
അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച തേടിയുള്ള എന്റെ യാത്ര ചെറായിയില്‍ അവസാനിച്ചു; എന്നാല്‍ ചെറായി കടല്‍ത്തീരത്ത് നിന്നും എനിക്ക് വീണു കിട്ടിയ സൌഹൃദങ്ങളുടെ ഊഷ്മളത ഇപ്പോഴും എന്നെ പിന്തുടരുന്നു!
കാണാമറയത്ത് ഇലക്ട്രോണിക് മീഡിയയുടെ ഔദാര്യം പേറി സംവദിച്ചിരുന്ന സുമനസുകള്‍ പരസ്പരം കണ്ടപ്പോള്‍ ചെറായി കടല്‍തീരം എല്ലാ അര്‍ത്ഥത്തിലും സ്നേഹതീരമായി മാറുകയായിരുന്നു..
ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അമരാവതി റിസോര്‍ട്ടില്‍ ഒരു നോക്ക് നേരില്‍ കാണാന്‍ മാത്രമായി ഒത്തുകൂടിയപ്പോഴുണ്ടായ മാസ്മരികതയില്‍ ഞാന്‍ തെല്ലൊരു സങ്കോചത്തോടെ അതിലുമേറെ ആകാംക്ഷയോടെ ചുറ്റുപാടും നോക്കി, എവിടെ എന്റെ പ്രിയപ്പെട്ടവര്‍? എനിക്ക് കാണണമെന്നും എന്നെ കാണണമെന്നും ആഗ്രഹിച്ചിരുന്ന കാണാമറയത്തെ അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ എവിടെ?
ദേ..ആ തെങ്ങിന് ചുവട്ടില്‍ ഒരു രൂപം....അതിനെ ചുറ്റിപ്പറ്റി മറ്റ് കുറെ രൂപങ്ങള്‍....ചെറായി കടല്‍ തിരമാലകളുടെ അലറലിനെ അവഗണിച്ച് അവരുടെ ആര്‍ത്തുല്ലസിച്ചുള്ള പൊട്ടിച്ചിരികള്‍ അമരാവതിയെ ശരിക്കുമൊരു അതിരില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ചക്കുള്ള വേദിയാക്കിമാറ്റിയിരുന്നു...
കൂടുവിട്ടവര്‍ കൂട്ടം കൂടി പരസ്പരം പരിചയപ്പെടുത്തലിനു മനസു തുറന്നപ്പോള്‍ ഞാന്‍ അറിഞ്ഞു അവരെ, എന്റെ പ്രിയ മിത്രങ്ങളെ....
ആദ്യമായി കാണുന്നു എന്ന ചമ്മല് ആരിലും പ്രകടമായിരുന്നില്ല....ഇന്നലെ കണ്ട് പിരിഞ്ഞവര്‍ കണക്കെയുള്ള സ്വതന്ത്രമായ ആ ഇടപഴകല്‍ തീര്‍ത്തും അവാച്യവും അനിര്‍വ്വചനീയവുമായിരുന്നു...
ഓരോരുത്തരുടേയും കണ്ണുകളിലെ അനശ്വരതയുടെ തിളക്കമാര്‍ന്ന നോട്ടത്തിന് ചെറായി കടലിനോളം ആഴമുണ്ടെന്ന് ഞാനറിഞ്ഞു....പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ലാതെ നിസീമമായ സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ അനര്‍ഗളപ്രവാഹം ശരിക്കും കണ്ടറിഞ്ഞ് ആസ്വദിച്ചു...
എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ ഒരിക്കലും സ്വയം തിരയുകയായിരുന്നില്ല അവിടെ; നിങ്ങള്‍ എന്നെ തിരയുകയായിരുന്നു....
ആശയവൈരുദ്ധ്യങ്ങളുടെ പേരില്‍ പരസ്പരം ചേരിതിരിഞ്ഞ് പോര്‍വിളി നടത്തി മല്ലയുദ്ധം ചെയ്തവര്‍ മതിമറന്ന് കെട്ടിപുണര്‍ന്നതു കണ്ടപ്പോള്‍, ആ വമ്പന്‍ മഞ്ഞുമലകളുടെ ഉരുകലിനു സാക്ഷ്യം വഹിച്ച എന്റെയും മറ്റുള്ളവരുടേയും മനസ്സുകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു ശാന്തത കൈവരിച്ചു....
എന്റെ സുഹൃത്തുക്കളേ..ഞാനത് കണ്ടെത്തിയിരിക്കുന്നു....ചെറായി തീരത്ത് സൌഹൃദത്തിന്റെ പെരുമഴ പെയ്തിറങ്ങിയപ്പോള്‍....കുളിര്കോരുന്ന സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച ഞാന്‍ കണ്ടെത്തിയിരിക്കുന്നു....
ആശയ വൈരുദ്ധ്യം ഇനിയും വരുമായിരിക്കാം....അതും കഴിഞ്ഞു പോകും...സൌഹൃദങ്ങള്‍ക്കിടയിലെ പൊട്ടലും ചീറ്റലിനും മുഖത്തോടു മുഖം നോക്കുന്നതു വരെയേ ആയുസുള്ളൂ..ഉണ്ടാവാന്‍ പാടുള്ളൂ....
എന്റെ പ്രിയപ്പെട്ടവരേ..നിങ്ങള്‍ പറയൂ....എല്ലാ വിമര്ശങ്ങള്ക്കും മീതെ സൌഹൃദത്തിന്റെ ഗാഥ തിര്‍ത്ത സുമനസുകള്‍ക്ക് എങ്ങനെ നന്ദി പറയണം.....
നന്ദി....ലതി ചേച്ചി, സുഭാഷ് ചേട്ടന്, ഹരീഷ്, ജോ, അനില്‍@ബ്ലോഗ്, നീരു, നാട്ടുകാരന്, മണികണ്ഠന്...
നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് മുന്നില്‍ നന്ദിയോടെ തല കുനിക്കുന്നു....
ചെറായി സൌഹൃദ കൂട്ടായ്മക്ക് എതിരെ പടഹധ്വനികളുമായി വന്ന ബക്കറ്റിലെ വെള്ളങ്ങള്‍ക്ക് തിരപോയിട്ട് ഓളം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല...!!
ചെറായി കടല്‍തീരം ശാന്തമായിരുന്നു....ഒരു സ്നേഹതീരം കണക്കെ........
ചിത്രത്തിനു കടപ്പാട്: അപ്പു