Saturday, July 12, 2008

വിക്രമാദിത്യനും വേതാളവും

ഗുപ്തകാലഘട്ടത്തിലെ ചന്ദ്രഗുപ്ത രാണ്ടാമനും സോമദേവഭട്ടന്‍ രചിച്ച കഥാ സരിത്‌സാഗരത്തിലെ വിക്രമാദിത്യനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ബന്ധമുണ്ടെന്ന് പാഠ പുസ്തക കരിക്കുലം കമ്മിറ്റി അവകാശപ്പെടുന്നു. തന്നെയുമല്ല ഇരുവരും ഒരാളെന്ന മട്ടില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യശാസ്ത്രം പുസ്തകത്തിലൂടെ പഠിപ്പിച്ചു വരികയും ചെയ്യുന്നു. കേരള വിദ്യാഭ്യാസ വകുപ്പിലെ വിചക്ഷണന്‍‌മാര്‍ക്ക് ഒരു സംശയവുമില്ല, അവര്‍ ആണയിട്ടു പറയുന്നു ചന്ദ്രഗുപ്ത വിക്രമാദിത്യനും വേതാളത്തെ ചുമലേറ്റി നടക്കുന്ന വിക്രമാദിത്യനും ഒരാളാണെന്ന്. ആറാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിന്റെ 56ആം പേജിലാണ് ചരിത്രം തിരുത്തികുറിക്കുന്ന കണ്ടുപിടുത്തം വിവരിച്ചിരിക്കുന്നത്. എട്ടാം അധ്യായത്തില്‍ ഇന്‍ഡ്യയില്‍ സ്ഥാപിതമായ വിവിധ സാമ്രാജ്യങ്ങളുടെ ചരിത്രത്തിലാണ് തെറ്റ് കടന്നുകൂടിയിരിക്കുന്നത്. ഇന്‍ഡ്യാ ചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടമെന്നാണ് ചരിത്രകാരന്‍‌മാര്‍ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്തെ വിശേഷിപ്പിക്കുന്നത്. ഗുപ്തരാജവംശത്തില്‍ ക്രിസ്തുവര്‍ഷം 380 മുതല്‍ 413 വരെയുള്ള കാലത്തായിരുന്നു ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണം. ഇത് പോലും പാഠപുസ്തക കരിക്കുലം കമ്മിറ്റിക്ക് അറിയില്ലെന്നോ? കാശ്മീരിലെ രാജാവായിരുന്ന അനന്തന്റെ പത്നി സൂര്യമതിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി ക്രിസ്ത്വബ്ദം, 1063നും 1081നും ഇടക്കാണ് സോമദേവഭട്ടന്‍ 18 ലംബകങ്ങളും 124 തരംഗങ്ങളും 21388 പദ്യങ്ങളുമുള്ള കഥാസരിത്‌സാഗരം എഴുതിയത്. ക്രിസ്തുവര്‍ഷാരംഭത്തിന് മുന്‍പ് ഗുണാഢ്യന്‍ എന്നയാള്‍ വിന്ദ്യപര്‍വത പ്രദേശത്ത് പ്രചരിച്ചിരുന്ന വൈശായി ഭാഷയിലെഴുതിയ ‘ബൃഹത്കഥ’യാണ് കഥാസരിത്‌സാഗരത്തിന്റെ മൂലകൃതിയായി അറിയപ്പെടുന്നത്. ക്രിസ്തുവിന് പിന്‍പ് പതിനൊന്നാം ശതകത്തില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന ക്ഷേമേന്ദ്രന്‍ സംസ്കൃതത്തില്‍ രചിച്ച ‘ബൃഹല്‍ക്കഥാമഞ്ജരി’ ആണ് ഇന്ന് ലഭ്യമായ ഒരു ബൃഹത്ക്കഥാ വിവര്‍ത്തനം. ഈ വിവര്‍ത്തനത്തെക്കാള്‍ മനോഹരമായ സോമദേവഭട്ടന്റെ കഥാസരിത്‌സാഗരമെന്ന വിവര്‍ത്തനത്തിന്റെ ഔജ്ജ്വല്യത്തില്‍ ബൃഹത്ക്കഥാമഞ്ജരി മുങ്ങിപ്പോയി. പിന്നീട് വിക്രമാദിത്യകഥകള്‍ കഥാസരിത് സാഗരത്തിലൂടെ പ്രശസ്തമാവുകയായിരുന്നു. ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ഭരണസാരത്ഥ്യം കൊണ്ട് ‘ചന്ദ്രഗുപ്ത വിക്രമാദിത്യന്‍’ എന്ന് അറിയപ്പെട്ടു എന്നത് ചരിത്രം. പക്ഷെ കഥാസരിത്‌സാഗരത്തിലെ വിക്രമാദിത്യനും ചന്ദ്രഗുപ്ത വിക്രമാദിത്യനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന ചരിത്രം വിദ്യാഭ്യാസ വകുപ്പിന് അറിയില്ലെ? പാഠത്തോടൊപ്പം ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ചിത്രമായി നല്‍കിയിരിക്കുന്നത് ഊരിപ്പിടിച്ച വാളുമായി വേതാളത്തെയും തോളിലിട്ട് തലയോട്ടികള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്ന കൊമ്പന്‍‌മീശക്കാരന്റെ പടമാണ്! ഭരണനൈപുണ്യം കൊണ്ട് പ്രശസ്തനായ ചന്ദ്രഗുപ്തന്‍ രണ്ടാമനോട് വിദ്യാഭ്യാസ വകുപ്പ് ഇത്ര ക്രൂരത കാണിക്കാന്‍ പാടില്ലായിരിന്നുവെന്നാണ് ചാണക്യന്റെ അഭിപ്രായം. കഥാസരിത്‌സാഗരത്തിലെ വിക്രമാദിത്യന്‍ പരകായപ്രവേശം നടത്തുന്നത് വിവരിച്ചിട്ടുണ്ട്. പക്ഷെ ഗുപ്ത രാജവംശത്തിലെ ചന്ദ്രഗുപ്തന്‍ രണ്ടാമനുമായി ഈ കഥകള്‍ക്ക് പുലബന്ധം പോലുമില്ല. ചൈനീസ് സഞ്ചാരിയായ ഫാഹിയാന്റെ യാത്രാവിതരണം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സര്‍വവിജ്ഞാനകോശത്തിലെ മൂന്നാമത്തെയും പത്താമത്തെയും പുസ്തകം, എന്‍. ബി. എസ് പുറത്തിറക്കിയ വിശ്വവിജ്ഞാനകോശം എന്നിവയില്‍ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്തെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്. ഇതൊക്കെ ഒഴിവാക്കി പാഠഭേദവുമായി ബന്ധമില്ലാത്ത വിക്രമാദിത്യകഥകള്‍ ശേഖരിച്ച് ക്ലാസില്‍ അവതരിപ്പിക്കാനാണ് കരിക്കുലം കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്‍ഡ്യാ ചരിത്രത്തെക്കുറിച്ച് പഠിക്കാതെയാണ് പുസ്തകവും അതിന്റെ വായനാക്കുറിപ്പും തയ്യാറാക്കിയിക്കുന്നതെന്ന് വ്യക്തം. ചരിത്രത്തെ ഇങ്ങനെ വളച്ചൊടിച്ച് വിദ്യാര്‍ത്ഥികളെ വിഢികളാക്കുകയാണ് പുസ്തക രചയിതാവ് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷമായി സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തെറ്റായ ഈ പാഠമാണ് പഠിച്ചു വരുന്നത്. 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം ഈ തെറ്റ് പഠിച്ചു കഴിഞ്ഞു. എന്നിട്ടും ഇത് പഠിപ്പിച്ച അദ്ധ്യാപകരോ, മതമില്ലാത്ത ജീവന് വേണ്ടി സമരം ചെയ്യുന്നവരോ, മറ്റ് ബുദ്ധിജീവികളോ ഈ തെറ്റ് കണ്ടെത്തിയില്ല.

17 comments:

ചാണക്യന്‍ said...

വിദ്യാഭ്യാസ വകുപ്പെ,
ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ തോളത്തു നിന്നും വേതാളത്തെ താഴെയിറക്കൂ........!!!

കൌടില്യന്‍ said...

താഴെയിറക്കൂ........!!!

ജിജ സുബ്രഹ്മണ്യൻ said...

താഴെ ഇറക്കിയാലും വീണ്ടും തോളില്‍ കേറില്ലേ വേതാളം !!

vishnu വിഷ്ണു said...

രാഷ്ട്രീയ കോമരങ്ങളുടേ വൈതാളിക വാഴ്ച്ചക്കിടയില്‍ (വേഴ്ച്ച) ഏത് വിക്രമാദിത്യന്‍ ? എന്ത് വേതാളം ...........
എങ്കിലും ഞാനും കൂടുന്നു......
വേതാളത്തെ താഴയിറക്കുക.....വൈതാളികരെ തിരിച്ചറിയുക......

മാണിക്യം said...

ഇത് പഠിപ്പിച്ച അദ്ധ്യാപകരോ,
മതമില്ലാത്ത ജീവന് വേണ്ടി സമരം ചെയ്യുന്നവരോ,
മറ്റ് ബുദ്ധിജീവികളോ ഈ തെറ്റ് കണ്ടെത്തിയില്ല.

.... അതും പറഞ്ഞ് വേതാളംവീണ്ടും മരത്തില്‍ തൂങ്ങി...

ഗുപ്തന്‍ said...

നല്ലകുറിപ്പ് :)

പാമരന്‍ said...

ഇങ്ങനെ വല്ല കാര്യമുള്ള കാര്യത്തിനുമായിരുന്നു ഈ വിവാദമൊക്കെയെങ്കില്‍..!

Unknown said...

തെറ്റുകള്‍ കണ്ടും പഠിച്ചും കുട്ടികള്‍ വളരട്ടേ

Suraj said...

നന്നായി മാഷേ ഇത്.

ഇങ്ങനെയൊക്കെ കൃത്യമായി മൂര്‍ത്ത ഉദാഹരണങ്ങള്‍ സഹിതം പുറത്തുവരുമ്പോഴേ പുസ്തകത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും തെളിയൂ. അല്ലാതെ "അതിഗഹനഫിലൊസോഫിക്കല്‍ ബൌദ്ധിക പുഷ് അപ്പ് " ഇരുപത്തിയഞ്ചു വട്ടം ഒറ്റവിരലിന്മേല്‍ നിന്ന് എടുക്കുമ്പോലെ ലേഖനമെഴുതി പിന്നെ പ്രശ്നവല്‍ക്കരിക്കുകമാത്രമാണെന്‍ ധര്‍മ്മം പരിഹാരം നിങ്ങള്‍ കണ്ടെത്തണം എന്ന് അതേ സിസ്റ്റത്തിനകത്തിരുന്നോണ്ട് ഛര്‍ദ്ദിക്കുന്നതല്ല. അതിന് ഈ പോസ്റ്റ് ഒരു മാതൃകയാവട്ടെ.
അഭിവാദ്യങ്ങള്‍.

Suraj said...

...

Mr. K# said...

വേതാളങ്ങളെ എത്രയും പെട്ടെന്ന് താഴെയിറക്കണം.

യാരിദ്‌|~|Yarid said...

ഹഹ ചാണക്യന്‍ അങ്ങു തകര്‍ത്തു വാരുവാണല്ലൊ..നന്നായിരിക്കുന്നു, എല്ലാം നല്ല വൃത്തിയായി തെളിവു സഹിതം എഴുതിയിരിക്കുന്നു, എഴുതുന്നെങ്കില്‍ ഇങ്ങ്നെ എഴുതണം. വായില്‍ തോന്നുന്നതു കോതക്കു പാട്ട് എന്ന രീതിയില്‍ എഴുതുന്ന്ന ചേട്ടന്മാര്‍ ഈ പോസ്റ്റ് ഒന്നു വായിച്ചാട്ടെ...;)

ഓഫ്: ചാണു( ചാണക്യനെ സ്നേഹപൂര്‍വ്വം വിളിക്കുന്നതാണ്. നാളെ ചിലപ്പോള്‍ ചാണകമെ എന്നും വിളിക്കും, സ്നേഹകൂടുതല്‍ കൊണ്ടാണ്..വേറൊന്നും വിചാരിക്കണ്ട..;) ബ്ലോഗ് റീഡബിള്‍ അല്ല, കണ്ണിനു അസ്വസ്തത ഉണ്ടാക്കുന്നു ബാക്ക് ഗ്രൌണ്ട് കളറും, ടെക്സ്റ്റ് കളറും മാച്ച് ചെയ്യുന്നില്ല. ഫോണ്ട് സൈസ് കുറച്ചു കുറക്കാം. പാരഗ്രാഫ് തിരിച്ചു, വരികള്‍ക്കിടയില്‍ അല്പം സ്പെയിസ് വിട്ടൊക്കെ എഴുതു..:)

ചാണക്യന്‍ said...

കൌടില്യന്‍, കാന്താരിക്കുട്ടി, വിഷ്ണു, മാണിക്യം,ഗുപ്തന്‍,പാമരന്‍,അനൂപ് കോതനല്ലൂര്‍, സൂരജ്‌‌, കുതിരവട്ടന്‍-
എല്ലാവരോടും നന്ദിയുണ്ട്, ഇവിടെ വന്നതിനും കമന്റിയതിനും, നന്ദി വളരെയേറെ...

ചാണക്യന്‍ said...
This comment has been removed by the author.
ചാണക്യന്‍ said...

യാരിദെ എന്റെ ഗുരുവെ,
താങ്കള്‍ എന്നെ ചാണൂ എന്നോ ചാണകമെന്നോ വിളിച്ചോ, പുണ്ണാക്ക് മാടാ എന്ന് മാത്രം വിളിക്കരുതേ...
താങ്കളിവിടെ വന്നതിനും കമന്റിയതിനും നന്ദി മാഷെ..

Sojo Varughese said...

അതാണ്.... ഇതിന് ഒരു വിവാദത്തിന്‍റെ കോപ്പൊന്നും ഇല്ല മാഷേ...

പിള്ളേരെ എങ്ങനെ മതമൌലികവാദം പഠിപ്പിച്ചെടുക്കാം എന്ന വിഷയത്തെ കുറിച്ച് കഷ്ടപ്പെട്ട് നമ്മുടെ സാംസ്കാരിക നായകന്മാര്‍ ചിന്തിക്കുന്നതിനിടയില്‍ ദയവു ചെയ്ത് ഇത്തരം കൊനഷ്ടു പിടിച്ച ഇടപാടുകളുമായി ദയവു ചെയ്ത് ഇറങ്ങല്ലേ മാഷേ... വെറുതെ മനുഷ്യന് പണിയുണ്ടാക്കാന്‍....

വേതാളത്തെ നമ്മള്‍ കണ്ടില്ല എന്നാ മാഷിന്‍റെ വിചാരം? ഒന്നു ചുമ്മാതിരിയെന്നേ. നമ്മള്‍ മിണ്ടാതിരുന്നതല്ലേ. ഇനി നമ്മള്‍ അതില്‍ കയറി പിടിച്ചാല്‍ നമ്മടെ ബേബി മാഷ് ഇനി അതും പുത്തകത്തീന്നു നീക്കം ചെയ്‌താല്‍ മടങ്ങി ഇല്ലേ കട്ടേം പടോം . ആകപ്പാടെ നമ്മുടെ അജണ്ട മുന്‍പോട്ടു നീക്കാന്‍ ഉള്ള ഒരു പിടിവള്ളിയാ ആ വേതാളം. ഉടനെ അതും കുത്തി പൊക്കി. വല്ല കാര്യവും ഉണ്ടോ?

[ഏഴാം ക്ലാസിലെ പുസ്തകം പുഷ് ചെയ്യാന്‍ ഇറങ്ങിയ മഹാന്മാരെ മഹതികളെ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ? ഇനി ആറാം ക്ലാസിലെ പുസ്തകം പുഷ് ചെയ്യാന്‍ നമ്മള്‍ ഇറങ്ങണോ വേണ്ടയോ? ഒരു ഇടയ ലേഖനം ഉടന്‍ പ്രതീക്ഷിക്കുന്നു. എന്നിട്ട് വേണം എന്തൊക്കെ പറയണം എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കാന്‍....]

പി എസ്: ചാണക്യന്‍ ചേട്ടായിയെ, അതിന്‍റെ ഒരു സ്കാന്‍ ചെയ്ത കോപ്പി ബ്ലോഗില്‍ ഇടുമോ? അച്ചായന്മാരും, കൊച്ചാട്ടന്മാരും ഇക്കാമാരും ഒന്നു കാണട്ടെ പഹയാ....കണ്ടു സായു‌ജ്യം അടയട്ടെ....

ടോട്ടോചാന്‍ said...

നന്നായി, ഇത്തരം സമീപനങ്ങളാണ് ആവശ്യം.
തെറ്റ് കൃത്യമായി ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്.
പാഠപുസ്തക കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിക്കും. ധൈര്യമായി അയച്ചു കൊടുക്കൂ...

കിഴക്കുനോക്കിയന്ത്രം