Tuesday, January 27, 2009

സംഘപരിവാര്‍ ബ്ലോഗ് ആക്രമിക്കുമ്പോള്‍

മംഗലാപുരത്തെ പബ്ബില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ മര്‍ദ്ദിച്ചതിന് ശ്രീരാമ സേനാ നേതാവ് പ്രസാദ് അത്താവറിനെ കര്‍ണ്ണാടക പോലിസ് അറസ്റ്റു ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട പത്ത് ശ്രീരാമ സേനാ പ്രവര്‍ത്തകരെ ശനിയാഴ്ച്ച രാത്രി അറസ്റ്റു ചെയ്തിരുന്നു. സ്ത്രീകള്‍ പബ്ബുകളില്‍ പോകുന്നതും മദ്യപിക്കുന്നതും ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ല എന്നതാണ് സ്ത്രീകള്‍ക്ക് നേരെ നടന്ന ഈ കയ്യേറ്റത്തെ ന്യായീകരിച്ചു കൊണ്ട് ശ്രീരാമ സേനാ വ്യക്തമാക്കിയത്. സേനാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ എട്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവവുമായി ബന്ധപ്പെട്ട ആരേയും അറസ്റ്റു ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനരോക്ഷം ഭയന്നാണ് കര്‍ണ്ണാടക പോലിസ് പിന്നീട് ശ്രീരാമ സേനാ പ്രവര്‍ത്തകരേയും നേതാവിനേയും അറസ്റ്റു ചെയ്തത്.

സമാന സംഭവമാണ് റിപ്പബ്ലിക് ദിനത്തിന്റെ അന്ന് നാസിക്കില്‍ ഉണ്ടായത്. ഇവിടത്തെ ഒരു സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിക്കെത്തിയ അദ്ധ്യാപകരേയും കുട്ടികളേയും രക്ഷിതാക്കളേയും മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സഭാ പ്രവര്‍ത്തകര്‍ ആക്രമിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവിടെ ആക്രമണം നടത്തിയത്.

രണ്ട് സംഭവങ്ങളിലും ഭാരത സംസ്കാരത്തിന്റേയും ഹൈന്ദവതയുടേയും സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന അതി ഹൈന്ദവന്‍‌മാരാണ് പ്രതി സ്ഥാനത്തുള്ളത്. സ്ത്രീകള്‍ പബ്ബില്‍ പോകുന്നത് ഇന്‍ഡ്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമല്ല. പക്ഷെ ഹൈന്ദവ പ്രഭൃതികളെ സ്ത്രീകളുടെ ഈ പ്രവര്‍ത്തി അലോസരപ്പെടുത്തി എന്നതാണ് വസ്തുത. ഇന്‍ഡ്യയില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് ഹൈന്ദവ സംഘടനകളുടെ അനുവാദം കൂടി വേണം എന്ന സന്ദേശം നല്‍കാനാണ് ശ്രീരാമന്റെ പേരിലുള്ള സംഘടന ഈ സംഭവത്തില്‍ കൂടി ശ്രമിക്കുന്നത്. നാസിക്കിലെ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിച്ചു എന്നതാണ് നവ നിര്‍മ്മാണ്‍ സഭക്കാരെ ആക്രമണത്തിനു പ്രേരിപ്പിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിക്കുന്നത് തെറ്റാണെങ്കില്‍ അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മഹാരാഷ്ട്രയില്‍ നിയമവും പോലിസും ഉണ്ട്. പക്ഷെ നവ നിര്‍മ്മാണ്‍ സഭക്കാര്‍ അത്തരം നിയമവാഴ്ച്ചയെ അംഗീകരിക്കുന്നില്ലെന്നും അവരുടേതായ നിയമം നടപ്പാക്കാനാണ് ശ്രമിച്ചതെന്നും മനസിലാക്കാം.

ശ്രീരാമ സേനയും നവ നിര്‍മ്മാണ്‍ സഭയും പേരുകളില്‍ വ്യത്യസ്തമാണെങ്കിലും രണ്ട് സംഘടനകളും മത തീവ്രവാദത്തിന്റെ വക്താക്കളാണെന്ന് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നു. താലിബാന്റെ പ്രവര്‍ത്തന ശൈലി സ്വായത്തമാക്കി ഇന്‍ഡ്യന്‍ സംസ്കാരത്തിന്റെ സംരക്ഷകരെന്ന അവകാശവാദവുമായിട്ടാണ് നവ രാക്ഷ്ട്ര നിര്‍മ്മാണത്തിന് ഇവര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഡ്യന്‍ സംസ്കാരം എന്തെന്നും അത് എങ്ങനെയൊക്കെ സംരക്ഷിക്കണമെന്നും തീരുമാനിക്കേണ്ടത് ഇത്തരത്തിലുള്ള ഹൈന്ദവ ഭീകരന്‍‌മാരാണോ? സംസ്കാരം കാത്തു സൂക്ഷിക്കാന്‍ ഇവര്‍ സ്വന്തം രാജ്യത്തെ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുമ്പോള്‍ മറ്റൊരു താലിബാന്റെ ജനനമല്ലെ സംഭവിക്കുന്നത്?

ഇന്‍ഡ്യയെ ഒരു ഹൈന്ദവ രാക്ഷ്ട്രമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യവുമായുള്ള പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറും അതുമായി ബന്ധപ്പെട്ട മറ്റ് പോഷക സംഘടനകളും ഇവിടെ നടത്തി വരുന്നത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശീയ ഹത്യകള്‍ നിരവധി തവണ ഇവിടെ അരങ്ങേറുകയുണ്ടായി. ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളില്‍ ഒരാളായ ബാബുബജ്‌രംഗിയുടെ സംഭാഷണം രഹസ്യ ക്യാമറയിലൂടെ പകര്‍ത്തിയത് തെഹല്‍ക്ക പുറത്തുവിടുകയുണ്ടായി. വര്‍ദ്ധിച്ച അഭിമാനത്തോടെ ഗുജറാത്ത് കൂട്ടക്കൊലയില്‍ ആവേശം പൂണ്ട ബജ്‌രംഗി പറയുന്നു....

“ ഒരൊറ്റ മുസ്ലിം കടയും ഞങ്ങള്‍ ഒഴിവാക്കിയിട്ടില്ല, ഞങ്ങള്‍ എല്ലാം തീയിട്ടു....ഇവറ്റയെ തീവയ്ക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം ഈ തന്തയില്ലാത്തവന്മാര്‍ക്ക് സംസ്കരിക്കുന്നത് ഇഷ്ടമല്ല, അവറ്റകള്‍ക്ക് പേടിയാണ്....എനിക്ക് അവസാനമായി ഒരൊറ്റ ആഗ്രഹമേ ഉള്ളൂ. എന്നെ വധശിക്ഷക്ക് വിധിച്ചോട്ടെ, എന്നെ തൂക്കിക്കൊല്ലുന്നതിനു മുമ്പ് രണ്ട് ദിവസം തരണം. ഇവറ്റകള്‍ ഏഴോ എട്ടോ ലക്ഷംപേര്‍ താമസിക്കുന്ന ജുഹാപുരയില്‍ ഒന്ന് പോയി തകര്‍ക്കണം.....

ഫാസിസം അതിന്റെ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നത് ഇത്തരം ബാബുബജ്‌രംഗിമാരിലൂടെയാണ്.

ഹിന്ദുത്വം അതിന്റെ ഉദ്ഭവകാലം മുതല്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഇതാണ്. ഹിന്ദു ഫാസിസം ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ്ണ കേന്ദ്രീകൃതവും മതവിദ്വേഷത്തിലധിഷ്ഠിതവുമായ സങ്കുചിത ദേശീയതയുടെ അപകടകരമായ ഉദാഹരണങ്ങളാണ് മംഗലാപുരത്തെ പബ്ബാക്രമണവും നാസിക്കിലെ സ്കൂള്‍ ആക്രമണവും. ഹിറ്റലര്‍ക്ക് ദേശീയതയെന്നാല്‍ ആര്യവംശമായിരുന്നു, ഗോള്‍വാള്‍ക്കര്‍ക്ക് ഹിന്ദുത്വവും.

“ ഹിന്ദുരാക്ഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുകയും പുനരുത്തേജിപ്പിക്കുകയും ജനത്തെ മോചിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടിയ പ്രസ്ഥാനങ്ങള്‍ മാത്രമേ ശരിക്കും ദേശീയമാകുന്നുള്ളു. സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുവംശത്തെ മഹത്വവത്കരിക്കണം. അങ്ങനെ ചെയ്യുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ദേശീയമാകുന്നുള്ളൂ“ (ഗോള്‍വാള്‍ക്കര്‍, നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു)

ഗോള്‍വാള്‍ക്കറുടെ ഈ ആശയങ്ങളില്‍ പ്രചോദനം കൊള്ളുന്ന സംഘപരിവാറുകാരന്‍ ഹൈന്ദവതയെ ഹൃദയത്തില്‍ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗുജറാത്തും, മംഗലാപുരവും, നാസിക്കും ഉദാഹരണങ്ങളായി മാറുന്നത്. കായികമായ ഈ മഹത്വവത്ക്കരണത്തിനു പുറമെ ബൌദ്ധികമായ മഹത്വവത്ക്കാരണവും സംഘപരിവാറുകാരന്റെ അജണ്ടയില്‍പ്പെടും. കലയും സാഹിത്യവും അന്ധവിശ്വാസങ്ങള്‍ക്കെതിരേയും ജാതീയത പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരേയും അച്ചടിമാധ്യമത്തിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ശക്തമായ സാമൂഹിക വിമര്‍ശനം അഴിച്ചു വിടുമ്പോള്‍ സംഘപരിവാറുകാരന്‍ അസഹിഷ്ണത പ്രകടിപ്പിക്കുന്നത് ഇത് കാരണമാണ്. കേരളത്തില്‍ ഭഗവാന്‍ കാലുമാറിയപ്പോള്‍ ഈ അസഹിഷ്ണത നാം കണ്ടതാണ്. ജാതീയ അടിത്തറയില്‍ നിന്ന് കളിക്കുന്ന ഹിന്ദുമതത്തിന് ജാതി ഇല്ലാതാവുന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല. സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുത്വത്തെ മഹത്വവത്കരിക്കാന്‍ പണിപ്പെടുന്ന സംഘപരിവാറുകാരന്‍ ജാതീയത തുടങ്ങിയ തിന്മകളെ എതിര്‍ക്കുന്നവര്‍ക്ക് നേരെ തിരിയുന്നത് ഇത്തരുണത്തിലാണ്.

ഇരുണ്ടകാലത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തിനെ പുനര്‍സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തിയും കായികമായി നേരിട്ടും വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് പഴയകാല തിന്മകള്‍ പുതുതലമുറ അറിയരുത് എന്ന ഉദ്ദേശത്തോടെയാണ്. സ്കൂളുകളിലെ പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതില്‍ അധികാരത്തിന്റെ കൈകടത്തല്‍ പ്രകടമാവും. അതത് കാലത്തെ ഭരണവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാവും പാഠങ്ങള്‍ തയ്യാറാക്കുക. ഇവിടെ ചില ഊന്നലുകളും ഒഴിവാക്കലുകളും സംഭവിക്കും. ഭരണത്തില്‍ ഇടപെടാന്‍ കരുത്തുള്ള മത-സമുദായ സംഘടനകള്‍ പാഠ പുസ്തക കരിക്കുലം കമ്മിറ്റിയെ സ്വാധീനിക്കുന്നു. ചില പാഠങ്ങള്‍ പഠിപ്പിക്കരുതെന്നും ചില പുസ്തകങ്ങള്‍ ഒഴിവാക്കണമെന്നും ഉള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ഇടപെടലുകളിലൂടെ ടിപ്പു സുല്‍ത്താനെ മത്രഭ്രാന്തനോ ദേശസ്നേഹിയോ ആക്കാം. മലബാര്‍ കലാപത്തെ കര്‍ഷക കലാപമോ വര്‍ഗീയ ലഹളയോ ആക്കാം. പുന്നപ്ര-വയലാര്‍ സമരത്തെ കമ്മ്യൂണിസ്റ്റ് കലാപമോ സ്വാതന്ത്ര്യ സമരമോ ആക്കാം. കുത്തബ്‌മീനാര്‍ ഹിന്ദു സ്മാരകവുമാവാം.....

ഇത്തരത്തിലൊരു സെന്‍സര്‍ഷിപ്പിന് സംഘപരിവാര്‍ സദാ ജാഗരൂകരാണ്, കാരണം കഴിഞ്ഞ കാല സവര്‍ണ്ണ മേധാവിത്വ ചരിത്രങ്ങള്‍ പഠിക്കാന്‍ ഇട വന്നാല്‍ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ അദ്ധ്യായങ്ങളായ ചാന്നാര്‍ ലഹള, മുലക്കരം പിരിവ്, വഴിനടക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ തുടങ്ങിയ ജാതിമേല്‍ക്കോയ്മയുടെ കൊടുംക്രൂരതകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനെ ഇവര്‍ എതിര്‍ക്കുന്നതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ല. സവര്‍ണ്ണപക്ഷ ചരിത്ര രചയിതാക്കള്‍ ഇതൊക്കെ മുന്‍‌കൂട്ടി കണ്ട് ഒഴിവാക്കേണ്ടതിനെ ഒഴിവാക്കി ചരിത്രം രചിക്കാന്‍ ശ്രദ്ധാലുക്കളായിരുന്നു. എന്നാല്‍ സംഘപരിവാര്‍ നിയന്ത്രണത്തിന് വഴിപ്പെടാതെ ചരിത്രം വിചിന്തനം ചെയ്യാന്‍ ശ്രമിക്കുന്നവരെ വരുതിയിലാക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ മടിക്കില്ല. നിരന്തരമായ വേട്ടയാടലിലൂടെ ഇത്തരം രചയിതാക്കളെ നിയന്ത്രിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. ഇങ്ങനെയുള്ള ഇടപെടലുകള്‍ കാരണം ഇവിടെ ഭഗവാന്‍ കാലുമാറുന്നു പോലുള്ളവ നിരോധിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഈ വക നിയന്ത്രണങ്ങള്‍ വിവിധ ചിന്താഗതികള്‍ തമ്മിലുള്ള സംവാദത്തിന്റെ അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. പൌരസമൂഹത്തിന്റെ ചിന്തയുടെ കുത്തക ഏറ്റെടുക്കാനുള്ള വ്യഗ്രതയില്‍ ഇത് അവര്‍ക്ക് മനസ്സിലാവില്ല അഥവാ മനസിലായാലും അത് അനുവദിക്കാനുള്ള ചങ്കുറപ്പുകാണില്ല.

നിരന്തരം ഹിന്ദുത്വത്തിന്റെ ശിഥിലതകളിലേക്ക് ഒരാള്‍ വെളിച്ചം വീശാന്‍ ശ്രമിച്ചാല്‍ ഇവര്‍ പ്രകോപിതരാവുന്നത് അത് കൊണ്ടാണ്. പഴയകാല കറുത്ത ചരിത്രത്തിന്റെ ഇന്നത്തെ വക്താക്കളായി പരിലസിക്കുന്നവര്‍ ജാതി വ്യവസ്ഥക്കെതിരെയുള്ള മുന്നേറ്റങ്ങളെ ജാതി ഭത്സനങ്ങളായി ചിത്രീകരിക്കാന്‍ വെമ്പുന്നത് ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ടിച്ചിരിക്കുന്ന സംഘപരിവാറുകാരന്‍ സ്വാധീനം ചെലുത്തുന്നത് കാരണമാണ്. സരസ്വതിയുടെ മുലകളുടെ എണ്ണം തിരക്കിയതിനല്ല്ല്ല ജാതീയമായി ആക്ഷേപിച്ച് തെറിപറഞ്ഞതിനാണ് പരാതി കൊടുത്തതെന്ന് പ്രത്യക്ഷത്തില്‍ പറയുമ്പോഴും ജാതിക്കെതിരേയും ഹൈന്ദവതക്കെതിരേയും പ്രതികരിച്ചതിലുള്ള പ്രതികാര നടപടിയാണു ഇവരുടെ ഹിഡന്‍ അജണ്ടയിലുള്ളത്. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് തടസ്സമാവുന്ന മീഡിയം അത് ബ്ലോഗായാലും തങ്ങളുടെ വരുതിയിലാക്കണം എന്നതാണ് ഉദ്ദേശം. ജാതീയമായി തെറി പറഞ്ഞതിലുള്ള പ്രതിഷേധത്തിനുപരി സവര്‍ണ്ണ മേല്‍ക്കോയ്മക്ക് നേരെയുണ്ടായ വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യമിടുന്നത്.

സംഘപരിവാര്‍ ജാഗരൂകരാണ്, ഇനിയും ബ്ലോഗുകള്‍ ആക്രമിക്കപ്പെടാം....

Monday, January 26, 2009

മലയാളി വനിതകള്‍ തീവ്രവാദ പരിശീലനത്തില്‍

മുംബൈയ് തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കാ ജനകമാണ്. ഇന്‍ഡ്യയിലും അഫ്‌ഗാനിസ്ഥാനിലും തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ പാക് അധിനിവേശ കാശ്മീരില്‍ 300 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കിയതായിട്ടാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പത്ത്പേര്‍ ചാവേറുകളാണ്. 100 ചാവേറുകള്‍ ഉള്‍പ്പെടുന്ന 400 വനിതകളടങ്ങിയ രണ്ടാം ബാച്ചിന്റെ പരിശീലനം ഇപ്പോള്‍ നടന്നുവരികയാണ്. ഈ പുതിയ ബാച്ചില്‍ 40 പേര്‍ ഇന്‍ഡ്യക്കാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കാശ്മീരില്‍ അറസ്റ്റിലായ വനിതാ തീവ്രവാദി മുംതാസ് അസിയ മാലിക്കിനെ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് സ്ത്രീകളുടെ റിക്രൂട്ട്മെന്റ് വര്‍ധിക്കുന്നതായി എടുത്തു പറഞ്ഞിരിക്കുന്നു. ഇന്‍ഡ്യയില്‍ തീവ്രവാദ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാലു വനിതകളില്‍ രണ്ടുപേര്‍ മലയാളികളാണ്. മലപ്പുറം തിരൂര്‍ പൊറത്തൂര്‍ സ്വദേശിനി സബു നിസാ, നിലമ്പൂര്‍ മമ്പാട് സ്വദേശിനി ഉമുസല്‍ മാബി എന്നിവരാണ് മലയാളി ഏജന്റന്‍‌മാര്‍. ലഷ്കറെ തോയ്‌ബയുമായി ബന്ധമുള്ള കറാച്ചി സ്വദേശി ഫാത്തിമാ സൈറാ, കാശ്‌മീര്‍ സ്വദേശി മനിഷാ ബീഗം എന്നിവര്‍ക്കാണ് വനിതാ റിക്രൂട്ട്മെന്റിന്റെ മുഖ്യ ചുമതല. വനിതകളെ റിക്രൂട്ട് ചെയ്യുന്ന നാലംഗ സംഘം കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തിരുവനന്തപുരത്തും നിലമ്പൂരിലെ ചെട്ടിപ്പടിയിലും താമസിച്ചിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

തമിഴ്‌നാട്ടില്‍ പിടിയിലായ അബ്‌ദുള്‍ ഗഫൂറിന്റെ ചെന്നൈ രംഗനാഥ് റോഡിലുള്ള വസതി പരിശോധിച്ച അന്വേഷണ സംഘത്തിന് നാലംഗ വനിതാ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും വ്യക്തമായ വിലാസം കിട്ടിയിരുന്നില്ല. ദക്ഷിണേന്‍ഡ്യയിലെ 12 തീവ്രവാദ വനിതാ റിക്രൂട്ടിംഗ് കേന്ദ്രങ്ങളില്‍ പഴയങ്ങാടി, മഞ്ചേരി, കഴക്കൂട്ടം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു.

റിക്രൂട്ട് ചെയ്യപ്പെടുന്ന വനിതകള്‍ക്ക് തദ്ദേശീയ കേന്ദ്രങ്ങളിലാണ് ആദ്യ പരിശീലനം. പിന്നീട് തീവ്രവാദി പരിശീലന കേന്ദ്രങ്ങളിലെത്തിക്കും. ഇവിടങ്ങളിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാക് അധിനിവേശ കാശ്‌മീരിലെ പിം‌ബര്‍, പതിഡാര്‍, കോട്‌ലി എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും. ചാവേര്‍ പരിശീലനവും ഇവിടെയാണ്. ഐ എസ് ഐ, ലഷ്‌കറെ തോയ്‌ബ എന്നിവയില്‍ നിന്നാണ് പരിശീലകര്‍.

കേരളത്തിനു പുറമെ ഗുജറാത്ത്, യു പി എന്നിവിടങ്ങളിലെ വനിതകളും തീവ്രവാദ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കണ്ണികളായ വനിതകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഗുജറാത്ത് പോലിസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഗുജറാത്ത് പോലിസ് പരിശോധന നടത്തും..

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഈ റിപ്പോര്‍ട്ടുകള്‍ തികച്ചും ആശങ്കാ ജനകമാണ്. സ്ത്രീകള്‍ തീവ്രവാദികളാവുന്നതും ചാവേറുകളായി പൊട്ടിതകരുന്നതും എല്‍ റ്റി റ്റി ഇ പോലുള്ള തീവ്രവാദ സംഘടനകളില്‍ പുതുമയുള്ള കാര്യമല്ല. കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ വേരൂന്നിയതായി സ്ഥീരീകരിക്കപ്പെടുന്നത് അടുത്ത കാലത്താണ്. ഇവിടം തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണല്ലെന്ന് പ്രത്യാശിക്കുമ്പോള്‍ തന്നെ അതൊക്കെ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. സ്ത്രീകളെയും ചാവേറുകളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ മലയാള മണ്ണില്‍ ഇവരുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു എന്ന് വേണം കരുതാന്‍.


ലോകത്തിലെ തന്നെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായി അറിയപ്പെടുന്ന എല്‍ റ്റി റ്റി ഇക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു വനിതകളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാന്‍. 1976ല്‍ നിലവില്‍ വന്ന എല്‍ റ്റി റ്റി ഇ നീണ്ട എട്ട് വര്‍ഷത്തെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 1984ലാണ് വനിതാ ഗ്രൂപ്പിനു തുടക്കമിട്ടത്. അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതി വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു എന്നു വേണം കരുതാന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാലു സ്ത്രീകളില്‍ രണ്ട് പേര്‍ കേരളത്തിലുള്ളവരാണ് എന്നത് കേരള മണ്ണിലെ തീവ്രവാദികളുടെ ആഴത്തിലുള്ള വേരോട്ടത്തെ സൂചിപ്പിക്കുന്നു.

കേരളം, അശാന്തിയുടെ തീരമായി മാറുകയാണോ?

Sunday, January 18, 2009

ദേവിയുടെ മുലകളും വയറും

ശബ്ദം പുറപ്പെടുവിക്കുന്ന കാഞ്ചീദാമത്തോടുകൂടിയവളും ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമായ സ്തനകുംഭങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞവളും ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളും ശരത്കാലപൂര്‍ണ്ണ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ളവളും വില്ല്, അമ്പുകള്‍, കയറ്, തോട്ടി എന്നിവ കരതലത്തില്‍ ധരിച്ചവളും പുരമഥനന്റെ അഹങ്കാര സ്വരൂപിണിയുമായ അല്ലയോ ദേവി, നിന്തിരുവടി ഞങ്ങളുടെ മനസ്സില്‍ ഭവിക്കട്ടെ......

ഹിന്ദു മത വിശ്വാസികള്‍ സരസ്വതിയായും ലക്ഷ്മിയായും പാര്‍വ്വതിയായും സങ്കല്‍പ്പിച്ച് ആരാധിക്കുന്ന ദേവിയുടെ ശരീര സൌന്ദര്യത്തെക്കുറിച്ചുള്ള ഒരു ഭക്തന്റെ വര്‍ണ്ണനയാണ് മുകളില്‍ വായിച്ചത്. ദേവിയുടെ സ്തനകുംഭങ്ങള്‍ അതായത് മുലകള്‍ ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമത്രെ! വലിപ്പമേറിയ മുലകളുടെ ഭാരം താങ്ങാനാവാതെ കുനിഞ്ഞവളും, ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളുമാണ് ദേവിയെന്ന് ഭക്തന്‍. ആരാധിച്ച് വണങ്ങുന്ന ദൈവീകരൂപങ്ങളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വര്‍ണ്ണിക്കുന്ന ഭക്തന്റെ മനസില്‍ ഭക്തിയാണോ കാമമാണോ മുന്നിട്ട് നില്‍ക്കുന്നത്. ആദി പരാശക്തിയായി പരിലസിക്കുന്ന നിന്തിരുവടിയെ ഒരു സാദാ സ്ത്രീയായിക്കണ്ട് കാമം സ്ഫുരിക്കുന്ന കണ്ണുകളോടെ അവയവങ്ങളുടെ കൊഴുപ്പിനെ അശ്ലീലചുവയോടെ വര്‍ണ്ണിച്ച് സായൂജ്യമടയാനാണോ ഈ ഭക്തന്‍ ശ്രമിക്കുന്നത്. എല്ലാം ഈശ്വരിനില്‍ അര്‍പ്പിച്ച് അല്ലെങ്കില്‍ ദേവിയില്‍ അര്‍പ്പിച്ചു കഴിയുന്ന മറ്റൊരു ഭക്തനെ ഈ ദേവീ ശരീര വര്‍ണ്ണന ഏത് തരത്തില്‍ സ്വാധീനിക്കും.

ദേവിയുടെ നാഭി(പൊക്കിള്‍)യെ കുറിച്ചുള്ള ഭക്തന്റെ വര്‍ണ്ണന കാണുക,

പര്‍വ്വതപുത്രിയായ അല്ലയോ ദേവീ, നിന്തിരുവടിയുടെ നാഭി സ്ഥിരമായ ഗംഗാവര്‍ത്തമാകുന്നു. സ്തനങ്ങളാകുന്ന രണ്ടു പൂമൊട്ടുകളോടു കൂടിയ രോമാവലിയാകുന്ന ലതക്ക് അത് ആലവലമാകുന്നു. നിന്തിരുവടിയുടെ നാഭി മന്മഥന്റെ തേജസ്സാകുന്ന അഗ്നി എരിഞ്ഞു കൊണ്ടിരിക്കുന്ന കുണ്ഡമാകുന്നു. അത് രതീദേവിയുടെ വിലാസഗൃഹമാകുന്നു. ഗിരിനയനങ്ങളുടെ തപസ്സിദ്ധിക്കു നിന്തിരുവടിയുടെ നാഭി ഗുഹാദ്വാരമാകുന്നു. അപ്രകാരം അനിവചനീയമായ നിന്തിരുവടിയുടെ നാഭി സര്‍വ്വോത്കര്‍ഷേണ വര്‍ത്തിക്കുന്നു!....കൊള്ളാം..ഭേഷ്....ബലെ...ബലെ..ഭേഷ്..

ദേവിയുടെ നാഭീ പ്രദേശത്തെ രോമരാജികളെക്കുറിച്ചും അതിലെ ചുഴികളെകുറിച്ചും വര്‍ണ്ണിക്കുന്ന ഭക്തന്‍ ദേവിയുടെ നാഭി രതിയുടെ കേളീഗൃഹമാണെന്ന് കൂടി പറഞ്ഞിട്ടെ വര്‍ണ്ണന അവസാനിപ്പിക്കുന്നുള്ളൂ....

ഈ ഭക്തന്‍ തുടര്‍ന്ന് നടത്തുന്ന പല ദേവീ സ്തുതികളും അശ്ലീലതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുള്ളതാണ്. ഒരു ഘട്ടത്തില്‍ ദേവിയുടെ തുടകള്‍, ആനകളുടെ തുമ്പിക്കൈകളെക്കാളും സൌന്ദര്യമുണ്ടെന്ന് വര്‍ണ്ണിക്കാനും മടിക്കുന്നില്ല...ദൈവം അല്ലെങ്കില്‍ ദേവി എന്ന സങ്കല്‍പ്പത്തില്‍ വിശ്വാസികള്‍ വണങ്ങുന്ന മിത്തുകളെ ഇത്തരത്തില്‍ ഒരു സാദാ സ്ത്രീയുടെ അവയവ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്ന ലാഘവത്തില്‍ വര്‍ണ്ണിക്കുന്നത് ഒരു യഥാര്‍ത്ഥ ഭക്തനാവാന്‍ തരമില്ല. ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തിന് കളങ്കം ചാര്‍ത്തുകയല്ലേ ഈ ഭക്തന്‍ ചെയ്യുന്നത്...അമ്മ, ലോകമാതാവ് എന്ന സങ്കല്പത്തെ വൃത്തികെട്ട രീതിയില്‍ അവയവ കൊഴുപ്പുള്ള ഒരു മദാലസയായി ചിത്രീകരിക്കുകയാണ് ഭക്തന്‍ ചെയ്യുന്നത്. അമ്മ എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു സന്തതിയുടെ ജല്പനങ്ങള്‍ എന്ന് കണ്ട് ഈ അശ്ലീലതക്കെതിരെ പുറം തിരിഞ്ഞ് നില്‍ക്കാന്‍ കഴിയുമോ? ഇത് അംഗീകരിക്കാന്‍ പാടുണ്ടോ?

മേല്പറഞ്ഞ വര്‍ണ്ണനകള്‍ സംസ്കൃത ഭാഷയില്‍ എഴുതിയാന്‍ അംഗീകരിക്കണമോ?

ക്വണത് കാഞ്ചീദാമാ കരികലഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരച്ചന്ദ്രവദനാ
ധനുര്‍ബാണാന്‍ പാശം സൃണീമപി ദധാനാ കരതലൈ:
പുരസ്താദാസ്താം ന പുരമഥിതുരാഹോപുരിഷികാ

സ്ഥിരോ ഗംഗാവര്‍ത: സ്തനമുകുലരോമാവലിലതാ-
കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജ:
രതേര്‍ലീലാഗാരം കിമപി തവ നാഭിര്‍ഗിരിസുതേ
ബിലദ്വാരം സിദ്ധേര്‍ഗിരിശനയനാനാം വിജയതേ.

നേരത്തെ വായിച്ച ദേവിയുടെ അവയവവര്‍ണ്ണനകള്‍ പ്രതിപാദിക്കുന്ന സംസ്കൃത ശ്ലോകങ്ങളാണ് ഇവ. ദേവഭാഷയായ സംസ്കൃതത്തില്‍ പറയുന്ന കാര്യങ്ങള്‍ പച്ചതെറിയാണെങ്കില്‍ കൂടി അവയെ ദേവവാക്യങ്ങളായി എടുക്കണം എന്നാണ് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത്. ഇങ്ങനെ ദേവിയെ വര്‍ണ്ണിച്ച് ഭക്തര്‍ക്ക് മാതൃകയാവുന്നത് ഒരു ബ്രാഹ്മണനും അതിയാന്റെ പേര് ശങ്കരാചാര്യര്‍ എന്നുമാണെങ്കില്‍ പിന്നെ സംശയിക്കേണ്ടാ...ഈ ശ്ലോകങ്ങള്‍ക്ക് സഭ്യതയുടെ മാന്യതയുടെ ആധ്യാത്മികതയുടെ പരിവേഷം ചാര്‍ത്താന്‍ താമസമുണ്ടാവില്ല..

മുകളില്‍ പറഞ്ഞ രണ്ട് ശ്ലോകങ്ങളും അദ്വൈത സങ്കല്‍പ്പത്തിന്റെ വക്താവായ ശങ്കരാചാര്യരുടെ‍ വിഖ്യാതമായ ‘സൌന്ദര്യ ലഹരി‘ എന്ന ഗ്രന്ഥത്തില്‍ നിന്നും ഉദ്ദരിച്ചവയാണ്. ദേവിയെക്കാളും ഉയര്‍ന്ന ഈ ഭക്തന്റെ അവയവ കൊഴുപ്പിന്റെ വര്‍ണ്ണനകള്‍ നാം അംഗീകരിച്ചേ മതിയാവൂ. കാരണം എഴുതിയത് സംസ്കൃതത്തിലും എഴുതിയത് ബ്രാഹ്മണനായ ശങ്കരാചാര്യരുമാണ്. സ്വന്തം മാതാവിനേക്കാളും ഉയര്‍ന്ന തലത്തില്‍ സങ്കല്‍പ്പിക്കേണ്ട ദേവീ സങ്കല്‍പ്പത്തെ നിസാരമായി അവയവ വര്‍ണ്ണനകളിലൂടെ പുകഴ്ത്തിയാല്‍ ദേവീ പ്രസാദം ഉണ്ടാവും എന്ന വിശ്വാസമാണ് ശങ്കരാചാര്യരെ ഇങ്ങനെയൊക്കെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതാം. മനുഷ്യ സ്ത്രീയുടെ സൌന്ദര്യത്തെ പുകഴ്ത്തിയാല്‍ നേട്ടം ഉണ്ടാവും എന്ന കാഴ്ച്ചപ്പാടും അദ്ദേഹത്തെ ഈ സൌന്ദര്യ വര്‍ണ്ണനക്ക് പ്രേരിപ്പിച്ചിരിക്കാം.

പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ആരെങ്കിലും ഈ രീതിയില്‍ ദേവിയെ വര്‍ണ്ണിക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും ഫലം?

ഹൈന്ദവന്റെ രക്തം തിളക്കും......ഉള്ളിന്റെയുള്ളില്‍ നിത്യവും ആരാധിക്കുന്ന ദേവിയെക്കുറിച്ച് അശ്ലീലം പറയുന്നോ? എന്നതാവും പിന്നത്തെ പ്രതികരണം....അത്തരം വര്‍ണ്ണനകള്‍ ഹിന്ദുവിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നും വാദമുണ്ടാവും. സരസ്വതി ദേവിക്ക് നാലു കയ്യുണ്ടെന്ന് ഒരു മതം പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അങ്ങനെയുള്ള രൂപത്തിന് എത്ര മുലയുണ്ടാവും എന്ന് ഒരാള്‍ക്ക് ന്യായമായും സംശയിച്ചു കൂടെ. മുല എന്നത് അശ്ലീലമാണെങ്കില്‍ ശങ്കരാചാര്യരും അശ്ലീലതയുടെ വക്താവാണ്. ശങ്കരാചാര്യരുടെ അവയവ വര്‍ണ്ണന കണ്ട് ഹാലിളകാത്തവര്‍ മുലയുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെതിരെ എന്തിനു ഹാലിളകണം...

അഭിപ്രായമെന്നത് ഇരുമ്പുലക്കയല്ല.....അമ്മയെ തല്ലിയാലും രണ്ടഭിപ്രായക്കാരുണ്ടാവും.

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ പാങ്ങില്ലാതെ വരുമ്പോള്‍ പോലിസിനെ വിട്ട് പിടിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ അതിലൂടെ അനുഭവിക്കുന്ന രതിസുഖം സ്വയംഭോഗത്തിനു തുല്യമാണ്. ഇരുണ്ട കാലഘട്ടത്തിന്റെ വൃത്തികെട്ട ചരിത്രം പുനര്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍, അതിന്റെ തിരുശേഷിപ്പുകളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ സ്വത്വം മറന്ന് അല്ലെങ്കില്‍ സ്വയം തിരിച്ചറിയാന്‍ കഴിയാതെ വിചാരണയെ ഭയപ്പെടുന്നത് സാധാരണമാണ്. ഒരാളിന്റെ ആശയത്തെ അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം, അത് വായിക്കുന്നവരുടെ മനോധര്‍മ്മമാണ്.

ചിത്രകാരന്‍ എന്ന ബ്ലോഗര്‍ തന്റെ പോസ്റ്റുകളിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് മറ്റൊരു ബ്ലോഗര്‍ സൈബര്‍ സെല്ലില്‍ കേസുകൊടുത്തു. ഇന്‍ഡ്യന്‍ ഐ ടി നിയമം 67 അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസു കൊടുത്ത സ്ഥിതിക്ക് നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. പക്ഷെ ബൂലോകത്തെ ഇത്തരം പ്രവണതകള്‍ ഒരു നല്ല കീഴ്വഴക്കത്തിനല്ല തുടക്കമിടുന്നത്. എങ്ങനെ ബ്ലോഗണമെന്നും പോസ്റ്റുകളില്‍ എങ്ങനെ കമന്റിടണമെന്നും ഇനി തീരുമാനിക്കും എന്ന രീതിയില്‍ മറ്റൊരു ബ്ലോഗര്‍ ഭീഷണി സ്വരത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇവിടെ ചിത്രകാരന്‍ എന്ന് ബ്ലോഗറല്ല വിഷയം. ബ്ലോഗെഴുതുന്നവന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ അതേ മാധ്യമത്തിലെ ആള്‍ക്കാര്‍ തന്നെ നിയമനടപടി എന്ന ഭീഷണി ഉയര്‍ത്തുന്നു എന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്.

പ്രിയപ്പെട്ട ബൂലോകരെ, ബൂലോകത്തെ നശിപ്പിക്കാന്‍ ഛിദ്രശക്തികള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.....!

Wednesday, January 14, 2009

നയന്‍‌താരയും മൊബൈലും




അനുവാദമില്ലാതെ ചിത്രമെടുത്തതില്‍ കലിപൂണ്ട് സിനിമാ താരം നയന്‍‌താര ആരാധകന്റെ കാമറ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതായി പത്ര വാര്‍ത്ത....

കോട്ടയം, കോടിമത വിന്‍‌സര്‍ കാസില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ താരസുന്ദരിയെ കണ്ട് കോട്ടയം സ്വദേശിയായ ജോബി എന്ന യുവാവാണ് മൊബൈല്‍ കാമറയില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചത്. അംഗരക്ഷകര്‍ക്കൊപ്പം താക്കീതു നല്‍കി അടുത്തെത്തിയ നയന്‍‌താര കാമറ പിടിച്ച് വാങ്ങി നിലത്തേക്ക് എറിയുകയായിരുന്നത്രേ. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. സിദ്ദിഖിന്റെ ദിലീപ് ചിത്രമായ ബോഡിഗാര്‍ഡില്‍ നായികയായ നയന്‍‌താര ചിത്രീകരണവുമായി ബന്ധപ്പെട്ട് ആഴ്ച്ചകളായി കോട്ടയത്തുണ്ട്. താന്‍ ചിത്രമെടുത്തില്ലെന്നാണ് അബ്കാരി കൂടിയായ ആരാധകന്‍ പറയുന്നത്. സംഭവശേഷം പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പരാതി നല്‍കാന്‍ നയന്‍‌താര വിസമ്മതിച്ചതോടെ വിട്ടയച്ചു--
മംഗളം വാര്‍ത്ത, 2009 ജനുവരി 14.

കാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഒരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു....
മറ്റുള്ളവരുടെ ,പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യതയിലേക്ക് ചാരകണ്ണുമായി കടന്നു കയറുന്ന ഈ വില്ലന്‍‌മാര്‍ വരുത്തി വയ്ക്കുന്ന വിനകള്‍ ചില്ലറയല്ല. മൊബൈല്‍ ഫോണ്‍ വില്ലനായ മറ്റൊരു സംഭവം ഈയടുത്ത് ഉണ്ടായി. ഒരു യുവാവ് തന്റെ മൊബൈലില്‍ പരിചയക്കാരും അല്ലാത്തവരുമായ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് അത് കാണിച്ച് ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഇടപാടുമായി വിലസിയിരുന്നു. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം പകര്‍ത്തി അയാള്‍ അവളെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. സഹികെട്ട വിദ്യാര്‍ത്ഥിനി സംഭവം വീട്ടുകാരെ അറിയിച്ചു. അല്പ സ്വല്പം വെട്ടും കുത്തും വശമാക്കിയിരുന്ന പെണ്‍കുട്ടിയുടെ വീട്ടിലെ ആണ്‍ പ്രജകള്‍ ഒരു ക്വട്ടേഷന്‍ ടീമിന്റെ സഹായത്തോടെ വില്ലനെ ഒതുക്കാന്‍ തന്നെ തീരുമാനിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ അനുകൂല സാഹചര്യം ഒത്ത് കിട്ടിയപ്പോള്‍ ടീം തല്പരകക്ഷിയുടെ വലതു കരം വെട്ടി മാറ്റി വിജയശ്രീലാളിതരായി മടങ്ങി. സംഭവം വാര്‍ത്തയായപ്പോഴാണ് ക്വട്ടേഷന്‍ ടീമിനു പിണഞ്ഞ അബദ്ധം പുറത്തറിഞ്ഞത്. ആളുമാറി നിരപരാധിയായ ഒരു വിദ്യാര്‍ത്ഥിയുടെ കൈപത്തിയാണ് ടീം വെട്ടി മാറ്റിയത്. യഥാര്‍ത്ഥ വില്ലന്‍ പിടിയിലാവാതെ കുറച്ച് കാലം കഴിച്ചുവെങ്കിലും പോലിസ് അന്വേഷണത്തിനൊടുവില്‍ വലയിലായി. ഒരു മൊബൈല്‍ ഫോണ്‍ വരുത്തിയ വിന കാരണം, നിരപരാധിയായ ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ വലതു കരം നഷ്ടമായി.....

നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ ഇത്തരം സംഭവങ്ങള്‍ പുനര്‍വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....തന്റെ ഫോട്ടോ എടുത്തതിന് കാമറ പിടിച്ച് വാങ്ങി തല്ലിതകര്‍ക്കാന്‍ നയന്‍‌താരക്ക് കഴിഞ്ഞു....മറ്റുള്ളവര്‍ക്ക് കഴിയുമോ?

വൈകൃത മനസിന്റെ ഉടമകളുടെ കയ്യിലിരിക്കുന്ന കാമറ മൊബൈലുകളെ പേടിച്ച് സ്ത്രീകള്‍ ജീവിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൂപ്പു കുത്തിയോ?

ട്രെയിനിലും ബസിലും എന്തിന് റോഡിലും ഇത്തരം മൊബൈലുകളുമായി ഇരകളെ ലക്ഷ്യമിടുന്നവരെ സ്ത്രീകള്‍ എങ്ങനെ നേരിടും?

Wednesday, January 7, 2009

www.songs.pk

മുംബൈയില്‍ നടമാടിയ ഭീകരാക്രമണ പരമ്പരകള്‍ക്ക് ശേഷം ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം നാള്‍ക്ക് നാള്‍ വഷളാവുകയാണ്. ഭീകരാക്രമണങ്ങളിലുള്ള പാക് ഭീകരുടെ ബന്ധം ആദ്യം നിഷേധിച്ചുവെങ്കിലും ഇന്‍ഡ്യയുടെ തെളിവുകള്‍ കൈമാറലും അതോടൊപ്പമുണ്ടായ നിരന്തര സമ്മര്‍ദ്ദവും കാരണം പാകിസ്താന്‍ ചുവട് മാറ്റാന്‍ തയ്യാറായി. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിന് വിധേയമായ പാകിസ്താന്‍, ഭീകരരെ ഇന്‍ഡ്യക്ക് കൈമാറില്ലെന്നും വേണമെങ്കില്‍ ഇന്‍ഡ്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവരെ പാക് മണ്ണില്‍ വെച്ച് ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് എത്തി നില്‍ക്കുന്നത്.

ഒരു യുദ്ധ സാധ്യത രണ്ട് രാജ്യങ്ങളും തള്ളിക്കളയുന്നുണ്ടെങ്കിലും ഇരുവരും തങ്ങളുടെ അതിര്‍ത്തികളില്‍ കൊണ്ടുപിടിച്ച സന്നാഹങ്ങള്‍ നടത്തുന്നുണ്ട്. പലേടത്തു നിന്നും പട്ടാളത്തെ പിന്‍‌വലിച്ച് അതിര്‍ത്തിയില്‍ വിന്യസിക്കുന്ന നടപടി ഇരു ഭാഗത്തും പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്‍ഡ്യന്‍ പോര്‍വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്താന്‍ പരാതിപ്പെടുകയുണ്ടായി. എന്നാല്‍ സാധാരണയുള്ള നിരീക്ഷണ പറക്കല്‍ മാത്രമെ നടത്തിയുള്ളൂ എന്ന വിശദീകരണമാണ് ഇന്‍ഡ്യ നല്‍കിയത്.

മുംബൈ ആക്രമണത്തിനു ശേഷം ഭീകരര്‍ വെറുതെ ഇരിക്കുന്നില്ല എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തരുന്ന മുന്നറിയിപ്പ്. ഇന്‍ഡ്യയിലെ കം‌പ്യൂട്ടര്‍ ശൃംഖല തകര്‍ക്കാനുള്ള പദ്ധതികളുമായി അവര്‍ സജീവമാണ്. ഒരു സൈബര്‍ യുദ്ധത്തിനുള്ള സാധ്യത അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. വിവിധ വെബ് സൈറ്റുകളിലൂടെ ഇന്‍ഡ്യന്‍ നെറ്റ് വര്‍ക്കുകളിലേക്ക് നുഴഞ്ഞ് കയറാന്‍ പാകിസ്താനി ഹാക്കര്‍മാര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഡ്യയില്‍ നിന്നും ധാരാളം ഹിറ്റുകള്‍ പ്രവഹിക്കുന്ന പാക് വെബ് സൈറ്റുകള്‍ ഇതിനായി ഉപയോഗപ്പെടുത്താന്‍ പാക് ഹാക്കര്‍മാര്‍ ശ്രമിക്കും. അത്തരത്തിലൊരു വെബ് സൈറ്റാണ് www.songs.pk ദിനേന 15 ലക്ഷത്തോളം ഇന്‍ഡ്യക്കാര്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വെബ് സൈറ്റ് ദുരുപയോഗം ചെയ്തു മാത്രം നിമിഷ നേരം കൊണ്ട് ഇന്‍ഡ്യയിലെ ലക്ഷക്കണക്കിന് കം‌പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.

ശേഷി കുറഞ്ഞ വൈറസുകള്‍ക്ക് പകരം ബോട്നെറ്റ്, സുംബീ തുടങ്ങിയ വിനാശകാരികളെ കടത്തിവിട്ടായിരിക്കും പാക് ഹാക്കര്‍മാര്‍ ഇന്‍ഡ്യന്‍ സെര്‍വറുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പാക് സൈറ്റുകളില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്തവര്‍ക്ക് പുതിയ ഇനം വൈറസുകളും വേമുകളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായിരിക്കാം ഇതെന്നാണ് ആഭ്യന്തര വകുപ്പ് വൃത്തങ്ങളുടെ നിഗമനം.

ലഭ്യമായ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ www.songs.pk എന്ന സൈറ്റ് ദുരുപയോഗം ചെയ്ത് ഭീകരര്‍, ഇന്‍ഡ്യന്‍ ശൃംഖലകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് വേണം കരുതാന്‍. ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ വിലക്കുന്നുണ്ട്.

സൂക്ഷിക്കുക, നിങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്ന ഒരു ഗാനം വഴിയായിരിക്കാം മാരക വൈറസുകള്‍ നിങ്ങളുടെയും, മറ്റുള്ളവരുടെയും അതുവഴി ഈ രാജ്യത്തിന്റെ ആകമാനവും കം‌പ്യൂട്ടറുകളെ നശിപ്പിക്കുന്നത്...

So beware of www.songs.pk