Tuesday, October 14, 2008

മാതാഹാരി അഥവാ പുലരിയുടെ കണ്ണ്


യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്‍ത്തി എടുത്തിരുന്ന വിദഗ്ധകളായ ചാരവനിതകള്‍ക്കെല്ലാം എന്നും പ്രചോദനമായിട്ടുള്ള പേരാണ് മാതാഹാരി. ഹിന്ദുവായ ഇന്‍ഡ്യന്‍ നര്‍ത്തകിയെന്ന് സ്വയം അവകാശപ്പെട്ട മാതാഹാരിയെ ഒരു ജര്‍മ്മന്‍ ഏജന്റാണെന്ന് മുദ്രകുത്തി ഫ്രഞ്ചുകാര്‍ വധിക്കുകയാണ് ചെയ്തത്. മാലിചാരവനിതകളെന്ന് മുദ്രകുത്തി ഇന്‍ഡ്യന്‍ ജയിലിലടയ്ക്കപ്പെട്ട മറിയം റഷീദയുടേയും ഫൌസിയാ ഹസന്റേയും മുന്നേ പറന്ന മാതാഹാരിയുടെ ജീവിതം അത്യന്തം സാഹസികത നിറഞ്ഞതും അന്ത്യം തികച്ചും ദാരുണവുമായിരുന്നു.

ഡച്ച് പട്ടണമായ ലീയുവാര്‍ഡനിലെ ഒരു കച്ചവടക്കാരനായിരുന്ന ആഡം സെല്ലക്ക് 1876 ആഗസ്റ്റ് 7ന് ഒരു പുത്രി ജനിച്ചു. അയാള്‍ അവള്‍ക്ക് മാര്‍ഗരീത്ത ഗിര്‍ട്രീഡ എന്ന് നാമകരണം ചെയ്തു. പതിനാലുവയസായപ്പോള്‍ അവളെ ഒരു കോണ്‍‌വെന്റില്‍ ഗാര്‍ഹിക കലകള്‍ അഭ്യസിപ്പിക്കാന്‍ പറഞ്ഞയച്ചു. ഡച്ചു സമൂഹത്തിലെ മധ്യവര്‍ഗ്ഗ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നിയോഗം അതായിരുന്നു. എന്നാല്‍ ഇത്തരമൊരു യാഥാസ്ഥിതികതക്ക് വഴങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ഗിര്‍ട്രീഡ. പത്തൊന്‍പതാം വയസില്‍ യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകള്‍ ഭിന്നിച്ച് ഗിര്‍ട്രീഡ, തന്നെക്കാള്‍ ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ള കാം‌ബെല്‍ മക്‍ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി- ഒരു പെണ്ണും ഒരാണും. മക്‍ലിയോഡ് അമിതമദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു. ഗിര്‍ട്രീഡയെ ഇയാള്‍ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതിനിടെ ഇവരുടെ പുത്രന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മകന്റെ ആകസ്മിക മരണവും ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും കാരണം മാനസികമായി തകര്‍ന്ന ഗിര്‍ട്രീഡ വിവാഹബന്ധം വേര്‍പെടുത്തി, മകളെ നെതര്‍ലാന്‍ഡ്സിലെ ബന്ധുക്കളെ ഏല്‍പ്പിച്ച് പാരീസിലേക്ക് പോയി.

വശ്യ മോഹന നഗരമായ പാരീസില്‍ പുതിയ വേഷത്തിലും, പേരിലും, ഭാവത്തിലുമാണ് ഗിര്‍ട്രീഡ രംഗപ്രവേശം ചെയ്തത്. ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു ദേവദാസിയെന്ന് പരിചയപ്പെടുത്തിയ അവള്‍ അതിന് ഉപോല്‍‌ബലകമായ ഒരു കഥയും മെനഞ്ഞെടുത്തു. ബാല്യപ്രസവത്തില്‍ മരിച്ചുപോയ കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ക്ഷേത്രനര്‍ത്തകിയുടെ പുത്രിയായിട്ടാണ് സ്വയം അവതരിച്ചത്. പുതിയ വേഷം കൊണ്ട് കൊതിച്ചതെല്ലാം നേടിയെടുക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തനിക്കുള്ള വശ്യ സൌന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

വടിവൊത്ത സാമാന്യം ഉയരം കൂടിയ ശരീരം, കറുത്തിരുണ്ട തലമുടി, കരിം‌കൂവള മിഴികള്‍, ഇളം നിറം- ഒരു ഇന്‍ഡ്യന്‍ സുന്ദരിക്കുള്ള എല്ലാ ശരീര സൌഭാഗ്യങ്ങളും ഒത്തിണങ്ങിയ രൂപമായിരുന്നു അവളുടേത്. പുതിയ ലാവണത്തിന് ചേര്‍ന്നൊരു പേരും അവള്‍ തിരഞ്ഞെടുത്തു.....മാതാഹാരി- പുലരിയുടെ കണ്ണ് എന്നാണ് അതിനര്‍ത്ഥം.

പാരീസിലെ തെരുവീഥികളില്‍ ആഭാസനൃത്തം ചവിട്ടിയ മാതാഹാരിക്ക് അവിടത്തെ ആഢ്യന്‍‌മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി തീര്‍ന്നു. ചടുല ചലനങ്ങളിലൂടെ പുരുഷന്‍‌മാരുടെ മനസിളക്കിയ ആ വശ്യസുന്ദരിയുടെ ആരാധകവൃന്ദം നാള്‍ക്ക് നാള്‍ വര്‍ധിച്ചു. അവള്‍ ചോദിക്കുന്നതെന്തും നല്‍കാന്‍ കാമുകര്‍ തമ്മില്‍ മല്‍‌സരമായി. വേദികള്‍ വിട്ട് വേദികളിലേക്ക് നീങ്ങിയ അവളുടെ ഖ്യാതി യൂറോപ്പിലാകമാനമായി. മോണ്ടികാര്‍ലോ, ബര്‍ലിന്‍, മാഡ്രിഡ് എന്നിവിടങ്ങളിലെ ധനാഢ്യന്‍‌മാരെ അവള്‍ കാമുകരാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. ജര്‍മ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രണ്‍‌സ്വിക്ക് പ്രഭു തുടങ്ങിയവര്‍ അവളുടെ വലയില്‍ കുടുങ്ങിയ പ്രഗല്‍ഭന്‍‌മാരില്‍ ചിലര്‍ മാത്രമാണ്. 1914 ആഗസ്റ്റില്‍ യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജര്‍മ്മന്‍ പോലിസ് മേധാവിയോടൊപ്പം കാറില്‍ ബര്‍ലിന്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു മാതാഹാരി!

യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ മാ‍താഹാരി പാരീസില്‍ തിരിച്ചെത്തി. ഈ വരവില്‍ താനൊരു ഇന്‍ഡ്യക്കാരിയാണെന്ന അവകാശവാദം നിഷേധിക്കുകയും ജര്‍മ്മന്‍ ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി. ജര്‍മ്മനിയിലെ ഭരണകൂടവുമായും പട്ടാളമേധാവികളുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന മാതാഹാരിയെ ഫ്രഞ്ച് അധികാരികള്‍ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യം ചെയ്തു. താനൊരു ജര്‍മ്മന്‍ ഏജന്റാണെന്ന ആരോപണം അവള്‍ ശക്തിയായി നിഷേധിച്ചു. തന്നെയുമല്ല ആവശ്യമെങ്കില്‍ ഫ്രാന്‍സിന്റെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വാഗ്ദാനം നല്‍കി. ഫ്രഞ്ച് സര്‍ക്കാര്‍ ഈ വാഗ്ദാനം സ്വീകരിച്ച് മാതാഹാരിയെ ഒരു ചാരവനിതയായി ഒരുക്കിയെടുത്ത് ജര്‍മ്മനിയിലേക്ക് പറഞ്ഞയച്ചു. അവിടെ പ്രാഗല്‍ഭ്യം തെളിയിച്ച അവളെ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് അയച്ചു. യാത്രാമധ്യേ ബ്രിട്ടീഷുകാര്‍ ഇവരുടെ കപ്പല്‍ തടഞ്ഞു നിര്‍ത്തി മാതാഹാരിയെ അറസ്റ്റു ചെയ്തു. ജര്‍മ്മന്‍ ചാരവനിത ക്ലാരാ ബെന്‍ഡിക്സ് ആണെന്ന ധാരണയിലാണ് അറസ്റ്റു നടന്നത്. എന്നാല്‍ ഫ്രാന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാതാഹാരിയാണെന്ന് മനസിലാക്കിയതോടെ ബ്രിട്ടീഷുകാര്‍ അവളെ നിരുപാധികം വിട്ടയച്ചു. സ്പെയിനിലെത്തിയ മാതാഹാരി വിലക്കുകള്‍ ലംഘിച്ച് ജര്‍മ്മന്‍ കര‌-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടു. ഫ്രാന്‍സിനുവേണ്ടി സ്പെയിനിലെത്തിയ അവള്‍ ജര്‍മ്മനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നു. കാരണം കണക്കില്‍ കവിഞ്ഞ സ്വത്ത് അപ്പോഴേക്കും അവള്‍ സ്വന്തമാക്കിയിരുന്നു.

1917 ആയപ്പോള്‍ ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവളെ കയ്യൊഴിഞ്ഞു. തിരിച്ച് ഫെബ്രുവരി 12ന് പാരീസിലെത്തിയ മാതാഹാരിയെ ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു. ജര്‍മ്മന്‍ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. മാതാഹാരിയുടെ ഹോട്ടല്‍ മുറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ അയ്യായിരം ഫ്രാങ്കിന്റെ ഒരു ചെക്കും ഒരു ട്യൂബില്‍ അടക്കം ചെയ്തിരുന്ന ഒരു തരം ദ്രാവകവും പിടിച്ചെടുത്തു. മാതാഹാരി ജര്‍മ്മന്‍‌കാര്‍ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നതിന് ഫ്രഞ്ചുകാര്‍ കാട്ടിയ തെളിവുകള്‍ ഇവയായിരുന്നു.

യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസര്‍ ജയിലിലെ പന്ത്രണ്ടാം നമ്പര്‍ സെല്ലിലടച്ചു. തുടര്‍ന്ന് മാസങ്ങളോളം നീണ്ട കോര്‍ട്ട് മാര്‍ഷലില്‍ മാതാഹാരി തന്റെ നിരപരാധിത്വത്തില്‍ ഉറച്ചു നിന്നു.

ട്യൂബില്‍ നിറച്ച ദ്രാവകം ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്നും അയ്യായിരം ഫ്രാങ്കിന്റെ ചെക്ക് ചാരാപ്രവര്‍ത്തനങ്ങള്‍ക്കല്ല മറിച്ച് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ക്ക് താന്‍ നല്‍കിയ ലൈംഗിക സുഖത്തിന്റെ പ്രതിഫലമാണെന്ന് അവള്‍ നിസങ്കോചം പറഞ്ഞു. ഫ്രാന്‍സിന് മാതാഹാരിക്കെതിരെയുണ്ടായിരുന്ന തെളിവുകള്‍ അതോടെ അസാധുവായി.

കോര്‍ട്ട് മാര്‍ഷല്‍ പാനലിലെ മൂന്ന് ജഡ്ജിമാരെ നോക്കി അവള്‍ പറഞ്ഞു‌-

“ ഞാനൊരു ഫ്രഞ്ച്കാരിയല്ല, മറ്റ് രാജ്യങ്ങളില്‍ നിന്ന് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എനിക്ക് മൌലികമായ അവകാശമുണ്ട്. അവരില്‍ ചിലര്‍ ഫ്രാന്‍സിനോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ പോലും ഞാന്‍ നിരപരാധിയും നിഷ്പക്ഷയുമാണ്. നിങ്ങള്‍, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്ല മനസുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു “

പാരീസില്‍ 1917, ജൂലായ് 24നു നടന്ന അവസാന വിചാരണയില്‍ തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം വിളിച്ചു പറഞ്ഞ മാതാഹാരിയെ കുറ്റക്കാരിയെന്ന് തെളിയിക്കാന്‍ ഫ്രാന്‍സിന്റെ പക്കല്‍ തെളിവുകള്‍ ഒന്നും അവശേഷിച്ചില്ല. വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹാരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പാനല്‍ അംഗങ്ങളായ ജഡ്ജിമാര്‍ രാജ്യാന്തര പ്രശസ്തി നേടിയ വേശ്യയും ഹിന്ദു നര്‍ത്തകിയെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവളുമായ ആ വിവാദ നായികയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ കുറ്റാരോപണങ്ങള്‍ക്ക് അവര്‍ നിരത്തിയ തെളിവുകള്‍ ആകെ പരാജയപ്പെട്ടിട്ടും ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചതിനു പിന്നില്‍ ഫ്രാന്‍സിന്റെ കുതന്ത്രങ്ങളായിരുന്നു. യുദ്ധകാലത്ത് ഫ്രഞ്ച് ഭരണകൂടം അഭിമുഖീകരിച്ചുകൊണ്ടിരുന്ന സംഘര്‍ഷത്തിന് ഒരു പുകമറ സൃഷ്ടിക്കാന്‍ ഒരു ബലിയാട് ആവശ്യമായിരുന്നു. ജര്‍മ്മനിക്കെതിരെ മുന്നേറാന്‍ കഴിയാതെ സഖ്യകക്ഷികള്‍ നേരിട്ട തടസങ്ങള്‍ക്ക് കാരണം ആരുടേയെങ്കിലും തലയില്‍കെട്ടിവയ്ക്കേണ്ടത് ഫ്രാന്‍സിന്റെ ആവശ്യമായിരുന്നു. അതിനായി മാതാഹാരിയെ തന്നെ ബലിപീഠത്തിലേറ്റാന്‍ ഫ്രാന്‍സ് തീരുമാനിക്കുകയായിരുന്നു.

1917 ഒക്ടോബര്‍ 15 വെളുപ്പിന് അവള്‍ വിളിച്ചുണര്‍ത്തപ്പെട്ടു. ആ വെളുപ്പിന് അവള്‍ മരിക്കാന്‍ പോവുകയാണെന്ന് ജയിലര്‍ ഇടറുന്ന കണ്ഠത്തോടെ അവളെ അറിയിച്ചു. നാല്പത്തൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാന്‍ അണിഞ്ഞൊരുങ്ങി. തന്റെ പ്രശസ്തിക്കും നിലയ്ക്കും യോജിച്ച വസ്ത്രങ്ങളാണ് അന്ത്യ നിമിഷത്തില്‍ അണിയാനായി തിരഞ്ഞെടുത്തത്. ചാരനിറത്തിലുള്ള ഉടുപ്പണിഞ്ഞ അവള്‍ വലിയൊരു തൊപ്പി ധരിച്ചു. ഏറ്റവും നല്ല ഷൂസും കയ്യുറയും ധരിച്ച് അവള്‍ സെല്ലിനു പുറത്തിറങ്ങി ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു.

വിന്‍‌സെന്നയിലെ റൈഫിള്‍ റെയ്ഞ്ചില്‍ പന്ത്രണ്ട് പേരടങ്ങുന്ന ഫയറിംഗ് സ്ക്വാഡ് കാത്തു നിന്നിരുന്നു. ഉറച്ചകാല്‍‌വെയ്പുകളോടെ അവള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു. ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പായി പ്രതിക്ക് നല്‍കാറുള്ള മദ്യം വാങ്ങി കുടിച്ചു. എന്നാല്‍ കൈകള്‍ ബന്ധിച്ച് മരത്തോട് ചുറ്റിക്കെട്ടി നിര്‍ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തെ അവള്‍ എതിര്‍ത്തു. നിര്‍ന്നിമേഷയായി, തന്റെ നേര്‍ക്ക് വെടിയുണ്ട ഉതിര്‍ക്കാന്‍ നില്‍ക്കുന്ന പട്ടാളക്കാരെ ഉറ്റു നോക്കി നില്‍ക്കാനാണ് അവള്‍ ആഗ്രഹിച്ചത്. ഉദ്യോഗസ്ഥര്‍ അതിന് അനുവാദം നല്‍കി, അന്ത്യ ശുശ്രൂഷക്കെത്തിയിരുന്ന പുരോഹിതനും കന്യാസ്ത്രീകളും മരച്ചുവട്ടില്‍ നിന്നും മാറി. നിമിഷങ്ങള്‍.........

കമാന്‍ഡര്‍ കയ്യുയര്‍ത്തി സൂചന നല്‍കി...

നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പന്ത്രണ്ട് വെടിയൊച്ചകള്‍ മുഴങ്ങി.....

ഫയറിംഗ് സ്ക്വാഡിന് അഭിമുഖമായി ദൃഷ്ടിപതറാതെ നോക്കിനില്‍ക്കുകയായിരുന്ന മാതാഹാരി, തന്റെ ഉടുപ്പിലെ കുടുക്കുകള്‍ അഴിച്ച് നഗ്ന മാറിടം പട്ടാളക്കാര്‍ക്ക് കാട്ടിക്കൊടുത്താണ് വെടിയുണ്ടകളെ സ്വീകരിച്ചത്......

‘പുലരിയുടെ കണ്ണിന്റെ ‘ ജീവനറ്റ ശരീരം ആ മണ്ണില്‍ കുഴഞ്ഞു വീണു.........



ചിത്രങ്ങക്ക് കടപ്പാട്: ഗൂഗിള്‍

26 comments:

ചാണക്യന്‍ said...

“ ഞാനൊരു ഫ്രഞ്ച്കാരിയല്ല, മറ്റ് രാജ്യങ്ങളില്‍ നിന്ന് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എനിക്ക് മൌലികമായ അവകാശമുണ്ട്. അവരില്‍ ചിലര്‍ ഫ്രാന്‍സിനോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ പോലും ഞാന്‍ നിരപരാധിയും നിഷ്പക്ഷയുമാണ്. നിങ്ങള്‍, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്ല മനസുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു....... “

Typist | എഴുത്തുകാരി said...

മാതാഹാരിയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്‌. അവര്‍ ഇന്ത്യക്കാരിയാണെന്നായിരുന്നു ധരിച്ചിരുന്നതു്. വിശദമായ ഈ ലേഖനം നന്നായി.

ഭൂമിപുത്രി said...

മാതാഹാരിയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിൽ സന്തോഷം ചാണക്യൻ,
അവരുടെ ജീവിതകഥ ദുഃഖകരമാണെങ്കിലും..

smitha adharsh said...

സ്കൂളിലെ ഏതോ ഒരു ലൈബ്രറി അവറില്‍ ആണ് ഈ മാതാഹാരിയെപ്പറ്റി ആദ്യമായി കേട്ടിട്ടുള്ളത്.ഇവിടെ നിന്നു കൂടുതല്‍ അറിയാന്‍ കഴിഞ്ഞു .നല്ല പോസ്റ്റ്..

smitha adharsh said...

സ്കൂളിലെ ഏതോ ഒരു ലൈബ്രറി അവറില്‍ ആണ് ഈ മാതാഹാരിയെപ്പറ്റി ആദ്യമായി കേട്ടിട്ടുള്ളത്.ഇവിടെ നിന്നു കൂടുതല്‍ അറിയാന്‍ കഴിഞ്ഞു .നല്ല പോസ്റ്റ്..

siva // ശിവ said...

ഹായ് ചാണക്യന്‍,

മാതാഹരി എന്നു കേട്ടിട്ടുള്ളതല്ലാതെ ഇത്രയും സംഭവ ബഹുലമായ ഒരു ജീവിതത്തിന് ഉടമയാണ് അവര്‍ എന്ന് ഇപ്പോഴാ മനസ്സിലായത്.....മാതാഹരി-പുലരിയുടെ കണ്ണ്...

ജിജ സുബ്രഹ്മണ്യൻ said...

മാതാഹരിയെ പറ്റി കേട്ടിരുന്നു എങ്കിലും ഇത്രേം കാര്യങ്ങള്‍ പുതുമയുള്ളതായിരുന്നു.വിശദമായ ലേഖനത്തിനു നന്ദി..

അനില്‍@ബ്ലോഗ് // anil said...

രസകരമായിരിക്കുന്നു, ചാണക്യന്‍.

മാതാഹരിയുടെ കഥക്കു നന്ദി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഒരു പുതിയ അറിവാണിത്.നന്ദി.
ആശംസകള്‍.........
വെള്ളായണി വിജയന്‍

വികടശിരോമണി said...

ഭോഗമൃതികളുടെ അഴിമുഖങ്ങളിൽ കുരുങ്ങിയ ജീവോന്മാദം...
മാതാഹാരിയെ ഓർത്തപ്പോൾ അമ്രപാലിയും ഓർമ്മയിൽ...
നല്ല മനസ്സ്!
ആശംസകൾ...

കാപ്പിലാന്‍ said...

മാതാഹരിയെ കുറിച്ച് അറിയില്ലായിരുന്നു .ഇവിടെ വായിക്കണ കഴിഞ്ഞതില്‍ സന്തോഷം .ഇനിയും കൂടുതല്‍ ഇവരെക്കുറിച്ച് അറിയാന്‍ ശ്രമിക്കാം .വായനശാലയില്‍ തപ്പട്ടെ .
നന്ദി ചാണക്യ

മാഹിഷ്മതി said...

പറഞ്ഞുകേട്ട ഒരു വ്യക്തിത്തത്തെ കൂടുതല്‍ ആഴത്തില്‍ അറിയാന്‍ സഹയിച്ചതിന് നന്ദി

കുഞ്ഞന്‍ said...

ഗുരുജി..

ഞാനാദ്യമായിട്ടാണ് ഇങ്ങനെയൊരു കഥാപാത്രത്തെ അറിയുന്നത്. അതിനിടവരുത്തിയതിന് നന്ദി പറയുന്നു.

മാതാഹാരി = പുലരിയുടെ കണ്ണ് എന്ന് പറയുന്നുണ്ടല്ലൊ ഇത് ഏതു ഭാഷയാണ്..? ഇന്ത്യന്‍ ഭാഷയാണൊ..?

Anil cheleri kumaran said...

ഇത്രയും വിവരങ്ങള്‍ക്ക് നന്ദി.
കലക്കന്‍ പീസാണല്ലോ കക്ഷി!

കുറ്റ്യാടിക്കാരന്‍|Suhair said...

ഇത്ര വിശദമായി ഇവരെ പറ്റി ആദ്യമായാ കേള്‍ക്കുന്നത്. താങ്ക്യൂ..

നിരക്ഷരൻ said...

മാതാഹരി, ‘ചാരി’(സ്ത്രീലിംഗം ഓഫ് ചാരന്‍) എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ചരിത്രം ഇതാദ്യമായിട്ടാണ് കേള്‍ക്കുന്നത്. ചാണക്യന്റെ ഈ പോസ്റ്റിന് നന്ദി.

ഗീത said...

മാതാഹാരി യഥാര്‍ത്ഥത്തില്‍ ഇന്ത്യാക്കാരിയാണെന്നാണ് വിചാരിച്ചിരുന്നത്. ധീര വനിത തന്നെ.

K Vinod Kumar said...

മാതാഹാരി വളരെ ഇഷ്ടപ്പെട്ടു. ആദ്യമായ് ആണ് അവരെക്കുറിച്ച് കേള്‍ക്കുന്നത്

nandakumar said...

ഇത്രയും വിശദമായി ആദ്യമായാണ് അറിയുന്നത്..
വിവരങ്ങള്‍ക്ക് നന്ദി

ഗോപക്‌ യു ആര്‍ said...

കേട്ടിട്ടുണ്ട്‌.
ഡീറ്റയില്സിന് നന്ദി...

Unknown said...

മാതാഹരിയെകുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം അവർ ഇന്ത്യകാരി ആണെന്ന് ആണ് ഞാനും കരുതിയത്.

നരിക്കുന്നൻ said...

മാതാഹരിയുടെ ജീവിതം വളരെ വിശദമായി പറഞ്ഞ് തന്നതിന് നന്ദി. ആദ്യമായി കേൾക്കുകയാണിവരെ പറ്റി. വളരെ നന്ദി. ഇത്രയും നല്ല വിവരങ്ങൾക്ക്.

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

Jayasree Lakshmy Kumar said...

എല്ലാവരും പറഞ്ഞ പോലെ, കേട്ടിരുന്നു മാതാഹരിയെ കുറിച്ച്. ഇത്ര വിശദമായറിയുന്നത് ഇതാദ്യം. ഇൻഫൊർമേഷനു നന്ദി

ചീഞ്ഞളിഞ്ഞ ഒരു ജീവിതത്തിന്റെ ദാരുണാന്ത്യം.

Rakesh R (വേദവ്യാസൻ) said...

നന്ദി :)

Faisal Mohammed said...

വളരെ നന്ദി ഈ വിവരങ്ങള്‍ക്ക്