Wednesday, May 27, 2009

ചാണക്യന് ഒരു വയസ്സ്..:)

എന്റെ പ്രിയപ്പെട്ട ബൂലോകരെ,

2008 മെയ് 28ന് ഒരു പോസ്റ്റിട്ട് ബൂലോകത്തേക്ക് പ്രവേശിച്ചപ്പോള്‍ സംഭവ ബഹുലമായ ഒരു വര്‍ഷം ഇത്ര പെട്ടെന്ന് കടന്നു പോകുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയില്ല. വളരെ യാദൃശ്ചികമായിട്ടാണ് ബ്ലോഗ് എന്ന മാധ്യമത്തെ ഞാന്‍ പരിചയപ്പെടുന്നത്. എന്റെ ജോലിയുടെ ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി വന്നിരുന്നുവെങ്കിലും ബ്ലോഗ് എന്ന സാധനത്തിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. എപ്പോഴോ ഏതോ മാഗസിനില്‍ കണ്ട ഒരു ആര്‍ട്ടിക്കിളിനെ പിന്തുടര്‍ന്നാണ് ഈയുള്ളവന്‍ നിങ്ങളുടെ ഒക്കെ ലോകത്തില്‍ എത്തിപ്പെട്ടത്. അതില്‍ കിട്ടിയ ലിങ്കുകളില്‍ പരതി ഞാന്‍ എത്തിപ്പെട്ടത് യാരിദ്, ശിവ, ചിത്രകാരന്‍ എന്നിവരുടെ കൈകളിലേക്കാണ്. എങ്ങനെ ഒരു കമന്റ് ഇടണമെന്നോ പോസ്റ്റിടണമെന്നോ അറിയാതെ വട്ടം തിരിഞ്ഞ എന്നെ നിര്‍ലോഭമായ സഹായ സഹരണങ്ങള്‍ നല്‍കി ആദ്യാക്ഷരിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ യാരിദ്, ശിവ, ചിത്രകാരന്‍ എന്നിവരെ ഇത്തരുണത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.....

എന്റെ പ്രിയപ്പെട്ടവരെ,

ചാണക്യന്‍ എന്ന പേരില്‍ ഒരു തമാശക്ക് തുടങ്ങിയ ഈ ബ്ലോഗ് എനിക്ക് നേടിത്തന്നത്...വിലമതിക്കാനാവാത്ത കുറെ സുഹൃത്ത് ബന്ധങ്ങളെയാണ്. ഞാന്‍ ജോലി ചെയ്യുന്ന മീഡിയത്തില്‍ നിന്നും എനിക്ക് കിട്ടാത്ത നിങ്ങളുടെയൊക്കെ ഈ സുഹൃത്ത് ബന്ധം എന്നെ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുന്നു. നന്ദിയുണ്ട് പ്രിയരെ, ഏറെ നന്ദിയുണ്ട്...എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ ചെയ്ത ഓരോ മൌസ് ക്ലിക്കിനും ഒരായിരം നന്ദി.....ചാണക്യനെ ഒരു വര്‍ഷം സഹിച്ചതിന് നിങ്ങളോടൊക്കെ എങ്ങനെ നന്ദി രേഖപ്പെടുത്തണം എന്ന് അറിയില്ല....

മറ്റ് മീഡിയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഞാന്‍ ബൂലോകത്ത് കണ്ട് അനുഭവിച്ച ഒരു കാര്യം അനിര്‍വചനീയമായ തരത്തില്‍ സ്ഥാപിക്കപെടുന്ന സുഹൃത്ത് ബന്ധങ്ങളാണ്. വ്യത്യസ്ഥ ചിന്താഗതിക്കാരും സ്ഥാപിത താല്പര്യക്കാരും അരങ്ങ് വാഴുമ്പോള്‍ നമുക്കെന്താ ഹേ ഇവിടെ കാര്യം എന്ന് കരുതി മാറി നില്‍ക്കാന്‍ വിടാതെ പ്രോത്സാഹനങ്ങളുമായി നിരന്തരം പോസ്റ്റുകളില്‍ വന്ന് സാന്നിദ്ധ്യം അറിയിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ...നിങ്ങളാണ് ഈയുള്ളവന്റെ ശക്തി....

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പോസ്റ്റുകളുടെ പേരിലും ഗ്രൂപ്പിസത്തിന്റെ പേരിലും പലരോടും വഴക്കിടേണ്ടി വന്നിട്ടുണ്ട്.....! ആശയ വൈരുദ്ധ്യങ്ങള്‍ കാരണം ആരോടെങ്കിലും ഞാന്‍ മോശമായി സംസാരിച്ചിട്ടുണ്ട് എങ്കില്‍ ഇവിടെ അത്തരത്തില്‍ ഞാന്‍ കാരണം വേദനിച്ചവരോട് മാപ്പിരക്കുന്നു.....

എന്റെ പ്രിയപ്പെട്ടവരെ,

ബൂലോകത്തെ എന്റെ ഒരു വര്‍ഷം എന്ത് കൊണ്ടും അടിപൊളിയായിരുന്നു എന്ന് പറയാതെ വയ്യ.....സൌഹൃദ കൂട്ടായ്മയുടെ എല്ലാ നിര്‍വചനങ്ങളേയും തെറ്റിച്ചു കൊണ്ട് ശ്രീ ഹരീഷ് തൊടുപുഴ ഒരുക്കിയ മീറ്റ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തമായി അവശേഷിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഹരീഷ് ഈ പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയായിരുന്നു.

23നു രാത്രി ആലുവ സ്റ്റേഷനില്‍ ഇറങ്ങിയ എന്നെ കാത്ത് അതേവരെ കണ്ടിട്ടില്ലാത്ത എന്നാല്‍ എന്റെ സുഹൃത്തായ അനില്‍ നില്‍പ്പുണ്ടായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വണ്ടികള്‍ക്കിടയില്‍ ചാണക്യന്‍ അനിലിനെ തിരക്കി നടന്നപ്പോള്‍ താടി വച്ച, അല്ല താടി വളര്‍ന്ന ഒരാള്‍ ഇടിച്ചു കയറി ചോദിക്യാണ് സജിയല്ലെ എന്ന്...ഈശ്വരാ ചാണക്യന്റെ ഗ്യാസ് പോയ സമയമാ അത്.....പിന്നെ ഇരുവരുമായി യാത്ര തുടര്‍ന്നു തൊടുപുഴയിലേക്ക്....തൊടുപുഴയില്‍ എത്തി ഹരീഷിനെ വിളിച്ചു, അല്പം കഴിഞ്ഞില്ല അവിടെ വരുന്നു ഒരു തടിമാടന്‍ കണ്ടാലൊരു ഗുണ്ടാ സെറ്റപ്പൊക്കെ ഉണ്ട്....:)വന്ന് പറയാണ് ഞാനാ ഹരീഷെന്ന്....ഞാനല്‍പ്പം പുറകിലേക്ക് മാറി നിന്നു, അതിയാന്റെ കയ്യെങ്ങാനും എന്റെ പുറത്തു വീണാല്‍ ജീവിതം കോഞ്ഞാട്ടയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട:)


കാണാമറയത്തിരുന്നവരെ കാണാനുള്ള വെമ്പലിനു അറുതി വരുത്തി 24ന്റെ പ്രഭാതം....നേരെ മീറ്റ് നടക്കുന്ന ഹാളിലേക്ക് പോയി.....എല്ലാവരേയും കണ്ടു കണ്‍‌കുളിര്‍ക്കെ.....അല്‍ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബ്ലോഗ് മീറ്റ് പുരോഗമിച്ചു.....ആ കാഴ്ച്ചകള്‍ ഇതിനോടകം നിങ്ങള്‍ ഏവരും നിരവധി പോസ്റ്റുകളിലായി കണ്ടു കഴിഞ്ഞിരിക്കും....കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല....

പ്രിയരെ,

എന്നെ അല്‍ഭുതപ്പെടുത്തിയത് ഹരീഷ് തൊടുപുഴ എന്ന ബ്ലോഗറുടെ സംഘാടക വേഷമാണ്. തീര്‍ച്ചയായും എത്ര നന്ദി പറഞ്ഞാലും മതിവരാത്ത രീതിയിലായിരുന്നു ഓരോ പരിപാടിയും ഹരീഷ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ബ്ലോഗര്‍മാരെ ഒരിടത്ത് കൂട്ടുന്നതില്‍ ഹരീഷ് എന്ന വ്യക്തി പൂര്‍ണ്ണവിജയമായിരുന്നു എന്ന് പറയാതെ വയ്യ. കേരളത്തിലെ തന്നെ ആദ്യ ബ്ലോഗ് മീറ്റ് എന്ന് പറയുന്നതിലും തെറ്റില്ല.

ഹരീഷെ....നന്ദി.....

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഹരീഷിനോട് ഏറെ നന്ദിയുണ്ട്....