കേരളീയ കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയാണോ?
കഴിഞ്ഞ ദിവസത്തെ പത്രവാര്‍ത്തകള്‍ നോക്കൂ..
പാലക്കാട് പുതുശേരിയില്‍ 32 വയസുകാരനെ പെറ്റമ്മ മഴുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. അമിതമായി മദ്യപിച്ച ശേഷം തല സ്വയം ചുവരിലിടിച്ച് പൊട്ടിക്കുകയും ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത യുവാവ് സഹോദരനേയും ഭാര്യയേയും വീടിനു പുറത്താക്കി അവരുടെ മുറിക്ക് തീയിട്ട ശേഷം ഉറങ്ങുമ്പോഴായിരുന്നു പെറ്റമ്മയുടെ അറ്റകൈപ്രയോഗം.
കായംകുളത്തിനടുത്ത് വള്ളിക്കുന്നത്ത് പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്ന 33 വയസ്സുകാരനെ പിതാവാണ് കോടാലി കൊണ്ട് വെട്ടിക്കൊന്നത്.
ഈ വാര്‍ത്തകള്‍ക്ക് മുന്നേ സമാന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പട്ടാമ്പിയില്‍ ഗൃഹനാഥന് മകളെ മാനഭംഗപ്പെടുത്തിയ ശേഷം ഭാര്യയേയും മറ്റ് മക്കളേയും കൊന്ന് കുഴിച്ചു മൂടിയ സംഭവം കേരളത്തെ നടുക്കിയിരുന്നു.
സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ നിത്യശല്യമായിരുന്ന മദ്യപനായ മകനെ പിതാവ് കൊന്ന് തെങ്ങിനു വളമാക്കിയത് ഇടുക്കി ജില്ലയിലാണ്.
ഇതേ ജില്ലയില്‍ തന്നെയാണ് അമ്മയെ മകന് മാനഭംഗപ്പെടുത്തിയ സംഭവവും ഉണ്ടായത്.
എല്ലാവിധ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന മകന് ഒരു തരത്തിലും അടങ്ങില്ലെന്ന് കണ്ടപ്പോള്‍ അയല്‍വാസിയുടെ ഒത്താശയോടെ പരമസാത്വികനായ പിതാവ് പൂര്‍ണ്ണമനസോടെ ആ മകനെ വകവരുത്തിയ സംഭവമാണ് ഏതാനും വര്‍ഷം മുന്‍പ് കോട്ടയത്തിനു സമീപത്ത് ഉണ്ടായത്.
രക്തബന്ധങ്ങള്‍ക്ക് വാഴനാരിന്റെ ബലം പോലും ഇല്ല എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ നടമാടുന്നു. അച്ഛന് മകളെ ബലാത്സംഗം ചെയ്യുന്നു, മകന് അമ്മയെ മാനഭംഗപ്പെടുത്തുന്നു, സഹോദരന് സഹോദരിയെ......അപലപനീയ സംഭവങ്ങളുടെ പട്ടിക നീളുന്നു...
സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സമൂഹ മനസാക്ഷിയെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അനവരതം നടന്നു കൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ പവിത്രമായിക്കണ്ടിരുന്ന കുടുംബബന്ധങ്ങളുടെ ശൈഥില്യത്തെയാണ് ഈ ഹീന സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സദാചാര പ്രഘോഷണങ്ങള്‍ ഊണിലും ഉറക്കത്തിലും ഉരുവിട്ടിരുന്ന മലയാളികളുടെ സദാചാരബോധം ഇന്ന് പുസ്തകത്താളുകളില്‍ ഒതുങ്ങിയിരിക്കുന്നു. പുരുഷന് അമ്മയോടും മകളോടും സഹോദരിയോടും കാമം തോന്നുന്ന തരത്തിലായിരിക്കുന്നു സാമൂഹിക അപഭ്രംശവും മൂല്യഛ്യുതിയും. മദ്യത്തിന്റെ പിടിയില്‍ നാട്ടിനും വീട്ടിനും കൊള്ളരുതാത്തവരായി മാറിയ മക്കളെ ആറ്റുനോറ്റ് ജന്മം നല്കി പോറ്റിവളര്‍ത്തിയവര്‍ തന്നെ കൊന്ന് കുഴിച്ചു മൂടി പ്രശ്ന പരിഹാരം കാണുന്നു.
കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബ സംസ്കാരത്തിലേക്ക് കൂടുമാറ്റം നടത്തിയപ്പോഴുണ്ടായ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ അറംപറ്റലാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഹേതു എന്ന വാദം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ല. അമിത ഭോഗാസക്തിയും മദ്യപാനാസക്തിയും മലയാളിയെ പുറമെ സദാചാര സംരക്ഷകനും അകമെ സദാചാര ധ്വംസകനും ആക്കി മാറ്റിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അതിവേഗം ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം മുന്നേറുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
വിദ്യാഭ്യാസപരമായി മുന്നാക്കത്തിലെത്തുന്ന ഒരു ജനത സാമൂഹികമായി ഉയര്‍ന്ന ബൌദ്ധിക നിലവാരം പുലര്‍ത്തും എന്ന കാഴ്ച്ചപ്പാട് മലയാളിയെ സംബന്ധിച്ച് തെറ്റാണെന്ന് വരുന്നു. കാരണം സദാചാരത്തിന്റെ വഴികളില്‍ സ്വയം മറന്ന് പ്രവര്‍ത്തിച്ചവരില്‍ മിക്കവരും അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടുള്ളവരായിരുന്നു.
കേരളം മനോരോഗികളുടെ നാടായി മാറുകയാണോ?
Thursday, June 18, 2009
Subscribe to:
Post Comments (Atom)
25 comments:
കേരളം മനോരോഗികളുടെ നാടായി മാറുകയാണോ?
കേരളത്തെ മനോരോഗികളാക്കുകയാണ് സിനിമയും ടിവിയും ചെയ്യുന്നത്. കഴിവതും അവര്‍ക്ക് പണം നല്‍കാതിരിക്കുക.
പ്രിയപ്പെട്ട ചാണൂ,
ഇതൊരു നല്ല ചര്‍ച്ചയാവട്ടെ എന്ന് ആശംസിക്കുന്നു.
മനോരമ ചാനലിനു കുറ്റപത്രം എന്നാ പരിപാടി അവതരിപ്പിക്കാന്‍ ഒരു പഞ്ഞവുമില്ലാതെ സംഭവങ്ങള്‍ ലഭിക്കുന്നു എന്നുള്ള സത്യം തികച്ചും ആശ്ചര്യത്തോടെ മാത്രമേ നോക്കിക്കാണാന്‍ പറ്റൂ. ഇവിടെ പിടിക്കപെടുന്നതോ, അല്ലെങ്കില്‍ ഇതുപോലെ ഒരു മരണത്തിലോ അത്യാഹിതത്തിലോ പെടുമ്പോള്‍ മാത്രമേ പുറം ലോകം അറിയുന്നുള്ളൂ. അറിയാതെ പോകുന്ന എത്രയെത്ര സംഭവങ്ങള്‍....പെണ്ണുള്ളിടത്തു പെണ് വാണിഭവും ഉണ്ടാവും എന്ന് പറഞ്ഞ ഒരു നിഷ്കളങ്ക നേതാവിന്റെ കാഴ്ചപ്പാട് ശരിയായിരുന്നു എന്ന് കാലം തെളിയിക്കും വിധമുള്ള വാര്‍ത്തകള്‍ ഉറക്കം കെടുത്തിക്കൊന്ടെയിരിക്കുന്നു. ഒരു പക്ഷെ ഇതെല്ലാം ഒരു സ്പോണ്‍സേര്‍ഡ് പരിപാടിയായി വിപണനം ചെയ്യപ്പെടുമ്പോള്‍ ഒരു ന്യൂസ് വാല്യു ഉണ്ടാക്കാന്‍ വേണ്ടി പ്രമാദമാക്കുകയാണോ എന്നും നാം അന്വേഷിക്കേണ്ടതുണ്ട്.
എങ്കിലും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും അഭിലഷണീയമല്ല.ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാകട്ടെ എന്ന് കരുതി സമാധാനിക്കാം, സത്യത്തില്‍ അങ്ങിനെയല്ലെങ്കിലും...
മനോരോഗമല്ലെങ്കിലും നമ്മുടെ സമൂഹത്തില്‍ മറ്റെന്തോ ധര്‍മ്മച്യുതി സംഭവിച്ചിരിക്കുന്നു. പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ പെരുകുന്നു, കൊലപാതകങ്ങള്‍, ഗുണ്ടാ വിളയാട്ടങ്ങള്‍,മോഷണം....
ചാണൂ ഞാന്‍ ഫികാര ഭരിതനായില്ലല്ലോ,അല്ലെ?
ജഗദീശിനോട് യോജിക്കുന്നു.
“മദ്യം എല്ലാ തിന്മയുടേയും മാതാവാണ്”, “മദ്യം എല്ലാ തിന്മയുടേയും താക്കോലാണ്”
എന്നിങ്ങനെയുള്ള വാക്യങ്ങളെല്ലാം എത്ര സത്യമാണ് എന്ന് തെളിയിക്കപ്പെടുകയാണ്.
മദ്യപാനം വളര്‍ത്തുന്നതില്‍ സിനിമകള്‍ വലുതയൊരു പങ്കുവഹിക്കുന്നുണ്ട്. കഴിവതും അവയെ പ്രോത്സാഹിപ്പിക്കാതിരിക്കുക. താരങ്ങള്‍ പോലും പരസ്യങ്ങളിലൂടെ ചോദിക്കുന്നു “വൈകീട്ടെന്താ പരിപാടീന്ന്”.
മനുഷ്യന്റെ ഏറ്റവും വലിയ ഗുണം ചിന്തിച്ചു പ്രവര്‍ത്തിക്കുവാനുള്ള കഴിവാണ്. മദ്യം അകത്തു ചെന്നാല്‍ അതാദ്യമായി ആക്രമിക്കുന്നതും അതിനെതന്നെ.
മലയാളികളുടെ മാറുന്ന ശീലങ്ങൾ തന്നെയാണു എല്ലാത്തിനും കാരണം.കുടുംബബന്ധങ്ങൾക്ക് പഴയ പോലുള്ള തീവ്രത ഇന്നില്ല.അമ്മയ്ക്കും അച്ഛനും മക്കൾക്കും തമ്മിൽ സ്നേഹബന്ധം പീലും ഇല്ല.എല്ലാവരും വീട്ടിൽ ഒരുമിച്ചിരിക്കുന്ന സന്ദർഭം തന്നെ കുറവ്.ഇവിടെ എന്റെ വീടിനടുത്ത് ഒരു വീട്ടിൽ അച്ഛൻ സന്ധ്യാനേരത്ത് കള്ളുഷാപ്പിൽ പോകും.അമ്മ ആ സമയത്ത് സന്ധ്യവിളക്ക് കൊളുത്താൻ പോലും മെനക്കേടാതെ അയലുവക്കങ്ങളിൽ പോകും.ഈ വീട്ടിലെ മക്കളുടെ സ്ഥിതി പിന്നെ പറയേണ്ട കാര്യമുണ്ടോ.എന്നും വഴക്കും ബഹളവും.
ടി വിയും കമ്പ്യൂട്ടറുമൊക്കെ മലയാളിയൂടെ ജീവിതരീതി ആകെ മാറ്റി മറിച്ചിരിക്കുന്നു.നല്ല പോസ്റ്റ് ചാണക്യൻ.
നേരത്തെ സൂചിപ്പിച്ച അഭിപ്രായങ്ങളെ പോലെതന്നെ, മദ്യമാണ് മിക്കപ്പോഴും പ്രശ്നമെന്നു കാണാവുന്നതാണ്.
എത്ര നിസാരതയോട് കൂടിയാണ് ആളുകള്‍ പ്രശ്നത്തെ സമീപിക്കുന്നത് മദ്യം മാത്രമാണോ ഈ സാമൂഹിക വിപത്തിന് കാരണം അതോ മറ്റു വല്ലതും മലയാളിയെ കാര്‍ന്നു തിന്നുന്നുണ്ടോ ? ചിന്തിക്കാം .
ഓടോ - ചാണക്യ ഞാന്‍ രണ്ടു സ്മാള്‍ അടിച്ചിട്ട് ഉടനെ വരാം .
ചാണക്യാ,
വളരെ പ്രസക്തമായ വിഷയം.
അണുകുടുംബ വ്യവസ്ഥ തന്നെ പ്രതിക്കൂട്ടില്‍ എന്നു പറയേണ്ടി വരും. ടെന്ഷനുകളും, അതേ തുടന്നുണ്ടാവുന്ന മദ്യവും മയക്കുമരുന്നുമടക്കമുള്ള ദുശ്ശീലങ്ങളും പെരുകുന്നതിന് കാരണം മറ്റെന്താണ്?
കുടുംബ ബന്ധങ്ങള്‍ക്ക് കെട്ടുപ്പില്ലെന്ന് നാം വിശ്വസിക്കുന്ന വിദേശ രാജ്യങ്ങളില്‍ ഇത് കുറവാണെന്നോ അല്ലെങ്കില്‍ ഈ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യപ്പെട്ടിട്ടില്ലെന്നോ പറയേണ്ടി വരും.
ഏതായാലും കൂടുതല്‍ ചര്‍ച്ചകള്‍ വരട്ടെ.
കേരളം മനോരോഗികളുടെ നാടായി മാറുകയാണോ?
തീര്‍ച്ചയായും!!
വാര്‍ത്തകള്‍ അതാ സൂചിപ്പിക്കുന്നത്
കേരളം ഒരു ഭ്രാന്താലയം എന്ന് അന്ന് വിവേകാനന്ദന് പറഞ്ഞില്ലേ?
ഇന്ന് കുടുംബ ബന്ധങ്ങൾക്ക് യാതൊരു വിലയില്ലാതെ ആവുകയാണ്.സേനഹം ദയ കാരുണ്യം ഇതൊക്കെ നമ്മുടെ സമൂഹത്തിൽ അന്യമാകുകയാണ്.
അപ്പോ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന ഒരു ശീലം ഇന്ന് മലയാളിയിൽ ഉണ്ടായിരിക്കുന്നു.
സഹിക്കുക
പ്രതികരിച്ചിട്ട് ഒരു കാര്യവുമില്ല.
ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങള്‍ ഇത്തരം ദുരന്തങ്ങള്ക്കു് ഒരു പ്രധാന കാരണം തന്നെ. അഛനുമമ്മയും മക്കളും ഒത്തുചേരുന്ന സമയം തന്നെ വളരെ കുറവു്. ഇനി അഥവാ വല്ലപ്പോഴും അതുണ്ടെങ്കില്‍ തന്നെ തുറന്നു സംസാരിക്കലും ഇല്ല. മക്കള്‍ എവിടെ ചെന്നെത്തുന്നുവെന്നു് അച്ഛനോ അമ്മയോ അറിയാറില്ല. കൈ നിറയെ കാശുകിട്ടാനും വഴികളേറെ. വഴി തെറ്റി പോകുന്നില്ലെങ്കിലല്ലേ അത്ഭുതം? തിരിച്ചു കൊണ്ടുവരാന്‍ പറ്റാത്ത ഒരു അവസ്ഥയിലെത്തിക്കഴിഞ്ഞാല്‍; അതായിരിക്കണം ഈ അച്ഛനുമമ്മയുമൊക്കെ ചെയ്തിട്ടുള്ളതു്.
പ്രസക്തമായ വിഷയം. കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ കാലത്ത് ഒമ്പതുമണിക്ക് ബീവറേജസ് തുറക്കാന്‍ കാത്തു നില്ക്കുന്നവരുടെ നീണ്ട ക്യൂ കണ്ടൊന്നു ശെരിക്കും ഞെട്ടിയതാ..
എന്ത് കാരണങ്ങള്‍ പറഞ്ഞാലും സത്യം തന്നെ. സാംസ്കാരിക മൂല്യച്ചുതി എന്ന് പറഞ്ഞു തലയൂരാമെങ്കിലും ഇനിയും തിരുത്തേണ്ടിയിരിക്കുന്നു,
കാലികപ്രസക്തിയുള്ള ഒരു വിഷയം.കാലം കഴിയും തോറും സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് വീമ്പിളക്കുന്ന മലയാളിക്ക് എന്ത് സംഭവിക്കുന്നുവെന്ന് നാം കാണണം.എന്താണ് ഇതിന്റെ കാരണം? നാം ചിന്തിക്കേണ്ട വിഷയമാണിത്.ഇതിന് പരിഹാരമില്ലേ?
നന്ദി...മാഷെ...നന്ദി...
വെള്ളായണി
എന്താണീവിഷയത്തേക്കുറിച്ച് എഴുതേണ്ടത് എന്നു കുറേ ആലോചിച്ചിരുന്നു. കാരണം ഒന്നും എഴുതിയിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ ജനവിഭാഗങ്ങളില്‍ കാണപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റണമെങ്കില്‍ ‘സൌദി’യിലെ നിയമമോ മറ്റോ കൊണ്ടുവരണം..
ഇല്ലാതെയൊന്നും ഇതിനൊന്നും ഒരു അറുതിയും വരില്ല...
എവിടെയോ എന്തോ പ്രശ്നമുണ്ട്....
മദ്യം അല്ലെങ്കിൽ TV എന്നൊന്നും ഒറ്റകാരണത്തിലൊതുങ്ങുന്നതല്ല അത്.
നമുക്കെവിടെയോ പിഴച്ചു.മാതൃകകളുടെ അഭാവമാവാം കാരണങ്ങളിലൊന്ന്.
കൂടുതലൊന്നും തോന്നുന്നില്ല... അറിയില്ല... പക്ഷെ എവിടെയോ എന്തോ പ്രശ്നമുണ്ട്...
ചാണക്യാ,
നന്നായിരിക്കുന്നു പോസ്റ്റ്.
കുറ്റങ്ങളുണ്ടെങ്കിലും... മദ്യത്തേയും,ടിവിയേയും
കുറ്റം പറഞ്ഞു തലയൂരാന്‍ ശ്രമിച്ചാലൊന്നും
പ്രശ്ന പരിഹാരമാകില്ല.
നമ്മുടെ പണത്തോടുള്ള അടിമത്വത്തിന്റെ
തോതനുസരിച്ചു നോക്കുംബോള്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സാമൂഹ്യരോഗം
വേണ്ടത്ര ശക്തിപ്പെട്ടു കാണുന്നില്ല.ഒരു നൂറിരട്ടിയെങ്കിലും ഈ രോഗം സമൂഹം മൂടിവക്കുന്നുണ്ടായിരിക്കണം.ഒരു പക്ഷേ അതിലും എത്രയോ മടങ്ങ് ഈ രോഗം ദുരഭിമാനത്തിന്റെ കംബളങ്ങളിട്ട് ഓളിപ്പിച്ചുവക്കുന്നുണ്ടായിരിക്കും.
എന്തായാലും ഇതൊരു യാഥാര്‍ഥ്യമാണ്.സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് വിലയില്ലാതാകുന്നത് പണം മൂല്യബോധം നിശ്ചയിക്കുന്നിടത്തുവച്ചാണ്.കംബോളം സ്നേഹത്തിനുപോലും വിലയിടുംബോള് മൂല്യങ്ങള്‍ മാവേലിയെപ്പോലെ ചവിട്ടി താഴ്ത്തപ്പെടുന്നത് സ്വാഭാവികം.
ചിത്രകാരന്റെ ഭ്രാന്ത് തുടങ്ങട്ടെ....
പണത്തിനു മുന്നില്‍ ചരക്കിനു മാത്രമേ വിലയുള്ളു.
എല്ലാം ചരക്കാക്കുക എന്നതുമാത്രമാണ് “മൂല്യ”മുള്ളവരാകാനുള്ള വഴി.സ്ത്രീയും,പുരുഷനും ചരക്കാക്കപ്പെടുംബോള് അവിടെ സ്നേഹം എന്ന ലോല വികാരം വിഢികളുടെ സ്വപ്നമാകുന്നു.
ബുദ്ധിയുള്ളവര്‍ ഇന്‍സ്റ്റന്റ് പ്ലാസ്റ്റിക് സ്നേഹപ്പൂക്കള്‍ കൈമാറി സ്നേഹം അന്തസ്സോടെ പ്രകടിപ്പിക്കുംബോള്‍
വിഢികള്‍ സ്നേഹത്തിനുവേണ്ടി അലഞ്ഞ് സഹതാപപാത്രങ്ങളാകുന്നു.
ഇതാണു നമ്മുടെ ഇപ്പോഴത്തെ പൊതുധാര സംസ്ക്കാര ചിത്രം!!!
വിദേശത്തുനിന്നും,റബ്ബര്‍-നാണ്യ്വിള,റിയല്‍ എസ്റ്റേറ്റ്,ഐടി രംഗങ്ങളില്‍ നിന്നും ഒഴുകി വരുന്ന പണം വിയര്പ്പറിയാത്തതും,അര്‍ഹതയില്ലാത്തതുമായ കൈകളിലേക്ക് വന്നുചേരുംബോള്‍ സമൂഹത്തിന്റെ ഹൃദയത്തില്‍ നിന്നും സ്നേഹബന്ധങ്ങള്‍ വറ്റിപ്പോകേണ്ടതാണ്... അവിടെ തടയണകെട്ടിക്കൊണ്ട്, പാരംബര്യത്തിന്റെയോ/സംസ്ക്കാരത്തിന്റെയോ സ്നേഹത്തിന്റെ മടിത്തട്ടുമായി അമ്മയായോ ഭാര്യയായോ ഒരു സ്ത്രീ ഇല്ലെങ്കില്‍!
നമ്മുടെ സമൂഹം ആ സ്ത്രീയെക്കൂടി കംബോളത്തിലിറക്കി പണം സംബാദിക്കാനുള്ള
അത്യാഗ്രഹത്തിലാണ്.പ്രായോഗികതയും,
സാമര്‍ത്ഥ്യവും,കപടനാട്യവും സ്നേഹത്തെക്കാള്‍ മികച്ച
ധനാഗമ മാര്‍ഗ്ഗമായതിനാല്‍ സ്നേഹത്തെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കി പുരോഗതി പ്രാപിക്കാമെന്ന
നമ്മുടെ കണക്കുകള്‍ സമൂഹത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡല്ലാതെ ഓക്സിജന്‍ പുറം തള്ളുകയില്ല.
സമൂഹത്തില്‍ സ്നേഹവും നന്മയും പ്രസരിപ്പിക്കേണ്ട സ്ത്രൈണത നമ്മുടെ തരികിട പ്രീണന കുബുദ്ധിക്കടിപ്പെട്ട് പുരുഷ വന്യതയായി പരിവര്‍ത്തനം ചെയ്യപ്പെടുംബോള്‍ കായലിലും,പുഴയിലും,കുളത്തിലും,കടലിലും വെള്ളമുണ്ടെങ്കിലും
കുടിവെള്ളത്തിനായി മുനിസിപ്പാലിറ്റിയുടെ ലോറി വെള്ളം വരേണ്ടിയിരിക്കുന്നു.കാശുള്ളവന് കുപ്പിവെള്ളവും ,വിദേശമദ്യവും കഴിക്കേണ്ടിവരുന്നു.
സ്ത്രീജനങ്ങളെ ടിവിക്കു മുന്നിലിരുത്തി സീരിയല്‍ കാണിച്ചു കരയിക്കുന്നതിനാല് അവര്‍ കുറച്ചു കാലം കൂടി കണ്ണീരുകുടിച്ച് ആശ്വസിക്കും,അതും മടുത്തുപോയാല്‍ പുരുഷന്മാരെപ്പോലെ ബീവറേജ് കോര്‍പ്പറേഷനുമുന്നില്‍ രാവിലെ മുതല്‍ ക്യൂ നില്ക്കാനാരംഭിക്കും. പിന്നെ, പെണ്വാണിഭമൊന്നും വാര്‍ത്തയല്ലാതാകും. സഖാവ് നായനാര്‍ സ്വപ്നം കണ്ട ചായകുടിപോലെയുള്ള നിസ്സാര പ്രശ്നമാകും. ആ വിഷ്ണുലോകത്തിലേക്ക്
മദ്യത്തേയും,ടിവിയേയും ശപിച്ചുകൊണ്ട് നമുക്ക് ക്യൂ നില്ക്കാം !!!
ഇതൊക്കെ വെറും ക്രമസമാധാന പ്രശ്നം മാത്രമല്ല,
സാമൂഹ്യ ജീര്‍ണ്ണതയുടെ കെട്ടു നാറ്റമാണ്.
നമ്മേ നമ്മള് കണ്ടെത്താത്ത കാലത്തോളം
ഇതെല്ലാം സഹിച്ചേ പറ്റു ചാണക്യ !
ചണക്യാ ഇന്നാണ് ഈ വഴി വന്നത്.സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം സംഭവങ്ങള്‍ കാലങ്ങളായി നടക്കുന്നുണ്ട്. പണ്ട് വീട്ടിലെമുതിര്ന്നവര് നാണക്കേട് എന്നുകരുതി അടിച്ചമര്‍ത്തിയിരുന്നതിനാല്‍ പുറംലോകം അറിഞ്ഞിരുന്നില്ല. ഇന്നു സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വ്യത്യാസം. തങ്ങള്‍ക്കുണ്ടാവുന്ന നാണക്കേടിനെക്കാള്‍ മറ്റൊരാള്‍ക്ക് ഈ അനുഭവമുണ്ടാകരുത് എന്ന തോന്നലും കുറ്റവാളി അടുത്ത ബന്ധുവായാല്‍ പോലും ശിക്ഷിക്കപ്പെടണം എന്ന ചിന്തയും പൊതുവെ വന്നിട്ടുണ്ട്. സ്ത്രീകളെ ഈയൊരു നിലയിലേക്കുയര്ത്തിയതില് മീഡിയക്ക് വലിയൊരു പങ്കുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീയെ ഒരു ഉപഭോഗവസ്തുവായികാണുന്ന ഒരു സംസ്കാരം കേരളത്തിലുണ്ട്. കേരളത്തിന് പുറത്ത് ജീവിച്ചവര്‍ക്ക് ഈ വ്യത്യാസം കുറച്ചുകൂടി മനസ്സിലാവുമെന്ന് തോന്നുന്നു.
ഓ വല്ലാതെ നോവുന്നു ഇതൊക്കെ വായിച്ചിട്ട്. ചില കേസുകളില്‍ കൊന്നവരേക്കാള്‍ കുറ്റക്കാരല്ലേ കൊല്ലപ്പെട്ടവര്‍. ആ അച്ഛനും അമ്മയും ഒക്കെ അത്രക്ക് മനസ്സു മുട്ടിയിട്ട് ചെയ്തു പോയതാകും. കണ്ടീല്ലേ രണ്ടു ദിവസം മുന്‍പുള്ള ഒരു വാര്‍ത്ത, വെറും 24 വയസ്സുള്ള എഞ്ചിനീയര്‍ പയ്യന് കൊലപാതകങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഗുണ്ടാ സംഘത്തിന്റെ നേതാവ്. ഇത്രേം ചെറു പ്രായത്തില്‍ ഇത്രയധികം ക്രൂരത എങ്ങനെ മനസ്സിനകത്ത് കുടിയേറുന്നു? അതിശയം തന്നെ.
tracking>>
ഇതിന്റെ അഭിപ്രായം ഒരു കമന്റില്‍ ഒതുക്കാന്‍ പറ്റുന്നതല്ല. http://perumnuna.blogspot.com/2009/05/blog-post_26.html എന്ന പോസ്റ്റ് സത്യത്തില്‍ ഇതേപോലത്തെ വാര്‍ത്തകള്‍ കണ്ട് സഹിയ്ക്കാന്‍ വയ്യാതെ എഴുതിയതാണ്. കേഴുക പ്രിയ നാടേ.... കേരളം മനോരോഗികളുടെ നാടായി മാറുകയാണോന്നോ..! മുഴുഭ്രാന്തന്മാരുടെ നാട്ടില്‍ എന്തു മനോരോഗം...?
അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും നന്ദി....
വീണ്ടും വരിക....
Post a Comment