
മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന് പുരുഷമേധാവിത്വ സങ്കല്പങ്ങളുടെ മൂര്‍ത്തിമദ്ഭാവവുമായിരുന്നു. അര്‍ത്ഥശാസ്ത്രകാരന്‍ അധ:കൃത വേശ്യകള്‍ക്ക് നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ ആ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനും ശ്രമിച്ചു. വേശ്യാവൃത്തിയില്‍ അകപ്പെട്ട അധ:കൃത സ്ത്രീകളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ളതായിരുന്നു കൌടില്യന്റെ കുടിലത. വേശ്യയ്ക്ക് രാജദാസ്യം ഒഴിയുന്നതിന് കൊടുക്കേണ്ടിയിരുന്ന ധനം ഇരുപത്തിനാലായിരം പണമാണ്. അവള്‍ക്കൊരു കുഞ്ഞുണ്ടെങ്കില്‍ മറ്റൊരു പന്തീരായിരം നല്‍കണം. ഇത്രയും ഭീമമായ തുക ഒരിക്കലും ഒരു അധ:കൃത വേശ്യക്ക് സമാഹരിക്കാന്‍ കഴിയില്ലെന്ന് ചാണക്യന് വ്യക്തമായിരുന്നു. അതായത് രാജ്യത്ത് വേശ്യാവൃത്തി നിലനിര്‍ത്തണം എന്ന ശാഠ്യക്കാരനായിരുന്നു ചാണക്യന് എന്ന് വ്യക്തം. എന്നാല്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കരുതെന്ന നിര്‍ബന്ധവും ചാണക്യനുണ്ടായിരുന്നു.
എന്ത് ചെയ്തും കാര്യം നേടുക എന്ന ചാണക്യബ്രാഹ്മണ ബുദ്ധി ദേവദാസികള്‍ക്ക് മുന്നില്‍ പതറിയിരുന്നോ?
വേശ്യകളില്‍ നിന്ന് കരം പിരിച്ച് രാജഭണ്ഡാരത്തിന്റെ സുസ്ഥിരത ഉറപ്പാക്കുകയും, വേശ്യകളെ നിയമം വഴി നിയന്ത്രിച്ച് ഉപഭോക്താവിന് മെച്ചമായ സേവനം ലഭ്യമാക്കുന്നതിനും ശ്രദ്ധാലുവായിരുന്ന അര്‍ത്ഥശാസ്ത്രകാരന്‍ അക്കാലത്തെ വീട്ടമ്മമാരുടെ കാര്യത്തില്‍ കാണിച്ചിരുന്ന കാകദൃഷ്ടി എന്തുകൊണ്ടും ഒരു പുരുഷമേധാവിക്കു ചേര്‍ന്ന തരത്തിലായിരുന്നു.
വേശ്യകള്‍ക്ക് നിയമ നിര്‍മ്മാണം നടപ്പാക്കിയ ചാണക്യന് പതിവ്രതകളേയും വെറുതെ വിട്ടില്ല. അവരെ നിയന്ത്രിക്കാന്‍ വേണ്ടി വളരെ ഹീനമായ പെരുമാറ്റചട്ടങ്ങളാണ് പടച്ചുവിട്ടത്.
വിവാഹമാണ് വ്യവഹാരങ്ങളില്‍ പ്രഥമസ്ഥാനീയം എന്ന് പറയുന്ന ചാണക്യന്, ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പുറത്തു പോകുന്ന സ്ത്രീക്ക് ആറു പണം ദണ്ഡമായി പറഞ്ഞിരിക്കുന്നു. വീട്ടമ്മയെ വീട്ടിനുള്ളില്‍ തളച്ചിടുന്നതിനുള്ള തന്ത്രമല്ലെ അത്? അയല്‍ വീട്ടില്‍ പോകുന്ന സ്ത്രീക്ക് ആറു പണവും, ആപത്ത് കാലത്ത് അന്യന്റെ ഭാര്യയ്ക്ക് സംരക്ഷണം നല്കിയാല് നൂറു പണവും ദണ്ഡം. ഭര്‍ത്തൃഗൃഹത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തില്‍ പോയാല്‍ പിഴ പന്ത്രണ്ടു പണം.
മാര്‍ഗ്ഗത്തിങ്കലോ വഴിയില്‍ നിന്നു വിട്ട സ്ഥലത്തോ ഗൂഢപ്രദേശത്തേക്കോ സ്ത്രീ ഗമിക്കുന്നതായാല്‍ മൈഥുനാര്‍ത്ഥമാണ് അതെന്ന് മനസ്സിലാക്കണമെന്നാണ് ചാണക്യന്റെ അഭിപ്രായം
ഒരു സ്ത്രീ വീടുവിട്ട് പുറത്തിറങ്ങുന്നത് പരപുരുഷനെ പ്രാപിക്കാന്‍ വേണ്ടി മാത്രമാണെന്ന ചാണക്യന്റെ കണ്ടെത്തല്‍ അക്കാലത്തെ പതിവ്രതകളായ സ്ത്രീകള്‍ക്ക് എന്ത് മാത്രം ദോഷം വരുത്തിയിരിക്കും എന്നാലോചിക്കുക. എന്ത് വരട്ട് ന്യായം പറഞ്ഞും സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുക എന്ന ഒരു സ്ത്രീ വിദ്വേഷ നിലപാടാണ് ചാണക്യന് കൈക്കൊണ്ടിരുന്നത്.
ഇതേ സമയം അധമ സഞ്ചാരം നടത്തുന്ന പുരുഷനെ സംരക്ഷിക്കാന്‍ ചാണക്യഗുരു മറ്റൊരു തന്ത്രമാണ് അര്‍ത്ഥശാസ്ത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഭര്‍ത്താവ് വേശ്യാ ഗമനം നടത്തിയാല്‍ ഭാര്യക്ക് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ അധികാരമുണ്ട്. കാരണം നാടൊട്ടുക്ക് വേശ്യാലയങ്ങള്‍ തുറന്നു വച്ചിരിക്കുന്നിടത്ത് പുരുഷന്മാര് വേശ്യാഗമനം നടത്തില്ലെന്ന് ഉറപ്പ് പറയാന്‍ ചാണക്യനാവില്ല. വേശ്യാഗമനം നടത്തിയ ഭര്‍ത്താവിനെ ഭാര്യക്ക് ശിക്ഷിക്കാം- എങ്ങനെ? ഭര്‍ത്താവ് വേശ്യയോടൊത്ത് ശയിച്ചു എന്നവള്‍ തെളിയിക്കണം! വീടുവിട്ട് പുറത്തിറങ്ങാന്‍ കഴിയാതെ ചുമരുകള്‍ക്കിടയില്‍ കിടന്നു കറങ്ങുന്ന നാരി എങ്ങനെ തെളിയിക്കും ഭര്‍ത്താവിന്റെ വേശ്യാഗമനം?
തെളിവുകളില്ലാതെ ഭര്‍ത്താവിന്റെ മേല്‍ വേശ്യാഗമനം ആരോപിക്കുന്ന സ്ത്രീയ്ക്കുള്ള ശിക്ഷ ഇങ്ങനെ-
അവളുടെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങി, ഭര്‍ത്താവ് അവള്‍ക്ക് ഏഴ് ഋതുകാലത്തേക്ക് കഠിന ശിക്ഷ നടപ്പാക്കുന്നു. ഭര്‍ത്താവിനെ ദുഷിച്ച ആ സ്ത്രീയെ നിലത്ത് കിടത്തുന്നു. ഭര്‍ത്താവാകട്ടെ മറ്റൊരു സ്ത്രീയുമായി സ്വന്തം ഭാര്യ കാണ്‍കെ അവളുമായി സഹശയനം ചെയ്യുന്നു.....!
എങ്ങനെയുണ്ട് ചാണക്യനെന്ന ബ്രാഹ്മണശ്രേഷ്ടന്റെ ബുദ്ധി. ഗൃഹസ്ഥക്ക് വീടിനു പുറത്ത് കടക്കാന്‍ പോലും വിലക്കുണ്ടായിരുന്ന അക്കാലത്ത് ഇത്തരമൊരു ഇത്തരമൊരു ഭീകര ശിക്ഷാ വിധി കാത്തിരിക്കുന്നു എന്ന് അറിയാവുന്ന ഏതെങ്കിലും സ്ത്രീ ഭര്‍ത്താവിന്റെ വേശ്യാഗമനം തെളിയിക്കാന്‍ ചാടിപ്പുറപ്പെടുമോ? ഈ അസ്വാതന്ത്ര്യം അവര്‍ക്ക് സഹിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ..
ക്ഷത്രിയനെ ഉപദേശിക്കാന്‍ ലഭിച്ചിരുന്ന വര്‍ഗ്ഗഗുണത്തെ ചാണക്യന് വളരെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് കാരണം അന്നത്തെ വീട്ടമ്മ മാത്രമല്ല രാജപത്നിയും ആ കുടിലതയ്ക്ക് പാത്രമായി. സാധാരണ സ്ത്രീകളുടെ പാതിവ്രത്യ സംരക്ഷണത്തിന് നിയമമൊരുക്കിയ ചാണക്യന് രാജമന്ദിരങ്ങളില് അവിഹിതം നടക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്.
രാജാവ് തന്റെ ‘ദേവിമാര്‍ക്ക്’(രാജാവിന് ഇഷ്ടം പോലെ ദേവിമാരാകാം, പക്ഷെ ദേവിമാര്‍ക്ക് ഒരു സ്വാമിയെ പാടുള്ളൂ!) മുണ്ഡന്മാര്, കുടിലന്മാര്, ആഭിചാരന്മാര് എന്നിവരോടൊ ബാഹ്യ ദാസികളോടൊ ഉള്ള പ്രതിസംസര്‍ഗ്ഗത്തെ പ്രതിഷേധിക്കണം, അതായത് വിലക്ക് ഏര്‍പ്പെടുത്തണം. ദേവിമാരെ അവരുടെ ചാര്‍ച്ചക്കാര്‍ ഗര്‍ഭം, വ്യാധി, മരണം എന്നീ സന്ദര്‍ഭങ്ങളിലൊഴിച്ച് കാണാന്‍ പാടില്ല. വേശ്യകള്‍ തേച്ചുകുളിച്ച് ശരീരം ശുദ്ധമാക്കി നല്ല വസ്ത്രങ്ങളും അലങ്കാരങ്ങളുമായിട്ട് ദേവിമാരെ പരിചരിക്കണം. എണ്പതു കഴിഞ്ഞ പുരുഷന്മാരും അമ്പതു കഴിഞ്ഞ സ്ത്രീകളും, ഷണ്ഡന്മാരും പരിചരിക്കുകയും ദേവിമാരെ സ്വാമിയുടെ (രാജാവിന്റെ) ഹിതത്തിങ്കല് നിറുത്തുകയും വേണം-
നോക്കണേ, രാജപത്നിയായ സ്ത്രീക്കു കൂടി ചാണക്യന് അര്‍ത്ഥശാസ്ത്രത്തിലൂടെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നത്. അക്കാലത്തെ കിഴങ്ങന്മാരായ ക്ഷത്രിയര്‍ ഇത്തരം ബ്രാഹ്മണശ്രേഷ്ടന്‍മാരെ അനുസരിച്ചുവെങ്കില് അതൊരു മുജന്മ പുണ്യം തന്നെയാണ്!
മൌര്യകാലത്ത് മദ്യത്തിന് വിലക്കുണ്ടായിരുന്നില്ല. വറുത്ത എള്ളും യവവും പൊടിച്ച് തൈര് ചേര്‍ത്തുണ്ടാക്കുന്ന കിണ്വമെന്ന മദ്യം അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഇവയുടെ കൂട്ടല്‍, അതായത് ചേരുവകകള്‍ യഥാവിധി ചേര്‍ത്ത് മദ്യം വാറ്റുന്ന ജോലി അന്ന് ചെയ്തിരുന്നത് പ്രത്യേക വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ചേര്‍ന്നാണെന്ന് അര്‍ത്ഥശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ബാലവേലക്ക് ഉദാഹരണം! കുട്ടികളെക്കൊണ്ട് ചെയ്യിച്ചിരുന്നത് മദ്യനിര്‍മ്മാണം- എങ്ങനെയുണ്ട് കൌടില്യ ഭരണതത്രജ്ഞത!
രാജകൊട്ടാരവുമായി ബന്ധപ്പെട്ട വേശ്യക്ക് പ്രത്യേക പരിരക്ഷകള്‍ നല്കാന് തയ്യാറായ ചാണക്യന് സാധാരണക്കാരായ സ്ത്രീകളുടെ സാമൂഹിക സ്ഥിതിയെ തച്ചുടക്കാനാണ് ശ്രമിച്ചത്. പുരുഷന്റെ അടിമകളാണ് സ്ത്രീകള്‍ എന്ന തരം താണ കാഴ്ച്ചപ്പാടാണ് ചാണക്യനുണ്ടായിരുന്നത്. അതികഠിനമായ പാതിവ്രത്യചര്യ സാധാരണ കുടുംബിനികള്‍ക്ക് വിധിച്ചിട്ടുള്ള കാലത്താണ് വേശ്യ അംഗീകൃതമായ ഒരു സാമൂഹികാവശ്യമായി നിലനിന്നത് എന്നോര്‍ക്കണം. മനുസ്മൃതിയില്‍ നിന്നും അര്‍ത്ഥശാസ്ത്രത്തിലേക്ക് എത്തുവാന്‍ വേണ്ടിവന്ന കാലയളവ് എത്രയായിരുന്നാലും സ്ത്രീയുടെ അവസ്ഥക്ക് മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. അതുമാത്രമല്ല പിന്നീടുള്ള രണ്ടായിരത്തോളം വര്‍ഷങ്ങളിലൂടെ ഇന്‍ഡ്യന്‍ മനസ്സ് സ്ത്രീയോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തിയതും ഇതേ ഭാവം തന്നെയായിരുന്നു-
നൂറ്റാണ്ടുകളായി അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞിരിക്കുന്ന ഇന്‍ഡ്യന്‍ സ്ത്രീത്വത്തെപ്പറ്റി ഇന്‍ഡ്യാ പൈതൃക വക്താക്കള്‍ക്ക് ഇപ്പോഴും മിണ്ടാട്ടമില്ല, കാരണം എല്ലാം കൊണ്ടും സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് ഇവര്‍ അവകാശപ്പെട്ടുന്ന ആ കാലത്തിന്റെ തിരിച്ചു വരവിനെ കുറിച്ചോര്‍ത്ത് അവര്‍ ഖിന്നരാണ്...ഇപ്പോഴും...!
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍