Monday, December 21, 2009

മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം

സമാനതകളില്ലാത്ത പ്രാദേശിക രാക്ഷ്ട്രീയ തന്ത്രങ്ങളിലൂടെ ഭരണം നടത്തുന്ന തമിഴക കക്ഷികളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ കാലപ്പഴക്കം കൊണ്ട് തകർന്നു തരിപ്പണമാവാൻ സാധ്യതയുള്ള ഒരു പഴഞ്ചൻ ഡാമല്ല. ഒരു സംസ്ഥാനത്തിലെ നാൽ‌പ്പത് ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനെ മുൾമുനയിൽ നിർത്തി വിലപേശാൻ തമിഴ്നാട് കാണിക്കുന്ന 'അസാമാന്യ ധീരത', അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും ബഹിർസ്ഫുരണം മാത്രമാണ്. അൻപത് വർഷം മാത്രം കാലപ്പഴക്കം നിർണ്ണയിച്ച് കമ്മിഷൻ ചെയ്ത ഡാം നൂറുകൊല്ലം താണ്ടിയ ശേഷവും ബലക്ഷയം സംഭവിച്ചിട്ടില്ല എന്ന് വാദിക്കുന്നവരുടെ മൌഢ്യതയെ അതിജീവിക്കേണ്ടത് കേരളത്തിലെ അഞ്ച് ജില്ലയിലെ ജനങ്ങളുടെ ജീവന്മരണ പോരാട്ടമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. മുല്ലപ്പെരിയാർ തകർന്നാൽ ആ തകർച്ച ഇടുക്കി ഡാം താങ്ങിക്കൊള്ളും എന്ന തമിഴന്റെ വരട്ടുവാദം ഒരു തമാശയായി ആസ്വദിക്കാനുള്ള മാനസിക നിലയല്ല കേരള ജനതക്ക് ഇപ്പോഴുള്ളത്. എന്ത് തർക്കത്തിന്റെ പേരിലായാലും ബലക്ഷയം സംഭവിച്ച ഒരു ഡാമിനെ നിലനിർത്തിക്കൊണ്ടുള്ള ചർച്ചകളും കേസ് നടത്തിപ്പും ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഭരണാധികാരികളിൽ നിന്നും ഉണ്ടാവാൻ പാടില്ല. അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങളുടെ പരിഹാരം കാണുന്നത് ചുവപ്പ്നാടയിലെ കുരുക്കുകളുടെ ബലത്തെ മുൻ നിർത്തിയാവരുത്.

999 വർഷത്തെ പാട്ടക്കരാറിന്റെ ‘സാധുത‘യിൽ കൃഷിക്കാവശ്യമായ ജലം നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോകാൻ മടികാണിക്കാത്ത തമിഴക ഭരണാധികാരികൾ കേരളത്തിനെതിരെ നിരവധി സമ്മർദ്ധ തന്ത്രങ്ങൾ എടുത്ത് പ്രയോഗിക്കുന്നുണ്ട്. മുല്ലപ്പെരിയാർ പ്രശ്നം കത്തിക്കയറിയ വേളയിൽ സമാനമായ മറ്റൊരു നദീജല പ്രശ്നത്തേയും സമ്മർദ്ധ തന്ത്രത്തിന്റെ ഭാഗമായി വലിച്ചിഴക്കാൻ തമിഴ്നാട് മടികാണിച്ചില്ല. തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലെ ജലം വിട്ടുകിട്ടാനുള്ള മുൻ‌ കരാർ നടപ്പാക്കണമെന്ന ആവശ്യവുമായി തമിഴ് ജനതയെ കേരളത്തിനെതിരെ അണിനിരത്തി അതിർത്തി പ്രദേശങ്ങളിൽ സംഘർഷം ഉണ്ടാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 2004 വരെ തമിഴനാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലെ കൃഷിയാവശ്യത്തിനായി നെയ്യാറിലെ വെള്ളം നൽകിയിരുന്നു. കരാർ പ്രകാരം വിളവങ്കോട് ഭാഗത്തേക്ക് ജലമൊഴുക്കേണ്ട കനാൽ യഥാസമയം അറ്റകുറ്റപ്പണി ചെയ്യേണ്ട ബാധ്യത തമിഴ്നാടിനാണ്. എന്നാൽ അവരുടെ ഭാഗത്തു നിന്നും ഉണ്ടായ നിസംഗത കാരണം സമയബന്ധിതമായ അറ്റകുറ്റപ്പണി നടക്കാതെ കനാൽ പൊട്ടിപ്പൊളിഞ്ഞ് നീർവാഴ്ച്ചക്ക് യോഗ്യമല്ലാതായി തീർന്നു. നെയ്യാർ ഇടതുകര വഴി ഈ കനാലിലൂടെ കേരളം നൽകിയിരുന്ന നെയ്യാറിലെ ജലം കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പാഴായി. കാടും പടലും കേറി പലേടത്തും ഇടിഞ്ഞു വീണും പൊട്ടിപ്പൊളിഞ്ഞും തകർന്ന കനാലിനെ അറ്റകുറ്റപ്പണി നടത്തി നീർവാഴ്ച്ചക്ക് യോഗ്യമാക്കാൻ തമിഴ്നാട് കരാറിൻ പ്രകാരമുള്ള നടപടി ഒന്നും സ്വീകരിച്ചില്ല. വലിയൊരളവ് വെള്ളം ഇങ്ങനെ പാഴാവാൻ തുടങ്ങിയപ്പോൾ കേരളം ഷട്ടർ അടച്ച് വിളവങ്കോട് ഭാഗത്തേക്കുള്ള ജലമൊഴുക്ക് തടഞ്ഞു. മാത്രവുമല്ല കേരള ഇറിഗേഷൻ ആക്ട് 2003 നിലവിൽ വരികയും ഇതിലെ ക്ലോസ് 30 അനുസരിച്ച് വ്യക്തമായ കരാർ ഇല്ലാതെ ജലം നൽകുന്നത് നിയമ വിരുദ്ധമാവുകയും ചെയ്തു.

വിളവങ്കോട്ടേക്ക് ജലമൊഴുക്കിയിരുന്ന കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ.

പുതിയ കരാറിൽ ഏർപ്പെട്ട് കനാലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ മുൻ‌ധാരണ പ്രകാരം നെയ്യാറിലെ ജലം വിട്ടുകൊടുക്കാമെന്ന് കേരളം ഔദ്യോഗികമായി തന്നെ തമിഴ്നാടിനെ അറിയിച്ചിരുന്നുവെങ്കിലും അതിനൊന്നും മുതിരാതെ ഏകപക്ഷീയവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും പ്രശ്നത്തെ സങ്കീർണ്ണമാക്കാനാണ് തമിഴ്നാട് ശ്രമിച്ചത്. അവർ ആവശ്യപ്പെടും പോലെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയാലും കനാലിന്റെ ശോച്യാവസ്ഥ കാരണം ജലം വിളവങ്കോട് എത്തില്ല എന്ന കാര്യം നിസ്തർക്കമാണ്. 2004ൽ കേരളം വിളവങ്കോട് ഭാഗത്തേക്കുള്ള ഷട്ടർ അടച്ചുവെങ്കിലും അന്നൊന്നും തമിഴ്നാട് ഇതേ ചൊല്ലി തർക്കത്തിനു മുതിർന്നിരുന്നില്ല. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീം കോടതി കേരളത്തിനു അനുകൂലമായ നിലപാട് എടുക്കുന്ന ഘട്ടം വന്നപ്പോഴാണ് വർഷങ്ങൾക്കു ശേഷം നെയ്യാർ വെള്ളത്തിൽ അവകാശം സ്ഥാപിക്കാൻ തമിഴ്നാട് രംഗത്ത് വന്നത്. തമിഴ്നാട് അവകാശ വാദം ഉന്നയിച്ചപ്പോൾ തന്നെ നെയ്യാറിലെ ജലം വിട്ടുകൊടുക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി വി എസ് അച്ഛ്യുതാനന്ദൻ പ്രസ്താവന നടത്തിയിരുന്നു. തന്നെയുമല്ല നെയ്യാറിലെ ജലം കൃഷിയാവശ്യത്തിനായി തമിഴ്നാടിനു വിട്ടുകൊടുക്കാനുള്ള പ്രമേയവും കേരള നിയമസഭ പാസാക്കി. നെയ്യാറിലെ ജലത്തിനു കാലാനുസൃതമായ വില ഈടാക്കിക്കൊണ്ട് വിട്ടുകൊടുക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ കരാറിൽ ഏർപ്പെടാൻ തമിഴ്നാടിനെ ക്ഷണിച്ചുവെങ്കിലും അവർ അതിനു സന്നദ്ധത പ്രകടിപ്പിച്ചില്ല. വിളവങ്കോട് ഭാഗത്തേക്കുള്ള കനാലിന്റെ അറ്റകുറ്റപ്പണിയടക്കം ചെയ്ത് വിലയീടാക്കാതെ വെള്ളം നൽകണം എന്ന ആവശ്യമാണ് തമിഴ്നാട് ആവർത്തിക്കുന്നത്. ഈ ആവശ്യത്തിനു സാധുത വരുത്താൻ സ്ഥിരം ശൈലിയിലുള്ള വരട്ടു ന്യായം ഇവിടേയും അവർ ചെലുത്തുന്നുണ്ട്. നെയ്യാർ ഒരു അന്തർസംസ്ഥാന നദിയാണെന്ന വിചിത്രവാദമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. അതിനാൽ നെയ്യാറിലെ വെള്ളം തമിഴ്നാടിനും അവകാശപ്പെട്ടതാണത്രെ. അഗസ്ത്യാർകൂടത്തിൽ നിന്നും ഉൽഭവിച്ച് തമിഴ്നാടിന്റെ ഒരു ഭാഗത്തും സ്പർശിക്കാതെ പൂർണ്ണമായും കേരളത്തിലൂടെ മാത്രം ഒഴുകി സമുദ്രത്തിൽ പതിക്കുന്ന നെയ്യാർ എങ്ങനെ അന്തർസംസ്ഥാന നദിയാകും എന്ന ചോദ്യത്തിനു തമിഴനു മറുപടിയില്ല.

മുല്ലപ്പെരിയാർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച നടൻ ശരത് കുമാറിന്റെ ഇരട്ടതാപ്പ് വ്യക്തമാകണമെങ്കിൽ നെയ്യാർ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് പരിശോധിച്ചാൽ മതി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ തമിഴ്നാട് സംസ്ഥാനങ്ങൾ നേരിട്ട് തർക്കപരിഹാരത്തിനായി കോടതിയെ സമീപിച്ചുവെങ്കിൽ നെയ്യാർ വിഷയത്തിൽ കോടതിയെ സമീപിച്ചിരിക്കുന്നത് നടൻ ശരത് കുമാർ നേതൃത്വം നൽകുന്ന സമത്വ മക്കൾ കക്ഷിയാണ്. മധുര ഹൈക്കോടതി ബഞ്ച് ഇവരുടെ ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നെയ്യാർ നദീജലം വിളവങ്കോട് താലൂക്കിൽ എത്താത്തതുകാരണം പ്രദേശത്തെ കാർഷിക രംഗം തകരുകയും കൃഷിക്കാർ ദുരിതത്തിലാണെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ കന്യാകുമാരി ജില്ലാ കളക്ടർ, വിളവങ്കോട് തഹസിൽദാർ, ജില്ലയിലെ ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നിർദേശം നൽകണമെന്ന ആവശ്യമാണ് ശരത് കുമാറിന്റെ കക്ഷി ഉന്നയിച്ചിരിക്കുന്നത്. ചുരുക്കത്തിൽ മുല്ലപ്പെരിയാറിനൊപ്പം നെയ്യാറും കോടതി കയറുമെന്ന് വ്യക്തമായി. കേരളം നെയ്യാറിലെ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാനുള്ള യഥാർത്ഥ കാരണം മറച്ചു വെക്കുകയും കരാർ പുതുക്കാനുള്ള ക്ഷണം സ്വീകരിക്കാതേയും ഉള്ള ഈ കോടതി കയറ്റം പ്രശ്നത്തെ സങ്കീർണ്ണമാക്കാനെ ഉപകരിക്കൂ. കന്യാകുമാരി ജില്ലയിലെ ജനത്തിനു മുന്നിൽ നെയ്യാർ വിഷയത്തിലെ യാഥാർത്ഥ്യം മറച്ചു വെച്ചാണ് ജയലളിത അടക്കമുള്ള നേതാക്കൾ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. സ്വതവെ വേരോട്ടം കുറഞ്ഞ പ്രാദേശിക കക്ഷികൾ കന്യാകുമാരി ജില്ലയിൽ തങ്ങളുടെ അസ്തിത്വം ഉറപ്പിക്കാനുള്ള തുറുപ്പ് ചീട്ടായിട്ടാണ് നെയ്യാർ വിഷയത്തെ ഉപയോഗപ്പെടുത്തുന്നത്. നടൻ ശരത് കുമാറിന്റെ ലക്ഷ്യവും മറ്റൊന്നല്ല. എന്ത് കൊണ്ട് വെള്ളം തടയപ്പെട്ടു എന്ന കാരണം വ്യക്തമായും അറിയാമായിരിക്കെ അതിനു പരിഹാരം കാണാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും കോടതിയെ സമീപിച്ചതിനു പിന്നിലെ ലക്ഷ്യം പ്രശ്നത്തെ സങ്കീർണ്ണമാക്കി നീട്ടിക്കൊണ്ടു പോവുക എന്നതാണ്.

പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞ കേരളം തമിഴ്നാട്ടിലെ വിഭവങ്ങൾക്കായി മാർക്കറ്റുകളിൽ കയറിയിറങ്ങുന്നു എന്ന കാര്യം തർക്കമറ്റതാണ്. തമിഴ് വിഭവങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പിനെ മുതലാക്കുന്ന തന്ത്രങ്ങൾ മെനയുന്നതിൽ തമിഴക രാക്ഷ്ട്രീയക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ഇതിന്റെ ഭാഗമായാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിനു അവർ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി ഇടക്കിടെ പുറത്തെടുക്കുന്നത്. തമിഴ് ലോറികൾ അതിർത്തി കടന്ന് വന്നില്ലായെങ്കിൽ കേരളം പട്ടിണിയിലാവും എന്ന പ്രചരണം കേൾക്കുന്ന മാത്രയിൽ ശരിയെന്ന് തോന്നുമെങ്കിലും കേരളത്തിനൊപ്പം തമിഴ്നാടും പട്ടിണിയിലാവും എന്ന കാര്യം ഭീഷണി മുഴക്കുന്നവർക്ക് അറിയില്ലാ എന്നുണ്ടോ? കേരളത്തിനെതിരെ മുൻപും അവർ ഉപരോധ സമരങ്ങൾ നടത്തിയിട്ടുണ്ട്. പാലും മുട്ടയും പൂവും അടക്കമുള്ള സാധനങ്ങളെ കേരളത്തിലേക്ക് കടത്തി വിടാതെ തമിഴൻ നടത്തിയ ഉപരോധ സമരങ്ങൾ അവർക്ക് തന്നെയാണ് വിനയായിട്ടുള്ളത്. നേതാക്കളുടെ ആഹ്വാനമനുസരിച്ച് സാധനങ്ങളെ അതിർത്തിയിൽ പ്രതിരോധിച്ച് സമരം ചെയ്തവർ സമരം അവസാനിപ്പിച്ചപ്പോഴാണ് തങ്ങൾ ചെയ്ത പാതകത്തിന്റെ വ്യാപ്തി മനസിലായത്. പഴക്കം കൊണ്ട് പിരിഞ്ഞ പാലിലും ചീഞ്ഞ മുട്ടയിലും വാടിയ പൂവിലും തങ്ങൾക്ക് നഷ്ടമായത് നെടുനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് അവർ തിരിച്ചറിഞ്ഞപ്പോഴേക്കും ഉപരോധ സമരം ആഹ്വാനം ചെയ്ത നേതാക്കൾ സെന്റ് ജോർജ്ജ് കോട്ടയിൽ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു. പകലന്തിയോളം പണിയെടുത്തുണ്ടാക്കിയ വിഭവങ്ങൾ പാഴായതിൽ ക്ഷുഭിതരായ കർഷകർ നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യുന്ന തലം വരെയെത്തി അന്ന് നടന്ന ഉപരോധ സമരത്തിനിടയിൽ.

കേരളം പണം കൊടുത്ത് സാധനങ്ങൾ വാങ്ങി വിശപ്പടക്കുന്ന സംസ്ഥാനമാണ്. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വാങ്ങാൻ പണവുമായി തമിഴ് ലോറിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നവനാണ് മലയാളി. എന്നാൽ തമിഴൻ കേരളത്തിലേക്കുള്ള വിഭവങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാൽ പട്ടിണി കിടന്ന് മരിക്കാനുള്ള സാഹചര്യം ഒന്നും തന്നെയില്ല. കുറച്ച് നാളത്തേക്കുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാൽ, അവശ്യ സാധനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുക തന്നെ ചെയ്യും. എന്നാൽ ഉപരോധം ഏർപ്പെടുത്തുന്ന തമിഴ്നാടിന്റെ സ്ഥിതിയെന്താവും? കേരളമെന്ന മാർക്കറ്റ് മാത്രം ലക്ഷ്യമിട്ട് വിഭവ സമാഹരണം നടത്തുന്ന തമിഴ് കർഷകർ ആ സാധനങ്ങൾ ഏത് മാർക്കറ്റിൽ വിറ്റ് കാശാക്കും? കേരളത്തിനെ സംബന്ധിച്ച് ആവശ്യ വസ്തുക്കൾക്ക് കർണ്ണാടകയേയോ ആന്ധ്രയേയോ ആശ്രയിക്കാം, എന്നാൽ തമിഴ്നാടിനു കേരളാ ഉപരോധത്തെ തുടർന്ന് കുമിയുന്ന വിഭവങ്ങൾ വിറ്റഴിക്കാൻ മറ്റൊരു മാർക്കറ്റ് കണ്ടെത്തുക എന്നത് ലാഘവമുള്ള കാര്യമല്ല. തമിഴ്നാട് എടുക്കുന്ന സമ്മർദ്ധ തന്ത്രങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകിയാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ഒരാഴ്ച്ച കൊണ്ട് കഴിയും! അവർ ഉപരോധം ഏർപ്പെടുത്തുന്നതിനു മുൻപായി അവരുടെ വിഭവങ്ങൾക്ക് നാം തന്നെ ഉപരോധം ഏർപ്പെടുത്തുകയും ഒപ്പം നമ്മുടെ ആവശ്യ വസ്തുക്കൾക്കായി മറ്റ് സംസ്ഥാനങ്ങളെ സമീപിക്കുകയും ചെയ്താൽ യഥാർത്ഥ പ്രതിരോധത്തിലാവുന്നത് തമിഴ്നാട് തന്നെയാവും. പക്ഷെ സങ്കുചിത പ്രാദേശിക രാക്ഷ്ട്രീയം കളിക്കുന്ന തമിഴ്നാടിനോളം തരം താഴാനുള്ള മനസ്ഥിതി നമ്മുടെ ഭരണക്കാർക്കില്ലാതെ പോയി.

നാലപ്പതു ലക്ഷം ജനങ്ങളുടെ ജീവനു പുല്ലുവില കൽ‌പ്പിക്കുന്ന തമിഴ് രാക്ഷ്ട്രീയത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഓരോ മലയാളിയും സഹജീവികൾക്കായി ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു..!