എന്നയാള്‍ വിന്ദ്യപര്‍വത പ്രദേശത്ത് പ്രചരിച്ചിരുന്ന വൈശായി ഭാഷയിലെഴുതിയ ‘ബൃഹത്കഥ’യാണ് കഥാസരിത്‌സാഗരത്തിന്റെ മൂലകൃതിയായി അറിയപ്പെടുന്നത്. ക്രിസ്തുവിന് പിന്‍പ് പതിനൊന്നാം ശതകത്തില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന ക്ഷേമേന്ദ്രന്‍ സംസ്കൃതത്തില്‍ രചിച്ച ‘ബൃഹല്‍ക്കഥാമഞ്ജരി’ ആണ് ഇന്ന് ലഭ്യമായ ഒരു ബൃഹത്ക്കഥാ വിവര്‍ത്തനം. ഈ വിവര്‍ത്തനത്തെക്കാള്‍ മനോഹരമായ സോമദേവഭട്ടന്റെ കഥാസരിത്‌സാഗരമെന്ന വിവര്‍ത്തനത്തിന്റെ ഔജ്ജ്വല്യത്തില്‍ ബൃഹത്ക്കഥാമഞ്ജരി മുങ്ങിപ്പോയി. പിന്നീട് വിക്രമാദിത്യകഥകള്‍ കഥാസരിത് സാഗരത്തിലൂടെ പ്രശസ്തമാവുകയായിരുന്നു. ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ഭരണസാരത്ഥ്യം കൊണ്ട് ‘ചന്ദ്രഗുപ്ത വിക്രമാദിത്യന്‍’ എന്ന് അറിയപ്പെട്ടു എന്നത് ചരിത്രം. പക്ഷെ കഥാസരിത്‌സാഗരത്തിലെ വിക്രമാദിത്യനും ചന്ദ്രഗുപ്ത വിക്രമാദിത്യനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന ചരിത്രം വിദ്യാഭ്യാസ വകുപ്പിന് അറിയില്ലെ? പാഠത്തോടൊപ്പം ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ചിത്രമായി നല്‍കിയിരിക്കുന്നത് ഊരിപ്പിടിച്ച വാളുമായി വേതാളത്തെയും തോളിലിട്ട് തലയോട്ടികള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്ന കൊമ്പന്‍‌മീശക്കാരന്റെ പടമാണ്! ഭരണനൈപുണ്യം കൊണ്ട് പ്രശസ്തനായ ചന്ദ്രഗുപ്തന്‍ രണ്ടാമനോട് വിദ്യാഭ്യാസ വകുപ്പ് ഇത്ര ക്രൂരത കാണിക്കാന്‍ പാടില്ലായിരിന്നുവെന്നാണ് ചാണക്യന്റെ അഭിപ്രായം. കഥാസരിത്‌സാഗരത്തിലെ വിക്രമാദിത്യന്‍ പരകായപ്രവേശം നടത്തുന്നത് വിവരിച്ചിട്ടുണ്ട്. പക്ഷെ ഗുപ്ത രാജവംശത്തിലെ ചന്ദ്രഗുപ്തന്‍ രണ്ടാമനുമായി ഈ കഥകള്‍ക്ക് പുലബന്ധം പോലുമില്ല. ചൈനീസ് സഞ്ചാരിയായ ഫാഹിയാന്റെ യാത്രാവിതരണം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സര്‍വവിജ്ഞാനകോശത്തിലെ മൂന്നാമത്തെയും പത്താമത്തെയും പുസ്തകം, എന്‍. ബി. എസ് പുറത്തിറക്കിയ വിശ്വവിജ്ഞാനകോശം എന്നിവയില്‍ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്തെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്. ഇതൊക്കെ ഒഴിവാക്കി പാഠഭേദവുമായി ബന്ധമില്ലാത്ത വിക്രമാദിത്യകഥകള്‍ ശേഖരിച്ച് ക്ലാസില്‍ അവതരിപ്പിക്കാനാണ് കരിക്കുലം കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്‍ഡ്യാ ചരിത്രത്തെക്കുറിച്ച് പഠിക്കാതെയാണ് പുസ്തകവും അതിന്റെ വായനാക്കുറിപ്പും തയ്യാറാക്കിയിക്കുന്നതെന്ന് വ്യക്തം. ചരിത്രത്തെ ഇങ്ങനെ വളച്ചൊടിച്ച് വിദ്യാര്‍ത്ഥികളെ വിഢികളാക്കുകയാണ് പുസ്തക രചയിതാവ് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷമായി സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തെറ്റായ ഈ പാഠമാണ് പഠിച്ചു വരുന്നത്. 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം ഈ തെറ്റ് പഠിച്ചു കഴിഞ്ഞു. എന്നിട്ടും ഇത് പഠിപ്പിച്ച അദ്ധ്യാപകരോ, മതമില്ലാത്ത ജീവന് വേണ്ടി സമരം ചെയ്യുന്നവരോ, മറ്റ് ബുദ്ധിജീവികളോ ഈ തെറ്റ് കണ്ടെത്തിയില്ല.

Monday, July 7, 2008

പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും.....

അരിക്ക് വില കിലോക്ക് 22രൂപ, കേരളത്തില്‍ സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. നാലംഗമുള്ള ഒരു ചെറുകുടുംബത്തിന് ഒരു നാള്‍ തള്ളി നീക്കാന്‍ കുറഞ്ഞത് 250 രൂപയെങ്കിലും വേണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന് ജനം ജീവിക്കാന്‍ നെട്ടോട്ടമോടുന്നു. ഈ സാഹചര്യത്തിലാണ് ജീവന്റെ രക്ഷകര്‍ത്താക്കള്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു ചെല്ലുന്നത്. ആ നല്ല രക്ഷകര്‍ത്താക്കളുടെ മാതൃകാ പരമായ സമീപനം ഇവിടത്തെ മതജാതിക്കോമരങ്ങള്‍ക്ക് തെല്ലും പിടിച്ചില്ല. പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും ആര്‍ത്തട്ടഹസിച്ച് തെരുവിലിറങ്ങി. ഒറ്റ ആവശ്യമെയുള്ളൂ, ഏഴാം ക്ലാസിലെ പാഠപുസ്തകം പിന്‍‌വലിക്കണം. സമരം ചെയ്യാന്‍ കിട്ടിയ വിഷയം, കുട്ടികളെ മതനിഷേധികളാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റമടമുള്ള നിരവധി പ്രശ്നങ്ങള്‍ ഇവിടുള്ളപ്പോള്‍ അതിനെതിരെ സമരം നടത്താത്തവര്‍ ഇപ്പോഴൊരു പാഠപുസ്തകത്തിന്റെ പേരില്‍ നടത്തുന്നത് സമരാഭാസമെന്നാണ് ചാണക്യമതം. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി, സ്ഥിതിസമത്വം എന്നിവ പഠിപ്പിക്കാനാണ് ഏഴാം ക്ലാസിലെ പുസ്തകം ശ്രമിക്കുന്നത്. വിദ്യാഭ്യാസ കച്ചവടക്കാരും ജാതിമത വര്‍ഗീയ ശക്തികളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് പുസ്തകത്തെ വിമര്‍ശിക്കുന്നത്. സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ തുടങ്ങിയതാണ് ഈ സര്‍ക്കാരും ഇപ്പോള്‍ പുസ്തകത്തിന്റെ പേരില്‍ സമരം ചെയ്യുന്ന മാഫിയാ സംഘങ്ങളും തമ്മിലുള്ള ഉരസല്‍. സാമൂഹിക പ്രതിബദ്ധതയെ കാറ്റില്‍ പറത്തി വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിച്ചതിനു പിന്നിലെ പ്രധാന ചാലകശക്തികളാണ് പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും എന്‍ എസ് എസും എസ് എന്‍ ഡി പി യുമെന്ന് കേരളത്തിലെ ജനത്തിനറിയാം. ലക്ഷങ്ങള്‍ കോഴവാങ്ങി കീശയിലാക്കി രാജകീയ ജീവിതം നയിക്കുന്ന മതമേലദ്ധ്യക്ഷന്‍‌മാര്‍ക്ക് സാധാരണക്കാരന്‍ ജീവിക്കാന്‍ പെടാപാടുപെടുന്നത് കാണാനുള്ള കാഴ്ച്ചശക്തിയില്ല. പക്ഷെ ജനത്തെ എങ്ങനെ അനാവശ്യ സമരാഭാസങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന് നന്നായിട്ടറിയാം. പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരുമടക്കമുള്ള ജാതിമത വര്‍ഗീയ കോമരങ്ങള്‍ ഇപ്പോള്‍ നടത്തുന്ന സമരം സര്‍ക്കാരിനെതിരെയല്ല, ജീവന്റെ രക്ഷകര്‍ത്താക്കള്‍ക്കെതിരെയാണ്, കേരള ജനതക്കെതിരെയാണ്. ഈ പുസ്തകം പഠിച്ചാല്‍ കുട്ടികള്‍ മാര്‍ക്സിസ്റ്റുകളായി മാറുമെന്നാണ് ഇവരുടെ വാദം. കേരളം കണ്ടതില്‍ ഏറ്റവും വലിയ മാഫിയാ സംഘങ്ങളേ.. ഇതിനേക്കാള്‍ വലിയ മാര്‍ക്സിസം തിരുകിക്കയറ്റിയ പുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്ന സോവിയറ്റ് റഷ്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ലെ. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്, എന്തിനെയാണ് പേടിക്കുന്നത്. ളോഹയിട്ടവരെല്ലാം അച്ചന്മാരും ശിരോവസ്ത്രം അണിഞ്ഞവരെല്ലാം കന്യാസ്ത്രീകളുമല്ലെന്ന് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. കോയാമാരെ നിങ്ങടെ ഈ ഹലാക്ക് പരിപാടി കണ്ട് കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവന്‍ നിങ്ങളോടൊത്ത് വരുമെന്ന് നിങ്ങള്‍ കരുതിയോ? എങ്കില്‍ കുഞ്ഞാലിയെ മൂലക്കിരുത്തി കെ ടി ജലീല്‍ നിയസഭയില്‍ കയറുമായിരുന്നോ? ഒക്കത്തൊരു കുട്ടിയുമായി ഒരു സ്ത്രീ സകല ചാനലുകളുടെയും ഓഫീസ് കയറി ഇറങ്ങി നിങ്ങടെ ഒരു നേതാവിനെതിരെ ആരോപണമുയര്‍ത്തിയത് നിങ്ങള്‍ മറന്നുവോ? ഇതൊക്കെ കണ്ടും അറിഞ്ഞും വളരുന്ന ചെറു ബാല്യങ്ങള്‍ വഴി തെറ്റിയാല്‍ അതിന്റെ ഉത്തരവാദിത്വം പാതിരിമാരും കോയാമാരും ഏറ്റെടുക്കുമോ? ജീവന്റെ രക്ഷകര്‍ത്താക്കളെ പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ ജനത്തിനെതിരെ നടത്തുന്ന സമരാഭാസം വച്ച് നിര്‍ത്തുക. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ കത്തിക്കേണ്ടത് ഏഴാം ക്ലാസിലെ പുസ്തകമല്ല, ബൈബിളും ഖുറാനുമാണ്. നിങ്ങളെയൊക്കെ സദാചാരം പഠിപ്പിക്കാനുള്ള ഈ ഗ്രന്ഥങ്ങളെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ചില്ലലമാരയില്‍ സൂക്ഷിക്കുന്നത്. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ബൈബിളും ഖുറാനും കത്തിച്ച് ആര്‍ജവം കാണിക്കൂ..........

Sunday, July 6, 2008

യേശുവെ പൊറുക്കേണമെ.......

അദ്ധ്വാനിക്കുന്നവനെയും ഭാരം ചുമക്കുന്നവനെയും എന്ന് വേണ്ട വേശ്യയെപ്പോലും കൂടെക്കൂട്ടിയ അങ്ങ് ഈ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ലെ? നിങ്ങളില്‍ പാവം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നല്ലെ അങ്ങ് പറഞ്ഞത്. താങ്കള്‍ പറഞ്ഞ ഈ വാക്യം പഠിപ്പിക്കുന്ന പുസ്തകത്തിന് ഒരു കുഴപ്പവുമില്ല എന്നാല്‍ മതമില്ലാത്ത ജീവന്റെ കാര്യം പഠിപ്പിക്കുന്ന പൊത്തകത്തിന് എന്തോ കുഴപ്പമുണ്ടെന്നാണ് താങ്കളുടെ കാലശേഷം ഇവിടെ അങ്ങയുടെ പേരില്‍ ഉണ്ടായ സഭകളിലെ നല്ലിടയന്‍‌മാര്‍ പറയുന്നത്. കാലിക സംഭവങ്ങളാല്‍ കാതൊലിക്കല്‍ സഭ അടക്കം സകല സഭകളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഇതിന്റെയൊക്കെ ഉത്തരവാദിയായ താങ്കളോട് ഈ കുഞ്ഞാട് മാപ്പിരന്നുകൊണ്ട് ചോദിക്കട്ടെ... ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നുണ്ടോ കര്‍ത്താവെ? താങ്കള്‍ ഇവര്‍ക്ക് മാപ്പ് നല്‍കുമോ? ഓ ഇപ്പോഴും ഞാന്‍ കാര്യം തെളിച്ച് പറഞ്ഞില്ലാ എന്നായിരിക്കും താങ്കള്‍ കരുതുന്നത്, പറയാം. ഈ കൊച്ച് കേരളത്തിലെ ഏഴാം ക്ലാസിലെ പുള്ളാര്‍ക്ക് പഠിക്കാന്‍ ഒരു പൊത്തകം വിദ്യഭ്യാസ വകുപ്പ് അച്ചടിച്ച് വിതരണം ചെയ്തു. അതിലെ ഒരു പാഠം മതനിഷേധമെന്നാണ് സഭക്കാരുടെ വാദം. കര്‍ത്താവെ താങ്കള്‍ അറിയണം...ആ പാഠത്തിലെ ഒരു വരിപോലും അങ്ങയെയോ മഹനായ പോപ്പിനേയോ ഇവിടത്തെ നല്ലിടയന്മാരെയോ എന്തിന് ക്രിസ്തീയ വിശ്വാസത്തെയോ ഹനിക്കുന്ന തരത്തിലുള്ളതല്ല. ചുരുക്കിപ്പറയാം ഒരഛന്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോകുന്നു. നിബന്ധനപ്രകാരമുള്ള ഫാറം പൂരിപ്പിക്കുന്ന വേളയില്‍ പ്രധാനാധ്യാപകന്‍ കുട്ടിയുടെ മതം എന്താണെന്ന് ചോദിക്കുന്നു. രക്ഷകര്‍ത്താവ് മതത്തിന്റെ കോളത്തില്‍ മതമില്ല എന്ന് രേഖപ്പെടുത്താന്‍ പറയുന്നു. മേമ്പൊടിയായി കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ അവനിഷ്ടമുള്ള മതം സ്വീകരിക്കട്ടെ എന്നും പറയുന്നു. ഇത്രയെ ഉള്ളൂ കര്‍ത്താവെ ആ പൊത്തകത്തില്‍ മത നിഷേധം. അതിനാ ഇവിടെ ഈ പുകിലൊക്കെ നടക്കുന്നത്..... പൊത്തകം പിന്‍‌വലിക്കണമെന്നാണ് കാതൊലിക്കല്‍ അടക്കമുള്ള പല സഭകളുടെയും ആവശ്യം. എന്നാല്‍ ചില സഭകള്‍ ഈ പൊത്തകത്തിന് കുഴപ്പമൊന്നും ഇല്ലെന്നും പിള്ളാരെ പഠിപ്പിക്കാമെന്നും അങ്ങയുടെ നാമത്തില്‍ ആണയിട്ട് പറയുന്നുമുണ്ട്. കര്‍ത്താവെ ഇവരെന്താണ് ചെയ്യുന്നത്.......? അരമന രഹസ്യം അങ്ങറിഞ്ഞോ എന്നെനിക്കറിയില്ല എന്നാലും പറയാം കുറച്ച് കാലം മുന്‍പ് അഭയ എന്നൊരു കര്‍ത്താവിന്റെ മണവാട്ടി ദുരൂഹ സാഹചര്യത്തില്‍ മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ചു കിടന്നു. അതൊരു കൊലപാതകമാണെന്ന് കേരളമാകെ സംസാരമുണ്ടായപ്പോള്‍ അന്വേഷണം ലോക്കല്‍ പോലിസില്‍ നിന്നും ഇന്‍ഡ്യയിലെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐയെ ഏല്‍പ്പിക്കുകയുണ്ടായി. പക്ഷെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കര്‍ത്താവിന്റെ മണവാട്ടിയായിരുന്നിട്ടു കൂടി കാതൊലിക്കല്‍ അടക്കമുള്ള ഒരു സഭയും പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടില്ല. ഇപ്പോളൊരു പൊത്തകത്തിലെ ഒരു പാഠത്തിന്റെ പേരിലെ നല്ലിടയന്‍‌മാരുടെ സമരം എന്തിനാണ് കര്‍ത്താവെ? അങ്ങിതൊന്നും അറിയുന്നില്ലെ? കാണുന്നില്ലെ? യേശുവെ മതസ്വാതന്ത്ര്യം വിലക്കപ്പെട്ട കനിയാണോ? അഛന്റെയും അമ്മയുടെയും മതത്തില്‍ തന്നെ വിശ്വസിക്കണമെന്ന് എന്തിനാണ് കുട്ടികളെ നിര്‍ബന്ധിക്കുന്നത്? അവര്‍ക്ക് പ്രായപൂര്‍ത്തിയായിവരുമ്പോള്‍ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ചുള്ള മതം അവര്‍ തിരഞ്ഞെടുക്കട്ടെ.. ഇന്‍ഡ്യയിലാണോ മതത്തിന് പഞ്ചം. വളര്‍ന്നു വരുന്ന തലമുറക്ക് മത സ്വാതന്ത്ര്യം നിഷേധിക്കുന്ന തിരുമേനിമാരുടെ ഈ കുടിലത ചാണക്യന് ഉള്‍ക്കൊള്ളന്‍ കഴിയുന്നില്ല എന്റീശ്വായേ... എന്റെ കര്‍ത്താവെ വിദ്യാഭ്യാസം മുഴുവന്‍ കച്ചവടമാക്കിയ സഭകള്‍ക്ക് ഒരു പുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരില്‍ പുകിലുണ്ടാക്കാന്‍ എന്താണ് അവകാശം? കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല നീ ഇവരോട് പൊറുക്കേണമേ.. ആമേന്‍......

Wednesday, May 28, 2008

ശബരിമല മകരവിളക്ക് വിശേഷങ്ങള്‍......

ശബരിമലയിലെ മുഖ്യ തന്ത്രി കണ്ഠര് മഹേശ്വരര് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് സ്വയം തെളിയുന്നതല്ലെന്നും കത്തിച്ചു കാണിക്കുന്നതാണെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. തന്ത്രി മുംബയിലായതിനാല്‍ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ ആണ് പത്രസമ്മേളനത്തില്‍ മഹേശ്വരര് ഒപ്പിട്ട പ്രസ്താവന പത്രക്കാര്‍ക്ക് വിതരണം ചെയ്തത്. ഇക്കാര്യങ്ങള്‍ ദേവസ്വം മന്ത്രി ജി. സുധാകരനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി. കെ . ഗുപതനെയും അറിയിച്ചതായും രാഹുല്‍ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. രാവിലത്തെ പത്രത്തില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞ് ചാണക്യന്‍ ഞെട്ടി! മന്ത്രിയും പ്രസിഡന്റും ഞെട്ടിയോ എന്നറിയില്ല. അതേയ് ഈ തന്ത്രി എന്തിനുള്ള പുറപ്പാടാ... ഇനിയിവിടെ എന്തൊക്കെ നടക്കുമോ ശിവ ശിവ..... മകരജ്യോതി വേറെ മകരവിളക്ക് വേറെ, മകരജ്യോതി എന്നത് മകരനക്ഷത്രമാണ്. മകരവിളക്ക് പ്രതീകാത്മകമായി കത്തിക്കുന്ന ദീപാരാധനയാണ്. അതിനാലാണ് മൂന്നുവട്ടം ആലങ്കാരികമായി കാണിക്കുന്നത്.... തന്ത്രി തുടരുന്നു. മകരവിളക്ക് എന്ന പ്രതിഭാസം വിവാദമായ പശ്ചാത്തലിത്താണ് വളരെ ദുഖത്തോടെ മുതിര്‍ന്ന തന്ത്രി എന്ന നിലയില്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും തന്ത്രി മുഖ്യന്‍. പോരെ പൂരം, എങ്ങനെയുണ്ട് വിശദീകരണം. മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്നും അതുവഴി ജനത്തിന്റെ വിശ്വാസത്തെ മുതലെടുക്കുകയാണ് ചെയ്തു വന്നിരുന്നതെന്നും തന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് സാരം. ഇപ്പോഴുണ്ടായ ഈ വെളിപ്പെടുത്തല്‍ ദു:ഖത്തോടെയാണെന്ന് തന്ത്രി. തന്ത്രിയുടെ ദു:ഖത്തിന് കാരണം ചാണക്യനു പിടികിട്ടുന്നില്ല. ആസൂത്രിതമായി രഹസ്യമായി കര്‍പ്പൂരം കത്തിച്ച് കാണിച്ചിട്ട് അത് ദൈവത്തിന്റെ മായാ പ്രവര്‍ത്തനമായി ജനത്തെ പറ്റിച്ചു വന്നത് തുറന്ന് പറയുന്നതില്‍ തന്ത്രി ദു:ഖിക്കുന്നതെന്തിന്. പൊന്നമ്പലമേട്ടില്‍ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് ആദിവാസികള്‍ വിളക്ക് തെളിച്ച് ദീപാരാധന നടത്തുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത്. പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന പൊന്നമ്പലമേട്ടില്‍ ആദ്യം തുടങ്ങിയതെന്ന് ഐതിഹ്യമുള്ളതായി തന്ത്രി പറയുന്നു. ഇന്നും പ്രതീകാത്മകമായി അത് ജ്വലിപ്പിക്കുന്നു. ഇത്രയൊക്കെ പറയാന്‍ ധൈര്യം കാട്ടിയ തന്ത്രിയോ ചെറുമകന്‍ രാഹുലോ ഇപ്പോള്‍ ഈ വിളക്ക് ആരാണ് തെളിക്കുന്നതെന്ന് പറയാന്‍ തയ്യാറായില്ല. ആദിവാസികളോ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരോ പോലിസോ വൈദ്യുതി ബോര്‍ഡ് ജീവനക്കാരോ ആയിരിക്കാമെന്ന ധാരണമാത്രമെ ഇവര്‍ക്കുള്ളൂ. എന്തായാലും തന്ത്രി അമിട്ടിന് തിരികൊളുത്തിക്കഴിഞ്ഞു! ഇത്രയും കാലം മറച്ചു വച്ച രഹസ്യം തന്ത്രി ഇപ്പോള്‍ പൊളിക്കാന്‍ തയ്യാറായതിനു പിന്നില്‍ ദേവസ്വം ബോര്‍ഡും തന്ത്രി കുടുംബവും തമ്മിലെ ശീതസമരമാണ് കാരണമെന്ന് ഒരു അണിയറ സംസാരമുണ്ട്. അതൊക്കെ അവര്‍ തമ്മിലുള്ള പ്രശ്നം. പക്ഷെ മകരവിളക്ക് കത്തിച്ചു കാണിക്കുന്നതാണെന്ന് വെളിപ്പെട്ട സ്ഥിതിക്ക് ആരാണ് അതിനു പിന്നിലെന്ന് വ്യക്തമാക്കാനുള്ള ബാധ്യത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ട്. തന്നെയുമല്ല ഇത്രയും കാലം കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും അയ്യപ്പ ഭക്തരെ വഞ്ചിച്ചതിന് ദേവസ്വം ബോര്‍ഡ് മാപ്പു പറയുകയും വേണമെന്നാണ് ചാണക്യമതം. പൊന്നമ്പലമേട്ടിലെ മകരവിളക്ക് തട്ടിപ്പാണെന്നും അത് തെളിയിക്കാമെന്നും പറഞ്ഞ് വിളക്ക് നാളില്‍ പൊന്നമ്പലമേട്ടിലേക്ക് യാത്ര തിരിച്ച ഒരു സംഘം യുക്തിവാദികളെ തല്ലിചതച്ച സംഭവം ചാണക്യന് ഓര്‍മ്മ വരുന്നു.
കുറെക്കാലത്തേക്ക് കുറച്ച് പേരെ പറ്റിക്കാം എന്നാല്‍ എക്കാലത്തും എല്ലാപേരേയും പറ്റിക്കാന്‍ സാധ്യമല്ലെന്ന് മകരവിളക്കുമായി ബന്ധപ്പെട്ട പുതിയ വിവാദം തെളിയിക്കുന്നു...........

അമൃതാനന്ദമയിയെ പ്രോസിക്യൂട്ട് ചെയ്യണം

സ്വാമിമാരും സ്വാമിനിമാരുമടക്കമുള്ള ആള്‍ദൈവങ്ങള്‍ക്ക് നീച ശനിയുടെ ഉച്ചസ്ഥായിയിലുള്ള കഷ്ടകാലം പിടിച്ചെന്ന് തോന്നുന്നു. ‘നക്കാപിച്ചകൊണ്ട്‘ ജീവിച്ചിരുന്ന ആള്‍ ദൈവങ്ങള്‍ ഗത്യന്തരമില്ലാതെ ആശ്രമങ്ങള്‍ വിട്ട് ഓടുന്ന കാഴ്ച്ച ചാണക്യന് നന്നെ ബോധിച്ചു. ഒരു സന്തോഷ് മാധവന്റെ പ്രവൃത്തി ദോഷമാണ് മറ്റ് ദൈവങ്ങളുടെയും നില പരിങ്ങലിലാക്കിയത്. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ ഭക്തജനത്തിന് അനുഗ്രഹം വര്‍ഷിച്ച് നിരുപദ്രവകാരികളായി കഴിഞ്ഞിരുന്ന ഈ സാത്വികരെ ഉപദ്രവിച്ചാല്‍ ദൈവ കോപം ഉറപ്പ്.... പക്ഷെ എന്ത് ചെയ്യാം ദൈവത്തിന്റെ പ്രതിരൂപമായി വിരാജിച്ചിരുന്ന ഈ ആശ്രമതൊഴിലാളികളെ സംരക്ഷിക്കാന്‍ ഒരു ഭഗവാനും ഇതേ വരെ മുന്നോട്ട് വന്നിട്ടില്ല. മനുഷ്യദൈവങ്ങളുടെ ആരാധകരായ കുറെപ്പേര്‍ ഇവരുടെ സംരക്ഷണത്തിനായി കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട്. നൂറു ശതമാനം സാക്ഷരത കൈവരിച്ച ദൈവത്തിന്റെ സ്വന്തം നാട് എല്ലാ അര്‍ത്ഥത്തിലും (മനുഷ്യ)ദൈവങ്ങളുടെ നാടായി തീര്‍ന്നിരിക്കുന്നു. ഈ വിദ്വാന്‍മാരെ കൈകുമ്പിട്ട് വണങ്ങി നില്‍ക്കാന്‍ കേരളീയന് തെല്ലും മടുപ്പില്ല. അമൃത ചൈതന്യ എന്നതിനു പിന്നിലെ സന്തോഷ്മാധ്വനെ വൈകിയെങ്കിലും തിരിച്ചറിഞ്ഞ ജനം പടലയായി മനുഷ്യദൈവങ്ങള്‍ മേലങ്കി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്ന കാഴ്ച്ച കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ്. സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരും വിദ്യാസമ്പന്നരും, വന്‍ പണച്ചാക്കുകളുമാണ് ആള്‍ ദൈവങ്ങളുടെ പ്രധാന ആരാധകര്‍. സാധാരണക്കാര്‍ വളരെ ചുരുക്കമായേ ആശ്രമങ്ങളിലേക്ക് എത്തി നോക്കാറുള്ളൂ. മുപ്പത്തിമുക്കോടി ദേവതകളെ വണങ്ങിയിട്ടും തീരാത്ത ദുഖങ്ങള്‍ അകറ്റാന്‍ മനുഷ്യ ദൈവങ്ങള്‍ക്കാകുമെന്ന് കരുതുന്ന മലയാളിയെ ബാധിച്ചിരിക്കുന്നത് ആത്മീയ ഭ്രാന്താണെന്നാണ് ചാണക്യമതം. കാരണം ഭാര്യയെയും പെണ്മക്കളെയും നഗ്നപൂജക്കായി ഈ സിദ്ധന്മാരുടെ മുന്നില്‍ക്കൊണ്ടിരുത്താന്‍ തയാറായ മലയാളിക്ക് ഭ്രാന്തല്ലാതെ മറ്റെന്താണ്. അവരുടെ കൂട്ടത്തില്‍ തോളത്ത് നിരവധി നക്ഷത്ര ചിഹ്നം പേറുന്ന കാക്കിയിട്ട വീരശൂരപരാക്രമികളും ഉണ്ടെന്ന് കേട്ടപ്പോള്‍ ചാണക്യന്‍ മൂക്കത് വിരലുവെച്ചു. ഇത്തരം പോലീസാപ്പീസറന്മാരുടെ കയ്യില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം ഭദ്രം, ശിവ ശിവ.....ഏതെങ്കിലും മാടക്കടയുടെ പിന്നിലൊളിച്ചിരുന്ന് ബീഡിവലിക്കുന്നവനെ കൈയാമം വയ്ക്കാന്‍ ഈ രാജ്യത്ത് വകുപ്പുണ്ട് എന്നാല്‍ ഇത്രയും വിശാലമായി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജനത്തിനെ പറ്റിക്കുന്ന മനുഷ്യദൈവങ്ങളെ പൂട്ടാന്‍ മാര്‍ഗമില്ല. കാരണം അവര്‍ അണ്ട്കടാഹത്തിന്റെ അത്യുന്നതങ്ങളില്‍ നിന്നും അശരീരി വിഴുങ്ങി ദൈവത്തിന്റെ പ്രതിപുരുഷരൂപം ആര്‍ജിച്ചവരാണ്. ഇവരെ തൊട്ടാല്‍ തൊടുന്നവന്‍ നാറും. നാറുന്നതോ സമൂഹത്തില്‍ ഉന്നതങ്ങളിലുള്ളവരും. രാഷ്ട്രീയ ഉദ്യോഗസ്ഥ വ്യവസായ പ്രമുഖന്മാരാണ് ഇത്തരം ആള്‍ ദൈവങ്ങളെ ഇവിടെ വളര്‍ത്തുന്നത്. ഈ രാജ്യത്തെ സകല ദൈവങ്ങളുടെയും സംരക്ഷണാവകാശം പേറ്റന്റായി എടുത്തിരിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ കപടമനുഷ്യ ദൈവങ്ങളെ വളര്‍ത്താന്‍ അഹോരാത്രം പണിപ്പെട്ടിട്ടുണ്ട്. ആശ്രമങ്ങള്‍ തോറും ഓടിനടന്നിരുന്ന ഒരു എം പിക്ക് ഇപ്പോള്‍ ഭൂദോതയം വന്നതായി ചാണക്യന്‍ മനസിലാക്കുന്നു, വളരെ നല്ലത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനല്ലാതെ തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ ഈ മനുഷ്യദൈവങ്ങള്‍ക്ക് കഴിയില്ല. കഴിയുമായിരുന്നുവെങ്കില്‍ സന്തോഷ്മാധവനെന്ന അമൃതചൈതന്യ ‘ചട്ടിയിലാവാന്‍’ നില്‍ക്കാതെ പലായനം ചെയ്തേനെ. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത അഭിനവ ശങ്കരാചാര്യരെ പയറുപോലെ പൊക്കി ചട്ടിയിലിട്ട് വറുത്തു കോരിയപ്പോള്‍ അവിടൊന്നും സംഭവിച്ചില്ല. ആ തമിഴ്പെണ്‍കൊടിയുടെ ആര്‍ജവം ഇനിയെങ്കിലും ഇവിടത്തെ ഭരണാധികാരികള്‍ കാണിക്കണം. ഇപ്പോള്‍ നടക്കുന്ന ഈ വലവീശലില്‍ ചാളയും മത്തിയും പോലത്തെ ചെറുമത്സ്യങ്ങളേ കുടുങ്ങൂ. വന്‍ സ്രാവുകള്‍ ഇപ്പോഴും ‘അമൃത എക്സ്പ്രസിന്റെ’ വേഗതയില്‍ ആത്മീയ ബിസിനസ് നടത്തുകയാണ്. ചാണക്യന്‍ പറഞ്ഞു വരുന്നത് അമൃതാന്ദമയി എന്ന വന്‍ ബിസിനസ് ശൃംഖലയെകുറിച്ചാണ്. അമൃതാന്ദ മഠത്തിനു കീഴിലെ ആശ്രമങ്ങളുടെ പ്രവര്‍ത്തനം കൂടി അന്വേഷണ വിധേയമാക്കണം. ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി നേരായ ഒരന്വേഷണം നടത്തിയാല്‍ അമൃതാന്ദമയി എന്ന വന്‍ സ്രാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട എന്തെങ്കിലും തെളിവുകള്‍ ലഭിക്കാതിരിക്കില്ല. മാറവ്യാധികളെയും തീരാവ്യാധികളെയും കെട്ടിപ്പിടിച്ച് ചുംബിച്ച് മാറ്റുന്ന അമ്മ എന്തിനാണ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍ കെട്ടിപ്പൊക്കുന്നതെന്ന് ചാണക്യന് മനസിലാകുന്നില്ല. കലികാലത്തില്‍ ബുദ്ധിയുള്ളവര്‍ ദൈവങ്ങളും അല്ലാതുള്ളവര്‍ ആരാധകരുമായി തീരുമെന്ന് ചാണക്യന്‍ മനസിലാക്കുന്നു. അതുകൊണ്ട് സ്വയം തീരുമാനിക്കൂ ... എന്താകണം