Saturday, August 9, 2008

അനുകരിക്കൂ; ജീവിതവിജയം നേടൂ!

മറ്റുള്ളവരെ അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുകയെന്നു പറയപ്പെടുന്നു; അനുകരണം ആപത്താണെന്നല്ലെ പഴമൊഴി! പക്ഷെ ജീവിതവിജയ മന്ത്രങ്ങളുടെ ഏറ്റവും പുതിയ രീതിയില്‍ അനുകരണം വളരെയേറെ ഗുണവത്തായ കാര്യമായാണ് വ്യാഖ്യാനിക്കുന്നത്. ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖല ഏതു തന്നെ ആയിരുന്നാലും, ശക്തമായ വ്യക്തിത്വത്തിന് ആവശ്യമായ ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, നിശ്ചിതലക്ഷ്യം, ഏകാഗ്രത, ഇശ്ചാശക്തി, സ്ഥിരോത്സാഹം, ഭാവന തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുത്ത് ജീവിതവിജയം കൈവരിക്കാന്‍ സഹായിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ നിലവിലുണ്ട്. ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും മനോദൌര്‍ബല്യങ്ങള്‍ക്കടിമപ്പെട്ട്, നിരാശാബോധത്തിലൂടെ, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലെല്ലാം പരാജയപ്പെട്ട് ജീവിതം വ്യര്‍ഥമാക്കുന്നവരാണ് നമുക്ക് ചുറ്റും. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും ഔന്നത്യത്തിന്റെ ഉത്തുംഗസ്വാപനം കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞ വ്യക്തിത്വങ്ങള്‍ ഇവിടെയുണ്ട് എന്നത് നിസ്തര്‍ക്കമാണ്. മനുഷ്യനെ മൃഗത്തിന് സമാനമായി അധ:പതിപ്പിക്കുന്ന ക്ഷുദ്രശക്തികളെ ഉന്‍‌മൂലനം ചെയ്ത് തല്‍‌സ്ഥാനത്ത് ക്രിയാത്മകശക്തികളെ വളര്‍ത്തിയെടുത്ത് കഴിവുകള്‍ അല്‍ഭുതാവഹമായ രീതിയില്‍ വര്‍ദ്ധിപ്പിച്ചതു കൊണ്ടാണ് അവര്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ കഴിഞ്ഞത്.

മനുഷ്യര്‍ക്ക് നാലുവിധ വ്യക്തിത്വങ്ങള്‍ ഉണ്ടെന്ന് പ്രശസ്ത മനശാത്രജ്ഞനായ ആല്‍‌ഫ്രഡ് അഡ്‌ലര്‍(1870-1937) പറയുന്നു.
1. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന‌വര്‍(Getting learning types)
2. മറ്റുള്ളവരുടെ മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്നവര്‍(Ruling dominent types)
3. പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, ഒന്നിനെയും അഭിമുഖീകരിക്കാതെ എല്ലാം നേടു‌വാന്‍ ശ്രമിക്കുന്നവര്‍(Avoiding types)
4. നിത്യജീവിതത്തിലെ പ്രശ്നങ്ങളെ മനസാന്നിധ്യത്തോടെ അപ്പപ്പോള്‍ തന്നെ നേരിടുന്നവര്‍(Socially useful types)
ഇതില്‍ Socially useful typesന് ഉല്‍കൃഷ്ടവും ക്രിയാത്മകവുമായ ജീവിതത്തിന്റെ ഉടമകളായിത്തീരാന്‍ കഴിയുമെന്ന് അഡ്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളുടെ ജീവിത രീതികള്‍ അതുപോലെ അനുകരിച്ച് ഏതൊരാള്‍ക്കും ജീവിതവിജയം നേടാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്.

ഒരാള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ഏതൊരാള്‍ക്കും പഠിച്ച് അതു ചെയ്യാനാവും എന്നതാണ് ഏറ്റവും പുതിയ ജീവിതവിജയ ശാസ്ത്ര ശൈലിയുടെ കണ്ടെത്തല്‍. അനുകരണത്തെ ഒരു കലയായി വിവക്ഷിച്ച് പടിപടിയായുള്ള പരിശീലങ്ങളിലൂടെ ജീവിതവിജയം കരസ്ഥമാക്കാന്‍ ആവിഷ്കരിച്ച ഏറ്റവും പുതിയ പ്രോഗ്രാമാണ് എന്‍ എല്‍ പി അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്. ഏത് രംഗത്തായാലും ഉന്നത നിലവാരം പുലര്‍ത്തുന്നകര്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ നിയതമായ രീതിയും നടപടിക്രമങ്ങളും പാലിച്ചിരുന്നതായി കാണാം. ഈ നടപടിക്രമങ്ങള്‍ അതേപോലെ പകര്‍ത്തി അതേ ഫലം ഉണ്ടാക്കാന്‍ കഴിയും. ഇപ്രകാരം നടപടിക്രമം പകര്‍ത്തുന്നതിനെ അനുകരിക്കല്‍(Modelling)എന്നു പറയുന്നു. ശാസ്ത്രീയമായ രീതിയിലുള്ള ഈ കോപ്പിയടി വഴി ഏതൊരാള്‍ക്കും അവരവരുടെ താല്പര്യമനുസരിച്ച് അതാത് മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്‍ എല്‍ പി പറയുന്നത്. കോപ്പിയടി രണ്ട് തരമുണ്ട്; തന്നെത്തന്നെ കോപ്പിയടിക്ക‌ലും, മറ്റുള്ളവരെ കോപ്പിയടിക്കലും. നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ നേടിയ വിജയത്തിന്റെ നിമിഷങ്ങളെ വീണ്ടും കൊണ്ടുവന്ന് കോപ്പിയടിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രംഗത്ത് വിജയം വരിച്ചു കൊണ്ടിരിക്കുന്ന ഒരാളെ കോപ്പിയടിക്കുക. ഇത്തരം അനുകരണത്തില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിശ്വാസമാണ് ഏറ്റവും പ്രഥമികമായ കാര്യം. തനിക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ കഴിയും; കഴിയില്ലെന്ന് വിശ്വസിച്ചാല്‍ കഴിയില്ല. നിരന്തര വിജയമാര്‍ജ്ജിച്ച ഒരാളുടെ വിശ്വാസ രീതി ഏതെന്ന് മനസ്സിലാക്കി അതിനെ അനുകരിക്കണം. രണ്ടാമതായി മുന്‍‌ഗണനാക്രമമാണ്, ഏതൊക്കെ കാര്യങ്ങള്‍ ആദ്യമാദ്യം ചെയ്യണം എന്ന് തീരുമാനിക്കണം. മൂന്നാമതായി ശാരീരികാവസ്ഥയാണ്. ബോഡിലാംഗ്വേജിന്റെ ശരിയായ അവതരണത്തിലൂടെ ജീവിതവിജയം നേടിയ ആളിനെ അനുകരിക്കണമെന്നാണ് എന്‍ എല്‍ പി പറയുന്നത്. ഉദാഹരണമായി ടെന്നിസ് താരം സാനിയാ മിര്‍സ അനുകരിച്ചത് സ്റ്റെഫി ഗ്രാഫിനെയായിരുന്നു. സ്റ്റെഫിയാണ് തന്റെ മാതൃകയെന്ന്, സാനിയ വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റെഫി നില്‍ക്കും പോലെ, നടക്കും പോലെ, ഓടും പോലെ, കളിക്കും പോലെ സാനിയയും കളിക്കുന്നു.

എന്താണ് എന്‍ എല്‍ പി

തലച്ചോറിനെയും നാഡീവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ച് ശരീരത്തെയും മനസിനെയും ഒരേ താളക്രമത്തിലാക്കി എങ്ങനെ ജീവിത വിജയത്തിന് വിനിയോഗിക്കാം എന്ന് വിശദമാക്കുന്ന നൂതന ശാസ്ത്രമാണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം അഥവാ എന്‍ എല്‍ പി. നമ്മുടെ അറിവുകളെ, ആഗ്രഹങ്ങളെ, പ്രേരണകളെ, പ്രവൃത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താന്‍ എന്‍ എല്‍ പി സഹായിക്കുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ രൂപപ്പെട്ട ഒരു വിജ്ഞാന ശാഖയാണ് എന്‍ എല്‍ പി. അമേരിക്കയിലെ, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയും കമ്പ്യൂട്ടര്‍വിദഗ്‌ദ്ധനുമായ റിച്ചാര്‍ഡ് ബേന്റലറും അതേ യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്ര പ്രൊഫസറുമായ ജോണ്‍ ഗ്രൈന്റുമാണ് ഈ നൂതന ശൈലിയുടെ ഉപജ്ഞാതാക്കള്‍. അമേരിക്കയിലെ തന്നെ പ്രസിദ്ധ കുടുംബ കൌണ്‍സിലര്‍ വെര്‍ജിനിയ സറ്റിര്‍നെയും, ജെസ്റ്റോള്‍ട്ട് തെറാപ്പിസ്റ്റായിരുന്ന ഫ്രിറ്റ്സ് പേളിനെയും അനുകരിച്ചാണ്, റിച്ചാര്‍ഡ് ബേന്റ്ലര്‍ ഇതിനു തുടക്കമിട്ടത്. മുന്‍‌ഗാമികളെ അനുകരിച്ച് അറിയപ്പെടുന്ന ഒരു കൌണ്‍സിലറായി മാറുന്നതില്‍ ബേന്റ്ലര്‍ വിജയിച്ചു. ഇങ്ങനെ ഒരു മേഖലയില്‍ വിജയം നേടിയവരെ അനുകരിക്കുന്നതു വഴി എളുപ്പത്തില്‍ വിജയം നേടാമെന്ന് അദ്ദേഹം തെളിയിച്ചു. അതേ സമയം ഭാഷാശാസ്ത്രത്തിന്റെ വഴിയിലൂടെ ചിന്തയുടേയും പെരുമാറ്റത്തിന്റേയും വ്യാകരണം മനസ്സിലാക്കാന്‍ ശ്രമിച്ചു വരികയായിരുന്നു ജോണ്‍ ഗ്രൈന്റര്‍. സമാന താല്‍‌പര്യങ്ങളുള്ള ഇവര്‍ യോജിച്ച് ജീവിത വിജയത്തിന് അനുകരണത്തിന്റെ മാതൃക കണ്ടെത്തി. അതാണ് ഇന്ന് ലോകം മുഴുവന്‍ ന്യൂറോ ലിംഗ്വിസ്റ്റ്ക് പ്രോഗ്രാം എന്ന് അറിയപ്പെടുന്നത്.

തലച്ചോറ് അഥവാ ബുദ്ധി മാത്രം മതി ആര്‍ക്കും ജീവിതവിജയം നേടാന്‍. തലച്ചോറിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്ന് പറഞ്ഞു തരുന്നതാണ് എന്‍ എല്‍ പി. ദു:ഖവും നിരാശയുമുണ്ടാകുമ്പോള്‍ ആഹ്ലാദത്തിന്റെയും ആത്മാഭിമാനത്തിന്റെയും ശാരീരികാവസ്ഥയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ ദു:ഖത്തെയും നിരാശയെയും നമുക്ക് മറികടക്കാന്‍ സാധിക്കും. ഇതിന് ചെയ്യേണ്ടത് മാംസപേശികളുടെയും നാഡീവ്യൂഹത്തിന്റെയും നിയന്ത്രണത്തിലൂടെ ചിന്തകളെ നിയന്ത്രിക്കുക എന്നതാണ്. ഇങ്ങനെ ചിന്തകളെ പോസിറ്റാവായി നിയന്ത്രിച്ച് നമ്മുടെ ബാഹ്യപ്രവൃത്തികളെ ഗുണപരമായ വഴിയിലൂടെ നയിക്കാന്‍ കഴിയും. ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം നാം അതിനെ എങ്ങനെ കാണുന്നു, നേരിടുന്നു എന്നതാണ്. ദു:ഖവും നിരാശയും, സന്തോഷവും എല്ലാം എല്ലാം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. വിജയമെന്നത് കേവലം ഭാഗ്യമല്ല; ലക്ഷ്യം വച്ച് തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിലൂടെ സിദ്ധിക്കുന്ന ഒരവസ്ഥയാണത്. എന്താണ് ലക്ഷ്യമെന്ന് മനസ്സിലുറച്ച് അതിനു വേണ്ട ഒരു രൂപരേഖ തയ്യാറാക്കുക. പദ്ധതിയിന്‍‌ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുകയും, ദിവസേന പ്രവൃത്തിയുടെ ഫലങ്ങള്‍ പരിശോധിക്കുകയും വേണം.

എന്റെ പരിശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതാണോ, അതോ പുറകിലോട്ട് വലിച്ചിഴക്കുന്നുണ്ടോ
വിജയത്തിലേക്ക് നയിക്കുന്ന പ്രവൃത്തികളെ പിന്തുടരണം, അല്ലാത്തവയെ ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഈ പ്രയാണത്തില്‍, ജീവിത വിജയം നേടിയ മറ്റുള്ളവരുടെ മനോഭാവങ്ങളും പ്രതികരണങ്ങളും നാം പഠിക്കാന്‍ (അനുകരണം) തയ്യാറായി അതിനൊത്ത് മാറണം. ജീവിതത്തിലുണ്ടായേക്കാവുന്ന ഏത് പരാജയത്തെയും വിജയമാക്കി മാറ്റാനുള്ള കഴിവ് വികസിപ്പിച്ചെടുക്കണം. ഏതൊരു പരാജയത്തേയും ശരിയായ ആശയവിനിമയത്തിലൂടെ വിജയമാക്കി മാറ്റാന്‍ സാധിക്കും. പ്രശസ്തരായ വ്യക്തികളെ മോഡലാക്കുന്നതു വഴി ഇതൊക്കെ സാധ്യമാവുമെന്നാണ് എന്‍ എല്‍ പി പറയുന്നത്. അവരുടെ വസ്ത്രധാരണ രീതികള്‍, ഉച്ചാരണരീതികള്‍, തലയെടുപ്പ്, ശാരീരിക ചലനങ്ങള്‍, ഹെയര്‍സ്റ്റൈല്‍, മീശ, സംഭാഷണരീതികള്‍, ശ്വാസോച്ഛ്വാസത്തിന്റെ രീതികള്‍ വരെ അനുകരിക്കാം. എന്നാലിത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല. ദീര്‍ഘനാളത്തെ ക്ഷമാപൂര്‍വ്വമായ പരിശീലനം ഇതിന് ആവശ്യമാണ്. പല മണ്ഡലങ്ങളില്‍ വിജയം സ്വായത്തമാക്കിയ അനേകരുടെ ചിന്താരീതികളെയും പെരുമാറ്റരീതികളെയും എന്‍ എല്‍ പി അപഗ്രഥിച്ചിട്ടുണ്ട്. സാഹിത്യകാരന്‍‌മാര്‍, ആത്മീയനേതാക്കള്‍, കലാകാരന്മാര്‍, വ്യവസായപ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, തത്വചിന്തകര്‍, ശാസ്ത്രജ്ഞര്‍, രാക്ഷ്ട്രത്തലവന്‍‌മാര്‍, ധനികര്‍ എന്നിവരൊക്കെ ഇതിന്റെ പഠനത്തില്‍ വരുന്നുണ്ട്. ഇവരോരുത്തരുടെയും ബാഹ്യവും ആന്തരീകവുമായ ആശയവിനിമയവും പെരുമാറ്റ രീതികളും ചിന്തയും നമുക്ക് മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.



എന്‍ എല്‍ പി നിത്യജീവിതത്തില്‍

നിത്യ ജീവിതത്തില്‍ എന്ത് മാറ്റവും വരുത്തുവാനുമുള്ള ആവശ്യഘടകങ്ങള്‍ ഓരോ വ്യക്തിയിലും അന്തര്‍ലീനമാണ്. പരാജയം എന്നൊന്നില്ല; ഓരോ തോല്‍‌വിയിലും വിജയിക്കാനുള്ള പാഠങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടാവും. അവയെ കണ്ടെത്തി പോസിറ്റീവായി ഉപയോഗിക്കുകയാണ് വേണ്ടത്. പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ഞാന്‍ എപ്പോഴും പരാജയപ്പെടുന്നു, എനിക്ക് വിജയം വിധിച്ചിട്ടില്ല എന്ന് വിചാരിക്കാതിരിക്കുക. നിരവധി പരാജയങ്ങളിലൂടെയാണ് വിജയികള്‍ ശക്തരായത്. പരാജയങ്ങളെ ശരിയായ രീതിയില്‍ നേരിടുമ്പോള്‍ മനസിന്റെ ഉള്‍ക്കാഴ്ച്ച വര്‍ധിക്കുന്നു. എത്ര പരാജയങ്ങള്‍ ഉണ്ടായാലും വിജയികള്‍ പതറാറില്ല. അവയെ എങ്ങനെ വിജയമാക്കാമെന്നാണ് അവര്‍ ചിന്തിക്കുക. എനിക്കവ ചെയ്യാന്‍ കഴിയും എന്ന വിശ്വാസമാണ് ഈ അസാധാരണ വിജങ്ങളുടെ താക്കോല്‍.

സന്തോഷകരമായ ഒരു മുന്‍ അനുഭവത്തെ മനസിലേക്ക് കൊണ്ടു വരിക. അതിനെ കൂടുതല്‍ പ്രകാശമാനമാക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ സന്തോഷം വര്‍ധിക്കുന്നതായി അനുഭവപ്പെടും. എത്ര മോശപ്പെട്ട അവസ്ഥയിലും കാഴ്ച്ചപ്പാട് മാറ്റിയാല്‍ നന്മ കാണാനാവും. പരാജയത്തെ വെല്ലുവിളിയായും, തെറ്റിനെ ഒരു പാഠമായും, തോല്‍‌വിയെ വിജയത്തിലേക്കുള്ള ചവിട്ട് പടിയായും, വഞ്ചനയെ ഒരനുഭവമായും, രോഗാവസ്ഥയെ ശരീരത്തിന്റെ മുന്നറിയിപ്പായും കണ്ടു നോക്കൂ... ഈ മോശപ്പെട്ട സാഹചര്യങ്ങളിലെല്ലാം നന്മയുടെ വിത്തുകള്‍ മുളപൊട്ടുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാവും. എന്‍ എല്‍ പി എന്ന വ്യക്തിത്വ വികസന രീതിയുടെ കാതല്‍ ഓട്ടോ സജഷന്‍‌സിലൂടെ മനസിനെ മെരുക്കിയെടുക്കലാണ്. ദൈനംദിന അഭ്യാസത്തിലൂടെ ഇത് സ്വായത്തമാക്കാന്‍ കഴിയും. ചിട്ടയായ പരിശീലനത്തിലൂടെ ഫലവത്തായ ആശയവിനിമയം നടത്താനും വ്യക്തി ബന്ധങ്ങള്‍ ശക്തമാക്കാനും സാധിക്കും. കുടുംബ ജീവിതം സന്തോഷകരമാക്കുന്നതിനോടൊപ്പം അനാവശ്യസ്വഭാങ്ങളെ മാറ്റി തത്സ്ഥാനത്ത് നല്ല ശീലങ്ങളെ പ്രതിഷ്ഠിക്കാം. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ നിന്ന് രക്ഷനേടാനും എന്‍ എല്‍ പി സഹായമരുളും.

എന്താണ് മാറ്റേണ്ടത് എന്ന് തീരുമാനിക്കുക. മദ്യപാനമാണെങ്കില്‍ മദ്യപിക്കുന്നതിന്റെ ഒരു സ്വാഭാവിക ചിത്രീകരണം മനസില്‍ സൃഷ്ടിക്കുക. അല്പസമയം അതില്‍ വ്യാപരിച്ച ശേഷം ഇങ്ങനെയൊരു ശീലം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് മനസില്‍ ചിത്രീകരണം നടത്തുക. ഈ രണ്ട് മാനസികവ്യാപാരങ്ങളിലും നിങ്ങള്‍ക്കുണ്ടാവുന്ന നന്മതിന്മകളുടെ ഏകദേശരൂപം ശക്തമായി മനസിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കുക. സ്ഥിരമായി ഈ അഭ്യാസം ചെയ്യുന്നതു വഴി മദ്യപാനം ഉപേക്ഷിച്ച് നന്മയുടെ വഴി പൂകാമെന്ന് എന്‍ എല്‍ പി പറയുന്നു. പുകവലിയില്‍ നിന്നും ഇതേപോലെ മോചനം നേടാമത്രെ. അടിയുറച്ച ഒരു നെഗറ്റീവ് ചിത്രം മനസില്‍ കടന്നു വരുമ്പോഴേ അത് ബോധപൂര്‍വ്വം മായിച്ചു കളയുക. ഇങ്ങനെ നിരന്തരം ചെയ്താല്‍ പിന്നീടൊരിക്കലും അത് മനസില്‍ ഉറച്ചു നില്‍ക്കില്ല; പകരം വെയ്ക്കുന്ന ശീലമെ മനസില്‍ തെളിയൂ. അതുകൊണ്ട് ഒരു ദു:ശീലത്തിനു പകരം ഒരു നല്ല ശീലം മനസില്‍ നിറയ്ക്കുക.
തുടര്‍ച്ചയായി, അമിതാവേശത്തോടെ ലക്ഷ്യത്തിലേക്ക് നീങ്ങൂ..
നിങ്ങള്‍ ഉറച്ച് വിശ്വസിക്കൂ... നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല.....



അധികവായനക്ക്:N L P vol.I(1980) by Richard Bandler & John Grainder
Using Yours Brain for a Change by Richard Bandler & John Grainder
Inside Guide to Submodalities(1988) by Richard Bandler & John Grainder
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

9 comments:

ചാണക്യന്‍ said...

‘നിങ്ങള്‍ ഉറച്ച് വിശ്വസിക്കൂ... നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല.....‘

ജിജ സുബ്രഹ്മണ്യൻ said...

ആനുകരണം ഒരു കലാവിദ്യയാണെന്നു പണ്ടാരാണ്ടോ പറഞ്ഞതോര്‍ക്കുന്നു..എല്ലാര്‍ക്കും അനുകരിക്കാന്‍ പറ്റില്ലല്ലോ.അതിനും വേണം ഒരു കഴിവ്..മനുഷ്യന്റെ നല്ല ഗുണങ്ങള്‍ ചുമ്മാ അനുകരിക്കട്ടേന്നേയ്....

നല്ല ലേഖനം കേട്ടോ..

അനില്‍@ബ്ലോഗ് // anil said...

പ്രിയ ചാണക്യന്‍,

നല്ല പൊസ്റ്റു. എല്ലാത്തിനോടും യോജിക്കുന്നില്ലെങ്കിലും.

എല്ലാ വിശകലനങ്ങളിലും വിട്ടൂകളയുന്ന, അധവാ പരിഗണിക്കാത്ത് ഒന്നുണ്ടു,മനുഷ്യ മനസ്സു. ഇന്നതെ പ്രശ്നസങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ എങ്ങിനേയും വിജയം എത്തിപ്പിടിക്കാനുള്ള പാച്ചിലില്‍,ദിനം പ്രതി ദുര്‍ബലമാകുന്ന മനസ്സ് ഒരു വലിയ പ്രശ്നമാണു. ഒരു നിമിഷം മതി എല്ലാം തകര്‍ന്നടിയാന്‍.

ശ്രീവല്ലഭന്‍. said...

വിജ്ഞാനപ്രദമായ ലേഖനം. നന്ദി. മനുഷ്യന്‍ സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്ന സന്ദര്‍ഭങ്ങളില്‍ പലതും ഈ മെതേഡിലൂടെ മാറ്റാമെങ്കിലും, ചിലതൊക്കെ വളരെ ബുദ്ധിമുട്ട് തന്നെ ആണ്. സ്വഭാവത്തിലുള്ള മാറ്റം എത്ര പോസിറ്റീവ് ചിന്തകള്‍ കുത്തിനിറച്ചാലും സമൂഹത്തിന്‍റെ influence വളരെ അധികം ആണ്. മദ്യാസക്തിയും അതുപോലെ തന്നെ ആണ്. തുടക്കത്തിലെ മാറ്റുക എന്നതാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു.


ഓ.ടോ:
" ദു:ശീലത്തിനു പകരം ഒരു നല്ല ശീലം മനസില്‍ നിറയ്ക്കുക."
പണ്ട് ആലുവ റെയില്‍വേ കോളനിയില്‍ വച്ച് കഞ്ചാവടിച്ചു കിറുങ്ങിയിരിക്കുന്ന ഒരു ചേട്ടനെ പരിചയപ്പെട്ടു. കഞചാവടിച്ചാല്‍ എന്താണ് പ്രയോജനം, വെറുതെ ആരോഗ്യം നശിപ്പിക്കരുത് എന്നൊക്കെ ഉപദേശിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടെ കൂടാന്‍ പ്രോത്സാഹിപ്പിച്ച ചേട്ടന്‍ പറഞ്ഞത് ഓര്‍മ്മവരുന്നു. 'കഞ്ചാവടിച്ചാല്‍ എത്ര കുപ്പി ചാരായം വേണേലും നിഷ്പ്രയാസം കുടിക്കാം. പിന്നെ രണ്ടോ മൂന്നോ ദിവസം വേറെ ഒന്നും കഴിച്ചില്ലേലും ഒരു കുഴപ്പമില്ല' എന്താ പോരെ :-)

Nachiketh said...

)-

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ലേഖനം

വല്ലഭന്‍ ജീയുടെ കമന്റ് ഉഷാര്‍

മാണിക്യം said...

ആ വെള്ളരിക്കായുടെ പിറകെ വന്നതാ
പെട്ടുപോയി എല്ലാം ഒന്നു വായിച്ചു
സത്യം ശരിക്ക് അങ്ങട് പുടികിട്ടില്ലല്ലോ
എന്നു വിചാരിച്ചു കമന്റുകള്‍ നോക്കി
ശ്രീവല്ലഭന്റെ മൊഴി വായിച്ചു
ഇപ്പൊ എല്ലാം പിടി കിട്ടി ....:)

വച്ചു പിടിക്കുവാ
തോന്ന്യാശ്രമത്തിലോട്ട് ..

Anonymous said...

good to know abot new technique

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ചാണക്യന്‍, ഈ ഞായറാഴ്ച ഞാനും ഭാര്യയും കൊച്ചിയിലെ സാന്ത്വനയില്‍ 'എന്‍.എല്‍.പി' ഒരു ദിവസത്തെ ക്ലാസ്സില്‍ സംബന്ധിക്കാന്‍ പോകുന്നു. അത് കഴിഞ്ഞിട്ട് അഭിപ്രായം പറയാം.
http://www.santhwana.net/aboutus.htm