Wednesday, July 23, 2008

ലോകബാങ്ക് ഉദ്യോഗസ്ഥന്റെ വിജയം


ഒരു റിട്ടയേര്‍ഡ് ലോകബാങ്ക് ഉദ്യോഗസ്ഥന്റെ വിജയം ആഘോഷിക്കുകയാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ്. ഈ രാജ്യത്തെ ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കിക്കൊണ്ട് പണത്തിന് മുകളില്‍ കോണ്‍ഗ്രസ് പറക്കും, കൊടിപാറിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്. ആണവക്കരാറിനെ ചൊല്ലി ബന്ധം ഡൈവോഴ്സ് ചെയ്ത ഇടതന്‍‌മാരെ വെറും ഈയാമ്പാറ്റകളാക്കിക്കൊണ്ട് മന്മോഹന്‍ എന്ന റിട്ടയേര്‍ഡ് ലോകബാങ്ക് ഉദ്യോഗസ്ഥന്‍ അടവുകള്‍ അമ്പത്തൊന്നും പയറ്റിയപ്പോള്‍ കണ്ണിറുക്കി ചിരിച്ചത് അം‌ബാനിയായിരുന്നോ, അതോ ബുഷ് ആയിരുന്നോ? പാര്‍ലമെന്റില്‍ സ്വന്തം കക്ഷിക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ഒരു കാര്യത്തില്‍ വേറിട്ട പ്രകടനം കാഴ്ച്ച വച്ചു. കുതിരകച്ചവടത്തില്‍ ഒട്ടും മോശക്കാരനല്ലെന്ന്..... ഈ നടന്ന അധികാരം നിലനിര്‍ത്തല്‍ ചടങ്ങിന് 2000കോടി രൂപ ഇന്ദ്രപ്രസ്ഥത്തില്‍ ഒഴുകിയതായാണ് അനൌദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അശോകാ ഹോട്ടലിലെ സല്‍ക്കാരങ്ങള്‍ക്കും ബഹുമാന്യ മെംബര്‍ ഓഫ് പാര്‍ലമെന്റേറിയന്‍മാരെ ജനാധിപത്യ സംരക്ഷണത്തിനായി ചട്ടംകെട്ടുന്നതിലേക്കുമാണ് ഇത്രയും തുക മന്മോഹന്‍ സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് പിന്നാമ്പുറക്കഥകള്‍ പറയുന്നു. ചെട്ടിനാട് സിമന്റുപോലെ കരുത്തനായ ഒരു സാമ്പത്തികകാര്യ മന്ത്രി മിസറ്റര്‍ മോഹനനെ സഹായികാനുണ്ടെങ്കില്‍ പിന്നെ കളിക്കാന്‍ ഗ്രൌണ്ട് വേണോ? ചിദംബരം എന്ന ധനമന്ത്രിയും മന്മോഹന്‍ എന്ന പ്രധാനമന്ത്രിയും ആര്‍ക്ക് വേണ്ടിയാണ് ധൃതി പിടിച്ച് ആണവോര്‍ജ്ജം ഇന്‍ഡ്യക്ക് നേടിത്തരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെയും മന്മോഹനന്റെയും കാലാവധികള്‍ അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍മാത്രമെയുള്ളൂ. ഇതിനിടയില്‍ ഈ കരാര്‍ പ്രാവര്‍ത്തികമാക്കണമെന്നത് ഈ രണ്ട് മാന്യദേഹങ്ങളുടെയും ആഗ്രഹങ്ങളായിരിക്കാം. ഡോളറും രൂപയും ചേര്‍ന്നാല്‍ ഇന്‍ഡ്യ നിസഹായയാണെന്ന് മന്മോഹന് പ്രത്യേകം പറഞ്ഞു കൊടുക്കണ്ട്, കാരണം കക്ഷി ആദ്യ ശമ്പളം വാങ്ങുന്നത് തന്നെ ഡോളറിലാണ്. (പണ്ട് ലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്നപ്പോള്‍) രണ്ട് ദിവസം കൊണ്ട് 2000കോടി രൂപ എം പി മാരെ വിലയ്ക്കെടുക്കാന്‍ ഒഴുക്കിവിട്ട കോണ്‍ഗ്രസിന് ഇത്രയും രൂപയുടെ ആസ്തി എവിടെ നിന്ന് വന്നു? ഇന്‍ഡ്യയിലെ കുത്തക മുതലാളിമാരുടെ ഖജനാവില്‍ നിന്നാണെന്ന് ചാണക്യന്‍ നിസംശയം പറയും. കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിച്ച് പാരമ്പര്യമില്ലാത്ത മന്മോഹന്‍ ജി എങ്ങനെ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയായി? മുതുമുത്തശ്ഛനും മുത്തശിയും പിന്നെ അഛനും പ്രധാനമന്ത്രിമാരായിരുന്ന ഈ രാജ്യത്തെ നയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന രാഹുലിന് അറിയാമോ? അറിയാമായിരുന്നുവെങ്കില്‍ പാര്‍ലമെന്റില്‍ ഇത്തരത്തില്‍ ഒരു പ്രസംഗം കാഴ്ച്ചവയ്ക്കില്ലായിരുന്നു. പുള്ളിക്കാരന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യയിലെ പാവപ്പെട്ട ജനത്തിന് ഒരിറ്റ് വെളിച്ചം നല്‍കാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ... അത് മോഹന്‍ ജി കണ്ടെത്തിയ 123 ആണത്രെ! ഇന്‍ഡ്യയുടെ ഊര്‍ജ്ജപ്രതിസന്ധിക്ക് ഏക പരിഹാരം! വോട്ടു ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ ജനത്തിന്റെ അവസ്ഥ ചൂണ്ടോധരന് വരം കൊടുത്തകണക്കാണ്, തിരിച്ച് പിടിക്കാന്‍ ഒരു മാര്‍ഗവുമില്ല ഓടുകയെ വഴിയുള്ളൂ! പാര്‍ലമെന്റില്‍ പകുതിയോളം എം പിമാര്‍ ഈ കരാറിന് എതിരാണെന്നാണ് വോട്ടെടുപ്പില്‍ തെളിഞ്ഞത്. ഭരണകക്ഷിക്ക് നാമമാത്രമായ ഭൂരിപക്ഷം മാത്രമാണുള്ളത്(കുതിരകച്ചവടത്തില്‍കൂടി നേടിയത്). പകുതിയോളം എം പിമാര്‍ എതിര്‍ക്കുന്നു എന്ന് പറഞ്ഞാല്‍ ഇന്‍ഡ്യയിലെ ആകെ ജനസംഖ്യയിലെ പകുതിയും ഈ കരാറിന് എതിരെന്ന് അര്‍ത്ഥം. ഈ പകുതി ജനത്തെ ജയിക്കാന്‍ മന്മോഹന്‍ പച്ചനോട്ടുകള്‍ വാരിയിറക്കിയപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു, ഭൂരിപക്ഷം നേടി ഭരണം നിലനിര്‍ത്തി....! ഇതിനു മുന്‍പും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവിശ്വാസങ്ങളെ നേരിട്ടിട്ടുണ്ട്. പക്ഷെ അന്നത്തെ ഒരു പ്രധാനമന്ത്രിയും കാണിക്കാത്ത മ്ലേശ്ചത്തരമാണ് ഇപ്പോള്‍ മന്മോഹന്‍ സിംഗ് എന്ന കോണ്‍ഗ്രസുകാരന്‍ കാട്ടിക്കൂട്ടിയത്.
ഇനി മന്മോഹന്‍ സിംഗിന് ധൈര്യമായി പറയാം.. I AM THE PRIME MINISTER OF INDIA AND I....


5 comments:

ചാണക്യന്‍ said...

ബുഷ് നീണാള്‍ വാഴട്ടെ.....

ജിജ സുബ്രഹ്മണ്യൻ said...

:-)

അനില്‍@ബ്ലോഗ് // anil said...

ചോറിങ്ങും കൂറ് അങ്ങും.

Unknown said...

മന്മോഹന്‍ സിങ്ങിന്റെ വില കളഞ്ഞു
ഈ വിശ്വാസവോട്ട്

കടത്തുകാരന്‍/kadathukaaran said...

പ്രമേയം പാസ്സായതിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര, ചൈന എന്നിവിടങ്ങളില്‍ ഹര്‍ത്താലിന്‍ ആഹ്വാനം