Wednesday, February 18, 2009

താന്ത്രിക പൂജ



പ്രത്യുല്പാദന പ്രക്രിയയെ കുറിച്ചുള്ള അബദ്ധജഡിലവും അപരിഷ്കൃതവുമായ ആശയമാണ് താന്ത്രിക പൂജയുടെ ഉല്‍ഭവത്തിനു പിന്നിലുള്ളത്. ലൈംഗിക പ്രക്രിയകളും ലൈംഗിക ശേഷിയും വികാരങ്ങളും ദൈവിക വെളിപാടുകളായി കരുതിയിരുന്നതാണ് ലിംഗയോനി പൂജയുടെ പ്രേരക ശക്തി. ആര്‍ത്തവരക്തത്തോടുള്ള അറപ്പും അത് വര്‍ജ്യമാണ് എന്ന തോന്നലും നിലനില്‍ക്കെ തന്നെ അത് വിവിധ കര്‍മ്മങ്ങക്കുള്ള അവശ്യ ഘടകമായി താന്ത്രിക വിദ്യ അംഗീകരിച്ചിരുന്നു. പ്രാകൃതാചാരങ്ങളാണ് രക്തത്തിന്റെ കടുത്ത നിറത്തേയും മനുഷ്യമനസ്സിനേയും തമ്മില്‍ ബന്ധിപ്പിച്ചത്. അത്തരുണത്തില്‍ ബലി ദൈവിക കര്‍മ്മമായി മാറി. നരബലി മുതല്‍ മഞ്ഞളും നൂറും തമ്മില്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഗുരുതി വരെ ഈ അബദ്ധ ധാരണയിന്മേലുണ്ടായ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുവപ്പിന്റെ വകഭേദങ്ങള്‍ക്കും മാന്ത്രിക വിശേഷമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ചെമ്മണ്ണ്, കാവി, പവിഴം, കുന്നിക്കുരു എന്നിവയെല്ലാം ഇതിന്റെ ഭാഗമായി മഹത്വവത്കരിക്കപ്പെട്ടവയാണ്.

പുരാതന നഗരസംസ്കാര പ്രദേശങ്ങളില്‍ ലൈംഗിക ചിഹ്നങ്ങളെ പൂജാവസ്തുക്കളാക്കി ആരാധിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ ലിംഗയോനീ രൂപങ്ങളുടെ പ്രതിഷ്ഠ നടത്തി പൂജാദ്രവ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു. ഭാരതത്തില്‍ ശിവലിംഗമാണ് മുഖ്യമായി ആരാധിക്കപ്പെടുന്ന ലൈംഗിക ചിഹ്നം. പേര് സൂചിപ്പിക്കുന്ന പോലെ കേവലം ലിംഗരൂപം മാത്രമല്ല യോനിയെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ശിവലിംഗത്തിന്റെ നിര്‍മ്മാണം. പ്രകൃതി പുരുഷ സംയോഗത്തിന്റെ പ്രതീകമായാണ് ശിവലിംഗത്തെ കാണുന്നത്. ഭാരതീയ വിശ്വാസപ്രകാരം പ്രകൃതി പുരുഷ സംയോഗമാണ് സൃഷ്ടിക്ക് കാരണം. മണ്ണില്‍ വിതക്കുന്ന വിത്ത് മുളപൊട്ടുന്നതും സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം കുഞ്ഞായി പിറക്കുന്നതിനും കാരണം അദൃശ്യമായ ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിച്ചിരുന്നു.

സ്ത്രീയെ ഭൂമിയായും പ്രകൃതിയായും പ്രപഞ്ചത്തിന്റെ ഈശ്വരിയായും കല്പിച്ചതിന്റെ പൊരുള്‍ അവള്‍ സന്താനോല്പാദനത്തിന്റെ ഉറവിടമാണ് എന്ന കാഴ്ച്ചപ്പാടാണ്. വിത്ത് ബീജമാണ്, അത് തന്നെയാണ് ശുക്ലവും. ബീജദാനത്തിനുള്ള ഭൂമിക്ക് അങ്ങനെ ദൈവിക പരിവേഷം കൈവന്നു. സ്ത്രീപുരുഷ സംഗമം ഈശ്വരാര്‍ച്ചന കര്‍മ്മമായി മാറിയതിന്റെ വിശ്വാസപരമായ അടിസ്ഥാനം ഇതാണ്. താന്ത്രിക ആരാധനയുടെ പ്രത്യേകത അത് കാമത്തെ മുഖ്യ ഉപാധിയാക്കുന്നു എന്നതാണ്. കാമാവേശം ദൈവികമായ പ്രേരണയാണെന്നും അതിന്റെ പൂര്‍ത്തീകരണം ദൈവത്തെ പ്രീതിപ്പെടുത്തുമെന്നും ആദിമജനം വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങളിലെല്ലാം അവര്‍ ഭക്തിയെ ദര്‍ശിച്ചു.

ഹാരപ്പയില്‍ നടന്ന ഉല്‍ഖനന വേളയില്‍ ലഭിച്ച ശിവലിംഗമാണ് ഭാരതത്തില്‍ കണ്ടു കിട്ടിയ ഏറ്റവും പഴക്കമുള്ള ആരാധനാ വിഗ്രഹം. അയ്യായിരത്തോളം വര്‍ഷത്തെ പഴക്കം പ്രതീക്ഷിക്കുന്ന ആ ചുണ്ണാമ്പ് കല്‍ പ്രതിമ ഇപ്പോള്‍ ന്യൂഡെല്‍ഹിയിലെ സെന്‍ട്രല്‍ ഏഷ്യന്‍ ആന്റിക്വിറ്റീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വിജൃംഭിതാവസ്ഥയിലുള്ള പുരുഷേന്ദ്രിയത്തിന്റെ രൂപമാണ് ഈ ഹാരപ്പന്‍ ശില്പത്തിനുള്ളത്. ഭാരതത്തില്‍ ശൈവാരാധനയുടെ മുഖ്യ കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങള്‍ താന്ത്രിക പൂജയുടെ വേദികളായിരുന്നു. വേദകാലത്ത് ലിംഗപൂജ ചെയ്യുന്നവരെ ആര്യന്മാര്‍, അസുരന്മാരെന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു. ശിശ്നദേവന്മാര്‍ എന്ന പരിഹാസപേരാണ് ആര്യന്മാര്‍ താന്ത്രിക മതസ്ഥര്‍ക്ക് നല്‍കിയിരുന്നത്. പക്ഷെ താന്ത്രിക മതക്കാരെ ആക്ഷേപിച്ചിരുന്ന ആര്യന്മാര്‍ പില്‍ക്കാലത്ത് താന്ത്രികാരാധനയുടെ വക്താക്കളായി തീര്‍ന്നു എന്നതാണ് രസകരം. വേദാരംഭകാലത്തെ എതിര്‍പ്പ് പിന്നീട് ആശിര്‍വാദമായി തീര്‍ന്നു. സാംസ്കാരിക സമന്വയത്തിന്റെ ഭാഗമായി വേദസംസ്കാരത്തിലും താന്ത്രിക മതാചാരങ്ങള്‍ കടന്നു കൂടി. മാത്രമല്ല ലിംഗരൂപ ശിവന്‍ ആര്യന്മാരുടെ ത്രിമൂര്‍ത്തികളില്‍ ഒരാളായി മാറുകയും ചെയ്തു.

ശിവശക്തി സമ്മേളനമാണ് താന്ത്രിക പൂജയുടെ അടിസ്ഥാനം. ശിവന്‍ പുരുഷനും ശക്തി സ്ത്രീയുമാണ്. കുണ്ഡലിനി ശക്തിയാണ് തന്ത്രയോഗ പ്രകാരം സര്‍പ്പാകൃതിയില്‍ സാധകന്റെ ഉള്ളില്‍ കുടിയിരിക്കുന്നത്. ലൈംഗിക ചോദനയാണ് കുണ്ഡലിനി, ഇതിനെ ഉണര്‍ത്തുകയാണ് താന്ത്രിക വിദ്യയിലൂടെ ചെയ്യുന്നത് എന്നാണ് വിശ്വസിക്കുന്നത്. ശരീരത്തിന്റേയും മനസ്സിന്റെയും സ്വഭാവങ്ങളെ നിയന്ത്രിക്കാനും ഏകാഗ്രത കൈവരിക്കാനും താന്ത്രിക പൂജകൊണ്ടു കഴിയുമെന്ന് അവകാശവാദങ്ങളുണ്ട്. താന്ത്രിക യോഗത്തിലൂടെ വിചിത്രവും അമാനുഷികവുമായ ലൈംഗികശേഷി നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. കാമത്തെ ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നതില്‍ താന്ത്രികയോഗം വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് ഋഷികളാല്‍ വിരചിതമായ നിരവധി കാമശാസ്ത്ര ഗ്രന്ഥങ്ങള്‍ ഭാരതത്തിനു ലഭിച്ചത്.

ആര്യമത സ്ഥാപകനായ ദയാനന്ദ സരസ്വതി തന്റെ ‘സത്യാര്‍ത്ഥപ്രകാശ’ത്തില്‍ താന്ത്രിക പൂജയെപ്പറ്റി വിവരിക്കുന്നുണ്ട്-

“ഒരു രഹസ്യ സ്ഥലത്ത് അവര്‍ ഒത്തു കൂടും. അവിടെ വെച്ച് പരിപൂര്‍ണ്ണ നഗ്നരായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം ആരാധിക്കുന്നു. ഭാര്യമാര്‍, അമ്മമാര്‍, പെണ്മക്കള്‍, പുത്രഭാര്യമാര്‍, സഹോദരികള്‍ എന്നിങ്ങനെ വിവിധ ബന്ധത്തില്‍പ്പെട്ടവരായ സ്ത്രീകള്‍ അവിടെയെത്തും. മദ്യം, മാംസം, മത്സ്യം,അപ്പം എന്നിവ നിറച്ച പാത്രം അവിടെ വച്ചിട്ടുണ്ടാവും. പുരോഹിതന്‍ മദ്യ ചഷകം കൈയിലെടുത്തുകൊണ്ട് ‘ഭൈരവോഹം ശിവോഹം’ എന്നുരുവിട്ട് അതു കുടിക്കുന്നു. ആ പാത്രത്തില്‍ തന്നെ (കഴുകാതെ) മറ്റുള്ളവര്‍ക്ക് മദ്യം വിളമ്പുന്നു. തുടര്‍ന്ന് ആരുടേയെങ്കിലും ഭാര്യയുടേയോ, അല്ലെങ്കില്‍ വേശ്യയുടേയോ ഒരു പുരുഷന്റേയോ വസ്ത്രങ്ങളെല്ലാം അഴിച്ച് കളയുന്നു. നഗ്നനോ നഗ്നയോ ആക്കപ്പെട്ട വ്യക്തിയുടെ കയ്യില്‍ ഒരു വാള് കൊടുക്കുന്നു. ഇങ്ങിനെ നഗ്നനായ പുരുഷനെ മഹാദേവനെന്നും നഗ്നയായ സ്ത്രീയെ മഹാദേവിയെന്നും വിളിക്കുന്നു. അവിടെ കൂടിയിരിക്കുന്നവര്‍ ആ വ്യക്തിയുടെ ജനനേന്ദ്രിയം തൊട്ടു നമസ്കരിക്കുകയും വീണ്ടും മദ്യം കഴിക്കുകയും ചെയ്യുന്നു. മത്തു പിടിക്കുന്നവരെ മദ്യപിച്ച ശേഷം ബന്ധങ്ങളുടെ പരിശുദ്ധിയൊന്നും നോക്കാതെ വെറും കാമത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. അമിതമായി മത്തുപിടിച്ചവര്‍ തമ്മില്‍ തല്ലുകയോ പിടിവലികൂടുകയോ തലമുടിക്കുത്തിനു പിടിക്കുകയോ ചെയ്യും. ചിലര്‍ അവിടെ ശര്‍ദ്ദിക്കും. എന്തുകഴിക്കാനും മടിക്കാത്ത അവസ്ഥയിലെത്തിയവര്‍ ആ ശര്‍ദ്ദി പോലും എടുത്തു കഴിക്കും. അത് മഹത്തരമായ കാര്യമാണെന്ന് വിശ്വസിക്കപ്പെടുന്നു”

പച്ചകാമത്തില്‍ അധിഷ്ടിതമായ ഒരു പേക്കൂത്താണ് താന്ത്രിക പൂജയെന്ന് ഈ വിവരണം വ്യക്തമാക്കുന്നു. പട്യാലയിലെ മഹാരാജാവ് സര്‍ ബുവിഹര്‍ സിംഗ് തന്റെ കൊട്ടാരത്തില്‍ താന്ത്രികപൂജ നടത്തിയിരുന്നതായി രേഖകളുണ്ട്. ഇതിലേക്കായി മുന്നൂറ് സ്ത്രീകളെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചിരുന്നു. താന്ത്രിക പൂജയുടെ മറവില്‍ കൊട്ടാരങ്ങളില്‍ രാജാക്കന്മാരും പുരോഹിതന്മാരും ലൈംഗികപേക്കൂത്തുകളാണ് നടത്തിയിരുന്നത്. പിന്നീട് താന്ത്രിക മതം ആര്യന്മാരുടെ സ്വാധീനത്താല്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ ആചാരങ്ങളും വിശ്വാസങ്ങളും കൈവെടിയാന്‍ കൂട്ടാക്കാത്തവര്‍ പിന്നീടുമുണ്ടായിരുന്നു. ആര്യന്മാരാല്‍ താന്ത്രിക പൂജാവിധികള്‍ക്ക് മാറ്റമുണ്ടായെങ്കിലും പ്രധാന കര്‍മ്മം സ്ത്രീപുരുഷ സംയോഗത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. താന്ത്രികപൂജക്കായി കൊട്ടാരങ്ങളില്‍ പാര്‍പ്പിക്കപ്പെട്ട സ്ത്രീകളുടെ പിന്‍‌തലമുറക്കാരാണ് ദേവദാസികള്‍ എന്ന് അഭിപ്രായമുണ്ട്.

പ്രകൃതിയേയും പുരുഷപ്രതീകമായ ലിംഗത്തേയും പൂജിക്കുന്നതിലൂടെ പ്രാകൃതമായ ഒരു ആരാധനാ സമ്പ്രദായത്തിന്റെ അവശിഷ്ടങ്ങള്‍ക്കുമേല്‍ പുഷ്പാര്‍ച്ചന നടത്തുകയാണ് ഇന്നത്തെ സമൂഹം ചെയ്യുന്നത്. സ്ത്രീയുടെ നഗ്നതയും ആര്‍ത്തവരക്തവും ശുക്ലവും കാമവുമായി ബന്ധപ്പെട്ട പലതും ആരാധനാ വസ്തുക്കളല്ലാതായി കഴിഞ്ഞിരിക്കുന്നു. ശാസ്ത്രാവബോധവും ജീവിതത്തെപ്പറ്റിയുള്ള പുതിയ കാഴ്ച്ചപ്പാടുകളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമൊക്കെയാണ് ഈ മാറ്റത്തിനു പിന്നിലെ പ്രചോദനങ്ങള്‍....


ചരിത്രത്തിന്റെ ഗതിവിഗതികളിലെ മൂകസാക്ഷിയാണ് ശിവലിംഗം.......







ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

54 comments:

ചാണക്യന്‍ said...

ചരിത്രത്തിന്റെ ഗതിവിഗതികളിലെ മൂകസാക്ഷിയാണ് ശിവലിംഗം.....

ഗൗരിനാഥന്‍ said...

പക്ഷെ താന്ത്രിക മതക്കാരെ ആക്ഷേപിച്ചിരുന്ന ആര്യന്മാര്‍ പില്‍ക്കാലത്ത് താന്ത്രികാരാധനയുടെ വക്താക്കളായി തീര്‍ന്നു എന്നതാണ് രസകരം. .... എങ്ങനെയാണ് ഇങ്ങനെ ഒരു assumption l എത്തി ചേര്‍ന്നത്, എന്താണിതിന്റെ ചരിത്രം.. ഇതു വായിച്ചപ്പോള്‍ ഡാവിഞ്ചി കോഡ് വായിച്ചതു ഓര്‍മ്മ വന്നു..ഇതിനെ കുറിച്ചൊക്കെ മുന്‍പു അല്ലറ ചില്ലറയായി വായിച്ചിരുന്നു.പക്ഷെ ആരൂം ഈ മാറ്റങ്ങള്‍ എങ്ങിനെ ഉണ്ടായി എന്നതിന്റെ ചരിത്രം പറയുന്നതെയില്ല.. എന്തായ്യിരിക്കും? തീര്‍ച്ചയായും യഥാര്‍ത്ഥചര്രിത്രം ആരും അറിയരുതെന്നു നിര്‍ബന്ധം പിടിക്കുന്ന ചിലര്‍ മായ്ച് കളഞ്ഞതാകം....

Unknown said...

പോസ്റ്റിനോടു് കൂട്ടിച്ചേര്‍ത്തു് വായിക്കാന്‍ വേണമെങ്കില്‍ ഇതാ ഒരു ഗ്രീക്ക് “ലിംഗദേവന്‍” Priapus. അവിടെ അതു് മിത്തോളജി എന്ന രീതിയിലേ ഇന്നു് വിലമതിക്കപ്പെടുന്നുള്ളു. ഭാരതീയ മിത്തോളജി ഇനിയും കുറേ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ആത്മീയതയുടെയും ദൈവികതയുടെയും ഭാഗമായി തുടരും. ഈ നിലയ്ക്കു് പോയാല്‍ ഒരുപക്ഷേ എന്നേക്കുമായി തുടരാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ ആവില്ല. നമ്മളില്‍ ചിലര്‍‍ അതിനായി ആഞ്ഞു് പിടിക്കുന്നുമുണ്ടല്ലോ‍!

Priapus എന്ന വാക്കില്‍ നിന്നും രൂപംകൊണ്ട ഒരു പുരുഷരോ‍ഗം Priapism.

ചാണക്യന്‍ said...

ഗൌരിനാഥന്‍,
അഭിപ്രായത്തിനു നന്ദി,
ആര്യ അധിനിവേശത്തെ തുടര്‍ന്ന് തകര്‍ന്നതാണ് താന്ത്രിക മതം. തകര്‍ക്കുക എന്നതിലുപരി തന്റേതാക്കുക എന്ന ഒരു തന്ത്രമാണ് ആര്യന്മാര്‍ കൈക്കൊണ്ടത്. താന്ത്രിക മതത്തിന്റെ വ്യക്തി സുഖാംശങ്ങളൊക്കെ ആര്യന്മാര്‍ സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു. ഋഗ്വേദത്തിന്റെ അവസാന കാലഘട്ടമായപ്പോഴേക്കും ഇത്തരമുള്ള സമന്വയത്തില്‍ ആര്യന്മാര്‍ വിജയിച്ചിരുന്നു. താന്ത്രിക മതസ്ഥരെ പരിഹസിച്ചിരുന്ന ആര്യന്മാരുടെ അവസ്ഥയെന്താണ്? അവരുടെ ഇടയിലും കുത്തഴിഞ്ഞ ലൈംഗിക ജീവിതം ഉണ്ടായിരുന്നു. സഹോദരീ സഹോദരന്മാര്‍ തമ്മില്‍ ലൈംഗിക വേഴ്ച്ച നടത്തിയിരുന്നതായി ഋഗ്വേദം (10.10.11) തെളിവു നല്‍കുന്നുണ്ട്. മറ്റുള്ള സംസ്കാരങ്ങളെ പാടേ നശിപ്പിച്ച് അതിലുള്ള നന്നെന്ന് തോന്നിയ ആശയങ്ങളെ തങ്ങളുടേതാക്കി മാറ്റുന്നതില്‍ ആര്യന്മാര്‍ വിജയിച്ചിരുന്നു. ഇത്തരത്തിലുള്ള പിടിച്ചെടുക്കലിന് കയ്യേറ്റം മുതലുള്ള നടപടികള്‍ അവര്‍ കൈക്കൊണ്ടിട്ടുണ്ട്.

ചാണക്യന്‍ said...

സി കെ. ബാബു,
അഭിപ്രായത്തിനും ലിങ്കുകള്‍ക്കും നന്ദി,

ഇത് മിത്തോളജിയാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് അവര്‍ ഇതിനെയൊക്കെ വിശ്വാസങ്ങളായി നിലനിര്‍ത്താന്‍ ആഞ്ഞു ശ്രമിക്കുന്നത്. കാരണം വിശ്വാസങ്ങള്‍ നഷ്ടമായാല്‍ തങ്ങള്‍ക്ക് അസ്തിത്വമുണ്ടാവില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.

chithrakaran ചിത്രകാരന്‍ said...

ബ്രാഹ്മണ്യം ബുദ്ധധര്‍മ്മ സംസ്ക്കാരത്തെ
ജീര്‍ണ്ണിപ്പിക്കാനും, നശിപ്പിക്കാനും,
ബുദ്ധ ക്ഷേത്രങ്ങള്‍ പിടിച്ചടക്കാനും
താന്ത്രിക വിദ്യതന്നെയാണ്
ഉപയോഗിച്ചിരിക്കുക.
ബുദ്ധന്റെ പേര്‍ ഉപയോഗിക്കുന്നത്
കഴിയുന്നത്ര ഇല്ലാതാക്കി, ജനത്തിന്റെ
സംസ്ക്കാരം തന്നെയായിരുന്ന ബുദ്ധധര്‍മ്മത്തെ
ശിവന്റെയും,സതിച്ചേച്ചിയുടേയും,പാര്‍വ്വതിച്ചിയുടേയും,
ജൈന ധര്‍മ്മത്തിന്റെ വിഗ്രഹമായിരുന്ന
സുബ്രമണ്യനേയും, ഗണപതിയേട്ടന്റേയും
കഥകളുണ്ടാക്കി അതില്‍ പൊതിഞ്ഞെടുത്ത്
ഹൈന്ദവവല്‍ക്കരിക്കുകയായിരുന്നു
എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ബുദ്ധനെ മനസ്സാ അപമാനിക്കാന്‍ തന്നെയായിരിക്കണം
ശിവലിംഗമായി രൂപമാറ്റം വരുത്തിയത്.
ബുദ്ധന്റെ മറ്റു ക്ഷേത്രങ്ങള്‍ അയ്യപ്പന്‍
കോവിലുകളായപ്പോള്‍ അയ്യപ്പന്‍ തന്തയില്ലാതെ
ജനിച്ചവനാണേന്ന മ്ലേച്ഛ കഥയുണ്ടാക്കിയതും ബ്രാഹ്മണന്റെ ബുദ്ധധര്‍മ്മ വിരോധം നിറഞ്ഞ വൃത്തിഹീനമായ മനസ്സുതന്നെ!
ശിവനും മഹാവിഷ്ണുവും സ്വവര്‍ഗ്ഗ സംഭോഗത്തിലൂടെ ജന്മം നല്‍കിയതാണല്ലോ
ശാസ്താവിനെ !!!

ദീപക് രാജ്|Deepak Raj said...

പ്രിയ ചാണക്യന്‍
ശിവാരാധനയും ശവഭക്ഷണവും ഇന്നു ആഘോരികളും നടത്തുന്നുണ്ട്.അതും കുറെയൊക്കെ ഇതോട് ചേര്‍ത്ത് വായിക്കാം.കഥകളില്‍ അല്ല നേരില്‍ തന്നെ ആഘോരികളുമായി പരിചയം ഉണ്ട്.(ഒരു സുഹൃത്ത് വഴി പോയി പരിചയപ്പെട്ടു.)
താന്തോന്നി താരങ്ങള്‍ കാട്ടാന്‍ ഏറ്റവും നല്ലത് മതമാണെന്ന തിരിച്ചറിവാണ് ചിലര്‍ക്ക്. കാരണം മദ്യം പോലെ ഉന്മത്തനാക്കാനും ആ മതഭ്രാന്തിലൂടെ തങ്ങളുടെ ആസക്തികള്‍ നിറവേറ്റാനും ചിലര്‍ കണ്ടെത്തിയ വഴി.
അതില്‍ കഴിവ് കുറഞ്ഞവര്‍ പിടിക്കപ്പെടുന്നു.കേമന്മാര്‍ ആള്‍ദൈവങ്ങളായി വാഴുന്നു.
നന്നായി ഈ പോസ്റ്റ്.

സ്നേഹത്തോടെ
(ദീപക് രാജ്)

വികടശിരോമണി said...

ഞാനൊന്നു ട്രാക്കട്ടെ.പിന്നെ ബരാം.

കാപ്പിലാന്‍ said...

Oh ..

:(

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പ്രിയ ചാണക്യ

ഞാനിത്രേം അധപതിച്ച ഒരു ഹിന്ദുവായി പോയല്ലോ ...ഒരു കാര്യം ചെയ്യോ? മുപ്പതു മുക്കോടി ദേവകളെ പൂജിക്കുന്ന, പട്ടിയെയും പൂച്ചയെയും ആരാധിക്കുന്ന , ഈ വൃത്തികെട്ട ഹിന്ദു സംസ്കാരത്തിലെ ഒരു നല്ല കാര്യം എഴുതാമോ? ഒരെണ്ണം മാത്രം...പാവല്ലേ ഞാന്‍? അങ്ങ് മതേതര വാദിയാനെന്നും തികഞ്ഞ സത്യാന്വേഷണ കുതുകിയാണെന്നും മനസ്സിലായി ...(കോഴിക്കോട്ടെ കൊയമാരെക്കുറിച്ചു പറഞ്ഞതുകൊണ്ട് -ഒരു വരി കണ്ടുട്ടോ -അതില്‍ സംശയവും ഇല്ല )...മുന്നോട്ടു പോവണം ...ഭാവുകങ്ങള്‍ ...

ചങ്കരന്‍ said...

അവ്യക്തമായ അറിവുകള്‍ കൂട്ടിക്കെട്ടുന്നതായി ഈ പോസ്റ്റ്.

Thaikaden said...

Enthellam maattangal undayittentha kaaryam? Innathe samoohathinte pokku kaanumpol charithram aavarthikkappedumo ennoru samsayam.Post nannayittundu.

ബാബുരാജ് said...

ചങ്കരന്‍ പറഞ്ഞതാണ്‌ ശരി എന്നാണ്‌ എനിക്കും തോന്നുന്നത്‌. താങ്കള്‍ പറയുന്ന കാര്യങ്ങള്‍ ക്രോണോളജിക്കലി ശരിയെന്നു തോന്നുന്നില്ല. ആര്യന്മാര്‍ എന്നാണ്‌ ഇന്‍ഡ്യയിലെത്തിയത്‌? അതിനു മുന്നിലെ ഒരു കാലഘട്ടത്തെപ്പറ്റി, അതായത്‌ താങ്കള്‍ പറയുന്നതു പോലെ താന്ത്രിക മത കാലഘട്ടത്തെപറ്റി എന്തു ഡോക്യുമെന്റേഷനാണ്‌ ഉള്ളത്‌? സിന്ധു സംസ്കാരത്തില്‍ ലിംഗ പൂജയുടെ തെളിവുകള്‍ ഉണ്ടാകാമെങ്കിലും, അനുഷ്ഠാനപരമായ താന്ത്രികമതം ഉരുത്തിരിയുന്നത്‌ നാളുകള്‍ക്ക്‌ ശേഷമാണ്‌. താന്ത്രികമതത്തിന്റെ വ്യക്തമായ തെളിവുകള്‍ ശേഷിക്കുന്നത്‌ അജന്ത പോലത്തെ ശില്‍പങ്ങളിലാണ്‌. അതിന്റെ കാലഘട്ടം ആര്യാധിനിവേശത്തിനു മുന്‍പാണെന്നു താങ്കള്‍ പറയുമോ?
ദയാനന്ദ സരസ്വതിയുടെ വിശദീകരണത്തിനു സമാനമായ ഒരു ദൃക്‌സാക്ഷി വിവരണം ഇടമറുകും എഴുതിയിട്ടുണ്ട്‌. അതായത്‌ ഏതാനും ദശാബ്ദങ്ങള്‍ക്കു മുന്‍പു പോലും താന്ത്രിക അനുഷ്ഠാനങ്ങള്‍ നടന്നിരുന്നു എന്നു ചുരുക്കം.
സമാനമായ മൂല്യച്യുതികളിലേക്ക്‌ ബുദ്ധമതശാഖകളും എത്തിയിരുന്നു. കേരളത്തിലെങ്കിലും ബുദ്ധമതം ക്ഷയിക്കാന്‍ അതും ഒരു കാരണമാണ്‌, അല്ല്ലാതെ ബ്രാഹ്മണന്റെ കുബുദ്ധി മാത്രമല്ല.

ചാണക്യന്‍ said...

ചിത്രകാരന്‍,
അഭിപ്രായത്തിനു നന്ദി,

സ്വന്തം അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ ഒരു ദൈവം വേണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?
വിഗ്നങ്ങള്‍ മാറ്റാന്‍ വിഗ്നേശ്വരന്‍....കാശുണ്ടാവാന്‍ ധനലക്ഷ്മി..അങ്ങനെ ആഗ്രഹ സഫലീകരണത്തിന് എണ്ണമില്ലാത്ത ദൈവങ്ങള്‍...
അതിനിടയില്‍ ശാസ്താവിനും ഒരു പരിവേഷം കൊടുക്കണ്ടേ...

ചാണക്യന്‍ said...

ദീപക് രാജ്|Deepak Raj,
അഭിപ്രായത്തിനു നന്ദി..

വികടശിരോമണി,
അഭിപ്രായത്തിനു നന്ദി,
പോയി വാ:)

കാപ്പിലാന്‍,
അഭിപ്രായത്തിനു നന്ദി,
oh അല്ലെ uh അല്ലല്ലോ

ചാണക്യന്‍ said...

Praveen Vattapparambath,

ഏത് സംസ്കാരത്തിലേയും നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവുണ്ടെങ്കില്‍ താങ്കള്‍ക്ക് ഏത് മതത്തിലും വിശ്വസിക്കാം..
ഈ പോസ്റ്റില്‍ അതല്ല വിഷയം..
ലിംഗാരാധന എങ്ങനെ ദൈവീകമായി എന്നുള്ളതാണ്..

ചാണക്യന്‍ said...

ചങ്കരന്‍,
അഭിപ്രായത്തിനു നന്ദി,
എന്റെ അറിവ് അപൂര്‍ണ്ണമാണ്...ഞാനറിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്
അതല്ലെ ഈ പോസ്റ്റിലൂടെ ചെയ്യുന്നത് അറിവുള്ളവര്‍ പറയട്ടെ..
താന്ത്രിക പൂജയിലെ അന്ധവിശ്വാസത്തെ മാത്രമെ ഞാന്‍ ചോദ്യം ചെയ്യുന്നുള്ളൂ..
ഇത്തരം അഭ്യാസങ്ങളുടെ തുടക്കം എന്ത് എന്നതല്ലെ ഗഹനീയം..

ചാണക്യന്‍ said...

Thaikaden,
അഭിപ്രായത്തിനു നന്ദി

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
ഒട്ടും ഗ്രാഹ്യമില്ലാത്ത വിഷയം.
പക്ഷെ താല്‍പ്പര്യം ഉണ്ട് താനും.
പോസ്റ്റും കമന്റുകളും വായിക്കുന്നു.

ശിവലിംഗാരാധനയെപ്പറ്റി പല വേര്‍ഷന്‍സും ഉണ്ടെന്ന് തോന്നുന്നു. അത് പുരുഷ ലിംഗം അല്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

ഏതായാലും ട്രാക്കിടുന്നു.

ആശംസകള്‍

ചാണക്യന്‍ said...

ബാബുരാജ് ,
വീണ്ടും വന്നതിനു നന്ദി,
ബ്രാഹ്മണന്റെ കുബുദ്ധിയെ ഈ പോസ്റ്റില്‍ പറഞ്ഞിട്ടില്ല.
ദ്രാവിഡന്മാരുടെ പല ആചാരങ്ങളും ആര്യന്മാര്‍ തങ്ങളുടേതാക്കി അതല്ലെ ശരി...അതവിടെ നില്‍ക്കട്ടെ..

പോസ്റ്റില്‍ ഉദ്ദേശിച്ചത് ലിംഗാരാധനയുടെ തുടക്കമാണ്...
ആദിമ ജന വിഭാഗം ലിംഗാരാധനയില്‍ കണ്ട ദൈവീകമെന്ത് എന്നത് മാത്രമേ ഇപ്പോള്‍ ചിന്തനീയമുള്ളു. ആചാരങ്ങളെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയിരിക്കാം അല്ലെങ്കില്‍ പിടിച്ചടക്കിയിരിക്കാം..
ലിംഗാരാധനയുടെ തുടക്കമെന്തെന്ന് പോസ്റ്റിന്റെ ആദ്യം പറഞ്ഞിട്ടില്ലെ..
അതില്‍ എത്രമാത്രം ശരിയുണ്ട് എന്ന് മാത്രമേ അന്വേഷിക്കുന്നുള്ളൂ..
അവിടെ ക്രോണോളജി പ്രശ്നമല്ല കാരണം തെറ്റായ കാര്യം പഠിപ്പിച്ചത് ആര് എന്നല്ല എന്താണ് തെറ്റ് അതല്ലെ അറിയേണ്ടത്...

കാവാലം ജയകൃഷ്ണന്‍ said...

ചാണക്യന്‍റെ അഭിപ്രായത്തോട്‌ പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയുന്നില്ല. ആദ്യമായി താങ്കള്‍ തന്ത്രത്തിന്‍റെ ഏതെങ്കിലും ഒരു ശാഖയെ മുന്‍ നിര്‍ത്തിയാണോ ചിന്തിച്ചതെന്നറിയാന്‍ താല്പര്യമുണ്ട്. ഊഹം ശരിയെങ്കില്‍ കുലാര്‍ണ്ണവതന്ത്രം എന്ന കൌളാചാരത്തിലെ ചില ക്രിയകെളെ മാത്രം പരിഗണിച്ചുകൊണ്ടാണോ ഇത്തരത്തില്‍ ചിന്തിച്ചതെന്ന് സംശയം തോന്നുന്നു. എന്‍റെ കാഴ്ചപ്പാടില്‍ തന്ത്രം അടിസ്ഥാനമുള്ള ഒരു ശാസ്ത്രം തന്നെയാണ്. ഇതീല്‍ തന്നെ വളരെ ചെറിയ ഒരു ശാഖ മാത്രമാണ് ക്ഷേത്രം, പ്രതിഷ്ഠ തുടങ്ങിയ കാര്യങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അതിനൊക്കെ അപ്പുറം വളര്‍ന്നു നില്‍ക്കുന്ന ഒരു ശാസ്ത്രശാഖയാണ് തന്ത്രം എന്നാണ് എന്‍റെ വിശ്വാസം.

എന്തായാലും ചാണക്യന്‍ സൂചിപ്പിച്ചതുപോലെ വൈഷ്ണവസമ്പ്രദായം (വൈഷ്ണവരും തന്ത്രം കയ്യാളുന്നു എന്നത് ശ്രദ്ധേയമാണ്) പഞ്ചമഹാപാപങ്ങള്‍ എന്ന പേരില്‍ നിരോധിച്ചിരിക്കുന്ന മദ്യം, മൈഥുനം, മാംസാഹാരം തുടങ്ങിയവകളെ ശാക്തേയം പഞ്ചമകാരങ്ങള്‍ എന്ന പേരില്‍ അംഗീകരിച്ചിരിക്കുകയാണ്‌ ചെയ്തിരിക്കുന്നത്. ഈ വൈരുദ്ധ്യവും ഒരു പക്ഷേ തന്ത്രശാസ്ത്രത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കാം.

എന്‍റെയറിവില്‍ ഭൈരവീചക്ര ഉപാസന എന്ന ക്രിയയില്‍ കന്യകയായ പെണ്‍കുട്ടിയെ പീഠത്തില്‍ ഇരുത്തി പ്രാണപ്രതിഷ്ഠയടക്കമുള്ള ക്രിയകളും ഉപചാരപൂജയും ചെയ്ത് ദേവീചൈതന്യം ആവാഹിച്ച് അതിനുശേഷം ആ സ്ത്രീയുമായി സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ഒരു ക്രിയ ഉണ്ട്‌, എന്നാല്‍ ഈ സമയം സാധകനില്‍ ഒരു അംശം പോലും കാമം എന്ന വികാരം ഉണ്ടാവാന്‍ പാടില്ലെന്നും അങ്ങനെയായാല്‍ അത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നുള്ള മുന്നറിയിപ്പും ശാസ്ത്രം നല്‍കുന്നുണ്ട്‌. അവിടെയും ആസക്തിയോടെയുള്ള ഭോഗം എന്ന ജന്തുസഹജമായ പ്രക്രിയ ഇല്ല തന്നെ.

ലയങ്കരിയായ പരാശക്തിയെ ഉപാസിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ മദ്യം നിവേദ്യമായി ഉപയോഗിച്ചു വരുന്നുണ്ട്‌. അതും ശാക്തേയസമ്പ്രദായം തന്നെ. അവിടെയും സാധകന്‍ തീര്‍ത്ഥമായി ഒന്നോ രണ്ടോ തുള്ളി സേവിക്കാനാണ് വിധി. കുടിച്ചു പൂക്കുറ്റിയാകാന്‍ അവിടെയും അനുവദിച്ചിട്ടില്ല.

മാംസത്തിന്‍റെ കാര്യവും അങ്ങനെ തന്നെ. വൈഷ്ണവര്‍ ഉപ്പില്ലാതെ അട ഉണ്ടാക്കി തേങ്ങാപ്പാലില്‍ ഇട്ടു നേദിക്കുന്നത് ശാക്തേയത്തിലെ മാംസനിവേദ്യത്തിനു പകരമാണ്. വൈഷ്ണവര്‍‍ ഗുരുതി നടത്തുമ്പോള്‍ കരിക്കിന്‍ വെള്ളവും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്തും, ശാക്തേയരുടെ ക്രിയയില്‍ യഥാര്‍ത്ഥ രക്തം തന്നെയും ഉപയോഗിക്കുന്നത് ഇപ്പൊഴും കാണാമല്ലോ. ഇതില്‍ വൈഷ്ണവര്‍ കൂടുതലും അഹിംസാമാര്‍ഗ്ഗം സ്വീകരിച്ചു എന്നു മാത്രമേ വ്യത്യാസമുള്ളൂ എന്നാണ് തോന്നുന്നത്.

കടും വര്‍ണ്ണത്തിന്‍റെ കാര്യം. പണ്ടുകാലം മുതല്‍ക്കേ കാളിക്ക് ചുമന്ന പൂവും, സിന്ദൂരവും, ചുവന്ന പട്ടും ഉപയോഗിച്ചും, വിഷ്ണുവിന് ചന്ദനവും, മഞ്ഞ പൂക്കളും, മഞ്ഞപ്പട്ടും ഉപയോഗിച്ചും പൂജ ചെയ്തു വരുന്നു. അത്യാധുനിക ഫോട്ടോഗ്രാഫിക് സങ്കേതമായ ക്രില്യണ്‍ ഫോട്ടോഗ്രാഫിയില്‍ വൈഷ്ണവവിഗ്രഹങ്ങളുടെ ഓറ മഞ്ഞ നിറത്തിലും, ഉഗ്ര ഭാവര്ത്തിലുള്ള പല ദേവീവിഗ്രഹങ്ങളുടെയും ഓറ ചുമന്ന നിറത്തിലും കാണപ്പെടുന്നത് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണല്ലോ. അപ്പോള്‍ താന്ത്രികവിധികളിലൂടെയുള്ള ആരാധനാ സമ്പ്രദായങ്ങള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല എന്ന വാദത്തോട്‌ നമുക്ക്‌ യോജിക്കുവാന്‍ കഴിയുന്നതെങ്ങനെ?

എന്നാല്‍ അടിസ്ഥാനമില്ലാത്ത ചില പ്രാകൃതവും, അശാസ്ത്രീയവുമായ സമ്പ്രദായങ്ങളെ നമ്മള്‍ തള്ളിക്കളയുക തന്നെ ചെയ്യണം.

താങ്കള്‍ പറഞ്ഞതു പോലെ ചരിത്രത്തിന്‍റെ ഗതിവിഗതികളിലെ മൂകസാക്ഷിയല്ല ഒരിക്കലും ശിവലിംഗം. വിശ്വാസത്തിന്‍റെ ബന്ധനങ്ങളില്‍ നിന്നെല്ലാം മുക്തമായാലും പൂര്‍ണ്ണമായും ശാസ്ത്രയുക്തിക്കു നിരക്കുന്ന വിധ്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സാണ് ശിവലിംഗം. അതിന്‍റെ ഘടനയും, അതില്‍ നിന്നുള്ള ഊര്‍ജ്ജപ്രസരണവും പൂര്‍ണ്ണമായും അളന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കുറേയൊക്കെ ശാസ്ത്രലോകത്തിന് ബോദ്ധ്യം വന്നിട്ടുള്ളതുമാണ്.

ഗംഗ മുറിച്ചു കടക്കരുത് എന്ന വിശ്വാസത്തില്‍ ശിവലിംഗം പൂര്‍ണ്ണമായും വലം വയ്ക്കാതിരിക്കുമ്പോള്‍ നമുക്കതിനെ അന്ധവിശ്വാസം എന്നു വിളിക്കാം. എന്നാല്‍ അത് പോസിറ്റീവ്‌ ഊര്‍ജ്ജപ്രസരണം നടത്തുന്ന സ്രോതസ്സിലെ Null Point ആണെന്ന് തീരിച്ചറിയുമ്പോള്‍ നാം അതിനെ എപ്രകാരം സ്വീകരിക്കും? ഇങ്ങനെ വിശ്വാസത്തില്‍ നിന്നും ശാസ്ത്രത്തെ യുക്തിപൂര്‍വ്വം വേര്‍തിരിച്ചെടുക്കുമ്പോള്‍ ശിവലിംഗം ഒരു അബദ്ധവിശ്വാസത്തിന്‍റെ തിരുശേഷിപ്പല്ല മറിച്ച് അനന്ദമായ ഊര്‍ജ്ജസ്രോതസ്സാണെന്ന്‌ നമുക്കു തിരിച്ചറിയാന്‍ സാധിക്കും.

താങ്കളുടെ അന്വേഷണങ്ങള്‍ക്ക് എല്ലാവിധ ആശംസകളും...

വികടശിരോമണി said...

സംഭോഗത്തിലേർപ്പെടുമ്പോൾ കാമം തോന്നാത്ത മഹാന്മാർക്ക് എത്ര വെള്ളമടിച്ചാലും പൂക്കുറ്റിയാവും എന്നും തോന്നുന്നില്ല.
ഈ ‘ക്രിമിനൽ ഫോട്ടോഗ്രാഫി’യുടെ അടവൊക്കെ ഇപ്പോഴും ഉണ്ടല്ലേ:)

കാവാലം ജയകൃഷ്ണന്‍ said...

വികടശിരോമണി: അതു കൊണ്ടു തന്നെയാണല്ലോ ഈ പരിപാടിക്ക് ഇന്നാരും മുതിരാത്തത്‌. ക്രില്യന്‍ ഫോട്ടോഗ്രഫിക്ക് ശാസ്ത്രീയ അടിസ്ഥാനമുണ്ടെന്ന്‌ കരുതുന്നു. (ഞാന്‍ കണ്ടിട്ടില്ല. കേട്ടിട്ടേയുള്ളൂ അതുകൊണ്ടാണ്)

ചങ്കരന്‍ said...

ആയ്യോ!!!! ഇതെവിടെ എത്തിപ്പോയി!!!!
ഒരു ഫോളൊ ഇടാതെ പോയത് എന്റെ തെറ്റ്.

എന്റെ അവ്യക്തമായ അറിവുകള്‍ ചാണക്യന്‍ കൂട്ടിക്കെട്ടി എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

ബാബുരാജ് സാറെ, ചാണക്യാ തെറ്റിദ്ധരിപ്പിച്ചതില്‍ നിര്‍വ്യാജം ഖേതിക്കുന്നു.

ചങ്കരന്‍ said...

ഇതിന്റെ പാപദോഷം ഒരു താന്ത്രിക പൂജ ചെയ്തിട്ടായാലും മാറ്റാന്‍ എന്നെ അനുവദിക്കണം , പ്ലീസ്...

കാപ്പിലാന്‍ said...

"എന്‍റെയറിവില്‍ ഭൈരവീചക്ര ഉപാസന എന്ന ക്രിയയില്‍ കന്യകയായ പെണ്‍കുട്ടിയെ പീഠത്തില്‍ ഇരുത്തി പ്രാണപ്രതിഷ്ഠയടക്കമുള്ള ക്രിയകളും ഉപചാരപൂജയും ചെയ്ത് ദേവീചൈതന്യം ആവാഹിച്ച് അതിനുശേഷം ആ സ്ത്രീയുമായി സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ഒരു ക്രിയ ഉണ്ട്‌, എന്നാല്‍ ഈ സമയം സാധകനില്‍ ഒരു അംശം പോലും കാമം എന്ന വികാരം ഉണ്ടാവാന്‍ പാടില്ലെന്നും അങ്ങനെയായാല്‍ അത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നുള്ള മുന്നറിയിപ്പും ശാസ്ത്രം നല്‍കുന്നുണ്ട്‌. അവിടെയും ആസക്തിയോടെയുള്ള ഭോഗം എന്ന ജന്തുസഹജമായ പ്രക്രിയ ഇല്ല തന്നെ."

Great coment by Jayakrishanan :)

അനില്‍@ബ്ലോഗ് // anil said...

ഹി ഹി ഹി,
(ഞാന്‍ കടം വാങ്ങി)

Typist | എഴുത്തുകാരി said...

അഭിപ്രായം പറയാന്‍ മാത്രം വല്യ പിടിയില്ലാത്തൊരു വിഷയമാണിതു്‌. അതുകൊണ്ടുതന്നെ താല്പര്യത്തോടെ വായിച്ചു.

sreeNu Lah said...
This comment has been removed by the author.
sreeNu Lah said...

ഈ പോസ്റ്റ് നല്ല അറിവുതന്നെ


ഓഫ്: എങ്ങിനെയായാലും രതി തന്നെയല്ലേ ജീവന്റെ അടിസ്ഥാനം. അപ്പോള്‍ രതി ദൈവീകമാക്കപ്പെടുമ്പോള്‍ മഹത്വവത്ക്കരിക്കയല്ലേ ചെയ്യപ്പെടുന്നത്.

ദീപക് രാജ്|Deepak Raj said...

ചാണക്യാ വീണ്ടും വന്നു.കണ്ടു.വായിച്ചു..പോകുന്നു..വീണ്ടും വരാം

ദീപക് രാജ്|Deepak Raj said...

വെള്ളം ചൂടാവുന്നതെയുള്ളൂ.. തിളയ്ക്കട്ടെ.. ഹിഹിഹിഹി

ബാബുരാജ് said...

പ്രിയ ജയകൃഷ്ണന്‍ സര്‍,

താങ്കളുടെ കമന്റിലെ പല കാര്യങ്ങളും എനിക്കു മനസ്സിലായില്ല. അവസാന പാരഗ്രാഫിലെ പോസിറ്റീവ്‌ ഊര്‍ജ്ജപ്രസരണം, നള്‍ പോയന്റ്‌ മുതലായ ദുര്‍ഗ്രഹ ശാസ്ത്രസംജ്ഞകള്‍ ഒന്നു വിശദീകരിക്കുമോ?

പിന്നെ അത്യാധുനികമെന്നു താങ്കള്‍ പറഞ്ഞത്‌ കിര്‍ലിയന്‍ ഫോട്ടോഗ്രഫിയെപ്പറ്റി തന്നെയല്ലേ സര്‍? കൂവള മാല ചാര്‍ത്തുന്ന ശിവലിംഗത്തിന്റെ പോട്ടം പിടിച്ചപ്പോള്‍ പച്ചകളറില്‍ കിട്ടിയതും, ഷക്കീലയുടെ പിടിച്ചപ്പോള്‍ നീലകളറില്‍ കിട്ടിയതും പറയാതെ വിട്ടുകളഞ്ഞത്‌ വിസ്തരഭയത്താല്‍ ആണോ സാര്‍?

രാമായണത്തില്‍ രാമന്‍ (അദ്ദേഹം വിഷ്ണുവിന്റെ അവതാരമാണല്ലോ?) അശ്വമേധം നടത്തിയത്‌ ഉപ്പില്ലാതെ മാവ്‌ കുഴച്ച്‌ കുതിരയെ ഉണ്ടാക്കിയാണോ? അതു പോലെ സീത ഇറച്ചി ഉണക്കുന്ന സന്ദര്‍ഭം എഴുത്തഛന്‍ പറയുന്നത്‌, സൊയാ ചങ്ക്സ്‌ ഉണക്കുന്നത്‌ കണ്ട്‌ തെറ്റിധരിച്ചാവുമല്ലേ?

എന്റെ ഒരു എളിയ അറിവ്‌ പറയട്ടെ സര്‍, ആസക്തിയോടുള്ള ഭോഗം ജന്തു സഹജമായ പ്രക്രിയ അല്ല, അതാണ്‌ മനുഷ്യ സഹജമായ പ്രക്രിയ. ബൊണോബു പോലുള്ള അപൂര്‍വ്വം ചില ജന്തുക്കളേ ആസക്തിയോടെ ഭോഗിക്കാറുള്ളൂ.

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ ബാബുരാജ് സര്‍,

പോസിറ്റീവ് ഊര്‍ജ്ജപ്രസരണം, നള്‍ പോയന്‍റ് തുടങ്ങിയവ അത്ര ദുര്‍ഗ്രഹശാസ്ത്രസംജ്ഞകള്‍ ഒന്നുമല്ലല്ലോ. എല്ലാ വിഗ്രഹങ്ങളിലുമെന്ന പോലെ ശിവലിംഗത്തില്‍ നിന്നും ഊര്‍ജ്ജവികിരണം ഉണ്ടാകുന്നുണ്ട്. (electro magnetic rays) ഇതു ഞാന്‍ പറയുന്നതല്ല. എനിക്കു വിശ്വസിക്കാന്‍ തോന്നിയ അറിവുള്ളവര്‍ പറഞ്ഞ കാര്യങ്ങളാണ്. ഒരു മൊബയില്‍ ടവര്‍ നിരീക്ഷിച്ചാല്‍ തന്നെ നള്‍ പോയന്‍റ് എന്താണെന്നു മനസ്സിലാകുമല്ലോ. ഈ ടവറിന്‍റെ ഒരു ആംഗിളില്‍ നമുക്ക് നെറ്റ്‌വര്‍ക്ക് ലഭ്യമല്ലായിരിക്കും. അതേ പോലെ തന്നെ ശിവലിംഗത്തിന്‍റെ ഒരു ആംഗിളില്‍ ഈ ഊര്‍ജ്ജപ്രസരണത്തിന്‍റെ തോത് പൂജ്യം ആയിരിക്കും. (അതോ അവിടെ നെഗറ്റീവ്‌ വരുന്നുണ്ടോ എന്ന് എനിക്കറിയില്ല) ഇത് താങ്കള്‍ അംഗീകരിക്കണമെന്നില്ല എന്നതു പോലെ തന്നെ മറിച്ച് വിശ്വസനീയമായ ഒരു തിരുത്തല്‍ ലഭിക്കാത്തിടത്തോളം, എനിക്ക് അംഗീകരിക്കാതിരിക്കാനും കഴിയുന്നില്ല.

ക്രില്യണ്‍ ഫോട്ടോഗ്രഫിയുടെ ആധികാരികതയെക്കുറിച്ച് എനിക്ക് അറിവില്ല എന്നത് നേരത്തെ എഴുതിയിരുന്നത് താങ്കള്‍ കണ്ടില്ല എന്നു തോന്നുന്നു. എന്നിരുന്നാലും എന്‍റെ പക്കല്‍ ഇപ്പൊള്‍ ഉള്ള ചെറിയ അറിവ്‌ അതു തന്നെയാണ്. തെറ്റെന്നു തോന്നുന്നെങ്കില്‍ തിരുത്തുവാന്‍ അപേക്ഷ. പ്രസ്തുത കാമറ വച്ച് ശിവലിംഗത്തിന്‍റെയും, ഷക്കീലയുടെയും ഫോട്ടോ എടുത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അല്ലാതെ വിസ്താര ഭയത്താലല്ല എഴുതാതിരുന്നത്. താങ്കളുടെ കൈവശം പ്രസ്തുത ചിത്രങ്ങളുടെ കോപ്പി ഉണ്ടെങ്കില്‍ അതു പ്രസിദ്ധീകരിക്കുകയോ, എനിക്കൊരു കോപ്പി അയച്ചു തരികയോ ചെയ്താല്‍ വളരെ ഉപകാരമാകും. നേരത്തേ പറഞ്ഞതു പോലെ തന്നെ ഞാന്‍ ഇതു വരെ ഒരു ക്രില്യണ്‍ ഫോട്ടോ നേരില്‍ കണ്ടിട്ടില്ല അതുകൊണ്ടാണ്.

ശൈവം, വൈഷ്ണവം, ശാക്തേയം ഇവകള്‍ തന്ത്രശാസ്ത്രത്തെ വ്യത്യസ്തരീതിയില്‍ കൈകാര്യം ചെയ്യുന്ന ഓരോരോ വിഭാഗങ്ങളാണ്-സമ്പ്രദായങ്ങളാണ്-. അല്ലാതെ മഹാവിഷ്ണുവിന്‍റെ അവതാരം വൈഷ്ണവസമ്പ്രദായം പിന്തുടരുന്ന തന്ത്രി ആയിരുന്നു എന്നു ഞാനുദ്ദേശിച്ചില്ല.

ആസക്തിയോടെയുള്ള ഭോഗം ജന്തു സഹജമല്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇപ്പോഴാണ് പട്ടിയും, പൂച്ചയും, കിളികളുമടങ്ങുന്ന ഈ ജന്തുജാലം മുഴുവനും (ബൊണോബും, മനുഷ്യനും ഒഴികെ) ആസക്തിയോടെയല്ല മറിച്ച് പവിത്രമായ ഹൃഹസ്ഥാശ്രമധര്‍മ്മത്തിന്‍റെ ഭാഗമായി മാത്രമാണ് ഭോഗിക്കുന്നത് എന്നറിയുന്നത്. ഈ അറിവിന് കടപ്പെട്ടിരിക്കുന്നു.

ബാബുരാജ് said...

നമിച്ചിരിക്കുന്നു സര്‍,
ഈ വിവരദോഷിയോട്‌ പൊറുക്കുക.

ജാതവേദസ് said...

തന്ത്ര, ശാക്തേയ വിധികളെ പറ്റി വലിയ അറിവ് ഇല്ല ,,,,അതുകൊണ്ട് വായിക്കാം അറിവ് പകരുന്ന രിതിയില്‍ അവതരിപ്പിക്കു, അതിനു ശേഷം ചര്‍ച്ച ആകാം . അല്ലാത്ത അവതരണം തന്നെ പരിഹാസ രൂപത്തില്‍ ആവരുത് എന്ന് അപേക്ഷ

പാര്‍ത്ഥന്‍ said...

ചാണക്യന്റെ ഈ പോസ്റ്റിലെ പല കാര്യങ്ങളും പലയിടത്തും കണ്ടിട്ടുള്ളതാണ്. ചരിത്രത്തെയും വിശ്വാസങ്ങളെയും മലർത്തിയടിച്ച് ശിവലിംഗം ജനനേന്ദ്രിയമാക്കാൻ ഇതിലും വലിയ കസർത്തുകൾ വായിച്ചിട്ടുണ്ട്. ബുദ്ധനെ രക്ഷിക്കാൻ നോക്കുന്നതിനിടയിൽ കാലഘട്ടം തെറ്റിപ്പോകാതെ നോക്കണമായിരുന്നു. ബുദ്ധനിൽ നിന്നും ആര്യന്മാരിലേക്കല്ല. ആര്യന്മാരുടെ നികൃഷ്ടമായ പൂജാവിധികളിൽ നിന്നുമുള്ള മോച്നമായിരുന്നു ജൈന, ബുദ്ധ മത വിശ്വാസങ്ങളുടെ വളർച്ചക്ക് കാരണം. പിന്നീട് അടിസ്ഥാനമില്ലാത്ത തത്ത്വങ്ങൾ കാരണം ബുദ്ധമതത്തിൽ വിവിധ ശാഖകൾ ഉടലെടുത്തു. ആ സന്ദർഭം ആര്യന്മാരുടെ ശക്തിയോടെയുള്ള തിരിച്ചു വരവിന് കളമൊരുക്കി. ബുദ്ധൻ ചെയ്ത അതേ പാര അവർ തിരിച്ചു പണിതു. അത് ചരിത്രത്തിന്റെ അനിവാര്യതയാകാം. ഇന്ന് ഹിന്ദുമതത്തിന്റെ എല്ലാ വശങ്ങളെയും ഇകഴ്ത്തിക്കാ‍ട്ടാൻ ശ്രമിക്കുന്ന പുരോഗമനവാദികളും ഒരിക്കൽ ജയീച്ചേക്കാം. അതിൽ ആർക്കും വേവലാതിയുണ്ടാകില്ല. പക്ഷെ ന്യായമായ ഉദാഹരണങ്ങളും ശരിയായ ചരിത്ര വഴികളും വെളിപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലത്. നിലനിൽക്കാൻ യോഗ്യതയില്ലാത്തതിനെയെല്ലാം നിലനിർത്താൻ വെറും കൃമി മാത്രമായ മനുഷ്യൻ ശ്രമിക്കേണ്ടതില്ല. കാലചക്രം അങ്ങനെ ഉരുണ്ടുകൊണ്ടിരിക്കും.
താന്ത്രികം മനസ്സിലാക്കിയവർ തന്നെയാണോ അതിനെക്കുറിച്ച് ഇത്ര ആധികാരികമായി വിമർശിക്കുന്നത്. കേട്ടുകേൾവി മാത്രമെ എനിക്കും ഇതിൽ ഉള്ളൂ. എല്ലാം കേൾക്കുക തന്നെ. ഒരു കാര്യം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ലൈംഗിക ശേഷി വളർത്തലല്ല താന്ത്രികത്തിന്റെ ഉദ്ദേശം. അതിന് ഇപ്പോൾ മുസ്ലി പവർ ഉണ്ടല്ലോ. എല്ലാ ലൈംഗിക പ്രത്യുല്പാദന പ്രശ്നങ്ങൾക്കും സർക്കാർ സമ്മതിയുള്ള പരിഹാരകേന്ദ്രങ്ങൾ എല്ലായിടത്തും ഉണ്ട്.
സാധാരണ മനുഷ്യന് അനുഭവയോഗ്യമായ എറ്റവും സ്വർഗ്ഗിയമായ അനുഭവം എന്നു പറയുന്നത് ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്നതാണ്. കുണ്ഡലിനി സ്ഥിതി ചെയ്യുന്നത് ലൈംഗികാവയങ്ങൾക്ക് അടുത്തായതുകൊണ്ടാണ്- മൂലാധാരം. ആ ശക്തിയെ മുകളിലേക്കുയർത്താൻ കഴിഞ്ഞാൽ ലൈംഗികബന്ധത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൻ കൂടുതലുള്ള അനുഭൂതി ലഭിക്കും എന്ന് അതിൽ അറിവുള്ളവർ പറയുന്നു. അപ്പോൾ അവിടെ സെക്സിനുള്ള പ്രാധാന്യം ഇല്ലാതെയാകുന്നു. താന്ത്രികം സെക്സിൽ മാത്രം കേന്ദ്രീകരിക്കുന്നില്ല എന്നു സൂചിപ്പിച്ചെന്നേയുള്ളൂ. ഈ വിവരങ്ങളെല്ലാം നെറ്റിൽ നിന്നും ലഭിക്കും. എന്റെ വാക്കിന്മേൽ തൂങ്ങി കുനുഷ്ടു ചോദ്യങ്ങൾ വന്നാൽ മറുപടി പറയാൻ കഴിയില്ല.

rajesh.rc said...
This comment has been removed by the author.
rajesh.rc said...
This comment has been removed by the author.
rajesh.rc said...

“പ്രത്യുല്പാദന പ്രക്രിയയെ കുറിച്ചുള്ള അബദ്ധജഡിലവും അപരിഷ്കൃതവുമായ ആശയമാണ് താന്ത്രികപൂജയുടെതിനു പിന്നിലുള്ളത്” എന്നു പറഞ്ഞതിനുകാരണം
തികച്ചും തന്ത്രശാസ്ത്രത്തെ കുറിച്ച് അടിസ്ഥാന പരമായ യതൊരു അറിവും ഇല്ലാത്തതുകൊണ്ടു മാത്രമാണ്. താന്ത്രികപൂജ എന്താണെന്ന് അറിയുവാ൯ താങ്കൾ ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നെങ്കിൽ അത് സാധിക്കുമായിരുന്നു.ഒന്നിനെക്കുറിച്ച് വ്യക്തമായി മനസ്സിലാ ക്കാതെ അഭിപ്രായം പറയരുത്. തന്ത്രശാസ്ത്രം എന്നത് മനുഷൃരുടേയും പ്രപഞ്ചത്തിന്റെു ഉള്ളറകളിലേക്ക് അതൃധികം വെളിച്ചം വിശുകയും അവിടെയുള്ള ശക്തികളെയെല്ലാം തൻറ്റേ ഇച്ഛാനുവർത്തികളാക്കി മാറ്റി മഹാത്ഭുതങ്ങൾ തന്നെ സൄഷ്ടിച്ചുകൊണ്ടു ഈശ്വരപദവിലേയ്ക്കു ഉയർത്തുകയും ചെയുന്നസാധനാശാസ്ത്രം അഥവാ മോക്ഷശാസ്ത്രമാണ് തന്ത്രശാസ്ത്രം.
നാം കാണുന്ന വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലകട്രോൺ എന്നു വിളിക്കുന്ന വാഹികളായ കണങ്ങളാണെന്നും [fundamental particles], അവ ഓരോന്നും ഊ൪ജതരംഗ സംഘാതങ്ങളാണെന്നുമാണ് wave mechanics സിദ്ധാന്തം പറയുന്നത്. ഏതൊരു വസ്തുവിന്റെ യും കൂടുതൽ സൂക്ഷമമായ രൂപമാണ് തരംഗരൂപിയായ ഊർജ്ജമെന്നു പറയുന്നത്. അതുതന്നെയാണ് ആ വസതുവിന്റെത മന്ത്രം അഥവാ സൂക്ഷമ സ്പന്ദനം .
വസതുവുണ്ടെങ്കിൽ സ്പന്ദനവുണ്ട് അതുകൊണ്ട് സ്പന്ദനമുണ്ടെങ്കിൽ ആ സ്പന്ദനത്തെ നമുക്കു സൄഷ്ടിക്കുവാൻ കഴിയുമെങ്കിൽ വസതുവും ആവിർഭവിക്കണം മന്ത്രവും അതിന്റെ അർത്ഥമായവസ്തും ആണത്രെ നാമരൂപാദികൾ
-_ മന്ത്രശാസ്ത്രം
ബ്രഹ്മൈകൃനുസന്ധനമെന്ന മാനസികപ്രക്രിയാണ് പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്. പൂജകൻ മന്ത്രസിദ്ധനും തികഞ്ഞ ഭക്തനുമാണെങ്കിൽ മാത്രമേ പൂജ ശരിയാകുകയുള്ളു. അല്ലെങ്കിൽ ഇതെല്ലാം വെറുതെ ചില കാട്ടിക്കൂട്ടൽ മാത്രമായിത്തീരും.‘സത്യാ൪ത്ഥപ്രകാശത്തിൽ താന്ത്രിക പൂജയെപ്പറ്റിവിവരിക്കുപ്പോലല്ല
ശിവലിംഗത്തെ ക്രില്യൺഫോട്ടോഗ്രാഫിയെക്കുറിച്ചും വളരെശാസ്ത്രീയഅടിസ്ഥാനത്തിൽ Sir. ഡോ.എൻ.ഗോപാലകൄഷ്ണൻ[Indian institute of scientific heritage] " ഭാരതീയ വിചാരധാര "യിൽ പറയുന്നുണ്ട്.
പിന്നെ നമ്മുടെ ജയകൃഷ്ണൻകാവാലം സൂചിപ്പിച്ചതുപോലെ തന്ത്രത്തിന് ശാഖകളുണ്ട്
അതിലെ വെറും മോരുകണ്ണിമാത്രമാണ് പൂജ. ഈശ്വരോപാസന നാലുവിധം : : 1. ചരൃ 2. ക്രിയ,3. യോഗം , 4. ജ്ഞാനം …….ശൈവം, വൈഷ്ണവം, ശാക്തേയം എന്നിവയെക്കുറിച്ചു പറയേണ്ടന്നു തോന്നണു.
തന്ത്രത്തിന് പ്രധാനമായും അഞ്ച്ശാഖകൾ ദക്ഷിണം, വാമം, ദിവൃം, കൗളം, സമയം ഇതിൽ വാമവും ദിവൃത്തിനും മാത്രമേ മദ്യ,മാംസ,മത്സ്യ,മുദ്രാ,മൈഥുനാദി പഞ്ചമകാരങ്ങൾ അർപ്പിക്കുകയുള്ളു.
താന്ത്രികതയിലെ സാധാരണക്കാരിലുള്ള വർഗ്ഗീകരണമാണ് പശു, വീരൻ, ദിവ്യൻ എന്നീ 3 വിഭാഗം.തികച്ചും ഭോഗത്തിലൂടെ സ്വന്തം നിലപിൻ ഭാഗമായി, എന്നാൽ ദൈവശ്രദ്ധയോടുകൂടി ചെയ്യുന്നതാണ് പശു ആചാരം. പശു എന്നാൽ മൄഗമാണ് മൄഗത്തിന് അശന൦,ശനം,മൈധുനം എന്ന മൂന്ന് കർമ്മങ്ങളിലേ ശ്രദ്ധയുള്ളൂ, എന്നതു പോലെ മാത്രം ജീവിക്കുന്ന സാധാരണക്കാരെയും ‘ പശു ‘എന്നു വിളിക്കുന്നു.
ദൈവ പ്രീതീക്ക് എന്നപേരിൽ സ്വന്തം മദ്യ,മാംസ,മൈഥുനാദി സേവ നടത്തുത് പശു ആചാരത്തിൽ പെടും ഇവർ നിമിത്തമാണ് താന്ത്രികമാർഗ്ഗം തെറ്റിദ്ധരിക്കപ്പെടുന്നത്
താന്ത്രം എന്നത് വൈദ്യൂതിയാണ് വൈദ്യൂതി എന്ത് എന്ന് അറിയണമെങ്കിൽ തൊട്ട് തന്നെ അറിയണം.രതിയെക്കുറിച്ച് ജയകൃഷ്ണൻകാവാലം പറഞ്ഞരിന്നു.

ഒത്തിരി എഴുതണമെന്നുണ്ട്.പക്ഷേ.........
അറിവ് എന്നത് അപ്പൂർണ്ണമാണ് ഒരു അബദ്ധവിശ്വാസത്തിന്റെ തിരുശേഷിപ്പല്ല മുന്നോട്ടു പോവണം

ഭാവുകങ്ങൾ………………….

Roby said...

ഈശ്വരപദവിലേയ്ക്കു ഉയർത്തുകയും ചെയുന്നസാധനാശാസ്ത്രം അഥവാ മോക്ഷശാസ്ത്രമാണ് തന്ത്രശാസ്ത്രം.

കൂടെ ശാസ്ത്രം എന്നു ചേർത്താൽ ഏതു തീട്ടത്തിനും മാന്യത വരുമോ രാജേഷ്?
ശാസ്ത്രം എന്നാൽ എന്താണെന്ന ചെറിയധാരണയെങ്കിലുമുണ്ടെങ്കിൽ താങ്കളിതുപോലെ ആ വാക്ക് എടുത്തു പ്രയോഗിക്കില്ലായിരുന്നു. പിന്നെ, വേവ് മെക്കാനിക്സിനെക്കുറിച്ച് താങ്കളിവിടെ പറഞ്ഞതൊക്കെ പൊട്ടതെറ്റാണ്. ഏതുവസ്തുവിന്റെയും മൂലരൂപം ഇലക്ട്രോണാണെന്നൊന്നും അതു പറയുന്നില്ല. ഇലക്ട്രോൺ, തരംഗം, ഊർജ്ജം എന്നതിനൊക്കെ സയൻസിൽ കൃത്യമായ നിർവചനമുണ്ട്. ആ പദങ്ങളെടുത്ത് മിക്സ് ചെയ്താൽ ഏതു തീട്ടവും വിശ്വസനീയമാ‍ക്കാം എന്നു കരുതുന്നുവെങ്കിൽ താങ്കൾക്കു തെറ്റി. താങ്കളിവിടെ സൂചിപ്പിച്ച എൻ. ഗോപാലകൃഷ്ണൻ എന്ന് താ*ളി കുറെക്കാലമായി ചെയ്യുന്നതും ഇതു തന്നെ. ആ വിവരക്കേട് കേട്ട്, ഇതൊക്കെ അമൃതാണെന്ന് തന്നെപ്പോലുള്ള വിവരദോഷികൾ കരുതും. അത് എല്ലാവർക്കും വിളമ്പരുത്...
വേണമെങ്കിൽ, ഈ ഗോപാലകൃഷ്ണനെക്കുറിച്ച് കൂടുതൽ വായിക്ക്. ലിങ്ക് 1, ലിങ്ക് 2

nalan::നളന്‍ said...

കിര്‍ലിയന്‍ ഫോട്ടൊഗ്രഫി എന്ന തട്ടിപ്പിനെയൊക്കെ പൊളിച്ചടക്കിയിട്ട് കാലം കുറേയായി..
വായിച്ചിട്ടില്ലാത്തവര്‍ക്കായി ലിങ്കം താഴെ

കിര്‍ലിയന്‍ ഫോട്ടൊഗ്രഫി

Suraj said...

നാം കാണുന്ന വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലകട്രോൺ എന്നു വിളിക്കുന്ന വാഹികളായ കണങ്ങളാണെന്നും [fundamental particles], അവ ഓരോന്നും ഊ൪ജതരംഗ സംഘാതങ്ങളാണെന്നുമാണ് wave mechanics സിദ്ധാന്തം പറയുന്നത്. ഏതൊരു വസ്തുവിന്റെ യും കൂടുതൽ സൂക്ഷമമായ രൂപമാണ് തരംഗരൂപിയായ ഊർജ്ജമെന്നു പറയുന്നത്. അതുതന്നെയാണ് ആ വസതുവിന്റെത മന്ത്രം അഥവാ സൂക്ഷമ സ്പന്ദനം.”

രാജേഷ് ഈ മുകളിലെഴുതിയതൊക്കെ പൊട്ടത്തെറ്റാണ്. ഫിസിക്സിൽ ഒരു അടിസ്ഥാനവിവരവുമില്ലാതെയുള്ള ജല്പനങ്ങളായേ ഇതിനെ കാണാനാവൂ. വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലക്ട്രോൺ ആണെന്ന് ഒരു ഫിസിക്സും പറഞ്ഞിട്ടില്ല. എവിടെയാണങ്ങനെ പറഞ്ഞിരിക്കുന്നതെന്നറിഞ്ഞാൽ പോയി പഠിക്കാമായിരുന്നു !

അതുപോലെ fundamental particles എല്ലാം ഊർജ്ജതരംഗസംഘാതങ്ങളാണെന്ന് ഏത് വേവ് മെക്കാനിക്സിലാണ് പറഞ്ഞിരിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. തരംഗരൂപിയായ ഊർജ്ജം “ഏതൊരു വസ്തുവിന്റെ യും കൂടുതൽ സൂക്ഷമമായ രൂപമാണ്” എന്നുപറയുന്നതും ശുദ്ധവിവരക്കേടോ അല്ലെങ്കിൽ പാർട്ടിക്കിൾ ഫിസിക്സിനെയും ക്വാണ്ടം ഭൌതികത്തെയുമൊക്കെ തലകുത്തനെ നിർത്തി സയൻസും സ്യൂഡോസയൻസും കൂട്ടിക്കുഴച്ച് ‘ഹിന്ദുത്വ’വിൽക്കാൻ നടക്കുന്ന ഗോപാലകൃഷ്ണനെപ്പോലെയുള്ള സാറമ്മാരുടെ വ്യാഖ്യാനങ്ങൾ വായിച്ച് വിഡ്ഢിയായതിന്റെയോ ഫലമാണെന്നേ പറയേണ്ടൂ.

ശിവലിംഗത്തെ ക്രില്യൺഫോട്ടോഗ്രാഫിയെക്കുറിച്ചും വളരെശാസ്ത്രീയഅടിസ്ഥാനത്തിൽ Sir. ഡോ.എൻ.ഗോപാലകൄഷ്ണൻ[Indian institute of scientific heritage] " ഭാരതീയ വിചാരധാര "യിൽ പറയുന്നുണ്ട്.

ആ പറഞ്ഞതത്രയും പരമ വിഡ്ഢിത്തവും പത്തുപൈസയുടെ ശാസ്ത്രയുക്തിയില്ലാത്തതുമാണ്. അത് ശാസ്ത്രീയമാണെൻ തോന്നുന്നത് വായനക്കാരനു ശാസ്ത്രമെന്താണെന്ന് അറിയാത്തതുകൊണ്ടുമാത്രമാണ്.

Suraj said...

ഇനിയും പല വരക്കങ്ങള് വരേണ്ടി വരുമെന്ന് ഊഹിക്കുന്നു. അതോണ്ട് റ്റ്രാക്കിംഗ് ;))

ബീഫ് ഫ്രൈ||b33f fry said...

tracking

nalan::നളന്‍ said...

എന്‍റെയറിവില്‍ ഭൈരവീചക്ര ഉപാസന എന്ന ക്രിയയില്‍ കന്യകയായ പെണ്‍കുട്ടിയെ പീഠത്തില്‍ ഇരുത്തി പ്രാണപ്രതിഷ്ഠയടക്കമുള്ള ക്രിയകളും ഉപചാരപൂജയും ചെയ്ത് ദേവീചൈതന്യം ആവാഹിച്ച് അതിനുശേഷം ആ സ്ത്രീയുമായി സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ഒരു ക്രിയ ഉണ്ട്‌, എന്നാല്‍ ഈ സമയം സാധകനില്‍ ഒരു അംശം പോലും കാമം എന്ന വികാരം ഉണ്ടാവാന്‍ പാടില്ലെന്നും അങ്ങനെയായാല്‍ അത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നുള്ള മുന്നറിയിപ്പും ശാസ്ത്രം നല്‍കുന്നുണ്ട്‌. അവിടെയും ആസക്തിയോടെയുള്ള ഭോഗം എന്ന ജന്തുസഹജമായ പ്രക്രിയ ഇല്ല തന്നെ.

എന്റമ്മച്ചീ...... ഇന്നത്തെ കാലത്ത് ഇങ്ങിനെ വളഞ്ഞ വഴി എന്തിനാ അണ്ണന്മാരെ ! പുത്രകാമേഷ്ടിക്ക് ഭഗവാന്‍ വേഷം കെട്ടാന്‍ വിളിച്ചാല്‍ പോലും “ഓ വേറെ പണിയില്ലെ” എന്നു പറയുന്ന കാലമാ !

ബിജു ചന്ദ്രന്‍ said...

tracking!!!

ശാശ്വത്‌ :: Saswath S Suryansh said...

track... :)

അപ്പി ഹിപ്പി said...

"സാധാരണ മനുഷ്യന് അനുഭവയോഗ്യമായ എറ്റവും സ്വർഗ്ഗിയമായ അനുഭവം എന്നു പറയുന്നത് ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്നതാണ്. കുണ്ഡലിനി സ്ഥിതി ചെയ്യുന്നത് ലൈംഗികാവയങ്ങൾക്ക് അടുത്തായതുകൊണ്ടാണ്- മൂലാധാരം. ആ ശക്തിയെ മുകളിലേക്കുയർത്താൻ കഴിഞ്ഞാൽ ലൈംഗികബന്ധത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൻ കൂടുതലുള്ള അനുഭൂതി ലഭിക്കും എന്ന് അതിൽ അറിവുള്ളവർ പറയുന്നു"
*പാർത്താ, അറിവുള്ളവർ ആരൊക്കെയാന്നു ഒന്നു പറയാമൊ?*

നിസ്സഹായന്‍ said...

@ അപ്പിഹിപ്പീ,

കുണ്ഡലിനി ഉണര്‍ന്നു പ്രവര്‍ത്തിച്ച മഹാന്മാര്‍ ആരെന്നറിയില്ലേ ? കഷ്ടം ! കുറച്ചു പേരുടെ പേരു പറയാം . ഭഗവാന്‍ രജനീഷ്, സത്യസായിബാബ, സന്തോഷ് മാധവന്‍, ഹിമവല്‍ഭദ്രാനന്ദ,.....അങ്ങിനെയങ്ങിനെ !!!!!

പാര്‍ത്ഥന്‍ said...

[അറിവുള്ളവർ ആരൊക്കെയാന്നു ഒന്നു പറയാമൊ?]

നിസ്സഹായൻ അങ്ങോർക്ക് താല്പര്യമുള്ള ആളുകളെ കണ്ടെത്തി.

ഈ അറിവ് സ്വയം ആർജ്ജിക്കാവുന്നതേയുള്ളൂ.
ചില പുസ്തകങ്ങൽ ഒന്ന് വായിച്ചുനോക്കുകയേ വേണ്ടൂ.

ഉദാഹരണം: യോഗ ശിഖ ഉപനിഷത്, യോഗചൂടാമണി ഉപനിഷത്, യോഗസിന്ധു തുടങ്ങിയവ.

അപ്പി ഹിപ്പി said...

@ പാർത്തൻ, ചുരുക്കി പറഞാൽ യോഗചൂടാമണി വായിച്ചാൽ മണി ചൂടാവില്ലാ അല്ലെ?
@നിസ്സഹായനണ്ണാ, ഇപ്പം പിടി കിട്ടി ലവന്മാരുടെ ചൂടാവാ മണി രഹസ്യം

Shreemazone said...

പ്രകൃതിയിലെ ഏറ്റവും മൂലമായ കാരണങ്ങളെ യാണ് ആരാധിച്ചു പോരുന്നത് . തുടക്കം മുതൽ അവസാനം വരെ നശിക്കാതെ നിൽക്കുന്നതും ലിംഗയോനി സംഭോഗമാണ് , അന്നേരത് ഒന്നിനോടും അറപ്പുംവെറുപ്പും കാണിക്കുന്നില്ല , എല്ലാത്തിന്റെയും അടിസ്ഥാനം ഇതെന്നെയാണ്.. മനുഷ്യനു സംസ്‍കാരം ഉള്ളിൽ ഉടലെടുത്തതോടെ എല്ലാം മറ്റൊരു കാഴ്ചപ്പാടിൽ നോക്ക്കാണുബോള് എല്ലാം വിഢിത്തരങ്ങൾ. ചെറിയ ജീവിതം കൊണ്ട് എല്ലാം മനസിലാക്കിക്കൊള്ളണം എന്ന പിടിവാശി 😁

Shreemazone said...

പ്രകൃതിയിലെ ഏറ്റവും മൂലമായ കാരണങ്ങളെ യാണ് ആരാധിച്ചു പോരുന്നത് . തുടക്കം മുതൽ അവസാനം വരെ നശിക്കാതെ നിൽക്കുന്നതും ലിംഗയോനി സംഭോഗമാണ് , അന്നേരത് ഒന്നിനോടും അറപ്പുംവെറുപ്പും കാണിക്കുന്നില്ല , എല്ലാത്തിന്റെയും അടിസ്ഥാനം ഇതെന്നെയാണ്.. മനുഷ്യനു സംസ്‍കാരം ഉള്ളിൽ ഉടലെടുത്തതോടെ എല്ലാം മറ്റൊരു കാഴ്ചപ്പാടിൽ നോക്ക്കാണുബോള് എല്ലാം വിഢിത്തരങ്ങൾ. ചെറിയ ജീവിതം കൊണ്ട് എല്ലാം മനസിലാക്കിക്കൊള്ളണം എന്ന പിടിവാശി 😁