Sunday, June 28, 2009

ലോഹിതദാസിന് ആദരാഞ്ജലികള്‍.....




മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിടപറഞ്ഞു....

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 11.25നു മരണത്തിനു കീഴടങ്ങി.....അന്‍പത്തിനാലുകാരനായ അദ്ദേഹം ആലുവക്കടുത്ത് ദേശത്തായിരുന്നു താമസം.....

കലാമൂല്യവും ജനപ്രിയതയും ഒരുപോലെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്‍....

ചെറുകഥകളും ലഘുനാടകങ്ങളും എഴുതിക്കൊണ്ട് സാഹിത്യ സപര്യ ആരംഭിച്ചു....

ആദ്യ നാടകം- സിന്ധു ശാന്തമായൊഴുകുന്നു...

1985ലെ മികച്ച നാടകരചനക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി...

ആദ്യ ചിത്രം തനിയാവര്‍ത്തനം.....അവസാനത്തേത്..നിവേദ്യം....

1987ലെ മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി...

തിരക്കഥാ രചനക്ക് ഇരുപതോളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്....

ആദ്യം സംവിധാനം ചെയ്ത ചിത്രം ഭൂതക്കണ്ണാടി....

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്..

മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ്..

മികച്ച സംവിധായകനുള്ള പത്മരാജന്‍ പുരസ്കാരം..

മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്കാരം..

മികച്ച സംവിധായകനുള്ള രാമുകാര്യാട്ട് അവാര്‍ഡ്..

മികച്ച സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം..

തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇരുപത് വര്‍ഷത്തോളം മലയാള ചലച്ചിത്ര രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ലോഹിതദാസിനു ലഭിച്ചിട്ടുണ്ട്....


അദ്ദേഹം ഒരിക്കല്‍ എഴുതി,

“ എന്നെക്കുറിച്ചോ എന്റെ ചിത്രങ്ങളെക്കുറിച്ചോ ഒരവകാശവാദങ്ങളുമില്ല. രചന എന്നെ സംബന്ധിച്ചിടത്തോളം വൈഭവമല്ല, ഏതോ ഒരു ശക്തിവിശേഷം എന്നിലേക്കു പകര്‍ന്നു തരുന്നതാണ്. ഞാന്‍ പാത്രമാവുന്നതേയുള്ളൂ. എന്നിട്ടും ലോഹിതദാസ് എന്ന വലിപ്പത്തില്‍ എഴുതിവക്കുന്നത് അഹന്ത നിറഞ്ഞ എന്റെ അല്പത്തരം “

“ജീവിതമെവിടെയുണ്ടോ അവിടെ കഥകളുമുണ്ട്. കഥ കണ്ടെത്തുന്ന കണ്ണുകള്‍ക്കാണു ക്ഷാമം“....

ആ കണ്ണുകള്‍ ഇനിയൊരു കഥയും കണ്ടെത്താന്‍ കഴിയാതെ എന്നെന്നേക്കുമായി അടഞ്ഞു..........


എന്റെ പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍.....


ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

Thursday, June 18, 2009

ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍

കേരളീയ കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയാണോ?

കഴിഞ്ഞ ദിവസത്തെ പത്രവാര്‍ത്തകള്‍ നോക്കൂ..

പാലക്കാട് പുതുശേരിയില്‍ 32 വയസുകാരനെ പെറ്റമ്മ മഴുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. അമിതമായി മദ്യപിച്ച ശേഷം തല സ്വയം ചുവരിലിടിച്ച് പൊട്ടിക്കുകയും ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത യുവാവ് സഹോദരനേയും ഭാര്യയേയും വീടിനു പുറത്താക്കി അവരുടെ മുറിക്ക് തീയിട്ട ശേഷം ഉറങ്ങുമ്പോഴായിരുന്നു പെറ്റമ്മയുടെ അറ്റകൈപ്രയോഗം.

കായം‌കുളത്തിനടുത്ത് വള്ളിക്കുന്നത്ത് പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്ന 33 വയസ്സുകാരനെ പിതാവാണ് കോടാലി കൊണ്ട് വെട്ടിക്കൊന്നത്.

ഈ വാര്‍ത്തകള്‍ക്ക് മുന്നേ സമാന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പട്ടാമ്പിയില്‍ ഗൃഹനാഥന്‍ മകളെ മാനഭംഗപ്പെടുത്തിയ ശേഷം ഭാര്യയേയും മറ്റ് മക്കളേയും കൊന്ന് കുഴിച്ചു മൂടിയ സംഭവം കേരളത്തെ നടുക്കിയിരുന്നു.

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ നിത്യശല്യമായിരുന്ന മദ്യപനായ മകനെ പിതാവ് കൊന്ന് തെങ്ങിനു വളമാക്കിയത് ഇടുക്കി ജില്ലയിലാണ്.

ഇതേ ജില്ലയില്‍ തന്നെയാണ് അമ്മയെ മകന്‍ മാനഭംഗപ്പെടുത്തിയ സംഭവവും ഉണ്ടായത്.

എല്ലാവിധ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന മകന്‍ ഒരു തരത്തിലും അടങ്ങില്ലെന്ന് കണ്ടപ്പോള്‍ അയല്‍‌വാസിയുടെ ഒത്താശയോടെ പരമസാത്വികനായ പിതാവ് പൂര്‍ണ്ണമനസോടെ ആ മകനെ വകവരുത്തിയ സംഭവമാണ് ഏതാനും വര്‍ഷം മുന്‍പ് കോട്ടയത്തിനു സമീപത്ത് ഉണ്ടായത്.

രക്തബന്ധങ്ങള്‍ക്ക് വാഴനാരിന്റെ ബലം പോലും ഇല്ല എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ നടമാടുന്നു. അച്ഛന്‍ മകളെ ബലാത്സംഗം ചെയ്യുന്നു, മകന്‍ അമ്മയെ മാനഭംഗപ്പെടുത്തുന്നു, സഹോദരന്‍ സഹോദരിയെ......അപലപനീയ സംഭവങ്ങളുടെ പട്ടിക നീളുന്നു...

സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സമൂഹ മനസാക്ഷിയെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അനവരതം നടന്നു കൊണ്ടിരിക്കുന്നു. മുന്‍‌കാലങ്ങളില്‍ പവിത്രമായിക്കണ്ടിരുന്ന കുടുംബബന്ധങ്ങളുടെ ശൈഥില്യത്തെയാണ് ഈ ഹീന സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സദാചാര പ്രഘോഷണങ്ങള്‍ ഊണിലും ഉറക്കത്തിലും ഉരുവിട്ടിരുന്ന മലയാളികളുടെ സദാചാരബോധം ഇന്ന് പുസ്തകത്താളുകളില്‍ ഒതുങ്ങിയിരിക്കുന്നു. പുരുഷന് അമ്മയോടും മകളോടും സഹോദരിയോടും കാമം തോന്നുന്ന തരത്തിലായിരിക്കുന്നു സാമൂഹിക അപഭ്രംശവും മൂല്യഛ്യുതിയും. മദ്യത്തിന്റെ പിടിയില്‍ നാട്ടിനും വീട്ടിനും കൊള്ളരുതാത്തവരായി മാറിയ മക്കളെ ആറ്റുനോറ്റ് ജന്മം നല്‍കി പോറ്റിവളര്‍ത്തിയവര്‍ തന്നെ കൊന്ന് കുഴിച്ചു മൂടി പ്രശ്ന പരിഹാരം കാണുന്നു.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബ സംസ്കാരത്തിലേക്ക് കൂടുമാറ്റം നടത്തിയപ്പോഴുണ്ടായ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ അറം‌പറ്റലാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഹേതു എന്ന വാദം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ല. അമിത ഭോഗാസക്തിയും മദ്യപാനാസക്തിയും മലയാളിയെ പുറമെ സദാചാര സംരക്ഷകനും അകമെ സദാചാര ധ്വംസകനും ആക്കി മാറ്റിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അതിവേഗം ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം മുന്നേറുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വിദ്യാഭ്യാസപരമായി മുന്നാക്കത്തിലെത്തുന്ന ഒരു ജനത സാമൂഹികമായി ഉയര്‍ന്ന ബൌദ്ധിക നിലവാരം പുലര്‍ത്തും എന്ന കാഴ്ച്ചപ്പാട് മലയാളിയെ സംബന്ധിച്ച് തെറ്റാണെന്ന് വരുന്നു. കാരണം സദാചാരത്തിന്റെ വഴികളില്‍ സ്വയം മറന്ന് പ്രവര്‍ത്തിച്ചവരില്‍ മിക്കവരും അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടുള്ളവരായിരുന്നു.

കേരളം മനോരോഗികളുടെ നാടായി മാറുകയാണോ?