Monday, December 21, 2009

മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം

സമാനതകളില്ലാത്ത പ്രാദേശിക രാക്ഷ്ട്രീയ തന്ത്രങ്ങളിലൂടെ ഭരണം നടത്തുന്ന തമിഴക കക്ഷികളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ കാലപ്പഴക്കം കൊണ്ട് തകർന്നു തരിപ്പണമാവാൻ സാധ്യതയുള്ള ഒരു പഴഞ്ചൻ ഡാമല്ല. ഒരു സംസ്ഥാനത്തിലെ നാൽ‌പ്പത് ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനെ മുൾമുനയിൽ നിർത്തി വിലപേശാൻ തമിഴ്നാട് കാണിക്കുന്ന 'അസാമാന്യ ധീരത', അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും ബഹിർസ്ഫുരണം മാത്രമാണ്. അൻപത് വർഷം മാത്രം കാലപ്പഴക്കം നിർണ്ണയിച്ച് കമ്മിഷൻ ചെയ്ത ഡാം നൂറുകൊല്ലം താണ്ടിയ ശേഷവും ബലക്ഷയം സംഭവിച്ചിട്ടില്ല എന്ന് വാദിക്കുന്നവരുടെ മൌഢ്യതയെ അതിജീവിക്കേണ്ടത് കേരളത്തിലെ അഞ്ച് ജില്ലയിലെ ജനങ്ങളുടെ ജീവന്മരണ പോരാട്ടമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. മുല്ലപ്പെരിയാർ തകർന്നാൽ ആ തകർച്ച ഇടുക്കി ഡാം താങ്ങിക്കൊള്ളും എന്ന തമിഴന്റെ വരട്ടുവാദം ഒരു തമാശയായി ആസ്വദിക്കാനുള്ള മാനസിക നിലയല്ല കേരള ജനതക്ക് ഇപ്പോഴുള്ളത്. എന്ത് തർക്കത്തിന്റെ പേരിലായാലും ബലക്ഷയം സംഭവിച്ച ഒരു ഡാമിനെ നിലനിർത്തിക്കൊണ്ടുള്ള ചർച്ചകളും കേസ് നടത്തിപ്പും ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഭരണാധികാരികളിൽ നിന്നും ഉണ്ടാവാൻ പാടില്ല. അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങളുടെ പരിഹാരം കാണുന്നത് ചുവപ്പ്നാടയിലെ കുരുക്കുകളുടെ ബലത്തെ മുൻ നിർത്തിയാവരുത്.

999 വർഷത്തെ പാട്ടക്കരാറിന്റെ ‘സാധുത‘യിൽ കൃഷിക്കാവശ്യമായ ജലം നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോകാൻ മടികാണിക്കാത്ത തമിഴക ഭരണാധികാരികൾ കേരളത്തിനെതിരെ നിരവധി സമ്മർദ്ധ തന്ത്രങ്ങൾ എടുത്ത് പ്രയോഗിക്കുന്നുണ്ട്. മുല്ലപ്പെരിയാർ പ്രശ്നം കത്തിക്കയറിയ വേളയിൽ സമാനമായ മറ്റൊരു നദീജല പ്രശ്നത്തേയും സമ്മർദ്ധ തന്ത്രത്തിന്റെ ഭാഗമായി വലിച്ചിഴക്കാൻ തമിഴ്നാട് മടികാണിച്ചില്ല. തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലെ ജലം വിട്ടുകിട്ടാനുള്ള മുൻ‌ കരാർ നടപ്പാക്കണമെന്ന ആവശ്യവുമായി തമിഴ് ജനതയെ കേരളത്തിനെതിരെ അണിനിരത്തി അതിർത്തി പ്രദേശങ്ങളിൽ സംഘർഷം ഉണ്ടാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 2004 വരെ തമിഴനാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലെ കൃഷിയാവശ്യത്തിനായി നെയ്യാറിലെ വെള്ളം നൽകിയിരുന്നു. കരാർ പ്രകാരം വിളവങ്കോട് ഭാഗത്തേക്ക് ജലമൊഴുക്കേണ്ട കനാൽ യഥാസമയം അറ്റകുറ്റപ്പണി ചെയ്യേണ്ട ബാധ്യത തമിഴ്നാടിനാണ്. എന്നാൽ അവരുടെ ഭാഗത്തു നിന്നും ഉണ്ടായ നിസംഗത കാരണം സമയബന്ധിതമായ അറ്റകുറ്റപ്പണി നടക്കാതെ കനാൽ പൊട്ടിപ്പൊളിഞ്ഞ് നീർവാഴ്ച്ചക്ക് യോഗ്യമല്ലാതായി തീർന്നു. നെയ്യാർ ഇടതുകര വഴി ഈ കനാലിലൂടെ കേരളം നൽകിയിരുന്ന നെയ്യാറിലെ ജലം കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പാഴായി. കാടും പടലും കേറി പലേടത്തും ഇടിഞ്ഞു വീണും പൊട്ടിപ്പൊളിഞ്ഞും തകർന്ന കനാലിനെ അറ്റകുറ്റപ്പണി നടത്തി നീർവാഴ്ച്ചക്ക് യോഗ്യമാക്കാൻ തമിഴ്നാട് കരാറിൻ പ്രകാരമുള്ള നടപടി ഒന്നും സ്വീകരിച്ചില്ല. വലിയൊരളവ് വെള്ളം ഇങ്ങനെ പാഴാവാൻ തുടങ്ങിയപ്പോൾ കേരളം ഷട്ടർ അടച്ച് വിളവങ്കോട് ഭാഗത്തേക്കുള്ള ജലമൊഴുക്ക് തടഞ്ഞു. മാത്രവുമല്ല കേരള ഇറിഗേഷൻ ആക്ട് 2003 നിലവിൽ വരികയും ഇതിലെ ക്ലോസ് 30 അനുസരിച്ച് വ്യക്തമായ കരാർ ഇല്ലാതെ ജലം നൽകുന്നത് നിയമ വിരുദ്ധമാവുകയും ചെയ്തു.

വിളവങ്കോട്ടേക്ക് ജലമൊഴുക്കിയിരുന്ന കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ.

പുതിയ കരാറിൽ ഏർപ്പെട്ട് കനാലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ മുൻ‌ധാരണ പ്രകാരം നെയ്യാറിലെ ജലം വിട്ടുകൊടുക്കാമെന്ന് കേരളം ഔദ്യോഗികമായി തന്നെ തമിഴ്നാടിനെ അറിയിച്ചിരുന്നുവെങ്കിലും അതിനൊന്നും മുതിരാതെ ഏകപക്ഷീയവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും പ്രശ്നത്തെ സങ്കീർണ്ണമാക്കാനാണ് തമിഴ്നാട് ശ്രമിച്ചത്. അവർ ആവശ്യപ്പെടും പോലെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയാലും കനാലിന്റെ ശോച്യാവസ്ഥ കാരണം ജലം വിളവങ്കോട് എത്തില്ല എന്ന കാര്യം നിസ്തർക്കമാണ്. 2004ൽ കേരളം വിളവങ്കോട് ഭാഗത്തേക്കുള്ള ഷട്ടർ അടച്ചുവെങ്കിലും അന്നൊന്നും തമിഴ്നാട് ഇതേ ചൊല്ലി തർക്കത്തിനു മുതിർന്നിരുന്നില്ല. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീം കോടതി കേരളത്തിനു അനുകൂലമായ നിലപാട് എടുക്കുന്ന ഘട്ടം വന്നപ്പോഴാണ് വർഷങ്ങൾക്കു ശേഷം നെയ്യാർ വെള്ളത്തിൽ അവകാശം സ്ഥാപിക്കാൻ തമിഴ്നാട് രംഗത്ത് വന്നത്. തമിഴ്നാട് അവകാശ വാദം ഉന്നയിച്ചപ്പോൾ തന്നെ നെയ്യാറിലെ ജലം വിട്ടുകൊടുക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി വി എസ് അച്ഛ്യുതാനന്ദൻ പ്രസ്താവന നടത്തിയിരുന്നു. തന്നെയുമല്ല നെയ്യാറിലെ ജലം കൃഷിയാവശ്യത്തിനായി തമിഴ്നാടിനു വിട്ടുകൊടുക്കാനുള്ള പ്രമേയവും കേരള നിയമസഭ പാസാക്കി. നെയ്യാറിലെ ജലത്തിനു കാലാനുസൃതമായ വില ഈടാക്കിക്കൊണ്ട് വിട്ടുകൊടുക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ കരാറിൽ ഏർപ്പെടാൻ തമിഴ്നാടിനെ ക്ഷണിച്ചുവെങ്കിലും അവർ അതിനു സന്നദ്ധത പ്രകടിപ്പിച്ചില്ല. വിളവങ്കോട് ഭാഗത്തേക്കുള്ള കനാലിന്റെ അറ്റകുറ്റപ്പണിയടക്കം ചെയ്ത് വിലയീടാക്കാതെ വെള്ളം നൽകണം എന്ന ആവശ്യമാണ് തമിഴ്നാട് ആവർത്തിക്കുന്നത്. ഈ ആവശ്യത്തിനു സാധുത വരുത്താൻ സ്ഥിരം ശൈലിയിലുള്ള വരട്ടു ന്യായം ഇവിടേയും അവർ ചെലുത്തുന്നുണ്ട്. നെയ്യാർ ഒരു അന്തർസംസ്ഥാന നദിയാണെന്ന വിചിത്രവാദമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. അതിനാൽ നെയ്യാറിലെ വെള്ളം തമിഴ്നാടിനും അവകാശപ്പെട്ടതാണത്രെ. അഗസ്ത്യാർകൂടത്തിൽ നിന്നും ഉൽഭവിച്ച് തമിഴ്നാടിന്റെ ഒരു ഭാഗത്തും സ്പർശിക്കാതെ പൂർണ്ണമായും കേരളത്തിലൂടെ മാത്രം ഒഴുകി സമുദ്രത്തിൽ പതിക്കുന്ന നെയ്യാർ എങ്ങനെ അന്തർസംസ്ഥാന നദിയാകും എന്ന ചോദ്യത്തിനു തമിഴനു മറുപടിയില്ല.

മുല്ലപ്പെരിയാർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച നടൻ ശരത് കുമാറിന്റെ ഇരട്ടതാപ്പ് വ്യക്തമാകണമെങ്കിൽ നെയ്യാർ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് പരിശോധിച്ചാൽ മതി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ തമിഴ്നാട് സംസ്ഥാനങ്ങൾ നേരിട്ട് തർക്കപരിഹാരത്തിനായി കോടതിയെ സമീപിച്ചുവെങ്കിൽ നെയ്യാർ വിഷയത്തിൽ കോടതിയെ സമീപിച്ചിരിക്കുന്നത് നടൻ ശരത് കുമാർ നേതൃത്വം നൽകുന്ന സമത്വ മക്കൾ കക്ഷിയാണ്. മധുര ഹൈക്കോടതി ബഞ്ച് ഇവരുടെ ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നെയ്യാർ നദീജലം വിളവങ്കോട് താലൂക്കിൽ എത്താത്തതുകാരണം പ്രദേശത്തെ കാർഷിക രംഗം തകരുകയും കൃഷിക്കാർ ദുരിതത്തിലാണെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ കന്യാകുമാരി ജില്ലാ കളക്ടർ, വിളവങ്കോട് തഹസിൽദാർ, ജില്ലയിലെ ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നിർദേശം നൽകണമെന്ന ആവശ്യമാണ് ശരത് കുമാറിന്റെ കക്ഷി ഉന്നയിച്ചിരിക്കുന്നത്. ചുരുക്കത്തിൽ മുല്ലപ്പെരിയാറിനൊപ്പം നെയ്യാറും കോടതി കയറുമെന്ന് വ്യക്തമായി. കേരളം നെയ്യാറിലെ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാനുള്ള യഥാർത്ഥ കാരണം മറച്ചു വെക്കുകയും കരാർ പുതുക്കാനുള്ള ക്ഷണം സ്വീകരിക്കാതേയും ഉള്ള ഈ കോടതി കയറ്റം പ്രശ്നത്തെ സങ്കീർണ്ണമാക്കാനെ ഉപകരിക്കൂ. കന്യാകുമാരി ജില്ലയിലെ ജനത്തിനു മുന്നിൽ നെയ്യാർ വിഷയത്തിലെ യാഥാർത്ഥ്യം മറച്ചു വെച്ചാണ് ജയലളിത അടക്കമുള്ള നേതാക്കൾ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. സ്വതവെ വേരോട്ടം കുറഞ്ഞ പ്രാദേശിക കക്ഷികൾ കന്യാകുമാരി ജില്ലയിൽ തങ്ങളുടെ അസ്തിത്വം ഉറപ്പിക്കാനുള്ള തുറുപ്പ് ചീട്ടായിട്ടാണ് നെയ്യാർ വിഷയത്തെ ഉപയോഗപ്പെടുത്തുന്നത്. നടൻ ശരത് കുമാറിന്റെ ലക്ഷ്യവും മറ്റൊന്നല്ല. എന്ത് കൊണ്ട് വെള്ളം തടയപ്പെട്ടു എന്ന കാരണം വ്യക്തമായും അറിയാമായിരിക്കെ അതിനു പരിഹാരം കാണാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും കോടതിയെ സമീപിച്ചതിനു പിന്നിലെ ലക്ഷ്യം പ്രശ്നത്തെ സങ്കീർണ്ണമാക്കി നീട്ടിക്കൊണ്ടു പോവുക എന്നതാണ്.

പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞ കേരളം തമിഴ്നാട്ടിലെ വിഭവങ്ങൾക്കായി മാർക്കറ്റുകളിൽ കയറിയിറങ്ങുന്നു എന്ന കാര്യം തർക്കമറ്റതാണ്. തമിഴ് വിഭവങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പിനെ മുതലാക്കുന്ന തന്ത്രങ്ങൾ മെനയുന്നതിൽ തമിഴക രാക്ഷ്ട്രീയക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ഇതിന്റെ ഭാഗമായാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിനു അവർ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി ഇടക്കിടെ പുറത്തെടുക്കുന്നത്. തമിഴ് ലോറികൾ അതിർത്തി കടന്ന് വന്നില്ലായെങ്കിൽ കേരളം പട്ടിണിയിലാവും എന്ന പ്രചരണം കേൾക്കുന്ന മാത്രയിൽ ശരിയെന്ന് തോന്നുമെങ്കിലും കേരളത്തിനൊപ്പം തമിഴ്നാടും പട്ടിണിയിലാവും എന്ന കാര്യം ഭീഷണി മുഴക്കുന്നവർക്ക് അറിയില്ലാ എന്നുണ്ടോ? കേരളത്തിനെതിരെ മുൻപും അവർ ഉപരോധ സമരങ്ങൾ നടത്തിയിട്ടുണ്ട്. പാലും മുട്ടയും പൂവും അടക്കമുള്ള സാധനങ്ങളെ കേരളത്തിലേക്ക് കടത്തി വിടാതെ തമിഴൻ നടത്തിയ ഉപരോധ സമരങ്ങൾ അവർക്ക് തന്നെയാണ് വിനയായിട്ടുള്ളത്. നേതാക്കളുടെ ആഹ്വാനമനുസരിച്ച് സാധനങ്ങളെ അതിർത്തിയിൽ പ്രതിരോധിച്ച് സമരം ചെയ്തവർ സമരം അവസാനിപ്പിച്ചപ്പോഴാണ് തങ്ങൾ ചെയ്ത പാതകത്തിന്റെ വ്യാപ്തി മനസിലായത്. പഴക്കം കൊണ്ട് പിരിഞ്ഞ പാലിലും ചീഞ്ഞ മുട്ടയിലും വാടിയ പൂവിലും തങ്ങൾക്ക് നഷ്ടമായത് നെടുനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് അവർ തിരിച്ചറിഞ്ഞപ്പോഴേക്കും ഉപരോധ സമരം ആഹ്വാനം ചെയ്ത നേതാക്കൾ സെന്റ് ജോർജ്ജ് കോട്ടയിൽ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു. പകലന്തിയോളം പണിയെടുത്തുണ്ടാക്കിയ വിഭവങ്ങൾ പാഴായതിൽ ക്ഷുഭിതരായ കർഷകർ നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യുന്ന തലം വരെയെത്തി അന്ന് നടന്ന ഉപരോധ സമരത്തിനിടയിൽ.

കേരളം പണം കൊടുത്ത് സാധനങ്ങൾ വാങ്ങി വിശപ്പടക്കുന്ന സംസ്ഥാനമാണ്. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വാങ്ങാൻ പണവുമായി തമിഴ് ലോറിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നവനാണ് മലയാളി. എന്നാൽ തമിഴൻ കേരളത്തിലേക്കുള്ള വിഭവങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാൽ പട്ടിണി കിടന്ന് മരിക്കാനുള്ള സാഹചര്യം ഒന്നും തന്നെയില്ല. കുറച്ച് നാളത്തേക്കുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാൽ, അവശ്യ സാധനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുക തന്നെ ചെയ്യും. എന്നാൽ ഉപരോധം ഏർപ്പെടുത്തുന്ന തമിഴ്നാടിന്റെ സ്ഥിതിയെന്താവും? കേരളമെന്ന മാർക്കറ്റ് മാത്രം ലക്ഷ്യമിട്ട് വിഭവ സമാഹരണം നടത്തുന്ന തമിഴ് കർഷകർ ആ സാധനങ്ങൾ ഏത് മാർക്കറ്റിൽ വിറ്റ് കാശാക്കും? കേരളത്തിനെ സംബന്ധിച്ച് ആവശ്യ വസ്തുക്കൾക്ക് കർണ്ണാടകയേയോ ആന്ധ്രയേയോ ആശ്രയിക്കാം, എന്നാൽ തമിഴ്നാടിനു കേരളാ ഉപരോധത്തെ തുടർന്ന് കുമിയുന്ന വിഭവങ്ങൾ വിറ്റഴിക്കാൻ മറ്റൊരു മാർക്കറ്റ് കണ്ടെത്തുക എന്നത് ലാഘവമുള്ള കാര്യമല്ല. തമിഴ്നാട് എടുക്കുന്ന സമ്മർദ്ധ തന്ത്രങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകിയാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ഒരാഴ്ച്ച കൊണ്ട് കഴിയും! അവർ ഉപരോധം ഏർപ്പെടുത്തുന്നതിനു മുൻപായി അവരുടെ വിഭവങ്ങൾക്ക് നാം തന്നെ ഉപരോധം ഏർപ്പെടുത്തുകയും ഒപ്പം നമ്മുടെ ആവശ്യ വസ്തുക്കൾക്കായി മറ്റ് സംസ്ഥാനങ്ങളെ സമീപിക്കുകയും ചെയ്താൽ യഥാർത്ഥ പ്രതിരോധത്തിലാവുന്നത് തമിഴ്നാട് തന്നെയാവും. പക്ഷെ സങ്കുചിത പ്രാദേശിക രാക്ഷ്ട്രീയം കളിക്കുന്ന തമിഴ്നാടിനോളം തരം താഴാനുള്ള മനസ്ഥിതി നമ്മുടെ ഭരണക്കാർക്കില്ലാതെ പോയി.

നാലപ്പതു ലക്ഷം ജനങ്ങളുടെ ജീവനു പുല്ലുവില കൽ‌പ്പിക്കുന്ന തമിഴ് രാക്ഷ്ട്രീയത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഓരോ മലയാളിയും സഹജീവികൾക്കായി ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു..!

50 comments:

ചാണക്യന്‍ said...

"നാലപ്പതു ലക്ഷം ജനങ്ങളുടെ ജീവനു പുല്ലുവില കൽ‌പ്പിക്കുന്ന തമിഴ് രാക്ഷ്ട്രീയത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഓരോ മലയാളിയും സഹജീവികൾക്കായി ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു..!"

siva // ശിവ said...

വായിച്ചപ്പോള്‍ വല്ലാത്ത ആവേശം തോന്നി. പക്ഷെ എനിക്ക് എന്തുചെയ്യാന്‍ പറ്റുമെന്നാലോച്ചിച്ച് അനങ്ങാതിരുന്നു. പിന്നെ തോന്നി ചാണക്യനെ അഭിനന്ദിക്കണം എന്ന്.

ഓഫ്: താങ്കളെ ഫോണ്‍ ചെയ്താലും കിട്ടാത്ത അവസ്ഥയായല്ലൊ!

ഗീത said...

ഈ പറഞ്ഞതൊക്കെ ഇവിടത്തെ ഭരണാധികാരികളുടെ കണ്ണിലും കാതിലും എങ്ങനെ ഒന്നെത്തിക്കും ചാണക്യാ? ബ്ലോഗില്‍ മാത്രം ഒതുക്കാതെ പത്രമാധ്യമങ്ങളിലും കൂടി ഇതു പ്രസിദ്ധീകരിക്കണം.

Manoraj said...

chanakyan,

vishayathe gahanamayi apagradhichirikkunnu.. valiya vivaramonnum illengilum njanum oru post ittitundu ..same subject..time kittumbol vayikkuka... abhinadangal..postinum, oppam mullaperiyar issue kaikaryam cheythathinum..

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
പ്രസക്തമായ കുറിപ്പ്.
ശരത് കുമാറിന്റെ കള്ളി വെളിച്ചത്തു വന്നതും നന്നായി.
കേരളത്തിലേക്കുള്ള സാധനങ്ങളുടെ വരവ് തമിഴ് രാഷ്ട്രീയക്കാര്‍ തന്നെ തടയണം, അപ്പോഴെ ശരിക്കും തമിഴ് കര്‍ഷകര്‍ സംഗതികള്‍ പഠിക്കൂ.
നോക്കാം ഏതുവരെ പോകുമെന്ന്.

ബിന്ദു കെ പി said...

ചാണക്യാ, വളരെ വ്യത്യസ്തമായ വീക്ഷണം...ഇതു വായിച്ചപ്പോഴാണ് ഞാനും ഇക്കാര്യം ആലോചിക്കുന്നത്.
ഇതൊക്കെ നമ്മുടെ ഭരണാധികാരികളുടെ ചെവിയിൽ എത്തിക്കാനായി എന്തു ചെയ്യാനാവും എന്നതാണ് ഇനി ആലോചിക്കേണ്ടത്.....

പ്രയാണ്‍ said...

ശിവ പറഞ്ഞത് ശരിയാണ്...... ഞാനും അതാണ് വായിച്ച് ഒന്നും പറയാതെ പോയത്...... എന്നാലും അറിയാതിരുന്ന ഒരുപാട് കാര്യങ്ങള്‍ ഇതിലൂടെ അറിഞ്ഞു. നന്ദി.

കണ്ണനുണ്ണി said...

മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു തമിഴ് വംശജന്റെ ലേഖനം ഒരു ഇംഗ്ലീഷ് ജൌര്നലില്‍ വായിക്കുവാന്‍ ഇടയായി. അതില്‍ പറയുന്ന ഒരു കാര്യം....

'കേരളം പറയുന്നത് പോലെ മുല്ലപെരിയാര്‍ തകര്‍ന്നാല്‍.. ഇടുക്കി തകരുകയോന്നും ഇല്ല.. അത് കൊണ്ട് തന്നെ അഞ്ചു ജില്ലയോന്നും പോവില്ല. ഇടുക്കിക്കും മുല്ലപെരിയാരിനും ഇടക്കുള്ള സ്ഥലത്ത് മാത്രമേ പ്രശനം ഉണ്ടാവുകയുള്ളൂ. അത്ര നിസ്സാരം ആണ് എന്ന്.."

ആ രണ്ടു daamukalkku ഇടയ്ല്‍ താമസിക്കുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവന് കൊടുത്ത വില നിസാരം.. ദേഷ്യം വരാതെ ഇരിക്കുന്നതെങ്ങനെ..

ഷെരീഫ് കൊട്ടാരക്കര said...

കാര്യമാത്ര പ്രസക്തവും ചിന്തനീയവുമായ ഈ പോസ്റ്റ്‌ കുറെ പകർപ്പുകൾ എടുത്തു ഭരണാധികരികളുടെ മണി മന്ദിരങ്ങളിൽ പൂമുഖത്തു തന്നെ പതിക്കേണ്ടതാണു.

Typist | എഴുത്തുകാരി said...

കുറേ കാര്യങ്ങള്‍ മനസ്സിലായി.
‍ശിവ പറഞ്ഞതുപോലെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ എന്തു ചെയ്യണം എന്നറിയില്ല.

നിരക്ഷരൻ said...

ചാണൂ. വളരെ നന്ദി ഈ ലേഖനത്തിന്. സേവ് കേരള ബ്ലോഗില്‍ ഈ ലേഖനം ആഡ് ചെയ്തിട്ടുണ്ട്.

ജോ l JOE said...

Good Post

മാണിക്യം said...

ചാണക്യന്റെ ഗൗരവമായ ഒരു പോസ്റ്റ് മനുഷ്യജീവനു വിലയിടുകയും രാഷ്ട്രീയതാല്പര്യങ്ങള്‍ക്കായി
വസ്തുതകളെ വളച്ചൊടിക്കുകയും ചെയ്യുന്നത് എത്രനീചമാണ്, മലയാളി പലപ്പോഴും വേണ്ടിടത്ത് പ്രതികരിക്കതെ ഇരിക്കുന്നില്ലെ എന്നു ചിന്തിച്ചു പോകുന്നു. ഇടുക്കിക്കും മുല്ലപെരിയാരിനും ഇടക്കുള്ള സ്ഥലത്ത് താമസിക്കുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവന് അപകടം സംഭവിച്ചശേഷം അശ്രുപൂജനടത്താനാണോ ഭരണാധികാരികള്‍ കാത്തിരിക്കുന്നത്? അതോ അടുത്ത തിരഞ്ഞെടുപ്പിനു ഇടുക്കിസീറ്റിനു ഒരു വിഷയം എന്നോ? കേരളത്തെ സംക്ഷിക്കേണ്ടത് ഒരോ കേരളീയന്റെയും ചുമതലയാണെന്ന് മലയാളി തിരിച്ചറിയാന്‍ നേരം അതിക്രമിച്ചിരിക്കുന്നു. ഇത്രയും വ്യക്തവും ശക്തവുമായ ഈ പോസ്റ്റിനു ചാണക്യന് അഭിനന്ദനം

Appu Adyakshari said...

വളരെ കാര്യഗൌരവത്തോടെതന്നെ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. നന്ദി, അഭിനന്ദനങ്ങൾ. പക്ഷേ അതോടൊപ്പം നമ്മൾ ഓർത്തിരിക്കേണ്ട മറ്റു ചിലകാര്യങ്ങളുണ്ട്.

1. കേരളം ഭക്ഷ്യവസ്തുക്കൾക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് നമ്മുടെ ജനങ്ങളുടെ പിടിപ്പുകേടൂം, സ്വന്തം ഭൂമിയെ എങ്ങനെ വിനിയോഗിക്കണം എന്ന് തിരിച്ചറിവില്ലായ്മയും നമ്മൾ കൃഷിയിലേക്ക് പോവുകയില്ല, പോകാനാളുമില്ല എന്ന സ്ഥിതിയുമാണ്. ഒരു മുപ്പതു കൊല്ലം മുമ്പ് ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അന്ന് കേരളത്തിലുണ്ടായിരുന്ന പാടശേഖരങ്ങളും കൃഷിഭൂമികളും ഇന്ന് പാഴായികിടക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ ആരാണ്? കേരളം കൃഷിയോഗ്യമല്ലാത്ത ഭൂമിയായതുകൊണ്ടാണോ? ഞാൻ പറഞ്ഞതിന്റെ അർത്ഥം കേരളം പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമാണെന്ന സ്ഥിതിയിലാക്കിയെടുത്തത് നമ്മൾ തന്നെയാണ്.

2. മുല്ലപ്പെരിയാർ വിഷയം എന്നാൽ ശരിക്കും എന്താണെന്ന് കേരളത്തിലെ അഭ്യസ്ഥവിദ്യരായ (99% സാക്ഷരരെന്നു നടിക്കുന്ന) ആളുകളിൽ എത്രപേർക്കറിയാം? വിശദമായ കാര്യങ്ങൾ വേണ്ട, നിലവിലുള്ള മുല്ലപ്പെരിയാർ ഡാം പണീഞ്ഞത് തമിഴ്നാടാണെന്നും, അതിന്റെ നിലവിലെ അവകാശികളും അവർതന്നെയാണെന്നും, അതുകൊണ്ടാണ് അവർ അതിൽ കൈവയ്ക്കാൻ കേരളത്തെ അനുവദിക്കാത്തതെന്നും ഉള്ള വിവരമെങ്കിലും അറിയാവുന്നവർ എത്രപേരുണ്ട്? എന്തുകൊണ്ടാണ് ഡാമിനു ബലക്കുറവുള്ളത്, അത് തകർന്നാൽ എന്തൊക്കെ സംഭവിക്കും മുതലായ കാര്യങ്ങൾ നമ്മുടെ പൊതുജനങ്ങൾക്ക് അറിവുണ്ടോ? ഇല്ല ഇല്ല എന്ന് ഉറപ്പായും പറയാം. നമ്മുടെ വാർത്താ മാധ്യമങ്ങൾ ഇത്തരമൊരു അവയർനെസ് കൊടുക്കാൻ എന്തുചെയ്യുന്നുണ്ട്? സാധാരണ മലയാളികൾക്ക് മുല്ലപ്പെരിയാറിനേക്കാൾ കൂടുതൽ അറിയാവുന്ന വിഷയങ്ങൾ പാരിജാതത്തിലെ ആന്റിയമ്മ ഇപ്പോഴെന്തു ചെയ്യുന്നുവെന്നും, എന്റെ മാനസപുത്രിയിലെ ഗ്ലോറി അടുത്തതായി എന്തു കൊൻഷ്ടാണ് ഒപ്പിക്കാൻ പോകുന്നതെന്നും ഒക്കെയായിരിക്കും എന്നു പറയേണ്ടിവരുന്നത് വളരെ ലജ്ജാവഹമാണ്.

ഇതിന്റെ തമിഴൻ - മലയാളി എന്ന രീതിയിലുള്ള ഒരു പ്രശ്നമായി കാണാതെ അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷമായും, ഒരു ദേശീയ ദുരന്തത്തിനുതന്നെ വഴിവച്ചേക്കാവുന്ന പ്രശ്നമായു കണ്ട് എത്രയും വേഗം അതൊഴിവാക്കാൻ വേണ്ട corrective and preventive actions എടുക്കുകയാണ് വേണ്ടത്.

Appu Adyakshari said...

എഴുതാൻ വന്നത് ഇതാണ്. ഭൂരിഭാഗം മലയാളികളും വളരെ വ്യക്തമായി മനസ്സിലാക്കി പ്രതികരിക്കുന്ന ഒരു വിഷയമായി മുല്ലപ്പെരിയാർ മാറിയാൽ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കും. ഒരു ജനാധിപത്യ രാജ്യത്തിൽ രാഷ്ട്രീയ നേതൃത്വങ്ങൾ ആത്മാർത്ഥമായും വിചാരിക്കാതെ ഇത്തരം കാര്യങ്ങളിൽ നടപടികൾ ഉണ്ടാവാൻ പ്രയാസമാണ്. രാഷ്ട്രിയക്കാരെ “ഇളക്കുവാൻ” ശക്തമായ ജനപിന്തുണ / പ്രതികരണവും.

Siju | സിജു said...

മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതാണ്‌. പക്ഷേ, ലേഖനത്തില്‍ പലയിടത്തും സൂചിപ്പിക്കുന്നതു പോലെ അത് തമിഴനും മലയാളിയും തമ്മിലുള്ള ഒരു പ്രശ്നമാക്കുന്നത് നന്നായിരിക്കില്ല.

ജോ l JOE said...

@അപ്പു,

കേരളത്തില്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നാരു പറഞ്ഞു. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍...തുടങ്ങി പച്ചക്കറികള്‍ ധാരാളം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ കേരളത്തില്‍ തന്നെയാണുള്ളത്. എറണാകുളം, തൃശൂര്‍, ആലപ്പുഴ ,ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകള്‍ക്കാവശ്യമായ പച്ചക്കറികള്‍ ഇവിടെ നല്ല രീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു . പക്ഷെ ഇവ തമിഴ്നാട് മാര്‍ക്കറ്റില്‍ ആണ് ആദ്യം എത്തിച്ചേരുന്നത്. അത് വഴി കേരളത്തിലും. ആരാണ് ഈ അവസ്ഥ ഉണ്ടാക്കിയത് എന്നാലോചിച്ചിട്ടുണ്ടോ. നമ്മുടെ മൊത്ത വിതരണ കച്ചവടക്കാര്‍. മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ എറണാകുളം മാര്‍ക്കറ്റില്‍ ആണ് നേരത്തെ എത്തിച്ചേര്‍ന്നു കൊണ്ടിരുന്നത്. പക്ഷെ കൃഷിക്കാരെ ചൂഷണം ചെയ്യുന്ന അവസ്ഥ, അവര്‍ക്ക് തീരെ വില ലഭിക്കുന്നില്ല. ഈ അവസ്ഥയില്‍ അവര്‍ മറ്റു വിപണി തേടാന്‍ നിര്ബ്ബന്ധിതരായി. യാഥാര്‍ത്ഥ്യം എന്തെന്നാല്‍ , നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ തമിഴ് നാട്ടില്‍ ചെന്ന്, അവിടെ നിന്നും പതിന്മടങ്ങ്‌ വിലയ്ക്ക് നമുക്ക് തന്നെ കയറ്റി അയക്കുന്ന അവസ്ഥ. സര്‍ക്കാര്‍ ഒരു സംഭരണ - വിതരണ സംവിധാനം നടപ്പിലാക്കി, കര്‍ഷകരെ ചൂഷണം ചെയ്യലില്‍ നിന്നും മുക്തരാക്കണം.

ചാണക്യന്‍ , പറഞ്ഞത് ശരിയാണ് . തമിഴ്നാട്‌ പച്ചക്കറികളും മറ്റും തടഞ്ഞു വച്ചാല്‍ അതിന്റെ ഏറ്റവും വലിയ ഭവിഷ്യത്ത് അവര്‍ തന്നെ യായിരിക്കും അനുഭവിക്കുക

Unknown said...

പ്രസക്തമായ പോസ്റ്റ്‌.

ചാണക്യന്‍ said...

@ siva // ശിവ,
നന്ദി.

@ ഗീത,
നന്ദി ചേച്ചു.

@ Manoraj,
നന്ദി.

@ അനിൽ@ബ്ലൊഗ്,
നന്ദി.

@ ബിന്ദു കെ പി,
നന്ദി.

@ പ്രയാണ്‍,
നന്ദി.

@ കണ്ണനുണ്ണി,
നന്ദി.

@ sherriff kottarakara,
നന്ദി.

@ Typist | എഴുത്തുകാരി,
നന്ദി.

@ നിരക്ഷരന്‍,
നന്ദി.

@ ജോ l JOE,
നന്ദി.

@ മാണിക്യം,
നന്ദി ചേച്ചി.

ചാണക്യന്‍ said...

@ അപ്പു,
സുദീർഘമായ കമന്റിനു നന്ദി,

1. താങ്കളുടെ അഭിപ്രായത്തിനോട് പൂർണ്ണമായും യോജിക്കുന്നു. കേരളമൊരു കൺസ്യൂമർ സ്റ്റേറ്റ് ആയി മാറിയതിനു പ്രധാന ഉത്തരവാദികൾ നാമോരുരത്തരും തന്നെയാണ്. ഭൂമാഫിയകളുടെ കടന്നു കയറ്റവും മത്സരിച്ചുള്ള ഫ്ലാറ്റ് നിർമ്മാണവും നമ്മുടെ കൃഷിയിടങ്ങളെ നശിപ്പിച്ചു. മുൻ‌കാലങ്ങളെ അപേക്ഷിച്ച് കാർഷികവൃത്തി കേരളത്തിൽ അന്യം നിന്നു എന്നു തന്നെ പറയാം.
2. ശരി തന്നെയാണ്. ഒരു പ്രശ്നം തലക്കു മേലെ കത്തിജ്വലിക്കാൻ തുടങ്ങുമ്പോൾ മാത്രമെ മലയാളി അതെ കുറിച്ച് അറിയാനും പഠിക്കാനും ശ്രമിക്കാറുള്ളു. മുല്ലപ്പെരിയാർ വിഷയത്തിലും അതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്. തമിഴനെന്നൊ മലയാളിയെന്നൊ ഉള്ള വേർതിരിവുകളില്ലാതെ ഈ പ്രശ്നം പരിഹരിക്ക തന്നെ വേണം. അതിനു ഒറ്റ മാർഗമെ ഉള്ളൂ, നിലവിലെ ഡാം ഡീകമ്മിഷൻ ചെയ്യുകയും പുതിയത് ഒരെണ്ണം നിർമ്മിക്കുകയും ചെയ്യുക. നമ്മുടെ ഭരണക്കാരുടെ ഇശ്ചാശക്തി അതിലേക്കായി ഉണരണമെങ്കിൽ കക്ഷിരാക്ഷ്ട്രീയങ്ങൾക്ക് അതീതമായ പൊതുജന മുന്നേറ്റം ഉണ്ടായേ മതിയാവൂ.

ചാണക്യന്‍ said...

@ Siju | സിജു,
നന്ദി,
മുല്ലപ്പെരിയാർ വിഷയം തമിഴനും മലയാളിയും തമ്മിലുള്ള പ്രശ്നമാക്കാനല്ല ശ്രമിക്കുന്നത്. അനുനയത്തിന്റേയും സമവായത്തിന്റേയും പാതയിൽ ഏതറ്റം വരെയും പോകാൻ നാമൊരുക്കമാണ്. അതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും. നാം നമ്മുടെ ഉറ്റവരുടേയും ഉടയവരുടേയും ജീവനു വേണ്ടി അപേക്ഷിക്കുമ്പോൾ അത് മുഖ വിലക്കെടുക്കാതെ എന്ത് സംഭവിച്ചാലും എങ്കളുക്ക് വെള്ളം മട്ടും താൻ തേവൈ എന്ന് ആവർത്തിക്കുന്നവരുടെ മാനുഷ്യരാഹിത്യത്വത്തെ എന്ത് അളവുകോലുവെച്ച് അളക്കണം.

ശ്രീ said...

പ്രസക്തമായ പോസ്റ്റ്... നന്നായി മാഷേ

ബിനോയ്//HariNav said...

നല്ല ലേഖനം ചാണക്യന്‍ :)

ഷൈജൻ കാക്കര said...

അപ്പു,

മുല്ലപെരിയാർ സ്ഥിതി ചെയ്യുന്നത്‌ കേരളത്തിലാകുമ്പോൾ അതിന്റെ പൂർണ്ണ സംരക്ഷകർ കേരളമാകണ്ടെ? അതല്ലേ നമ്മുടെ ഫെഡറൽ നിയമം. ഡെൽഹിയിലെ കേരള ഹൗസ്സിന്റെ സംരക്ഷണം ഡെൽഹി പോലിസിനല്ലേ? പിന്നെങ്ങിനെ ഡാമിൽ തമിഴ്‌നാട്‌ പോലിസ്‌ വന്നു?

1947 ലും 1949 ലും 1956 ലും സ്വയം ഇല്ലാതായ കരാർ തുടർന്ന്‌ പോന്നത്‌ കൊണ്ട്‌ സാധുത കിട്ടി എന്നാണ്‌ എന്നിക്ക്‌ മനസിലായിട്ടുള്ളത്‌.

എന്നാലും പാട്ടയുടമകളായ തമിഴ്‌നാട്‌ എങ്ങനെ അവകാശികളാവും? അവകാശികൾ കേരളമല്ലേ?

നിരക്ഷരൻ said...

@ കാക്കര - ഡാമിന്റെ അവകാശികള്‍ അല്ലെങ്കില്‍ ഉടമസ്ഥര്‍ എന്ന് പറയുന്ന ഈ കാര്യത്തില്‍ എനിക്കും ഒരുപാട് സംശയങ്ങള്‍ ഉണ്ട്. ഇക്കാര്യം അപ്പുവുമായി ഒരുപാട് നേരം ഫോണില്‍ സംസാരിച്ചിരുന്നു.

എന്റെ ഒരു സംശയം. എന്റെ 100 എക്കര്‍ സ്ഥലം 200 കൊല്ലത്തേക്ക് ഞാന്‍ അപ്പുവിന് പാട്ടത്തിന് കൊടുക്കുന്നു. അപ്പു അതില്‍ ഒരു കെട്ടിടം പണിയുന്നു. കരാര്‍ കാലാവധി നിലനില്‍ക്കുന്നിടത്തോളം കാലം ആ കെട്ടിടത്തിന്റെ അവകാശി ആ‍രാണ് ? ഞാനോ അപ്പുവോ ? അപ്പു ആണെന്നാണ് എന്റെ വിശ്വാസം. അക്കണക്കിന് നോക്കിയാല്‍ ഇവിടെ ഡാമിന്റെ ഉടമസ്ഥര്‍ തമിഴ് നാടല്ലേ ? അതുകൊണ്ടല്ലേ അവരത് പൂട്ടി ഇട്ടിരിക്കുന്നതും നമ്മള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതുമൊക്കെ.

പക്ഷെ ഇക്കാര്യം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോള്‍ കാക്കര പറയുന്ന വശത്തു ചേര്‍ന്നുള്ള മറുപടിയാണ് കിട്ടിയത്. അതിനദ്ദേഹം കരാറിലെ ചില കാര്യങ്ങള്‍ തന്നെയാണ് ചൂണ്ടിക്കാണിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മളെല്ലാവരും ഈ വിഷയം ഇനിയും നല്ലവണ്ണം പഠിക്കേണ്ടിയിരിക്കുന്നു. മാദ്ധ്യമങ്ങളെ കുടിച്ച വെള്ളത്തില്‍ നമ്പാന്‍ പറ്റാത്തതുകൊണ്ട് അവര്‍ പറയുന്നതൊന്നും മുഖവിലയ്ക്ക് എടുക്കാന്‍ പോലുമാകില്ല. ചര്‍ച്ചകള്‍ നടക്കട്ടെ. അതിനുള്ള ഒരു വേദിയിലേക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കാക്കരയേയും സ്വാഗതം ചെയ്യുന്നു.

http://groups.google.co.in/group/savemullaperiyar?hl=en-GB

വീകെ said...

നല്ല ലേഖനം ചാണക്യൻ....
ചർച്ചകൾ നടക്കട്ടെ..

ആശംസകൾ..

ചാണക്യന്‍ said...

@ ശ്രീ,
നന്ദി.

@ ബിനോയ്//HariNav,
നന്ദി.

@ വീ കെ,
നന്ദി.

ചാണക്യന്‍ said...

@ കാക്കര - kaakkara,
നന്ദി,

പ്രസക്തമായ ചോദ്യങ്ങൾ. കരാർ പ്രകാരം പാട്ട ഭൂമിയിലെ ഡാമിന്റെ അവകാശികൾ തമിഴ്നാട് ആയാലും അത് നിലനിൽക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ആപത്തെന്ന് കണ്ടാൽ അതിനു പരിഹാരം കണ്ടല്ലെ മതിയാവൂ. പൊന്നുകായ്ക്കുന്ന മരമായാലും കൂരക്ക് ചാഞ്ഞാൽ വെട്ടിമാറ്റുകയല്ലെ ചെയ്യുന്നത്? ഒരുദാഹരണം പറയാം അയലത്തെ പറമ്പിലെ തെങ്ങ് ചാഞ്ഞ് അടുത്ത കണ്ടത്തിലെ വീടിന്റെ മേൽക്കൂരക്കും മറ്റും നാശം വിതക്കുന്നതായി കണ്ടാൽ ആ തെങ്ങ് മുറിച്ചു മാറ്റാൻ തെങ്ങിന്റെ ഉടമ ബാധ്യസ്ഥനല്ലെ? അങ്ങനെയെങ്കിൽ പ്രദേശത്തെ ജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന ഡാമിനെ ഡീകമ്മിഷൻ ചെയ്യേണ്ട ബാധ്യത തമിഴ്നാടിനു ഇല്ലെ?

ഷൈജൻ കാക്കര said...

നിരക്ഷരൻ,

കന്യകുമാരി ജില്ലയിൽ കേരളത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കൊട്ടാരങ്ങളിൽ പുരാവസ്തു) ഏതു സമയത്തും തമിഴ്‌നാട്‌ പോലിസിനോ, അധികാരപ്പെട്ട ആർക്കും പ്രവേശിക്കമല്ലോ, അപ്പോൾ പിന്നെ എങ്ങനെ ഡാമിന്റെ "അവകാശികളായാൽ" പോലും കേരളത്തിന്റെ മുൻപിൽ പൂട്ടിടാൻ പറ്റും? അതാണ്‌ ഞാൻ സൂചിപ്പിച്ച ഫെഡറൽ നിയമം.

അപ്പുവിന്‌ പാട്ടത്തിന്‌ കൊടുത്ത സ്ഥലത്ത്‌ "പാട്ട കരാർ പ്രകാരം" അപ്പു പണിത കെട്ടിടം ഉൾപ്പെടെ അപ്പു പാട്ടയുടമയാകും. എന്നാൽ അതിനുള്ളിൽ വാങ്ങിച്ചിടുന്ന കസേരയുടെ ഉടമ അപ്പു ആണ്‌, മറിച്ച്‌ പാട്ട കരാറിൽ പറയുന്നില്ലെങ്ങിൽ.

നമ്മൂക്ക്‌ വെള്ളമുണ്ട്‌, വെള്ളം കുടിക്കാതെ തമിഴൻ മരിക്കേണ്ട!, കരാർ റദ്ദാക്കിയില്ല. വരുമാനമില്ലാത്ത ഡാം പരിരക്ഷിക്കാൻ നാം എന്തിന്‌ കേരള പോലിസിനേയും ഉദ്യോഗസ്ഥരേയും അയക്കണം? ഇതൊക്കെയായിരുന്നില്ലേ നമ്മുടെ ചിന്തകൾ.

ചാണക്യൻ പറഞ്ഞ തെങ്ങിന്റെ ഉപമപോലും മനസിലാവാത്ത കേന്ദ്ര സർക്കാരും കേരള നേതാക്കലും കോടതിയുമുള്ളപ്പൊൾ.. എനിക്ക്‌ ഒന്നെ ഓർമിപ്പിക്കാനുള്ളു, തെലുങ്കാനയുടെ അലയൊലി ഇന്ത്യ മുഴുവനും കേട്ടു, അപ്പോൾ ഒരു ഡാമിന്റെ തകർച്ച, ബാകി ഞാൻ പറയണോ?

jayanEvoor said...

ഗംഭീര പോസ്റ്റ്‌!

നമുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഗ്രൂപ്പ് മെയിലുകളും മുല്ലപ്പെരിയാര്‍ പ്രചാരണത്തിനായി ഉപയോഗിക്കാം.

ഇംഗ്ലീഷില്‍ മെയിലുകള്‍ തയ്യാറാക്കിയാല്‍ തമിഴ്-മലയാലെതര ബ്ലോഗര്‍ മാറും ഈ വിഷയത്തില്‍ ശ്രദ്ധാലുക്കള്‍ ആവും.

ആ വഴിക്കും ഒന്ന് ശ്രമിച്ചു കൂടെ?

sunil panikker said...

ഹൊ ഗംഭീരം..!
വളരെ ഗൌരവമുള്ള വിഷയം..
പ്രസക്തമായ ഈ പോസ്റ്റിന്
എല്ലാ ആശംസകളും..!

സജി said...

ചാണക്യന്‍,
ഇന്നാണ് കണ്ടത്!വളരെ നല്ല ലേഖനം!

എന്തെങ്കിലും ചെയ്തേ തീരൂ...

കോടതിയും, ഭരണകൂടവും , പ്രയോജനപ്പെടുത്തത്തിടത്ത്, ജനങ്ങളുടെ ഇച്ഛാ ശക്തി, ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

shajkumar said...

കേരളം പണം കൊടുത്ത് സാധനങ്ങൾ വാങ്ങി വിശപ്പടക്കുന്ന സംസ്ഥാനമാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

പച്ചക്കറി,പലചരക്ക്,മുട്ട,കോഴി,പൂക്കൾ,...അങ്ങിനെ തമിഴന്റെ ഉൽ‌പ്പാദനത്തിന്റെ പകുതിയോളം സാധനങ്ങൾ ദിനമ്പ്രതി വാങ്ങിക്കൂട്ടുന്ന മലയാളികൾ വെറും ഒരാഴ്ച്ച ഒരു ഉപരോധം ഏർപ്പെടുത്തിയാൽ മതി തമിഴൻ വിവരം അറിയാൻ....!
വളരെ വളരെ പ്രസക്തമായ കുറിപ്പാണിത്...
അഭിനന്ദനങ്ങൾ എന്റെ ചാണക്യാ...

വിജയലക്ഷ്മി said...

ee post vilappettathaanu...jenangal othhorumichhu poraadenda samayam athikramichhu...
puthuvalsaraashamsakal!!!

Lathika subhash said...

ചാണക്യാ,
അഭിനന്ദനങ്ങൾ.ഞാൻ ഒരുപാടായി ഈ വഴി വന്നിട്ട്.ഈ പോസ്റ്റ് കാണാൻ വൈകി.
പ്രസക്തവും വിജ്ഞാനപ്രദവുമാണീ പോസ്റ്റ്.
ചർച്ച നടക്കട്ടെ.
നവവത്സരശംസകൾ.

Lathika subhash said...

ചാണക്യാ, സമ്മർദ്ദ തന്ത്രം ....തിരുത്തുമല്ലൊ

ചാണക്യന്‍ said...

@ jayanEvoor,

നന്ദി , നല്ല നിർദ്ദേശം....പ്രാവർത്തികമാക്കാൻ ശ്രമിക്കാം.

@ sunil panikker,
നന്ദി.

@ സജി,
നന്ദി അച്ചായാ..

@ shajkumar,
നന്ദി, അത് ശരിയല്ലെ?

@ ബിലാത്തിപട്ടണം / Bilatthipattanam,
നന്ദി മാഷെ...അതെ ശരിതന്നെയാണ്, പക്ഷെ അത് അവർ മനസിലാക്കുന്നില്ലല്ലോ!

@ വിജയലക്ഷ്മി,
നന്ദി.

@ ലതി,
നന്ദി ചേച്ചി, എന്താ ഉദ്ദേശിച്ചത് ( സമ്മർദ്ധ തന്ത്രം തിരുത്തൽ?)

Akbar said...

നാല്‍പ്പതു ലക്ഷം പേരുടെ ജീവന്‍ കൊണ്ടുള്ള ഈ കളി ഇനിയും നീട്ടിക്കൊണ്ടു പോയാല്‍ ഒരു വന്‍ ദുരന്തത്തിനു നാം സാക്ഷി യാകേണ്ടി വന്നേക്കാം. വേണ്ടപ്പെട്ടവര്‍ ഇനിയും അലംഭാവം കാണിച്ചു കൂടാ. ചാണക്യന്റെ ഈ ലേഖനം വളരെ പ്രസക്തമായ ഈ വിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
എല്ലാവര്ക്കും പുതുവത്സരാശംസകള്‍

OAB/ഒഎബി said...

അവരുടെ വിഭവങ്ങൾക്ക് നാം തന്നെ ഉപരോധം ഏർപ്പെടുത്തുകയും ഒപ്പം നമ്മുടെ ആവശ്യ വസ്തുക്കൾക്കായി മറ്റ് സംസ്ഥാനങ്ങളെ സമീപിക്കുകയും ചെയ്താൽ യഥാർത്ഥ പ്രതിരോധത്തിലാവുന്നത് തമിഴ്നാട് തന്നെയാവും.
ഇവിടെ ഞാൻ അടി വര ഇട്ടെ മതിയാവൂ..

ഒപ്പം നല്ല ഒരു ലേഖനത്തിന് അഭിനന്ദനങ്ങളും പുതു വർഷാശംസകളും...

Mohanam said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

Umesh Pilicode said...

nannnayi

lekshmi. lachu said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

ചാണക്യന്‍ said...

@ സോണ ജി,
നന്ദി, പുതുവത്സരാശംസകൾ...

@ Akbar,
നന്ദി, പുതുവത്സരാശംസകൾ...

@ OAB/ഒഎബി,
നന്ദി, പുതുവത്സരാശംസകൾ....

@ മോഹനം,
നന്ദി, പുതുവത്സരാശംസകൾ....

@ ഉമേഷ്‌ പിലിക്കൊട്,
നന്ദി, പുതുവത്സരാശംസകൾ....

@ lekshmi,
നന്ദി, പുതുവത്സരാശംസകൾ....


ഇവിടെ എത്തിയ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദിയും പുതുവത്സരാശംസകളും....

Sabu Kottotty said...

ജോ l JOEയുടെ കമന്റിന് ഒരൊപ്പ്...
ചാണക്യനെ വിളിച്ചാല്‍ കിട്ടുന്നില്ലല്ലോ...

mazhamekhangal said...

really inspiring

mukthaRionism said...

നാലപ്പതു ലക്ഷം ജനങ്ങളുടെ ജീവനു പുല്ലുവില കൽ‌പ്പിക്കുന്ന തമിഴ് രാക്ഷ്ട്രീയത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഓരോ മലയാളിയും സഹജീവികൾക്കായി ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു..!

ശാന്ത കാവുമ്പായി said...

'കേരളം പണം കൊടുത്ത്‌ സാധനങ്ങൾ വാങ്ങി വിശപ്പടക്കുന്ന സംഥാനമാണ്‌.പൂർണമായും ഉപഭോക്തൃ സംസ്ഥാനം.അവശ്യ വസ്തുക്കൾക്ക്‌ കർണ്ണാടകയേയോ ആന്ധ്രയേയോ ആശ്രയിക്കാം.'ഇത്‌ നമുക്ക്‌ അഭിമാനകരമായ അവസ്ഥയല്ല.നമുക്കു വേണ്ടുന്നതിന്റെ ഒരു ഭാഗമെങ്കിലും ഓരോരുത്തരും ഉണ്ടാക്കിയിരുന്നെങ്കിൽ! തമിഴ്‌നാടിനോളം തരം താണില്ലെങ്കിലും നമ്മുടെ ഭരണാധികാരികൾ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നട്ടെല്ലോടെ
നടപടികൾ എടുത്തിരുന്നെങ്കിൽ!

പട്ടേപ്പാടം റാംജി said...

പലപ്പോഴും ഈ വിഷയം തമിഴ്‌-മലയാളി പോരില്‍ ചെന്നെത്തുന്നു, അല്ലെങ്കില്‍ അങ്ങിനെ ആക്കിത്തിര്‍ക്കുന്നു. മുല്ലപ്പെരിയാരിനോടു തൊട്ടുള്ള സ്ഥലങ്ങളില്‍ ഉള്ളവരോഴികെ മറ്റുള്ളവക്ക് ഇപ്പോഴും പ്രശ്നത്തിന്റെ ഗൌരവം വേണ്ടത്ര ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്ന് എന്നിക്ക് തോന്നുന്നു. എന്തായാലും ഈ പോസ്റ്റ്‌ വളരെ ഉപകാരപ്പെടും എന്ന് കരുതട്ടെ.
ആശംസകള്‍.

കുഞ്ഞുവര്‍ക്കി said...

ചാണക്യന്റെ പോസ്റ്റ്‌ വായിച്ചു .. ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ ഈ ഏളിയവനും ഒന്ന് കമന്റാമെന്നു കരുതി. പാണ്ടികള്‍ കേരളത്തിലേക്കുള്ള ഭാഷ്യോപരോധം ഏര്‍പെടുതനം എന്ന് വളരെ അധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഈയുള്ളവന്‍ അവര്‍ അങ്ങനെ ചെയ്‌താല്‍ കേരളത്തിലെ ഞാന്‍ ഉള്‍പെടുന്ന കര്‍ഷകര്‍ രക്ഷപെടും. കേരളത്തില്‍ ആവശ്യത്തിനു ഭൂമി ഇല്ലഞ്ഞിട്ടല്ല ഇവിടെ ആവശ്യത്തിനുള്ള ഭക്ഷ്യോത്പാദനം ഉണ്ടാവാത്തത് പിന്നയോ ഈ പണ്ടികളോട് മത്സരിക്കാന്‍ പറ്റാത്തത് കൊണ്ട് മാത്രമാണ് ഇവിടുത്തെ കര്‍ഷകന്‍ കൃഷി ഭൂമി തരിശിനിട്ടിരിക്കുന്നത്. അത് കൊണ്ട് ഭാഷ്യ വസ്തു മറ്റു സംസ്ഥാനത്തില്‍ നിന്നും വന്നില്ലെങ്കില്‍ നമുക്ക് ഉണ്ടാക്കാവുന്ന കാര്യമേ ഉള്ളൂ അക്കാര്യത്തില്‍ ഒരു പേടിയും വേണ്ട.