Friday, August 15, 2008
പ്രഥമ വനിതാ മാര്‍പ്പാപ്പ
“യോനയുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്
മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ്
നിനക്ക് ഇതു വെളിപ്പെടുത്തിത്തരുന്നത്.
ഞാന്‍ നിന്നോട് പറയുന്നു; നീ പത്രോസാണ്;
ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും.
നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.
സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും.
നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും;
നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”
യേശുക്രിസ്തു സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ് ഏല്‍പ്പിച്ചതെന്നും, പത്രോസില്‍ നിന്നും സഭാനേതൃത്വ അവകാശം പിന്തുടരുന്നവരാണ് മാര്‍പ്പാപ്പാമാര്‍ എന്നും റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് തെളിവാവുന്നത് മത്തായി സുവിശേഷത്തിലെ മേലുദ്ധരിച്ച രണ്ട് ഖണ്ഡികകളാണ്. റോമന്‍ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ കത്തോലിക്കാ വൈദികനാണ് മാര്‍പ്പാപ്പ. അപ്പസ്തോലിക പിന്തുടര്ച്ച പ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും, ക്രിസ്തുവിന്റെ വികാരിയുമാണ് മാര്‍പ്പാപ്പ. റോമിന്റെ മെത്രാനും യേശുക്രിസ്തുവിന്റെ വികാരിയും അപ്പോസ്തലന്മാരുടെ രാജകുമാരന്റെ പിന്‍ഗാമിയും ആഗോള സഭയുടെ പരമോന്നത വൈദികനും ഇറ്റലിയിലെ റോമന്‍ പ്രവിശ്യയുടെ മെത്രാപ്പോലിത്തയും വത്തിക്കാന്റെ ഭരണാധികാരിയും ദൈവദാസന്മാരുടെ ദാസനും എന്നതാണ് മാര്‍പ്പാപ്പയുടെ സമ്പൂര്‍ണ്ണ വിശേഷണം.
പത്രോസിന്റെ സിംഹാസനത്തില്‍ പിന്നീട് വാണരുളിയ മാര്‍പ്പാപ്പാമാരെല്ലാം പുരുഷന്മാര് തന്നെയായിരുന്നു. പക്ഷെ വിധിവൈപരീത്യം കൊണ്ടോ, സഭയുടെ നോട്ടപ്പിശകു കാരണമോ ഒരു വനിത സഭയുടെ പരമോന്നത സിംഹാസനത്തില്‍ ഇരിന്നിട്ടുണ്ടെന്നാണ് തിരസ്കരിക്കപ്പെട്ട ചരിത്രം പറയുന്നത്. 855ല്‍ സ്ഥാനാരോഹണം ചെയ്ത ജോണ്‍ എട്ടാമന് മാര്‍പ്പാപ്പ, സഭയെ കബളിപ്പിച്ച് തല്‍ സ്ഥാനത്തെത്തിയ ജോന് എന്ന ഒരു വനിതയാണെന്നാണ് ചില ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നത്. 855ല്‍ ലിയോ നാലാമന് കാലം ചെയ്തപ്പോഴാണ് ജോന്, ജോണ്‍ എട്ടാമന് എന്ന പേരില്‍ ആ സ്ഥാനത്തെത്തിയത്. പുരുഷവേഷം കെട്ടി സഭയെ വളരെ വിദഗ്ദ്ധമായി കബളിപ്പിക്കാന്‍ ജോനിനു കഴിഞ്ഞു.
ഒന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഏകദേശം 818ല്‍ മെയ്ന്‍സിലെ റൈന്‍ നദീ തീരത്തെ ഒരു പട്ടണത്തില്‍ ക്രിസ്തുമത പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ദമ്പതികളായ ഇംഗ്ലീഷ് മിഷനറിമാര്‍ക്ക് ജോന് എന്നൊരു പുത്രി ജനിച്ചു. ചെറുപ്പകാലത്ത് അസാമാന്യ ബുദ്ധി പ്രകടിപ്പിച്ചിരുന്ന അവള് വശ്യ സൌന്ദര്യത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പന്ത്രണ്ടാം വയസില്‍ ഒരു ക്രിസ്ത്യന്‍ സന്യാസിയില്‍ അവള് അനുരുക്തയായി. പക്ഷെ മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തതോടെ ജോന് അവരെ ഉപേക്ഷിച്ച്, പുരുഷവേഷം ധരിച്ച്, സന്യാസി മഠത്തില്‍ വിദ്യാര്‍ത്ഥിയായി. ജോണ്‍ ആംഗ്ലിക്കസ് അഥവാ ജോണ്‍ ദ ഇംഗ്ലിഷ്മാന്‍ എന്ന പേരിലാണ് മഠത്തില്‍ അവള് അറിയപ്പെട്ടത്. കാമുകനായ സന്യാസിയുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി മാത്രമാണ് ജോണ്‍ ഈ ആള്‍മാറാട്ടത്തിന് തയ്യാറായത്. സന്യാസി മഠത്തിലെ പകലുകള്‍ പ്രാര്‍ത്ഥനയ്ക്കും പഠനത്തിനുമായി മാറ്റിവച്ച ജോന്, രാത്രികള്‍ കാമുകനുമായുള്ള സമാഗമത്തിന് ഉപയോഗിച്ചു.
കുറച്ച് കാലത്തിനു ശേഷം ഇവരുടെ ബന്ധം പുറത്തറിയുകയും, സഭയുടെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷനേടാന്‍ ഇരുവരും റോമിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ഏതന്‍സില്‍ വച്ച് ജോനിനെ ഉപേക്ഷിച്ച് കാമുകന് കടന്നു കളഞ്ഞു. പക്ഷെ അപ്പോഴും പുരുഷവേഷം കളയാതെ ജോന് റോമിലേക്കുള്ള യാത്ര തുടര്‍ന്നു. റോമിലെത്തിയ അവള് നല്ലൊരു അദ്ധ്യാപികയായും മിഷനറി പ്രവര്‍ത്തകയായും പ്രസിദ്ധി നേടി. അസാമാന്യ വാക്ചാതുര്യവും പാണ്ഡിത്വവും പ്രദര്‍ശിപ്പിച്ച ജോനിനു നിരവധി ശിഷ്യന്മാരുണ്ടായി. അക്കാലത്തെ പ്രമുഖ തത്വചിന്തകര്‍ ജോനിന്റെ പാണ്ഡിത്യത്തെ അനുമോദിച്ചു. ദൈവശാസ്ത്രത്തിലുള്ള അവളുടെ അറിവില്‍ കര്‍ദ്ദിനാള്‍മാര്‍ അല്‍ഭുതം കൂറി. പക്ഷെ ഇവര്‍ക്കാര്‍ക്കും ജോണ്‍ ആംഗ്ലിക്കസ് എന്നത് പുരുഷവേഷം ധരിച്ച ജോന് ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. കഴിവും പരിശ്രമവും കൊണ്ട് ജോന് സഭയുടെ അധികാരസ്ഥാനങ്ങളുടെ കീഴ്ത്തടങ്ങളില്‍ എത്തുകയും ക്രമേണ ഉന്നതങ്ങളിലേക്ക് കുതിക്കുകയും ചെയ്തു.
ഏവരാലും അംഗീകരിക്കപ്പെട്ട അവള് അങ്ങനെ 855ല്‍ മാര്‍പ്പാപ്പ ലിയോ നാലാമന് കാലം ചെയ്തപ്പോള്‍, അനന്തരാവകാശിയായി ഏകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ജോണ്‍ എട്ടാമന് എന്ന പേരില്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വനിത അവരോധിതയായി. ഈ സംഭവങ്ങള്‍ക്കിടയില്‍, ഏകയും വികാരവതിയുമായ ജോന് തന്റെ ഭൃത്യരില്‍ ഒരാളെ കാമുകനാക്കാന്‍ മടിച്ചില്ല. ഇയാള്‍ക്കൊഴികെ മറ്റാര്‍ക്കും ജോണ്‍ എട്ടാമന് മാര്‍പ്പാപ്പ ഒരു വനിതയാണെന്ന കാര്യം അറിയില്ലായിരുന്നു. അറിയിക്കാതിരിക്കാന്‍ ജോന് അതിസമര്‍ത്ഥമായി പെരുമാറിയിരുന്നു. അധികം താമസിയാതെ ഭൃത്യനുമായുള്ള സമാഗമത്തിലൂടെ ജോന് ഗര്‍ഭിണിയായി.
കാര്യങ്ങളെയൊക്കെ തകിടം മറിച്ച സംഭവം ഇനിയാണ്. മാര്‍പ്പാപ്പയായി അവരോധിതയായി രണ്ട് വര്‍ഷം കൊണ്ട്, ജോണ്‍ എട്ടാമന് വിശ്വാസികളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുന്നതില്‍ ഏറെ വിജയിച്ചു കഴിഞ്ഞിരുന്നു. 857ലെ ഈസ്റ്റര്‍ ദിനത്തില്‍, സെന്റ് പീറ്റേഴ്സ് ബസ്ലിക്കായില്‍ നിന്നും മാര്‍പ്പാപ്പയുടെ വാസസ്ഥലമായ ലാറ്റേറന്‍ കൊട്ടാരത്തിലേക്ക് ഒരു ഘോഷയാത്ര നീങ്ങുകയാണ്. ടൈബര്‍ നദിയുടെ എതിര്‍വശത്തായാണ് ലാറ്റേറന്‍ കൊട്ടാരം. ഘോഷയാത്രയ്ക്ക് നേതൃത്വം നല്കുന്ന മാര്‍പ്പാപ്പയെ റോഡിനു ഇരുവശവും തടിച്ചു കൂടി നിന്ന ജനങ്ങള്‍ ആദരവോടെ, ഭക്തിപുരസരം എതിരേല്‍ക്കുകയാണ്. ഘോഷയാത്ര, കൊളോസിയത്തിനും സെന്റ് ക്ലെമന്‍സ് ചര്‍ച്ചിനും മധ്യേയുള്ള ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ച ഉടനെ പരിശുദ്ധ പിതാവ് കുതിരപ്പുറത്തു നിന്നും കുഴഞ്ഞു വീണു. സകലരും സംഭീതരായി നോക്കി നില്‍ക്കെ ജോണ്‍ എട്ടാമന് മാര്‍പ്പാപ്പ പ്രസവവേദന കൊണ്ട് പുളയുന്ന ഒരു സ്ത്രീയായി മാറി. നിമിഷങ്ങള്‍ക്കകം ജോന് ഒരു കുഞ്ഞിനെ അവിടെ, ആ വീഥിമധ്യത്തില്‍ പ്രസവിച്ചു. കോപാക്രാന്തരായ ജനക്കൂട്ടം ആ സ്ത്രീയേയും കുഞ്ഞിനേയും നഗരത്തിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു.
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലിങ്ങോട്ട് നൂറ്റാണ്ടുകളോളം യൂറോപ്പിലാകമാനം ഈ കഥ പറഞ്ഞു തഴമ്പിച്ചു. വനിതാ മാര്‍പ്പാപ്പയായ ജോനിനെക്കുറിച്ചുള്ള ഏറ്റവും പഴയ സൂചനയായി ചരിത്രകാരന്മാര് കണ്ടെത്തിയിട്ടുള്ളത് പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് ഡൊമിനിക്കന്‍ ആയ ബാര്‍ബോണിലെ സ്റ്റീഫന്‍ എഴുതിയ “ദ സെവെന്‍ ഗിഫ്റ്റ്സ് ഓഫ് ദ ഹോളി സ്പിരിറ്റ്” എന്ന ഗ്രന്ഥമാണ്. ഇതേ സൂചന പതിമൂന്നാം നൂറ്റാണ്ടിലെ മറ്റൊരു ഡൊമിനിക്കന്‍ ആയ ത്രോപ്പോയിലെ മാര്ട്ടിന് എന്നു വിളിക്കുന്ന പോളിന്റെ “ ദ ക്രോണിക്കിള്‍ ഓഫ് ദ പോപ്സ് ആന്റ് എമ്പറേസ്” എന്ന കൃതിയിലും ചരിത്രകാരന്മാര് കണ്ടെത്തിയിട്ടുണ്ട്.
കത്തോലിക്കാ സഭ അന്നും ഇന്നും ഈ സംഭവങ്ങളെ അംഗീകരിച്ചിട്ടില്ല. ജനമധ്യത്തില്‍ വച്ചുള്ള ശിശുജനവും പിന്നീടുള്ള രോക്ഷപ്രകടനവും കഴിഞ്ഞയുടന്‍ തന്നെ പുതിയ മാര്‍പ്പാപ്പയായി ബനഡിക്ട് മൂന്നാമനെ ധൃതിയില്‍ അവരോധിച്ചു. ബനഡിക്ടിന്റെ സ്ഥാനാരോഹണത്തിന് സഭാചരിത്രകാരന്മാര് പൂര്‍വ്വകാല പ്രാബല്യമാണ് നല്‍കിയത്. 855ല്‍ മാര്‍പ്പാപ്പയായ ജോനിനെ സംബന്ധിച്ച എല്ല രേഖകളും നീക്കം ചെയ്യുക ചെയ്യുകയെന്നതായിരുന്നു അധികൃതരുടെ ലക്ഷ്യം. പിന്നീട്, പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 872ല്‍ ജോണ്‍ എന്ന് പേരുള്ള മറ്റൊരു മാര്‍പ്പാപ്പ അവരോധിതനായപ്പോള്‍ അദ്ദേഹത്തിന് ജോണ്‍ ഒന്പതാമന് എന്നതിനു പകരം ജോണ്‍ എട്ടാമന് എന്ന പേരാണ് നല്‍കിയത്.
വനിതാ പോപ്പിന്റെ കഥയില്‍ വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്. റോമിലെ കൊളോസിയത്തിനും സെന്റ് ക്ലെമന്‍സ് പള്ളിക്കും മധ്യേയുള്ള ഇടുങ്ങിയ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ള, കൈക്കുഞ്ഞുമായി നില്ക്കുന്ന ഒരു സ്ത്രീയുടെ പ്രതിമയാണത്. 857ല്‍ നടന്ന ഘോഷയാത്രക്കിടയില് പരിശുദ്ധ പിതാവ് കുതിരപ്പുറത്തു നിന്നും വീണ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പിന്നീട് നടന്ന ഘോഷയാത്രകള്‍ക്കൊന്നിനും ഈ ഇടനാഴി ഉപയോഗിച്ചിട്ടില്ല. പിന്നീട്, 200 വര്‍ഷത്തിലേറെക്കാലം, സീന കത്തീഡ്രലില്‍ മാര്‍പ്പാപ്പാമാരുടെ അര്‍ദ്ധകായ പ്രതിമകള്‍ സൂക്ഷിച്ചിരുന്നതിന്റെ കൂട്ടത്തില്‍ ഇങ്ങനെ ഒരടിക്കുറിപ്പോടു കൂടിയ ഒരു പ്രതിമയും ഉണ്ടായിരുന്നു.
“ ജോണ്‍ എട്ടാമന് മാര്‍പ്പാപ്പ, ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വനിത “
പതിനാറാം നൂറ്റാണ്ടില്‍ മാര്‍പ്പാപ്പയായിരുന്ന ക്ലെമന്റ് എട്ടാമന്, ഈ പ്രതിമയ്ക്ക് “ പോപ്പ് സക്കറി “ എന്ന് പുനര്‍നാമകരണം ചെയ്തതായി പറയപ്പെടുന്നു.
പോപ്പ് ജോനിന്റെ കഥക്ക് അനുകൂലമായി ചരിത്രകാരന്മാര് കാണുന്ന ഏറ്റവും വലിയ തെളിവ് “ സ്റ്റെല്ല സ്റ്റൈര്‍ ലാറ്റേറന്‍ “ എന്ന ഒരു തരം വിചിത്ര കസേരയാണ് (ചിത്രം താഴെ). സെന്റ് ജോണ്‍ ലാറ്റേറന്‍ ബസ്ലിക്കയില്‍ നിന്നും കണ്ടെടുത്ത ഒരു പ്രത്യേക മാര്‍ബിള്‍ കസേരയാണിത്. ഈ കസേരയുടെ ഇരിപ്പിടത്തിന് മധ്യത്തില്‍ ഒരു ദ്വാരമുണ്ട്. മാര്‍പ്പാപ്പ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനുമുന്‍പായി ഓരോ മാര്‍പ്പാപ്പയും ഈ കസേരയില്‍ ഇരിക്കേണ്ടതുണ്ട്. മാര്‍പ്പാപ്പാ സ്ഥാനാര്‍ത്ഥിയുടെ ലിംഗ നിര്‍ണ്ണയം നടത്തുന്നതിനുള്ള വൈദ്യപരിശോധനകള്‍ക്ക് വേണ്ടിയാണ് ഈ വിചിത്ര കസേര ഉപയോഗിച്ചിരുന്നത്. ജോനിന്റെ ചതി ആവര്‍ത്തിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍ സഭ എടുത്തതെന്ന് ചരിത്രകാരന്മാര് പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ ഈ കസേര ഉപയോഗിച്ചിരുന്നു.
പതിനാറും, പതിനേഴിലേയും നൂറ്റാണ്ടുകളിലെ പ്രോട്ടസ്റ്റാന്റ് എഴുത്തുകാര്‍ ജോന് മാര്‍പ്പാപ്പയുടെ കഥ സഭയ്ക്കെതിരെയുള്ള ആയുധമാക്കി. അന്നുമുതല്‍ ഇന്നു വരെ നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും കാരണമായിട്ടുണ്ട് ഈ കഥ.....
ജോണ്‍ എട്ടാമന് മാര്‍പ്പാപ്പ ജോന് എന്ന വനിതയായിരുന്നോ?
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
Subscribe to:
Post Comments (Atom)
21 comments:
പ്രഥമ വനിതാ പോപ്പ്
ഈ അറിവ് എനിക്കു പുതിയതാണ്..നന്നായി
കൌതുകമുളവാക്കുന്ന കണ്ടെത്തല്‍ .എത്രകണ്ടു വിശ്വാസയോഗ്യമാണെന്നതാണു വിഷയം. വലയലിലെ വിജ്ഞാന കൂമ്പാരം അരിച്ചു പെറുക്കട്ടെ. നന്ദി.
ഈ അറിവ് കൌതുകകരം തന്നെ.:)
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അറുപതുകളില്‍ ഗ്രീക്ക് ചരിത്രകാരനും എഴുത്തുകാരനുമായ Emmanuel D. Rhoidis ഈ വനിതാമാര്പ്പാപ്പയെപ്പറ്റി ഒരു ഗ്രന്ധം രചിച്ചിട്ടുണ്ടു്. ആ കാലഘട്ടത്തിലെ കത്തോലിക്കാസഭയിലെ കാടത്തത്തിന്റെ ഒരു ചിത്രവും ആ പുസ്തകം നല്കുന്നുണ്ടു്.
പെണ്മാര്പ്പാപ്പ ജോന് പ്രസവിച്ച സമയത്തു് ചെകുത്താന് ആകാശത്തു് പ്രത്യക്ഷപ്പെട്ടു് തന്റെ “സന്തോഷം” മൂലം ഇങ്ങനെ ഒരു ശ്ലോകം പാടിയെന്നു് Theodorus Engelusius തന്റെ പുരാവൃത്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു:
“Paper, pater patrum,
Peperit papissa papellum.”
(പിതാക്കന്മാരുടെ പിതാവായ മാര്‍പാപ്പ “പാപ്പിണി” ആയി പാപ്പക്കുഞ്ഞിനെ പ്രസവിച്ചു!)
കൊല്ലും കൊലയും മാര്‍പ്പാപ്പമാരുടെ തിരഞ്ഞെടുപ്പിലെ റൌഡിസവും മുതല്‍ മക്കളുണ്ടായിരുന്ന മാര്‍പ്പാപ്പമാര്‍ വരെയുള്ള കത്തോലിക്കാസഭയുടെ യഥാര്‍ത്ഥചരിത്രം മനസ്സിലാക്കിയാല്‍ നമ്മള് ശ്വാസം മുട്ടി മരിക്കേണ്ടിവരും.
“കണ്ടാമൃഗത്തിനെന്തിനു് ക്വാണ്ടം തിയറി?” എന്നപോലെ വിശ്വാസിക്കെന്തിനു് ചരിത്രം? അച്ചന് പഠിപ്പിക്കുന്ന സഭാചരിത്രത്തില്‍ കവിഞ്ഞ ഒരു ലോകചരിത്രമുണ്ടോ?
വളരെ വിചിത്രമായ ഒരു സംഭവം, ഇത്രനാളും അവര്‍ പിടിക്കപ്പെട്ടില്ലല്ലോ!!!!? സത്യമാണെങ്കില്‍ ലജ്ജാകരം തന്നെ.
ഒരു ചെറിയ സംശയം ചോദിച്ചോട്ടെ, അവരുടെ വോയിസ്സ് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെ? സാധാരണ മെയില്‍ വോയിസ്സൂം ഫീമെയില്‍ വോയിസ്സും തമ്മില്‍ വത്യാസമുണ്ടല്ലോ????
കൌതുകം ഉണര്‍ത്തിയ കഥ...അല്ല,സംഭവം...നല്ല പോസ്റ്റ്..തികച്ചും വ്യത്യസ്തമായിരിക്കുന്നു.സ്നേഹിതന് തോന്നിയ സംശയം എനിക്കും തോന്നാതിരുന്നില്ല.
സ്നേഹിതന്|shiju
smitha adharsh,
നിങ്ങള്‍ രണ്ട്പേരും പറഞ്ഞ സംശയം എനിക്കും ഉണ്ട്, പക്ഷെ ജോനിന്റെ കാര്യത്തില്‍ കത്തോലിക്കാ സഭ പറഞ്ഞ വിശദീകരണങ്ങള്‍ എല്ലാം തന്നെ ജോനിന്റെ ആസ്ഥിത്വത്തെ അംഗീകരിക്കുന്ന തരത്തിലാണ്. ഇതിന് വ്യക്തമായ ഒരു മറുപടി പറയാന്‍ ഇന്നത്തെ പോപ്പും അശക്തനാണ്.......
aarudeyo nalla bhavana jhon miltonte paradise lost pole onnu...
any way keep reading chanakyaa.
!
ചാണക്യ ,ഞാന്‍ ഇതിപ്പോഴാണ് കാണുന്നതും ഇങ്ങനെയുള്ള സംഭവം അറിയുന്നതും .ചിലപ്പോള്‍ ഈ കഥയും ഒരു സത്യമാകാം .ഇങ്ങനെ വെളിയില്‍ വരാന്‍ ഇനിയും എത്രയോ കഥകള്‍ .ഇപ്പോഴും കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ പട്ടത്വ ശുശ്രുഷകര്‍ ആകാറുണ്ട് .മാര്‍പാപ്പ ആകുമോ എന്നറിയില്ല .ചിലപ്പോള്‍ ആയേക്കാം .
very interesting....
വളരെ വിചിത്രവും കൌതുകകരവുമായ ഒരു ചരിത്ര സത്യം ഇവിടെ പോസ്റ്റിയതിന് നന്ദി. ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് ഇപ്പോഴും അങ്ങ് മനസ്സിലാകുന്നില്ല. സ്നേഹിതൻ പറഞ്ഞത് പോലെ അവരുടെ ശബ്ദം മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? പുരുഷ സ്വരമുള്ള ഒരുപാട് പെണ്ണുങ്ങളെ എനിക്കറിയാം എങ്കിലും ഒരു സംശയം.
ഏതായാലും ഇത് വളരെ ത്രില്ലിംഗ് ആയ ഒരു ചരിത്ര രേഖ തന്നെ. പോപിന്റെ ലിംഗ് നിർണ്ണയത്തിന് ഇപ്പോഴും ഈ കസേര ഉപയോഗിക്കുന്നുണ്ടോ.
വളരെ നല്ലൊരു അറിവ് ചരിത്രത്തിൽ നിന്ന് വിശദ്മായി എടുത്ത് തന്നതിന് നന്ദി.
ഓണക്കാഴ്ച്ചയായ് കൂടി ഞാന്‍ ഈ പോസ്റ്റ് കാണുന്നു! നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
ചരിത്രത്തിലേക്ക് കൈവഴികള്‍ തുറക്കുന്നതിനു നന്ദി.
എല്ലാ ആശംസകളും.
ശ്രദ്ധയില്‍ പെട്ട രണ്ടു പുതിയ പോസ്റ്റുകള്‍..
1) അവരെപ്പറ്റി അവര്‍ പറയട്ടെ...
www.islamvicharam.blogspot.com
2) 'ബര്‍സ'യുടെ ഒരു വായന കൂടി...
www.swaliha.blogspot.com
ആദ്യമായിട്ട് കേള്‍ക്കുകയാണ് ഈ കഥ.
എന്നാലും അമ്മയേയും കുഞ്ഞിനേയും കൊല്ലണ്ടായിരുന്നു..
പിന്നെ ശബ്ദം കൊണ്ട് തിരിച്ചറിയണമെന്നില്ല. നമ്മുടെ ഉഷാ ഉതുപ്പിന്റെ ചില പാട്ടുകള്‍ കേട്ടാല്‍ ഒരു പുരുഷഗായകന് പാടുകയാണെന്നേ തോന്നൂ.
അമ്മേ ഒരങ്കിള്‍ വിളിക്കുന്നു എന്നു ഫോണ്‍ വരുമ്പോള്‍ മക്കള്‍ വന്നു പറയാറുള്ള ഒരു കൂട്ടുകാരിയുമുണ്ടെനിക്ക്. ഫോണെടുത്തുകഴിഞ്ഞ് അവളാണെന്നു മനസ്സിലാവുമ്പോള്‍ പിന്നെ ചിരിക്കാതിരിക്കാന്‍ കുറേ പാടുപെടണം.
ഞാനും ഇക്കഥ ആദ്യമായാണ് കേള്‍ക്കുന്നത്. ഈ അറിവ് പകര്‍ന്നു തന്നതിനു നന്ദി.
9 നൂറ്റാണ്ടില്‍ സംഭവിച്ച ഈ കാര്യത്തെ പറ്റി പക്ഷേ സഭയുടെ ശത്രുക്കളുടെ എഴുത്തുകളില്‍ പോലും ഒന്നും പറയാത്തത് അത്ഭുതം അല്ലേ. 13 ആം നൂറ്റാണ്ടാവണ്ടി വന്നു സത്യങ്ങള്‍ പുറത്തുവരാന്‍!
http://en.wikipedia.org/wiki/Pope_Joan#Analysis
ഉം... യേശുവിനെ ഭാര്യയുണ്ടായിരുന്നു എന്നറിയാന്‍ ഡാവിഞ്ചികോഡ് വേണ്ടിവന്നില്ലേ അതും 20 ആം നൂറ്റാണ്ടില്‍ !!!
സി. കെ. ബാബു ചേട്ടന് ദൈവമുണ്ടെന്നു വിശ്വസിക്കാനേ പ്രയാസമുള്ളൂ... ചെകുത്താനുണ്ടെന്നു കേട്ടപ്പോള്‍ സന്തോഷിക്കുന്ന പോലെ തോന്നുന്നു.
യേശു ജീവിച്ചിരുന്ന കാലത്ത് എഴുതപ്പെട്ട സുവിശേഷം മേല്പറിഞ്ഞ ചേട്ടന് വിശ്വസിക്കില്ലെങ്കിലും 9 ആം നൂറ്റാണ്ടില്‍ നടന്ന കാര്യത്തെ പറ്റി 19 ആം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകം ആധികാരികം... നാണമില്ലേ മിസ്റ്റര്‍ ഹേ?
ഇത് കിടു ചാണക്യാ.. ഇത് കിടു..
സ്ത്രീകൾക്ക് ആൾമാറാട്ടമില്ലാതെ പോപ്പ് ആകാൻ ആവുമോ?
കാത്തിരുന്ന് കാണാം..
ലിങ്കിട്ടതിന് പെരുത്ത് നന്ട്രി.
Post a Comment