ദേവദാസീ സമ്പ്രദായം നിലനിന്നിരുന്ന തിരുവിതാംകൂറില്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ലാസ്യ നൃത്തം ചവിട്ടാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നു. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഗതി തിരിച്ചു വിടുന്നതില്‍ ദേവദാസികള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ദേവദാസി ബന്ധത്തിന്റെ പേരില്‍ ഭരണകാലത്ത് കാലിടറി വീണ രാജാക്കന്മാര് തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഉണ്ട്. തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അനുവദിച്ചിരുന്നുവെങ്കിലും രാജാവുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ സ്വത്തവകാശത്തിലുള്ള കൈകടത്തിലില്‍ നിന്നും ദേവദാസികളെ അകറ്റി നിര്‍ത്താന്‍ രാജവംശത്തിനു മടിയുണ്ടായിരുന്നില്ല.
തിരുവിതാംകൂറില്‍ ദേവദാസി ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ രാമവര്‍മ്മ രാജാവായിരുന്നു (ഭരണകാലം 1721-1729). രാമവര്‍മ്മ രാജാവ് ഭാര്യയായി സ്വീകരിച്ചിരുന്ന ഒരു ദേവദാസി സ്ത്രീയുടെ മക്കളാണ് പിന്നീട് രാജ്യാവകാശം ആവശ്യപ്പെട്ട് മുന്നോട്ട് വന്ന പപ്പുത്തമ്പിയും രാമന്‍തമ്പിയും. ഇവരുടെ അവകാശ വാദങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ പിന്നീട് ഭരണത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മ തയ്യാറായില്ല. എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ അവര്‍ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ നടത്തിയ കരുനീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര് ശൂദ്രസ്ത്രീകള്‍ക്ക് വസ്ത്രം കൊടുത്ത് പാര്‍പ്പിക്കുന്നതല്ലാതെ വിവാഹം കഴിക്കുക പതിവില്ലെന്നും ആ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക് ചെലവിനു കൊടുത്തു പാര്‍പ്പിച്ചു വരുന്നതല്ലാതെ അവര്‍ക്ക് രാജ്യാവകാശത്തിനു അര്‍ഹരല്ലെന്നുമുള്ള പാരമ്പര്യ കീഴ്വഴക്കത്തെ ചൂണ്ടിക്കാട്ടിയാണ് മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ അകറ്റിയത്.
രാമവര്‍മ്മയുടെ മക്കളായ പപ്പുത്തമ്പിയും രാമന് തമ്പിയും എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ ഒളിപ്പോര് തുടര്‍ന്നു. അവസാനം 1730ല്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ വധിക്കുകയും എട്ടുവീട്ടില്‍പിള്ളമാരെ തൂക്കിലേറ്റുകയും ചെയ്തു. എട്ടുവീട്ടില്‍പിള്ളമാരുടെ കുടുംബങ്ങള്‍ കുളംതോണ്ടിയതിനുള്ള തെളിവായി ഇന്നും തക്കലക്ക് സമീപത്തെ പത്മനാഭപുരം കൊട്ടാരത്തിനു പുറത്ത് തെക്കെകൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.
തെക്കെകൊട്ടാരത്തിന്റെ പൂമുഖം
മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളംകോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.
ദേവദാസീ ബന്ധത്തിന്റെ പേരില്‍ പ്രായോഗിക ഭരണത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്ന മറ്റൊരാള്‍ സ്വാതിരുനാളാണ്. രാമവര്‍മ്മയുടേതെന്ന പോലെ സ്വാതിതിരുനാളിന്റെ ദേവദാസി ബന്ധവും തിരുവിതാംകൂര്‍ സിംഹാസനത്തെ പിടിച്ചുലച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍ പിന്നെയും നൂറ്റാണ്ടുകളോളം ദേവദാസികള്‍ ആധിപത്യം പുലര്‍ത്തി. 1931ല്‍ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം നിരോധിക്കുന്നതുവരേയും അധികാരത്തിന്റെ ഇടനാഴികളിലെ ദേവദാസികളുടെ ലാസ്യനൃത്തം അനസ്യൂതം തുടര്‍ന്നിരുന്നു.
അധികവായനക്ക് : പ്രബന്ധ മഞ്ജരി - എം ആര് ബാലകൃഷ്ണ വാര്യര്‍
കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍ - എം ജി എസ് നാരായണന്
ദേവദാസികള്‍ - ടി കെ ഡി മുഴപ്പിലങ്ങാട്
മലയാളസാഹിത്യചരിത്രം - പി കെ പരമേശ്വരന് നായര്‍
Dissertation on the Malayalam Language; Indian Antiquary - F W Ellis
ജാതിവ്യവസ്ഥയും കേരളചരിത്രവും - പി കെ ബാലകൃഷ്ണന്.