Tuesday, July 29, 2008

താത്രിക്കുട്ടി

താത്രിക്കുട്ടിയെ അറിയില്ലെ? കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്തു താത്രി എന്ന താത്രിക്കുട്ടിയെ!
പുരുഷന്റെ മൃഗീയതയ്ക്ക് വഴങ്ങിയതിന് സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റ വിചാരണയ്ക്ക് മുന്നില്‍ അടിപതറാതെ സ്മാര്‍ത്തനെ വെള്ളം കുടിപ്പിച്ച അന്തര്‍ജനം. താന്‍ നിരപരാധിയെന്ന് വാദിക്കാനല്ല മറിച്ച് താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ വെളിപ്പെടുത്താനാണ് താത്രി സ്മാര്‍ത്ത വിചാര വേളയില്‍ ശ്രമിച്ചത്. സ്മാര്‍ത്ത വിചാരമെന്ന മിഥ്യാചാരത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടിയ സംഭവമായിരുന്നു അത്. സ്മാര്‍ത്ത വിചാരം പോലുള്ള ക്രൂരവും നികൃഷ്ടവുമായ ഏകപക്ഷീയ കുറ്റവിചാരണകള്‍ കൊണ്ട് നമ്പൂതിരി സമുദായം സ്ത്രീകളുടെ മനസിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചു. എന്നാല്‍ വിചാരണയ്ക്ക് വിധേയയായി കുറ്റം തെളിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന അതിക്രൂര ശിക്ഷണ നടപടികള്‍ക്ക് നമ്പൂതിരി സ്ത്രീകളെ വിലക്കുകള്‍ക്കകത്ത് തളച്ചിടാന്‍ കഴിഞ്ഞില്ല. അവര്‍ വിലക്കുകള്‍ ലംഘിക്കുക തന്നെ ചെയ്തു. സ്മാര്‍ത്ത വിചാരമെന്ന പുരുഷ കല്പിത ആചാരത്തിന്റെ ചരിത്രം അതാണ് വെളിവാക്കുന്നത്.

സ്ത്രീകളുടെ ലൈംഗിക മാനസിക വികാരങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത സമൂഹത്തില്‍, പുരുഷ ലൈംഗികത മേല്‍ക്കോയ്മ കാണിച്ചപ്പോള്‍ സ്മാര്‍ത്തന്‍‌മാരുടെ ജനനമായി. മറയ്ക്കുടക്കുള്ളിലെ മഹാനരകം എന്നാണ് അക്കാലത്തെ നമ്പൂതിരി സ്ത്രീകളുടെ ജീവിതാവസ്ഥയെ വിശേഷിപ്പിച്ചിട്ടുള്ളത്. മലബാര്‍-കൊച്ചി-തിരുവിതാം‌കൂര്‍ മേഖലകളായാണ് സ്വയം ഭരണമെങ്കിലും ആചാരരീതികള്‍ പൊതുവിലായിരുന്നു. മലബാറിലും കൊച്ചിയിലും തിരുവിതാം‌കൂറിലും സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിട്ടുണ്ട്. എല്ലായിടത്തും ആചാരരീതികള്‍ ഒന്നായിരുന്നു. ഈ ദു:ഷിച്ച ആചാരം നിലനിര്‍ത്തുന്നതില്‍ പുരുഷാധിപത്യം അത്ര കണ്ട് ജാഗരൂകരായിരുന്നു. ഒരു വശത്ത് ഒരു തത്വദീക്ഷയു‌മില്ലാതെ നമ്പൂതിരി കല്യാണങ്ങള്‍ അരങ്ങേറിയപ്പോള്‍ മറുവശത്ത് അതികര്‍ക്കശമായ ചാരിത്ര്യ സംരക്ഷണത്തിന്റെ പേരിലുള്ള ആചാരങ്ങളാണ് അരങ്ങേറിയത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് ജാതീയമായ ഉച്ചനീചത്വങ്ങളും അരങ്ങു തകര്‍ത്ത് വാണിരുന്ന കാലത്ത് ഇല്ലങ്ങളില്‍ നിന്നും പുറത്തിറങ്ങിയ അഫന്‍ നമ്പൂതിരിമാര്‍ കീഴ്ജാതിക്കാരായ സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു. ഇതിനെതിരെ ഒരു സ്മാര്‍ത്തനും ചുണ്ടനക്കിയില്ല. പുരുഷന്‍‌മാര്‍ അന്യസമുദായത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിച്ച പോലെ അന്യസമുദായത്തിലെ പുരുഷന്‍‌മാരെ ഭര്‍ത്താവായി വരിക്കാന്‍ നമ്പൂതിരി സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.

നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിവയായിരുന്നു സ്മാര്‍ത്ത വിചാരത്തിന് ആധാരമായ കുറ്റങ്ങള്‍. ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ ഒരു നമ്പൂതിരി ഗൃഹത്തില്‍ 36 വര്‍ഷം നീണ്ട സ്മാര്‍ത്ത വിചാരം നടക്കുകയുണ്ടായത്രെ. ദോഷശങ്ക എന്ന കുറ്റം അരോപിച്ച് തുടങ്ങിയ വിചാരണയില്‍ അവസാനം അന്തര്‍ജനം കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി! പക്ഷെ എന്ത് ഫലം പതിവ്രതയായ ആ അന്തര്‍ജനത്തിന്റെ യൌവ്വനകാലം മുഴുവന്‍ ഇരുളടഞ്ഞ അഞ്ചാം‌പുരയില്‍ കഴിച്ച് കൂട്ടേണ്ടി വന്നു. മലബാറില്‍ സ്മാര്‍ത്ത വിചാരത്തിനുള്ള സ്മാര്‍ത്തനെയും മറ്റുള്ളവരെയും നിശ്ചയിക്കേണ്ട അധികാരം രാജാവായ സാമൂതിരിക്കായിരുന്നു. 1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ അറുപതോളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നതായി സാമൂതിരി രേഖകള്‍ വ്യക്തമാക്കുന്നു.

സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റവിചാരണയെ സധൈര്യം നേരിട്ട് പൊള്ളയായ സമുദായാചാരങ്ങള്‍ക്ക് നേരെ വെല്ലുവിളി നടത്തിയ അന്തര്‍ജനമാണ് കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി. കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച, ശ്രദ്ധേയമായ ആ സ്മാര്‍ത്ത വിചാരം നടന്നത് 1905നാണ്. സ്മാര്‍ത്തനു മുന്നില്‍ തന്റെ നിരപരാധിത്വം വിളമ്പുന്നതിന് പകരം താനുമായി ബന്ധപ്പെട്ട പുരുഷകേസരികളുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് താത്രിക്കുട്ടി വിപ്ലവത്തിന് തിരികൊളുത്തിയത്. പത്തിനും എഴുപതിനും ഇടയില്‍ പ്രായമുള്ള അറുപത്തിനാല് പുരുഷന്‍‌മാരുടെ പേരുകള്‍ താത്രി വിളിച്ചു പറഞ്ഞു. അക്കാലത്തെ പ്രശസ്തരായ ഭരണകര്‍ത്താക്കള്‍, കവികള്‍, കഥകളി നടന്‍‌മാര്‍, ഗായകര്‍ ഇങ്ങനെ വിവിധ നിലകളില്‍ പ്രശസ്തരും പ്രഗല്‍ഭരുമായവരൊക്കെ താത്രിയുടെ ദോഷത്തിന് കാരണക്കാരായിരുന്നു. താത്രിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ അറുപത്തിനാലുപേരെയും സമുദായത്തിന് പുറത്താക്കാന്‍ തീരുമാനമുണ്ടായി. താത്രിയെ നാടുകടത്തുകയും ചെയ്തു. പാലാക്കാടു വഴി പോത്തന്നൂര്‍ റെയില്‍‌വെ സ്റ്റേഷനിലെത്തിയ താത്രിയെ റെയില്‍‌വെ ഉദ്യോഗസ്ഥനായ ഒരു ക്രിസ്ത്യന്‍ യുവാവ് സ്വീകരിച്ചു എന്ന് പറയപ്പെടുന്നു.‍

എന്താണ് സ്മാര്‍ത്ത വിചാരം

ഒരു നമ്പൂതിരി സ്ത്രീക്ക് ചാരിത്ര്യഭംഗമുണ്ടായതായി ആരോപണമുണ്ടായാല്‍ നടത്തുന്ന കുറ്റവിചാരണ ചടങ്ങാണ് സ്മാര്‍ത്ത വിചാരം. ആരോപണമുണ്ടായാല്‍ അതേപ്പറ്റി ദാസികള്‍ മുഖേനം അന്വേഷണം നടത്തും. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വന്നാല്‍ സ്മാര്‍ത്ത വിചാരത്തിനുള്ള നടപടികള്‍ തുടങ്ങുകയായി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ആ സ്ത്രീയെ ഭ്രഷ്ട് കല്പിച്ച് ഇല്ലത്തു നിന്നും, സമുദായത്തില്‍നിന്നും, നാട്ടില്‍നിന്നും പുറത്താക്കും. ആ അന്തര്‍ജനം മരിച്ചതായി കണക്കാക്കി ഉദകക്രിയകള്‍ നടത്തും. ആ സ്ത്രീയോട് ലൈംഗികബന്ധം പുലര്‍ത്തിയ പുരുഷനെയും ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തും. അവിവാഹിതകളും വിവാഹിതകളുമായ അന്തര്‍ജനങ്ങള്‍ ഈ ആചാരത്തിന് വിധേയരായിട്ടുണ്ട്.

സ്മാര്‍ത്ത വിചാരത്തിന് ആറ് ഘട്ടങ്ങളുണ്ട്. ദാസീ വിചാരം, അഞ്ചാം‌പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിശ്ഛേദം, ശുദ്ധഭോജനം. ഈ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ എടുക്കും.

ഒരു അന്തര്‍ജനത്തെക്കുറിച്ച് എന്തെങ്കിലും അപവാദം ഉണ്ടായാല്‍ ദാസിമാരോട് തിരക്കി നിജസ്ഥിതി അറിയുന്നതാണ് ദാസീവിചാരം. പ്രഥമദൃഷ്ട്യാ കുറ്റം ഉണ്ടെന്ന് കണ്ടാല്‍ ആ അന്തര്‍ജനത്തെ പിന്നീട് ‘സാധനം’ എന്നേ വിളിക്കൂ! ഒരു മനുഷ്യ സ്ത്രീയായി പിന്നെ കണക്കാക്കില്ല. സാധനത്തെ പിന്നെ അഞ്ചാം‌പുരയിലാണ് ഏകാന്തവാസത്തിന് അയയ്ക്കുക. കുടുംബത്തിലേയോ സമുദായത്തിലേയോ രണ്ട് പേര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ച് സ്മാര്‍ത്ത വിചാരം നടത്തുന്നതിലേക്കുള്ള അപേക്ഷ നല്‍കുന്നു. രാജാവ് വൈദീകകാര്യങ്ങളില്‍ പ്രഗല്‍ഭനായ സ്മാര്‍ത്തന്‍, രണ്ട് മീമാംസകര്‍, ഒരു രാജപ്രതിനിധി എന്നിവരെ നടത്തിപ്പിലേക്കായി നിയമിക്കുന്നു. ‘സ്മാര്‍ത്തന്‍’, ‘പടച്ചോമാര്‍’ എന്ന രണ്ട് കുടുംബക്കാര്‍ക്ക് മാത്രമെ സ്മാര്‍ത്ത വിചാരം നടത്താന്‍ അധികാരമുള്ളൂ. വിചാരണ നടത്തി, സാധനം കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്നതും പിന്നീട് പടിയടച്ച് പിണ്ഡം വയ്ക്കുന്നതും വരെയുള്ള എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നത് ഇവരാണ്.

വിചാരണ സമയത്ത് നേരായ നടത്തിപ്പിന് നിയോഗിക്കുന്ന രാജപ്രതിനിധിയെ പുറക്കോവില്‍ എന്ന് പറയും. അതതു പ്രദേശത്തെ ഇല്ലത്തു നിന്നും ഒരാളെ അകക്കോവില്‍ എന്ന സ്ഥാനം കല്‍പ്പിച്ച് നിര്‍ത്തും. സ്മാര്‍ത്തന്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് ദാസി മുഖേന സാധനത്തെ അറിയിക്കും. ഈ സമയത്ത് അകക്കോവില്‍ നിഷ്പക്ഷനായിരിക്കും, സംസാരിക്കാന്‍ പാടില്ല. ഇയള്‍ തലയില്‍ ഒരു തോര്‍ത്തുമുണ്ട് ഇട്ടിരിക്കും. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ തെറ്റാണെങ്കില്‍ അകക്കോവില്‍ തോര്‍ത്ത് തറയിലിടും. കാര്യം മനസിലാക്കി സ്മാര്‍ത്തന്‍ തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കും.

വിചാരണക്കിടയില്‍ സ്ത്രീ കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം. ഈ സന്ദര്‍ഭത്തില്‍ താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ സ്ത്രീക്ക് പറയാം. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം സ്മാര്‍ത്തന്‍ അതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിക്കും. ഇതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുവിവരം സ്മാര്‍ത്തനു പകരം ‘കുട്ടി’ എന്നു വിളിക്കപ്പെടുന്ന കുട്ടിപ്പട്ടരാണ് വിളിച്ചു പറയുക. കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ അരോപണ വിധേയരായ അന്തര്‍ജനത്തെയും ബന്ധപ്പെട്ട പുരുഷന്‍‌മാരെയും പുറത്താക്കി, മരിച്ചു പോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജനത്തിന്റെ കോലം ദര്‍ഭയിലുണ്ടാക്കി ദഹിപ്പിച്ച ശേഷമാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്നത്. ബന്ധുക്കളും ഉദകക്രിയയില്‍ പങ്കെടുക്കുന്നവരും പകല്‍ മുഴുവന്‍ പട്ടിണിയിരിക്കും. എല്ലാ ചടങ്ങിനും ഒടുവിലായി ഇല്ലത്ത് സദ്യ നടത്തും. ഈ ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ആളുകള്‍ പിരിഞ്ഞു പോകും. സ്മാര്‍ത്ത വിചാരത്തിലൂടെ ഇല്ലത്തു നിന്നും സമുദായത്തില്‍ നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട സ്ത്രീകള്‍ നടന്ന വഴി ചാണകം തളിച്ച് ശുദ്ധിവരുത്തും. പുറത്താക്കപെട്ട പുരുഷന്‍‌മാരില്‍ ഉപനയനം കഴിഞ്ഞവര്‍ ചാക്യാന്‍‌മാരുടെ കൂട്ടത്തിലും അല്ലാത്തവര്‍ നമ്പ്യാന്‍‌മാരുടെ കൂട്ടത്തിലും ചേരുന്നു.

ഇങ്ങനെ പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും എതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടിയ ഏക അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി........

34 comments:

ചാണക്യന്‍ said...

‘നമ്പൂതിരി സമുദായത്തിലെ ക്രൂരതകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും എതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടിയ ഏക അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി........‘

കാപ്പിലാന്‍ said...

സ്ത്രീകളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവാണിത് .

അനില്‍@ബ്ലോഗ് // anil said...

നല്ല പൊസ്റ്റ്.ചരിത്രത്തിന്റെ വഴികളില്‍ ഇത്തരം നിരവധി താത്രിക്കുട്ടിമാര്‍ ഉണ്ടാവും.1994ഇല്‍ പുറത്തുവന്ന പരിണയം ഈ പ്രഹസനം കുറച്ചൊക്കെ വിഷ്വലൈസ് ചെയ്യാന്‍ ശ്രമിച്ചു.

(താത്രിക്കുട്ടിമാര്‍ ഇന്നില്ലെന്നു പറയല്ലെ,പക്ഷെ വിചാരണ, കോടതിയിലാണു നടക്കുന്നതു,പല പ്രമുഖരുടേയും പേരും വിളിച്ചു പറയപ്പെടുന്നുമുണ്ടു.)

ഭൂമിപുത്രി said...

ഒന്‍പത് വയസ്സുള്ള താത്രിക്കുട്ടിയുടെ ശരീരത്തില്‍ ആദ്യം കൈവെച്ചതു സ്വന്തം
അഛനായിരുന്നുവത്രെ.പിന്നെ ഗുരു,ആങ്ങള,അമ്മാമന്‍..

വിവാഹരാത്രിയില്‍ ഭറ്ത്താവ് മുറിയീലേയ്ക്കയച്ചത്
അയാള്‍ടെ മൂത്തസഹോദരനെ..
അറിവും പ്രായവുമേറിവന്നപ്പോള്‍,ഒരുതരം പ്രതികാരബുദ്ധിയോടെയാകാം,പലരേയും അഗ്നിനാളത്തിലേയ്ക്കെന്നപോലെ ആകറ്ഷിച്ച്,ദൈനംദിനജീവിതത്തിലെ പല കാര്യങ്ങളും നടത്തിപ്പോന്നിരുന്നു,
അതിബുദ്ധിമതിയും
സഹൃദയുമൊക്കെയായിരുന്ന ഈ വിപ്ലവകാരി.
പ്രാകൃതമായ നിയമമെന്ന് നമ്മളൊക്കെപ്പറയുന്ന്
സ്മാറ്ത്തവിചാരത്തിന്‍ ന്യായമുണ്ടായിരുന്നുവെന്ന്
തോന്നുന്നതു, ‘സൂര്യനെല്ലീ’പ്പെണ്‍കുട്ടി ചൂണ്ടിക്ക്കാണിച്ച സകലമാനപേരും രക്ഷപ്പെട്ടതോറ്ക്കുമ്പോഴാണ്‍.

Sharu (Ansha Muneer) said...

നല്ല പോസ്റ്റ്. പരിണയ സിനിമയില്‍ കണ്ടിട്ടുണ്ടെന്നതൊഴിച്ചാല്‍ സ്മാര്‍ത്തവിചാരത്തെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആ പോസ്റ്റ് സഹാ‍യകമായി. അഭിനന്ദനങ്ങള്‍

siva // ശിവ said...

സ്മാര്‍ത്ത വിചാരത്തെക്കുറിച്ച് മുമ്പ് എപ്പോഴോ ഒരിക്കല്‍ കേട്ടിട്ടുള്ളതല്ലാതെ ഇത്രയൊക്കെ ഗൌരവമായ ഒരു ആചാരമാണെന്ന് അറിയില്ലായിരുന്നു....

ഇതു വായിച്ചു....ഈ അറിവുകള്‍ എനിക്ക് ഏറെ പ്രയോജനപ്രദം..

ശ്രീ said...

ഇത്രയും വിശദമായി അറിയില്ലായിരുന്നു. പോസ്റ്റിനു നന്ദി.

Anil cheleri kumaran said...

ഇതിനെപ്പറ്റി എഴുതപ്പെട്ട നോവലുകളാണു
മാടമ്പിന്റെ ഭ്രഷ്ട്,
പുതൂരിന്റെ
അമ്രുധമഥനം
എന്നിവ.
സിനിമാ നടി ഷീലയും താത്രിക്കുട്ടിയുമായി
എന്തോ ബന്ധമുണ്ടെന്നു പറയപ്പെടുന്നു.
അതു കൂടി പോസ്റ്റില്‍ പരാമര്‍ശിക്കാമായിരുന്നു.
പോസ്റ്റ് നന്നായി.
അഭിനന്ദനങ്ങള്‍

Rare Rose said...

കുറിയേടത്ത് താത്രിയെ പറ്റി മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും വിശദമാ‍യി മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിച്ചു....മറക്കുടകുള്ളിലെ മഹാനരകത്തില്‍ നിന്നും സധൈര്യം പോരാടിയ താത്രിക്കുട്ടി സ്മാര്‍ത്തവിചാരത്തില്‍ പേരുകള്‍ ഓരോന്നായി പറഞ്ഞൊടുവില്‍ രാജാവിന്റെ പേരു പോലും പറഞ്ഞതായാണു കേട്ടിരിക്കുന്നത്...അതിനു തെളിവായി രാജമോതിരം ഉയര്‍ത്തിക്കാട്ടിയെന്നും...അതോടെ ആളുകള്‍ ഭയപ്പെട്ട് സ്മാര്‍ത്തവിചാരം നിര്‍ത്തിയെന്നും കേട്ടിരിക്കുന്നു...
സിനിമാ നടി ഷീല താത്രിക്കുട്ടിക്ക് ശേഷമുള്ള തലമുറയില്‍ പെട്ടതാണെന്ന് പണ്ടൊരിക്കല്‍ വായിച്ചതോര്‍ക്കുന്നു....

Nachiketh said...

നല്ല പോസ്റ്റ് ചാണക്യാ...
സ്മാര്‍ത്ത വിചാരത്തിന്റെ അപഹാസ്യതകളെ കുറിച്ച് മാടാമ്പ് കുഞ്ഞിക്കുട്ടന്‍ നമ്പൂരിയാണേറെ പറഞ്ഞിരിയ്ക്കുന്നത് റഫറന്‍സിനായി അദ്ദേഹത്തിന്റെ കൂടി രചനകളെ ഉള്‍പ്പെടുത്താമായിരുന്നു.
പിന്നെ താത്രികുട്ടിയുടെ കാര്യം രൂക്ഷമായ ബാലികാ പീഡനം കൊണ്ടു തന്നെ മാനസികമായിണ്ടായ ഒരു തരം പുരുഷവിദ്വേഷം കൂടി താത്രി കുട്ടിയ്കുണ്ടായിരുന്നുവെന്നു സംശയിയ്കേണ്ടിയിരിയ്കുന്നു.അല്ലാതെ ബന്ധപ്പെട്ട പുരുഷന്മാരുടെ ലക്ഷണങ്ങളും അടയാളങ്ങളും ഇത്രയും കൃത്യമായി ബോധിയ്ക്കാന്‍ അവര്‍ക്കാവില്ലായിരുന്നു.

പാര്‍ത്ഥന്‍ said...

ബ്രാഹ്മണ്യത്തിന്റെ പീഢനം താഴ്‌ന്ന ജാതിക്കാര്‍ അനുഭവിച്ചിട്ടുള്ളതിലും കൂടുതല്‍ അന്തഃപുരസ്ത്രീകള്‍ ‍ അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്‌ അവരെ വി.ടി. 'അണിയറയില്‍ നിന്ന് അരങ്ങത്തേയ്ക്ക്‌' കൊണ്ടുവന്നത്‌. (ആ നാടകത്തില്‍ അഭിനയിച്ച എന്റെ വീടിനടുത്തുള്ള ഒരു നമ്പൂതിരി -സ്ത്രീവേഷം- ഈ അടുത്താണ്‌ മരണപ്പെട്ടത്‌).

റെയര്‍ റോസ്സ്‌,@
രാജാവിന്റെ പേരല്ല, സ്മാര്‍ത്തന്റെ പേര്‌ പറയുന്നതിനു മുന്‍പായി അത്‌ അവസാനിപ്പിച്ചു എന്നാണ്‌ ഓര്‍മ്മ.
മാടമ്പിന്റെ 'ഭ്രഷ്ട്‌' ഒന്നുകൂടി വായിച്ചുനോക്കണം.

ഇതിനെക്കുറിച്ച്‌ ചില കാര്യങ്ങള്‍ ഇവിടെയും ചര്‍ച്ച ചെയ്തിരുന്നു.

ഭൂമിപുത്രി said...

താത്രിക്കുട്ടിയുടെ പൌത്രിയാണ്‍ ഷീലയെന്ന് കേട്ടിരുന്നു.പക്ഷെ,അവരീയിടെ അതു നിഷേധിയ്ക്കകയുമുണ്ടായി.പലരും ഇതിന്റെ സത്യാവസ്ഥയറിയാനായി ഗവേഷണത്തിനിറങ്ങിയിരുന്നു.
എന്തായെന്നറിയില്ല.
കുറേ വറ്ഷങ്ങള്‍ക്ക്മുന്‍പ്,‘ഭൃഷ്ട്’എന്നൊരു സിനിമയിറങ്ങിയിരുന്നു താത്രിക്കുട്ടിയേപ്പറ്റി.പക്ഷെ
പ്രധാനവേഷംഭിനയിച്ചതു സുജാത എന്ന നടിയായിരുന്നു.ഷീലയുടെ ജ്വലിയ്ക്ക്ന്ന വശ്യസൌന്ദര്യമായിരുന്നു ആ റോളിന്‍ വേണ്ടിയിരുന്നതു.ഒരു പക്ഷെ,ഇങ്ങിനെയൊരു സംസാരമുള്ളതുഇകൊണ്ട്,അവറ് നിരസിച്ചതായിരിയ്ക്കുമോ?

ചാണക്യന്‍ said...

ഭൂമിപുത്രി,
താത്രിക്കുട്ടിയുടെ പിന്‍‌തലമുറയായി ഇന്നും ജീവിച്ചിരിക്കുന്ന ആരേയും ഈ പോസ്റ്റ് ദു:ഖിപ്പിക്കരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ട് ബോധപൂര്‍വ്വം ചില കാര്യങ്ങള്‍ ഒഴിവാക്കിയതാണ്. (ഇക്കാര്യം സൂചിപ്പിച്ച മറ്റുള്ളവരും ഇത് ശ്രദ്ധിക്കുമല്ലോ)

താത്രിക്കുട്ടിയുടെ പിന്നീടത്തെ ജീവിതം ഒരു പോസ്റ്റാക്കാനുള്ള ശ്രമത്തിലാണ്, പക്ഷെ അവരുമായി ബന്ധപ്പെട്ടവരുടെ പൂര്‍ണ്ണമായ അനുവാദം ലഭിച്ചാല്‍ മാത്രമെ അതിന് കഴിയൂ, അനുവാദത്തിനു വേണ്ടി ശ്രമിച്ച് വരുകയാണ്.

ഭൂമിപുത്രി said...

അതുകൊണ്ട്തന്നെയാണ്‍ ഷീലയുടെ പേര്‍ ഞാനും ആദ്യം എഴുതാതിരുന്നതു.
ഇന്ന് താത്രിക്കുട്ടി ഏറെക്കുറെ ഒരു ഐക്കോണ്‍ തന്നെയായി മാറിയിരിയ്ക്കുന്ന സാഹചര്യത്തില്‍ അവരുടെ ചരിത്രം പൂറ്ണ്ണമാക്കാന്‍ ബന്ധപ്പെട്ടവറ്
അനുവദിയ്ക്കുമെന്ന് കരുതാം.
ചാണക്യന് വിജയാശംസകള്‍.

mmrwrites said...

കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി- നല്ല പോസ്റ്റ്.
ഇരകള്‍ എക്കാലവും ഉണ്ടായിരുന്നു.. ചൂഷകരും..

അപ്പു ആദ്യാക്ഷരി said...

ചാണക്യാ, ഈയിടെ വായിച്ചതില്‍വച്ച് നല്ലൊരു പോസ്റ്റ്.താത്രിക്കുട്ടിയെയും സ്മാര്‍ത്ത വിചാരത്തെയും പറ്റി ഇത്ര വിശദമായി അറിയില്ലായിരുന്നു. വളരെ നന്ദി.

vishnu വിഷ്ണു said...

ചാണക്യ ഗുരോ....
കേരള ചരിത്രത്തിലെ പെരുമാള്‍ രാജ ഭരണവും , 600 ഗ്രാമങ്ങളും മറ്റും മറ്റും വിശദമാക്കുന്ന ഒരു പഠനം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

ചാണക്യന്‍ said...

വിഷ്ണു,
ഗുരുവെന്ന് വിളിച്ച് ആക്കരുത്,
താങ്കള്‍ സൂചിപ്പിച്ച കാ‍ര്യം പോസ്റ്റാക്കാന്‍ ശ്രമിക്കാം.

smitha adharsh said...

നല്ല പോസ്റ്റ്...ഷാരു പറഞ്ഞതു പോലെ ചില സിനിമകളില്‍ ഇതിനെ കുറിച്ചു കണ്ടിടുണ്ട് എന്നല്ലാതെ വലിയ വിവരം ഇല്ലായിരുന്നു.പോസ്റ്റ് ഇട്ടതിനു നന്ദി...വളരെ വളരെ നന്ദി.

Luttu said...

നല്ല പോസ്റ്റ് :)
സ്മാര്‍ത്ത വിചാരത്തെ പറ്റി ഇത്ര വിശദമായി അറിയില്ലായിരുന്നു. വളരെ നന്ദി.

മാണിക്യം said...

കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടിയെകുറിച്ച് കെട്ടിട്ടുണ്ട് .. സ്മാര്‍ത്തവിചാരത്തിനെ പറ്റി പറഞ്ഞതിനു നന്ദി.. ശാരീരിക പീഢനത്തിനു പുറമേ മാനസീക പീഢനം, വളരെ അധികം മനക്കരുത്ത് താത്രികുട്ടിക്കുണ്ടായിരുന്നു എന്നു കരുതണം ..ചാണക്യാ നല്ല പോസ്റ്റ് !

Anonymous said...

മോനേ ശിവാ
"ഇതു വായിച്ചു....ഈ അറിവുകള്‍ എനിക്ക് ഏറെ പ്രയോജനപ്രദം.."
നീ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

താത്രിക്കുട്ടിയെപ്പറ്റി എഴുതിയത് വളരെ നന്നായി. ബാക്കിയും പ്രതീക്ഷിക്കുന്നു.

kichu / കിച്ചു said...

ചാണക്യന്‍

ഈ പോസ്റ്റ് ഇന്നാണ് കണ്ടത്.കൊള്ളാംട്ടൊ.

മാത്രുഭൂമിയില്‍ വന്ന, താത്രിയുടെ സ്മാര്‍ത്ത വിചാരത്തെക്കുറിച്ചുള്ള ലേഖനം വായിച്ചിരുന്നു.

Dileep said...

നമ്പൂതിരി എന്ന ഉയര്‍ന്ന ക്ലാസില്‍ പെട്ട ആള്‍ക്കാരുടെ ഇടയില്‍ നടന്ന സംഭവമായതിനാല്‍ താത്രിക്കുട്ടിയുടെ അനുഭവങ്ങളും സ്മാര്‍ത്തവിചാരവും ഒക്കെ ശ്രദ്ധിക്കപെട്ടു, ഇന്നും ലോവര്‍ ക്ലാസില്‍ ഇതുനടക്കുന്നുണ്ട്,ഞാന്‍ സാഷിയും ആയിട്ടുണ്ട്,പഞ്ചായത്തുകൂടി പെണ്ണിനെ ചോദ്യംചെയ്തു, നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ പതിനെട്ടുകാരി സുന്തരി സങ്കടവും കോപവും കലര്‍ന്ന വികാര‍ത്തില്‍ അമ്മായി അപ്പനും ഭര്‍ത്താവിന്റെ വീട്ടിലെ ആണ്‍പിറന്ന യോഗ്യന്‍മാരും തന്നോടു കാണിച്ച കാമക്കുത്തു കരഞ്ഞുകൊണ്ടു വിളിച്ചു പറഞ്ഞത് ആലോചിക്കുമ്പോള്‍ എനിക്കു താത്രിക്കുട്ടി ഒരു സിനിമാ കഥ മാത്രം, അവള്‍ക്ക് കിട്ടിയ പഞ്ചായത്തിന്റെ ജഢ്-ജിമെന്റ് ഒട്ടു നീതിയുക്തവുമായിരുന്നില്ല.കഴിഞ്ഞമാസവും ഞാന്‍ കാറിന്റെ കറുത്ത ഗ്ലാസില്‍ കൂടി അവളേ കണ്ടു

കുഞ്ഞന്‍ said...

മാഷെ,

ഇത് ഇപ്പോഴാണ് കണ്ടത്. സ്മാര്‍ത്ത വിചാരത്തെപ്പറ്റി വിശദമായി പറഞ്ഞപ്പോള്‍, അത് നല്ലതാണെന്ന് തോന്നി കാരണം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു കക്ഷി മാത്രമല്ല രണ്ടു കക്ഷികളും ശിക്ഷ നേരിടേണ്ടി വരുമെന്നുള്ളത്. ഇങ്ങിനെ പറയുവാന്‍ കാരണം ഇക്കാലത്ത് ഇതുപോലെ നടന്നിരുന്ന ചില പരാക്രമങ്ങളില്‍ അര്‍ഹിക്കുന്ന ശിക്ഷ തീര്‍പ്പാക്കാന്‍ നമുടെ ബഹു. നിയമത്തിന് കഴിഞ്ഞിട്ടില്ലന്നുള്ള തിരിച്ചറിവില്‍,അന്തര്‍ജനങ്ങളെ ഭീകരമായി സ്മാര്‍ത്ത വിചാരമെന്ന വിചാരണയുടെ പേരില്‍ ചൂഷണം ചെയ്തിരുന്നു അല്ലെങ്കില്‍ തളച്ചിട്ടിരുന്നുവെന്ന ക്രൂരത/വിനോദം കണ്ടില്ലെന്നു വച്ചുകൊണ്ട്, സ്മാര്‍ത്ത വിചാരം എന്റെ കണ്ണില്‍ നല്ലതായിരുന്നു.

ഈ പോസ്റ്റിന് ഒരിക്കല്‍ക്കൂടി നന്ദി പറയുകയും ബ്ലോഗിങ്ങ് വിനോദം മാത്രമല്ല അറിവുകൂടി നല്‍കുമെന്നുള്ള കാഴ്ചപ്പാടിന് ഒന്നുകൂടി അടിവരയിടുന്നു.

Anonymous said...

chanakya what is Upanayanam Can u explain in Malayalam

റീത്താമ്മ ജോസ് said...

താങ്കളുടെ ബ്ലോഗില്‍ വന്ന് പോസ്റ്റ് വായിച്ചു,എന്റെ കഴമ്പില്ലാത്ത പോസ്റ്റു വായിച്ചതിലും,ലിങ്ക് ഇട്ടതിലും നന്ദിയുണ്ട്.

വരവൂരാൻ said...

സീരിയസ്സായ ഒരു സമീപനം .... വിജ്ഞാനപ്രദമായ പോസ്റ്റ്‌

വയ്സ്രേലി said...

good post

asif melat said...

Good One...of course Informative

asif melat said...

Good One...of course Informative

Beena C M said...

എന്റെ നാടിനടുത്താണ് ഈ പറയുന്ന കേച്ചേരി ....... പക്ഷേ ഈ ഒരു കഥാപാത്രത്തെ പറഞ്ഞ് കേട്ടിട്ടില്ല . ഈ അറിവ് വളരെ വലുതാണ്. നന്ദി.....
അവിടെ നിന്ന് കുറച്ച് മാറി മാറുമറയ്ക്കൽ സമരം നടന്നത് ആയി പറഞ്ഞ് കേട്ടിട്ടുണ്ട്. കൃത്യമായ വിവരങ്ങൾ അറിയില്ല.

Unknown said...

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ശ്രീ എൻ പി വിജയകൃഷ്ണൻ എഴുതിയ "സ്മാർത്ത വിചാരം കഥകളിയെ ബാധിച്ചതെങ്ങനെ?" എന്ന ലേഖനം വായിച്ചതിനുശേഷമാണ് ഈ പോസ്റ്റ്‌ വായിച്ചത്. വളരെ നല്ല പോസ്റ്റ്‌. ചാണക്യന് നന്ദി.