Sunday, July 27, 2008

ഹിറ്റ്ലര്‍


ലോകം വിറപ്പിച്ച ഹിറ്റ്ലറെ പുനര്‍ജ്ജീവിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? എന്തിന് ഇപ്പൊ ഈ വേണ്ടാതീനമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ക്ലോണിങ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഹിറ്റ്ലറെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുമോ, അതായത് ഹിറ്റ്ലറുടെ ഒരു ക്ലോണ്‍ പതിപ്പ് സൃഷ്ടിച്ചെടുക്കാന്‍ ഭാവിയില്‍ കഴിയുമോ എന്നതാണ് വിഷയം. അതിവേഗത്തില്‍ വികാസം പ്രാപിക്കേണ്ട ഈ സാങ്കേതിക വിദ്യയെ മതങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി മിക്ക രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണ് കാണിക്കുന്നത്. മനുഷ്യ ക്ലോണിങിനെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നിയമനിര്‍മ്മാണം നടത്തി നിരോധിച്ചു കഴിഞ്ഞു. 1997ല്‍ കാലിഫോര്‍ണിയയാണ് ആദ്യമായി Reproductive Cloning നെയും Cloning to initiate pregnancy യെയും നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയത്. ഇതിന്റെ ചുവട് പിടിച്ച് 2001ല്‍ ജപ്പാനും മനുഷ്യ ക്ലോണിങ് നിരോധിക്കുകയുണ്ടായി. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ഇത് തന്നെ അനുവര്‍ത്തിക്കുകയാണ് ചെയ്തത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും തത്വത്തില്‍ മനുഷ്യ ക്ലോണിങിന് എതിരാണ്. എന്നാല്‍ ബ്രിട്ടന്‍ ഇത്തരം പരീക്ഷണങ്ങളെ പൂര്‍ണ്ണമായും നിരോധിച്ചില്ല പകരം കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് പരീക്ഷണങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

ക്ലോണിങ്- അല്പം ചരിത്രം

ഡോളി എന്ന ചെമ്മരിയാടിലൂടെയാണ് ലോകം ആദ്യമായി ക്ലോണിങിനെക്കുറിച്ച് അറിയുന്നത്. 1996 ജൂലൈ 5ന് സ്കോട്‌ലണ്ടിലുള്ള റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു ക്ലോണിങിലൂടെയുള്ള ഡോളിയുടെ ജനനം. ഇയാന്‍ വില്‍‌മുട്ട് എന്ന ശാസ്ത്രജ്ഞനാണ് ക്ലോണിങ് നടത്തി വിജയിച്ചത്. പക്ഷെ ക്ലോണിങ് സാങ്കേതിക വിദ്യയിലൂടെ പിറന്ന ആദ്യ ജീവി കാര്‍പ്പ് എന്ന മത്സ്യമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍‌സിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷ്വാന്‍‌ഷാങ് സര്‍വ്വകലാശാലയിലെ ഗവേഷകനുമായിരുന്ന ടേങ് ഡിഷ്വാ ആണ് കാര്‍പ്പ് മത്സ്യത്തിന്റെ ആദ്യ ക്ലോണ്‍ പതിപ്പിന്റെ ഉപജ്ഞാതാവ്. ഈ വിവരങ്ങള്‍ യഥാസമയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാതിരുന്നതിനാല്‍ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോണിങാണ് മാഷ എന്ന ചുണ്ടെലി. ക്ലോണിങിലൂടെ പിറവിയെടുത്ത ആദ്യ സസ്തനി എന്ന വിശേഷം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്‍‌മാരായ ചായ്ലാഖ്യാന്‍, വെപ്രെന്‍‌സേവ്, സിപ്രിഡോവ എന്നിവരായിരുന്നു മാഷയുടെ ക്ലോണിങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ പരീക്ഷണങ്ങള്‍ വിവരങ്ങള്‍ വൈകി പുറം‌ലോകത്ത് എത്തിയെങ്കിലും ക്ലോണിങിന്റെ ശരിയായ വിജയമെന്ന് ശാസ്ത്രലോകം അംഗീകരിച്ചത് ഡോളിയെയായിരുന്നു. പക്ഷെ 2003 ഫെബ്രുവരി 14 വരെയെ ഡോളിക്ക് ആയുസുണ്ടായുള്ളൂ. ഗുരുതരമായ ശ്വാസകോശ രോഗവും വാതരോഗവും കാരണം അവശനിലയിലായ ഡോളിക്ക് റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകര്‍ ദയാവധം നല്‍കി.

എന്താണ് ക്ലോണിങ്

ഒരേ ജനിതക ഘടനയുള്ള ജീവികളില്‍ നിന്ന് ലൈംഗീക ബന്ധവും ബീജസങ്കലനവും നടത്താതെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിനാണ് ക്ലോണിങ് അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്ന സാങ്കേതിക വിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുകയാണ് ആദ്യം ചെയ്യുക. ഇവയെ ഊസൈറ്റുകള്‍(oocytes) എന്ന് വിളിക്കുന്നു. ഇവയെ പരീക്ഷണശാലയില്‍ കൃത്രിമമായി വളര്‍ത്തുന്നു. വളര്‍ച്ച എത്തിയ അണ്ഡകോശങ്ങളില്‍ നിന്നും ക്രോമസോമുകളെ നീക്കം ചെയ്യുന്നു. മറ്റൊരു കോശത്തില്‍ നിന്നും എടുത്ത മര്‍മ്മത്തെ ഈ അണ്ഡകോശത്തിന്റെ ആവരണത്തിനുള്ളിലേക്ക് കടത്തുന്നു. വൈദ്യുത സ്പന്ദനത്തിലൂടെയാണ് പുതുതായുള്ള മര്‍മ്മത്തെ അണ്ഡകോശവുമായി കൂട്ടിച്ചേര്‍ക്കുക. കൂടിച്ചേര്‍ന്ന ഇവയെ വീണ്ടും കൃത്രിമമായി വളര്‍ത്തിയ ശേഷം ഒരു വളര്‍ത്ത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് സ്വാഭാവികമായി വളര്‍ത്തിയെടുക്കുന്നു. ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്.

എന്തിന് മനുഷ്യ ക്ലോണിങ്

ഇത്തരമൊരു സാങ്കേതിക വിദ്യകൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. വിത്തു കോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണ് മനുഷ്യ ക്ലൊണിങ് പരീക്ഷണങ്ങള്‍ നടത്തുന്നത്. അസ്ഥികള്‍, പേശികള്‍, കണ്ണുകള്‍, കരള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ഉതകുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്തു കോശങ്ങള്‍(stem cells) എന്ന് പറയുന്നത്. പാര്‍ക്കിന്‍‌സണ്‍സ്, അല്‍‌ഷിമേഴ്സ്, പ്രമേഹം, അര്‍ബുദം, തലച്ചോര്‍ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്ത് കോശങ്ങള്‍ സഹായിക്കും. രോഗം ബാധിച്ച് നശിച്ച ശരീര കലകളില്‍ വിത്ത് കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണ് വിത്ത് കോശ ചികിത്സ. ഇതിന് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്ത് കോശം ലഭ്യമാകണം. ഇവിടെയാണ് മനുഷ്യ ക്ലോണിങിന്റെ പ്രസക്തി. രോഗിയുടെ ഏതെങ്കിലും ശരീരകലകളില്‍ നിന്നും കോശം സ്വീകരിച്ച് ക്ലോണ്‍ ചെയ്ത് ഭ്രൂണമാക്കിമാറ്റിയാല്‍ അതില്‍ നിന്ന് രൂപം പ്രാപിക്കുന്ന വിത്ത് കോശം ചികിത്സക്കായി ഉപയോഗിക്കാം.

ക്ലോണിങിലൂടെ ഹിറ്റ്ലര്‍

ക്ലോണിങ് എന്ന സാങ്കേതിക വിദ്യ ശൈശവ ദശയിലാണ്. കാരണം ക്ലോണിങിലൂടെ ജനിച്ച മൃഗങ്ങള്‍ക്ക് ഇനിയും കണ്ടുപിടിക്കാനാവാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു. കൃത്രിമ പ്രജനന പ്രക്രിയയില്‍ ചില പിഴവുകള്‍ സംഭവിക്കുന്നതായും അത് ആന്തരിക അവയവങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുവെന്നും ഫ്രഞ്ച് നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ മോളിക്യൂലര്‍ സെല്‍ ബയോളജി ലബോറട്ടറി തലവന്‍ ഷീന്‍‌വാള്‍ റൊണാള്‍ഡിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് ഇയാന്‍ വില്‍‌മുട്ടിന്റെ ഡോളിക്ക് സംഭവിച്ച അപാകതകള്‍. ശ്വാസകോശത്തെയും നാഡീവ്യൂഹത്തെയും ബാധിച്ച അസുഖങ്ങളാണ് ഡോളിയുടെ ദയാവധത്തില്‍ കലാശിച്ചത്. ശാസ്ത്രലോകം ഭാവിയില്‍ ക്ലോണിങില്‍ വരുന്ന പാകപ്പിഴകള്‍ക്ക് പ്രതിവിധി കണ്ടെത്തി പൂര്‍ണ്ണമായ വിജയം ഈ മേഖലയില്‍ കൈവരിച്ചു എന്ന് തന്നെയിരിക്കട്ടെ. അപ്പോള്‍ പിന്നെ ഒരു പ്രയാസവും കൂടാതെ ഹിറ്റ്ലറെ പുനര്‍ജ്ജിവിപ്പിക്കാമല്ലോ! ഏതെങ്കിലും ശാസ്ത്രജ്ഞന്‍ ഹിറ്റ്ലറുടെ ഡി എന്‍ എ കണ്ടെത്തി ക്ലോണിങിലൂടെ ലോകം വിറപ്പിച്ചയാളെ പുനര്‍ജ്ജിവിപ്പിച്ചു എന്ന് തന്നെയിരിക്കട്ടെ, എന്ത് സംഭവിക്കും? അതൊരു അല്‍ഭുതമായി അവശേഷിക്കുകയെ ഉള്ളൂ! കാരണം തത്സമ ഹിറ്റലറെ പേടിക്കേണ്ട ഒരാവശ്യവുമില്ല, ഹിറ്റലറുടെ ക്ലോണ്‍ പതിപ്പിന് ലോകം വീണ്ടും വിറപ്പിക്കാന്‍ കഴിയില്ല തന്നെ. നിങ്ങള്‍ നിങ്ങളായതിനും ഞാന്‍ ഞാനായതിനും ഹിറ്റ്ലര്‍ ഹിറ്റലറായതിനും പിന്നില്‍ അവരവര്‍ ജീവിച്ച സാമൂഹിക ചുറ്റുപാടിന് വളരെയേറെ പ്രാധാന്യമുണ്ട്. ഹിറ്റ്ലറെ ഹിറ്റ്ലറാക്കിയത് അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹിക-സാമ്പത്തിക-രാക്ഷ്ട്രീയ ഘടകങ്ങളാണ്. ഹിറ്റ്ലറുടെ ക്ലോണ്‍ പതിപ്പിന് ഒരിക്കലും യഥാര്‍ത്ഥ ഹിറ്റ്ലറുടേതിന് സമമായ മാനസീകാവസ്ഥയും വിചാരവികാരങ്ങളും കൈവരില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ യഥാര്‍ത്ഥ ഹിറ്റ്ലര്‍ ജീവിച്ചിരുന്ന 1889-1945 കാലഘട്ടത്തിലെ സമൂഹിക-സാമ്പത്തിക-രാക്ഷ്ട്രീയ സ്ഥിതിഗതികളെ കൂടി പുനര്‍ജ്ജീവിപ്പിക്കേണ്ടി വരും. അതായത് ആ കാലഘട്ടത്തിലെ സമൂഹത്തെക്കൂടി ക്ലോണിങ് മുഖാന്തിരം പുനര്‍സൃഷ്ടിക്കേണ്ട ഭീമമായ ജോലികൂടി ശാസ്ത്രലോകം ഏറ്റെടുക്കേണ്ടി വരും. അത് കൊണ്ട് ശാസ്ത്രലോകമെ ധൈര്യമായി ഹിറ്റ്ലറെ പുനര്‍ജ്ജിവിപ്പിക്കൂ.... ഹിറ്റ്ലര്‍ ഇനി ലോകം വിറപ്പിക്കില്ല.......

ചിത്രം കടപ്പാട്: picscrazy.com

11 comments:

ചാണക്യന്‍ said...

ഹിറ്റ്ലര്‍ ഇനി ലോകം വിറപ്പിക്കില്ല....

അനില്‍@ബ്ലോഗ് said...

പ്രിയ ചാണക്യന്‍,
രണ്ടു പോയിന്റുകള്‍ സൂചിപ്പിക്കട്ടെ.
1.ക്ലോണിങ് എന്ന വിദ്യയുടെ സാങ്കേതിക വിദ്യ പറഞ്ഞതില്‍ പിശകുകള്‍ ഉണ്ടു.പ്രധാന മാനിപുലേഷന്‍ നടക്കുന്നതു ക്ലോണ്‍ ചെയ്യപ്പെടുന്ന കോശത്തിലാണു.അണ്ട കോശം വെറും കാരിയര്‍ മാത്രം.
2.ഒന്നാമതു പറഞ്ഞതു പ്രസക്തമായി കരുതുന്നില്ല, എന്തെന്നാല്‍ ഈ കുറിപ്പിന്റെ ലഷ്യം അതല്ലാത്തതിനാല്‍.താങ്കള്‍ പറഞ്ഞതു നൂറു ശതമാനം ശരിയാണു, ഒരു വ്യക്തിയെക്കാള്‍ അയാള്‍ ജീവിച്ച സാമൂഹിക ചുറ്റുപാടാണു അയാളെ വളര്‍ത്തുകയോ തളര്‍ത്തുകയോ ചെയ്യുന്നതു. മഹാതമാ ഗാന്ധിയും സഹനസമരവും ഇക്കാലത്തു നടന്നാല്‍ എന്താവും സ്ഥിതി. അഭിനന്ദനങ്ങള്‍.

കുഞ്ഞന്‍ said...

വിജ്ഞാനപ്രദവും എന്നാല്‍ കൌതകരവും..

എന്നാലും ഒരു കാര്യം ജനിക്കുമ്പോള്‍ത്തന്നെ ചില ക്രൂരനമാരുണ്ട്..അവര്‍ സാഹചര്യത്തിന്റെ ബലത്തിലൊന്നുമല്ല ക്രൂരത കാണിക്കുന്നത്..ക്രൂരത ബേസിക് ഇന്‍സ്റ്റന്റാ‍ണ്..അല്ലെങ്കില്‍ ഈ ബോംബിങ്ങില്‍ നിരപരാധികള്‍ മരിക്കുമൊ..

രാജാ രവിവര്‍മ്മയുടെ ക്ലോണിങ്ങ് നടത്തിയാല്‍ ചിത്രകലയില്‍ പ്രാവീണ്യമുള്ളയാള്‍ ഉണ്ടാകുമൊ?

Sharu.... said...

വിജ്ഞാനപ്രദമായ പോസ്റ്റ്. ശാസ്ത്രീയമായി ഒരു ജീവനെ അതേ രൂപഭാവങ്ങളോടെ പുനര്‍സൃഷ്ടിക്കാമെന്നാലും സാമൂഹികമായി അതിനാവില്ലെന്ന കാര്യം ഈ പോസ്റ്റിലൂടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

പാമരന്‍ said...

മാഷെ, ക്ളോണ്‍ ചെയ്യപ്പെടുമ്പോള്‍ കോശത്തിന്‍റെ പ്രായം അതേപടി കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും, പ്രായധിക്യം മൂലമുണ്ടായ അസ്ക്യതകളാണ്‌ ഡോളിയുടെ മരണത്തിനു കാരണമെന്നും എവിടെയോ വായിച്ചു. കൂടുതല്‍ വിവരങ്ങള്‍ തരാമോ?

ഒരു ജീവിയുടെ ക്ളോണിന്‌ ജീവിയുടെ ജീവിതചക്രവും ഉണ്ടാവില്ലേ?

smitha adharsh said...

നല്ല പോസ്റ്റ്...ശരിക്കും വിജ്ഞാനപ്രദം. ദൈവത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടുള്ള ഈ പുതുപിറവികള്‍ നമുക്കു മനുഷ്യരില്‍ വേണോ?ജന്തു,ജീവ,ജാലങ്ങളില്‍ തല്‍കാലം ഒതുക്കിയാല്‍ പോരെ?വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ സസ്യ,മൃഗങ്ങളെ നല്ല ഉദ്ദേശത്തില്‍ മാത്രം ക്ലോണ്‍ ചെയ്തെടുതാല്‍ മതി എന്നാണു എന്‍റെ അഭിപ്രായം...

ശ്രീ said...

നല്ല പോസ്റ്റ്.

മറുപക്ഷം said...

മഹാനായ ഹിറ്റ്ലറെ ഇന്ത്യക്ക്‌ ഇന്നത്തെ അവസ്ഥയിൽ ആവശ്യമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു...പലരും ആ മഹാനെ മോഡിജിയുമായി താരതമ്യം ചെയ്യാറുണ്ട്‌..പക്ഷെ അത്‌ ചുമ്മാ....

ശിവ said...

വളരെ നന്നായിരിക്കുന്നു...ഞാന്‍ ഈ ലിങ്ക് കരുതി വയ്ക്കുന്നു...നന്ദി...

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല വിഞ്ജാനപ്രദമായ ഒരു വിവരണം.
ക്ലോണീങ്ങിലൂടെ ഒരു പുതിയ വിപ്ലവം തന്നെ ഉണ്ടാകട്ടേ
ഞാനും മരിച്ചു കഴിയുമ്പോള്‍ ആരേലും ക്ലോളീങ്ങിലൂടെ ഒരു പ്പുതിയ പിള്ളേച്ചനെ സൃഷ്ടിക്കും
അപ്പോം പിന്നെ കാണാം
പിള്ളേച്ചന്‍

Ajith said...

Ur articles are really nice.. sorry for posting comments in English.

I dont think we can recreate a Hitler. Its not just the genes, but a man's experiences during his life also influences the shaping an individual's behaviour. Hitler has a childhood filled with bitter experiences, which made him tough during his later half.